കൊളോണിയൽ കൊള്ളകളുടെ കാലത്തെന്നപോലെ സ്വാതന്ത്ര്യലബ്ധിക്കുശേഷവും വികസനത്തിന്റെയും പുരോഗതിയുടെയും പേരിൽ ആവാസവ്യവസ്ഥയും ജീവിതോപാധികളും സംസ്കാരവും നിഷ്കരുണം തകർക്കപ്പെടുന്നതിലൂടെ വംശ നശീകരണത്തിലേക്ക് തള്ളിവീഴ്ത്തപ്പെട്ടുകൊണ്ടിരിക്കുന്നവരാണ് ഇന്ത്യയിലെ വനവാസി സമൂഹങ്ങളും തീരദേശ വാസികളായ മത്സ്യത്തൊഴിലാളി സമൂഹങ്ങളും മറ്റും. ഒരു ദലിതനെയോ ആദിവാസിയെയോ ഇന്ത്യയുടെ പ്രഥമ പൗരത്വത്തിൽ പ്രതിഷ്ഠിക്കുക എന്ന പ്രതീകാത്മക പ്രവൃത്തിക്കു പിന്നിൽ ഇന്ത്യൻ നവ സവർണ മേലാള ഭരണവർഗങ്ങൾ മറച്ചുപിടിക്കുന്ന, ആരെയും നടുക്കുന്ന കീഴാളജനതയുടെ വംശനശീകരണ തന്ത്രങ്ങളും അവയുടെ ചരിത്രവും എന്തെന്ന് തുറന്നുകാട്ടാൻ ഇനിയും വൈകിക്കൂടാ.
തുടക്കത്തിൽ കൊളോണിയൽ കൊള്ളക്കാർ ചെയ്തത്, അവർ മനുഷ്യരായിതന്നെ കണക്കാക്കാതിരുന്ന ലോകമെമ്പാടുമുള്ള പ്രാദേശിക സമൂഹങ്ങളെ കൂട്ടമായി കൊന്നൊടുക്കുകയോ വളഞ്ഞുപിടിച്ച് ചങ്ങലക്കിട്ട് യൂറോപ്യൻ-അമേരിക്കൻ അടിമക്കമ്പോളങ്ങളിൽ വിൽക്കുകയോ ആയിരുന്നു. കിഴക്കൻ കോളനി രാജ്യങ്ങളിലെ കൊടും കാടുകൾ വെട്ടിത്തെളിച്ചുള്ള തോട്ടം നിർമാണത്തിനും ഇന്ത്യയടക്കമുള്ള നാടുകളിൽനിന്നും അവർ കൂട്ടമായി കപ്പലുകളിൽ കയറ്റി അയക്കപ്പെട്ടിരുന്നു. എന്നിട്ടും അവശേഷിക്കുന്ന കറുത്തവരടക്കമുള്ള ലോക കീഴാള ജനത മുഴുവൻ, മനുഷ്യ സാമൂഹിക പരിണാമത്തിന്റെ അത്യുന്നത മാതൃക തങ്ങളാണെന്ന് സ്വയം വിധിച്ച വെള്ളക്കാരെ സംബന്ധിച്ചിടത്തോളം മനുഷ്യ പുരോഗതിയിൽനിന്ന് വഴിതെറ്റി ചരിത്രത്തിന്റെ പുറമ്പോക്കിൽവീണ് സ്തംഭിച്ചുനിന്നുപോയ പ്രാകൃതസമൂഹങ്ങളായിരുന്നു. ഉദാരമതികളായ ഒരു വിഭാഗം കൊളോണിയൽ യജമാനന്മാർ ആധുനികതയിലേക്കുള്ള മനുഷ്യ പുരോഗതിയുടെ പാതയിൽ ബഹുദൂരം പിന്നിൽ സ്തംഭിച്ചു നിന്നുപോയ ഈ പ്രാകൃതസമൂഹങ്ങളെ പോറ്റേണ്ട ചുമതല തങ്ങളുടെ ചുമലിൽ വന്നുപതിച്ച ഒരു 'ഭാര'മാണെന്ന് (White Man's Burden) നടിച്ചു.
എന്നാൽ, ലോകം മുഴുവൻ വ്യാപിച്ചുകൊണ്ടിരുന്ന ആധുനിക മുതലാളിത്ത മൂലധനത്തിന്റെ നിഷ്ഠുരമായ വികസന മുന്നേറ്റങ്ങൾ ഈ കീഴാള ജനവിഭാഗങ്ങളെ ആ പ്രക്രിയക്ക് തടസ്സം നിൽക്കുന്ന, തട്ടിമാറ്റപ്പെടേണ്ട പ്രാകൃത പ്രതിഭാസങ്ങളായാണ് കണ്ടിരുന്നത്. അതുകൊണ്ട് ഖനനവും തോട്ടം കൃഷിയും അണക്കെട്ടുകളും തുറമുഖങ്ങളും തുടങ്ങി റെയിൽവേ കളും റോഡുകളും വരെയുള്ള ആധുനിക വികസനത്തിന്റെ ഏതു പ്രക്രിയയിലും എവിടെയും പിഴുതെറിയപ്പെട്ടുകൊണ്ടിരുന്നത് ആരും ചോദിക്കാനും പറയാനുമില്ലാത്ത മണ്ണിന്റെയും കാടിന്റെയും കടലിന്റെയും നേരവകാശികളായ ഈ മനുഷ്യജീവികളാണ്. കൊളോണിയൽ യജമാനന്മാർക്ക് കാട് വെട്ടുന്നതുപോലെയും കാട്ടുജീവികളെ വേട്ടയാടുന്നതുപോലെയും സ്വാഭാവികവും സാധാരണവുമായ ഒരു വ്യാപാരം മാത്രമായിരുന്നു തദ്ദേശീയ ജനതകളെയും അവരുടെ സംസ്കാരങ്ങളെയും തകർക്കുക എന്നത്.
അതുകൊണ്ടാണ് ലോകത്തെ കീഴടക്കാനിറങ്ങിയ വെള്ളക്കാർ അവർ കൈയേറിയ യൂറോപ്പൊഴികെയുള്ള രാജ്യങ്ങൾ മിക്കതും മനുഷ്യസാന്നിധ്യമില്ലാത്ത ശൂന്യസ്ഥലങ്ങൾ (Terra Nullius) ആണെന്ന് വിധിച്ചത്. മാത്രമല്ല, കൊളോണിയൽ കടന്നുകയറ്റങ്ങൾക്കെതിരെ പ്രാദേശിക ജനതകൾ ആദ്യം മുതലേ ഉയർത്തിയ ധീരമായ ചെറുത്തുനിൽപുകളെ ആ രാജ്യങ്ങളുടെ ചരിത്രസ്മരണകളിൽനിന്നും അവർ മായ്ച്ചുകളയാൻ ശ്രമിച്ചതും അതുകൊണ്ടാണ്. ഇന്ത്യയിൽതന്നെ ശിപായി ലഹളയെന്ന് ബ്രിട്ടീഷുകാരും ഒന്നാം സ്വാതന്ത്ര്യ സമരമെന്ന് ദേശീയ ചരിത്രകാരന്മാരും വിശേഷിപ്പിച്ച 1857ലെ കലാപങ്ങൾക്കും ഒരു നൂറ്റാണ്ടുമുമ്പ് മുതൽതന്നെ ആദിമ ജനവിഭാഗങ്ങൾ ആയിരക്കണക്കായി മരണംവരിച്ചുകൊണ്ട് ബ്രിട്ടീഷ് കടന്നുകയറ്റക്കാരെ തുരത്താനുള്ള സ്വാതന്ത്ര്യസമരം തുടങ്ങിക്കഴിഞ്ഞിരുന്നു.അതൊന്നും ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രങ്ങളിൽ ഇല്ലെങ്കിലും ആ കീഴാളസമൂഹങ്ങൾ സ്വാതന്ത്ര്യലബ്ധിക്കുശേഷവും അവരുടെ വിമോചനത്തിനായുള്ള സമരങ്ങൾ വിവിധ രീതികളിൽ ഇന്നും തുടരുകയാണ്.
എന്തുകൊണ്ടാണ് സ്വാതന്ത്ര്യലബ്ധിക്കുശേഷം ഏഴു പതിറ്റാണ്ടുകൾക്കിപ്പുറവും സ്വതന്ത്ര ഇന്ത്യയിൽ ആദിവാസികളും ദലിതരും മത്സ്യത്തൊഴിലാളികളുമടക്കം സമൂഹത്തിന്റെ അടിത്തട്ടിലുള്ള മനുഷ്യർക്ക് സ്വന്തം നിലനിൽപിന്റെതന്നെ നേർക്കുയരുന്ന ഭീഷണികളെ അതിജീവിക്കാൻ തുടരത്തുടരെ സമരം ചെയ്യേണ്ടിവരുന്നത്?
കർഷക സമരത്തിൽനിന്നൊരു ദൃശ്യം
കൊളോണിയൽ ഭരണത്തിനുശേഷം ഇന്ത്യൻ കീഴാളവിഭാഗങ്ങൾക്കു മേലുള്ള ഭരണാധികാരം ഏറ്റെടുത്തത് സ്വാതന്ത്ര്യസമരം നയിച്ച ഇന്ത്യൻ മുതലാളിമാരുടെ മേലാളവർഗമാണ്. സ്വാതന്ത്ര്യലബ്ധിയോടെ ഒരു സ്വതന്ത്രശക്തിയായി കുതിച്ചുയരാൻ വെമ്പൽപൂണ്ട ഇന്ത്യൻ മുതലാളിത്തത്തിന്റെ വികസന മാതൃക, കറുത്തവരടക്കമുള്ള ലോക കീഴാളജനതയെ മുഴുവൻ ചരിത്രപരിണാമം നിലച്ച അപൂർണ മനുഷ്യരായി കണ്ട യൂറോപ്യൻ ആധുനികതയുടേത് തന്നെയായിരുന്നു. അതുകൊണ്ടാണ് ആദിവാസികളടക്കമുള്ള കീഴാളജനതയോടുള്ള ഇന്ത്യൻ ദേശീയ ഭരണവർഗങ്ങളുടെ അടിസ്ഥാന സമീപനം കൊളോണിയൽ ഭരണവർഗത്തിന്റേതു തന്നെയായി തുടർന്നത്. അങ്ങനെ പുരോഗതിക്കും വികസനത്തിനും വിഘാതമായി നിൽക്കുന്ന പ്രാകൃതരെന്ന് വിധിക്കപ്പെട്ട ജനങ്ങളുടെ താൽപര്യങ്ങൾ സ്വതന്ത്ര ഇന്ത്യയിലും ബഹുദൂരം പിന്നിലേക്ക് തള്ളപ്പെട്ടു. അതേസമയം, ഇന്ത്യൻ റിപ്പബ്ലിക്കിന്റെ ഭരണഘടന ഈ കീഴാള ജനവിഭാഗങ്ങൾക്ക് ഇന്ത്യൻ പൗരന്മാരെന്ന നിലയിലുള്ള തുല്യാവകാശങ്ങളും പിൻനിലക്കാരെന്ന നിലയിലുള്ള പ്രത്യേകാവകാശങ്ങളും അനുവദിച്ചുകൊടുക്കുകയും ചെയ്തു.
ഇങ്ങനെ ഇന്ത്യൻ ലിബറൽ ഭരണകൂടത്തിന്, ഒരുവശത്ത് മുതലാളിത്ത മൂലധന വികസനത്തിന്റെ താൽപര്യങ്ങൾക്കുവേണ്ടി വിട്ടുവീഴ്ചയില്ലാത്ത വിധം പ്രതിജ്ഞാബദ്ധമായിരിക്കുമ്പോൾതന്നെ മറുവശത്ത് കീഴാളജനതയുടെ പൗരസമത്വത്തിനും അവകാശങ്ങൾക്കുംവേണ്ടി നിലകൊള്ളാനുള്ള ബാധ്യത ഏറ്റെടുക്കേണ്ടതായും വന്നു. ഈ വൈപരീത്യത്തെ മറികടന്ന് സ്വന്തം വർഗതാൽപര്യങ്ങൾക്കുവേണ്ടി മുന്നോട്ടുപോകാൻ ഇന്ത്യൻ ഭരണവർഗങ്ങളുടെ രാഷ്ട്രീയ അബോധം കണ്ടെത്തിയ തന്ത്രമാണ് ആദർശത്തിലും സിദ്ധാന്തത്തിലും കീഴാളജനതയെ ഉയർത്തിപ്പിടിച്ചുകൊണ്ട് പ്രയോഗത്തിൽ അവരുടെ നിലനിൽപിനു നേർക്കുതന്നെ കണ്ണടക്കുക എന്നത്. അങ്ങനെ ഇന്ത്യൻ കീഴാളജനത ഉണ്ടായിരിക്കുമ്പോൾതന്നെ ഇല്ലാത്തവരായിത്തീരുന്ന ഒരു ഗണമായി മാറുന്നു. ഈ തന്ത്രം രാജ്യത്ത് പ്രവർത്തനക്ഷമമാകുന്നതിന്റെ പ്രക്രിയയാണ് കീഴാള ജനവിഭാഗങ്ങളുടെ ചിട്ടയായ വംശനശീകരണം. അങ്ങനെയാണ് രാജ്യത്തെ എല്ലാ നിയമങ്ങളും ആദിവാസികൾക്കും ദലിതർക്കും മറ്റും പൂർണമായും അനുകൂലമായിരിക്കെ വമ്പൻ മൂലധന നിക്ഷേപമുള്ള ഏതു വികസന പദ്ധതിയുടെയും അടിയിൽ കാടും പടലുംപോലെ നിശ്ശബ്ദം ഞെരിഞ്ഞമരാൻ അവർ വിധിക്കപ്പെട്ടിരിക്കുന്നതും. ചുരുക്കത്തിൽ കൊളോണിയൽ മുതലാളിത്തത്തെപ്പോലെ കീഴാളജനതയെയും പ്രകൃതിയെയും നേരിട്ട് കടന്നാക്രമിക്കാനോ നശിപ്പിക്കാനോ ലിബറൽ റിപ്പബ്ലിക്കൻ മുതലാളിത്തത്തിന് കഴിയാതെ വരുന്ന സാഹചര്യത്തിലാണ് ഇത്തരം വംശനശീകരണത്തിന്റെ ഗൂഢതന്ത്രങ്ങൾ പ്രവർത്തനക്ഷമമാകുന്നത് എന്നർഥം.
II
ഇരുപത്തൊന്നാം നൂറ്റാണ്ടിൽ കീഴാളജീവിതങ്ങളുടെ ഈ വംശനശീകരണ തന്ത്രത്തിന് അടിസ്ഥാനപരമായി മാറ്റമൊന്നും സംഭവിക്കുന്നില്ലെങ്കിലും ഇതിന്റെ പ്രവർത്തനം മറ്റൊരു രീതി കൈവരിക്കുന്നത് കാണാം. സോവിയറ്റ് യൂനിയന്റെ തകർച്ചയും ദേശീയ മുതലാളിത്ത വ്യവസ്ഥകൾക്ക് സംഭവിക്കുന്ന പരിവർത്തനവുമാണ് ഇതിന്റെ പശ്ചാത്തലം. മുതലാളിത്ത മൂലധനം കേന്ദ്രവും പാർശ്വങ്ങളുമില്ലാത്ത, ഭൂമിയെ ഒന്നാകെ ഗ്രസിക്കുന്ന ആഗോള സാമ്രാജ്യ മഹാശക്തിയായി രൂപാന്തരപ്പെടുന്നതാണ് ഈ സന്ദർഭത്തിൽ സംഭവിക്കുന്നത്. ദേശരാഷ്ട്ര ഭരണകൂടങ്ങളെ സാമന്തരാക്കി മാറ്റിക്കൊണ്ട് അവയുടെ അതിരുകളെ മറികടക്കുന്ന കോർപറേറ്റുകളിലൂടെ, വിവര-വിനിമയ-സാങ്കേതിക വിപ്ലവത്തിന്റെ കുതിപ്പുകളെ മുഴുവൻ ഏറ്റെടുത്തുകൊണ്ട് പ്രകൃതിയെയും ജീവിതത്തെയും ഒന്നാകെ സൂക്ഷ്മത്തിലും സ്ഥൂലത്തിലും പരോക്ഷവും (virtual) പ്രത്യക്ഷവുമായി ഗ്രസിക്കുന്ന ഒരു പ്രതിഭാസമാണ് ഇന്ന് ആഗോളീകരിക്കപ്പെട്ട മുതലാളിത്ത മൂലധനം. ഇതിൽ സംഭവിക്കുന്നത് ഒരർഥത്തിൽ നൂറ്റാണ്ടുകൾക്കു മുമ്പ് ലോകം കീഴടക്കാൻ പുറപ്പെട്ട കൊളോണിയൽ മുതലാളിത്ത കൊള്ളയുടെ ഒരു ഉയർന്ന ആവർത്തനമാണെന്നു പറയാം.
ഈ സന്ദർഭത്തിൽ ലോകം വേർതിരിയുന്നത് പഴയപോലെ, ഒരുവശത്ത് 'പ്രബുദ്ധരായ' യൂറോപ്യൻ യജമാനന്മാരും മറുവശത്ത് 'പ്രാകൃതരായ' ലോക കീഴാളജനതയും എന്ന നിലക്കല്ല. പഴയ ദേശീയ മുതലാളിവർഗവും ദേശാതിർത്തികൾക്കുള്ളിലെ ചൂഷിതവർഗവും എന്ന നിലക്കുമല്ല. ഇന്ന് ലോകം വിഭജിക്കപ്പെട്ടിരിക്കുന്നത് പഴയ കൊളോണിയൽ സാമ്രാജ്യങ്ങളുടെ ചക്രവർത്തിമാരെപ്പോലും ലജ്ജിപ്പിക്കുന്ന സഹസ്രകോടീശ്വരന്മാരായ ആഗോള കോർപറേറ്റ് ഭീമന്മാർ ഒരുവശത്തും ആരും ചോദിക്കാനും പറയാനും ഇല്ലാത്ത കൊള്ളയടിക്കപ്പെടുന്ന ഐ.ടി തൊഴിലാളികൾ മുതൽ കറുത്തവരും വനവാസികളും കടലോരവാസികളും സ്ത്രീകളും ചേരിനിവാസികളും വരെയുള്ള ലോക കീഴാള ജനകോടികൾ മറുവശത്തും എന്ന നിലയിലാണ്.
ഈ കോർപറേറ്റ് ഭീമന്മാർക്ക് പഴയ ദേശീയ ലിബറൽ മുതലാളിത്തത്തിന്റെ മനുഷ്യത്വത്തിന്റെയും ജനാധിപത്യത്തിന്റെയും മുഖംമൂടികൾപോലും ആവശ്യമില്ല. അതിനാൽ, ദേശീയ രാഷ്ട്രീയത്തിലെ ജനവിരുദ്ധ യാഥാസ്ഥിതിക ശക്തികളെ സ്വന്തം ആജ്ഞാനുവർത്തികളായ സാമന്തന്മാരായി അവരോധിച്ചുകൊണ്ട് ആധുനിക മുതലാളിത്ത മൂലധന വികസനത്തിൽ അന്തർഭവിച്ചിരുന്ന കീഴാള വംശനശീകരണ തന്ത്രത്തെ നഗ്നവും പരസ്യവുമായിത്തന്നെ നടപ്പാക്കുകയാണ് ഇന്ന് കോർപറേറ്റ് സാമ്രാജ്യത്വം ചെയ്യുന്നത്. കൃഷിക്കാരും കൈവേലക്കാരും തുടങ്ങി ആദിവാസികളും ദലിതരും മത്സ്യത്തൊഴിലാളികളും വരെ ഏറ്റവും അടിത്തട്ടിലുള്ള മനുഷ്യരുടെ ഒരു നീണ്ടനിരയാണ് നഗ്നമായ ഈ കോർപറേറ്റ് വികസന ഭീകരതയുടെ ആദ്യത്തെ ഇരകളായിത്തീരുന്നത്.
ഇതിന് ഏറ്റവും നല്ല ഉദാഹരണം ഇന്ത്യയാണ്. ജനങ്ങളുടെ രാഷ്ട്രീയ ഇച്ഛാശക്തിയെ തകർക്കുകയും അവരെ പരസ്പരം ഭിന്നിപ്പിക്കുകയും ചെയ്യുന്ന ഇന്ത്യയിലെ ഏറ്റവും പ്രതിലോമ വിധ്വംസക ശക്തിയായ ആർ.എസ്.എസ് നയിക്കുന്ന ഭരണകൂടം ഇന്ത്യയെ ഒന്നാകെ കോർപറേറ്റ് കൊള്ളക്കായി തുറന്നുകൊടുക്കാനുള്ള പദ്ധതികളാണ് ആവിഷ്കരിക്കുന്നത്. ഇതിന്റെ ഫലമായി വീടും നാടും തൊഴിലും സംസ്കാരവും ഭാഷയും നഷ്ടപ്പെട്ട് വികസന ഭീകരത സൃഷ്ടിക്കുന്ന പുതിയ ചേരികളിലേക്ക് അതായത് വംശനാശത്തിലേക്ക് കോടിക്കണക്കായ മനുഷ്യർ ആട്ടിത്തെളിക്കപ്പെടാൻ തുടങ്ങിയിരിക്കുന്നു.
III
എന്നാൽ, ഈ സന്ദർഭത്തിൽ അതിജീവനത്തിനും വിമോചനത്തിനും വേണ്ടിയുള്ള ലോക കീഴാള ജനസഞ്ചയത്തിന്റെ അടിത്തട്ടിൽനിന്നുള്ള ഉയിർത്തെഴുന്നേൽപുകളുടെ ഒരു പുതിയ യുഗമാണ് നമുക്കു മുന്നിൽ ഉദിച്ചുകൊണ്ടിരിക്കുന്നത് എന്ന യാഥാർഥ്യംകൂടി നമ്മൾ തിരിച്ചറിയണം. കൊളോണിയൽ കാലം മുതൽ ഇന്നത്തെ ആഗോള മൂലധന സാമ്രാജ്യത്വം വരെ കറുത്തവരും ദലിതരും ആദിവാസികളുമെല്ലാമടങ്ങുന്ന കീഴാള വർഗങ്ങൾക്കുമേൽ പ്രവർത്തിച്ചുകൊണ്ടിരുന്ന നശീകരണ തന്ത്രങ്ങളെ സ്വയം ചെറുത്തു തോൽപിക്കാൻ പാകത്തിൽ ഇന്ന് പുതിയൊരു ജൈവരാഷ്ട്രീയ ശക്തിയായി അവർ പരിണമിക്കുന്നു എന്നതാണ് ഈ യാഥാർഥ്യത്തിന്റെ പൊരുൾ.
പഴയ ദേശീയ വിമോചന സമരങ്ങളിലും തൊഴിലാളി വർഗ മുന്നണിപ്പടയാൽ നയിക്കപ്പെട്ട വിപ്ലവ പ്രസ്ഥാനങ്ങളിലും പിന്നണിയിലേക്ക് മാറ്റിനിർത്തപ്പെട്ട വിവിധ ചൂഷിത ജനവിഭാഗങ്ങൾ സ്വയം കണ്ടെത്തുന്നതിലൂടെ പുതിയൊരു രാഷ്ട്രീയ കർതൃത്വത്തിലേക്ക് ഉയരുകയാണ് ഇവിടെ സംഭവിക്കുന്നത്. എല്ലാക്കാലവും ജനങ്ങൾ വർഗബോധത്തിലേക്ക് ഉയർന്ന നേതാക്കന്മാരാൽ നയിക്കപ്പെടേണ്ട ആത്മബോധമില്ലാത്ത അണികളുടെ പറ്റങ്ങൾ ആയിരിക്കുമെന്ന് മാർക്സോ ലെനിനോ പറഞ്ഞിട്ടില്ല.പഴയ ലിബറൽ പൗരസമൂഹത്തിന്റെ, രാഷ്ട്രീയ പൊതുമണ്ഡലവും സ്വകാര്യ കുടുംബജീവിതവും എന്ന വിഭജനത്തെ മറികടന്ന് വീടകങ്ങളിൽനിന്ന് സ്ത്രീകളും കുട്ടികളും വൃദ്ധരും വിദ്യാലയങ്ങളിൽനിന്ന് യുവാക്കളും ഈ പുതിയ രാഷ്ട്രീയ കർതൃത്വത്തിന്റെ വാഹകരായി ഇന്ന് മാറിക്കൊണ്ടിരിക്കുന്നു. അവർ കൂട്ടമായി ഇറങ്ങിവന്ന് പൊതുസ്ഥലങ്ങൾ കൈയേറി പിരിഞ്ഞുപോകാതെ തമ്പടിച്ചു പാർക്കുന്ന (Occupy Struggles) പുതിയ സമര രൂപങ്ങൾ കഴിഞ്ഞ ഒരു പതിറ്റാണ്ടു കാലം കൊണ്ടുതന്നെ നമുക്ക് പരിചിതമായിക്കഴിഞ്ഞു. ഏറ്റവും ഒടുവിൽ ശ്രീലങ്കയിലേതടക്കം ലോകത്തെ പല സ്വേച്ഛാധിപതികൾക്കും ഇത്തരം പ്രത്യക്ഷ ജനാധിപത്യോത്സവങ്ങൾക്കു മുന്നിൽ പിടിച്ചുനിൽക്കാനാവാതെ അവരുടെ കൊട്ടാരങ്ങൾ വിട്ട് ഒളിച്ചോടേണ്ടിവന്നതും നാം കണ്ടുകഴിഞ്ഞു. ഇതിലൂടെ നേതൃഭക്തിയിൽനിന്ന് മുക്തരാകാൻമാത്രം രാഷ്ട്രീയ പ്രബുദ്ധരാകുന്ന ജനങ്ങൾ തങ്ങളുടെ സേവകരായ അധികാര കേന്ദ്രങ്ങളല്ലാത്ത പുതിയതരം നേതാക്കളെ സൃഷ്ടിക്കാൻ പോന്നവിധം സ്വാധികാരം വീണ്ടെടുക്കുകയാണ് ചെയ്യുന്നത്.
തന്റെ കോർപറേറ്റ് യജമാനന്മാർക്ക് വേണ്ടി നരേന്ദ്ര മോദി കൊണ്ടുവന്ന കാർഷിക നിയമമടക്കമുള്ള ജനവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ പല നടപടികൾക്കുമെതിരെ കർഷകരുടെയും വിദ്യാർഥികളുടെയും സ്ത്രീകളുടെയും ദലിതരുടെയും മറ്റും നേതൃത്വത്തിൽ സമീപകാലത്തുയർന്നു വന്ന വിവിധ സമരങ്ങൾ ഇന്ത്യയിൽ ഈ പുതിയ കീഴാള രാഷ്ട്രീയ കർതൃത്വത്തിന്റെ ഉദയത്തെയാണ് വിളംബരം ചെയ്യുന്നത്. പ്രധാനമായും, ഒരു വർഷക്കാലം ഡൽഹി നഗരാതിർത്തികളിൽ തമ്പടിച്ചുകൊണ്ട് ഇന്ത്യൻ കർഷകസമൂഹം നയിച്ച ഐതിഹാസികമായ കർഷകസമരം കോർപറേറ്റ് സാമ്രാജ്യത്വത്തിനെതിരെ അടിത്തട്ടിൽ നിന്നും ഉയർന്നുവരാനിരിക്കുന്ന മഹാസമരങ്ങളുടെ കാഹളമാണ് എന്നുതന്നെ പറയാം.
ഈ രാഷ്ട്രീയ പശ്ചാത്തലത്തിലാണ് നിഷ്ഠുരമായ പ്രകൃതിനശീകരണത്തിനും കീഴാളജനതയുടെ വംശനശീകരണത്തിനും വഴിയൊരുക്കുന്ന കേരളത്തിലെ വിഴിഞ്ഞം പദ്ധതിക്കെതിരായി വീടുവിട്ടിറങ്ങിയ മത്സ്യത്തൊഴിലാളി സമൂഹം നയിക്കുന്ന സമരത്തെ കാണേണ്ടത്. ഫലത്തിൽ, സഹസ്രകോടികളുടെ നിക്ഷേപങ്ങളിലൂടെ ഇന്ത്യൻ മണ്ണിനും മനുഷ്യർക്കും മേൽ പതിക്കാൻ പോകുന്ന വിനാശകരമായ കോർപറേറ്റ് വികസന ഭീകരതക്കും അതിനു വഴിയൊരുക്കുന്ന നരേന്ദ്ര മോദി ഗവൺമെന്റിന്റെ ജനദ്രോഹത്തിനും രാജ്യദ്രോഹത്തിനും എതിരെയാണ് ഈ മത്സ്യത്തൊഴിലാളികളുടെ സമരം. അതുകൊണ്ടുതന്നെ ആഗോള മൂലധന സാമ്രാജ്യത്വത്തിന്റെ അധിനിവേശത്തിനും കൊള്ളകൾക്കും അതിന്റെ നടത്തിപ്പുകാർക്കും എതിരായ ഈ വർഗസമരത്തിൽ ദരിദ്ര-കീഴാള ജനകോടികളുടെ മോചനം ആഗ്രഹിക്കുന്ന എല്ലാ പുരോഗമന-ഇടതുപക്ഷ വാദികളായ മനുഷ്യരും അണിചേരുകയാണ് വേണ്ടത്.
ഒട്ടേറെ തീവ്രസമരങ്ങളിലൂടെ കീഴാള-ദരിദ്ര വിഭാഗങ്ങളുടെ സ്വാതന്ത്ര്യത്തിനായി അസംഖ്യം സഖാക്കൾ ജീവൻ ബലിയർപ്പിച്ച പാരമ്പര്യമുള്ള ഒന്നാണ് കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനം. ഈ പ്രസ്ഥാനം ഇന്ന് ജീവിതം വഴിമുട്ടിയ നിരാലംബരായ ഒരുകൂട്ടം മത്സ്യത്തൊഴിലാളികളുടെ താൽപര്യങ്ങളെ പിന്തള്ളിക്കൊണ്ട് കോർപറേറ്റ് കൂട്ടാളികളായ നരേന്ദ്ര മോദിയുടെയും അദാനിയുടെയും താൽപര്യങ്ങളെ ഉയർത്തിപ്പിടിക്കുന്ന വർത്തമാന സ്ഥിതിവിശേഷം കേരളത്തിന്റെ ഇടതുപക്ഷ മനസ്സാക്ഷിക്കു മുന്നിൽ ഉയർത്തുന്ന വലിയ ചോദ്യങ്ങൾ വളരെ ഗൗരവമുള്ളവയാണ്.
IV
മുതലാളിത്ത വികസനവാദത്തിൽ പതിയിരിക്കുന്ന കീഴാള വംശനശീകരണ തന്ത്രത്തെ തിരിച്ചറിയാൻ കഴിയാതെ പോകുന്ന; വമ്പൻ വ്യവസായങ്ങൾ സ്ഥാപിക്കാൻവേണ്ടി കൃഷിഭൂമിയിൽനിന്ന് കർഷകരെ കൂട്ടത്തോടെ കുടിയൊഴിപ്പിക്കുന്നത് വിപ്ലവകരമായ ചുവടുവെപ്പാണെന്ന് കരുതുന്ന; എപ്പോഴാണ് സർവനാശകാരിയായി തീർന്നേക്കാവുന്നത് എന്നുറപ്പില്ലാത്ത ആണവനിലയം ഭാവിതലമുറകൾക്കുള്ള സംഭാവനയാണെന്നു കരുതുന്ന; കഴുത്തറപ്പൻ വ്യവസ്ഥകൾക്ക് കീഴടങ്ങിക്കൊണ്ട് സഹസ്രകോടികളുടെ കോർപറേറ്റ് നിക്ഷേപങ്ങൾക്ക് നാടിന്റെ എല്ലാ വാതിലുകളും തുറന്നുകൊടുക്കുന്ന, ഇന്ത്യൻ മുഖ്യധാരാ ഇടതുപക്ഷം ഉയർത്തിപ്പിടിക്കുന്ന വികസന സങ്കൽപത്തിന്റെ രാഷ്ട്രീയം വിശദമായി ചർച്ചചെയ്യപ്പെടേണ്ട ഒന്നാണ്.
പഴയ മുതലാളിത്ത ദേശരാഷ്ട്രങ്ങളിലെ പരമ്പരാഗത സാമൂഹിക ബന്ധങ്ങളെ തകർത്തുകൊണ്ടുള്ള മുതലാളിത്ത വിപ്ലവങ്ങളുടെ പൂർത്തീകരണം തൊഴിലാളിവർഗ വിപ്ലവശക്തികൾ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടതാണ് ഈ ഇടതുപക്ഷ വികസന സങ്കൽപത്തിന്റെ ചരിത്രം. ആ ചരിത്രത്തിലേക്കും അത് ലോക ഇടതുപക്ഷ രാഷ്ട്രീയത്തിൽ സൃഷ്ടിച്ച പ്രത്യാഘാതങ്ങളെ കുറിച്ചുമുള്ള ഒരു വിശകലനത്തിലേക്ക് ഈ സന്ദർഭത്തിൽ കടക്കുന്നില്ല. എന്നാൽ, ഉൽപാദനക്ഷമത പൂർണമായി നഷ്ടപ്പെട്ട , നിലനിൽപിനായി ജീവിതത്തെയും പ്രകൃതിയെയും ആവുന്നത്ര ഊറ്റിക്കുടിക്കാനുള്ള ഉന്മത്തമായ ആർത്തിയോടെ ദേശീയ മൂലധന വ്യവസ്ഥകളെ തകർത്ത് ലോകത്തെ വരിഞ്ഞുമുറുക്കാൻ ശ്രമിക്കുന്ന ഉദ്ഗ്രഥിക്കപ്പെട്ട ആഗോള മൂലധന സാമ്രാജ്യത്വത്തിന്റെ കാലത്ത് പത്തൊമ്പതും ഇരുപതും നൂറ്റാണ്ടുകളിലെ ദേശീയ ബൂർഷ്വാ വിപ്ലവങ്ങളുടെ പൂർത്തീകരണവും ഉൽപാദന ശക്തികളുടെ വികസനവുമായി ബന്ധപ്പെട്ട ഇടതുപക്ഷ വികസന സങ്കൽപം എത്രത്തോളം കാലം തെറ്റിയതാണെന്നും (Anachronistic) അതുകൊണ്ടുതന്നെ പ്രയോഗത്തിൽ പ്രതിലോമകരമായിത്തീരുന്നു എന്നും തിരിച്ചറിയാൻ ഈ വഴിക്കുള്ള ചർച്ചകൾ നിശ്ചയമായും സഹായിക്കും.
ഈവിധമൊരു തിരിച്ചറിവിലേക്ക് ഇനിയും കടന്നിട്ടില്ലാത്തതുകൊണ്ട് ഇന്ത്യൻ മുഖ്യധാരാ ഇടതുപക്ഷം, ഭ്രാന്തുപിടിച്ചു പായുന്ന ഇരുപത്തൊന്നാം നൂറ്റാണ്ടിലെ കോർപറേറ്റ് മൂലധനത്തിന്റെ വിക്രിയകൾക്കെതിരെ ജീവനും ജീവനോപാധികൾക്കും വേണ്ടി കർഷകരും മീൻപിടിത്തക്കാരുമടക്കമുള്ള സാധാരണക്കാർ സമരം ചെയ്യുമ്പോൾ അവരെ വികസന വിരുദ്ധരെന്നു വിളിക്കാൻ സ്വാഭാവികമായും ബാധ്യസ്ഥരാകുന്നു. വർഗബോധമില്ലാത്ത കർഷകരെ കുടിയിറക്കി വിപ്ലവകരമായ ആത്മബോധത്തിലേക്കുയർന്ന തൊഴിലാളി വർഗത്തെ ഉൽപാദിപ്പിക്കുന്ന വ്യവസായ ശാലകൾ സ്ഥാപിക്കുന്നത് വിപ്ലവോന്മുഖമായ വികസനമാണെന്നു കരുതുന്നതിന്റെ യുക്തിയും ഇതുതന്നെ. ഇത്തരമൊരു കാലംതെറ്റിയ വികസന സങ്കൽപത്തെ, ആഗോള മൂലധന അധിനിവേശത്തിനെതിരെ ഇന്ന് നേർക്കുനേർ നിൽക്കുന്ന ലോക കീഴാളജനതയുടെ ഭാഗമായ ബംഗാളിലെ കർഷക സമൂഹം തള്ളിക്കളഞ്ഞതിൽ അത്ഭുതപ്പെടാനില്ല.
വിഴിഞ്ഞം പദ്ധതിക്കെതിരായ പ്രതിഷേധങ്ങളിലൊന്ന്
എന്നാൽ, ലോക ഇടതുപക്ഷ രാഷ്ട്രീയം ഈ പരിമിതികളിൽനിന്ന് മുന്നോട്ടു പോകുന്നതിന്റെ ഒരു മറുവശംകൂടി നാം ഈ സന്ദർഭത്തിൽ കാണേണ്ടതുണ്ട്. കോർപറേറ്റ് കൊള്ളകൾക്കും അതിന്റെ ഇടനിലക്കാരായ സ്വേച്ഛാധിപതികൾക്കുമെതിരെ ഉയിർത്തെഴുന്നേൽക്കുന്ന പരമ്പരാഗത പ്രാദേശിക ജനവിഭാഗങ്ങളുടെയും കറുത്തവരുടെയും വനവാസികളുടെയും സ്ത്രീകളുടെയും സമരങ്ങളെ പിന്തുണക്കുന്ന ഇടതുപക്ഷ പാർട്ടികൾ സ്വയം സമകാലികമായി നവീകരിക്കാൻ ശ്രമിക്കുന്നതിലൂടെ വമ്പിച്ച ജനപിന്തുണ നേടുന്നതിന്റെ ഒരു ചിത്രമാണ് ആ മറുവശം. വിവിധ ലാറ്റിനമേരിക്കൻ രാജ്യങ്ങളിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങൾ വംശനാശംപോലെയുള്ള വെല്ലുവിളികളെ നേരിടുന്ന മേൽപറഞ്ഞ കീഴാള ജനവിഭാഗങ്ങളുടെ പിന്തുണയോടെ ഇന്ന് കൈവരിച്ചുകൊണ്ടിരിക്കുന്ന മുന്നേറ്റങ്ങളെ കുറിച്ചാണ് ഇവിടെ പരാമർശിക്കുന്നത്. ഈ വിജയങ്ങൾ പാർട്ടി മുകളിൽനിന്ന് ജനങ്ങളിൽ പ്രയോഗിക്കുന്ന വിപ്ലവതന്ത്രങ്ങളുടെ (Strategies) വിജയങ്ങൾ എന്നതിനെക്കാൾ രാഷ്ട്രീയ പ്രബുദ്ധമായ അടിത്തട്ടിൽനിന്നും ഉയർന്നുവരുന്ന സമരതന്ത്രങ്ങളുടെ വിജയമാണ്. ഈ നൂറ്റാണ്ടിന്റെ തുടക്കം മുതൽ ബൊളീവിയയും അർജന്റീനയും മെക്സികോയും എക്വഡോറും പെറുവും തുടങ്ങി ബ്രസീലും കൊളംബിയയും വരെയുള്ള രാജ്യങ്ങളിൽ പ്രാദേശിക ജനവിഭാഗങ്ങളടക്കമുള്ള വിവിധതരം കീഴാളരിൽനിന്ന് ഉയർന്നുവന്ന സമരങ്ങൾ പരസ്പരം മുറിച്ചുകടക്കുന്ന പ്രക്ഷോഭ (Intersectional Insurrections)ങ്ങളായി മാറുകയുണ്ടായി . ഈ പ്രക്ഷോഭങ്ങളിൽനിന്ന് രൂപപ്പെട്ട ജനസഞ്ചയ ജനാധിപത്യത്തിന്റെ വിജയങ്ങളാണ് നാം ഇപ്പോൾ ലാറ്റിനമേരിക്കൻ ഇടതുപക്ഷ മുന്നേറ്റങ്ങളായി കാണുന്നത്.
ഇതിങ്ങനെ ഇവിടെ വിശദീകരിക്കാൻ കാരണം ഇതിനു സമാനമായി കോർപറേറ്റുകൾക്കും അതിന്റെ ദല്ലാളന്മാർക്കുമെതിരെ ഒരു രാഷ്ട്രീയ മുന്നേറ്റം ഇന്ത്യയിലും ഉയർന്നുവരാനുള്ള സാധ്യത കാണുന്നതുകൊണ്ടാണ്. കർഷകസമരത്തിനും ശാഹീൻബാഗ്-ഭീം ആർമി സമരങ്ങളെയും തുടർന്ന് കോർപറേറ്റുകൾക്കും ഭരണവർഗങ്ങൾക്കുമെതിരെ പുതിയ പ്രക്ഷോഭങ്ങൾ അടിത്തട്ടിൽ രൂപപ്പെട്ടുകൊണ്ടിരിക്കുകയാണ്. സൈന്യസേവനത്തെ കരാർ പണിയാക്കുന്നതിനും കീഴാളസംവരണത്തെ മൗലികമായി അട്ടിമറിക്കുന്നതിനും എതിരായ ജനരോഷം പുകയാൻ തുടങ്ങുന്നു. ഉയരാനിരിക്കുന്ന ഈ പ്രക്ഷോഭങ്ങളുടെ പ്രത്യക്ഷ സൂചനകളാണ് വമ്പൻ കോർപറേറ്റ് മൂലധന നിക്ഷേപങ്ങൾ സൃഷ്ടിക്കുന്ന മനുഷ്യവംശ നശീകരണത്തിനും പ്രകൃതിനശീകരണത്തിനുമെതിരെ വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളി പ്രക്ഷോഭമടക്കം ഇന്ത്യയുടെ പലഭാഗങ്ങളിലും ഇന്ന് നടന്നുകൊണ്ടിരിക്കുന്ന സമരങ്ങൾ. ജനങ്ങൾ സ്വയം ഏറ്റെടുത്തുകൊണ്ടിരിക്കുന്ന ഇടതുപക്ഷ രാഷ്ട്രീയ സമരങ്ങളാണവ. ഇത് തിരിച്ചറിഞ്ഞുകൊണ്ട് ഇന്ത്യയിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങളും ലാറ്റിനമേരിക്കൻ മാതൃകയിൽ ഈ സമരങ്ങളുടെ ഭാഗമായിത്തീരുകയാണ് വേണ്ടത്. മറിച്ച്, ഉയർന്നുവരുന്ന ഈ കീഴാള ജനകീയ പ്രക്ഷോഭങ്ങൾക്കെതിരെ നിലകൊള്ളുന്നതിലൂടെ കോർപറേറ്റ് കൊള്ളകൾക്കു കുടപിടിക്കുന്ന നരേന്ദ്ര മോദിക്ക് ശക്തിപകരുന്ന ഇന്ത്യൻ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ ഭാവി എന്താകുമെന്ന് പറയേണ്ടതില്ല.
ഇത്രയും പറഞ്ഞു കഴിയുമ്പോൾ ഉയരാവുന്ന ഒരു പ്രധാന ചോദ്യമുണ്ട്. പ്രകൃതിയെയും പരമ്പരാഗത ജീവിതങ്ങളെയും തൊഴിലുകളെയും സംസ്കാരങ്ങളെയും നാശത്തിൽനിന്ന് സംരക്ഷിക്കുന്നതിന്റെ പേരിൽ വികസന പദ്ധതികൾക്കെതിരെ ഉയരുന്ന ഈ വാദമുഖങ്ങൾ വരാനിരിക്കുന്ന വികസിത ലോകാത്ഭുതങ്ങളെ മുഴുവൻ നിഷേധിച്ചുകൊണ്ട് നമ്മുടെ നാടിനെ മന്ദവും നിഷ്ക്രിയവും പ്രാകൃതവുമായ ഭൂതകാലത്തിൽതന്നെ തളച്ചിടാൻ തന്നെയല്ലേ സഹായിക്കുക? ഇതാണ് ആ ചോദ്യം.
തുടക്കത്തിൽതന്നെ, ഈ ചോദ്യം എവിടെനിന്നു വരുന്നു എന്നാലോചിക്കണം. നമ്മെ കൊള്ളയടിച്ച് അതിസമ്പന്നരായ പടിഞ്ഞാറൻ വികസിത രാജ്യങ്ങളിലെ ലോക മേലാളന്മാരുടെ ജീവിതമാതൃക കണ്ട് കൊതിയൂറുന്ന ഇടത്തരക്കാരുടെ അപകർഷത നിറഞ്ഞ ജീവിതവീക്ഷണമാണ് ഈ ചോദ്യത്തിന്റെ പശ്ചാത്തലം.
വിഴിഞ്ഞം സമരത്തിൽ പങ്കെടുത്തുകൊണ്ട് പൊരിവെയിലിൽ റോഡിൽ കുത്തിയിരിക്കുന്ന ഒരു മത്സ്യത്തൊഴിലാളി സ്ത്രീ ഒരു ടി.വി ചാനൽ പ്രതിനിധിയുടെ ചോദ്യത്തിന് കൊടുക്കുന്ന ഉത്തരം ഈ സന്ദർഭത്തിൽ ഓർക്കാവുന്നതാണ്.
''നിങ്ങൾ ഇങ്ങനെ സമരത്തിന്റെ പേരിൽ റോഡിൽ ഗതാഗതം തടഞ്ഞ് വിദ്യാർഥികളടക്കമുള്ള നാട്ടുകാരെ ബുദ്ധിമുട്ടിലാക്കുന്നത് ശരിയാണോ?'' എന്ന ചോദ്യത്തിന് ക്ഷുഭിതയായ ആ സ്ത്രീ പറഞ്ഞ മറുപടി ഇതായിരുന്നു:
''ഓഹോ! ഒരുദിവസം നിങ്ങളുടെ നാട്ടുകാർക്ക് ബുദ്ധിമുട്ടായപ്പോൾ നിങ്ങൾക്ക് സഹിക്കാൻ കഴിയുന്നില്ല. വർഷങ്ങളായി ആരും തിരിഞ്ഞുനോക്കാനില്ലാതെ സിമന്റ് ഗോഡൗണുകളിലും സ്കൂൾ കെട്ടിടങ്ങളിലും ഞങ്ങൾ ഞങ്ങളുടെ മക്കളോടൊപ്പം കഴിയുന്നു. അത് കാണാൻ നിങ്ങൾക്ക് കണ്ണില്ല. ഒരുദിവസം ഈ സിമന്റ് ഗോഡൗണിൽ നിങ്ങൾക്ക് നിങ്ങളുടെ കുടുംബത്തോടൊപ്പം താമസിക്കാമോ, എങ്കിൽ അന്ന് ഞങ്ങൾ ഈ സമരം നിർത്താം.''
ഇങ്ങനെ വംശനാശത്തിലേക്ക് തള്ളപ്പെട്ടവരുടെ ജീവിതത്തിന്റെ ആഴത്തിൽനിന്ന് വരുന്ന മറിച്ചുള്ള ചോദ്യങ്ങളുടെ രാഷ്ട്രീയമാനം പരിഗണിക്കാതെ അവരെ നാടിനെ പിന്നോട്ട് നയിക്കുന്ന വികസന വിരുദ്ധർ എന്ന് വിളിക്കുന്നവർ വർഗപരമായി തികച്ചും അവരുടെ മറുചേരിയിലാണ്.
പലരും കരുതുന്നതുപോലെ ലത്തീൻ പുരോഹിതന്മാർ മുന്നിൽ നിൽക്കുന്നതുകൊണ്ട് ഈ സമരത്തിന്റെ വർഗസ്വഭാവം മാറിപ്പോകുന്നില്ല. ഇത്രയും കാലം ഇവരെ ഒരു വോട്ട് ബാങ്ക് എന്നതിനപ്പുറം മനുഷ്യരായിത്തന്നെ ഗണിക്കാതിരുന്ന രാഷ്ട്രീയ പാർട്ടികളെ അകറ്റിനിർത്തുകയാണ് പുരോഹിതന്മാരെ മുന്നിൽ നിർത്തുന്നതിലൂടെ ഇവർ യഥാർഥത്തിൽ ചെയ്യുന്നത്. ചാനൽ പ്രതിനിധിയോട് മറുപടി പറയുന്ന ഈ സ്ത്രീ ആർക്കും ആട്ടിത്തെളിക്കാവുന്ന അണിയല്ല. അവർ സ്വന്തം നേതൃത്വം സ്വയം ഏറ്റെടുത്ത നേതാവാണ്.
ഇനി ആ പ്രധാന ചോദ്യത്തിലേക്കു വരാം. യഥാർഥത്തിൽ ഇന്ന് ലോകം പ്രാകൃതം/പരിഷ്കൃതം, വികസിതം/അവികസിതം എന്നിങ്ങനെയുള്ള കൊളോണിയൽ യൂറോപ്യൻ ആധുനികതയുടെയും മുതലാളിത്ത സമ്പത്തിന്റെയും ദ്വന്ദ്വമാനദണ്ഡങ്ങൾകൊണ്ട് അളക്കാവുന്നതിനും അപ്പുറമുള്ള ഒരു രാഷ്ട്രീയ മാനത്തിലേക്ക് മാറിക്കഴിഞ്ഞിരിക്കുന്നു. അതിനാൽ, ലോകം ഇന്ന് ആഴത്തിൽ മുന്നേറുന്നത് കോർപറേറ്റ് മുതലാളിത്ത മൂലധനം വാഗ്ദാനം ചെയ്യുന്ന വികസനക്കുതിപ്പിൽ പിറക്കുന്ന മൂഢസ്വർഗത്തിലേക്കല്ല. മറിച്ച്, സ്വകാര്യസ്വത്തിന്റെയും സ്വാർഥത്തിന്റെയും വെറുപ്പിന്റെയും ചങ്ങലകൾ പൊട്ടിച്ച് ഉയരാൻ ശ്രമിക്കുന്ന, അപരസ്നേഹത്തിലും പരസ്പര പരസംക്രമണത്തിലും (Becomings) അധിഷ്ഠിതമായ ജീവിതത്തിന്റെ അനന്തശക്തികളുടെ ആവിഷ്കാര സാധ്യതകളിലേക്കാണ്. അതായത് കോർപറേറ്റ് മൂലധന സാമ്രാജ്യത്തിനും അതിന്റെ സാമന്തന്മാർക്കുമെതിരെ ഉയരുന്ന ഓരോ കീഴാളസമരത്തിലൂടെയും ഇന്ന് ലോകം ഉറച്ച ചുവടുകൾ വെക്കുന്നത് ഒരു ബദൽ ലോകവ്യവസ്ഥ യിലേക്കാണ് (Alter globalization). ഇതാണ് ലോകത്തിന്റെ യഥാർഥ വികസനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.