തെന്നിന്ത്യൻ ഭാഷകളിലും ഹിന്ദിയിലും സൂപ്പർഹിറ്റ് സിനിമകൾ നിർമിച്ച മലയാളിയാണ് എൻ. വാസുമേനോൻ. മദ്രാസിലെ വടപളനിയിൽ ഇപ്പോൾ എൻ.എസ്. കൃഷ്ണൻ ശാല എന്നറിയപ്പെടുന്ന പഴയ ആർക്കോട്ട് റോഡിൽ എ.വി. മെയ്യപ്പൻ സ്ഥാപിച്ച എ.വി.എം സ്റ്റുഡിയോ, തെലുങ്ക് സിനിമയിലും തമിഴ് സിനിമയിലും അനിഷേധ്യ നായികയായിരുന്ന...
തെന്നിന്ത്യൻ ഭാഷകളിലും ഹിന്ദിയിലും സൂപ്പർഹിറ്റ് സിനിമകൾ നിർമിച്ച മലയാളിയാണ് എൻ. വാസുമേനോൻ. മദ്രാസിലെ വടപളനിയിൽ ഇപ്പോൾ എൻ.എസ്. കൃഷ്ണൻ ശാല എന്നറിയപ്പെടുന്ന പഴയ ആർക്കോട്ട് റോഡിൽ എ.വി. മെയ്യപ്പൻ സ്ഥാപിച്ച എ.വി.എം സ്റ്റുഡിയോ, തെലുങ്ക് സിനിമയിലും തമിഴ് സിനിമയിലും അനിഷേധ്യ നായികയായിരുന്ന പി. ഭാനുമതി സ്ഥാപിച്ച ഭരണി സ്റ്റുഡിയോ എന്നിവ കഴിഞ്ഞാണ് വാസുമേനോൻ സ്ഥാപിച്ച വാസു സ്റ്റുഡിയോ ദീർഘകാലം നിലനിന്നിരുന്നത്. തുടക്കത്തിൽ എ.വി.എം സ്റ്റുഡിയോയുടെ മാനേജരായിരുന്നു വാസുമേനോൻ. പിന്നീട് സ്വപ്രയത്നംകൊണ്ട് അദ്ദേഹം സ്വന്തം സ്റ്റുഡിയോ സ്ഥാപിക്കുകയും ഹിന്ദിയടക്കമുള്ള ഭാഷകളിൽ ചിത്രങ്ങൾ നിർമിക്കുകയും ചെയ്തു. പി. ഭാസ്കരനുമായി ചേർന്ന് വാസുമേനോൻ നിർമിച്ച മലയാളചിത്രമാണ് 'തറവാട്ടമ്മ'. മദ്രാസ് മൂവീസ് എന്നായിരുന്നു ബാനറിന്റെ പേര്. സത്യൻ നായകനും ഷീല നായികയുമായി. ബി.എസ്. സരോജ, തിക്കുറിശ്ശി, കെ.പി. ഉമ്മർ, പി.ജെ. ആന്റണി, ആറന്മുള പൊന്നമ്മ, സുകുമാരി, അടൂർ ഭാസി, ബഹദൂർ, മാസ്റ്റർ പ്രഭാകർ തുടങ്ങിയ താരങ്ങൾ അണിനിരന്ന 'തറവാട്ടമ്മ'യിൽ സംവിധായകനായ പി. ഭാസ്കരൻ തന്നെയാണ് പാട്ടുകൾ എഴുതിയത്. ഈ ചിത്രത്തിന്റെ പേരു കേൾക്കുമ്പോൾ ആദ്യമായി ഓർമയിൽ വരുന്നത് കമുകറ പുരുഷോത്തമൻ പാടിയ ''മറ്റൊരു സീതയെ കാട്ടിലേക്കയയ്ക്കുന്നു ദുഷ്ടനാം ദുർവിധി വീണ്ടും- ഇതാ ദുഷ്ടനാം ദുർവിധി വീണ്ടും'' എന്ന അനശ്വരഗാനമാണ്. രണ്ടാമതായി എസ്. ജാനകി പാടിയ ''ഒരു കൊച്ചു സ്വപ്നത്തിൻ ചിറകുമായ് അവിടുത്തെ അരുകിൽ ഞാനിപ്പോൾ വന്നെങ്കിൽ...'' എന്ന ഗാനവും. എം.എസ്. ബാബുരാജ് ഈണം നൽകിയ ഈ രണ്ടു ഗാനങ്ങളിലും ആ വലിയ സംഗീതപ്രതിഭയുടെ വ്യതിരിക്തമായ മുദ്ര പതിഞ്ഞിട്ടുണ്ട്. പി. ഭാസ്കരൻ-ബാബുരാജ് ടീമിന്റെ ഏറ്റവും മികച്ച ഗാനങ്ങളുടെ ശ്രേണിയിൽ ഇവക്കും സ്ഥാനമുണ്ട്. കമുകറ പുരുഷോത്തമൻ, യേശുദാസ്, എസ്. ജാനകി, ഉദയഭാനു, ബി. വസന്ത, രേണുക എന്നിവർ പാടിയ ഏഴു ഗാനങ്ങളാണ് 'തറവാട്ടമ്മ'യിൽ ഉണ്ടായിരുന്നത്. ''മറ്റൊരു സീതയെ കാട്ടിലേക്കയയ്ക്കുന്നു'' എന്നാരംഭിക്കുന്ന ഗാനത്തിലെ എല്ലാ വരികളും അർഥനിർഭരവും ശോകനിർഭരവുമാണ്. ''വേർപിരിഞ്ഞകലുന്ന നിന്നിണക്കിളിയുടെ/വേദന നടുങ്ങാതെ കണ്ടുനിൽക്കാൻ/രാമനല്ലല്ലോ നീ, രാജാവുമല്ലല്ലോ/ കേവലനാമോരു മനുജൻ...'' എന്നും ''യുഗങ്ങൾ കഴിഞ്ഞിട്ടും ജഗം തന്നെ മാറിയിട്ടും /ചരിത്രത്തിൻ ചക്രം വീണ്ടും തിരിയുന്നു'' എന്നും കേൾക്കുമ്പോൾ മനസ്സിൽ നിറയുന്ന ചോദ്യങ്ങൾ അനവധിയാണ്, ഉത്തരമില്ലാത്ത ചോദ്യങ്ങൾ! 'തറവാട്ടമ്മ' അക്ഷരാർഥത്തിൽ ഒരു കുടുംബചിത്രമായിരുന്നു. ഗാനങ്ങളിലും ബന്ധങ്ങളുടെ സൗന്ദര്യവും തീവ്രതയും സംവിധായകൻകൂടിയായ ഗാനരചയിതാവ് നിലനിർത്തിയിരുന്നു. ഒരു അവതരണഗാനംപോലെ സിനിമയുടെ ആദ്യഭാഗത്തു വരുന്ന ഗാനം കേരളത്തെയും ഓണത്തെയുമാണ് ഉയർത്തിക്കാട്ടുന്നത്. യേശുദാസും സംഘവും ആലപിച്ച ഗാനമാണിത്. ''മണ്ണെറിഞ്ഞാൽ പൊന്നുവിളയും /മലയാളക്കരയിൽ/കല്യാണക്കിളി കാരോലക്കിളി /പൊന്നോണത്തിനു വന്നാട്ടെ/വന്നാട്ടേ... വന്നാട്ടേ/ചെങ്കോട്ട കോട്ട കടന്നു /വയനാടൻകുന്നു കടന്നു/തങ്കത്തിൻ ചിറകും വീശി / താഴോട്ടിങ്ങനെ വന്നാട്ടേ'' എന്നിങ്ങനെ തുടങ്ങുന്ന ഈ പാട്ടിൽ പി. ഭാസ്കരൻ ചില യാഥാർഥ്യങ്ങളും പറയുന്നുണ്ട്. ''ഇത്തിരി നെല്ലേ പാണ്ടിനെല്ലേ/ഇന്നലെ നമ്മുടെ കേരളത്തിൽ /പുത്തരി കൊയ്യും പാവങ്ങൾക്കും/ പട്ടിണി കൊണ്ടാണത്താഴം...'' അതോടൊപ്പം ''മാവേലി വാണൊരു നാട്ടിൽ മാനവരൊന്നാകേണം'' എന്ന സ്വപ്നസൂചനയും നൽകുന്നു.
യേശുദാസ് പാടിയ പി. ഭാസ്കരൻ ശൈലി നിറഞ്ഞുനിൽക്കുന്ന മറ്റൊരു ഗാനം സുപ്രസിദ്ധമാണ്. ''കന്നിയിൽ പിറന്നാലും /കാർത്തികനാളായാലും /കണ്ണിനു കണ്ണായ് തന്നെ/ഞാൻ വളർത്തും... / പെൺകുഞ്ഞാണെങ്കിലും /ആൺകുഞ്ഞാണെങ്കിലും/ തങ്കത്തിൻ കെട്ടിൽ കെട്ടി /താരാട്ടും ഞാൻ...'' ഇങ്ങനെ തുടരുന്ന ഗാനം ഒരുകാലത്ത് കേരളത്തിലെ അമ്മമാർ താരാട്ടുപോലെ പാടിയിരുന്നു. രേണുക പാടിയ ''ചേട്ടത്തിയമ്മ -എന്റെ ചേട്ടത്തിയമ്മ/നാട്ടുകാർ കണ്ടുതൊഴും /നവരത്നദീപമായ് /വീട്ടിൽ വിളങ്ങണമെൻ / ചേട്ടത്തിയമ്മ...'' എന്ന പാട്ടും കുടുംബങ്ങൾക്ക് ഇഷ്ടപ്പെട്ട ഗാനംതന്നെ. കെ.പി. ഉദയഭാനു പാടിയ ഉടലുകളറിയാതുയിരുകൾ രണ്ടും /കഥ പറയാൻ പോയി... ഏതോ/കഥപറയാൻ പോയി... / വസന്തസുന്ദര വനവീഥികളിൽ /മലരുകൾ നുള്ളാൻ പോയ്... അഴകിൻ/ മധുവുണ്ണാൻ പോയി'' എന്ന പ്രേമഗാനം ചിത്രത്തിൽ പാടി അഭിനയിക്കുന്നത് കെ.പി. ഉമ്മറാണ്. കൂടെ അഭിനയിക്കുന്നത് രാജശ്രീ എന്ന നടിയും. എസ്. ജാനകിയും ബി. വസന്തവും ചേർന്നു പാടിയ ''പണ്ടു നമ്മൾ കണ്ടിട്ടില്ല /പവിഴമല്ലിപ്പൂവനത്തിൽ പാട്ടുപാടി പാട്ടു പാടിയോടിയിട്ടില്ല'' എന്നിങ്ങനെ തികച്ചും ലളിതമായി എഴുതപ്പെട്ട ഒരു പെൺയുഗ്മഗാനവും 'തറവാട്ടമ്മ'യിൽ ഉണ്ടായിരുന്നു. 1966 സെപ്റ്റംബർ 16ാം തീയതി കേരളത്തിലെ തിയറ്ററുകളിലെത്തിയ 'തറവാട്ടമ്മ'യെ കുടുംബപ്രേക്ഷകർ സ്വീകരിച്ചു. ചിത്രം സാമ്പത്തികമായും വൻവിജയമായിരുന്നു. അതിനു തൊട്ടുപിന്നാലെ, അതായത് ഒക്ടോബർ ആറാം തീയതി പുറത്തുവന്നതും ഒരു കുടുംബചിത്രംതന്നെ. പ്രേംനസീറും ശാരദയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച 'കൺമണികൾ' എന്ന ചിത്രം. രങ്കനാഥൻ പിക്ചേഴ്സിനുവേണ്ടി പി. രാമകൃഷ്ണൻ നിർമിച്ച ഈ സിനിമ സംവിധാനം ചെയ്തത് ശശികുമാറാണ്. കെ. സ്വർണം എന്ന തമിഴ് എഴുത്തുകാരന്റെ കഥക്ക് തോപ്പിൽ ഭാസി സംഭാഷണമെഴുതി. വയലാറും ദേവരാജനും പാട്ടുകളൊരുക്കി. യേശുദാസ്, എ.എം. രാജ, എസ്. ജാനകി, എം.എസ്. പത്മ, എൽ.ആർ. അഞ്ജലി എന്നിവർ ഗാനങ്ങൾ ആലപിച്ചു. യേശുദാസ് പാടിയ ''കൊഞ്ചും മൊഴികളേ കൊഞ്ചും മൊഴികളേ/എങ്ങുപോയ്, നിങ്ങൾ എങ്ങു പോയ്...'' എന്ന ഗാനമായിരുന്നു ഏറ്റവും വികാരതീവ്രം. ഗാനത്തിലെ അടുത്ത വരികൾ ഇങ്ങനെ: ''വിളിച്ചാൽ കേൾക്കാത്ത വിദൂരഭൂമിയിൽ /വിരുന്നു പോയോ.../തിരിച്ചുവരാനാവാതെ തളർന്നുപോയോ... / വാടിത്തളർന്നുപോയോ.../വഴിയിൽ കണ്ട പിഞ്ചുകാൽപ്പാടുകൾ/കൊഴിഞ്ഞ പൂക്കൾ/വലിച്ചെറിഞ്ഞ കളിപ്പാട്ടങ്ങൾ /വാടിയ പീലികൾ... /കരഞ്ഞാൽ കേൾക്കാത്ത കാനനവീഥിയിൽ /കളിക്കാൻ പോയോ / അകലെയുള്ളൊരമ്മവീട്ടിൽ ഉറങ്ങാൻ പോയോ /അന്തിയുറങ്ങാൻ പോയോ...'' കാണാതായ രണ്ടു കണ്മണികളെ തേടുന്ന ഒരച്ഛന്റെ വിലാപമാണീ ഗാനമെന്ന് വ്യക്തം. സിനിമയിലെ പ്രധാന കഥാമുഹൂർത്തവും ഇതുതന്നെ.
പ്രേം നസീറും ശാരദയും (കൺമണികൾ)
എ.എം. രാജയും എസ്. ജാനകിയും പാടിയ ''ആറ്റിൻ മണപ്പുറത്തെ/ആലിമാലി മണപ്പുറത്തെ/ആറ്റക്കിളിയോ അമ്പലക്കുയിലോ/ ആരു നീ... ആരു നീ ആത്മസഖീ...'' എന്ന് നായകൻ ചോദിക്കുമ്പോൾ നായിക മറുപടി പറയുന്നു. ''ആയിരത്തിയൊന്നു രാത്രികൾ /അങ്ങയെ സ്വപ്നം കണ്ടു ഞാൻ /അനുരാഗസിന്ധുവിൻ കരയിൽ വിടരും/അഞ്ചിതൾപ്പൂവാണ് ഞാൻ...'' പല്ലവിയിൽനിന്നും അനുപല്ലവിയിലേക്കും അവിടെനിന്ന് ചരണത്തിലേക്കും വിതിർന്നു വിതിർന്നു വളരുന്ന ആശയസൗന്ദര്യം! ''മടിയിലിറുത്തെടുത്താൽ മയങ്ങും പൂവേ /മനസ്സിലിറുത്തെടുത്താൽ ചിരിക്കും പൂവേ/മോഹത്തിൻ മയിൽപ്പീലി മെടഞ്ഞുതരാം ഞാൻ/സ്നേഹത്തിൻ ഹിമബിന്ദു പകർന്നു തരാം'' എന്നിങ്ങനെ വരികളും സ്വരങ്ങളും ചേർന്ന് ലയിക്കുമ്പോഴുള്ള സുഖം! എസ്. ജാനകിയും എ.എം. രാജയും യുഗ്മഗാനമായി പാടിയ ''ആറ്റിൻ മണപ്പുറത്തെ...'' എന്ന ഗാനം യേശുദാസ് ഒറ്റക്കും പാടിയിട്ടുണ്ട്. നൂറ്റാണ്ടുകളായി അമ്മമാരും മുത്തശ്ശിമാരും കുഞ്ഞുങ്ങൾക്ക് പറഞ്ഞുകൊടുത്തു വരുന്ന 'മണ്ണാങ്കട്ടയും കരിയിലയും കാശിക്കു പോയ കഥ' തന്റേതായ ശൈലിയിൽ വയലാർ കുഞ്ഞുങ്ങൾക്കുവേണ്ടി ഒരു പാട്ടാക്കി മാറ്റി. ദേവരാജൻ മാസ്റ്റർ അത് കുട്ടികളെ ആകർഷിക്കുന്ന രീതിയിൽ ചിട്ടപ്പെടുത്തി. ''പണ്ടൊരു കാലം, പണ്ടുപണ്ടൊരുകാലം –ഒരു/ മണ്ണാങ്കട്ടയും കരിയിലയും കാശിക്കു പോയി/ ഭാരതപ്പുഴ കണ്ടു, വയനാടൻമല കണ്ടു/ പഴനിയിൽ കാവടി കണ്ടു... / കാവേരീ നദി കണ്ടു, കസ്തൂരിമല കണ്ടു /കദളീവനങ്ങൾ കണ്ടു... അങ്ങനെ യാത്ര തുടരവേ മാനം നിറയെ മഴക്കാറ് കണ്ടപ്പോൾ മണ്ണാങ്കട്ട കരഞ്ഞു. അപ്പോൾ കുഞ്ഞിക്കരിയില കൂട്ടുകാരന് കുട പിടിച്ചുകൊടുത്തു. അതുപോലെ കാട് നിറയെ കൊടുങ്കാറ്റു കണ്ടപ്പോൾ കരിയില പൊട്ടിക്കരഞ്ഞു. അപ്പോൾ മണ്ണാങ്കട്ട തന്റെ കളിത്തോഴിക്കു ഒരു മതില് വളച്ചുകൊടുത്തു...അവസാനം അവർ കാശിയിലെത്തി. അപ്പോഴോ..? മലവെള്ളക്കാലത്ത് കാശിയിൽ വച്ചൊരു/മഴയും കൊടുങ്കാറ്റും വന്നു /കരിയില കാറ്റത്ത് പറന്നേ പോയ് / മണ്ണാങ്കട്ട വെള്ളത്തിൽ അലിഞ്ഞും പോയി.'' എത്ര ലാളിത്യത്തോടെയാണ് വയലാറിന്റെ ഭാവനയിൽ ഈ കഥ കുട്ടിപ്പാട്ടായി രൂപംകൊണ്ടത്! ഈ ഗാനം പാടിയത് രേണുകയാണ്. എം.എസ്. പത്മ എന്ന ഗായിക പാടിയ ''അഷ്ടമംഗല്യത്തളികയുമായ് വരും/ അരുന്ധതീ നക്ഷത്രമേ /ആശകളാകെ പൂവണിഞ്ഞീടുവാൻ/അനുഗ്രഹിക്കൂ നീയെന്നെ'' എന്ന ഗാനവും 'കൺമണികൾ' എന്ന ചിത്രത്തിൽ ഉണ്ടായിരുന്നു. പാട്ടെന്നു പറയാനാവില്ലെങ്കിലും പാട്ടുപോലെ ഗദ്യം പറയുന്ന ''ഇളനീരേ... ഇളനീരേ..., സോഡാ, ലെമനേഡ് സോഡാ, ചുടുചായ, കാപ്പി, തയിരുവടെ, മാതൃഭൂമി, മനോരമ, കൗമുദി, ദേശാഭിമാനി...വിയറ്റ്നാമിൽ ഇന്നലെ രാത്രിയിൽ വീണ്ടും ബോംബേറ്... എന്നിങ്ങനെ എല്ലാം ചേർന്ന ഒരു വിൽപന വാക്യമേള കുട്ടിയുടെ ശബ്ദത്തിൽ എൽ.ആർ. അഞ്ജലി അവതരിപ്പിച്ചു. പ്രേംനസീറും ശാരദയും കഴിഞ്ഞാൽ 'കൺമണികൾ' എന്ന സിനിമയിൽ പ്രാധാന്യം മാസ്റ്റർ നാരായണൻ, ബേബി അജിത എന്നീ ബാലതാരങ്ങൾക്കായിരുന്നു. കൊട്ടാരക്കര ശ്രീധരൻ നായർ, കവിയൂർ പൊന്നമ്മ, അടൂർ ഭാസി, മീന തുടങ്ങിയവരും ഈ സിനിമയിൽ അഭിനയിച്ചു. കുട്ടികളെ ഉപയോഗിച്ചുള്ള ശക്തമായ മെലോഡ്രാമ ഉണ്ടായിട്ടും 'കൺമണികൾ' ശരാശരി വിജയമേ നേടിയുള്ളൂ. സിനിമാ സംഗീതാസ്വാദകർക്ക് ഒരിക്കലും മറക്കാനാവാത്ത തമിഴ് കവി കണ്ണദാസന്റെ മൂത്തസഹോദരൻ എ.എൽ. ശ്രീനിവാസൻ പ്രശസ്തനായ തമിഴ് നിർമാതാവും സ്റ്റുഡിയോ ഉടമയുമായിരുന്നു. എ.എൽ.എസ് പ്രൊഡക്ഷൻസ് അദ്ദേഹത്തിന്റെ നിർമാണക്കമ്പനിയും മദ്രാസിലെ ശാരദ സ്റ്റുഡിയോ (മജെസ്റ്റിക്) അദ്ദേഹം നടത്തിയിരുന്ന സ്റ്റുഡിയോയുമായിരുന്നു. എ.എൽ.എസ് പ്രൊഡക്ഷൻസിന്റെ മേൽവിലാസത്തിൽ വി. അരുണാചലം നിർമിച്ച 'പൂച്ചക്കണ്ണി' എന്ന സിനിമയുടെ മൂലകഥ ത്രിവേണി എഴുതിയതാണ്. കന്നട ഭാഷയിൽ സിനിമയാക്കി വിജയിച്ച ഈ കഥ മലയാളത്തിൽ സംവിധാനംചെയ്തത് കന്നട സംവിധായകനായ എസ്.ആർ. പുട്ടണ്ണയാണ്. തിക്കുറിശ്ശി സുകുമാരൻ നായർ സംഭാഷണം എഴുതി. പുട്ടണ്ണ സംവിധാനം ചെയ്ത ആദ്യ മലയാളസിനിമയായ 'സ്കൂൾ മാസ്റ്ററി'ൽ ടൈറ്റിൽ റോളിൽ അഭിനയിച്ചത് തിക്കുറിശ്ശിയായിരുന്നു. പ്രേം നസീർ, അംബിക, വിജയനിർമല, മീന, അടൂർ ഭാസി, ബഹദൂർ, മാസ്റ്റർ ശരത്, ബേബി സബീന തുടങ്ങിയവർ അഭിനയിച്ചു. ഗാനങ്ങൾ വയലാർ എഴുതി. എം.എസ്. ബാബുരാജ് അവക്ക് ഈണം പകർന്നു. പുട്ടണ്ണ മലയാളത്തിൽ തൊട്ടുമുമ്പ് സംവിധാനംചെയ്ത 'ചേട്ടത്തി' എന്ന ചിത്രത്തിലും വയലാർ-ബാബുരാജ് ടീം ആണ് സംഗീതം ഒരുക്കിയത്. (ആദിയിൽ വചനമുണ്ടായി... എന്ന ഗാനം ഓർക്കുക.) ഒരു സംവിധായകനെന്നനിലയിൽ ഏറ്റവും മികച്ച പാട്ടുകൾ 'പൂച്ചക്കണ്ണി' എന്ന തന്റെ സിനിമയിലൂടെ ശ്രോതാക്കളിലെത്തിക്കാൻ എസ്.ആർ. പുട്ടണ്ണക്ക് കഴിഞ്ഞില്ല. സംഗീതസംവിധായകൻ ബാബുരാജ് ആയിരുന്നിട്ടും ഈ ചിത്രത്തിൽ യേശുദാസ് ഒരു ഗാനംപോലും പാടിയില്ല. പി.ബി. ശ്രീനിവാസ് പാടിയ ഗീതേ... ഹൃദയസഖീ -ഗീതേ/ഗീതേ... ഗീതേ... /കാറ്റിലാരോ കൊളുത്തിവെച്ചോരു /കാർത്തികദീപമാണ് നീ /കണ്ണുനീരിൻ ചുഴിയിൽ വീണൊരു /കൽപകത്തളിരാണ് നീ'' എന്നാരംഭിക്കുന്ന പാട്ടിൽ വയലാറിന്റെ മികച്ച കുറെ വരികളുണ്ട്. ഗീത എന്ന തന്റെ കാമുകിയെ കാമുകൻ ''പ്രാണനാളം പുകഞ്ഞുകത്തുന്ന പാവക (അഗ്നി) ജ്വാലയായും കാത്തിരുന്ന മുരളി കാണാത്ത ഗാനമാധുരിയായും സ്നേഹസിന്ധു കടഞ്ഞുകിട്ടിയ ദേവനന്ദിനിയായുമൊക്കെ കാണുന്നു. ഒടുവിൽ ''വീണപൂവേ, വസന്തപൗർണമി വീണ്ടുമൊന്നു വിടർത്തുമോ... നിന്നെ വീണ്ടുമൊന്നു വിടർത്തുമോ..? എന്ന് ചോദിച്ച് ഗാനം അവസാനിക്കുന്നു. പി.ബി. ശ്രീനിവാസും ബി. വസന്തവും ചേർന്നു പാടിയ ''കക്കകൊണ്ടു കളിമണ്ണുകൊണ്ടു / കളിവീട് വച്ചതെവിടെ..? / കടലെടുത്തു പോയി കടലെടുത്തു പോയി'' എന്ന പല്ലവിയിൽ തുടങ്ങുന്ന യുഗ്മഗാനവും ജനകീയ ഗാനമായില്ല. കമുകറ പുരുഷോത്തമൻ പാടിയ ''ഇത്തിരിയില്ലാത്ത കുഞ്ഞേ ഈ വഴിത്താരയിൽ/ഏകാകിനിയായ് പോവതെങ്ങു നീ..? / പേടിസ്വപ്നങ്ങൾ കണ്ടുവോ /പിഞ്ചുഹൃദയം നൊന്തുവോ.../താലോലിക്കാനുള്ള കൈകൾ നിന്നെ/ തല്ലിയുടയ്ക്കാൻ വന്നുവോ..?'' എന്ന പാട്ടും എസ്. ജാനകിയും സംഘവും പാടിയ ''മരമായ മരമൊക്കെ തളിരിട്ടു പൂവിട്ടു മലയാളം പൊന്നോണപ്പൂവിട്ടു /വെള്ളാമ്പൽപൊയ്കയിലും / വെള്ളാരംകുന്നിലും / അല്ലിപ്പൂം തുമ്പികൾ വട്ടമിട്ടു'' എന്ന ഗാനവുമാണ് ഏറെ ശ്രദ്ധേയമായത്. ''കുറിഞ്ഞിപ്പൂച്ചേ കുറിഞ്ഞിപ്പൂച്ചേ/ കുടിക്കാനിത്തിരിപ്പാല്... ഇത്തിരിപ്പാല് /കണ്ണ് പൊത്തി മുത്തിമുത്തിക്കുടിച്ചാലോ... നിന്നെ /അണ്ണാൻകുഞ്ഞും കാണൂല്ല അമ്പലപ്രാവും കാണൂല്ല / കാണൂല്ല...'' എന്ന ഗാനം എൽ.ആർ. ഈശ്വരി പാടി. പി. സുശീല പാടിയ ''മുരളീ... മുരളീ... / നിൻ മൗനാനുരാഗയമുനതൻ കരയിൽ/മയങ്ങിയുണരും മല്ലിക ഞാൻ,/ നിത്യവസന്തം നർത്തനമാടും / നിൻ പുഷ്പവൃന്ദാവനിയിൽ/ പൊന്നുഷസ്സിൽ പൂത്തുതളിർത്തൊരു/പുഷ്പകുമാരിക ഞാൻ'' എന്ന ഗാനവും എസ്. ജാനകി തനിച്ചു പാടിയ ''പണ്ടൊരു രാജ്യത്തൊരു / രാജ്യത്തൊരു രാജകുമാരി /പഞ്ചമിരാവിൽ പൊന്നും /തൊട്ടിലിൽ ആടിയുറങ്ങി /ആയിരമോമൽക്കണ്ണുകളോടെ/ അമ്മയടുക്കലിരുന്നു / അമ്മയ്ക്കൊരുമകളല്ലിപ്പൂമകൾ /അവളൊരു കുസൃതിക്കാരി'' എന്ന ഗാനവും രചനയിലും ഈണത്തിലും മോശമായില്ല. എങ്കിലും വയലാറും ബാബുരാജും ചേരുന്നു എന്ന് കേൾക്കുമ്പോൾ ആരാധകർ പ്രതീക്ഷിക്കുന്നതെന്തോ അത് 'പൂച്ചക്കണ്ണി' എന്ന സിനിമയിൽനിന്നും അവർക്കു ലഭിച്ചില്ല. 'കള്ളിപ്പെണ്ണ്', 'കനകച്ചിലങ്ക', 'കരുണ', 'സ്ഥാനാർഥി സാറാമ്മ', 'തിലോത്തമ', 'പ്രിയതമ', 'മേയർ നായർ' എന്നിങ്ങനെ ഏഴു സിനിമകൾകൂടി 1966ൽ പുറത്തു വന്നു. ഷാജി ഫിലിംസിനുവേണ്ടി പി.എ. തോമസ് സംവിധാനംചെയ്ത 'കള്ളിപ്പെണ്ണി'ൽ പി. ഭാസ്കരൻ എഴുതി ബി.എ. ചിദംബരനാഥ് ഈണം പകർന്ന ഏഴു ഗാനങ്ങൾ ഉണ്ടായിരുന്നു. കള്ളിപ്പെണ്ണ് എന്ന ചിത്രത്തിന്റെ നിലവാരത്തേക്കാൾ വളരെ ഉയരത്തിലായിരുന്നു അതിലെ ഗാനങ്ങളുടെ സ്ഥിതി. യേശുദാസ് പാടിയ ''വാസന്തറാണിക്ക് വനമാല കോർക്കാൻ/വാനത്ത് മഴവില്ലു വന്നു തെളിഞ്ഞു /പൂവല്ലിയെല്ലാം പുതുപൂക്കളാലെ /പൂജയ്ക്കു ജപമാല തീർക്കാൻ തുനിഞ്ഞു'' എന്ന ഗാനവും യേശുദാസും എസ്. ജാനകിയും പാടിയ ''താരുകൾ ചിരിക്കുന്ന താഴ്വരയിൽ ...ഒരു /താന്നിമരത്തിൻ തണലിങ്കൽ /-പുഷ്പം തേടി നമ്മൾ നടന്നത് /സ്വപ്നം കണ്ടു ഞാൻ.../ വാനിൽ ചിരിക്കുന്ന താരകളെ ഒരു /വാർമഴവില്ലിൽ കൊരുത്തെന്നും... / നിന്നുടെ മുടിയിൽ ചൂടിച്ചെന്നും /സ്വപ്നം കണ്ടു ഞാൻ'' എന്ന അതിമനോഹര യുഗ്മഗാനവും ബി. വസന്ത പാടിയ ''ഹേമന്തചന്ദ്രിക ചിരിച്ചല്ലോ -തന്റെ / താമരപ്പൂമെത്ത വിരിച്ചല്ലോ -ഇനി /താമസമരുതേ വരുവാൻ...'' എന്ന കാത്തിരിപ്പിന്റെ ഗാനവും ഈ ചിത്രത്തിൽ ഉയർന്നുനിന്ന ഗാനങ്ങളാണ്. എസ്. ജാനകി തന്നെ പാടിയ ''ഓടക്കുഴലൊച്ചയുമായ് / ഓണക്കുയിലോടിയിറങ്ങി / പാലപൂത്തു പരണപൂത്തു /പരിയാരം കാട്ടിൽ'' എന്ന പാട്ടും മോശമായില്ല. എസ്. ജാനകിയും ബി. വസന്തവും ചേർന്ന് പാടിയ ''പതിനേഴാം വയസ്സിന്റെ പടിവാതിലിൽ നിൽക്കും പെണ്ണെ...പുതുമാരൻ കതകിൽ വന്നു മുട്ടിവിളിച്ചല്ലോ...'' എന്ന പാട്ടും കമുകറ പുരുഷോത്തമനും ബി. വസന്തയും ചേർന്ന് പാടിയ ''കളിയാട്ടത്തിനെല്ലാ കൂട്ടരും വാ... വെക്കം കല്ലടിക്കോടൻ ചന്തയിൽനിന്നും കല്ലുമാലേം വാങ്ങി വാ...'' എന്ന ഗാനവും എൽ.ആർ. ഈശ്വരി പാടിയ ''താരുണ്യത്തിന്റെ മോഹനമലർവാടി/ആനന്ദത്തിന്റെ ഗീതങ്ങൾ പാടി'' എന്ന ഗാനവും താളത്തിനു പ്രാധാന്യമുള്ള പാട്ടുകളായിരുന്നു. വാണിജ്യവിജയം മാത്രം ലക്ഷ്യമാക്കിയെടുത്ത 'കള്ളിപ്പെണ്ണ്' ആ ലക്ഷ്യം നേടിയില്ലെങ്കിലും അതിലെ ചില പാട്ടുകളെങ്കിലും ഓർമയിൽ തങ്ങിനിൽക്കുന്നവയായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.