തെന്നിന്ത്യൻ ഭാഷാചിത്രങ്ങളിൽ ഛായാഗ്രാഹകനായിരുന്ന എൻ. പ്രകാശ് സ്വന്തമായി ആരംഭിച്ച ചിത്രനിർമാണക്കമ്പനിയാണ് മൂവീ ക്രാഫ്റ്റ്. രണ്ടു കൊലപാതകങ്ങൾക്കു ചുറ്റും നെയ്തെടുത്ത ഒരു കഥയാണ് മൂവീ ക്രാഫ്റ്റ് നിർമിച്ച പ്രഥമസിനിമയായ 'ജീവിക്കാൻ അനുവദിക്കൂ' എന്നതിന് ആധാരം. ജഗതി എൻ.കെ. ആചാരി സംഭാഷണവും പി. ഭാസ്കരൻ ഗാനങ്ങളും എഴുതിയ ഈ ചിത്രത്തിലൂടെ കന്നട സിനിമയിലെ പ്രശസ്ത സംഗീത സംവിധായകനായ വിജയഭാസ്കർ മലയാള സിനിമാവേദിയിൽ പ്രവേശിച്ചു. നടനും നിർമാതാവുമായ...
തെന്നിന്ത്യൻ ഭാഷാചിത്രങ്ങളിൽ ഛായാഗ്രാഹകനായിരുന്ന എൻ. പ്രകാശ് സ്വന്തമായി ആരംഭിച്ച ചിത്രനിർമാണക്കമ്പനിയാണ് മൂവീ ക്രാഫ്റ്റ്. രണ്ടു കൊലപാതകങ്ങൾക്കു ചുറ്റും നെയ്തെടുത്ത ഒരു കഥയാണ് മൂവീ ക്രാഫ്റ്റ് നിർമിച്ച പ്രഥമസിനിമയായ 'ജീവിക്കാൻ അനുവദിക്കൂ' എന്നതിന് ആധാരം. ജഗതി എൻ.കെ. ആചാരി സംഭാഷണവും പി. ഭാസ്കരൻ ഗാനങ്ങളും എഴുതിയ ഈ ചിത്രത്തിലൂടെ കന്നട സിനിമയിലെ പ്രശസ്ത സംഗീത സംവിധായകനായ വിജയഭാസ്കർ മലയാള സിനിമാവേദിയിൽ പ്രവേശിച്ചു. നടനും നിർമാതാവുമായ പി.എ. തോമസ് ഈ ചിത്രം സംവിധാനംചെയ്തു. പ്രേംനസീർ, ഉഷാകുമാരി, ടി.എസ്. മുത്തയ്യ, കൊട്ടാരക്കര ശ്രീധരൻ നായർ, അടൂർ ഭാസി, ടി.കെ. ബാലചന്ദ്രൻ, ടി.ആർ. ഓമന, മീന തുടങ്ങിയവർ അഭിനയിച്ചു. പി. ഭാസ്കരൻ എഴുതി വിജയഭാസ്കർ ഈണം നൽകിയ അഞ്ചു പാട്ടുകൾ പാടിയത് യേശുദാസ്, പി.ബി. ശ്രീനിവാസ്, എസ്. ജാനകി, ബി. വസന്ത, എൽ.ആർ. ഈശ്വരി, പട്ടം സദൻ എന്നിവരാണ്. യേശുദാസ് പാടിയ ''പിറന്നപ്പോൾ സ്വയം പൊട്ടിക്കരഞ്ഞുവല്ലോ -ഇന്ന് പിരിയുമ്പോൾ അന്യരെ കരയിക്കുന്നോ നരജന്മനാടകത്തിലാദ്യന്തം ഇടയ്ക്കിടെ/ മുഴങ്ങുന്ന പല്ലവി കരച്ചിൽ മാത്രം.../ സുഖമെന്ന മരുപ്പച്ചയെവിടെ -എവിടെ...'' എന്ന് തുടങ്ങുന്ന ഗാനം രചനയിലും സംഗീതത്തിലും ഉയർന്നുനിന്നു. ''വിധിയെന്ന ചതുരംഗ കളിക്കാരൻ/പതിവായി കളിയാടാനിരിക്കുന്നു/സുഖദുഃഖക്കള്ളികളിലിടയ്ക്കിടെ മനുഷ്യരെ/നിരത്തുന്നു, നീക്കുന്നു വെട്ടിമാറ്റുന്നു'' എന്നിങ്ങനെ തുടരുന്ന ഈ പാട്ട് പി. ഭാസ്കരന്റെ തത്ത്വചിന്താപരമായ ഗാനങ്ങളുടെ കൂട്ടത്തിൽ ഉയർന്നുനിൽക്കുന്നു. യേശുദാസും ബി. വസന്തവും ചേർന്നു പാടിയ ''നിലാവിന്റെ നീന്തൽപുഴയിൽ നീന്തിനീന്തി വന്നവളേ/നീർക്കുന്നം കടപ്പുറത്ത്/ നിന്നെ കാത്തെൻ കണ്ണ് കഴച്ചല്ലോ..!'' എന്ന പാട്ടും ബി. വസന്ത തനിച്ചു പാടിയ ''സുഗന്ധമൊഴുകും സുരഭീമാസം/ വസന്തമോഹനയമുനാതീരം/മുകുന്ദനൂതും മുരളീഗാനം/അനന്തലഹരിയിൽ ആടുക രാധേ...'' എന്ന ഗാനവും ശ്രവണസുഖം പകരുന്നതായിരുന്നു. പി.ബി. ശ്രീനിവാസും എസ്. ജാനകിയും ചേർന്നാണ് ചിത്രത്തിലെ വ്യത്യസ്തതയുള്ള ഈ യുഗ്മഗാനം ആലപിച്ചത്. ''ഞാനവിടെയേൽപിക്കുന്നു/ പ്രാണസഖീയെൻ ഹൃദയം/ഞാനവിടെയേൽപിക്കുന്നു / മധുരചിന്താമണിസദനം.../ഞാനവിടെയെന്നുമെന്നും/രാഗപൂജ ചെയ്യുമല്ലോ/ഗാനസാന്ദ്ര സങ്കൽപങ്ങൾ/ അമൃതധാര പെയ്യുമല്ലോ.../ജീവിതവിശാലവീഥി/താണ്ടുമൊരു ശുഭദിവസം /ഈ വഴി നാം കണ്ടുമുട്ടി/സുന്ദരമൊരു ലഘുനിമിഷം അന്നു തന്നെ ഞാനറിഞ്ഞു പ്രേമമേകും ഹൃദയഭാരം/അന്നു തന്നെ വിരഹതാപം/ഞാനറിഞ്ഞു പിരിയും നേരം...'' ഇങ്ങനെ മധുരവാഹിനിയായൊഴുകുന്ന ഗാനം. എന്നാൽ, ചിത്രത്തിൽ യേശുദാസും പട്ടം സദനും ചേർന്നു പാടിയ ഒരു ഹാസ്യഗാനമാണ് ഹിറ്റ് ചാർട്ടിൽ ഒന്നാം സ്ഥാനത്തെത്തിയത് എന്നത് അത്ഭുതമുളവാക്കുന്ന സത്യം. ആ തമാശപ്പാട്ട് ഇതാണ്. ''അരപ്പിരിയിളകിയതാർക്കാണ്/എനിക്കല്ല നിനക്കല്ല എല്ലാർക്കും എല്ലാർക്കും പിരിയിളക്കം/പാരിൽ നടക്കുന്നു രാവും പകലും പണമെന്ന മൂർത്തിക്കു പൂജ/പാമരനാട്ടെ പണ്ഡിതനാട്ടെ/പണമാണെല്ലാർക്കും രാജാ/കാലിൽ നടന്നും കാറിലിരുന്നും/കാലത്തു തൊട്ടേ നെട്ടോട്ടം/പണമാം മുന്തിരി കൊടുത്താൽ കാണാം/മനുഷ്യക്കുരങ്ങിൻ ചാട്ടം.'' എന്തുകൊണ്ട് ഈ ഹാസ്യഗാനം സൂപ്പർഹിറ്റ് ആയി? അതിൽ വെറും ഹാസ്യം മാത്രമല്ല ഉള്ളത് . അതു സിനിമാസംഗീതരംഗത്തെ മറ്റൊരു തമാശ; ജനഹിതം എന്നും അനിർവചനീയം!
എം.ടി. വാസുദേവൻ നായരുടെ 'ഇരുട്ടിന്റെ ആത്മാവ്' എന്ന ചെറുകഥയെ അടിസ്ഥാനമാക്കി പി. ഭാസ്കരൻ സംവിധാനംചെയ്ത ചിത്രം സിനിമ എന്ന മാധ്യമത്തെ സ്നേഹിക്കുന്ന ഏതു മലയാളിക്കും തികഞ്ഞ അഭിമാനത്തോടെ മനസ്സിലേറ്റാവുന്ന ഉൽകൃഷ്ട കലാസൃഷ്ടിയാണ്. പി.ഐ.എം. കാസിം ആണ് ഈ ചിത്രം നിർമിച്ചത്. കഥയിലെ പ്രധാന കഥാപാത്രമായ വേലായുധന്റെ വേഷത്തിൽ അത്യുജ്ജ്വലമായ അഭിനയമാണ് പ്രേംനസീർ കാഴ്ചവെച്ചത്. നായികയായി അഭിനയിച്ച ശാരദയുടെ അഭിനയവും വളരെ മികച്ചതായിരുന്നു. 'ചെമ്മീൻ' എന്ന സിനിമക്കു ശേഷം മലയാളസിനിമക്ക് ഒരു സ്വർണമെഡൽ നേടാൻ തികച്ചും അർഹതയുള്ള ചിത്രമായിരുന്നു 'ഇരുട്ടിന്റെ ആത്മാവ്'. കേന്ദ്ര അവാർഡ് ജൂറിയുടെ അവസാന തെരഞ്ഞെടുപ്പിൽ ആ ചിത്രം രണ്ടാം സ്ഥാനത്തേക്ക് തള്ളപ്പെടുകയാണുണ്ടായത്. ആ വർഷം ഒന്നാം സ്ഥാനത്തെത്തിയ ചിത്രത്തിനുവേണ്ടി ഉത്തരേന്ത്യൻ ലോബി നടത്തിയ തീവ്രമായ ഇടപെടലുകൾ നിമിത്തമാണ് ഇങ്ങനെ സംഭവിച്ചത് എന്ന കാര്യം പരസ്യമായ രഹസ്യമാണ്. ബുദ്ധിജീവികളുടെ ദയാശൂന്യമായ മുൻവിധി മൂലമാണ് പ്രേംനസീറിന് മികച്ച നടനുള്ള പുരസ്കാരം ലഭിക്കാതെ പോയത്. ഏതായാലും ഇരുട്ടിന്റെ ആത്മാവ് തികച്ചും അപൂർവമായ അനുഭവം പ്രേക്ഷകനിലേക്കു പകരുന്ന സിനിമതന്നെയാണ്. അതിലെ ഗാനങ്ങളെല്ലാംതന്നെ വളരെ ഉയർന്ന നിലവാരം പുലർത്തി. പി. ഭാസ്കരൻ-ബാബുരാജ് കൂട്ടുകെട്ടിന്റെ ഔന്നത്യം മുഴുവൻ നിറഞ്ഞുതുളുമ്പുന്ന ഗാനങ്ങളാണ് ഓരോന്നും. കഥയുടെ ആത്മാവുമായി ലയിച്ചുചേരുന്ന രണ്ടു ഉജ്ജ്വലഗാനങ്ങൾ ഈ സിനിമക്കുവേണ്ടി പി. ഭാസ്കരൻ എഴുതി. സംഗീതപ്രേമികൾക്കും കാവ്യാസ്വാദകർക്കും ഒരിക്കലും മറക്കാൻ കഴിയാത്ത അനശ്വര ഗാനങ്ങൾ.
ഒന്ന്, ''ഇരു കണ്ണീർത്തുള്ളികൾ ഒരു സുന്ദരിയുടെ/കരിമിഴികളിൽവെച്ചു കണ്ടുമുട്ടി/കണ്ടുമുട്ടി അവർ കണ്ടുമുട്ടി -പിന്നെ/കണ്ടുവന്ന സ്വപ്നത്തിൻ കഥ ചൊല്ലി/താമരപ്പൊയ്കയിലെ അരയന്നങ്ങളെ പോലെ/പ്രേമത്താൽ പരസ്പരം കൈ നീട്ടി.'' തികച്ചും ഉജ്ജ്വലമെന്നും അപൂർവമെന്നും പറയാവുന്ന കാവ്യബിംബങ്ങൾ 'ഇരുട്ടിന്റെ ആത്മാവി'ലെ വേലായുധന്റെയും അവൻ ഇഷ്ടപ്പെടുന്ന അമ്മുക്കുട്ടിയുടെയും മനസ്സുകളുടെ ഇഴയടുപ്പം നമുക്ക് കാട്ടിത്തരുന്നു. ''അടുക്കുവാനാവർക്കെന്നും കഴിഞ്ഞില്ല/അകാലത്താണകാലത്താണിരുപേരും /കവിളിലേക്കൊഴുകുമ്പോൾ ഒരുമിക്കാമെന്നോർത്തു/കരളിൽ പ്രതീക്ഷയുമായ് യാത്ര തുടർന്നു....*/ അടുത്തതില്ല അവർ അടുത്തതില്ല -ഒരു / നെടുവീർപ്പിൻ കൊടുങ്കാറ്റിൽ പിരിഞ്ഞുപോയി. മരണത്തിൻ ഭീകര മരുഭൂവിൽ വീണു രണ്ടു/മഴത്തുള്ളി പോലെയവർ തകർന്നു പോയി...''
'ഇരുട്ടിന്റെ ആത്മാവ്' എന്ന കഥയിലെ വേലായുധനും അമ്മുക്കുട്ടിയും തമ്മിലുള്ള ബന്ധത്തിന്റെ ദൈന്യതയും തോൽവിയും ഈ ഒരൊറ്റ ഗാനത്തിലൂടെ പി. ഭാസ്കരൻ അസാമാന്യമായ വാങ്മയശോഭയോടെ പറഞ്ഞുവെച്ചിരിക്കുന്നു.
രണ്ട്, ''ഈറനുടുത്തുംകൊണ്ടമ്പലം ചുറ്റുന്ന/ഹേമന്തരാവിലെ വെണ്മുകിലേ/കണ്ണീരിൽ മുങ്ങിയൊരെൻ കൊച്ചുകിനാവുകൾ/എന്തിനീ ശ്രീകോവിൽ ചുറ്റിടുന്നു -വൃഥാ/ എന്തിനീ ദേവനെ കൈ കൂപ്പുന്നു'' എന്ന ഗാനം അമ്മുക്കുട്ടി എന്ന കഥാപാത്രത്തിന്റെ മനസ്സും അവസ്ഥയും വെളിവാക്കുന്നു. ''കൊട്ടിയടച്ചോരീ കോവിലിൻ മുന്നിൽ ഞാൻ/പൊട്ടിക്കരഞ്ഞിട്ടു നിന്നാലും/വാടാത്ത പ്രതീക്ഷ തൻ വാസന്തിപ്പൂമാല വാങ്ങുവാൻ ആരാരും അണയില്ലല്ലോ...'' ഈ ചിത്രത്തിലെ നാല് പാട്ടുകളും പാടിയത് എസ്. ജാനകിയാണ്. എല്ലാം ഒന്നിനൊന്നു മെച്ചം. ''വാകച്ചാർത്തു കഴിഞ്ഞൊരു ദേവന്റെ/മോഹനമലർമേനി കണി കാണണം/കണി കാണണം കണ്ണാ കണി കാണണം / കമനീയമുഖപത്മം കണികാണണം'' എന്ന പ്രാർഥനാ ഗാനവും ജനപ്രീതി നേടി. എസ്. ജാനകിതന്നെ പാടിയ നാലാമത്തെ ഗാനം ഇങ്ങനെയാണ്. ''അമ്പാടിക്കണ്ണന് മാമ്പഴം തോണ്ടും/അണ്ണാറക്കണ്ണാ മുറിവാലാ/അത്തം നാളിൽ പായസം വെക്കാൻ/ഇത്തിരി പുന്നെല്ലു കൊണ്ടുവായോ...'' ഇങ്ങനെ നാലു പാട്ടുകളും ഹൃദയത്തെ സ്പർശിക്കുന്നവയായി. പ്രേംനസീർ, ശാരദ എന്നിവരെ കൂടാതെ തിക്കുറിശ്ശി, പി.ജെ. ആന്റണി, ടി.എസ്. മുത്തയ്യ, എം.എസ്. നമ്പൂതിരി, ബാലാജി, ശങ്കരാടി, ഉഷാകുമാരി, ശാന്താദേവി തുടങ്ങിയവരും അഭിനയിച്ച 'ഇരുട്ടിന്റെ ആത്മാവ്' 1967 മാർച്ച് രണ്ടിനാണ് തിയറ്ററുകളിൽ എത്തിയത്. തൊട്ടടുത്ത ദിവസംതന്നെ -അതായത് 1967 മാർച്ച് മൂന്നാം തീയതി. 'ശീലാവതി' എന്ന സിനിമയും പുറത്തുവന്നു. പതിവ്രതാരത്നമായി വാഴ്ത്തപ്പെടുന്ന ആ പഴയ ശീലാവതിയുടെ കഥതന്നെ, കെ.ആർ. വിജയയാണ് ശീലാവതിയായി വന്നത്, നായകൻ ഉഗ്രതപസ്സിന്റെ വേഷത്തിൽ സത്യനും. അത്രി മഹർഷിയായി പി.ജെ. ആന്റണി അഭിനയിച്ചു. എസ്.പി. പിള്ള, കോട്ടയം ചെല്ലപ്പൻ, ഉഷാകുമാരി, വിജയലളിത, ടി.ആർ. ഓമന തുടങ്ങിയവർ മറ്റു വേഷങ്ങൾ ചെയ്തു. പി.ബി. ഉണ്ണി ചിത്രം സംവിധാനംചെയ്തു. പി. ഭാസ്കരൻ എഴുതിയ ഒമ്പതു ഗാനങ്ങൾക്കു സംഗീതം പകർന്നത് ജി. ദേവരാജനാണ്. ചിത്രത്തിലെ ചില പാട്ടുകൾ ഹിറ്റുകളായി. യേശുദാസും പി. സുശീലയും പാടിയ ''വൽക്കലമൂരിയ വസന്തയാമിനി'' എന്ന് തുടങ്ങുന്ന യുഗ്മഗാനമാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. ''വൽക്കലമൂരിയ വസന്തയാമിനി/വാകമരച്ചോട്ടിൽ ഉറക്കമായി/ വാകമരച്ചോട്ടിൽ ഉറക്കമായി.../പുഷ്പബാണൻ ശരമുണ്ടാക്കാൻ/പൂവുകൾ നുള്ളും പുഴക്കരയിൽ/മരതകപ്പുല്ലിൽ നിൻ മടിയിൽ മുഖം ചേർത്ത്/ മയങ്ങിമയങ്ങിയൊന്നു കിടന്നോട്ടെ ഞാൻ...'' എന്നിങ്ങനെ തുടരുന്ന ഈ പ്രേമഗാനത്തിലെ എല്ലാ വരികളും മികച്ചവ തന്നെ. യേശുദാസ് പാടിയ ''ചിരിച്ചുകൊണ്ടോടിനടക്കും ശരത്കാലചന്ദ്രികേ/കൂട്ടിലുറങ്ങുമെൻ പ്രേമചകോരിക്കു/കുളിരണി മഞ്ചമൊരുക്കാമോ...'' എന്ന ഗാനവും നിലവാരമുള്ളതാണ്. എസ്. ജാനകി പാടിയ ''ഉത്തരീയം വേണ്ടപോലെ ഉടുത്തില്ല/കാലിൽ മുത്തണിച്ചിലങ്ക കെട്ടിക്കഴിഞ്ഞില്ല/കഞ്ചുകം ഞാനണിഞ്ഞില്ല കണ്മുനയെഴുതിയില്ല/കഞ്ജബാണനപ്പോഴേക്കും കടന്നുവന്നു'' എന്ന ഗാനവും എസ്. ജാനകിയും സംഘവും പാടിയ ''സുരഭീമാസം വന്നല്ലോ കുടകപ്പാലകൾ പൂത്തല്ലോ/ആശ്രമരമണികൾ നാമൊന്നായി കൂടുക വസന്തലീലകളിൽ എന്ന പാട്ടും മോശമായില്ല. പി. സുശീല പാടിയ പ്രാർഥനാ ഗാനവും നന്നായി. ''മതിമതി ജനനീ പരീക്ഷണം -ഇനി/ മതിയീ നാടകനിരീക്ഷണം'' എന്ന് തുടങ്ങുന്നു ഈ പാട്ട്. എസ്. ജാനകിയും സംഘവും പാടിയ ''സുരഭീമാസം വന്നല്ലോ/കുടകപ്പാലകൾ പൂത്തല്ലോ/ ആശ്രമരമണികൾ നാമൊന്നായി/കൂടുക വസന്തലീലകളിൽ'', എസ്. ജാനകിയും പി. ജയചന്ദ്രനും സംഘവും പാടിയ ''കാർത്തികമണിദീപമാലകളേ /കാറ്റത്ത് നൃത്തം വെക്കും ജ്വാലകളേ സുന്ദരകാനനസദനത്തെ വെളിച്ചത്തിൽ നന്ദനമലർ വനമാക്കിയല്ലോ'', യേശുദാസും പി.ബി. ശ്രീനിവാസും ദേവരാജനും ചേർന്നു പാടിയ ''ഓം സരസ്വതീം നമാമി ചരണാംബുജം/സർവ വിദ്യാധരി ദേവി/ സർവാലങ്കാരഭൂഷിണി /ഓംകാരരൂപിണി വാണി/നമാമി നമാമി ചരണാംബുജം/വാണീ വരവാണീ- /മണിവീണാധരീ സരസ്വതീ'', പി. സുശീല പാടിയ ''മഹേശ്വരീ/ വന്നതും വരുന്നതും നിന്നാജ്ഞയാലല്ലോ/ആദിപരാശക്തി ജ്യോതിസ്വരൂപിണി / ആപൽബാന്ധവി മഹേശ്വരീ'', എസ്. ജാനകി പാടിയ ''മുറ്റത്ത് പ്രത്യുഷ ദീപം കൊളുത്തുന്ന/ മുഗ്ധയാം വാസന്തമന്ദാരമേ/ആരാധനക്കായി കൈത്തിരി നീട്ടുന്ന/നേരത്തും കൈകൾ വിറക്കുന്നുവോ..? '' എന്നീ ഗാനങ്ങളും 'ശീലാവതി' എന്ന ചിത്രത്തിൽ ഉണ്ടായിരുന്നു. പുരാണചിത്രമാണ് എന്ന സത്യം മനസ്സിൽ കണ്ടുകൊണ്ടാണ് പി. ഭാസ്കരൻ ഓരോ വരിയും എഴുതിയത്. അതേ ഉൾക്കാഴ്ചയോടെ ദേവരാജൻ ആ വരികൾ ചിട്ടപ്പെടുത്തുകയുംചെയ്തു. ഒമ്പതു പാട്ടുകളിൽ നാല് പാട്ടുകൾ ജനപ്രീതി നേടിയിട്ടും വലിയ താരനിര ഉണ്ടായിട്ടും 'ശീലാവതി' എന്ന പുരാണചിത്രം ഒരു ശരാശരിവിജയം മാത്രമേ നേടിയുള്ളൂ. ശീലാവതി എന്ന പുരാണകഥ സംഭവബഹുലമല്ല; അത് ഒരു നേർരേഖയിൽ സഞ്ചരിക്കുന്നതാണ്. ഒരുപക്ഷേ അതുകൊണ്ടാവാം 'ഹരിശ്ചന്ദ്ര' പോലെയോ 'ഭക്തകുചേല' പോലെയോ 'ശകുന്തള' പോലെയോ ശീലാവതി വിജയിക്കാതിരുന്നത്. പ്രേം ആൻഡ് ബാലാജി മൂവീസിന്റെ പേരിൽ പ്രശസ്ത നടനായ പ്രേംനവാസ് അവതരിപ്പിച്ച സിനിമയാണ് 'അഗ്നിപുത്രി'. എസ്.എൽ. പുരം സദാനന്ദൻ രചിച്ച പ്രശസ്ത നാടകത്തിന്റെ ചലച്ചിത്രഭാഷ്യമായിരുന്നു ഈ ചിത്രം. 1967 മാർച്ച് 18ന് 'അഗ്നിപുത്രി' തിയറ്ററുകളിലെത്തി. കലാപരമായും വാണിജ്യപരമായും വിജയിച്ച സിനിമയാണ് 'അഗ്നിപുത്രി'. കലാമൂല്യമുള്ള സിനിമകളും കമേഴ്സ്യൽ സിനിമകളും സംവിധാനംചെയ്യാൻ ഒരുപോലെ കഴിവുള്ള മികച്ച ചലച്ചിത്രകാരനായ എം.കൃഷ്ണൻ നായരാണ് 'അഗ്നിപുത്രി' സംവിധാനംചെയ്തത്. കേന്ദ്ര കഥാപാത്രമായ സിന്ധു എന്ന അഭിസാരികയുടെ വേഷത്തിൽ ഷീല തകർത്തഭിനയിച്ച ഈ ചിത്രത്തിൽ പ്രേംനസീർ, ടി.എസ്. മുത്തയ്യ, ടി.കെ. ബാലചന്ദ്രൻ, അടൂർ ഭാസി, ബഹദൂർ, ആറന്മുള പൊന്നമ്മ, ടി.ആർ. ഓമന, മീന, ബേബി ഉഷ തുടങ്ങിയവരും ഉണ്ടായിരുന്നു ('അഗ്നിപുത്രി'യിൽ ബാലതാരമായി പ്രത്യക്ഷപ്പെട്ട ബേബി ഉഷയാണ് പിൽക്കാലത്ത് ഉഷാറാണി എന്ന നടിയായി വിവിധ സിനിമകളിൽ അഭിനയിക്കുകയും തന്നെക്കാൾ വളരെ പ്രായക്കൂടുതലുള്ള സംവിധായകൻ എൻ. ശങ്കരൻ നായരെ വിവാഹം കഴിച്ച് വിജയകരമായ ദാമ്പത്യജീവിതം നയിച്ചതും).
വയലാർ എഴുതി എം.എസ്. ബാബുരാജ് സംഗീതം പകർന്ന് പി. സുശീല പാടി അനശ്വരമാക്കിയ ''കണ്ണു തുറക്കാത്ത ദൈവങ്ങളേ...'' എന്ന ഗാനം ഈ സിനിമയിലാണുള്ളത്. പി. ജയചന്ദ്രൻ പാടിയ ''ഇനിയും പുഴയൊഴുകും...'' എന്ന പാട്ടും ഈ ചിത്രത്തിന്റെ ഭാഗമാണ്. മലയാള സിനിമയിൽ പി. സുശീല പാടിയ ഗാനങ്ങളിൽ ഒന്നാംനിരയിൽ നിൽക്കുന്നു, ''കണ്ണു തുറക്കാത്ത ദൈവങ്ങളേ...'' എന്ന കാവ്യസുന്ദരഗാനം. ''കണ്ണുതുറക്കാത്ത ദൈവങ്ങളേ/കരയാനറിയാത്ത/ ചിരിക്കാനറിയാത്ത/കളിമൺ പ്രതിമകളേ /മറക്കൂ നിങ്ങളീ ദേവദാസിയെ /മറക്കൂ...മറക്കൂ...'' എന്ന ഗാനത്തിലൂടെ അഭിസാരികയായി ജീവിക്കാൻ നിർബന്ധിതയായ ഒരു സ്ത്രീയുടെ മാനസികവ്യഥ അതീവസൂക്ഷ്മതയോടെ വയലാർ അനാവരണംചെയ്യുന്നു. ''ആയിരമായിരം അന്തഃപുരങ്ങളിൽ/ആരാധിച്ചവൾ ഞാൻ -നിങ്ങളെ/ ആരാധിച്ചവൾ ഞാൻ.../നിങ്ങളൊരിക്കൽ ചൂടിയേറിഞ്ഞൊരു/നിശാഗന്ധിയാണു ഞാൻ/കർപ്പൂരനാളമായ് നിങ്ങൾ തൻ മുന്നിൽ/കത്തിയെരിഞ്ഞവൾ ഞാൻ-ഒരുനാൾ/കത്തിയെരിഞ്ഞവൾ ഞാൻ/കണ്ണീരിൽ മുങ്ങിയ തുളസിക്കതിരായ്/കാൽക്കൽ വീണവൾ ഞാൻ...''
വരികളിലെ വികാരം തെല്ലും ചോർന്നുപോകാതെ ശ്രോതാക്കളുടെ ഹൃദയം കവരുന്ന ഈണം പകർന്ന് എം.എസ്. ബാബുരാജ് ഈ ഗാനത്തെ തികച്ചും ഉദാത്തമായ മേഖലയിലേക്ക് ഉയർത്തിയിരിക്കുന്നു. ജയചന്ദ്രൻ പാടിയ ''ഇനിയും പുഴയൊഴുകും'' എന്ന ഗാനമാകട്ടെ, തകർച്ചയുടെ നോവിലും ശുഭാപ്തിവിശ്വാസം പകരുന്ന പാട്ടാണ്.
''ഇനിയും പുഴയൊഴുകും -ഇതുവഴി/ഇനിയും കുളിർകാറ്റോടിവരും/ ഒഴുക്കിനെതിരെ ഓളങ്ങൾക്കെതിരെ / ഉയരുന്ന മൺചിറകൾ തകരും/മൺ മറഞ്ഞ യുഗങ്ങൾ തൻ മന്ത്രവാദപ്പുരകൾ/മറ്റൊരു കൊടുങ്കാറ്റിൽ തകരും...''
ഏറ്റവുമധികം ജനപ്രീതി നേടിയ ഗാനങ്ങൾ ഇവ രണ്ടുമായിരുന്നെങ്കിലും 'അഗ്നിപുത്രി'യിലെ മറ്റു മൂന്നു പാട്ടുകളും ഒട്ടും മോശമായിരുന്നില്ല. കഥാനായികയായ ഷീല പാടുന്ന എല്ലാ പാട്ടുകൾക്കും ശബ്ദം നൽകിയത് പി. സുശീലയാണ്. ''കിളികിളി പരുന്തിന് കൃഷ്ണപ്പരുന്തിന്/കടലിൽനിന്നൊരു ചെപ്പു കിട്ടി/ ചെപ്പുംകൊണ്ട് കടൽക്കരെ ചെന്നപ്പോൾ/ ചെപ്പിനകത്തൊരു പൊൻമുത്ത്-പൊൻമുത്ത്'' എന്ന് തുടങ്ങുന്ന കഥാഗാനവും ''അഗ്നിനക്ഷത്രമേ പിന്നെയുമെന്തിനീ /ആശ്രമവാടിയിൽ വന്നു/ പോയ കാലത്തിൻ ഹോമകുണ്ഡങ്ങളിൽ നീയെന്തിനെന്നെയെറിഞ്ഞു -വീണ്ടും/നീയെന്തിനെന്നെയെറിഞ്ഞു?'' എന്ന ഗാനത്തിലെ വരികൾ തിരക്കഥയുടെ ഭാഗമായി മാറുന്നു. ഒരു ചലച്ചിത്രഗാനത്തിലെ ആശയത്തിന്റെ പ്രസക്തിയെന്താണെന്ന് വയലാർ ഇവിടെ വ്യക്തമാക്കുന്നു. ഗാനം തിരക്കഥയുടെ ഭാഗമായിത്തീരുന്നത് എങ്ങനെയാണെന്ന് ഈ ഗാനത്തിലൂടെ വയലാർ നമ്മെ പഠിപ്പിക്കുന്നു. ഗാനം ഇങ്ങനെ തുടരുന്നു...
''ശാപംകൊണ്ടൊരു ശിലയായ് മാറിയ/ പ്രേമവിയോഗിനിയല്ലോ -ഞാനൊരു/ പ്രേമവിയോഗിനിയല്ലോ-/ അന്ധകാരത്തിൽ അഹല്യയെ പോലെ/ആയിരം രാവുകൾ ഉറങ്ങീ ഞാൻ/ ഏകാന്തനിദ്രയിൽനിന്നൊരു രാത്രിയിൽ/ എന്തിനുണർത്തീ ദേവൻ -എന്നെ/ എന്തിനുണർത്തീ ദേവൻ..? / ശപിക്കൂ...ശപിക്കൂ... വീണ്ടുമെനിക്കൊരു/ശിലയായ് മാറുവാൻ മോഹം...'' ഈ വരികളിൽ 'അഗ്നിപുത്രി' എന്ന കഥയുടെ ആത്മാവ് സ്പന്ദിക്കുന്നു. ''ആകാശത്തിലെ നന്ദിനിപ്പശുവിന് /അകിട് നിറച്ചും പാല്/കറന്നാലും തീരൂല്ല കുടിച്ചാലും തീരൂല്ല/കന്നിനിലാപ്പാല്...'' എന്ന പാട്ടും മികച്ച രചന തന്നെ. കവിയായ വയലാറും സംഗീതശിൽപിയായ ബാബുരാജും ഒരുപോലെ വിജയിച്ച ചിത്രമാണ് 'അഗ്നിപുത്രി'. ചിത്രത്തിന്റെ തുടക്കത്തിൽ റേഡിയോയിലൂടെ കേൾക്കുന്ന ''രാജീവ ലോചനേ രാധേ...'' എന്നൊരു ഗാനമുണ്ട്. ചിത്രത്തിന്റെ പാട്ടുപുസ്തകത്തിലും മറ്റു രേഖകളിലും ഈ ഗാനം ഉൾപ്പെടുത്തിയിട്ടില്ല. വയലാറിന്റെ സമ്പൂർണ കൃതികളിലും ഈ ഗാനമില്ല. പ്രസക്തമല്ലാത്തതുകൊണ്ട് ആ പാട്ടിനെപ്പറ്റി ഇവിടെ വിശദീകരിക്കുന്നില്ല.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.