‘‘മകൾ ഉമയുടെ പേരിൽ സ്വന്തം സ്റ്റുഡിയോ തിരുവനന്തപുരത്ത് ആരംഭിച്ചതിനുശേഷം നായകനടനും സംവിധായകനുമായ മധു സ്വന്തമായി നിർമിച്ച സിനിമയാണ് ‘മാന്യശ്രീ വിശ്വാമിത്രൻ’. ഉമാ സ്റ്റുഡിയോയിൽ രൂപംകൊണ്ട പ്രഥമചിത്രവും ഇതുതന്നെ. ശുദ്ധഹാസ്യമാണ് ഈ സിനിമയുടെ ശക്തി. ഭാഷാപണ്ഡിതനും നാടകകൃത്തും നടനുമായ കൈനിക്കര കുമാരപിള്ള രചിച്ച പ്രശസ്ത നാടകത്തിന്റെ ചലച്ചിത്രാവിഷ്കാരമായിരുന്നു ‘മാന്യശ്രീ വിശ്വാമിത്രൻ’ ’’-ഗാനചരിത്രം തുടരുന്നു.
അസിം കമ്പനിയുടെ പേരിൽ എം. അസിം (അസിം ഭായി) നിർമിച്ച സിനിമയാണ് ‘അങ്കത്തട്ട്’. സംഘട്ടനങ്ങൾക്കു പ്രാധാന്യമുള്ള ഒരു കഥ നിർമാതാവ് തന്നെ തയാറാക്കി. അത് വടക്കൻ പാട്ടുകളുടെ ലോകത്തേക്ക് പറിച്ചുനടണമെന്നും അങ്ങനെ ഒരു ഫോക് ലോർ സിനിമയുടെ രീതിയിൽ തിരക്കഥ തയാറാക്കണമെന്നും അദ്ദേഹം എൻ. ഗോവിന്ദൻകുട്ടിയോട് ആവശ്യപ്പെട്ടു. വടക്കൻ പാട്ടുകളെ ആസ്‌പദമാക്കി തിരക്കഥകൾ എഴുതി പരിചയമുള്ള നടനും എഴുത്തുകാരനുമായ എൻ. ഗോവിന്ദൻകുട്ടി ആ ദൗത്യം ഭംഗിയായി നിർവഹിച്ചു.
തമിഴിലും തെലുഗുവിലും വിഷയവൈവിധ്യമുള്ള ചെലവേറിയ ചിത്രങ്ങൾ സംവിധാനംചെയ്തു പരിചയമുള്ള അനുഭവസമ്പന്നനായ ടി.ആർ. രഘുനാഥിനെയാണ് ‘അങ്കത്തട്ടി’ന്റെ സംവിധാന ചുമതല ഏൽപിച്ചത് (1941ൽ എം.ആർ. കൃഷ്ണമൂർത്തി നായകനും കെ. തവമണീദേവി നായികയുമായി അഭിനയിച്ച ‘വേദവതി അഥവാ സീതാജനനം’ എന്ന തമിഴ് സിനിമയിലൂടെ സംവിധായകനായ ടി.ആർ. രഘുനാഥ് പിന്നീട് പി.യു. ചിന്നപ്പ, എം.ജി.ആർ, ശിവാജി ഗണേശൻ, എ. നാഗേശ്വരറാവു തുടങ്ങിയവരെ നായകന്മാരാക്കി അനവധി സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്). പ്രേംനസീർ, വിജയശ്രീ, കെ.പി. ഉമ്മർ, തിക്കുറിശ്ശി, ടി.എസ്. മുത്തയ്യ, ജോസ് പ്രകാശ്, വീരൻ, അടൂർ ഭാസി, ബഹദൂർ, എൻ. ഗോവിന്ദൻകുട്ടി, ശങ്കരാടി, കവിയൂർ പൊന്നമ്മ, മീന, ശ്രീലത, സാധന, തെലുഗു നടി ഗിരിജ തുടങ്ങിയവരാണ് ‘അങ്കത്തട്ടി’ലെ താരനിരയിൽ ഉണ്ടായിരുന്നത്.
വയലാർ-ദേവരാജൻ ടീം പാട്ടുകളൊരുക്കി. യേശുദാസ്, ജയചന്ദ്രൻ, പി. ലീല, മാധുരി, അയിരൂർ സദാശിവൻ എന്നിവർ ഗാനങ്ങൾ ആലപിച്ചു. യേശുദാസ് പാടിയ ‘‘അംഗനമാർ മൗലേ...’’ എന്നു തുടങ്ങുന്ന ഗാനവും അദ്ദേഹം മാധുരിയുമായി ചേർന്നു പാടിയ ‘‘വള്ളുവനാട്ടിലെ...’’ എന്നാരംഭിക്കുന്ന പാട്ടും പി. ജയചന്ദ്രനും മാധുരിയും ചേർന്നു പാടിയ ‘‘സ്വപ്നലേഖേ നിന്റെ സ്വയംവര പന്തലിൽ...’’ എന്ന പാട്ടും ശ്രദ്ധേയങ്ങളായി. ഇവയിൽ രണ്ടെണ്ണമെങ്കിലും ഹിറ്റ്ചാർട്ടിൽ ഇടം പിടിച്ചു എന്നു പറയാം.
‘‘അംഗനമാർ മൗലേ അംശുമതിബാലേ/ അനംഗകാവ്യകലേ/ ഇതിലേ ഇതിലേ ഇതിലേ’’ എന്ന പല്ലവി പലർക്കും ഓർമയുണ്ടാകും.
‘‘നിൻ പാദം ചുംബിച്ചൊരുന്മാദം കൊള്ളുമീ/ ചെമ്പകപ്പൂവായ് ജനിച്ചിരുന്നെങ്കിൽ ഞാൻ/ നിന്നംഗ സൗരഭം വാരിപ്പുണരുമീ/ മന്ദസമീരനായ് ജനിച്ചിരുന്നെങ്കിൽ ഞാൻ.../ എങ്കിൽ ഞാൻ... എങ്കിൽ ഞാൻ പ്രേമചക്രവർത്തി -ഒരു/ പ്രേമചക്രവർത്തി’’ എന്നിങ്ങനെയുള്ള ആദ്യചരണവും മനോഹരം. യേശുദാസും മാധുരിയും ചേർന്നു പാടുന്ന ‘‘വള്ളുവനാട്ടിലെ വാഴുന്നോരേ/ പള്ളിക്കുടക്കീഴെ വാഴുന്നോരേ/ ദേശിംഗനാട്ടിൽ നിന്നങ്ങയെ കാണുവാൻ/ ആശിച്ചു വന്നൊരു രാജപ്പെണ്ണ് -ഈ രാജപ്പെണ്ണ് /തെയ്യാ...തെയ്യാ.../ കൺപുരികത്തഴകൾ കാമന്റെ വില്ലുകൾ/ കമലപ്പൂമിഴികൾ -ആഹാ, കാമന്റെ അമ്പുകൾ/ കവിളിലെ ചുഴികൾ യൗവനപൊയ്കകൾ/ പതിറ്റടിപ്പൂക്കൾ പൂന്തേൻകിണ്ണങ്ങൾ/ കിണ്ണങ്ങൾ... കിണ്ണങ്ങൾ... കിണ്ണങ്ങൾ...’’
താളനിബദ്ധമായ വരികൾ നിറഞ്ഞൊഴുകുന്ന പാട്ടാണിത്. സാമാന്യം ദൈർഘ്യമുള്ളത്. ഇതൊരു നൃത്തഗാനമാണ്. ജയചന്ദ്രനും മാധുരിയും പാടുന്ന പ്രണയഗാനം ലളിതമധുരമാണ്.
‘‘സ്വപ്നലേഖേ നിന്റെ സ്വയംവരപ്പന്തലിൽ ഞാൻ/ പുഷ്പകപ്പല്ലക്കിൽ പറന്നു വന്നു’’ എന്ന് ഗായകൻ പാടുമ്പോൾ ഗായിക പാടുന്ന വരികൾ ഇങ്ങനെ:
‘‘എന്റെ മംഗളശീതള മാല ചാർത്താൻ ഭവാൻ/ മത്സരക്കളരിയിൽ ജയിച്ചുവന്നു...’’
പി. മാധുരി,തിക്കുറിശ്ശി,മധു,കെ.പി. ഉമ്മർ,ജി. ദേവരാജൻ,വയലാർ
പി. മാധുരി പാടിയ ‘‘അല്ലിമലർക്കാവിൽ വേല കണ്ടു/അങ്കച്ചമയങ്ങളവിടെ കണ്ടു/ അയ്യപ്പൻകാവിൽ വിളക്കു കണ്ടു/ ആയിരം താലപ്പൊലികൾ കണ്ടു/ (അല്ലിമലർക്കാവിൽ വേല കണ്ടു...) / അരവിന്ദം പൂക്കുന്ന പൊയ്‌ക കണ്ടു-അതിൽ/ അരയന്നപ്പക്ഷികൾ നീന്തുന്ന കണ്ടു/ പെൺകൊടിമാരെ മദം കൊണ്ടുമൂടും/ പൊൻപൂവമ്പൻ കുളിക്കുന്ന കണ്ടു...’’ എന്ന പാട്ടും മാധുരിയും സംഘവും പാടുന്ന ‘‘തങ്കപ്പവൻകിണ്ണം താളമാടി/ താളത്തിനൊത്തൊരു പാട്ടുപാടി/ കുറുമൊഴിക്കുളങ്ങരെ കുളിക്കാൻ വാ/കുറുന്തേനിടത്തിലെ കിളിമകളേ...’’ എന്ന സംഘഗാനവും ചിത്രത്തിലുണ്ട്. അവശേഷിക്കുന്ന ഗാനം പി. ലീലയും മാധുരിയും അയിരൂർ സദാശിവനും ചേർന്നു പാടുന്ന സംഘഗാനമാണ്. ഇത് ഒരു പ്രമേയഗാനമാണെന്നു പറയാം. ‘‘അങ്കത്തട്ടുകൾ ഉയർന്ന നാട്/ ആരോമൽച്ചേകവർ വളർന്ന നാട്/ പടവാൾമുനകൊണ്ടു മലയാളത്തിനു/ തൊടുകുറി ചാർത്തിയ കടത്തനാട്...’’ എന്നിങ്ങനെ ആരംഭിക്കുന്ന ഈ ഗാനത്തിലൂടെ വയലാർ ഈ ചിത്രത്തെ ഒരു വടക്കൻ പാട്ടു ചിത്രമാക്കി മാറ്റാൻ സഹായിച്ചു എന്നുപറയാം.
1974 ജനുവരി മൂന്നിന് പുറത്തുവന്ന ‘അങ്കത്തട്ട്’ ഉദയായും മറ്റും നിർമിച്ച വടക്കൻ പാട്ടു ചിത്രങ്ങളെ പോലെയായില്ലെങ്കിലും ഭേദപ്പെട്ട സാമ്പത്തിക വിജയം നേടി. നവാഗതനായ സുബൈർ കഥയും സംഭാഷണവും ഗാനങ്ങളും എഴുതി സംവിധാനംചെയ്ത ചിത്രമാണ് ‘കാമിനി’. ടി.കെ. റാംചന്ദ് എന്നയാൾ ചിത്രത്തിന്റെ കോഡയറക്ടർ ആയിരുന്നു. സുബൈറിന്റെ സഹോദരൻ അൻവർ, എച്ച്.എച്ച്. അബ്ദുല്ല സേട്ട് എന്നിവരാണ് ചിത്രത്തിന്റെ നിർമാതാക്കൾ. രാഘവൻ, റാണിചന്ദ്ര, ശോഭന (റോജാ രമണി), ടി.എസ്. മുത്തയ്യ, കുതിരവട്ടം പപ്പു, ആലപ്പി വിൻസെന്റ്, ബഹദൂർ, പ്രേമ, ടി.ആർ. ഓമന, ബേബി സുമതി തുടങ്ങിയവർ ചിത്രത്തിൽ അഭിനയിച്ചു. സുബൈർ എഴുതിയ ഗാനങ്ങൾക്ക് എം.എസ്. ബാബുരാജ് ഈണം നൽകി. യേശുദാസും എസ്. ജാനകിയുമാണ് പാട്ടുകൾ പാടിയത്. രണ്ടു ഗാനങ്ങൾ യേശുദാസും രണ്ടു ഗാനങ്ങൾ എസ്. ജാനകിയും പാടി. യേശുദാസ് പാടിയ ആദ്യ ഗാനം ‘‘വെണ്ണകൊണ്ടോ പെണ്ണിനെ സൃഷ്ടിച്ചു പടച്ചോൻ...’’ എന്നു തുടങ്ങുന്നു.
‘‘വെണ്ണകൊണ്ടോ പെണ്ണിനെ സൃഷ്ടിച്ചു പടച്ചോൻ/ വെണ്ണക്കല്ലുകൊണ്ടോ പെണ്ണിനെ സൃഷ്ടിച്ചു/ ചുവന്നുള്ളിയാൽ കണ്ണ് മെനഞ്ഞു/ കടന്നൽക്കൂട് വെച്ചു മനസ്സിൽ/ കള്ളിമുള്ളു നിറച്ചു മേനിയിൽ മെഴുകി/ പാലപ്പൂമണം നൽകി...’’
യേശുദാസ് പാടിയ രണ്ടാമത്തെ ഗാനം ഇങ്ങനെ തുടങ്ങുന്നു: ‘‘മന്മഥനൊരുക്കും ഉദ്യാനവിരുന്നിലെ/ മദാലസ നർത്തകി മനോന്മണി/ മദ്യമെന്തിനു ചഷകങ്ങളിൽ/ മദിരാക്ഷി നീയൊരുന്മാദലഹരി...’’ ആദ്യചരണം ഇങ്ങനെ: ‘‘മാന്മിഴി മയിൽപ്പീലിയുഴിഞ്ഞു/ മലർമൊട്ടുകൾ മാറിലമർന്നു/ മധുരമധുരമൊരു രാഗാനുഭൂതിയിൽ/ മനോഹരീ ഞാനലിഞ്ഞു.’’ ജാനകി പാടിയ ആദ്യഗാനം ഇങ്ങനെ തുടങ്ങുന്നു: ‘‘ആശിച്ച കടവിൽ വഞ്ചിയടുത്തില്ല/ വീശി കൊടുങ്കാറ്റു നീളേ/ ഓളങ്ങളുലഞ്ഞു കൈത്തുഴ വീണു/ കാണാതെയായി നിൻ കളിവള്ളം/ ഇതു വിധിയോ, കർമഫലമോ/ കതിർകാണാക്കിളിയുടെ കഥയോ...’’
എസ്. ജാനകി പാടിയ രണ്ടാമത്തെ ഗാനം ‘‘മുരളികയൂതുന്ന കുസൃതിക്കാറ്റിന്റെ...’’ എന്നു തുടങ്ങുന്നു.
‘‘മുരളികയൂതുന്ന കുസൃതിക്കാറ്റിന്റെ/ തരളിതഹൃദയ മിടിപ്പുമായി/ എങ്ങുനിന്നെങ്ങുനിന്നൊഴുകി വരുന്നു/ സ്വർണചിറകുമായ് രോമാഞ്ചമേ...’’
‘‘ആശിച്ച കടവിൽ വഞ്ചിയടുത്തില്ല...’’ എന്ന ഗാനമാണ് കൂട്ടത്തിൽ തെല്ലെങ്കിലും ശ്രദ്ധിക്കപ്പെട്ടത്.
‘ചിത്രഭാരതി’ എന്ന ബാനറിൽ പുറത്തിറങ്ങിയ ‘കാമിനി’ എന്ന ചിത്രം വിജയമായില്ല. തുടർന്നും സുബൈർ ചില സിനിമകൾ സംവിധാനംചെയ്തു. ആ ചിത്രങ്ങളിൽ രചനയും നിർമാണവും സഹോദരന്റെ പേരും ചേർത്ത് അൻവർ-സുബൈർ എന്നാണു ടൈറ്റിലുകളിൽ കൊടുത്തിട്ടുള്ളത്. അതുകൊണ്ടായിരിക്കാം, ചില ഇന്റർനെറ്റ് സൈറ്റുകളിൽ ‘കാമിനി’ എന്ന ചിത്രത്തിന്റെ രചനയും സംവിധാനവും അൻവർ-സുബൈർ എന്നു കാണിച്ചിരിക്കുന്നു. അത് ശരിയല്ല. യൂട്യൂബിൽ ‘കാമിനി’ എന്ന സിനിമ ലഭ്യമാണ്. താൽപര്യമുള്ളവർക്ക് ഈ സിനിമ കാണാവുന്നതാണ്. ചിത്രം കണ്ടതിനുശേഷമാണ് ഈ ലേഖകൻ വിവരങ്ങൾ ഇവിടെ പകർത്തിയിട്ടുള്ളത്. 1974 ജനുവരിയിൽ ‘കാമിനി’ റിലീസ് ചെയ്തു.
മകൾ ഉമയുടെ പേരിൽ സ്വന്തം സ്റ്റുഡിയോ തിരുവനന്തപുരത്ത് ആരംഭിച്ചതിനുശേഷം നായകനടനും സംവിധായകനുമായ മധു സ്വന്തമായി നിർമിച്ച സിനിമയാണ് ‘മാന്യശ്രീ വിശ്വാമിത്രൻ’. ഉമാ സ്റ്റുഡിയോയിൽ രൂപംകൊണ്ട പ്രഥമചിത്രവും ഇതുതന്നെ.
ശുദ്ധഹാസ്യമാണ് ഈ സിനിമയുടെ ശക്തി. ഭാഷാപണ്ഡിതനും നാടകകൃത്തും നടനുമായ കൈനിക്കര കുമാരപിള്ള രചിച്ച പ്രശസ്ത നാടകത്തിന്റെ ചലച്ചിത്രാവിഷ്കാരമായിരുന്നു ‘മാന്യശ്രീ വിശ്വാമിത്രൻ’. കൈനിക്കര കുമാരപിള്ള തന്നെയാണ് സംഭാഷണം രചിച്ചത്. സംവിധായകനായ മധു നായകവേഷത്തിൽ അഭിനയിച്ചു. ഷീലയായിരുന്നു നായിക. എം.ജി. സോമൻ, ജയഭാരതി, അടൂർ ഭാസി, ബഹദൂർ, കവിയൂർ പൊന്നമ്മ, ശങ്കരാടി, കെ.പി.എ.സി ലളിത, മീന, ഉഷാറാണി സാം തുടങ്ങിയവരോടൊപ്പം കോവൈ രാജൻ എന്ന തമിഴ് നടനും ചിത്രത്തിൽ അഭിനയിച്ചു.
പി. ഭാസ്കരൻ ഗാനങ്ങൾ എഴുതി. നടി ഷീലയുടെ നിർദേശം സ്വീകരിച്ച് സംവിധായകനും നിർമാതാവുമായ മധു ഈ സിനിമയിലൂടെ ഒരു പുതിയ സംഗീതസംവിധായകനെ അവതരിപ്പിച്ചു. എം.എസ്. വിശ്വനാഥന്റെ ഓർക്കസ്ട്ര ടീമിലെ പ്രധാന വയലിനിസ്റ്റ് (സോളോ വയലിനിസ്റ്റ്) ആയിരുന്ന സാമുവൽ ജോസഫ് ആണ് ഈ സംഗീതജ്ഞൻ. എല്ലാ തെന്നിന്ത്യൻ ഭാഷാചിത്രങ്ങളിലും പ്രശസ്ത സംഗീത സംവിധായകരുടെ കീഴിൽ വയലിനിസ്റ്റായി ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
പല സൂപ്പർഹിറ്റ് ഗാനങ്ങൾക്കും വയലിൻ വായിച്ചിട്ടുണ്ട്. സാം എന്ന പേരിലാണ് ഇദ്ദേഹം പൊതുവേ അറിയപ്പെട്ടിരുന്നത്. വയലിൻ ചക്രവർത്തി എന്ന പേരിൽ ഇന്നും ആദരിക്കപ്പെടുന്ന ലാൽഗുഡി ജയരാമന്റെ കീഴിൽ സാം കർണാടക സംഗീതവും അഭ്യസിച്ചിട്ടുണ്ട്. സംഗീതസംവിധായകനായി അരങ്ങേറിയതോടെ സാം ‘ശ്യാം’ ആയി മാറി.
‘മാന്യശ്രീ വിശ്വാമിത്രൻ’ എന്ന ചിത്രം സംഗീതപ്രധാനമായിരുന്നു. ചിത്രത്തിൽ പി. ഭാസ്കരൻ എഴുതിയ ഏഴു പാട്ടുകൾ ഉണ്ടായിരുന്നു. മാധുരി പാടിയ ‘‘കേട്ടില്ലേ കോട്ടയത്തൊരു മൂത്ത പിള്ളേച്ചൻ... തൊണ്ണൂറു കഴിഞ്ഞപ്പോൾ പെണ്ണുകെട്ടാൻ പോയ്’’ എന്ന പാട്ട് സൂപ്പർഹിറ്റ് ആയി മാറി. രചനയിലും ഈണത്തിലും ഉന്നതനിലവാരം പുലർത്തിയ ഈ ഹാസ്യഗാനത്തിലൂടെ ശ്യാം എന്ന സംഗീതസംവിധായകന്റെ തുടക്കം ഗംഭീരമായി എന്നുപറയാം. ‘മാന്യശ്രീ വിശ്വാമിത്രനി’ൽ വൈവിധ്യമുള്ള ഈണങ്ങൾ നൽകാനുള്ള സന്ദർഭങ്ങൾ ലഭിച്ചു. ശ്യാം അത് നന്നായി പ്രയോജനപ്പെടുത്തിയെന്നു പറയാം.
‘‘കേട്ടില്ലേ കോട്ടയത്തൊരു മൂത്ത പിള്ളേച്ചൻ/ തൊണ്ണൂറു കഴിഞ്ഞപ്പോൾ/ പെണ്ണുകെട്ടാൻ പോയ്/ താലി വാങ്ങി വന്നു, മാല വാങ്ങിവന്നു/ താനും കൂട്ടുകാരും പന്തലിൽ ചെന്നു...’’ വളരെ പെട്ടെന്ന് ഏറ്റുപാടാൻ കഴിയുന്നതാണ് ഈ ഈണം എന്നു പറയേണ്ടതില്ലല്ലോ. പി. ഭാസ്കരന്റെ രചനയിലെ ഫലിതംകൂടിയാകുമ്പോൾ പിന്നെ പറയാനുമില്ല.
‘‘കല്യാണപ്പെണ്ണ് വന്നു മുന്നിൽ നിന്നപ്പോൾ/ വെള്ളെഴുത്തു വന്നുപെട്ടു പുള്ളി വലഞ്ഞു/ കയ്യുകൊണ്ടു മറ്റൊരു പെണ്ണിൻ കഴുത്തു തപ്പുമ്പോൾ/ കണ്ണാടിയെടുത്തു നീട്ടി മറ്റൊരു വീരൻ...’’ ഇങ്ങനെ തുടരുന്ന വരികളെല്ലാം തന്നെ ഹാസ്യം നിറഞ്ഞവയും ചിന്തോദ്ദീപകവുമാണ്.
കെ.പി. ബ്രഹ്മാനന്ദനും എസ്. ജാനകിയും ചേർന്നു പാടിയ യുഗ്മഗാനവും ജനപ്രീതി നേടി.
സംഗീത സംവിധായകൻ ശ്യാം,എൻ. നാഗേശ്വര റാവു,ചിന്നപ്പ,എം.ജി.ആർ,പ്രേംനസീർ
‘‘കനവു നെയ്തൊരു കൽപിത കഥയിലെ/ ഇടയപ്പെൺകൊടി ഞാൻ/ അവളുടെ കുടിലിൽ വിരുന്നിനെത്തിയ/ നവരത്ന വ്യാപാരി -ഭവാൻ/ നവരത്ന വ്യാപാരി...’’ എന്നു കാമുകി പാടുമ്പോൾ കാമുകന്റെ മറുപടിയിങ്ങനെ: ‘‘രത്നങ്ങളല്ലെൻ മാറാപ്പിൽ/ സ്വപ്‌നങ്ങൾ വർണസ്വപ്നങ്ങൾ.../വനഗായിക നിൻ കഴുത്തിലണിയാൻ/ വസന്തമാല്യങ്ങൾ-നവ/ വസന്തമാല്യങ്ങൾ...’’
ബ്രഹ്മാനന്ദൻ, എൽ.ആർ. ഈശ്വരി, എസ്.ടി. ശശിധരൻ, കുമാരി ജയലക്ഷ്മി എന്നിവർ ചേർന്നു പാടിയ ‘‘ആടാൻ വരൂ വേഗം/ പാടാൻ വരൂ വേഗം/ മാറിടട്ടെയൊരു ഗാനമേളയായ്/ മായാപ്രപഞ്ചം.../ മറന്നാടുക നാം അഴിഞ്ഞാടുക നാം/ നൃത്തലീലയിതിലാടിടട്ടെയീ/ ജീവലോകമാകെ/ മറന്നാടുക/ അഴിഞ്ഞാടുക/ കുഴഞ്ഞാടുക...’’ എന്നിങ്ങനെ തുടരുന്ന നൃത്തഗാനവും താളാത്മകം.
‘‘ഹാ സംഗീതമധുരനാദം... ലയം/ സങ്കൽപലഹരി തൻ ഉന്മാദം/ ആനന്ദസാഗരതരംഗങ്ങളേ/ അണയുക വസന്തത്തിൻ സുഗന്ധങ്ങളേ’’ എന്നു തുടങ്ങുന്ന ഗാനവും ഒരു സംഘഗാനം തന്നെ. ജയചന്ദ്രനും എസ്.ടി. ശശിധരനും കുമാരി ജയലക്ഷ്മിയും ചേർന്നാണ് ഈ ഗാനം പാടിയത്. പി. സുശീല പാടിയ ‘‘പണ്ടൊരു നാളിൽ ഈ മരുഭൂവിൽ...’’ എന്നു തുടങ്ങുന്ന ഗാനവും ശ്രദ്ധേയം.
‘‘പണ്ടൊരു നാളിൽ ഈ മരുഭൂവിൽ/ പാരിജാതം പൂത്തിരുന്നു/ പണ്ടൊരു നാളീ രൂപവുമേതോ/ പകൽ കിനാക്കൾ കണ്ടിരുന്നു...’’ എന്നു പല്ലവി. ഗാനം ഇങ്ങനെ തുടരുന്നു: ‘‘രാഗാർദ്രയായാ മലർക്കിളിയെന്നെ/ മാടി വിളിച്ച മലർമരം നീ താൻ.../ ഹൃദയം ഒരു തണൽ തേടി/ അഭയം കൊതിച്ചു ഞാൻ നീറി/ മരീചികയായി മരീചികയായി/ മറഞ്ഞുപോയ് എല്ലാം/ മറഞ്ഞുപോയ്... മറഞ്ഞുപോയ്... മറഞ്ഞു പോയ്...’’ എൽ.ആർ. ഈശ്വരി പാടിയ ‘‘സാരസായി മദനാ...’’ എന്ന ഗാനം തികച്ചും വ്യത്യസ്തം.
‘‘താം തിത്താം... കിടതക തൈ തിത്തൈ...’’ എന്നു തുടങ്ങുന്ന ഈ പാട്ടിന്റെ പല്ലവിയിങ്ങനെ: ‘‘സാരസായി മദനാ നീ കാണുകെന്റെ നടനം/ പനിസരി ഗരിസനി സനിധനി സഗരിക/ സാസ ധാ പ നിനിസരി/ സാരസായിമദനാ.../ ആനന്ദ നർത്തനം ഹാ ആശാവിമോഹനം ഹാ/ രമണാ മദനാ അടുത്തോട്ടു വാ/ ആനന്ദനർത്തനം ആശാവിമോഹനം/ രമണാ മദനാ അടുത്തോട്ടു വാ...’’ എന്നിങ്ങനെ തുടരുന്നു രസകരമായ ഈ ഹാസ്യനൃത്തഗാനം.
മാധുരി പാടിയ ‘‘വാടി വീണ പൂമാലയായ് ചേച്ചി...’’ എന്ന ഗാനവും ഹാസ്യാത്മകം തന്നെ.
‘‘വാടിവീണ പൂമാലയായ് ചേച്ചി/ വാച്ചു നോക്കി പ്രേമിക്കുമെൻ ചേട്ടൻ/ രണ്ടുപേർക്കും പിണക്കം/ കണ്ടുനിന്നാൽ കടുപ്പം/ കാമദേവനോ/ കാടുകേറിയൊരു/ സന്ന്യാസി കണക്കവൻ/ കാഷായം ധരിച്ചല്ലോ’’ എന്നിങ്ങനെ പോകുന്നു രസനിഷ്യന്ദിയായ ഈ ഗാനം.
സംഗീതം പകർന്ന ആദ്യ സിനിമയിൽതന്നെ അക്കാലത്ത് അത്രയും പ്രശസ്തനല്ലാതിരുന്ന ബ്രഹ്മാനന്ദന് രണ്ടു ഗാനങ്ങൾ നൽകാനും യേശുദാസിന്റെ ശബ്ദം ഒഴിവാക്കാനും ശ്യാം പ്രകടിപ്പിച്ച ധൈര്യം സംഗീതജ്ഞൻ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ ആത്മവിശ്വാസമാണ് തെളിയിക്കുന്നത്. സംവിധായക നിർമാതാവായ മധുവിന്റെ പിൻബലവും ഇതിനു കാരണമായിരിക്കാം. മധു സ്വന്തമായി നിർമിച്ച എല്ലാ സിനിമകളിലും സംഗീതസംവിധായകൻ ശ്യാം ആയിരുന്നു എന്ന കാര്യവും ഓർമിക്കുക. ആദ്യം ഈണങ്ങൾ സൃഷ്ടിക്കുക.
അവ സംവിധായകനെക്കൊണ്ട് അംഗീകരിപ്പിക്കുക. അതിനുശേഷം ആ ഈണങ്ങൾക്കനുസരിച്ച് വരികൾ എഴുതാൻ ഗാനരചയിതാവിനോട് ആവശ്യപ്പെടുക. ഇതാണ് ശ്യാമിന്റെ രീതി. ഇപ്പോൾ എല്ലാ സംഗീതസംവിധായകരും ഈ രീതിയാണ് പിന്തുടരുന്നത്. 1974 ജനുവരി 25ന് തിയറ്ററുകളിലെത്തിയ ‘മാന്യശ്രീ വിശ്വാമിത്രൻ’ നിലവാരമുള്ള ഹാസ്യചിത്രം എന്ന നിലയിൽ സ്വീകാര്യത നേടിയെടുത്തു. ചിത്രം സാമ്പത്തികമായി വിജയിക്കുകയുംചെയ്തു.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.