സൂര്യ പിക്ചേഴ്സിന്റെ മേൽവിലാസത്തിൽ ആർ. സോമനാഥ് നിർമിച്ച് ശശികുമാർ സംവിധാനംചെയ്ത ‘സേതുബന്ധനം’ ആ വർഷത്തെ ഏറ്റവും വലിയ പണംവാരിപ്പടമായിരുന്നു. റിലീസ് ചെയ്ത കേന്ദ്രങ്ങളിലെല്ലാം അമ്പതു ദിവസം തുടർച്ചയായി പ്രദർശിപ്പിച്ച ചിത്രം; ചില പ്രദർശനശാലകളിൽ നൂറു ദിവസവും തികച്ചു. ചിത്രത്തിന്റെ മൂലകഥ ‘ലിസ ആൻഡ് ലോട്ടി’ എന്ന ജർമൻ നോവലിന്റെ അനുകരണമാണെന്നു കേൾക്കുന്നു. -‘സംഗീതയാത്ര’യിൽ ‘നാത്തൂനും’ ‘സേതുബന്ധന’വും കടന്നുവരുന്നു.
പ്രശസ്ത ചിത്രസന്നിവേശകനായ (ഫിലിം എഡിറ്റർ) കെ. നാരായണൻ സ്വന്തമായും പി. ഭാസ്കരന്റെ കീഴിൽ സഹസംവിധായകനായി പ്രവർത്തിച്ചിട്ടുള്ള പി. വിജയനുമായി ചേർന്ന് വിജയനാരായണൻ എന്ന പേരിലും സിനിമകൾ സംവിധാനംചെയ്തിട്ടുണ്ട്. ‘എറണാകുളം ജങ്ക്ഷൻ’ (1971) എന്ന സിനിമയും ‘രാത്രിവണ്ടി’ ( 1971 ) എന്ന സിനിമയും പി. വിജയനുമായി ചേർന്ന് വിജയനാരായണൻ എന്ന പേരിൽ സംവിധാനം ചെയ്തതാണ്. ശ്രീകുമാരൻ തമ്പിയും ദേവരാജൻ മാസ്റ്ററും അഞ്ചുവർഷക്കാലത്തെ അകൽച്ചക്കു ശേഷം വീണ്ടും ഒരുമിച്ച ‘കാലചക്രം’ (1973) എന്ന സിനിമ കെ. നാരായണൻ തനിച്ചാണ് സംവിധാനംചെയ്തത്. മാലിത്ര പ്രൊഡക്ഷൻസിന്റെ പേരിൽ കെ. നാരായണൻ എഡിറ്റിങ്ങും സംവിധാനവും നിർവഹിച്ച ചിത്രമാണ് ‘നാത്തൂൻ’.
മലയാള സിനിമയിലെ തിരക്കേറിയ മേക്കപ്പ്മാനായിരുന്ന എം.ഒ. ദേവസ്യയാണ് നിർമാതാവ്. മുട്ടത്തു വർക്കിയുടെ കഥക്ക് ഷെരീഫ് ആലപ്പുഴ തിരക്കഥയും സംഭാഷണവും രചിച്ചു. ശ്രീകുമാരൻ തമ്പിയുടെ ഗാനങ്ങൾക്ക് എം.എസ്. ബാബുരാജ് ഈണം നൽകി. വിൻസെന്റ്, സുധീർ, റാണിചന്ദ്ര, തിക്കുറിശ്ശി സുകുമാരൻ നായർ, അടൂർ ഭാസി, ബഹദൂർ, ശങ്കരാടി, എൻ. ഗോവിന്ദൻകുട്ടി, ശ്രീലത തുടങ്ങിയവരാണ് താരനിരയിൽ ഉണ്ടായിരുന്നത്. ‘നാത്തൂൻ’ എന്ന ചിത്രം തെല്ലൊന്നു മങ്ങിത്തുടങ്ങിയ തന്റെ സ്ഥാനം എം.എസ്. ബാബുരാജ് വീണ്ടെടുത്ത ചിത്രമാണെന്ന് പറയാം. മികച്ച പാട്ടുകൾ ‘നാത്തൂൻ’ എന്ന സിനിമയിലുണ്ടായിരുന്നു. ചിത്രത്തിൽ പശ്ചാത്തലഗാനമായി വരുന്ന തോണിക്കാരന്റെ പാട്ട് യേശുദാസിന്റെ ശബ്ദത്തിൽ മനോഹരമായി.
‘‘കാർത്തിക ഞാറ്റുവേല തുടങ്ങിയല്ലോ/ കായൽത്തിരഞൊറികൾ തിളങ്ങിയല്ലോ/ കുളിരിൻ മലരുതിരും പാതിരാവിൽ/ കൂട്ടിനു പോരുമോ പൈങ്കിളിയേ...’’ എന്ന പല്ലവി പ്രസിദ്ധമാണ്. പാട്ടിലെ തുടർന്നുള്ള വരികൾ: ‘‘പൊടിയരിച്ചോറ് തരാം/ പുഴുങ്ങിയ കപ്പ തരാം/ പെണ്ണേ നിൻ കണ്ണിനൊക്കും/ കരിമീൻ വറുത്തുതരാം/ വളവരയ്ക്കുള്ളിലെന്റെ/ തഴപ്പായ് വിരിച്ചുതരാം/ വൈക്കം കായലിലെ കുളിരു തരാം...’’ എന്നിങ്ങനെ ആദ്യചരണം. ‘‘നടയിലെ വിളക്കണഞ്ഞു/ തൊടിയിലെ പൂവുലഞ്ഞു/ നാണിച്ചു കാറ്റലകൾ/ കാടിന്റെ കതകടച്ചു...’’ എന്നിങ്ങനെ അടുത്ത ചരണം തുടങ്ങുന്നു.
എസ്. ജാനകി ആലപിച്ച ‘‘കവിളത്തു കണ്ണനൊരു കവിത കുറിച്ചുവെച്ചു...’’ എന്നു തുടങ്ങുന്ന ഗാനത്തിന്റെ ഈണവും മികച്ചതായിരുന്നു. ‘‘കവിളത്തു കണ്ണനൊരു/ കവിത കുറിച്ചുവെച്ചു/ കണ്ണീരു വീണതു മാഞ്ഞു/ ചുണ്ടത്തു കള്ളനൊരു/ പൂവിതൾ നുള്ളിവെച്ചു/ ചുടുനെടുവീർപ്പിലതു കൊഴിഞ്ഞു’’ എന്ന പല്ലവിക്കുശേഷം ആദ്യചരണം ഇങ്ങനെ: ‘‘ആലിംഗനത്തിൽ അലിഞ്ഞാടിയനേരം മുന്നിൽ/ ആയിരം പൂക്കണികൾ വിടർന്നു/ അനുരാഗവസന്തത്തളിരുകൾ നിറഞ്ഞു/ പുളകമായവ മെയ്യിൽ പടർന്നു...’’
യേശുദാസും എൽ.ആർ. അഞ്ജലിയും ചേർന്ന് പാടിയ ‘‘ഒരു കണ്ണിൽ ഒരു കടലിളകും’’ എന്ന ഗാനമാണ് അടുത്തത്.
‘‘ഒരു കണ്ണിൽ ഒരു കടലിളകും/ കടലിൽ കോടി തിരയിളകും/ കടലിൽ പ്രേമത്തിരയിൽ സ്വപ്നം/ കളിവള്ളം തുഴയും’’ എന്നു ഗായകൻ പാടുമ്പോൾ ഗായിക ചോദിക്കുന്നു, ‘‘ആരുടെ കണ്ണിൽ... ആരുടെ കണ്ണിൽ..?’’ അതിനു ഗായകന്റെ മറുപടി.‘‘ആരോമലാളേ നിൻ കണ്ണിൽ...’’
യേശുദാസ് ആലപിച്ച ‘‘സത്യത്തിൻ ചിറകൊടിഞ്ഞു’’ എന്നു തുടങ്ങുന്ന പശ്ചാത്തലഗാനമാണ് അടുത്തത്.
‘‘സത്യത്തിൻ ചിറകൊടിഞ്ഞു -മണ്ണിൽ/ മർത്ത്യന്റെ വില കുറഞ്ഞു/ കർത്താവിൻ കാൽത്തളിരിൽ ’’ ആദ്യചരണം ഇങ്ങനെ തുടരുന്നു: ‘‘ശരിയുടെ മുഖമാരു കണ്ടു -തെറ്റിൻ/ നിറങ്ങളിൽ മയങ്ങുന്നു ലോകം / പകൽ ഇരവാക്കുന്നു ഹൃദയം/ പാപത്തിൻ കാടായ ഹൃദയം / ആശ്രയമെവിടെ -ഈ ദുഃഖഭൂമിയിൽ/ അഭയമെവിടെ..?’’
എസ്. ജാനകി ആലപിച്ച പ്രാർഥനാ ഗാനമാണ് ‘നാത്തൂൻ’ എന്ന സിനിമയിലെ അഞ്ചാമത്തെ ഗാനം. ‘‘യേശുമാതാവേ -ജനനീ/ ആശ്രയം നീയേ/ കദനഭൂമിയിൽ നിൻ കഴൽ ശരണം/ കരുണ തൻ കടലേ...’’ എന്നാണ് പല്ലവി. ആദ്യചരണം ഇങ്ങനെ: ‘‘ദൈവപുത്രനു ജന്മം നൽകി/ ജനിമരണങ്ങളെ ജയിച്ചു/ തളരും ജീവനു സ്നേഹം പകർന്നു/ ത്യാഗമഹാകാവ്യം രചിച്ചു.../ജനനീ ജനനീ പ്രപഞ്ചജനനീ...’’
‘നാത്തൂൻ’ എന്ന ചിത്രത്തിന് വേണ്ടി ബാബുരാജ് നൽകിയ ഈണങ്ങൾ എല്ലാംതന്നെ മികച്ചവയായിരുന്നു. 1974 ഏപ്രിൽ 13ന് തിയറ്ററുകളിലെത്തിയ ‘നാത്തൂൻ’ എന്ന ചിത്രം ഭേദപ്പെട്ട കലക്ഷൻ നേടി.
സൂര്യ പിക്ചേഴ്സിന്റെ മേൽവിലാസത്തിൽ ആർ. സോമനാഥ് നിർമിച്ച് ശശികുമാർ സംവിധാനംചെയ്ത ‘സേതുബന്ധനം’ ആ വർഷത്തെ ഏറ്റവും വലിയ പണംവാരിപ്പടമായിരുന്നു. റിലീസ് ചെയ്ത കേന്ദ്രങ്ങളിലെല്ലാം അമ്പതു ദിവസം തുടർച്ചയായി പ്രദർശിപ്പിച്ച ചിത്രം; ചില പ്രദർശനശാലകളിൽ നൂറു ദിവസവും തികച്ചു. ചിത്രത്തിന്റെ മൂലകഥ ‘ലിസ ആൻഡ് ലോട്ടി’ എന്ന ജർമൻ നോവലിന്റെ അനുകരണമാണെന്നു കേൾക്കുന്നു. ഈ കഥ അവലംബമാക്കി ഇംഗ്ലീഷിൽ നിർമിച്ച ‘ദ പേരന്റ് ട്രാപ്’ എന്ന ഹോളിവുഡ് സിനിമ വലിയ പ്രദർശനവിജയം നേടി. എ.വി.എം സ്റ്റുഡിയോ ‘കുഴന്തയും ദൈവവും’ എന്ന പേരിൽ കൃഷ്ണൻ-പഞ്ചു ടീമിന്റെ സംവിധാനത്തിൽ ഈ കഥ ചെറിയ ചില മാറ്റങ്ങളോടെ തമിഴിൽ സിനിമയാക്കി. തെലുഗു ഭാഷയിൽ ‘ലത മനസുലു’ എന്ന പേരിലും ഹിന്ദിയിൽ ‘ദോ കലിയാം’ (രണ്ടു പൂമൊട്ടുകൾ) എന്ന പേരിലും ഈ കഥ സിനിമയായി.
എല്ലാം ഹിറ്റുകളായി. വേർപിരിയുന്ന അച്ഛനമ്മമാരെ വീണ്ടും ഒരുമിപ്പിക്കാൻ ശ്രമിക്കുന്ന ഇരട്ട പെൺകുട്ടികളുടെ കഥയാണിത്. ഹിന്ദിയിൽ ഇരട്ടക്കുട്ടികളായി അഭിനയിച്ചത് ബേബി സോണിയ എന്ന ബാലനടിയായിരുന്നു. ഈ ബേബി സോണിയ ആണ് പിൽക്കാലത്ത് ഋഷി കപൂറിന്റെ കാമുകിയും ഭാര്യയും പിന്നീട് രൺബീർ കപൂറിന്റെ അമ്മയും ആലിയാ ഭട്ടിന്റെ അമ്മായിയമ്മയുമൊക്കെയായി മാറിയ നീതു സിങ് എന്ന നടി. ഈ കഥയുടെ അവകാശം എ.വി.എം പ്രൊഡക്ഷൻസിൽനിന്ന് വിലയ്ക്കു വാങ്ങിയാണ് ‘സേതുബന്ധനം’ എന്ന സിനിമ നിർമിച്ചത്. മലയാളത്തിൽ തിരക്കഥയും സംഭാഷണവും ഗാനങ്ങളും എഴുതിയത് ശ്രീകുമാരൻ തമ്പിയാണ്.
ബേബി സുമതിയാണ് ഇരട്ടക്കുട്ടികളായി അഭിനയിച്ചത്. മലയാളത്തിൽ വരുത്തിയ ഒരു മാറ്റം ഈ കുട്ടികളെ സ്വാമി അയ്യപ്പനുമായി ബന്ധപ്പെടുത്തിയതാണ്. അച്ഛനമ്മമാരുടെ പിണക്കം തീർക്കാൻ അയ്യപ്പനോട് നേരിട്ടു പറയാൻ കുട്ടികൾ ശബരിമല എവിടെയെന്നറിയാതെ യാത്ര തുടങ്ങുന്നതും കുട്ടികൾ അപ്രത്യക്ഷരാകുമ്പോൾ അച്ഛനമ്മമാരും ബന്ധുക്കളും അവരെ തിരയുന്നതും ഉദ്വേഗജനകമായ സന്ദർഭങ്ങളൊരുക്കി. പ്രേംനസീറും ജയഭാരതിയും ദമ്പതികളായി അഭിനയിച്ചു. ബേബി സുമതി, സുകുമാരി, അടൂർ ഭാസി, ബഹദൂർ, മീന, പ്രേമ, സാധന തുടങ്ങിയവരും ചിത്രത്തിലുണ്ടായിരുന്നു.
ദേവരാജനാണ് ‘സേതുബന്ധന’ത്തിന്റെ സംഗീതസംവിധായകൻ. ശ്രീകുമാരൻ തമ്പി-ദേവരാജൻ ടീം ഒരുക്കിയ ‘സേതുബന്ധന’ത്തിലെ മിക്കവാറും എല്ലാ പാട്ടുകളും ജനങ്ങൾക്ക് ഇഷ്ടപ്പെട്ടു. യേശുദാസ് പാടിയ ‘‘മുൻകോപക്കാരീ’’ എന്ന ഗാനവും ലതാരാജു പാടിയ ‘‘മഞ്ഞക്കിളീ സ്വർണക്കിളീ’’ എന്ന ഗാനവും ‘‘പിഞ്ചുഹൃദയം ദേവാലയം’’ എന്ന പാട്ടും യേശുദാസും മധുരിയും ചേർന്ന് പാടിയ ‘‘പല്ലവി പാടി നിൻ മിഴികൾ’’ എന്ന യുഗ്മഗാനവും സൂപ്പർഹിറ്റുകളായി. യേശുദാസും സംഘവും പാടിയ ‘‘പിടക്കോഴി കൂവുന്ന നൂറ്റാണ്ട്’’ എന്ന പാട്ടും യേശുദാസും മധുരിയും അയിരൂർ സദാശിവനും ചേർന്നു പാടിയ ‘‘കസ്തൂരിഗന്ധികൾ പൂത്തുവോ..?’’ എന്നു തുടങ്ങുന്ന അന്തർനാടക ഗാനവുമാണ് ചിത്രത്തിൽ ബാക്കിയുള്ളവ. ഇനിയും ഗാനങ്ങളിലേക്ക് കടക്കാം.
‘‘ഹേയ് ഹേയ്... മുൻകോപക്കാരീ/ മുഖം മറയ്ക്കും നിന്റെ മനസ്സൊരു/ മുല്ലപ്പൂങ്കാവ്/ അകന്നു നിന്നാൽ പച്ചിലക്കാവ്/ അടുത്തു വന്നാൽ തങ്കനിലാവ് / മുൻകോപക്കാരീ പിണങ്ങിയെത്തും തെന്നലായ്... അഹ... അഹ/ നിറഞ്ഞൊഴുകീ ഞാൻ.../ പുഞ്ചിരിപ്പൂംകൊലുസു കണ്ടു/ തരിച്ചുപോയീ ഞാൻ/ പുണർന്ന നേരം പിണക്കമെല്ലാം/ മറന്നു പോയീ നാം/ പതഞ്ഞു പൂക്കും വസന്തസദ്യ/ നുകർന്നുപോയീ നാം.../ ഹേയ്...ഹേയ്... മുൻകോപക്കാരീ.’’
തന്റെ സ്ഥിരം ശൈലിയിൽനിന്ന് വ്യത്യസ്തമായി പുതിയ രീതിയിലാണ് ഈ ഗാനത്തിന് ജി. ദേവരാജൻ സംഗീതം നൽകിയിരിക്കുന്നത്. ലതാരാജു പാടിയ ‘‘മഞ്ഞക്കിളീ സ്വർണക്കിളീ / മയിൽപീലിക്കാട്ടിലെ വർണക്കിളീ/ അമ്മയുണ്ടോ നിനക്കച്ഛനുണ്ടോ/ അനിയത്തി കൂട്ടിനുണ്ടോ... വീട്ടിൽ/ അനിയത്തി കൂട്ടിനുണ്ടോ..?/ മഞ്ഞിന്റെ കുളിരിൽ നിങ്ങളെയച്ഛൻ/ മടിയിൽ കിടത്താറുണ്ടോ/ താമരപ്പൂവിതൾ തൂവൽ മിനുക്കി/ തഴുകിയുറക്കാറുണ്ടോ -അമ്മ/ താരാട്ടു പാടാറുണ്ടോ..?’’ എന്ന പാട്ടും ലത തന്നെ പാടിയ ‘‘പിഞ്ചുഹൃദയം ദേവാലയം’’ എന്ന പാട്ടും ഗാനസന്ദർഭങ്ങളുമായി ഇഴുകിച്ചേർന്നു എന്ന് പറയാം.
ഈ ഗാനം ചിത്രത്തിൽ മാധുരിയും സംഘവും ചേർന്നും പാടിയിട്ടുണ്ട്. കേരളത്തിലെ ഏറ്റവും വലിയ കമ്യൂണിസ്റ്റ് നേതാക്കളിൽ ഒരാളായ എ.കെ. ഗോപാലന് ഏറ്റവും ഇഷ്ടമുള്ള ഗാനം ‘‘പിഞ്ചുഹൃദയം ദേവാലയം’’ ആയിരുന്നു എന്നും ആസന്നമരണനായി കിടക്കുമ്പോൾ ഈ ഗാനം പാടാൻ തന്റെ മകളോട് ആവശ്യപ്പെട്ടെന്നും അദ്ദേഹത്തിന്റെ മകൾ തന്നെ ഒരു ലേഖനത്തിൽ രേഖപ്പെടുത്തുകയുണ്ടായി.
യേശുദാസും മാധുരിയും ചേർന്നു പാടുന്ന ‘‘പല്ലവി പാടി നിൻ മിഴികൾ...’’ എന്ന ഗാനത്തിന്റെ പല്ലവി ഇങ്ങനെ: ‘‘പല്ലവി പാടി നിൻ മിഴികൾ -അനു/ പല്ലവി പാടിയെൻ മിഴികൾ/ കലഹഭംഗികൾ ചരണമായി/ കവിത തുളുമ്പും ഗാനമായി...’’ ആദ്യത്തെ ചരണം ഇങ്ങനെ: ‘‘ഹൃദയത്തുടിപ്പിന്നു മധുരതരം/ നെടുവീർപ്പുപോലും സ്വരമധുരം/ സിരകളിൽ വൈദ്യുതി തൻ തിരയിളക്കം/ എവിടെയും അനുരാഗ മണിമുഴക്കം.’’
യേശുദാസും സംഘവും പാടുന്ന ‘‘പിടക്കോഴി കൂവുന്ന നൂറ്റാണ്ട്’’ എന്ന ഗാനം ഒരു പ്രത്യേക സാഹചര്യത്തിൽ രണ്ടു പക്ഷങ്ങളായി യുവതികളും യുവാക്കളും മത്സരിക്കുന്ന സന്ദർഭത്തിനുവേണ്ടി എഴുതിയതാണ്, ആ സന്ദർഭം തികച്ചും ഹാസ്യരസ പ്രധാനമാണ്. അല്ലാതെ സ്ത്രീകളെ അപമാനിക്കാൻ ഈ ലേഖകൻ സ്വപ്നത്തിൽപോലും ചിന്തിച്ചിട്ടില്ല എന്ന സത്യം തുറന്നു പറയട്ടെ.
‘‘പിടക്കോഴി കൂവുന്ന നൂറ്റാണ്ട് -ഇതു/ പെണ്ണുങ്ങൾ കലിതുള്ളും നൂറ്റാണ്ട്/ ശീലങ്ങൾ മാറിവരും നൂറ്റാണ്ട് -സത്യം/ ശീർഷാസനത്തിൽ നിൽക്കും നൂറ്റാണ്ട്.../ ഭൂഗോളം തിരിക്കുന്നതവളല്ലേ / കാലത്തെ നയിക്കുന്നതവളല്ലേ/ ചെകുത്താനും ദൈവവും ഒരുപോലെ/ തോൽക്കുന്നതവളുടെ മുന്പിലല്ലേ..?’’
പിൽക്കാലത്ത് എം.ടി. വാസുദേവൻ നായർ തിരക്കഥയെഴുതി ഭരതന്റെ സംവിധാനത്തിൽ പുറത്തുവന്ന ‘വൈശാലി’ എന്ന സിനിമയിൽ വരുന്ന ഋശ്യശൃംഗന്റെ കഥ ഒരു അന്തർനാടകമായി ‘സേതുബന്ധന’ത്തിൽ ഉൾപ്പെടുത്തിയിരുന്നു. സ്ത്രീകളെ കാണാതെ വളർന്ന മുനികുമാരന്റെ കഥ. യേശുദാസ്, മാധുരി, അയിരൂർ സദാശിവൻ എന്നിവരാണ് ഈ അന്തർനാടകത്തിലെ വരികൾ പാടിയിട്ടുള്ളത്.
‘‘കസ്തൂരിഗന്ധികൾ പൂത്തുവോ/ കർപ്പൂര തുളസി തളിർത്തുവോ/ ചന്ദനത്തോപ്പിലെ സിന്ദൂരമല്ലികൾ/ ഒന്നായ് പൂന്തേൻ ചൊരിഞ്ഞുവോ/ എങ്ങുനിന്നെങ്ങു നിന്നൊഴുകി വരുന്നീ/ സുന്ദരഗന്ധപ്രവാഹം.../ കാറ്റിലൊഴുകിയൊഴുകിവരും കൽപകുസുമമോ/ കണ്ടിരിക്കാൻ ദൈവം തീർത്ത കനകശിൽപമോ/ ആരു നീ ആരു നീ അരുണശകലമോ..?’’
ജീവിതത്തിൽ അതുവരെ സ്ത്രീകളെ കണ്ടിട്ടില്ലാത്ത മുനികുമാരൻ വൈശാലിയെ ആദ്യമായി കാണുമ്പോൾ പാടുന്ന വരികൾ. ഈ ഭാഗം യേശുദാസ് ആണ് പാടിയിട്ടുള്ളത്.
വൈശാലിയുടെ ശബ്ദം മാധുരി നൽകിയിരിക്കുന്നു. ‘‘മുനികുമാരാ മുനികുമാരാ/ മനുഷ്യകന്യക ഞാൻ/ നീ കാണാത്ത വസന്തം ഞാൻ/ നിന്റെ നിർവൃതി ഞാൻ/ പ്രേമവാഹിനിയായ് ഞാനൊഴുകാം/ നീയതിൽ കളിത്തോണിയാകൂ...’’ മുനികുമാരന്റെ പിതാവായ വിഭാണ്ഡക മഹർഷിയുടെ ശബ്ദമാണ് അയിരൂർ സദാശിവൻ നൽകിയിട്ടുള്ളത്.
‘‘മുനികുമാരനല്ല അത് മുനികുമാരനല്ല/ ദേവതയായ് നടിക്കുന്ന ദുർഭൂതമെൻ മകനേ/ നീയിനിയാ മുഖം കണ്ടുപോയാൽ/ നിന്റെ തപോബലം നഷ്ടമാകും...’’
‘സേതുബന്ധന’ത്തിന്റെ വിജയത്തിന് ജനപ്രീതി നേടിയ പാട്ടുകളും സഹായകരമായി. 1974 ഏപ്രിൽ 19നാണ് ‘സേതുബന്ധനം’ തിയറ്ററുകളിൽ എത്തിയത്.
കെ.പി.എ.സി നാടക സമിതി ചലച്ചിത്രരംഗത്തു പ്രവേശിച്ചതും തോപ്പിൽ ഭാസിയുടെ സംവിധാനത്തിൽ തകഴിയുടെ ‘ഏണിപ്പടികൾ’ എന്ന നോവൽ സിനിമയാക്കിയതും ഈ പരമ്പരയിൽ യഥാസമയം വിവരിക്കുകയുണ്ടായി. കെ.പി.എ.സി ഫിലിംസ് ഒരു ചിത്രം കൂടി നിർമിച്ചതും 1974ൽ ആണ്. ഒ.എൻ.വി. കുറുപ്പിന്റെ ‘നീലക്കണ്ണുകൾ’ എന്ന കാവ്യത്തെ അടിസ്ഥാനമാക്കി അതേ പേരിൽതന്നെ നിർമിക്കപ്പെട്ട സിനിമയിൽ പക്ഷേ, തോപ്പിൽ ഭാസിക്ക് ഒരു പങ്കും ഉണ്ടായിരുന്നില്ല. ഒ.എൻ.വിയുടെ കഥക്ക് മറ്റൊരു കമ്യൂണിസ്റ്റ് എഴുത്തുകാരനായ എസ്.എൽ. പുരം സദാനന്ദനാണ് തിരക്കഥയും സംഭാഷണവും എഴുതിയത്. സംവിധായകനായി കമ്യൂണിസ്റ്റ് പാർട്ടി കണ്ടെത്തിയത് നടൻ മധുവിനെയാണ്. ‘പ്രിയ’, ‘സിന്ദൂരച്ചെപ്പ്’ തുടങ്ങിയ സിനിമകളിലൂടെ സംവിധാനത്തിലും താൻ മോശമല്ല എന്ന് മധു തെളിയിച്ചുകഴിഞ്ഞിരുന്നു. ചിത്രത്തിലെ നായകനും മധുവായിരുന്നു.
മധുവിനെ കൂടാതെ സുകുമാരൻ, ജയഭാരതി, അടൂർ ഭാസി, ശങ്കരാടി, ബഹദൂർ, കെ.പി.എ.സി ലളിത, തോപ്പിൽ കൃഷ്ണപിള്ള, ആര്യാട് ഗോപാലകൃഷ്ണൻ, കെ.പി.എ.സി സണ്ണി, ജമീല മാലിക്, പറവൂർ ഭരതൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിച്ചു. വയലാറും ഒ.എൻ.വിയും ‘നീലക്കണ്ണുകൾ’ക്കുവേണ്ടി ഗാനങ്ങൾ എഴുതി.
ജി. ദേവരാജൻ സംഗീതസംവിധാനം നിർവഹിച്ചു. സിനിമയിൽ ഏഴു പാട്ടുകളുണ്ടായിരുന്നു. നാല് പാട്ടുകൾ വയലാറും മൂന്നു പാട്ടുകൾ ഒ.എൻ.വി. കുറുപ്പും എഴുതി.
വയലാർ എഴുതിയ ‘‘മരിക്കാൻ ഞങ്ങൾക്ക് മനസ്സില്ല...’’ എന്ന് തുടങ്ങുന്ന ഗാനം യേശുദാസും മാധുരിയും സംഘവും ആലപിച്ചു. ‘‘മരിക്കാൻ ഞങ്ങൾക്ക് മനസ്സില്ല/ കരയാൻ ഞങ്ങൾക്ക് മനസ്സില്ല/ മുതലാളിത്തമേ നിൻ മുന്നിൽ ഇനി/ മുട്ട് മടക്കാൻ മനസ്സില്ല...’’
തേയിലത്തോട്ടത്തിന്റെ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നതെന്നും അവിടെ തൊഴിലാളികൾ സമരത്തിലാണെന്നും വയലാറിന്റെ വരികൾ പറഞ്ഞുതരുന്നു, തുടർന്നുള്ള വരികൾ കേൾക്കുക.
‘‘തളിരും തിരിയുംപോലെ ഞങ്ങടെ/ തലയും കനിയും നുള്ളുന്നവരേ/ കന്യകമാരുടെ കണ്ണീർമാറിൽ/ കാമനഖങ്ങളുയർത്തുന്നവരേ/ വാളുറയിലിടൂ വാളുറയിലിടൂ/ കാപാലികരേ വാളുറയിലിടൂ...’’
വയലാർ എഴുതിയ രണ്ടാമത്തെ സമരഗാനവും യേശുദാസും മാധുരിയും സംഘവും തന്നെയാണ് ആലപിച്ചത്.
‘‘വിപ്ലവം ജയിക്കട്ടേ/ വിഗ്രഹങ്ങൾ തകരട്ടേ/ സഹ്യസാനുക്കളുണരട്ടേ/ സുപ്രഭാതങ്ങൾ ചുവക്കട്ടേ/ കാട്ടുതിരികൾ കപ്പൽ കയറ്റും/ തോട്ടമുടമകളേ/ തോൽക്കുകയില്ലിനി നിങ്ങടെയോട്ട-/ തോക്കിനു മുന്നിൽ തൊഴിലാളി.../ തൊഴിലാളി ഐക്യം സിന്ദാബാദ്/ തൊഴിലാളി ഐക്യം സിന്ദാബാദ്...’’ യേശുദാസ് തനിച്ചു പാടിയ ‘‘കുറ്റാലം കുളിരരുവി...’’ എന്ന പാട്ട് പ്രശസ്തമാണ്.
‘‘കുറ്റാലം കുളിരരുവീ.../ കുളിരരുവീ/ ചിറ്റോളം ചിലമ്പു ചാർത്തിയ കുളിരരുവീ/ ഈ ചിത്രകൂട പൂമുഖങ്ങളിൽ ഒഴുകിവരൂ/ഒഴുകിവരൂ കുറ്റാലം കുളിരരുവീ...’’
വയലാർ എഴുതിയ നാലാമത്തെ ഗാനം ‘‘മയൂരനർത്തനമാടി’’ എന്ന് തുടങ്ങുന്നു.
‘‘മയൂര നർത്തനമാടി/ മലർക്കളി ചെണ്ടുകൾ ചൂടി/ മാധവ പൗർണമീ വന്നാലും/ പുൽവരമ്പിന്മേൽ ഇരുന്നാലും...’’ ഒ.എൻ.വി എഴുതിയ മൂന്നു ഗാനങ്ങളിൽ ഏറ്റവും പ്രശസ്തി നേടിയത് ‘‘കല്ലോലിനീ വനകല്ലോലിനീ’’ എന്ന് തുടങ്ങുന്ന ഗാനമാണ്. ദേവരാജൻ ഈ ചിത്രത്തിനു വേണ്ടി ഒരുക്കിയ ഏറ്റവും മികച്ച ഈണവും ഇതുതന്നെ. പി. ജയചന്ദ്രനാണ് ഈ പാട്ടിനു ശബ്ദം നൽകിയത്. ‘‘കല്ലോലിനീ വനകല്ലോലിനീ -നിൻ/ തീരത്തു വിടരും ദുഃഖപുഷ്പങ്ങളെ/ താരാട്ടു പാടിയുറക്കൂ... ഉറക്കൂ...’’
‘നീലക്കണ്ണുകൾ’ എന്ന സിനിമയിലെ ഗാനങ്ങളിൽ ഏറ്റവും കൂടുതൽ പ്രക്ഷേപണം ചെയ്യപ്പെട്ടിട്ടുള്ളത് ഈ പാട്ടാണ്. ഗാനം ഇങ്ങനെ തുടരുന്നു.
‘‘തങ്കത്തളിരിലകൾ താലോലം പാടിപ്പാടി/ പൊൻതിരി തീർക്കുന്നു വനഭൂമി/ നീലവിശാലതയെ തൊട്ടുഴിയുവാൻ പച്ച-/ത്താലങ്ങൾ ഉയർത്തുമീ തീരഭൂമി/ ഇവിടെ നിൻ കാൽത്തളകൾ കരയുന്നുവോ/ ഇവിടെ നിൻ കളഗീതം ഇടറുന്നുവോ.../ കല്ലോലിനീ... വനകല്ലോലിനീ...’’
ഒ.എൻ.വി എഴുതിയ രണ്ടാമത്തെ ഗാനം മാധുരി പാടി. ഒരു ഹമ്മിങ് കഴിഞ്ഞ് ‘‘അല്ലിമലർക്കിളിമകളേ...’’ എന്ന് ആരംഭിക്കുന്ന ഗാനം.
‘‘അല്ലിമലർക്കിളിമകളേ/ ചൊല്ലൂ ചൊല്ലൂ നിന്റെ ചുണ്ടിലെ/ നല്ലോലക്കുറി എന്റെയോ നിന്റെയോ...’’ ഗാനത്തിലെ തുടർന്നുള്ള വരികൾ ഇങ്ങനെ: ‘‘പൂ പോലെ വില്ലെടുത്ത് കുലച്ചൊടിച്ച് -പണ്ട്/ പൂമകൾക്കു പുടവ കൊടുത്തു/ ഭൂമിമലയാളമാകെ പാടിയ കിളിയേ/ രാമനെന്നെ കൊണ്ടുപോകാനെന്നുവരും -എന്റെ/ രാമനെന്നെ താലികെട്ടാനെന്നുവരും...’’ ചിത്രത്തിലെ ഏഴാമത്തെ ഗാനവും ഒ.എൻ.വി എഴുതിയ മൂന്നാമത്തെ ഗാനവും താഴെ കൊടുക്കുന്നു. ചന്ദ്രഭാനു എന്ന ഗായകനാണ് ഈ ഗാനം പാടിയത്.
‘‘കവിതകൊണ്ടു നിൻ കണ്ണുനീരൊപ്പുവാൻ/ കഴിവെഴാത്തവനാണു ഞാനെങ്കിലും/ കടമിഴികളിൽ നീലമലരൊളി/ കവിത നെയ്തിടും നിൻ കണ്മുനകളിൽ...’’ ഇങ്ങനെ തുടങ്ങുന്ന ഗാനം ഒരു കവിത തന്നെയാണ്. ചിത്രത്തിന്റെ തുടക്കത്തിൽ ശീർഷകഗാനമായിട്ടാണ് ഇത് ഉപയോഗിച്ചിട്ടുള്ളത്. 1974 മേയ് ദിനത്തിലാണ് (മേയ് -ഒന്ന്) നീലക്കണ്ണുകൾ പ്രധാന കേന്ദ്രങ്ങളിൽ പ്രദർശനത്തിനെത്തിയത്. ‘നീലക്കണ്ണുകൾ’ എന്ന സിനിമയോടെ കെ.പി.എ.സി ഫിലിംസ് ചലച്ചിത്രനിർമാണത്തിൽനിന്ന് പിന്മാറി.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.