ആദ്യം വൈക്കം മാളവികയുടെ നാടകങ്ങളിലും പിന്നീട് പരവൂർ ദേവരാജന്റെയും ഒ. മാധവന്റെയും നേതൃത്വത്തിലുള്ള കാളിദാസ കലാകേന്ദ്രത്തിന്റെ നാടകങ്ങളിലും നായകനായി അഭിനയിച്ചു. നടനായി മാറിയപ്പോൾ അദ്ദേഹം ജെ.സി. കുറ്റിക്കാട് എന്ന പേര് ‘ജേസി’ എന്നുമാറ്റി. നാടകത്തിൽനിന്ന് സിനിമയിലേക്കു നടനായി വന്ന ജേസിക്ക് അവിടെ കാര്യമായ അംഗീകാരം നേടാൻ സാധിച്ചില്ല. അപ്പോൾ അദ്ദേഹം സിനിമാ സംവിധാനത്തിലേക്കു കടന്നു –ഗാനചരിത്രത്തിൽ ജയനും ജേസിയും കടന്നുവരുന്നു.ശ്രീമൂകാംബിക മൂവീസ് നിർമിച്ച ‘പട്ടാഭിഷേകം’ എന്ന മലയാള സിനിമ തെലുഗു ചലച്ചിത്രരംഗത്തെ പരിചയസമ്പന്നനായ മല്ലികാർജുന റാവുവാണ് സംവിധാനംചെയ്തത്. പത്രപ്രവർത്തകനായ എ....
ആദ്യം വൈക്കം മാളവികയുടെ നാടകങ്ങളിലും പിന്നീട് പരവൂർ ദേവരാജന്റെയും ഒ. മാധവന്റെയും നേതൃത്വത്തിലുള്ള കാളിദാസ കലാകേന്ദ്രത്തിന്റെ നാടകങ്ങളിലും നായകനായി അഭിനയിച്ചു. നടനായി മാറിയപ്പോൾ അദ്ദേഹം ജെ.സി. കുറ്റിക്കാട് എന്ന പേര് ‘ജേസി’ എന്നുമാറ്റി. നാടകത്തിൽനിന്ന് സിനിമയിലേക്കു നടനായി വന്ന ജേസിക്ക് അവിടെ കാര്യമായ അംഗീകാരം നേടാൻ സാധിച്ചില്ല. അപ്പോൾ അദ്ദേഹം സിനിമാ സംവിധാനത്തിലേക്കു കടന്നു –ഗാനചരിത്രത്തിൽ ജയനും ജേസിയും കടന്നുവരുന്നു.
ശ്രീമൂകാംബിക മൂവീസ് നിർമിച്ച ‘പട്ടാഭിഷേകം’ എന്ന മലയാള സിനിമ തെലുഗു ചലച്ചിത്രരംഗത്തെ പരിചയസമ്പന്നനായ മല്ലികാർജുന റാവുവാണ് സംവിധാനംചെയ്തത്. പത്രപ്രവർത്തകനായ എ. നടരാജൻ നിർമിച്ച ഈ ചിത്രത്തിന് നിർമാതാവ് തന്നെ കഥയെഴുതി. രാജീവൻ ആണ് തിരക്കഥയും സംഭാഷണവും രചിച്ചത്. ‘പട്ടാഭിഷേകം’ അടിമുടി ഒരു ആക്ഷൻ ചിത്രമായിരുന്നു.
എങ്കിലും, ചിത്രത്തിൽ ഏഴു പാട്ടുകൾ ഉൾപ്പെടുത്തിയിരുന്നു. ശ്രീകുമാരൻ തമ്പിയുടെ ഗാനങ്ങൾക്ക് ആർ.കെ. ശേഖർ സംഗീതം നൽകി. പ്രേംനസീർ നായകനും ഉഷാ നന്ദിനി നായികയുമായി. ഹാസ്യ നടിയായ ശ്രീലതക്ക് താരതമ്യേന പ്രാധാന്യമുള്ള വേഷം ലഭിച്ചു. രാഘവൻ, വിൻസെന്റ്, സുധീർ ടി.എസ്. മുത്തയ്യ, ജോസ് പ്രകാശ്, അടൂർ ഭാസി, ബഹദൂർ, ശങ്കരാടി, ടി.ആർ. ഓമന, സരസ്വതി, ശ്യാം കുമാർ, ഖദീജ തുടങ്ങിയവർ അഭിനയിച്ചു. യേശുദാസ് പാടിയ ‘‘ആകാശത്തിന് ഭ്രാന്തു പിടിച്ചു’’ എന്ന ഗാനം ഈ സിനിമയിലേതാണ്.
‘‘ആകാശത്തിനു ഭ്രാന്തുപിടിച്ചു/ അന്നാദ്യം മാനത്തു മിന്നലുദിച്ചു/ വെള്ളിടി വെട്ടി പേമാരി പെയ്‌തു/ അങ്ങനെ ഭൂമിക്കും ഭ്രാന്തുപിടിച്ചു.../ വസന്തത്തിൽ അവൾ പൊട്ടിച്ചിരിച്ചു/ ഗ്രീഷ്മത്തിൽ അവൾ കത്തിയെരിഞ്ഞു/ വർഷത്തിൽ മനം തേങ്ങിക്കരഞ്ഞു/ ഹേമന്തത്തിൽ വീണ്ടും മന്ദഹസിച്ചു...’’ എന്നിങ്ങനെ തുടരുന്നു ഈ ഗാനം. യേശുദാസ് തന്നെ ആലപിച്ച
‘‘താരകേശ്വരി നീ...’’ എന്ന ഗാനവും ഹിറ്റ് ലിസ്റ്റിൽപെട്ടു. ബി. വസന്തയാണ് ഈ ഗാനത്തിൽ ഹമ്മിങ് പാടിയത്.
‘‘താരകേശ്വരി നീ/ തങ്കവിഗ്രഹം നീ/ എന്റെ മനസ്സാം താമരമലരിൻ/ പുഞ്ചിരിയായ മഹാലക്ഷ്മി നീ...’’ എന്ന പല്ലവിക്കുശേഷം ആദ്യചരണം ഇങ്ങനെ: ‘‘ചിത്രലേഖ നീ എൻ സ്വപ്നവീഥികൾ/ ചിത്രാഞ്ജലികളാൽ അലങ്കരിക്കൂ/രത്നസുമങ്ങൾ വിടർന്നു കൊഴിയുമാ/ പത്മാധരംകൊണ്ടു സൽക്കരിക്കൂ.../ സൽക്കരിക്കൂ...’’
ജയചന്ദ്രനും മാധുരിയും ചേർന്നു പാടിയ പ്രണയഗാനം ഇങ്ങനെ തുടങ്ങുന്നു: ‘‘പ്രേമത്തിൻ വീണയിൽ സ്വരമുയർന്നു/ ഗാനത്തിൻ യമുനയിൽ തിര മറിഞ്ഞു/ ഈയനുഭൂതികൾ മധു പകർന്നു/ ഇനിയൊഴുകാമിരു തോണികളായ്... ആർ.കെ. ശേഖറിന്റെ മികച്ച ഈണങ്ങളിലൊന്നാണിത്.
പി. സുശീല പാടിയ ‘‘പല്ലവി മാത്രം പറഞ്ഞുതന്നു/ പവിഴം കെട്ടിയ വീണതന്നു/ പാടുവാനെന്നെയൊരുക്കി നിർത്തി/ ഗായകനെങ്ങോ മറഞ്ഞുനിന്നു’’ എന്ന ഗാനവും ജയചന്ദ്രനും സംഘവും പാടിയ ‘‘പൂവോടം തുള്ളി വന്നേൻ/ പൂമാല ചാർത്തി വന്നേൻ/ തീക്കനൽ പൂത്തളിക/ തിരുനടയിൽ കൊണ്ടുവന്നേൻ/ കാളി കരിങ്കാളീ രക്തേശ്വരീ/ നീലീ ചാമുണ്ഡീ ഭുവനേശ്വരീ...’’ എന്ന നൃത്തഗാനവും ശേഖറിന്റെ സംഗീതസ്പർശത്താൽ ശ്രദ്ധേയങ്ങളായി.
ബ്രഹ്മാനന്ദനും ചിറയിൻകീഴ് സോമനും ചേർന്നു പാടിയ ‘‘പഞ്ചപാണ്ഡവ സോദരർ നമ്മൾ/ പാഞ്ചാലി നമ്മുടെ ധർമപത്നി/ അഞ്ചുപേരെ വേട്ട ചഞ്ചലാക്ഷീ/ അമ്പിളിത്തെല്ലൊത്ത കോമളാംഗി’’ എന്ന ഹാസ്യഗാനവും ചിത്രത്തിലുണ്ടായിരുന്നു. പൊൻകുന്നം രവി എന്ന പുതിയ ഗായകനും ‘പട്ടാഭിഷേക’ത്തിനുവേണ്ടി ഒരു ഗാനം പാടി.
ആ പാട്ട് ഇങ്ങനെ തുടങ്ങുന്നു: ‘‘പഞ്ചമി സന്ധ്യയിൽ പാതിവിടർന്നൊരു/ പരിഭവപുഷ്‌പം നിൻ കവിളിൽ/ ഒരു ചുംബനത്തിൽ ഒരു സാന്ത്വനത്തിൽ/ ഓമനേ, യാമലർ കൊഴിയും -പകരം/ നാണത്തിൻ പൂവിരിയും.’’ പൊൻകുന്നം രവി എന്ന ഗായകന് ഒരു നല്ല തുടക്കം കിട്ടിയെങ്കിലും ആ സ്ഥാനം നിലനിർത്താൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. ആർ.കെ. ശേഖറിന്റെ മികച്ച ഈണങ്ങളുള്ള സിനിമയായിരുന്നു ‘പട്ടാഭിഷേകം’. 1974 ജനുവരിയിൽ പുറത്തുവന്ന ചിത്രം ബോക്സ് ഓഫിസിൽ ശരാശരി വിജയം നേടി.
പി. ഭാസ്കരൻ സംവിധാനംചെയ്ത ‘ഒരു പിടി അരി’ ശ്രീശാരദാ ആർട്സ് നിർമിച്ച ചിത്രമാണ്. നിർമാതാവിന്റെ പേര് ടി. മോഹൻ. തമിഴ് എഴുത്തുകാരനായ ജോസഫ് ആനന്ദ് എഴുതിയ കഥക്ക് തോപ്പിൽ ഭാസി തിരക്കഥയും സംഭാഷണവും രചിച്ചു. മധു, ശാരദ, സുധീർ, ടി.എസ്. മുത്തയ്യ, അടൂർ ഭാസി, ബഹദൂർ, ശങ്കരാടി, കെ.പി.എ.സി ലളിത, മീന, തിരുത്തിയാട് വിലാസിനി തുടങ്ങിയവർ അഭിനയിച്ചു. പി. ഭാസ്കരൻ ഗാനരചനയും എ.ടി. ഉമ്മർ സംഗീതസംവിധാനവും നിർവഹിച്ചു. ജയചന്ദ്രനും എസ്. ജാനകിയുമാണ് പ്രധാന ഗാനങ്ങൾ ആലപിച്ചത്.
‘‘പൂമരപ്പൊത്തിലെ താമരക്കുരുവീ’’ എന്ന് തുടങ്ങുന്ന പാട്ട് എസ്. ജാനകി പാടി. ‘‘പൂമരപ്പൊത്തിലെ താമരക്കുരുവീ/ രാമപ്പഴം പഴുത്തു -വനങ്ങളിൽ/ സീതപ്പഴം പഴുത്തു/ മാടിവിളിക്കുന്നു മാന്തളിർക്കയ്യുകൾ/ ഓടിവാ ഓടിവാ ഓടിവാ/ പഴം തിന്നാൻ -പഴം തിന്നാൻ’’ എന്നിങ്ങനെ പല്ലവി. ആദ്യചരണം ഇങ്ങനെ: ‘‘ഞാനറിയാതെന്റെ പൂങ്കിനാവിന്നലെ/ മാനത്തെ കണ്ടത്തിൽ വിത വിതച്ചു/ ഓണപ്പുലരിയിൽ തിന വിളഞ്ഞു/ ഓടി വാ ഓടി വാ ഓടി വാ / തിന തിന്നാൻ...’’
എസ്. ജാനകി പാടിയ രണ്ടാമത്തെ ഗാനം ‘‘അത്തം പത്തിനു പൊന്നോണം’’ എന്ന് തുടങ്ങുന്നു.
‘‘അത്തം പത്തിനു പൊന്നോണം/ ഇത്തിരിപ്പെണ്ണിന്റെ കല്യാണം/ മുറ്റത്തെ മുല്ലേ മൂവന്തിമുല്ലേ/ മുപ്പത്തിടങ്ങഴി പൂ വേണം.’’ ഗാനം ഇങ്ങനെ തുടരുന്നു: ‘‘ഇല്ലില്ലംകാവിലെ പന്തലിൽ വന്നെത്തി/ കല്യാണച്ചെറുക്കൻ -നിന്റെ/കല്യാണച്ചെറുക്കൻ/ കാക്കക്കറുപ്പുള്ള കരിമീശ വെച്ചുള്ള/ കണ്ടാലഴകുള്ള മണവാളൻ.’’
‘ഒരു പിടി അരി’ എന്ന സിനിമക്കുവേണ്ടി എസ്. ജാനകി പാടിയ മൂന്നാമത്തെ ഗാനം ഗുരുവായൂരപ്പനെക്കുറിച്ചുള്ള ഭക്തിഗാനമാണ്. ‘‘ശരണം തേടുന്നോർക്കവിടുന്നേ രക്ഷ/ ഗുരുവായൂർ വാഴും ഹരികൃഷ്‌ണാ/ പെരിയ സംസാരക്കടലിൻ തീരം നീ/ കരുണക്കാതലേ മണിവർണാ’’ എന്നിങ്ങനെയാണ് ഗാനത്തിന്റെ തുടക്കം.
അഞ്ചു പാട്ടുകളുള്ള ‘ഒരു പിടി അരി’യിലെ ബാക്കി രണ്ടു പാട്ടുകൾ പാടിയത് പി. ജയചന്ദ്രനാണ്. ആദ്യഗാനം ഇങ്ങനെ തുടങ്ങുന്നു:
‘‘ഇന്നു രാത്രി പൂർണിമാരാത്രി/ സുന്ദരിയാം ഭൂമികന്യ/ സ്വപ്നം കണ്ട രാത്രി/ സ്വർഗീയ സുന്ദരരാത്രി/ ഈ രാത്രി -ഈ രാത്രി...’’ ജയചന്ദ്രൻ പാടിയ രണ്ടാമത്തെ ഗാനം ‘‘അടുത്ത രംഗം ആരു കണ്ടു..?’’ എന്നു തുടങ്ങുന്നു. ‘‘അടുത്ത രംഗം ആരു കണ്ടു/ നടക്കാൻ പോകുന്നതാരു കണ്ടു?/ ഭാവിയെ കാണും മൂന്നാം തൃക്കണ്ണ്/ മൂടിയിരിപ്പതേ ഭാഗ്യം.../ നമ്മുടെ ഭാഗ്യം -നമ്മുടെ ഭാഗ്യം.’’ 1974 ഫെബ്രുവരി ഒന്നിന് തിയറ്ററുകളിലെത്തിയ ‘ഒരു പിടി അരി’ ഭേദപ്പെട്ട അഭിപ്രായവും കലക്ഷനും നേടിയെടുത്തു.
1960കളുടെ തുടക്കത്തിൽ ചെറുകഥകളും നീണ്ടകഥകളും എഴുതി ജനകീയ സാഹിത്യരംഗത്ത് ശ്രദ്ധേയനായ കഥാകൃത്താണ് ജെ.സി. കുറ്റിക്കാട്. എറണാകുളത്തുനിന്ന് പ്രസിദ്ധീകരിച്ചിരുന്ന ‘ഉഷ’ എന്ന മാസികയുടെ പത്രാധിപരുമായിരുന്നു അദ്ദേഹം. എന്നാൽ, എഴുത്തുകാരനായ ജെ.സി. കുറ്റിക്കാട് പിന്നീട് നാടകനടനായി. ആദ്യം വൈക്കം മാളവികയുടെ നാടകങ്ങളിലും പിന്നീട് പരവൂർ ദേവരാജന്റെയും ഒ. മാധവന്റെയും നേതൃത്വത്തിലുള്ള കാളിദാസ കലാകേന്ദ്രത്തിന്റെ നാടകങ്ങളിലും നായകനായി അഭിനയിച്ചു. നടനായി മാറിയപ്പോൾ അദ്ദേഹം ജെ.സി. കുറ്റിക്കാട് എന്ന പേര് ‘ജേസി’ എന്നു മാറ്റി.
നാടകത്തിൽനിന്ന് സിനിമയിലേക്കു നടനായി വന്ന ജേസിക്ക് അവിടെ കാര്യമായ അംഗീകാരം നേടാൻ സാധിച്ചില്ല. അപ്പോൾ അദ്ദേഹം സിനിമാ സംവിധാനത്തിലേക്കു കടന്നു. ജേസി സംവിധാനംചെയ്ത ‘ശാപമോക്ഷം’ 1974 ഫെബ്രുവരി 15ന് തിയറ്ററുകളിൽ എത്തി. കാർട്ടൂണിസ്റ്റ് തോമസ് ആണ് ഈ ചിത്രം നിർമിച്ചത്. അമേരിക്കൻ മലയാളിയായ ഫ്രാൻസിസും നടൻ ജോസ് പ്രകാശിന്റെ അനുജൻ രാജനും നിർമാണത്തിൽ സഹകരിച്ചു എന്നാണ് അറിവ്. നിർമാണക്കമ്പനിയുടെ പേര് ‘അനശ്വര’. കാർത്തികേയൻ ആലപ്പുഴ എഴുതിയ കഥക്ക് ജേസിതന്നെ തിരക്കഥയും സംഭാഷണവും രചിച്ചു.
ഷീല, കെ.പി. ഉമ്മർ, സുജാത, റാണിചന്ദ്ര, ജോസ് പ്രകാശ്, അടൂർ ഭാസി, ബഹദൂർ, കുതിരവട്ടം പപ്പു, അടൂർ ഭവാനി, ഫിലോമിന, ശ്രീലത, പ്രസാദ്, ബിന്ദു രാമകൃഷ്ണൻ തുടങ്ങിയ നടീനടന്മാർ അഭിനയിച്ചു. പി. ഭാസ്കരന്റെ പാട്ടുകൾക്ക് സംഗീതം പകർന്നത് പരവൂർ ദേവരാജൻ. ഈ സിനിമയിലെ ഒരു ഗാനരംഗത്തിലൂടെയാണ് പിൽക്കാലത്ത് പേരെടുത്ത കൃഷ്ണൻ നായർ എന്ന ജയൻ സിനിമാ നടനായത്. കൃഷ്ണൻ നായരെ സംവിധായകൻ ജേസിക്കു പരിചയപ്പെടുത്തി കൊടുത്തത് ജോസ് പ്രകാശിന്റെ അനുജൻ ആണെന്നാണ് അറിവ്. അദ്ദേഹം കൃഷ്ണൻ നായരുടെ അടുത്ത സുഹൃത്തായിരുന്നു. യേശുദാസ് പാടിയ ഈ ഗാനം ‘‘ആദ്യത്തെ രാത്രിയെ വരവേൽക്കാൻ’’ എന്നു തുടങ്ങുന്നു.
‘‘ആദ്യത്തെ രാത്രിയെ വരവേൽക്കാൻ/ കാർത്തികവിളക്കുകൾ കൊളുത്തി -കണ്ണുകൾ/ കാർത്തികവിളക്കുകൾ കൊളുത്തി കൽപനാസൗധത്തിൻ മുറ്റത്തു കാമൻ/ പുഷ്പതാലങ്ങൾ നിരത്തി...’’ ഗാനം ഇങ്ങനെ തുടരുന്നു: ‘‘അധരങ്ങളിൽ അമൃതപുളിനങ്ങളിൽ/ ആയിരം ദാഹങ്ങൾ അലയടിച്ചു/ നയനങ്ങളിൽ നീലനളിനങ്ങളിൽ/ സ്വപ്നമരാളങ്ങൾ ചിറകടിച്ചു.’’
ഈ ഗാനമാണ് ‘ശാപമോക്ഷ’ത്തിലെ ഒരു വിരുന്നുരംഗത്തിൽ കൃഷ്ണൻ നായർ എന്ന നടൻ പാടി അഭിനയിച്ചത്. അടുത്ത നാലു വർഷക്കാലം കൃഷ്ണൻ നായർ, ജയൻ എന്ന പേരിൽ ചെറിയ വേഷങ്ങളിലും വില്ലൻ വേഷങ്ങളിലും അഭിനയിച്ചു. 1978ൽ നായകനായി ഉയർന്നു. രണ്ടേ രണ്ടു വർഷംകൊണ്ട് പ്രശസ്തനായി. 1980 നവംബർ 16ാം തീയതി ഷൂട്ടിങ് അപകടത്തിൽ അന്തരിക്കുകയുംചെയ്തു. ‘ശാപമോക്ഷ’ത്തിലെ രണ്ടാമത്തെ ഗാനം പി. ജയചന്ദ്രനും മാധുരിയും ചേർന്നു പാടി. ‘‘കല്യാണിയാകും അഹല്യ -പാറ/ക്കല്ലായി കിടന്നല്ലോ കാനനത്തിൽ/ ...പകലും വെയിലത്തും മഴയത്തും/ മല്ലാക്ഷി ശിലയായി തപസ്സു ചെയ്‌തു/ നിന്നുടെ ശാപത്തിൻ നിവൃത്തി തരുവാനായ്/ മന്നോർ മന്നനാം ശ്രീരാമചന്ദ്രൻ/ വന്നണയും പെണ്ണേ എന്നുള്ള മുനിവാക്യം/ എന്നുമോർത്തവൾ കാത്തിരുന്നു.../ കാത്തിരുന്നു.’’
ചിത്രത്തിലെ മൂന്നാമത്തെ ഗാനം മാധുരിയും അയിരൂർ സദാശിവനും ചേർന്നാണ് പാടിയത്. ‘‘അല്ലിമലർതത്തേ നിൻ മനസ്സിൽ മലരമ്പൻ/ കല്യാണപ്പന്തലിനു കാലുനാട്ടി/ പൊൻകിനാവിൽ തെളിയും നിൻ മണിയറയ്ക്കുള്ളിൽ/ സങ്കൽപ്പസുന്ദരിമാർ വീണ മീട്ടി’’ എന്നിങ്ങനെ തുടങ്ങുന്ന ഈ ഗാനവും മോശമായില്ല.
‘ശാപമോക്ഷം’ തരക്കേടില്ലാത്ത അഭിപ്രായം നേടിയ സിനിമയാണ്. ലോ ബജറ്റ് ആയിരുന്നതുകൊണ്ട് സിനിമ സാമ്പത്തികമായി പരാജയപ്പെട്ടതുമില്ല. ജേസിക്കു സംവിധാനരംഗത്ത് കാലുറപ്പിക്കാൻ ‘ശാപമോക്ഷം’ എന്ന ചിത്രത്തിലൂടെ സാധ്യമായി എന്നും പറയാം.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.