ഒരുകാലത്ത് മധ്യപ്രദേശ് സർക്കാറിന്റെ ഏറ്റവും വലിയ തലവേദനകളിലൊന്നായിരുന്നു ചമ്പൽക്കാടുകളിലെ കൊള്ളക്കാർ. കർക്കശമായ പൊലീസ് നടപടികളിലൂടെ അവരെ അടിച്ചമർത്താൻ ഗവൺമെന്റ് പഠിച്ചപണി പതിനെട്ടും നോക്കിയിട്ടും ഫലമൊന്നുമുണ്ടായില്ല. ഭൂപ്രഭുക്കളുടെ പീഡനങ്ങളും ചൂഷണങ്ങളും കാരണം കൊള്ള ജീവിതരീതിയും പ്രതികാരമാർഗവുമായി സ്വീകരിച്ചവരായിരുന്നു 'ബാഗികൾ' (റെബലുകൾ) എന്ന് സ്വയം വിളിച്ചിരുന്ന ഈ കൊള്ളക്കാർ. ഒരു കൊള്ളക്കാരൻ പൊലീസുമായി ഏറ്റുമുട്ടി കൊല്ലപ്പെട്ടാൽ ആ കുടുംബത്തിൽനിന്ന് പുതിയ കൊള്ളക്കാർ പിറന്നുകൊണ്ട് ഈ സംഘങ്ങൾ നിയമഹസ്തത്തിന് പിടികൊടുക്കാതെ അനുസ്യൂതം വളർന്നുകൊണ്ടിരുന്നു. ഈ സാമൂഹികപ്രശ്നം പരിഹരിക്കുന്നതിൽ ഭരണകൂടവും ഭരണകൂട ഉപകരണങ്ങളും പരാജയപ്പെട്ടപ്പോൾ അവസാനം അതിനൊരു അറുതിവരുത്തിയത് ഗാന്ധിശിഷ്യന്മാരായ സർവോദയ പ്രവർത്തകരുടെയും ജയപ്രകാശ് നാരായണനെപ്പോലുള്ള നേതാക്കളുടെയും ഇടപെടലിലൂടെയാണ്. കൊള്ളത്തലവന്മാരുമായി സംഭാഷണം നടത്തി സ്വമേധയാ നിയമത്തിനു മുന്നിൽ കീഴടങ്ങാൻ അവരെ പ്രേരിപ്പിക്കുന്നതിൽ ഈ ഗാന്ധിശിഷ്യന്മാർ വിജയിച്ചു. 1972ൽ ആയിരക്കണക്കിനു കൊള്ളക്കാർ അങ്ങനെ ആയുധംവെച്ച് കീഴടങ്ങി. 1971ൽ മാത്രം 285 കൊലപാതകങ്ങളും 352 തട്ടിക്കൊണ്ടുപോകലുകളും 213 കൊള്ളകളും നടത്തിയവരായിരുന്നു ഇവർ. വിവിധ ജയിലുകളിൽ പാർപ്പിച്ച ഇവർ പിന്നീട് തുറന്ന ജയിലിലേക്ക് മാറ്റപ്പെടുകയും തുടർന്ന് വിട്ടയക്കപ്പെടുകയുമായിരുന്നു. ഇവർക്കെതിരെ അതിനുമുമ്പ് വിപുലമായ പൊലീസ് ഓപറേഷനുകൾ നടന്നിരുന്നു. കൊള്ളത്തലവനായ മാൻസിങ്ങിനെ പിടിക്കാൻ വേണ്ടി മാത്രം 2000 പൊലീസുകാരടങ്ങിയ സംഘമാണ് തിരച്ചിൽ നടത്തിയത്. പക്ഷേ, വിജയിച്ചില്ല. അക്കാലത്ത് പതിനായിരക്കണക്കിനു രൂപ അവരുടെ തലക്ക് വിലയിട്ടിരുന്നു. തദ്ദേശീയരുടെ കാമ്പയിനുകളൊന്നും ഫലപ്രദമായില്ല. പലരും ധനാഢ്യരെ കൊള്ളയടിച്ച് പാവങ്ങളെ സഹായിച്ചിരുന്ന റോബിൻഹുഡുമാരായതിനാൽ ആരും അവരെ ഒറ്റുകൊടുക്കാൻ തുനിഞ്ഞിരുന്നില്ല. ജയപ്രകാശും സംഘവും ചമ്പൽക്കാടുകളിൽ ചെന്ന് അവരുമായി നേരിട്ട് സംഭാഷണം നടത്തുകയായിരുന്നു. വില്യം സ്റ്റിവാർട്ട് എന്ന ഒരു അമേരിക്കൻ പത്രലേഖകനൊഴികെ ഈ സംഭാഷണം നടക്കുമ്പോൾ ആരും അതിന് സാക്ഷിയായുണ്ടായിരുന്നില്ല. ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്റ്റഡീസിന്റെ ഡയറക്ടറായിരുന്നു അന്ന് ജയപ്രകാശ് നാരായണൻ. ഒരു ചെറുകിട കൊള്ളക്കാരൻ അദ്ദേഹത്തെ സന്ദർശിച്ച് ചമ്പൽക്കാട്ടിലേക്ക് കൊണ്ടുപോയി. മഥോസിങ് എന്ന കൊള്ളത്തലവന്റെ അടുത്തേക്കാണ് അയാൾ അദ്ദേഹത്തെ കൊണ്ടുപോയത്. സർക്കാർ ലക്ഷങ്ങൾ തലക്ക് വിലയിട്ട കുറ്റവാളിയായിരുന്നു അയാൾ. അയാൾ ജെ.പിക്ക് മുന്നിൽ ചില നിബന്ധനകൾവെച്ചു. ആരെയും തൂക്കിക്കൊല്ലാതിരിക്കുക, ആറുമാസത്തിനകം വിചാരണ പൂർത്തിയാക്കുക, കുടുംബത്തെ പുനരധിവസിപ്പിക്കുക എന്നിവയായിരുന്നു ആ നിബന്ധനകൾ. അവ അംഗീകരിച്ചാൽ കൊള്ളക്കാർ കീഴടങ്ങുമെന്ന് അയാൾ പറഞ്ഞു. ജെ.പി അത് അംഗീകരിച്ചു. കൊള്ളക്കാരുടെ രാജാവായി അറിയപ്പെട്ട മൽക്കൻ സിങ്ങും കൊള്ളറാണിയായി കുപ്രസിദ്ധി നേടിയ ഫൂലൻദേവിയുമൊക്കെ ഇങ്ങനെ കീഴടങ്ങിയവരിൽപെടുന്നു. ഫൂലൻ ദേവി പിന്നീട് പാർലമെന്റ് മെംബർ വരെയായി.
'ചെയിഞ്ച് ഓഫ് ഹാർട്ട് മിഷൻ' എന്ന പേരിലറിയപ്പെട്ട ഈ ദൗത്യം നടന്നിട്ട് ഇപ്പോൾ അരനൂറ്റാണ്ട് പിന്നിട്ടു. ഏറ്റുമുട്ടലുകളും സായുധ ഇടപെടലുകളുമല്ല, സംഭാഷണങ്ങളും സംവാദങ്ങളുമാണ് പലപ്പോഴും പ്രശ്നങ്ങളുടെയും പ്രതിസന്ധികളുടെയും പരിഹാരത്തിന് ഏറെ പ്രയോജനംചെയ്യുക എന്ന് ചൂണ്ടിക്കാട്ടാനാണ് ഇത്രയും വിവരിച്ചത്. സാമൂഹികപ്രശ്നങ്ങൾക്ക് മാത്രമല്ല, രാഷ്ട്രീയപ്രശ്നങ്ങൾക്കും ബാധകമാണ് ഇത്. രാജ്യത്തിനകത്തും പുറത്തും അതിന് എമ്പാടും ഉദാഹരണങ്ങളുണ്ട്.
ഈജിപ്ഷ്യൻ അനുഭവം
ഒരുകാലത്ത് ഈജിപ്തിന്റെ സാമൂഹിക-രാഷ്ട്രീയ മണ്ഡലത്തിൽ ഏറ്റവും വലിയ തലവേദനയായിരുന്നു അവിടത്തെ യൂനിവേഴ്സിറ്റികളിൽനിന്ന് ജന്മമെടുത്ത വിദ്യാർഥി-യുവജന പ്രസ്ഥാനമായ 'അൽ ജമാഅത്തുൽ ഇസ്ലാമിയ്യ'. അവരുടെ തീവ്രവാദങ്ങൾക്ക് യുവമസ്തിഷ്കങ്ങളിൽ നല്ല സ്വാധീനമുണ്ടായിരുന്നു. ഹുസ്നി മുബാറക്കിന്റെ ഭരണകൂടം അവരെ ശക്തിപ്രയോഗിച്ച് അടിച്ചമർത്താൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. മുബാറക് ഭരണകൂടത്തിന്റെ പിന്തുണയോടെ ബ്രദർഹുഡ് നേതാവായ മുഹമ്മദുൽ ഗസ്സാലി, ഖുർആൻ വ്യാഖ്യാതാവായ മുതവല്ലി ശഅ്റാവി, ഡോ. മുഹമ്മദ് സലീം അൽഅവാ തുടങ്ങിയ പണ്ഡിതന്മാർ ഈ യുവജന സംഘത്തിന്റെ നേതാക്കളായ കറം സുഹ്ദി, നാജിഹ് ഇബ്രാഹിം, അബൂദ് അസ്സമർ എന്നിവരുമായി ജയിലിൽനടത്തിയ സുദീർഘമായ സംവാദത്തിന്റെ ഫലമായാണ് 1996ൽ ഈ സംഘം തങ്ങളുടെ തീവ്രവാദ ആശയങ്ങളിൽനിന്ന് പിൻവാങ്ങിയത്. അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന അബ്ദുൽ ഹലീം മൂസയെ സ്റ്റേറ്റും പ്രസ്തുത യുവജന സംഘവും തമ്മിലുള്ള ഏറ്റുമുട്ടലിന് അറുതിവരുത്താനുള്ള തങ്ങളുടെ പദ്ധതി അറിയിച്ചപ്പോൾ അദ്ദേഹം അത് സർവാത്മനാ സ്വാഗതം ചെയ്യുകയായിരുന്നു. ഈജിപ്ഷ്യൻ മീഡിയയും ഈ നീക്കത്തോട് അനുകൂല നിലപാടാണ് സ്വീകരിച്ചത്. പണ്ഡിത സംഘത്തിന്റെ സമിതിയിൽ പ്രമുഖ കോളമിസ്റ്റായ ഫഹ്മീ ഹുവൈദിയുമുണ്ടായിരുന്നു.
താലിബാൻ സംവാദം
താലിബാൻ മാത്രമല്ല, താലിബാനിൽപെട്ട ആരെങ്കിലുമായി യാദൃച്ഛികമായി സംസാരിക്കാനിടയായവരെപ്പോലും ഭീകരവാദമുദ്ര ചാർത്തി പിടികൂടാൻ മടിക്കാതിരുന്ന അമേരിക്കതന്നെ അവരുമായി സംഭാഷണം നടത്തി അഫ്ഗാൻ ചതുപ്പിൽനിന്ന് പട്ടാളബൂട്ടുകൾ വലിച്ചൂരി രക്ഷപ്പെടാനുള്ള വഴിതേടുന്ന കാഴ്ചയാണ് ഒടുവിൽ ലോകം കണ്ടത്. അവർക്കതിന് വേദി ഒരുക്കിക്കൊടുത്തത് ഖത്തർ ഗവൺമെന്റായിരുന്നു. ദോഹയിൽവെച്ച് വർഷങ്ങളെടുത്ത് ഖത്തർ മധ്യസ്ഥതയിൽ നടത്തിയ സംഭാഷണങ്ങളെ തുടർന്ന് കാബൂളിലെ തങ്ങളുടെ പാവ സർക്കാറിനെ കൈയൊഴിഞ്ഞ് അഫ്ഗാനിസ്താനെ വൈറ്റ്ഹൗസ് ഒരു താലമെന്നോണം താലിബാന്റെ കൈകളിൽ വെച്ചുകൊടുത്തു. സോവിയറ്റ് അധിനിവേശകാലത്ത് അവരെ പ്രീണിപ്പിക്കാൻ അഫ്ഗാനിസ്താനിലെ ഖൽഖ്-പർവം കമ്യൂണിസ്റ്റ് ഭരണകൂടങ്ങളെ പിന്തുണച്ചപോലെ അമേരിക്ക അധിനിവേശം നടത്തിയപ്പോൾ കാലുമാറി അവരുടെ കൂടെനിന്ന് അഫ്ഗാനിസ്താന്റെ പുനർനിർമാണത്തിന് വൻതോതിൽ പണമൊഴുക്കിയ ഇന്ത്യക്ക് ഇതൊരു ആഘാതമാകുന്നതൊന്നും വാഷിങ്ടണിന് പ്രശ്നമായില്ല.
ഇന്ത്യക്കകത്തും ആഭ്യന്തരപ്രശ്നങ്ങൾക്ക് രാഷ്ട്രീയ പരിഹാരം തേടിക്കൊണ്ടുള്ള ഇത്തരം നീക്കങ്ങൾക്ക് പൂർവമാതൃകകൾ കണ്ടെത്താൻ കഴിയും. വടക്കുകിഴക്കൻ മേഖലകളിലെ മിസോറം, ഗൂർഖാലാൻഡ്, ബോഡോലാൻഡ് തുടങ്ങിയ ഇടങ്ങളിലെ സായുധ വിഘടന പ്രസ്ഥാനങ്ങളുമായൊക്കെ ഇന്ത്യാ ഗവൺമെന്റ് സമാധാന സംഭാഷണങ്ങൾ നടത്തിയിട്ടുള്ളതാണ്. നെഹ്റുവിന്റെ കാലത്ത് ശൈഖ് അബ്ദുല്ലയുമായി നടന്ന സംഭാഷണത്തെ തുടർന്നാണ് അദ്ദേഹം ജയിൽമോചിതനാവുകയും കശ്മീരിന് പ്രത്യേക പദവി നൽകിക്കൊണ്ടുള്ള ഉടമ്പടിക്കു ശേഷം അദ്ദേഹം ഇന്ത്യൻ രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേക്ക് വരികയും ചെയ്തത്. ഈ ഉടമ്പടി ലംഘിച്ചുകൊണ്ട് കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ മോദിസർക്കാർ ആ രാഷ്ട്രീയ നൈതികതയെയാണ് ഇപ്പോൾ ഗളഹസ്തം ചെയ്തിരിക്കുന്നത്.
ജനാധിപത്യത്തിനും മനുഷ്യാവകാശങ്ങൾക്കും ഗ്രഹണം ബാധിച്ച നരേന്ദ്ര മോദിയുടെ ഭരണകാലത്ത് ഇനിയൊരു സംവാദത്തിന് സാധ്യതയുണ്ടോ? രാജ്യത്ത് ഫാഷിസ്റ്റ് ശക്തികൾ പിടിമുറുക്കിയ പശ്ചാത്തലത്തിൽ എല്ലാ വാതിലുകളും അടഞ്ഞിരിക്കയാണെന്ന ധാരണ നിലനിൽക്കുന്നുണ്ട്. ഫാഷിസം സംവാദം അർഹിക്കുന്നില്ല എന്ന കാഴ്ചപ്പാടിൽനിന്നാണ് ഈ ധാരണ ജനിക്കുന്നത്. സംവാദസാധ്യതയിലേക്ക് കടക്കുന്നതിനു മുമ്പ് രാജ്യത്ത് ഫാഷിസ്റ്റ് ശക്തികളുടെ വളർച്ചക്ക് എങ്ങനെയൊക്കെയാണ് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കപ്പെട്ടതെന്നു കൂടി പരിശോധിക്കേണ്ടതുണ്ട്.
വലതുപക്ഷ ലോക രാഷ്ട്രീയത്തിന്റെ മേൽക്കൈ
ഭൂമിയുടെ ചരിവ് ഇടത്തോട്ടാണെന്ന് ഇടതുപക്ഷം അഭിമാനിച്ച ഒരു കാലമുണ്ടായിരുന്നു. ഭൂലോകമാെകയും രാഷ്ട്രീയമായി ഇടത്തോട്ടാണ് സഞ്ചരിക്കുന്നതെന്ന് സൂചന. പക്ഷേ, ഇടതുപക്ഷത്തെ പ്രതിനിധാനം ചെയ്യുന്ന കമ്യൂണിസ്റ്റ് ബ്ലോക്ക് ഒന്നൊന്നായി ഇടിഞ്ഞുപൊളിഞ്ഞ് വീഴാൻ അധികം താമസിക്കേണ്ടിവന്നില്ല. അഫ്ഗാനിസ്താനിൽനിന്ന് അപമാനിതനായി പിന്മാറേണ്ടിവന്ന ബ്രഷ്നേവിന്റെ സോവിയറ്റ് യൂനിയൻ ഗോർബച്ചേവിന്റെ ഗ്ലാസ്നോസ്തും പെരിസ്ട്രോയിക്കയും അരങ്ങേറിയതോടെ സോവിയറ്റ് യൂനിയൻതന്നെ ചരിത്രത്തിൽനിന്ന് പടിയിറങ്ങി റഷ്യയിലൊതുങ്ങി. ചെച്നിയ, ദാഗിസ്താൻ, നഗതഗോകറബാഗ്, അസർബൈജാൻ, ക്രീമിയ എന്നിവിടങ്ങളിലുണ്ടായ അതിന്റെ തുടർകമ്പനങ്ങൾ ഇപ്പോൾ യുക്രെയ്നിലെത്തിനിൽക്കുന്നു. ഉപദേശീയതകളുടെ സ്വത്വപ്രകാശനം സായുധിയിൽ കലാശിച്ചതിന്റെ ദുരന്തങ്ങൾക്കാണ് ലോകം സാക്ഷിയാകേണ്ടിവന്നത്. പ്രത്യയശാസ്ത്ര ലഹരിയുടെ കെട്ടഴിഞ്ഞപ്പോൾ ഉന്മാദ ദേശീയതയുടെ ദുർഭൂതങ്ങൾ കിഴക്കൻ യൂറോപ്പിലടക്കമുള്ള കമ്യൂണിസ്റ്റ് ബ്ലോക്കിലെ പല രാജ്യങ്ങളിലും അഴിഞ്ഞാടി. അതിന്റെ ഏറ്റവും ഭീകരമായ നിദർശനമായിരുന്നു ടീറ്റോവിന്റെ യൂഗോ സ്ലാവിയ. സെർബിയയും ക്രൊയേഷ്യയും ബോസ്നിയയുമായി യൂഗോ സ്ലാവിയ സാമ്യശിഥിലീകൃതമായതോടെ ആധുനിക ചരിത്രത്തിലെ ഏറ്റവും വലിയ വംശീയ ഉന്മൂലന യുദ്ധമാണ് ബോസ്നിയാക് മുസ്ലിംകൾക്കെതിരെ അരങ്ങേറിയത്. ഈ വംശഹത്യക്ക് ഇന്ധനം പകരുന്നതിൽ ദേശീയത്വത്തിന്റെ വിജൃംഭിതവികാരവും മതവർഗീയതയുടെ അമിതാവേശവുമൊക്കെ അവയുേടതായ പങ്ക് വഹിക്കുന്നുണ്ടായിരുന്നു. പോളിറ്റ് ബ്യൂറോ അരങ്ങൊഴിഞ്ഞ ക്രെംലിനിൽ ക്രിസ്ത്യൻ ഓർത്തഡോക്സ് സഭ ആ സ്ഥാനമേറ്റെടുത്തു. സെർബുകൾക്കും ക്രോട്ടുകൾക്കും ആവേശം പകരാൻ സഭ തന്നെ മുന്നോട്ടു വന്നു. ഈ വംശീയോന്മൂലനാഘോഷങ്ങൾക്ക് റഷ്യൻ ഓർത്തഡോക്സ് സഭയുടെ പിന്തുണ ലഭിച്ചത് യാദൃച്ഛികമല്ലെന്ന് മനസ്സിലാക്കാൻ പ്രയാസമില്ല.
ഇതൊരു വശത്ത് നടക്കുമ്പോൾ തന്നെയാണ് മറ്റൊരുവശത്ത് അമേരിക്കയിലെ വേൾഡ് ട്രേഡ് സെന്റർ തകരുന്നതും ഭീകരവിരുദ്ധ യുദ്ധം എന്നപേരിൽ ലോകവ്യാപകമായ മുസ്ലിം വേട്ടക്ക് അരങ്ങൊരുങ്ങുന്നതും. അമേരിക്ക അഭിമുഖീകരിക്കേണ്ടിവന്ന ഒരു പ്രശ്നം ലോകത്തിന്റെ പ്രശ്നമാക്കി മാറ്റുന്നതിൽ ബുഷ് വിജയിച്ചു. ഓരോ രാജ്യത്തിന്റെയും പരമാധികാരം അംഗീകരിക്കുക എന്ന രാഷ്ട്രാന്തരീയ ബന്ധങ്ങളിൽ ഇതഃപര്യന്തം സർവാംഗീകൃതമായി നിലനിന്നിരുന്ന തത്ത്വം ഫലത്തിൽ അതോടെ റദ്ദ് ചെയ്യപ്പെട്ടു. ഇറാഖ് ആക്രമണത്തിലാകട്ടെ, അഫ്ഗാൻ അധിനിവേശത്തിലാകട്ടെ രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാതിരിക്കുക എന്ന തത്ത്വം ലംഘിക്കപ്പെടുക മാത്രമല്ല, ഐക്യരാഷ്ട്രസഭ പോലുള്ള അന്താരാഷ്ട്ര വേദിപോലും അതിന് കരുവാക്കപ്പെടുകയും ചെയ്തു.
ഈ സംഭവ പരമ്പരയുടെ ഏറ്റവും വലിയ ദുരന്തം ഭരണകൂടങ്ങളുടെ അമിതാധികാര പ്രവണത ശക്തിപ്പെടുകയും പൗരസ്വാതന്ത്ര്യങ്ങളും മനുഷ്യാവകാശങ്ങളും വെട്ടിച്ചുരുക്കപ്പെടുകയും ജനാധിപത്യ സംവിധാനത്തിന് ആഗോളതലത്തിൽതന്നെ ഗ്രഹണം ബാധിക്കുകയും ചെയ്തു എന്നതാണ്. 2001ലെ അമേരിക്കൻ പാട്രിയോട്ട് ആക്ടും നമ്മുടെ രാജ്യത്തെ യു.എ.പി.എ നിയമവുമൊക്കെ ഇതിന്റെ ഫലമായി നടപ്പിൽ വന്ന നിയമദുരന്തങ്ങളാണ്. ജുഡീഷ്യറിക്ക് അതിന്റെ പരമ്പരാഗത പ്രഭാവം നഷ്ടപ്പെടുകയും ഭരണവർഗ താൽപര്യങ്ങളുടെ വേലക്കാരായി മാറുകയും ചെയ്തു എന്നത് ഈ കാലസന്ധിയുടെ പ്രത്യേകതയാണ്.
യൂറോപ്യൻ രാജ്യങ്ങളിൽ നടന്ന സമീപകാല തെരഞ്ഞെടുപ്പ് ഫലങ്ങൾ അവലോകനം ചെയ്താൽ പല രാജ്യങ്ങളിലും തീവ്ര വലതുപക്ഷ രാഷ്ട്രീയ പാർട്ടികൾ കൂടുതൽ ശക്തി പ്രാപിക്കുകയും വോട്ടുവിഹിതം വർധിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നതായി കാണാവുന്നതാണ്. ജർമനിയിലെ 'ആൾട്ടർനേറ്റീവ് ഫോർ ജർമനി' (AFD)യുടെ വളർച്ചയും ചർച്ചാവിഷയമാവുകയുണ്ടായി. കുടിയേറ്റ വിരോധവും ഇസ്ലാം ഭീതിയുമാണ് ഇവരുടെ മുഖ്യമുദ്ര. സ്വീഡനിലെ ഡെമോക്രാറ്റ്സ് (SD), എസ്തോണിയയിലെ കൺസർവേറ്റീവ് പീപ്പ്ൾസ് പാർട്ടി (EKRE), ഫിൻലൻഡിലെ ഫിൻസ് പാർട്ടി (FP), ഫ്രാൻസിലെ നാഷനൽ റാലി പാർട്ടി (RN) എന്നിവയൊക്കെ ഈ വലതുപക്ഷ രാഷ്ട്രീയത്തിന്റെ പ്രതിനിധാനങ്ങളാണ്. 2020 ഏപ്രിലിൽ നടന്ന ഫ്രഞ്ച് പ്രസിഡന്റ് ഇലക്ഷനിൽ വിജയിച്ച ഇമ്മാനുവൽ മാക്രോണിന്റെ പ്രതിയോഗി ലീ പെൻ (Le Pen) നാഷനൽ റാലിയുടെ സ്ഥാനാർഥിയായിരുന്നു. മാക്രോൺ 58.5 ശതമാനം വോട്ടുനേടി ലീ പെന്നിനെ പരാജയപ്പെടുത്തിയെങ്കിലും തോറ്റ ലീപെന്നിന്റെ വോട്ട് വിഹിതം 41.5 ശതമാനമായിരുന്നുവെന്ന് ഓർക്കണം. മാക്രോൺ കഷ്ടിച്ചു ജയിക്കുകയായിരുന്നു എന്നതാണ് വസ്തുത. ഈ പാർട്ടിയുടെ സ്ഥാപകനായ ലീ പെന്നിന്റെ പിതാവ് ഴാങ് മരിയ (Jean Marie)ക്ക് ഇസ്ലാം വിരോധത്തിന്റെയും കുടിയേറ്റ വിരുദ്ധതയുടെയും നീണ്ടൊരു ചരിത്രം തന്നെയുണ്ട്.
2010 മുതൽ ഹംഗറിയിൽ പ്രധാനമന്ത്രിയായി തുടരുന്ന വിക്ടർ ഓർബനും വലതുപക്ഷ പോപുലിസ്റ്റ് പാർട്ടിയായ ഫിഡെസ് (Fiderz) പാർട്ടിയെയാണ് പ്രതിനിധാനംചെയ്യുന്നത്. ഈ പാർട്ടികളൊക്കെ പൊതുവായി പങ്കിട്ടെടുക്കുന്ന ആശയഘടകം കുടിയേറ്റ വിരുദ്ധതയും ഇസ്ലാം വിരുദ്ധതയുമാണ്. തീവ്ര സെക്കുലറിസ്റ്റ് നയം (Lailism) പിന്തുടരുന്ന ഫ്രാൻസിൽപോലും ഒരുവിധത്തിലുള്ള സാംസ്കാരിക ബഹുത്വവും പൊറുപ്പിക്കാനാകാത്തവിധം കൾച്ചറൽ ഷോവനിസ്റ്റ് പ്രവണതക്ക് ശക്തി കൂടിവരികയാണ്. ഇടക്കാലത്ത് അമേരിക്കയിൽ ഡൊണാൾഡ് ട്രംപ് അധികാരത്തിൽ വന്നപ്പോൾ ലോകരാഷ്ട്രീയത്തിലെ വലതുപക്ഷ ധാരക്ക് ഒന്നുകൂടി ഊക്കും ഊറ്റവും വർധിക്കയുണ്ടായി.
ഒരേ തൂവൽ പക്ഷികൾ
ഇന്ത്യയിൽ ഭരണത്തിൽ പിടിമുറുക്കിയ ഫാഷിസ്റ്റ് പ്രവണത പുലർത്തുന്ന വലതുപക്ഷ പാർട്ടിക്ക് നിലവിലെ ലോക രാഷ്ട്രീയ സാഹചര്യം എത്രമാത്രം അനുകൂലമാണെന്ന് ചൂണ്ടിക്കാണിക്കാനാണ് മുകളിലെഴുതിയ വിവരങ്ങൾ പങ്കുവെച്ചത്. രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്ര മേഖലകളിൽ മാത്രമല്ല, വ്യക്തിതലത്തോളം വ്യാപകവും സുദൃഢവുമാണ് ഈ ഉഭയകക്ഷി ബന്ധങ്ങൾ എന്നുകൂടി മനസ്സിലാക്കണം. ജപ്പാനിലെ വലതുപക്ഷ രാഷ്ട്രീയത്തെ പ്രതിനിധാനംചെയ്യുന്ന ആബെ ഈയിടെ വെടിയേറ്റ് മരിച്ചപ്പോൾ മാധ്യമങ്ങൾ അദ്ദേഹത്തിന് നൽകിയ വിശേഷണം ഇന്ത്യയുടെയും ഇന്ത്യൻ പ്രധാനമന്ത്രിയുടെയും ഏറ്റവും വലിയ സുഹൃത്ത് എന്നായിരുന്നുവെന്ന് ഓർക്കുക. മധ്യ പൗരസ്ത്യ ദേശത്തെ ഇസ്രായേലും ശൈഖ് ഡമുകളുമായുള്ള 'സുഹൃദ് ബന്ധങ്ങളുടെ' അടിത്തട്ടിലും സ്വേച്ഛാപ്രമത്തതയുടെയും അമിതാധികാര പ്രവണതയുടെയും പാരസ്പര്യം നിലനിൽക്കുന്നുണ്ട്. നിയമവാഴ്ചയോടും മനുഷ്യാവകാശങ്ങളോടും ഒട്ടും ബഹുമാനമില്ലാത്ത ഭരണകൂട നടപടികൾക്ക് ധൈര്യം പകരുന്ന ഘടകങ്ങളാണിത്. രാഷ്ട്രീയ കുതിരക്കച്ചവടത്തിനും മുതലെടുപ്പിനും വേണ്ടി ഔദ്യോഗിക സംവിധാനങ്ങളെ ഇത്രയും നഗ്നമായും നിർലജ്ജമായും ഭരണകൂടം ദുരുപയോഗം ചെയ്ത ഒരു കാലം മുമ്പൊന്നുമുണ്ടായിട്ടില്ല. കാലം ചെല്ലുംതോറും കൂടുതൽ കൂടുതൽ ഫാഷിസ്റ്റ് സ്വഭാവം പ്രകടിപ്പിക്കുന്ന ഒരു സംഘത്തിന്റെ സ്വേച്ഛ്വാധിപത്യത്തിൽനിന്ന് രാജ്യത്തെ എങ്ങനെ മോചിപ്പിക്കാമെന്നത് പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളുടേതെന്നപോലെ പൗരസമൂഹത്തിന്റെയും മുന്നിലെ വലിയൊരു വെല്ലുവിളിയാണ്. ജന്മനാ ഫാഷിസ്റ്റായ ഈ പാർട്ടിക്ക് അധികാരത്തിലെത്താൻ കഴിഞ്ഞത് സ്വന്തം പ്രവർത്തകരുടെ മാത്രം പിന്തുണകൊണ്ടല്ല തെലുഗുദേശം, അണ്ണാ ഡി.എം.കെ, അകാലിദൾ മുതലായ പ്രാദേശിക പാർട്ടികളുടെയും സോഷ്യലിസ്റ്റ് പടക്കുതിരകളായ ജോർജ് ഫെർണാണ്ടസ്, നിതീഷ് കുമാർ, രാംവിലാസ് പാസ്വാൻ എന്നിവർ നയിച്ച മതേതര പാർട്ടികളുടെയും പിന്തുണയോടെയാണ് എന്നതാണ് യാഥാർഥ്യം. അംബേദ്കറുടെ അനുയായികളായ റിപ്പബ്ലിക്കൻ പാർട്ടി വരെ മുഖ്യ ഭരണകക്ഷി നേതൃത്വം നൽകുന്ന എൻ.ഡി.എ സഖ്യത്തിലുണ്ട്.
ദ്വിതല പ്രവർത്തനങ്ങൾ
രാജ്യം പൂർണമായും ഫാഷിസ്റ്റ് വ്യവസ്ഥക്ക് കീഴ്പ്പെടുന്നത് തടയണമെങ്കിൽ രണ്ട് തലങ്ങളിലായുള്ള പ്രവർത്തനങ്ങൾ നടക്കേണ്ടതുണ്ട്. എൻ.ഡി.എ സഖ്യത്തിന് പുറത്തുള്ള രാഷ്ട്രീയ പാർട്ടികൾ ഐക്യപ്പെടുകയും മുഖ്യ ഭരണകക്ഷിയുടെ അധികാര ദുർവിനിയോഗത്തിനെതിരെ ബഹുജനപ്രതിഷേധം ഉയർത്തിക്കൊണ്ടു വരുകയും ചെയ്യുക എന്നതാണ് ഒന്ന്. ബംഗാളിലും ദക്ഷിണേന്ത്യയിലും ഇപ്പോഴും പ്രാദേശിക കക്ഷികൾക്കുള്ള മുൻകൈ നഷ്ടപ്പെട്ടിട്ടില്ല. കോൺഗ്രസും ഇടതുപാർട്ടികളും കൂടി ചേർന്ന് ഈ പാർട്ടികൾക്ക് ശക്തി തെളിയിക്കാൻ കഴിഞ്ഞാൽ എൻ.ഡി.എ സഖ്യത്തിലെ ബി.ജെ.പി ഇതര പാർട്ടികളെ കൂടി തങ്ങളുടെ മുന്നണിയിലേക്ക് ആകർഷിച്ചെടുക്കാൻ സാധിച്ചുകൂടായ്കയില്ല. ബി.ജെ.പിയെ നിയന്ത്രിക്കുന്നത് നാഗ്പൂരിലെ ആർ.എസ്.എസ് കാര്യാലയമാണെങ്കിലും ശാഖാ സംസ്കാരവും ശിക്ഷണവും നേടിയിട്ടില്ലാത്ത ഒട്ടനവധിപേരും ആ പാർട്ടിയിലുണ്ട്. അവരൊക്കെയും ബി.ജെ.പിയുടെ പോക്കിൽ പൂർണസംതൃപ്തരായി കൊള്ളണമെന്നില്ല. അന്വേഷണ ഏജൻസികൾ വഴി സൃഷ്ടിക്കപ്പെട്ട ഭയത്തിന്റെ ചങ്ങലകളിൽ ബന്ധിതരായിരിക്കാം അവരിൽ പലരും. ഒരു തുറസ്സ് കിട്ടിയാൽ അവർ പുറത്തുവന്നുകൂടായ്കയില്ല. അടിയന്തരാവസ്ഥയിൽ 1977ൽ പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ ഇന്ദിര ഗാന്ധിയുടെ കൂടാരത്തിൽനിന്ന് നേതൃതലത്തിലുള്ള പലരും പറന്നുവന്നത് ഇവിടെ ഓർക്കാവുന്നതാണ്.
ബി.ജെ.പിക്കകത്ത് തന്നെയുള്ള ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ വക്താക്കളല്ലാത്തവരെ ലക്ഷ്യം വെച്ചുകൊണ്ട് നാഗ്പൂർ പ്രതിനിധാനം ചെയ്യുന്ന ഹിന്ദുത്വത്തെയും ഇന്ത്യയുടെ പൈതൃകമായ ഹൈന്ദവതയെയും വേർതിരിച്ചു കാണിക്കുന്നതിനായി വിപുലമായ സംവാദങ്ങൾ സംഘടിപ്പിക്കുകയാണ് ഇതിന് സ്വീകരിക്കാവുന്ന രണ്ടാമത്തെ മാർഗം.
ആർ.എസ്.എസിന്റെയും ബി.ജെ.പിയുടെയും പ്രത്യയശാസ്ത്ര അടിത്തറയായ ഉന്മാദ ദേശീയത്വത്തിനും ഏക സംസ്കാര വാദത്തിനും ഭാരതീയ പൈതൃകവുമായല്ല, പാശ്ചാത്യ ആധുനികതയുമായാണ് യഥാർഥത്തിൽ ബന്ധം. ബങ്കിം ചന്ദ്രന്റെ 'ഭാരതമാതാ സങ്കൽപം' തന്നെ ഒരു പിൽക്കാല കണ്ടുപിടിത്തമാണ്. ''തെറ്റായാലും ശരിയായാലും എന്റെ രാഷ്ട്രം'' എന്ന ദേശീയത്വത്തിന്റെ പ്രമാണവാക്യം തന്നെയാണ് സംഘ്പരിവാറിനെയും നയിക്കുന്നത്. ഇതാകട്ടെ ഇറ്റാലിയൻ രാഷ്ട്രീയ ചിന്തകനായ മാക്കിയവല്ലിയുടെ പ്രിൻസിനോട് കടപ്പെട്ട മുദ്രാവാക്യമാണ്. ഫാഷിസ്റ്റായ മുസോളിനി തന്റെ ഡോക്ടറൽ തീസിസിന് തെരഞ്ഞെടുത്തതായി പറയപ്പെടുന്ന ഈ ഗ്രന്ഥം ഇന്ത്യൻ നൈതികതയുമായി പൊരുത്തപ്പെടുന്നതല്ല. ഹിറ്റ്ലർ എപ്പോഴും തന്റെ കട്ടിലിനരികെ വെച്ചിരുന്ന പ്രിൻസ് എല്ലാ സ്വേച്ഛ്വാധിപതികളുടെയും പ്രിയപ്പെട്ട പുസ്തകമായിരുന്നു. മുസോളിനിയുടെ ഇറ്റലിയായിരുന്നു സവർക്കറുടെ പ്രചോദന കേന്ദ്രം. മുസോളിനിയുടെ കാലത്ത് ഇറ്റലി സന്ദർശിച്ച ഹിന്ദുത്വ വക്താക്കളിലൊരാളായ ഡോ. മൂൻജെ ആ രാജ്യമാണ് ഹിന്ദു ഇന്ത്യയുടെ മാതൃകയെന്ന് പരസ്യമായി പ്രഖ്യാപിച്ചിരുന്നു. 'വിചാരധാര'യിലും ആ ഇറ്റാലിയൻ മാതൃകയെ സംബന്ധിച്ച സ്തുതിപാഠനം കാണാവുന്നതാണ്.
ഹിന്ദുമത ദാർശനികനും രാഷ്ട്രപതിയുമായിരുന്ന ഡോ. രാധാകൃഷ്ണനും മഹാകവി രവീന്ദ്രനാഥ് ടാഗോറുമൊക്കെ തള്ളിപ്പറഞ്ഞതാണ് ഹിന്ദുത്വവാദികൾ കൊണ്ടാടുന്ന ദേശീയത്വം. ടാഗോർ അതിന്റെ വിനകളും ദുരന്തങ്ങളും അനാവരണംചെയ്ത് നീണ്ട പ്രബന്ധങ്ങൾ തന്നെ രചിക്കയുണ്ടായി. 1963 ജൂൺ 10ന് യു.എൻ ജനറൽ അസംബ്ലിയെ അഭിസംബോധന ചെയ്യവെ ഡോ. രാധാകൃഷ്ണനും ലോകത്ത് യുദ്ധങ്ങളും സംഘർഷങ്ങളും സൃഷ്ടിക്കുന്ന ദേശീയത്വത്തിന്റെ അപകടങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കയുണ്ടായി. ആ പ്രസംഗത്തിലൊരിടത്ത് അദ്ദേഹം ഇങ്ങനെ പറയുന്നതായി കാണാം:
''ഭൂതകാലത്തിന്റെ ഇരകളാണ് നമ്മൾ; ഭാവിയുടെ സേവകരല്ല. ദേശീയവും സൈനികവുമായ സ്വഭാവത്തോടുകൂടിയ സമൂഹത്തിന്റെ ഇരയാണ് നാം... വിശ്വസമൂഹം എന്ന വിശാലമായ സങ്കൽപത്തോട് ദേശരാഷ്ട്രങ്ങൾ ചേർന്ന് നിൽക്കാത്തപക്ഷം, ശക്തി പ്രയോഗിക്കുന്നതിൽനിന്ന് നാം വിട്ടുനിൽക്കുന്നില്ലെങ്കിൽ... ലോകത്ത് സമാധാനം കൊണ്ടുവരാൻ നമുക്ക് സാധിക്കുകയില്ല... ഗാന്ധിജി പറയുകയുണ്ടായി: എന്റെ രാജ്യം സ്വതന്ത്രമായിരിക്കണമെന്നാണ് എന്റെ ആഗ്രഹം. തകർന്ന ഒരിന്ത്യയെ എനിക്ക് വേണ്ട. സ്വതന്ത്രവും പ്രബുദ്ധവും ആവശ്യമെങ്കിൽ മാനവതയുടെ അതിജീവനത്തിനായി മരിക്കാൻ സന്നദ്ധമായ ഒരു ഇന്ത്യയെയാണ് ഞാൻ തേടുന്നത്.''
ഹിന്ദുത്വരുടെ രാഷ്ട്രീയ തത്ത്വശാസ്ത്രം യഥാർഥ ഹൈന്ദവ ദർശനത്തിൽനിന്ന് എത്ര അകലെയാണെന്ന് ഇത് കാണിച്ചുതരുന്നു.
ഖാത്തമി മാതൃക
സാമുവൽ ഹണ്ടിങ്ടണിന്റെ 'നാഗരികതകളുടെ സംഘട്ടന'ത്തിന് പകരം മുൻ ഇറാനിയൻ പ്രസിഡന്റ് മുഹമ്മദ് ഖാത്തമി 'നാഗരികതകളുടെ സംവാദം' മുന്നോട്ടുവെച്ചപ്പോൾ മുൻചൊന്ന രീതിയാണ് അവലംബിച്ചത്. 1997ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായപ്പോൾ അദ്ദേഹത്തിന്റെ മുഖ്യ പ്രചാരണ മുദ്രാവാക്യമായിരുന്നു ''യുദ്ധത്തിന് പകരം ഡയലോഗ്'' എന്നത്. ഖുമൈനി 'വലിയ പിശാച്' എന്ന് വിശേഷിപ്പിച്ച അമേരിക്കയുമായി സംവാദം സാധ്യമാക്കാനുള്ള ഒരു പൊതുഭാഷ കണ്ടെത്താനായിരുന്നു ഖാത്തമിയുടെ ശ്രമം. വർത്തമാനകാല അമേരിക്കൻ നയം അമേരിക്കയുടെ യഥാർഥ പൈതൃകത്തിൽനിന്ന് ഭിന്നമാണെന്ന് പിന്നീട് യു.എൻ പൊതുസഭയിൽ ചെയ്ത പ്രസംഗത്തിലും 1998ൽ സി.എൻ.എൻ പ്രതിനിധി ക്രിസ്റ്റ്യൻ പൊറുവുമായുള്ള അഭിമുഖത്തിലും അദ്ദേഹം വിശദമാക്കി. അലക്സിസ് ഡി ടോക് വില്ലി (Alexis de Toque ville)ന്റെ 'ഡെമോക്രസി ഇൻ അമേരിക്ക' എന്ന പുസ്തകമാണ് ഖാത്തമി ഇതിനായി അവലംബിക്കുന്നത്.
ഇറാനിയൻ വിപ്ലവത്തെ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള അമേരിക്കൻ യുദ്ധവുമായാണ് ഖാത്തമി സമീകരിക്കുന്നത്. ''വിപ്ലവത്തോടുകൂടി നാഗരിക പുനർനിർമാണത്തിന്റെ പുതിയൊരു ഘട്ടത്തെയാണ് ഞങ്ങൾ അനുഭവിക്കുന്നത്. അമേരിക്കൻ നാഗരികതയുടെ നിർമാതാക്കൾ നാലു നൂറ്റാണ്ടുകൾക്ക് മുമ്പ് അന്വേഷിച്ചത് തന്നെയാണ് ഇന്ന് ഞങ്ങളും അന്വേഷിക്കുന്നത്. അതുകൊണ്ടാണ് അമേരിക്കൻ നാഗരികതയുടെ സത്തയുമായുള്ള ബൗദ്ധിക ബന്ധത്തെ ഇന്നും ഞങ്ങൾ കാത്തുസൂക്ഷിക്കുന്നത്.'' ഇങ്ങനെ അമേരിക്കയെ അതിന്റെ പൂർവകാലം ഓർമിപ്പിച്ചുകൊണ്ട് ആ ഘട്ടവും ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ തുടക്കവും തമ്മിലുള്ള സാമ്യതകൾ ചൂണ്ടിക്കാട്ടി സംഘർഷത്തിന് പകരം സമവായത്തിലെത്താനുള്ള സാധ്യതയിൽ ഖാത്തമി ഊന്നുന്നു. ഇറാന്റെയും അമേരിക്കയുടെയും പൊതുവായ മതമൂല്യങ്ങളെയും ഇരുരാജ്യങ്ങളിലും സ്വാതന്ത്ര്യത്തിന് വേണ്ടി നടന്ന വിപ്ലവങ്ങളിലെയും സാമ്യതകളെയും അംഗീകരിക്കുന്നതിൽ അമേരിക്കൻ വിദേശനയത്തിന്റെ പരാജയത്തിലേക്ക് ഖാത്തമി അവിടത്തെ ജനതയുടെ ശ്രദ്ധ ക്ഷണിക്കുന്നു. ജനാധിപത്യം, സ്വാതന്ത്ര്യം, അന്തസ്സ് തുടങ്ങിയ മൂല്യങ്ങളിൽ കെട്ടിപ്പടുത്ത അമേരിക്കൻ നാഗരികത രണ്ടാം ലോക യുദ്ധം മുതൽ അമേരിക്കക്ക് പുറത്ത് ആ രാജ്യം പിന്തുടരുന്ന നയങ്ങളുമായി ഒത്തുപോകുന്നതല്ല എന്നാണ് ഖാത്തമിയുടെ വാദം (ഇസ്ലാം ഇസ്ലാമിസം, സൽമാൻ സയ്യിദ്, പേ: 45, 46, 52 ഐ.പി.എച്ച്).
ഭീതിയുടെ സന്തുലിതത്വം
ഭീതിയുടെ സന്തുലിതത്വം സൃഷ്ടിക്കുന്നതിലൂടെ നിലനിൽപ് തേടാനാണ് ഇന്ത്യൻ ഭരണകൂടം ശ്രമിക്കുന്നത്. അതിന് ജനങ്ങൾക്കിടയിൽ പലതരം വിഭജനങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുന്നു. ഉൾക്കൊള്ളുന്നതിന് പകരം പുറംതള്ളലിന്റെ ഈ പ്രത്യയശാസ്ത്രവും ഭാരതീയ പൈതൃകത്തിന് അന്യമാണെന്നതും ഭാരതത്തിന് പുറത്തുനിന്നുള്ള 'സംഭാവന'യാണ്. 16ാം നൂറ്റാണ്ടിലെ യൂറോപ്പിൽ മുതലാളിത്തവും കൊളോണിയലിസവും ഒന്നിച്ചു പിറവിയെടുത്തപ്പോൾ മുതൽ ആരംഭിച്ചതാണ് ഭിന്നിപ്പിച്ചു ഭരിക്കുക എന്ന രാഷ്ട്രീയ തന്ത്രം. സനാതന മൂല്യങ്ങളുടെ പരിത്യാഗമാണ് ഈ നയത്തിന്റെ കാതലെന്നും ഒരു സമൂഹം അതിന്റെ പ്രവർത്തനങ്ങളെ നിയന്ത്രിക്കാൻ അത്തരം മൂല്യങ്ങളെ ആശ്രയിക്കാത്തപക്ഷം അതിന്റെ അനിവാര്യഫലം അധികാരത്തിനും വളർച്ചക്കും വേണ്ടിയുള്ള മോഹങ്ങളുടെ രണഭൂമിയാകും ആ സമൂഹം എന്നും മുൻ ഫ്രഞ്ച് കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രകാരനും സ്പെയിനിലെ ഡയലോഗ് സെന്റർ സ്ഥാപകനുമായ റജാ ഗരോഡി ചൂണ്ടിക്കാണിച്ചിട്ടുള്ളത് ശ്രദ്ധേയമത്രെ.
ഭീതിയുടെ സന്തുലിതത്വത്തിന്റെ സ്ഥാനത്ത് നിർഭയത്വത്തിന്റെ സന്തുലിതത്വം പ്രതിഷ്ഠിതമാകുമ്പോൾ മാത്രമേ സമൂഹത്തിൽ സുസ്ഥിര സമാധാനം പുലരുകയുള്ളൂ. ഒരു ഭരണകൂടത്തിനും എപ്പോഴും ജനങ്ങളെ ഭയത്തിന്റെ ചങ്ങലക്കെട്ടുകളിൽ പൂട്ടിക്കെട്ടാൻ സാധിക്കുകയില്ല. ഇന്ത്യ എന്നാൽ നാഗ്പൂരല്ല. നാഗ്പൂരിന് പുറത്തും ജനകോടികൾ വസിക്കുന്ന വിശാലരാജ്യമാണ്. നാഗ്പൂരിന്റെ സങ്കുചിത തത്ത്വശാസ്ത്രമാണ് ഈ ജനകോടികളുടെ മുഴുവൻ മനസ്സിനെ ഭരിക്കുന്നതെന്നത് തെറ്റിദ്ധാരണ മാത്രമാണ്. ഈ തെറ്റിദ്ധാരണ നീക്കണമെങ്കിൽ ഹിന്ദു-മുസ്ലിം സംവാദത്തേക്കാളുപരി യഥാർഥ ഹൈന്ദവതയും ഹിന്ദുത്വ വ്യാജപതിപ്പും തമ്മിലുള്ള സംവാദമാണ് നടക്കേണ്ടത്. 1947-48 കാലത്തെ ഡൽഹി കലാപവേളയിൽ നടന്ന ഗാന്ധിജി-ഗോൾവൾക്കർ കൂടിക്കാഴ്ചയെയും ഗാന്ധിജിയുടെ ആർ.എസ്.എസ് റാലിയിലെ പങ്കാളിത്തത്തെയും കുറിച്ച് ഗാന്ധിജിയുടെ പ്രൈവറ്റ് സെക്രട്ടറി പ്യാരെലാൽ എഴുതിയത് ഇവിടെ ഓർക്കാവുന്നതാണ്:
''മനുഷ്യപ്രകൃതിയിലും സത്യത്തിന്റെ വിമലീകരണ ശക്തിയിലും അതിരറ്റ വിശ്വാസം മൂലം ഏവർക്കും സ്വയം നന്നായിത്തീരാൻ അവസരം നൽകേണ്ടതുണ്ടെന്ന് ഗാന്ധിജി കരുതിയിരുന്നു. ആരോപണങ്ങൾ നിഷേധിച്ചും അക്രമങ്ങളെയും കൊള്ളയെയും അപലപിച്ചും ഒരു പ്രസ്താവനയിറക്കാൻ ഗാന്ധിജി ഗോൾവൾക്കറോട് ആവശ്യപ്പെട്ടു. തങ്ങൾക്കുവേണ്ടി ഗാന്ധിജിക്ക് തന്നെ അത് ചെയ്യാവുന്നതാണെന്ന് പറഞ്ഞുകൊണ്ട് കൗശലപൂർവം ഒഴിഞ്ഞുമാറാനാണ് അവർ ശ്രമിച്ചത്. അവർ പറഞ്ഞത് ആത്മാർഥമായാണെങ്കിൽ അവരുടെതന്നെ വാക്കുകളിലൂടെ ജനങ്ങൾ അതറിയണമെന്ന് ഗാന്ധിജി മറുപടി പറഞ്ഞു. അഭയാർഥി ക്യാമ്പുകളിലെ ആർ.എസ്.എസ് സേവനങ്ങളെയും അവരുടെ അച്ചടക്കത്തെയും ധൈര്യത്തെയും കുറിച്ച് ആരോ പ്രസംഗിച്ചുപറഞ്ഞത് കൂടിക്കാഴ്ചക്കിടയിൽപരാമർശിക്കപ്പെട്ടപ്പോൾ പക്ഷേ, 'ഹിറ്റ് ലറും നാസികളും മുസോളിനിയുടെ ഫാഷിസ്റ്റുകൾപോലും അങ്ങനെയായിരുന്നുവെന്ന് മറക്കരുത് എന്നാണ്' ഗാന്ധിജി അഭിപ്രായപ്പെട്ടത്. ഈ പ്രതികരണം സ്വന്തം ദൗത്യത്തിന്റെ പരാജയം അവരെ ബോധ്യപ്പെടുത്തിയിരിക്കണം.
''റാലിയിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് 'ഹിന്ദുമതം സംഭാവന ചെയ്ത മഹാനായ മനുഷ്യൻ' എന്ന് അവരുടെ നേതാവ് ഗാന്ധിജിയെ വിശേഷിപ്പിച്ചപ്പോൾ, തീർച്ചയായും ഹിന്ദുവായിരിക്കുന്നതിൽ തനിക്ക് അഭിമാനമുണ്ടെന്നും എന്നാൽ, തന്റെ ഹിന്ദുത്വം സഹിഷ്ണുതരഹിതമോ മറ്റുള്ളവരെ അകറ്റിനിർത്തുന്നതോ അല്ലെന്നും മറുപടിയിൽ ഗാന്ധിജി വ്യക്തമാക്കി. ഇസ്ലാം വിരുദ്ധമല്ല തങ്ങളുടെ നയമെന്ന് അവർ ഉറപ്പുനൽകിയതിൽ ഞാൻ സന്തുഷ്ടനാണെന്ന് അദ്ദേഹം പറഞ്ഞു. 'മുസ്ലിം ഹത്യക്കു പിന്നിൽ അവരുടെ സംഘടനയാണെന്ന ആരോപണം ശരിയാണെങ്കിൽ അതിന്റെ അന്ത്യം വളരെ ചീത്തയായിരിക്കുമെന്ന് അദ്ദേഹം അവരെ താക്കീത് ചെയ്തു.'
''തുടർന്ന് നടന്ന ചോദ്യോത്തരവേളയിൽ ഹിന്ദുമതം ദുഷ്ടഹത്യ അനുവദിച്ചതല്ലേ എന്ന ചോദ്യം ഉന്നയിക്കപ്പെട്ടു. അല്ലെങ്കിൽ ഗീത രണ്ടാം അധ്യായത്തിൽ കൗരവരെ വധിക്കാനുള്ള ഭഗവാൻ കൃഷ്ണന്റെ ഉദ്ബോധനം എങ്ങനെ വ്യാഖ്യാനിക്കും? ചോദ്യത്തിന്റെ ആദ്യ ഭാഗത്തിന്റെ ഉത്തരം 'ഉവ്വെ'ന്നും 'അല്ലെ'ന്നുമാണെന്ന് ഗാന്ധിജി പറഞ്ഞു. വധത്തിന്റെ പ്രശ്നത്തിനു മുമ്പ് ആരാണ് ദുഷ്ടനെന്ന് തീരുമാനിക്കാൻ കഴിയുംവധം ഒരാൾ തെറ്റുപറ്റാനാകാത്ത വിധികർത്താവായിരിക്കേണ്ടതുണ്ട്. ഒരു പാപിക്ക് മറ്റൊരു പാപിയെക്കുറിച്ച് വിധി പറയാനും അയാളെ വധിക്കാനുമുള്ള അധികാരം എങ്ങനെ അവകാശപ്പെടാൻ കഴിയും? ചോദ്യത്തിന്റെ രണ്ടാമത്തെ ഭാഗത്തെ സംബന്ധിച്ചാണെങ്കിൽ ഗീത അംഗീകരിച്ച ദുഷ്ടഹത്യ ഒരു നിയമാനുസൃത ഗവൺമെന്റിന് മാത്രം പ്രയോഗിക്കാവുന്ന അവകാശമാണ്. നിങ്ങൾ വിധികർത്താക്കളും വധശിക്ഷ നടപ്പാക്കുന്നവരുമാവുകയാണെങ്കിൽ സർദാറും പണ്ഡിറ്റ് നെഹ്റുവും അധികാരമില്ലാത്തവരായി മാറും. അവർ രാഷ്ട്രത്തെ സേവിക്കാൻ യത്നിക്കുന്നവരാണ്. നിങ്ങളെ സേവിക്കാൻ അവർക്ക് അവസരം നൽകുക. നിയമം കൈയിലെടുത്ത് അവരുടെ ശ്രമങ്ങളെ തകർക്കാതിരിക്കുക?'' (മഹാത്മാ ഗാന്ധി: ദി ലാസ്റ്റ് ഫെയ്സ്, പേ: 440-41, പ്യാരെലാൽ).
നഗ്നമായ നിയമബലാത്സംഗത്തിന്റെയും അപരവിദ്വേഷത്തിന്റെയും അധാർമിക രാഷ്ട്രീയം താണ്ഡവമാടുന്ന ഈ കാലത്ത് ഗാന്ധി ശിഷ്യന്മാരോ ഹൈന്ദവ ആധ്യാത്മിക പുരുഷന്മാരോ ഗാന്ധിജി മുമ്പ് ഏറ്റെടുത്ത ദൗത്യം ഏറ്റെടുക്കാൻ മുന്നോട്ട് വരുമോ എന്നതാണ് ചോദ്യം.
ആക്രമണോത്സുകമായ ഉന്മാദ ശേീയത്വത്തിന് ഒരു പ്രതിയോഗിയെ സങ്കൽപിച്ചല്ലാതെ വളരാൻ കഴിയുകയില്ല. സ്വയം തെരഞ്ഞെടുക്കാനാകാത്ത ജനനം എന്ന യുക്തിരഹിതമായ പ്രത്യയശാസ്ത്രമാണ് അതിന്റെ അടിത്തറ. ഈ പ്രത്യയശാസ്ത്ര മിഥ്യക്ക് മനുഷ്യൻ എന്ന സമഗ്രസത്തയെ ഉൾക്കൊള്ളാൻ കഴിയുകയില്ല. ഇതിനെ നൈസർഗികമായ ദേശസ്നേഹത്തിൽനിന്ന് വേർതിരിച്ചുകാണണം. ദേശസ്നേഹത്തിന്റെ നൈസർഗികതാളം തെറ്റി ഹിസ്റ്റീരിയയായി മാറുമ്പോൾ ചരിത്രത്തിന് ഹിംസയുടെ ബാഹുക്കൾ മുളക്കുകയും വികലമായ ചരിത്രവീക്ഷണം ഉടലെടുക്കുകയും ചെയ്യുന്നു. കഴിഞ്ഞ കാലത് നടന്ന എല്ലാ യുദ്ധങ്ങൾക്കും മതത്തിന്റെ നിറം നൽകപ്പെടുന്നത് അങ്ങനെയാണ്. ''രാഷ്ട്രം ചരിത്രത്തിന്റെ അടിമയാവാതെ യജമാനനായിരിക്കണം'' എന്ന് പറഞ്ഞത് മറ്റാരുമല്ല, ഹിന്ദുത്വ ഗുരുവായ സവർക്കർ തന്നെയാണ്:
''ശിവജിയുടെ കാലത്ത് മുഹമ്മദീയരോടുള്ള വിദ്വേഷവികാരങ്ങൾക്ക് പ്രസക്തിയുണ്ടായിരുന്നു. പക്ഷേ, അതേ വികാരം ഇന്നും വളർത്തുന്നത് അന്യായവും വങ്കത്തവുമാണ്'' (സവർക്കർ, 'ദി ഇന്ത്യൻ വാർ ഓഫ് ഇൻഡിപെൻഡൻസ്, പേ: 8-9).
ഭരണകൂടത്താൽ അടിച്ചമർത്തപ്പെടുന്നവർ അത്തരമൊരു ഭരണകൂടവുമായി ആശയവിനിമയത്തിന് മുന്നോട്ടുവരുമ്പോൾ തെറ്റിദ്ധരിക്കപ്പെടാൻ പല സാധ്യതകളുമുണ്ട്. അത് ഭരണകൂടത്തിൽനിന്ന് ആനുകൂല്യങ്ങൾ നേടിയെടുക്കാനാണെന്ന് പ്രചരിപ്പിക്കപ്പെടാം. ഭരണകൂടംതന്നെ അതിനെ രാഷ്ട്രീയ മുതലെടുക്കാം. അതുകൊണ്ടാണ് കൃത്രിമ ഹിന്ദുത്വവും യഥാർഥ ഹൈന്ദവതയും തമ്മിലുള്ള സംവാദമാണ് ഇപ്പോൾ നടക്കേണ്ടതെന്ന് പറഞ്ഞത്. എന്നാൽ, ഹിന്ദുത്വ പരിവാറിന് പുറത്തുള്ള വിശാല ഹൈന്ദവ സമൂഹവും മുസ്ലിം സമൂഹവും തമ്മിലുള്ള സംവാദത്തിന് അത് തടസ്സമാകേണ്ടതുമില്ല. സംവാദത്തിൽ ഏർപ്പെടുന്നവർ പരസ്പരം പഠിക്കാനുണ്ട് എന്ന ബോധ്യത്തോടെയായിരിക്കണം അതിൽ വ്യാപൃതരാകേണ്ടത്. അപ്പോൾ മാത്രമാണ് യഥാർഥ സംവാദം സാധ്യമാവുക. പുരാതനകാലം മുതൽക്കേ ഇന്ത്യയിൽ സംസ്കാരങ്ങൾ തമ്മിൽ അത്തരം സംവാദങ്ങൾ നടന്നിട്ടുണ്ട്. ഹിന്ദുകുഷ് പർവതനിരകൾ കടന്നുവന്ന ആര്യന്മാരും സിന്ധു നദീതടവാസികളും തമ്മിലുള്ള സാംസ്കാരിക വിനിമയത്തിന്റെ ശേഷിപ്പുകൾ ഇന്നും മോഹൻജൊദാരോവിൽ കാണാം. തെക്കോട്ട് നീങ്ങിയ അവർ ദ്രാവിഡന്മാരുമായും കൂടിക്കലർന്നു. പിൽക്കാലത്ത് കടന്നുവന്ന മുസ്ലിംകളും പാശ്ചാത്യ സാമ്രാജ്യ ശക്തികൾ ചെയ്തപോലെ ഇവിടത്തെ സമ്പത്ത് പുറത്തേക്ക് കൊള്ളയടിച്ചു കൊണ്ടുപോവുകയല്ല, ഈ മണ്ണിനോട് അലിഞ്ഞുചേർന്ന് ഇവിടത്തെ സംസ്കാരം സമ്പന്നമാക്കാനാണ് ശ്രമിച്ചത്. ഉൾക്കൊള്ളുക എന്നതായിരുന്നു എന്നും ഇവിടത്തെ സംസ്കാരം; പുറന്തള്ളുക എന്നതായിരുന്നില്ല. അശോക ചക്രവർത്തിയുടെ പന്ത്രണ്ടാം സ്മാരകഫലകത്തിലെ ശാസനകളിൽ ഇങ്ങനെ കാണാം:
''ചക്രവർത്തി സകല മതവിശ്വാസങ്ങളെയും ബഹുമാനിക്കണം. എല്ലാ മതങ്ങളുടെയും പവിത്രഗ്രന്ഥങ്ങൾ എന്റെ സംരക്ഷണത്തിലായിരിക്കും.''
ഇതാണ് ഇന്ത്യ. ഈ ഇന്ത്യയെ വീണ്ടെടുക്കാനായിരിക്കണം ഏത് സംവാദവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.