സംസ്ഥാന സ്കൂൾ കലോത്സവം പലതരം വിവാദങ്ങൾക്കുകൂടി അടുപ്പുകൂട്ടിയിരുന്നു. അവതരണഗാനത്തിലെ ‘മുസ്ലിം ഭീകരവേഷധാരി’ മുതൽ വെപ്പുപുരയിലെ ജാതി വരെ ചർച്ചയായി. നമ്മുടെ സമകാലിക ഇന്ത്യയുടെ പരിച്ഛേദം അവിടെ പ്രത്യക്ഷമായി. ആ സംവാദങ്ങളെയും അവസ്ഥകളെയും ചിന്തകനായ കെ.ഇ.എൻ ഉപസംഹരിക്കുന്നു. മർദിത മതത്തിന്റെയോ മർദിത ജാതിയുടെയോ സ്വാതന്ത്ര്യം ചോറിനൊപ്പമോ ചിലപ്പോള്‍ അതിനും മീതെയോ പ്രധാനപ്പെട്ടതാവും എന്നു കൂടി ലേഖകൻ പറയുന്നു.
കലോത്സവ വിവാദത്തില്‍ തെളിയുന്നത്, പഴയ ‘ഭ്രാന്താലയവും’ പുതിയ ‘ബ്രാന്ഡാലയവും’ തമ്മിലുള്ള ആശ്ലേഷപുളകത്തിന്റെ മധുരോദാരമായ ആവിഷ്കാരമാണ്! സ്വാഗതഗാനത്തിലെ മുസ്ലിം ‘ഭീകരവേഷധാരി’യും വെപ്പുപുരയിലെ വിവാദങ്ങളും തുടര്‍ന്നുവരുന്ന ആശയസംവാദങ്ങളിലും ഇനിയും കയറിയിറങ്ങും! ‘മുസ്ലിം ഭീകരവേഷധാരി’ ദൃഢപ്പെടുത്തപ്പെട്ടുകൊണ്ടേയിരിക്കുന്ന ഒരു പതിവ് വാര്‍പ്പുമാതൃകയാണ്. സത്യത്തില്‍ ചെറുതും വലുതുമായ നാഥുറാം ഗോദ്സെ കോലങ്ങളാണ് ഇന്ത്യയില്‍ ‘ഭീകരമാതൃക’കള്‍ക്ക് ഏറ്റവും അനുയോജ്യം. ഒരു കലാസംഘടനക്ക് മാത്രമല്ല, ഏതു കലാസംഘടനക്കും പരീക്ഷിച്ച് നോക്കാവുന്നതാണ്! ഫലം ഉറപ്പ്!
നവഫാഷിസ്റ്റ് അധികാരം ഭാവനയുടെ കുപ്പായമിടുമ്പോള്‍ സ്വാഗതഗാനം മാത്രമല്ല, നന്ദിപ്രകടനവും കുഴപ്പത്തിലാവും! ‘ഏകസ്വരത’യെക്കുറിച്ച് പറഞ്ഞുകൊണ്ട് ‘ഏകസ്വരത’ അവതരിപ്പിക്കുന്നതും; ബഹുസ്വരതയെക്കുറിച്ച് പറഞ്ഞുകൊണ്ട്, അതേ ‘ഏകസ്വരത’ ആഘോഷിക്കുന്നതും തമ്മിലുള്ള അടിസ്ഥാനപരമായ ‘അകല’മാണ് അപഗ്രഥിക്കപ്പെടേണ്ടത്. ‘സൗകര്യം’ എന്നുള്ളത് ഒരു സവിശേഷ സന്ദര്‍ഭത്തിലെ താല്‍ക്കാലിക പ്രയോഗം മാത്രമാണ്. എന്നാല്‍, ‘സ്വാതന്ത്ര്യ’മെന്നത് മറ്റൊന്നിലേക്കും വെട്ടിച്ചുരുക്കാനാവാത്ത, അവകാശമാണ്. രണ്ടിനെയും തത്ത്വദീക്ഷയുമില്ലാതെ കൂട്ടിക്കലര്‍ത്തി ഒരു കുപ്പിയിലാക്കി, ‘കലോത്സവ സംവാദ’ ചെലവില്‍ ഒരു ഡിസ്കൗണ്ടു പോലും നല്‍കാതെ ‘വിറ്റഴിക്കാനുള്ള വിവാദ’ശ്രമങ്ങളിലാണ്, സംഘ്പരിവാര്‍ പ്രതിഭകള്‍ വ്യാപൃതരായിരിക്കുന്നത്. കോഴിക്കോട് നടന്ന അറുപത്തിയൊന്നാം കലോത്സവം, അവിടെ അവതരിപ്പിച്ച കലാപരിപാടികള്‍കൊണ്ടും സംഘടനാ മികവുകൊണ്ടും ഭക്ഷണപൊലിമകൊണ്ടും മാത്രമല്ല അതോടൊപ്പം ഉയര്‍ന്ന വിമര്ശനങ്ങള്കൊണ്ടുമായിരിക്കും നാളെ ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെടാന്‍ പോകുന്നത്. ഒന്നിനെയും അതെത്ര നിസ്സാരവും നിരുപദ്രവകരമായിരുന്നാല്പോലും, അലസമായി കടന്നുപോവാന്‍ അനുവദിക്കാത്ത ഒരു ജനായത്ത ജാഗ്രതയാണ്, കലോത്സവ സംവാദങ്ങളില്‍ ജ്വലിച്ചത്. കളിയും കാര്യവും, സ്വാഗതഗാനവും ഭക്ഷണവും എന്തും ‘ഓഡിറ്റ്’ ചെയ്യപ്പെടണം!
കലോൽസവ സ്വാഗതഗാനത്തിലെ മുസ്ലിം ഭീകരവേഷധാരി
ബഹുസ്വര സമീപനങ്ങളുടെ വാതിലുകള്‍ ഒന്നൊന്നായി അടച്ച് കുറ്റിയിടുമ്പോഴാണ്, അധിനിവേശം കരുത്താർജിക്കുന്നത്. സംസ്കാരം ജനായത്തപരമാകും മുറക്കാണ്, ഭക്ഷണത്തിലും വസ്ത്രത്തിലുമടക്കം, വൈവിധ്യപൂര്‍ണമായ തിരഞ്ഞെടുപ്പുകള്‍ക്കുള്ള അവസരങ്ങള്‍ വര്‍ധിക്കുന്നത്. എന്നാല്‍, അധിനിവേശം ജനകീയ സംസ്കാരത്തെ അടിമപ്പെടുത്തുമ്പോള്‍, പൗരസമൂഹത്തിന്റെ തിരഞ്ഞെടുക്കാനുള്ള അവസരങ്ങള്‍ ഒന്നിനുപിറകെ മറ്റൊന്നായി പതുക്കെ അപ്രത്യക്ഷമാകും. അതോടെ അടുക്കളയില്‍പോലും കൃത്രിമ തര്‍ക്കങ്ങളുടെ കൊടികളുയരും! ചില ഭക്ഷണ പദാർഥങ്ങള്‍, ഭക്ഷണമെന്ന പ്രാഥമികാവസ്ഥ വിട്ട് ശ്രേഷ്ഠപദവി പ്രാപിക്കും! മറ്റ് ചിലത് മ്ലേച്ഛവുമാകും! അങ്ങനെയാണ് മാംസഭോജികള്‍ ‘പിശാചുക്കളും’ സസ്യഭോജികള്‍ സൗമ്യമാലാഖമാരുമാവുന്നത്!
സമീപകാലംവരെ സാഹിത്യ-സാംസ്കാരിക കലാ ലോകങ്ങളിലേക്ക്, മത്സ്യമാംസാദികളുടെ പ്രവേശനം അത്ര ആവേശപൂർവം സ്വാഗതം ചെയ്യപ്പെട്ടിരുന്നില്ല. ചായ വേണ്ടവര്‍ക്ക് ചായയും കാപ്പി വേണ്ടവര്‍ക്ക് കാപ്പിയും കഴിക്കാനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടി, പ്രത്യേക ‘സ്വാതന്ത്ര്യസമര’മൊന്നും നടന്നിട്ടില്ലെന്ന ധാരണ നവോത്ഥാന ചരിത്രം തള്ളിക്കളയും! ജീവിതത്തിലെന്നപോലെ ഭക്ഷണത്തിലും നിലനില്‍ക്കുന്ന വൈവിധ്യങ്ങളെ ആര്‍ക്കും പ്രയാസമുണ്ടാക്കാത്തവിധം വളര്‍ത്താനുള്ള വിനയമാണ്, ഒരു മതനിരപേക്ഷസമൂഹം വികസിപ്പിക്കേണ്ടത്. ‘ഞങ്ങള്‍ ശ്രേഷ്ഠം, നിങ്ങള്‍ മ്ലേച്ഛം’ എന്ന സ്വന്തം അവികസിത മാനസികാവസ്ഥ അവസാനിപ്പിക്കുന്നതിന്നു പകരം, അതിനെ ആദര്ശവത്കരിക്കാന് ശ്രമിക്കുന്നത് അപകടകരമാണ്. ഓരോരുത്തരുടെയും ‘ഇഷ്ടം’ അവരവരുടെ ഇഷ്ടം മാത്രമാണ്; അതിനെ ലോകത്തിന്റെ തത്ത്വമായി തെറ്റിദ്ധരിക്കരുത്.
മതനിരപേക്ഷ ആശയങ്ങള്‍, അവ വെല്ലുവിളിക്കപ്പെടുന്ന സന്ദര്‍ഭങ്ങളിലെങ്കിലും ആവര്‍ത്തിച്ച്, അവതരിപ്പിക്കപ്പെടാതെ പോയാല്‍, ജനായത്തത്തിന്റെ കൈകളില്‍ വിലങ്ങ് വീഴും! സമരങ്ങള്‍ തോല്‍ക്കുന്നതിനെക്കാള്‍, ജനായത്ത ശക്തികള്‍ ഭയക്കേണ്ടത് ആ സമരങ്ങളെ സാധ്യമാക്കുന്ന ആശയങ്ങള്‍ തോല്പിക്കപ്പെടുമ്പോഴാണ്! കലോത്സവ വേദിയിലെ സ്വാഗതഗാനത്തിലെ വാര്‍പ്പുമാതൃകയില്‍നിന്ന് രണ്ടടിവെച്ചാല് ഊട്ടുപുരയിലേക്കുള്ള കവാടത്തിനു മുന്നിലെത്തും! ഏതേത് വിഭവങ്ങള്‍ വിളമ്പിയെന്നുള്ളതല്ല, ആരൊക്കെ എത്രയൊക്കെ തിന്നു എന്നുള്ളതുമല്ല, മറിച്ച് അതില്‍ പ്രവര്‍ത്തിക്കുന്ന ‘പ്രത്യയശാസ്ത്രം’ എന്താണെന്ന ചോദ്യമാണ് പ്രസക്തം. ആമപ്പൂട്ട് മുതല്‍ നിരവധി കിടിലന്‍ ‘പൂട്ടു’കളെ അറിയുന്നവര്‍, ഗുരുപൂട്ട് മുതല്‍ ‘കാളിപൂട്ട്’ മുതൽ ആ ‘അപ്പച്ചൻ പൂട്ട്’ വരെയുള്ള, നവോത്ഥാനം നിർമിച്ച ‘ജാതി-പൂട്ടു’കളെ കുറിച്ചുകൂടി ഓര്‍ക്കണം!
മേല്‍ക്കോയ്മാ ജാതി പ്രത്യയശാസ്ത്രം പല വേഷങ്ങളില്‍ സാംസ്കാരിക ജീവിതത്തിലേക്ക് ഇടിച്ചുകയറുന്നതിനെക്കുറിച്ചുള്ള സൂക്ഷ്മമായ വിമര്‍ശനങ്ങളെ ചിലര്‍ ‘ഇറച്ചി’ വേണോ വെണ്ടക്ക വേണോ എന്നതിലേക്ക് മാത്രമായി ചുരുക്കുന്നത് കാണുമ്പോഴാണ് സത്യമായും നാം ഭയപ്പെടേണ്ടത്. മത്സ്യമാംസങ്ങള്‍ കഴിക്കുന്നവര്‍പോലും ‘‘ഞാനിപ്പോഴത്രയൊന്നും കഴിക്കാറില്ല, എന്തൊക്കെ പറഞ്ഞാലും അത് ആരോഗ്യത്തിന് അത്രയൊന്നും നന്നല്ലല്ലോ, ആ കുഴിമന്തിയും ബീഫും കഴിച്ച് ദിവസവും എത്രപേരാണ് മരിക്കുന്നത്’’ എന്നും മറ്റും പറയുന്നത് കേള്‍ക്കുമ്പോള്‍ ആരായാലും ചിരിച്ചുപോകും! ആത്മഹത്യകളെപ്പോലും ‘കുഴിമന്തി’ കോളത്തില്‍ വരവുവെക്കുന്ന മാധ്യമങ്ങള്‍ മുതല്‍, ‘അറബി അഭിരുചികളുടെ’ വ്യാപനത്തില്‍ മനംനൊന്ത് വേദനിക്കുന്ന, ‘തനിമപ്രിയര്’വരെ, ‘കലോത്സവ വിവാദ’ ചെലവില്‍ ഇളകിമറിയുകയാണ്! യഥാർഥ പ്രശ്നത്തെ മറച്ചുവെക്കാന്‍ പാകത്തില്‍ ‘തദ്ദേശീയ ഭക്ഷണം’, ‘തനത് ഭക്ഷണം’ മുതല്‍ എന്തിന് ‘ആര്‍ഷഭാരത സംസ്കാരം’ വരെയുള്ള പരികൽപനകള് പോരിനിറങ്ങിക്കഴിഞ്ഞു. ഉത്തരേന്ത്യന്‍ കാലിത്തൊഴുത്ത് ന്യായങ്ങളിലേക്ക് കേരളത്തെയും ഉന്തിവീഴ്ത്താനാവുമെന്ന് ചിലര്‍ ചുമ്മാ മോഹിക്കുന്നു.
പഴയിടം മോഹനൻ നമ്പൂതിരിയുടെ കലോത്സവ ഊട്ടുപുര
കഴിഞ്ഞ കൊല്ലമാണ് കര്‍ണാടകയിലെ വിദ്യാലയങ്ങളില്‍ ജനായത്ത സംസ്കാരത്തിന്, അവമാനമായ ‘മുട്ടലഹള’യുണ്ടായത്! സ്കൂളുകളില്‍ കുട്ടികള്‍ക്ക് പോഷകാഹാരക്കുറവ് പരിഹരിക്കാന്‍ ആഴ്ചയില്‍ മൂന്നുദിവസം മുട്ടവിതരണം ചെയ്തതാണ് ചില മഠാധിപന്മാരെ പ്രകോപിതമാക്കിയത്. വിദ്യാഭ്യാസമന്ത്രി ബി.സി. നാഗേഷ് കുട്ടികളുടെ താൽപര്യം തള്ളി, മുട്ടവിരുദ്ധ മഠാധിപര്ക്കൊപ്പം കൂടുകയാണുണ്ടായത്! മധ്യപ്രദേശില്‍ മുമ്പ് ഭക്ഷ്യമന്ത്രിയായിരുന്ന ‘കാശ്യപ്’ കോഴിമുട്ടയെ ‘സസ്യവകുപ്പില്’ ഉള്പ്പെടുത്തിയതൊന്നും നാഗേഷ് മന്ത്രി അറിഞ്ഞുകാണില്ല! മുമ്പൊക്കെ ഹോസ്റ്റലില്‍ കോഴിമുട്ട, ബീഫ്, നേന്ത്രപ്പഴം എന്നിവ വിതരണം ചെയ്യുമ്പോള്‍, കുട്ടികള്‍ സ്വന്തം ഇഷ്ടപ്രകാരം അവ പരസ്പരം കൈമാറി സൗഹൃദം പങ്കുവെക്കുകയാണ് പതിവ്. കോഴിമുട്ട വേണ്ടാത്തവര്‍, അത് കഴിക്കുന്നവര്‍ക്ക് കൊടുക്കുന്ന, ഭക്ഷണവിഭവങ്ങള്‍ പരസ്പരം കൈമാറുന്ന ആ സൗഹൃദത്തെയാണ്, ജനായത്തം ശക്തിപ്പെടുത്തേണ്ടത്. അതിനുപകരം, ഞങ്ങള്‍ കഴിക്കാത്തതൊന്നും, ആരും കഴിക്കരുതെന്ന് ആജ്ഞാപിക്കുന്നത്, എവിടത്തെ ന്യായമാണ്?
കാര്‍ഗില്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ട ക്യാപ്റ്റന്‍ വിക്രം സിങ്ങിനെ ഓര്‍ക്കുന്ന നമ്മള്, അതേ കാര്‍ഗില്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ട സന്ദീപ് സിങ്ങിനെയും അദ്ദേഹത്തിന്റെ മകള്‍ ഗുര്‍മെഹർ കൗര്‍ എന്ന ‘സമാധാനത്തിന്റെ പടയാളി’യെയും മറക്കരുത്. ‘‘പാകിസ്താനല്ല യുദ്ധമാണ് എന്റെ അച്ഛന്റെ ജീവനെടുത്തത്’’ എന്ന ഒരൊറ്റ പ്രസ്താവനയുടെ പേരിലാണ്, ആ യുവപ്രതിഭയുടെ മേല്‍ ഭീകരപട്ടം കെട്ടിവെച്ചത്. ഫ്രിഡ്ജില്‍, ബീഫ് സൂക്ഷിച്ചു എന്നാരോപിച്ചാണ് അഖ്ലാഖിനെ കൊന്നത്! കലോത്സവത്തിലെ സ്വാഗതഗാനവും ഊട്ടുപുര വിവാദങ്ങളും മേല്‍ വിവരിച്ച കാര്യങ്ങളും തമ്മില്‍ നേര്‍ക്കു നേര്‍ക്ക് ഒരു ബന്ധവുമില്ല! എന്നാല്‍ സൂക്ഷിച്ചുനോക്കിയാല്‍, ‘കലോത്സവ മറവില്‍’ സംഘ്പരിവാര്‍ നടത്തുന്ന പ്രചാരണയുദ്ധം പരിശോധിച്ചാല്‍, ‘മേല്‍ക്കോയ്മാ പ്രത്യയശാസ്ത്ര’ത്തിന്റെ വേരുകള്‍ അതിലും കണ്ടെത്താന്‍ കഴിയും.
‘പഴയിടത്തെ പടിയിറക്കിയത് ഇടതു-ജിഹാദി കൂട്ടുകെട്ട്’ എന്ന് ‘ജന്മഭൂമി’! ‘‘ആരോഗ്യകരവും സൗകര്യവും ലാഭകരവുമായതുകൊണ്ടാണ് സ്കൂള്‍കലോത്സവത്തില്‍ സസ്യഭക്ഷണം വിളമ്പുന്നത്’’ എന്നും ആ മുഖപ്രസംഗം പറയുന്നു. മുമ്പ് എസ്കിമോകള്‍ എന്ന് തെറ്റായി വിളിക്കപ്പെട്ടിരുന്ന ‘ഇനൂയിറ്റ’ ജനവിഭാഗം, മാംസഭക്ഷണം മാത്രം കഴിക്കുന്നവരും, ഏറ്റവും കൂടുതല്‍ ആരോഗ്യമുള്ളവരും എന്നറിയപ്പെട്ടു. ഇതിന് ‘ഇനൂയിറ്റ പാരഡോക്സ്’ എന്ന് പേരിട്ടവര്‍, ഇപ്പോഴും ആ പഴയ പ്രത്യയശാസ്ത്രങ്ങളില്‍ പറ്റിനില്ക്കുന്നവരാണ്. മാംസഭക്ഷണം ആരോഗ്യത്തിന് ഹാനികരമാണ്. ‘ഇനൂയിറ്റര്’, മാംസം മാത്രം ഭക്ഷിക്കുന്നവരാണ്. എന്നിട്ടുമവര്‍, അമ്പോ, പൂര്‍ണ ആരോഗ്യവാന്മാരാണ് എന്ന മട്ടിലുള്ള ആ അതിശയപ്പെടലുണ്ടോ, അതൊക്കെ ‘അഴുക്കുചാലുകള്‍ക്ക്’ വിട്ടുകൊടുക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു.
പിന്നെ നിങ്ങള്‍ പറയുന്ന ‘സൗകര്യം!’ കേട്ടാല്‍ തോന്നും സർവസ്ഥലത്തും സൗകര്യം പരിഗണിച്ച് മാത്രമാണ് ഊട്ടുപുരകള്‍ കെട്ടിയുണ്ടാക്കുന്നതെന്ന്! ആരുടെ സൗകര്യം? സസ്യേതര ആഹാരവും താന്‍ വെച്ചുണ്ടാക്കിയതിനെപ്പറ്റി പഴയിടം മോഹനന് നമ്പൂതിരി സാക്ഷ്യപ്പെടുത്തിയെങ്കിലും നമ്മള് മറക്കരുത്. അടുത്തപ്രാവശ്യം കലോത്സവത്തിന് മാംസ-മത്സ്യ-സസ്യ ബിരിയാണികള്‍ നല്കാനായാല് അതാവും കൂടുതല്‍ സൗകര്യവും അതിലേറെ ആ നിറപ്പകിട്ടുള്ള നാനാത്വത്തെ ആഘോഷിക്കുന്ന സ്വാതന്ത്ര്യവും! ഇതൊന്നും ഇഷ്ടമില്ലാത്തവര്‍ക്ക്, അവര്‍ക്ക് ഇഷ്ടമുള്ളത് നല്കാന് ശ്രദ്ധിക്കുകയും വേണം. ഇതൊരു ഭക്ഷണപ്രശ്നം മാത്രമല്ല, ഒരുതവണ സ്വന്തം ഭക്ഷണത്തില്‍ കൈവെക്കാന്‍ സമ്മതിച്ചാല്‍, പിന്നെയവര്‍ മറ്റ് പലയിടത്തും കാല്‍വെക്കും.
‘‘മാംസഭക്ഷണം കഴിച്ച പലര്‍ക്കും ഭക്ഷ്യവിഷബാധയേല്‍ക്കുകയും ചിലര്‍ മരിക്കുകയുമൊക്കെ ചെയ്യുന്നതില്‍ ജനങ്ങള്‍ ആശങ്കപ്പെട്ടിരിക്കുമ്പോഴാണ് ഇതൊക്കെ കലോത്സവത്തിലും ആവര്ത്തിക്കാനിടയാക്കുന്ന ഒരു ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുന്നത്’’ (ജന്മഭൂമി). ഭക്ഷ്യവിഷബാധ ഒരു പൊതുപ്രശ്നമെന്ന നിലയില്‍ പരിഹരിക്കപ്പെടേണ്ടതാണ്. എന്നാല്‍, സംഘ്പരിവാര്‍ മാംസഭക്ഷണത്തില്‍ ‘സ്പെഷല്‍ വിഷബാധ’ കാണുന്നതിന്റെ ഗുട്ടന്‍സ് മനസ്സിലാവുന്നില്ല. ബാക്ടീരിയകളുടെ പ്രവര്‍ത്തനങ്ങള്‍ പ്രീണനങ്ങള്‍ക്കും വിവേചനങ്ങള്ക്കുമപ്പുറമുള്ളൊരു കാര്യമായതിനാല്‍, ഏതെങ്കിലുമൊരു ഭക്ഷണ ‘ഐറ്റ’ത്തെക്കുറിച്ചു മാത്രം വല്ലാതെ ബേജാറാവേണ്ട കാര്യമില്ല. എന്നാല്‍, കലോത്സവ സംവാദത്തെ വിവാദമാക്കിമാറ്റുന്ന, സവർണസ്വത്വമേല്ക്കോയ്മാ വാദികളെയും സംഘ്പരിവാര്‍ പ്രതിഭകളെയും വല്ലാതെ അസ്വസ്ഥമാക്കുന്നത്, ‘കേരളത്തനിമ’ പൊളിഞ്ഞുപോകുമല്ലോ എന്ന ഉത്കണ്ഠയാണ്. അതോടൊപ്പം കലോത്സവ വിവാദത്തിന്റെ വേര് കിടക്കുന്ന സ്ഥലം തങ്ങള്‍ കൃത്യം കണ്ടെത്തിക്കഴിഞ്ഞതിലുള്ള ആഹ്ലാദവും!
‘‘ജിഹാദികളുടെ പണംപറ്റി അവര്‍ക്ക് വിടുപണി ചെയ്യുന്നവരാണ് ഈ വിവാദത്തിന് തിരികൊളുത്തിയതെങ്കിലും അതിന്റെ വേര് കിടക്കുന്നത് മറ്റൊരിടത്താണ്. ‘‘കാളനാവാമെങ്കില്‍ കാളയുമാവാം’’ എന്നു കുറച്ചുകാലംമുമ്പ് ഒരു മൗദൂദി മാര്‍ക്സിസ്റ്റ് പറയുകയുണ്ടായല്ലോ. അതാണ് യുവജനോത്സവത്തിന്റെ പാചകപ്പുരയില്‍ വേവിച്ചെടുത്തത്.’’ ജന്മഭൂമിയുടെ നിലപാടനുസരിച്ച്, സാംസ്കാരിക വിമര്‍ശകനായ ഡോ. അരുണ്‍കുമാര്‍ അടക്കമുള്ളവര്‍, ജിഹാദികളുടെ പണംപറ്റി വിവാദങ്ങള്‍ക്ക് തിരികൊളുത്തുന്ന ‘പാവം’ ആചാരപ്രിയരാണ്! എന്നാല്‍, ഇത്തരം ഭീകരകൃത്യങ്ങള്ക്കൊക്കെ പ്രചോദനം നല്‍കുന്നത് ഒരു മൗദൂദി മാര്‍ക്സിസ്റ്റാണ്. അയാളുടെ ‘‘കാളനാവാമെങ്കില്‍ കാളയുമാവാ’’മെന്ന സർവസമാധാനവും തകര്‍ക്കുന്ന വിധ്വംസക വാക്യത്തിലാണ്, കലോത്സവവേദിയില്‍ ‘പുക പടര്‍ത്തിയ’ ആശയവിവാദത്തിന്റെ വേര് ആഴ്ന്നുകിടക്കുന്നത്! സംഘ്പരിവാര്‍ അവിടെയും നില്ക്കുന്നില്ല. ‘‘ഇപ്പോള്‍ സസ്യഭക്ഷണത്തിനെതിരെ തിരിഞ്ഞിരിക്കുന്നവര്‍, നാളെ കേരളത്തനിമകളായി നാം അഭിമാനത്തോടെ കൊണ്ടുനടക്കുന്ന പലതിനെതിരെയും ‘ഫത്വ’ പുറപ്പെടുവിക്കും. സാംസ്കാരിക സവിശേഷതകളും ബഹുസ്വരതയുമില്ലാതാവുന്ന ഒരു കെട്ടകാലത്തേക്ക് നമ്മുടെ നാടിനെ നയിക്കാതിരിക്കാനുള്ള വിവേകം ഭരണാധികാരികള്‍ക്ക് ഉണ്ടാവണം’’ (ജന്മഭൂമി). സംഘ്പരിവാര്‍ കേരളത്തനിമകളായി അഭിമാനത്തോടെ കൊണ്ടുനടക്കുന്ന പലതും സത്യത്തില്‍ ‘ഫ്യൂഡല്‍ പഴമ’കളാണ്. മറ്റുള്ളവര്‍ക്ക് അതില്‍ അഭിമാനിക്കാനായി ഒന്നുമില്ല. സസ്യഭക്ഷണത്തിനെതിരെ ഇവിടെ ആരും തിരിഞ്ഞിട്ടില്ല. ഇറച്ചിക്കറിയും മീന്‍കറിയും ഉണ്ടാക്കണമെങ്കില്കൂടി, ഉള്ളിയും തക്കാളിയും മറ്റും വേണമെന്ന് ആര്‍ക്കാണറിയാത്തത്. കപ്പയും മത്തിയും, ബീഫും പൊറോട്ടയും നല്ല കോമ്പിനേഷനാണെന്ന് പറയുമ്പോള്‍പോലും, സസ്യ-സസ്യേതര സൗഹൃദമാണ്, അല്ലാതെ സംഘ്പരിവാര്‍ പ്രതിഭകള്‍ പറയുന്ന ‘എതിരിടലല്ല’ ദൃശ്യമാകുന്നത്!
‘കാള കാളന്’ പ്രശ്നത്തിന്റെ വിവിധ വശങ്ങളെപ്പറ്റി, ‘ചെമ്മീനിലെ സംഘര്‍ഷങ്ങള്‍’, ‘ഭക്ഷണത്തിന്റെ രാഷ്ട്രീയം’ തുടങ്ങിയ എന്റെ പുസ്തകത്തില്‍ വിശദമായി വ്യക്തമാക്കിയിട്ടുണ്ട്. സംഘ്പരിവാര്‍, ‘കലോത്സവ സംവാദത്തെ’ വിവാദമാക്കാന്‍ വീണ്ടും ആ ‘കാള കാളന്’ പ്രയോഗത്തെ എടുത്തിട്ടതിനാല്‍, അതേക്കുറിച്ച്, മുമ്പെഴുതിയതില്നിന്ന് ചില ഭാഗങ്ങള്‍, ആവര്‍ത്തിക്കേണ്ടത് അനിവാര്യമായിത്തീര്‍ന്നിരിക്കുന്നു.
‘‘കഴിഞ്ഞ ദിവസം ഞാന്‍ നടത്തിയ പ്രഭാഷണത്തെക്കുറിച്ച് അജി ഞങ്ങളുടെ സുഹൃത്തായ മധുവിനോട് പറഞ്ഞു: ‘‘അനിലിന് ഈ ജന്മം രാഷ്ട്രീയമായി പ്രചോദിപ്പിക്കാന്‍ കഴിയുന്ന ഒരു വാക്യംപോലും ഉച്ചരിക്കാന്‍ കഴിയില്ല. കെ.ഇ.എന്‍ പറഞ്ഞതുപോലെ ‘‘കാളനാവാമെങ്കില്‍ കാളയുമാകാം’’ എന്ന ഒരു വാക്യം അവനില്‍നിന്ന് പ്രതീക്ഷിക്കാനാവില്ല.’’
അജി എനിക്കെതിരെ ഉന്നയിച്ച വിമര്‍ശനത്തെ ഞാന്‍ പൂര്‍ണമായും സ്വീകരിക്കുന്നു. അനുഭവവും അറിവും തമ്മിലുള്ള മൗലികമായ ബന്ധത്തിലേക്കാണ് എന്റെ കളിക്കൂട്ടുകാരന് വിരല്‍ചൂണ്ടിയത്. ഞാനെക്കാലത്തും അവന്റെ പിറകിലാണ് സഞ്ചരിച്ചിട്ടുള്ളത്. ആയതിനാല്‍ അവനുന്നയിച്ച വിമര്‍ശനത്തെക്കുറിച്ച് ഞാന്‍ ഇനിയും ആലോചിച്ചുകൊണ്ടിരിക്കും. പക്ഷേ, ഈ പുസ്തകത്തിലെ രചനകള്‍ നിർവഹിച്ച വിദ്യാർഥികള്‍ അജി പറഞ്ഞതുപോലെ കീഴാളമായ ജീവിതാനുഭവങ്ങളുടെ നേരവകാശികളാണ്. അവര്‍ക്കൊപ്പം നില്ക്കാന് മാത്രമേ ഇപ്പോള്‍ എനിക്ക് കഴിയൂ.’’
‘ശരീരം ജാതി അധികാരം അസ്പൃശ്യതയുടെ പ്രാതിഭാസികത’ എന്ന ശ്രദ്ധേയമായ പഠനസമാഹാരത്തിന്റെ ആമുഖത്തിലാണ്, പ്രസ്തുത പുസ്തകത്തിന്റെ എഡിറ്ററും യുവപണ്ഡിതനും സാംസ്കാരിക വിമര്‍ശകനുമായ ഡോ. കെ.എം. അനില്‍, ഇത്തരമൊരു സ്വയംവിമര്‍ശനം നിർവഹിച്ചിരിക്കുന്നതെന്നുള്ളത് ശ്രദ്ധേയമാണ്. സവര്‍ണ അബോധത്തെ അസ്വസ്ഥമാക്കുന്നൊരു പ്രയോഗമായി തുടര്‍ന്നും, ‘‘കാളനാവാമെങ്കില്‍ കാളയുമാവാം’’ എന്ന, ബഹുസ്വര പരികൽപന പ്രവര്‍ത്തിക്കും എന്നുതന്നെയാണ്, സംഘ്പരിവാര്‍ തുടക്കമിട്ട ‘വിവാദങ്ങളും’ വ്യക്തമാക്കുന്നത്. പ്രസ്തുത പരാമര്‍ശം സ്പര്‍ശിക്കുന്ന ബഹുസ്വര ‘ഭക്ഷണവൈവിധ്യങ്ങളുടെ’ മർമം നിലകൊള്ളുന്നത് ജാതിമേല്‍ക്കോയ്മ അടിച്ചേൽപിക്കാന് ശ്രമിക്കുന്ന ‘മർദക ഏകമാതൃക’യെന്ന മഞ്ഞുമലയുടെ മുകൾഭാഗത്താണ്.
ഭക്ഷണത്തിലെ ജനാധിപത്യത്തെക്കുറിച്ച് പറയവെ, ‘‘കാളനാവാമെങ്കില്‍ കാളയുമാവാം’’ എന്നൊരു ചെറിയ വാക്യം, കൊല്ലങ്ങള്‍ക്കുമുമ്പ് ഞാനെഴുതിയത്, ‘മതേതര ജനാധിപത്യ’ കേരളത്തിലുണ്ടാക്കിയ കോളിളക്കം സർവ പ്രതീക്ഷകളെയും പൊളിക്കുംവിധം പേടിപ്പിക്കുന്നതായിരുന്നു! ഒരു സങ്കുചിത സമൂഹത്തിലായിരുന്നു ആ വിധം സംഭവിച്ചിരുന്നതെങ്കില്‍, ‘ഓ അത്രേയുള്ളൂ’ എന്നുകരുതി ആശ്വസിക്കാമായിരുന്നു. ഒരർഥത്തില്‍ പുറത്ത് പരിഷ്കൃതരും അകത്ത് അത്ര പരിഷ്കൃതരും അല്ലാതിരിക്കുന്ന പലരുടെയും ‘ഉള്ളിലിരിപ്പ്’ പുറത്തുകൊണ്ടുവരാന്‍ അന്ന് ആ വാക്യം സഹായിച്ചുവെന്ന്; ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍, മുമ്പത്തേക്കാള്‍ നന്നായി തിരിച്ചറിയാന്‍ കഴിയുന്നു. ‘‘ഓന് ഓന് വേണ്ടത് തിന്നോട്ടെ’’ എന്നാണ് ഇന്ത്യന്‍ ഭരണഘടനയിലെ വകുപ്പുകളെക്കുറിച്ചൊന്നുമറിയാത്ത, ഞങ്ങളുടെ നാട്ടിലെ മനുഷ്യര്‍ നാളിതുവരെയും പറഞ്ഞുകൊണ്ടിരുന്നത്! അവരില്‍ പലര്‍ക്കും ‘വിവരം’ കുറവായിരുന്നെങ്കിലും വിനയമുണ്ടായിരുന്നു. ആരുടെയും അടുക്കള ‘അടര്‍ക്കള’മാവരുതെന്ന കരുതലുണ്ടായിരുന്നു. ഏത് വിരുന്നിലും ഭക്ഷണം വിളമ്പുന്നതിനുമുമ്പ് ഓരോരുത്തരോടും ‘ഇതൊഴിക്കട്ടെ’ എന്ന്, ഏത് തിരക്കിലും വിളമ്പുകാരൊക്കെയും അന്ന് ചോദിച്ചിരുന്നു! പച്ചക്കറിക്കാരുടെ ചോറിലേക്ക് മീന്‍കറി ഒഴിക്കാന്മാത്രം അല്പരായിരുന്നില്ല ആരും!
‘കാളനൊപ്പം കാള’ എന്നെഴുതിയാല്‍ കേരളത്തിലും അതൊരു കുറ്റകൃത്യമാവും! ‘കാളന്’ എന്ന വിശുദ്ധനൊപ്പം ‘കാള’ എന്ന അശുദ്ധനെ ഒരു വാക്യത്തില്‍ ചേര്‍ത്ത് നിര്‍ത്തുന്നതുപോലും പലര്‍ക്കും സഹിക്കുന്നില്ല. ഭക്ഷണത്തിലും ജനാധിപത്യം പുലരണം, അങ്ങനെയൊരാവശ്യം എങ്ങനെ ഇത്രമേല്‍ പ്രകോപനം സൃഷ്ടിച്ചു? സസ്യഭോജനത്തിന്റെ സൗമ്യതക്കിടയില് ഇങ്ങനെ സ്ഫോടനമുണ്ടാക്കാന്‍ മാത്രം എന്താണിവിടെ സംഭവിച്ചത്? മുമ്പൊരു ബി.ജെ.പി ഫിഷറീസ് മന്ത്രി ചെമ്മീനെ സസ്യാഹാരമാക്കി അത്ഭുതം സൃഷ്ടിച്ചത് മധ്യപ്രദേശത്തായിരുന്നു. എന്നാല്‍ ‘കാളക്കൊപ്പം കാളനുമാവാം’ എന്ന ഭക്ഷണ കൂട്ടായ്മക്കെതിരെ, വലിയൊരു ലഹള നടന്നത് നമ്മുടെ കേരളത്തിലായിരുന്നു!
ചെമ്മീന്‍ മുട്ടപോലെ ‘സസ്യാഹാര’മാണെന്നാണ് കാശ്യപിന്റെ കണ്ടെത്തല്‍. രണ്ടിലും പ്രോട്ടീനുണ്ട്. രണ്ടിനും തോടുണ്ട്. നന്നായി തിളപ്പിച്ചാല്‍ രണ്ടിന്റെയും തോട് പൊട്ടും. അതിനാല്‍ രണ്ടും സസ്യം! ലോകത്തെ മുഴുവന്‍ ഒരു പച്ചക്കറിഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യാന്‍ കാശ്യപിനെ ആരാണ് ചുമതലപ്പെടുത്തിയത്? സസ്യാഹാരത്തിന്റെ പട്ടികയിലേക്ക് ചെമ്മീനിനെ തിരുകിക്കയറ്റാന്‍ ബഹുമാനപ്പെട്ട മധ്യപ്രദേശ് ഫിഷറീസ് മന്ത്രി കാശ്യപിനെ പ്രേരിപ്പിച്ച പ്രത്യയശാസ്ത്രമെന്ത്?
‘മനുഷ്യചരിത്രത്തിനൊരാമുഖം’ എന്ന പ്രശസ്തമായ ‘മുഖദ്ദിമ’ എന്ന ഇബ്നുഖല്‍ദൂന്റെ കൃതിയില്‍, മനുഷ്യന്റെ ശരീരത്തിലും സ്വഭാവത്തിലും ഭക്ഷണമുണ്ടാക്കുന്ന സ്വാധീനഫലങ്ങളെക്കുറിച്ച് വിവരിക്കുന്ന സന്ദര്‍ഭത്തില്‍, ഓരോരുത്തരുടെയും ജീവിതസാചര്യവും അതില്‍നിന്ന് രൂപംകൊള്ളുന്ന ‘ശീലങ്ങളു’മാണ് ഭക്ഷണ സ്വീകരണ തിരസ്കരണങ്ങള്‍ക്ക് കാരണമാവുന്നതെന്ന് കൃത്യമായ് ചൂണ്ടിക്കാണിക്കുന്നുണ്ട്.
അദ്ദേഹം എഴുതി: ‘‘ഒരാള്‍ ഒരു ഭക്ഷണം പതിവാക്കുകയും അത് കഴിക്കുന്നത് അയാള്‍ക്ക് അനുയോജ്യമായി വരുകയും ചെയ്താല്‍ അയാള്‍ക്ക് അത് പരിചിതമാകുന്നു. അതില്‍നിന്ന് അയാള്‍ വിട്ടുപോകുകയോ അത് മാറ്റുകയോ ചെയ്യുന്നത് അയാള്‍ക്ക് അസഹ്യമാണ്. ഭക്ഷണത്തിന്റെ യഥാർഥ ഉദ്ദേശ്യം നിർവഹിക്കാത്ത, വിഷം, രൂക്ഷലവണങ്ങള് എന്നിവ പോലെയുള്ള വസ്തുക്കള്‍ അല്ല അവയെങ്കില്‍, ഭക്ഷണമായി ആഹരിക്കപ്പെടാവുന്നതോ അനുയോജ്യതയുള്ളതോ ആയ എന്തും പതിവ് ഉപയോഗംകൊണ്ട് മുഖ്യഭക്ഷണമായിത്തീരാം. ഗോതമ്പിനു പകരം പാലും പച്ചക്കറിയും തന്റെ ശീലമായിത്തീരുന്നതുവരെ ഉപയോഗിച്ചു തുടങ്ങുന്നയാള്‍ക്ക്, അത് മുഖ്യഭക്ഷണമായിത്തീരുക മാത്രമല്ല, ഗോതമ്പും, ധാന്യവും അയാള്‍ക്ക് ആവശ്യമില്ലാതെ വരുകയും ചെയ്യും, സംശയമില്ല!’’
സന്ദര്‍ഭങ്ങളെയും ഭൂപ്രകൃതിയിലും കാലാവസ്ഥയിലുമുള്ള വ്യത്യസ്തതകളെയും, വളര്‍ത്തല്‍ സാഹചര്യങ്ങളെയും അഭിരുചികളെയും വൈവിധ്യമാര്‍ന്ന വിശ്വാസങ്ങളെയും പരിഗണിക്കാതെ, വ്യത്യസ്ത തരത്തിലുള്ള ഭക്ഷണത്തെ ‘സത്വ രജോ തമോ ഗുണ’ത്തില്‍ മാത്രമാക്കി കുറ്റിയടിച്ചുകെട്ടുന്നത് അത്ര നല്ല സമീപനമല്ല.
പഴയിടം പടിയിറങ്ങുമ്പോള്‍ പൊളിഞ്ഞത് നമ്മുടെ സംസ്കാരത്തിന്റെ ഈടുവെപ്പുകളാണെന്ന മട്ടിലുള്ള മെലോഡ്രമാറ്റിക് വിലാപങ്ങളാണ് മാധ്യമങ്ങളില്‍ നിറഞ്ഞത്. ആ പടിയിറക്ക കാലൊച്ചകളില് കേരളത്തെ കാത്തിരിക്കുന്ന ഏതോ വലിയൊരു വിപത്തിന്റെ മണിമുഴക്കമാണ് അൽപം ചിലർ കേട്ടത്. പഴയിടം മോഹനന് നമ്പൂതിരിയില്‍ കുമ്മനം കണ്ടത്, കേരള താലിബാനിസത്തിന്റെ ഒരിരയേയാണ്. ‘ഉണ്ട ചോറിന് നന്ദിയുണ്ടെങ്കില്‍’ പഴയിടത്തെ തീരുമാനത്തില്‍നിന്നും പിന്തിരിപ്പിക്കാന് സര്‍ക്കാര്‍ മുൻകൈയെടുക്കണമെന്നും അദ്ദേഹം രോഷപ്പെട്ടു! ‘‘പൂണൂലിട്ട ഒരു ഭാരതീയനും അപമാനിക്കപ്പെടരുത്. അൽപസ്വൽപം മാംസഭുക്കായ ഞാന്‍ ഇന്നുമുതല്‍ സമ്പൂര്‍ണ സസ്യാഹാരി’’യെന്ന് രാമസിംഹന് അബൂബക്കര്‍,പഴയിടത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. സത്യം പറഞ്ഞാൽ പഴയിടം ആരോടും, മാംസഭക്ഷണം ഉപേക്ഷിക്കാന്‍ ആഹ്വാനം ചെയ്തിരുന്നില്ല. ‘‘ഒരു വെജിറ്റേറിയന്‍ ബ്രാന്‍ഡായി നിലനില്‍ക്കണമെന്നാണ് തന്റെ ആഗ്രഹം.’’ കലാമേളയില്‍ ‘നോണ്‍വെജ്’ വിളമ്പിയാല്‍, തന്റെ ‘വെജ്ബ്രാന്ഡി’ന് പ്രശ്നമാവും എന്നുമാത്രമാണ് അദ്ദേഹം റിപ്പോര്‍ട്ടര്‍ ടി.വി അഭിമുഖത്തില്‍ പറഞ്ഞത്. ആരുടെയും ഭക്ഷണസ്വാതന്ത്ര്യത്തെ ചോദ്യംചെയ്യാതെ, സ്വന്തം ‘ബ്രാന്‍ഡ്’ താല്പര്യമാണ്, അദ്ദേഹം തുറന്നുപറഞ്ഞത്. അതദ്ദേഹത്തിന്റെ അവകാശമാണ്. ആ അവകാശമടക്കം മറ്റവകാശങ്ങളും ഉള്‍ക്കൊള്ളുന്നതാണ് പൊതു വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയുടെ പ്രഖ്യാപനം. ‘‘കലയിലും സംസ്കാരത്തിലും വൈവിധ്യങ്ങളും വൈജാത്യങ്ങളുമുള്ള നാടാണ് നമ്മുടേത്. ആ വൈവിധ്യങ്ങളും വൈജാത്യങ്ങളും സംരക്ഷിച്ചുതന്നെ നാം മുന്നോട്ടു പോകണം. കലോത്സവമാന്വല്‍ പരിഷ്കരണം കാലത്തിന്റെ ആവശ്യമാണ്.’’ ഇതോടെ കലോത്സവ വേദിയിലുണ്ടായ സംവാദത്തിന്റെ ഒരു ഘട്ടം പൂര്‍ത്തിയായി. അടുത്തത് നമ്മളെത്രത്തോളം, ജാതിരഹിതവും മതനിരപേക്ഷവുമായ ആധുനിക ജീവിതം സ്വാംശീകരിച്ചിട്ടുണ്ടെന്ന മൗലികമായ അന്വേഷണമാണ്. അതാവശ്യപ്പെടുന്നത്, വിമര്‍ശന-സ്വയംവിമര്‍ശനങ്ങളിലൂടെ നിർവഹിക്കേണ്ട ക്ലേശകരവും ദീര്‍ഘവുമായ ഒരു സ്വയം നവീകരണ യാത്രയാണ്.
‘‘അക്കിത്തിരി അടിതിരി ചോമാതിരി ഭട്ടതിരി നമ്പൂതിരി അങ്ങേയറ്റം സാമൂതിരി തുടങ്ങിയ എല്ലാ ജാതിത്തിരികളും പടുതിരി കത്തിത്തുടങ്ങിയിരിക്കുന്ന സന്ദര്‍ഭത്തില്‍ നാം ഇങ്ങനെ അടങ്ങിയിരുന്നാല്‍ മതിയോ? എന്റെ ഭാവനയില്‍ വിദൂരമല്ലാത്ത ഒരു ഐക്യ കേരളം ഞാന്‍ കാണുന്നുണ്ട്’’ (വി.ടി. ഭട്ടതിരിപ്പാട്). പതിറ്റാണ്ടുകൾക്കുമുമ്പ് നവോത്ഥാന പ്രക്ഷോഭകരില്‍ ഒരാളായ വി.ടിക്ക് സ്വന്തം സ്വപ്നം സത്യമാവുന്ന ഒരു കാലത്തെ മുന്‍കൂട്ടി കാണാന്‍ കഴിഞ്ഞു. എന്നാല്‍ നമ്മളില്‍ ചിലര്‍ ഇപ്പോഴും അത്തരമൊരു സ്വപ്നത്തിന് പോലും സ്വാഗതമാശംസിക്കാന്‍ കഴിയാത്തവിധമുള്ള നിസ്സഹായാവസ്ഥയിലാണ്. സ്വയം ‘ജീർണിച്ചുപോവാനുള്ള’ ന്യായം നിർമിക്കുന്നതിലാണ് പലരുമിപ്പോഴും ജ്വലിക്കുന്നത്. സി.എസ്. രാജേഷിന്റെ ‘ജ്ഞാനപ്പഴവും’ എം.എസ്. ബനേഷിന്റെ ‘പുലയനച്ചാറും’ മോഹനകൃഷ്ണന് കാലടിയുടെ ‘രാമനും റഹ്മാനും’ തുടങ്ങി ബഹുസ്വരത ആഘോഷിക്കുന്ന ജാതിവിരുദ്ധ കവിതകളും സമാനമായ സാഹിത്യ-കലാസൃഷ്ടികളും ആത്മാർഥമായി ഉള്ക്കൊള്ളുന്നവര്പോലും ജാതിമേല്‍ക്കോയ്മ കാഴ്ചപ്പാടുകളുടെ നടുത്തളങ്ങളിലേക്ക് എറിയപ്പെടുമ്പോള്‍, അവശരായി അതിനകത്തുനിന്ന് ഒന്ന് കുതറാന്പോലുമാവാതെ കുടുങ്ങിക്കിടക്കുന്നതാണ് നാമിപ്പോള്‍ കാണുന്നത്. വേട്ടയാടപ്പെടുന്നവര്‍ക്കൊപ്പം നില്ക്കുന്നതിനേക്കാള് പച്ചക്കറി കത്തികള്‍ക്ക് മൂര്‍ച്ചകൂട്ടാൻ ആഹ്വാനംചെയ്ത ആ പ്രജ്ഞ സിങ് താകുറിനും പച്ചക്കറിമാത്രം തിന്നുന്ന അത്ഭുതമുതലക്കുമൊപ്പം ശേഷിക്കുന്ന ജീവിതം ആഹ്ലാദത്തോടെ കഴിച്ചുകൂട്ടാനാണ് പലര്‍ക്കും മോഹം!
‘‘ഭക്ഷണം നന്നായി’’ എന്നൊരാള്‍ പറയുന്നതിന്, അതയാളുടെ രുചിബോധവുമായി, പൊരുത്തപ്പെട്ടു എന്നതിനപ്പുറം ഒരർഥവുമില്ല. ‘‘കണ്ണിമാങ്ങ, കരിങ്കാളന്‍, കനലില്‍ചുട്ട പപ്പടം, കാച്ചിയ മോരുമുണ്ടെങ്കില്‍ കാണാം ഊണിന്റെ വൈഭവം’’ എന്ന പഴയ ചൊല്ല്, മേല്പറഞ്ഞ വിഭവങ്ങളില്‍ സംതൃപ്തരാവുന്നവരെ സംബന്ധിച്ചിടത്തോളം പൂര്‍ണമായും പ്രസക്തമാണ്. അല്ലാത്തവരെ സംബന്ധിച്ചിടത്തോളവും ഇതുതന്നെയാണ് ഏറ്റവും രുചികരമായ ഭക്ഷണം എന്നൊരാള്‍ വാദിച്ചാല്‍ അതപഹാസ്യമാവും. നിര്‍ബന്ധമായും നിങ്ങളും ഇതുമാത്രം കഴിച്ചാല്‍ മതിയെന്ന് ഒരാള്‍ കല്പിച്ചാലോ? അത് ഒന്നാം നമ്പര്‍ തോന്ന്യാസവുമാവും!
‘‘നായര്‍ക്ക് ഇഞ്ചിപക്ഷം, അച്ചിക്ക് കൊഞ്ച്പക്ഷം’’ എന്ന ചൊല്ലാണ്, ആദ്യം പറഞ്ഞ ആ ‘കണ്ണിമാങ്ങ’ ചൊല്ലിനേക്കാള്‍ ഒരല്പം സാംസ്കാരികാർഥത്തില് മുന്നിട്ടുനില്‍ക്കുന്നത്! ഭക്ഷണത്തിലെ വ്യത്യസ്തതകളെ അംഗീകരിച്ചാദരിക്കുന്നത് ആ ചൊല്ലാണ്. ചായ വേണ്ടവര്‍ക്ക് ചായ, കാപ്പി വേണ്ടവര്‍ക്ക് കാപ്പി, ഒന്നും വേണ്ടെങ്കില്‍ ഒന്നും വേണ്ട, എന്നതിലൊതുങ്ങും ‘ഭക്ഷണത്തിലെ ജനാധിപത്യം!’
‘സദ്യ’ എന്നുള്ളത് മലയാളത്തില്‍ ഇന്നും ഫ്രൂട്ടേറിയന്‍-വെജിറ്റേറിയന്‍ തീറ്റ ആഘോഷം മാത്രമാണ്! വല്യപ്പടം ചെറ്യപ്പടം തുടങ്ങി നിരവധി തൊട്ടുകൂട്ടാന്വരെ വര്‍ണശബളമായി വിസ്തൃത വാഴയിലയില്‍, യൂനിഫോമിട്ട സ്കൂള്‍കുട്ടികള്‍ അസംബ്ലിയില്‍ വരിനില്ക്കുന്നതുപോലെയുള്ള ‘സദ്യയിലെ’ ആ ‘ഇലനില്പ്’ ഒന്ന് കാണേണ്ടത് തന്നെയാണ്! സദ്യയില്‍ പപ്പടം സ്ഥാനംമാറി വെച്ചതിന്റെ പേരില്‍ ശരിക്കുമുള്ള അടിപോലും മുമ്പ് നടന്നതായി കേട്ടിട്ടുണ്ട്! ഒരു തീവ്രമാംസവാദി രോഷാകുലനായി ആ വിസ്തൃത സദ്യ ഇലയില്‍ നോക്കി എന്തൊരു ഫ്യൂഡല്‍ വേസ്റ്റ് എന്നുപറഞ്ഞ് എഴുന്നേറ്റ് പോവാതെ അവിടെയിരുന്ന് നന്നായിതന്നെ ഭക്ഷണം കഴിക്കുന്നത് ഞാനെന്റെ കണ്ണുകൊണ്ട് കണ്ടതാണ്!
ഇംഗ്ലീഷിലെ, ‘ഫീസ്റ്റ്’ രുചികരമായ ഭക്ഷണമാണ്. വ്യത്യസ്തതകളെ അതുള്‍ക്കൊള്ളുന്നു. എന്നാല്‍, നമ്മുടെ ‘സദ്യ’ ‘മികച്ചൊരു’ പച്ചക്കറി ചോറ് മാത്രമാണ്! മാംസം കഴിക്കുന്നവര്‍ നമുക്ക് പിശാചുക്കളും! പിശാചിന്, ശബ്ദതാരാവലിയില്‍ ഒരർഥമായി നല്‍കിയിരിക്കുന്നത്, ‘ഇവര്‍ മാംസഭുക്കുകളും, രാക്ഷസരിലും അധമരായ ദുരാത്മാക്കളുമാണ്’ എന്നത്രേ!
ഏഷ്യയിലെ ഏറ്റവും വലിയ യുവജന കലാമേളയായ യുവജനോത്സവത്തിന് ഭക്ഷണകാര്യത്തില്‍ വിസ്തൃത ഏഷ്യ പോയിട്ട് ഒരു ചെറിയ കോഴിക്കോടന്‍ കുറ്റിച്ചിറ പോലുമാവാന്‍ കഴിയാതെ പോയതോര്‍ത്ത് ഞങ്ങള്‍ ചിരിച്ചതിന് കണക്കില്ല! ‘കോഴിക്കോടന്‍ ഭക്ഷണരുചികളിലേക്ക് സ്വാഗതം’ എന്ന കലോത്സവ വേദിയിലെ പഴയബോര്‍ഡ് തീര്‍ച്ചയായും രുചികളിലെ ‘ബഹുസ്വരത’യെ സ്പര്ശിക്കുംവിധം ജനാധിപത്യബോധം പുലര്‍ത്തുകതന്നെ ചെയ്തു. പക്ഷേ, വിളമ്പിയത് സാമ്പാറും ചോറും ‘സദ്യ’യിലെ സ്ഥിരം ഐറ്റങ്ങളും മാത്രം! സര്, ഇതു മാത്രമാണോ കോഴിക്കോടന്‍ രുചി? പല പരീക്ഷണങ്ങള്‍ക്കും വേദിയാവാറുള്ള യുവജനോത്സവത്തില്‍ ഭക്ഷണകാര്യത്തില്മാത്രം ഒരു പരീക്ഷണവും ഇല്ല! ഒരുത്സവദിനത്തിലെങ്കിലും ഓരോരുത്തര്‍ക്കും അവരുടെ രുചിക്കനുസരിച്ച് ഭക്ഷണം കൊടുക്കാന്‍ സന്നദ്ധമാവാത്തവര്ക്ക് മറ്റെന്തുണ്ടെങ്കിലും ‘കലാബോധം’ കഷ്ടിയാണ്. പ്രശ്നമുന്നയിച്ച ഒരു സാംസ്കാരിക പ്രവര്‍ത്തകനോട് നോണ്‍വെജ് ഭക്ഷണം ‘മണക്കു’മെന്നാണത്രേ സംഘാടകരിലാരോ പ്രതികരിച്ചത്! ഹ ഹ ഹ!
ഒരേയൊരു കോഴിമുട്ടകൊണ്ട് മാത്രം നിരവധി പലഹാരങ്ങളുണ്ടാക്കുന്ന, ബീഫുകൊണ്ട് ഇന്ദ്രജാലംതന്നെ സൃഷ്ടിക്കുന്ന ആ കുറ്റിച്ചിറയിലേക്ക്, പേരുകേട്ട ആ കോഴിക്കോട്ടങ്ങാടിയില്‍നിന്ന് അധികം ദൂരമില്ലെന്നെങ്കിലും യുവജനോത്സവ ഭക്ഷണപ്രതിഭകള് ഓര്‍ക്കേണ്ടതുണ്ടായിരുന്നു.
തത്ത്വചിന്താപരമായി ‘ആന്ത്രപ്പോമോര്‍ഫിസം’ എന്ന ‘മനുഷ്യകേന്ദ്രിതവാദം’ ചോദ്യംചെയ്യപ്പെടേണ്ടതുണ്ട്. അതേസമയം അതൊരു ‘മനുഷ്യവിരുദ്ധ’വാദമായി ചുരുങ്ങാനും പാടില്ല. ചുഴിഞ്ഞാലോചിച്ചാല് ആരും കുഴങ്ങിപ്പോവും. ജീവിതത്തെക്കുറിച്ച് ആഴത്തില്‍ ആലോചിക്കാന്‍ ആരംഭിക്കുമ്പോള്‍ മനുഷ്യര്‍ രോഗികളാവുമെന്ന് സോറന് കീര്‍ക്കഗോര്‍ പറഞ്ഞത് ആ അർഥത്തില്‍ ശരിയാണ്! എന്നാലും ജീവിക്കാന്‍, ജീവന് നിലനിര്‍ത്താന്‍, സ്വന്തം അഭിരുചിക്കനുസരിച്ച്, ‘പൊതു സാമൂഹിക ധാര്‍മികത’ക്കും പ്രകൃതി പശ്ചാത്തലങ്ങള്‍ക്കും വിധേയമായും, നിലനില്‍ക്കുന്ന ഓരോരുത്തരുടെയും അഭിരുചികള്‍ ഒരു ജനാധിപത്യസമൂഹം ആദരിക്കേണ്ടതുണ്ട്. അറുക്കുമ്പോള്‍ ഒഴുകുന്ന കോഴിയുടെ ചോര, ഒരു ജീവിതത്തെ അവസാനിപ്പിക്കുമ്പോള്‍, വെട്ടുമ്പോള്‍ തെറിക്കുന്ന ‘വെണ്ടക്കവിത്തുകള്’ ഒരു വംശഹത്യതന്നെയാണ് നിർവഹിക്കുന്നത്! ഒഴിവാക്കാനാവാത്ത ‘അപരാധ’ങ്ങള് എന്നിവയെ മനുഷ്യപക്ഷത്തുനിന്നും, ക്രൂരമായ ‘അറുംകൊലകള്‍’ എന്ന് ജന്തു സസ്യപക്ഷത്തുനിന്നും നമുക്കിവയെ വ്യത്യസ്തമായി വായിക്കാന്‍ കഴിയും! പക്ഷേ ജന്തുക്കളുടെയും സസ്യങ്ങളുടെയും പേരില്‍, മനുഷ്യര്‍ തമ്മില്‍ സംഘര്ഷത്തിലേര്പ്പെടുന്നതിനെ, ഒരുവിധേനയും സ്വാഗതം ചെയ്യാനോ വ്യത്യസ്തമായി വായിക്കാനോ കഴിയില്ല.
കാട്ടില്‍ ജീവിച്ചകാലത്ത് നമ്മുടെ കാരണവന്മാര് മൃഗവേട്ട നിർവഹിച്ചിട്ടില്ലായിരുന്നെങ്കില് ഇന്ന്, ആഹാരസംവാദം നടത്താന്‍ പാകത്തില്‍ നമ്മളിവിടെ ബാക്കി കാണുമായിരുന്നില്ല. എന്നിട്ടും ചില ‘സസ്യസൗമ്യര്’ ചോദിക്കുന്നത്, ഇറച്ചിതിന്ന ക്രിസ്തുവിന് ആ മഗ്ദലനയിലെ മറിയയെ എങ്ങനെ സ്നേഹിക്കാന്‍ കഴിഞ്ഞുവെന്നാണ്. ‘‘നിങ്ങള്‍ എന്താഹരിക്കുന്നുവോ നിങ്ങള്‍ അതായിത്തീരും’’ എന്നാണ് ഗുരുജി ഗോള്‍വള്‍ക്കറും ‘വിചാരധാര’യില്‍ ഉറപ്പിച്ചുപറയുന്നത്. നാല്ക്കാലികളില് മേശയും ഇരുകാലികളില്‍ മനുഷ്യരെയും ഒഴിച്ച് ചൈനക്കാര്‍ എന്തും തിന്നുമെന്നതിനാല്‍, അവര്‍ കൊള്ളരുതാത്തവരും എന്നാല്‍ പശുവിനെയും ‘പന്നി’യെയും തിന്നുന്നവരെങ്കിലും ബ്രിട്ടീഷുകാര്‍ നാഗരിക ജനതയുമാണെന്നാണ്, ഗോള്‍വള്‍ക്കര്‍ കണ്ടുപിടിച്ചിരിക്കുന്നത്. അപ്പോള്‍ ‘ഭാരതമാതാവായ’ പശുവല്ല യഥാർഥ പ്രശ്നം. ആയിരുന്നെങ്കില്‍ ബ്രിട്ടീഷുകാര്‍ നാഗരികജനതയും, ചൈനക്കാര്മാത്രം മ്ലേച്ഛരുമാകുമായിരുന്നില്ല! അല്ലെങ്കിലും ഭാരതമാതാവായ ശുദ്ധപശുവിനെ ഇല്ലാതാക്കിയത് പശുതീറ്റക്കാരോ, കശാപ്പുകാരോ അല്ല, മറിച്ച് അറുപതുകളില്‍ നിലവില്‍വന്ന ‘ലൈവ്സ്റ്റോക് ഇംപ്രൂവ്മെന്റ് ആക്ടാണ്’.
യഥാർഥത്തിലുള്ള പശുപ്രശ്നത്തെ മരവിപ്പിക്കാന്‍ ‘പന്നിപ്രശ്നം’ കണ്ടുപിടിച്ചവരില്‍ ചില ‘ലിബറല്‍’ സെക്കുലര്‍ പ്രതിഭകളും പെടും! അസമമായ ഒരു സാമൂഹികക്രമത്തില്‍ ‘സമവാക്യ നിര്‍മാണം’ അവര്‍ക്കെന്തോ നിര്‍വൃതി നല്കുന്നുണ്ടാവണം. സവിശേഷ പ്രശ്നങ്ങളെ അവ്യക്തമാക്കുന്ന ‘സാമാന്യവത്കരണവും’ മുഖ്യപ്രശ്നങ്ങളെ മറച്ചുവെക്കുന്ന ‘സമവാക്യ’സൃഷ്ടികളും നവഫാഷിസ്റ്റുകള്ക്കൊഴിച്ച് മറ്റാര്‍ക്കും ഗുണം ചെയ്യില്ല.
ഗബ്രിയേല്‍ ഗാർസ്യ മാർകേസ് ‘സാമാന്യവത്കരണങ്ങള്ക്കെതിരെ’ നല്കിയ മുന്നറിയിപ്പുകള്‍ സത്യത്തില്‍ സമവാക്യവത്കരണത്തിന്റെ മാരക പ്രത്യാഘാതങ്ങളെയാണ് നന്നായി അടയാളപ്പെടുത്തുന്നത്. മൃഗങ്ങളെയും പറവകളെയും അമിതമായി ലാളിക്കുന്ന സ്വന്തം ഭാര്യയോടുള്ള അമര്‍ഷം പ്രകടിപ്പിക്കാന്‍ വേണ്ടിയാണ്, സംസാരിക്കാത്ത ഒരു ജന്തുവിനെയും ഈ വീട്ടില്‍ പ്രവേശിപ്പിക്കാന്‍ ഞാന്‍ അനുവദിക്കുകയില്ലെന്ന് മാർകേസിന്റെ ഡോ. ജുവിനോൽ ഉര്‍ബിനോ പറഞ്ഞത്.എന്നാല്‍, സംസാരിക്കുന്ന തത്തയെ പോറ്റുന്നതില്നിന്ന് ഭാര്യയെ തടയാന്‍ അയാള്‍ക്ക് കഴിഞ്ഞില്ല. അതിലേറെ നമ്മെ നടുക്കുന്നത് കൂട്ടില്‍നിന്ന് അബദ്ധത്തില്‍ പറന്നുപോയ ആ തത്തയെ പിടിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഡോക്ടര്‍ മരക്കൊമ്പ് പൊട്ടി മരിക്കുന്നതാണ്. ധൃതിപിടിച്ച് നിര്‍വഹിക്കുന്ന സാമാന്യവത്കരണങ്ങളെ കാത്തുനില്ക്കുന്ന ഗുരുതരമായ വീഴ്ചകള്‍ക്കെതിരെയുള്ള രാഷ്ട്രീയ മുന്നറിയിപ്പാണ് മാർകേസ് നാടകീയമാംവിധം അവതരിപ്പിച്ചതെന്ന് തോന്നുന്നു.
പശു പുല്ലു തിന്നുന്നത് നിര്‍ത്തി മനുഷ്യരെ തിന്നാന്‍ തുടങ്ങിയപ്പോൾ, ഇതിലൊന്നും പങ്കെടുക്കാതെ, ആ ചളിക്കുണ്ടില്‍ കഴിയുന്ന പാവം പന്നിയെ ഗ്രൗണ്ടില്‍ ഇറക്കി, ‘സമവാക്യമാച്ച്’ സംഘടിപ്പിക്കാനായിരുന്നു ചിലര്‍ക്ക് ഉത്സാഹം! ഇന്ത്യന്‍ ഭരണഘടനയുടെ മാര്‍ഗനിർദേശകതത്ത്വങ്ങളില്‍ പശുവിന് ഒരു തൊഴുത്ത് കെട്ടിക്കൊടുത്തതുപോലെ, പന്നിക്ക് കുത്തിമറിക്കാന്‍ ഒരു ചളിക്കുണ്ട് ആരും കുത്തിക്കൊടുത്തിട്ടില്ലെന്നുള്ളത് അവര്‍ ‘സമം’ ഒപ്പിക്കുവാനുള്ള തിരക്കില്‍ മറന്നു! തുമ്പയില്‍നിന്നും റോക്കറ്റ് വിക്ഷേപിക്കുംമുമ്പ്, പൊതുവേദികളില്‍ ഉദ്ഘാടനം നടക്കുംമുമ്പ്, കപ്പല്‍ കടലിലിറക്കും മുമ്പ്, യൂനിവേഴ്സിറ്റിക്ക് തറക്കല്ലിടുംമുമ്പ് ഒരു കീഴാള അനുഷ്ഠാനം നിര്‍വഹിക്കുന്നതിനെക്കുറിച്ച് നമുക്കൊന്ന് ഗൗരവപൂർവം ഇപ്പോൾപോലും ചിന്തിക്കാനാവാത്തത് എന്തുകൊണ്ടാണ്? സവര്ണപൂജകള് മാത്രമായാല്‍ ബാലന്‍സ് എങ്ങനെയൊക്കും?
അധികാരപ്രയോഗങ്ങളിലൊന്നും കീഴാളര്‍ക്ക് കാര്യമായി ഇടം നല്‍കാത്ത, കേവല ‘ബാലന്‍സ് ഒപ്പിക്കല്‍ സര്‍ക്കസ്’, സാംസ്കാരിക വിശകലനങ്ങളില്‍ എങ്ങനെയെങ്കിലും നിലനിര്‍ത്താനുള്ള ചിലരുടെ തത്രപ്പാട് സഹതാപമര്‍ഹിക്കുന്നു. ഹിന്ദു വിപരീതം മുസ്ലിം എന്നിങ്ങനെയുള്ള കൃത്രിമ വിപരീതമുണ്ടാക്കുന്ന ഇന്ത്യന്‍ ഫാഷിസത്തിന്റെ ശ്രമങ്ങളും, ഫാഷിസ്റ്റ് അതിക്രമങ്ങളെ അപലപിക്കേണ്ട സന്ദര്‍ഭങ്ങളില്‍, എല്ലാ അതിക്രമങ്ങളും ക്രമക്കേടുകളും ഫാഷിസംതന്നെയാണെന്ന് തീസിസുകള്‍ നിർമിക്കുന്നതും സവിശേഷ വിശകലനങ്ങളെ സാമാന്യപ്രസ്താവങ്ങള്കൊണ്ട് നിലംപരിശാക്കുന്നതും രാഷ്ട്രീയ ഭാഗധേയങ്ങളെ ചരിത്രപരമായി നിര്‍ണയിച്ചു പോരുന്ന പ്രത്യയശാസ്ത്ര മേല്‍ക്കോയ്മയെ, ഒരുവിധേനയും ആ രാഷ്ട്രത്തില്‍ മേല്ക്കോയ്മയായി മാറാന്‍ സാധ്യതയില്ലാത്ത ആശയസംഹിതകളെ മുന്നില്‍ നിര്‍ത്തി നിസ്സാരമാക്കുന്നതും ഫാഷിസത്തിന് പഥ്യമായിരിക്കും.
ഭക്ഷണവും വിശ്വാസവും പേരും ആകാരവും നിറവും സ്വമേധയാ സംഘര്‍ഷ സ്രോതസ്സാവുകയില്ല. എന്നാല്‍ എന്തിനെയും അതിന്റെ സമ്മതമില്ലാതെ സംഘര്ഷകേന്ദ്രിതമാക്കാന് ഫാഷിസ്റ്റാശയങ്ങളുടെ ഇടപെടല്‍കൊണ്ട് സാധ്യമാകും. പൂവിന്റെ മന്ദസ്മിതങ്ങളെപ്പോലുമത് പീരങ്കിചീറലാക്കും. നിറങ്ങളുടെ വൈവിധ്യ വിസ്മയങ്ങളെ പോലുമത് വേട്ടക്കുള്ള കൊലവിളിയാക്കും. അഭിരുചികള്ക്കുള്ളില്പോലും അത് ബോംബുകളൊളിപ്പിക്കും. സൗഹൃദങ്ങളില്പോലുമത്, അവിശ്വാസത്തിന്റെ കനലുകള്‍ കോരിയിടും. പ്രശംസിക്കപ്പെടുന്ന പാരമ്പര്യത്തെ പോലും ഫാഷിസം സ്വന്തം ഒളിപ്പുരയാക്കും.
നിറത്തിലും ആകൃതിയിലും അഭിരുചിയിലും നമ്മളൊന്നല്ലാതിരിക്കുമ്പോഴും, നമുക്കൊന്നാകാന് കഴിയുമെന്നാണ്; വ്യത്യസ്തതകളാവശ്യമാണെങ്കില്, അതൊരാവിഷ്കാരമാവുമെങ്കില്, നിലനിര്‍ത്തുകയും വളര്‍ത്തുകയും ചെയ്തുകൊണ്ടുതന്നെ, നമുക്കൊന്നാകാന് കഴിയുമെന്നാണ്, കലയും കവിതയും സാക്ഷ്യപ്പെടുത്തുന്നത്, ഒന്നാകാന്‍ വേണ്ടി നമുക്ക് ഒന്നുമല്ലാത്തവരായി മാറേണ്ടതില്ലെന്നാണ് അത് ഓർമിപ്പിക്കുന്നത്. ഒരാള്‍ മറ്റുള്ളവരോട് മാത്രമല്ല, തന്നോട് തന്നെയും നിരന്തരം സംവാദത്തിലാണെന്ന സത്യം തിരിച്ചറിയുന്നതോടെ സൗഹൃദങ്ങളൊക്കെയും അഗാധമാംവിധം സംവാദാത്മകമാവും. സംവാദാത്മകതയുടെയും ബഹുസ്വരതകളുടെയും ശ്മശാനമായി ജീവിതത്തെ മാറ്റാനാണ് ഫാഷിസം നിരന്തരം ശ്രമിക്കുന്നത്. മതമല്ല, ചോറാണ് പ്രശ്നം എന്നത് സാമാന്യമായി ശരിയായിരിക്കുമ്പോഴും, ഒരു മതം, ഒരു ജാതി, സവിശേഷ സാഹചര്യത്തില്‍ മർദിത മതമായോ, മർദിത ജാതിയായോ മാറുമ്പോള്‍, അതിന്റെ സ്വാതന്ത്ര്യം ചോറിനൊപ്പമോ, ചിലപ്പോള്‍ അതിനും മീതെയോ പ്രധാനപ്പെട്ടതാവും. അപ്പം സ്വാദ് മാത്രമല്ല സ്വാതന്ത്ര്യംകൂടിയാവുന്നതുപോലെ, അപ്പോള്‍ വിശ്വാസങ്ങളും അനുഷ്ഠാനങ്ങളും ഒരു ജനതയുടെ പ്രാണനുമാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.