മെറിലാൻഡ് സ്റ്റുഡിയോയിൽ ശ്രീകുമാർ പ്രൊഡക്ഷൻസിനുവേണ്ടി പി. സുബ്രഹ്മണ്യം നിർമിച്ച ചിത്രമാണ് ‘നേഴ്സ്’. കാനം ഇ.ജെ കഥയും സംഭാഷണവും എഴുതി. പ്രശസ്ത നടൻ തിക്കുറിശ്ശി സുകുമാരൻ നായർ ഈ ചിത്രം സംവിധാനംചെയ്തു. സിനിമയിൽ അഭിനേതാവ് എന്ന നിലയിലാണ് പ്രവേശിച്ചതെങ്കിലും കഥയും തിരക്കഥയും സംഭാഷണവും പാട്ടുകളുമെഴുതി ഒരു ചിത്രത്തിന്റെ സംവിധാനവും ഏറ്റെടുത്ത മലയാളസിനിമയിലെ ആദ്യ കലാകാരൻ തിക്കുറിശ്ശി സുകുമാരൻ നായരായിരുന്നു എന്നറിയാമല്ലോ. ‘ശരിയോ തെറ്റോ’...
മെറിലാൻഡ് സ്റ്റുഡിയോയിൽ ശ്രീകുമാർ പ്രൊഡക്ഷൻസിനുവേണ്ടി പി. സുബ്രഹ്മണ്യം നിർമിച്ച ചിത്രമാണ് ‘നേഴ്സ്’. കാനം ഇ.ജെ കഥയും സംഭാഷണവും എഴുതി. പ്രശസ്ത നടൻ തിക്കുറിശ്ശി സുകുമാരൻ നായർ ഈ ചിത്രം സംവിധാനംചെയ്തു. സിനിമയിൽ അഭിനേതാവ് എന്ന നിലയിലാണ് പ്രവേശിച്ചതെങ്കിലും കഥയും തിരക്കഥയും സംഭാഷണവും പാട്ടുകളുമെഴുതി ഒരു ചിത്രത്തിന്റെ സംവിധാനവും ഏറ്റെടുത്ത മലയാളസിനിമയിലെ ആദ്യ കലാകാരൻ തിക്കുറിശ്ശി സുകുമാരൻ നായരായിരുന്നു എന്നറിയാമല്ലോ. ‘ശരിയോ തെറ്റോ’ ആണ് പ്രസ്തുത ചിത്രം. ആ സിനിമയുടെ നിർമാതാവും തിക്കുറിശ്ശി തന്നെയായിരുന്നു. ആ മലയാള ചിത്രത്തെക്കുറിച്ച് നാം ഈ പരമ്പരയിൽ സംസാരിച്ചുകഴിഞ്ഞു. താരമേധാവിത്വത്തെ എല്ലാകാലത്തും ധീരമായി എതിർത്തിരുന്ന നിർമാതാവാണ് പി. സുബ്രഹ്മണ്യം. എല്ലായ്പോഴും അപ്രശസ്തരും താരമൂല്യം കുറഞ്ഞവരുമായ അഭിനേതാക്കൾക്ക് അദ്ദേഹം അവസരം നൽകിയിട്ടുണ്ട്. തെലുങ്കിൽനിന്ന് ശാരദയെയും രാജശ്രീയെയുംപോലെയുള്ള നടികളെ മലയാളത്തിലേക്ക് കൊണ്ടുവന്നിട്ടുണ്ടെങ്കിലും മറ്റു ഭാഷകളിലെ നടന്മാരെ മലയാളത്തിൽ കൊണ്ടുവരാൻ പി. സുബ്രഹ്മണ്യം മാത്രമേ ശ്രമിച്ചിട്ടുള്ളൂ. ‘ഭക്തകുചേല’യിൽ കൃഷ്ണനായി കാന്താറാവുവിനെയും കുചേലനായി ആഞ്ജനേയലുവിനെയും അഭിനയിപ്പിച്ച് ‘ഭക്തകുചേല’ എന്ന ചിത്രം വമ്പിച്ച വിജയമാക്കിത്തീർത്ത നിർമാതാവാണ് പി. സുബ്രഹ്മണ്യം. ‘നേഴ്സ്’ എന്ന സിനിമയിൽ തെലുങ്ക് സിനിമയിലെ യുവനടനായ രാമകൃഷ്ണയെയാണ് അദ്ദേഹം നായകനാക്കിയത്, ജയഭാരതിയും കെ.വി. ശാന്തിയുമായിരുന്നു നായികമാർ. സംവിധായകനായ തിക്കുറിശ്ശിയെ കൂടാതെ കൊട്ടാരക്കര ശ്രീധരൻ നായർ, എസ്.പി. പിള്ള, ബഹദൂർ, മുതുകുളം രാഘവൻ പിള്ള, പുഷ്പലത, ആറന്മുള പൊന്നമ്മ, മീന, പങ്കജവല്ലി തുടങ്ങിയ നടീനടന്മാരും അഭിനയിച്ചു.
‘കടൽ’ എന്ന ചിത്രത്തിനുശേഷം ശ്രീകുമാരൻ തമ്പിയും എം.ബി. ശ്രീനിവാസനും ഒരുമിച്ച രണ്ടാമത്തെ സിനിമയാണ് ‘നേഴ്സ്’. കമുകറ പുരുഷോത്തമൻ, യേശുദാസ്, പി. സുശീല, എസ്. ജാനകി എന്നിവരാണ് ഗാനങ്ങൾ പാടിയത്. യേശുദാസും എസ്. ജാനകിയും പാടിയ യുഗ്മഗാനമാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. ഇത് ആദ്യം സന്തോഷഭാവത്തിലും പിന്നീട് സങ്കടഭാവത്തിൽ യേശുദാസ് തനിച്ചും പാടിയിട്ടുണ്ട്. ‘‘ഹരിനാമകീർത്തനം പാടാനുണരൂ/ അരയാൽ കുരുവികളേ.../കൊമ്പു വിളിക്കൂ ശംഖു വിളിക്കൂ/ അമ്പലമയിലുകളേ....’’ എന്ന പല്ലവിയിലെ ആദ്യത്തെ രണ്ടു വരികൾ നായകനും അടുത്ത രണ്ടു വരികൾ നായികയുമാണ് പാടുന്നത്. ‘‘മാനസക്ഷേത്രത്തിൻ നട തുറന്നു/ മാദകപ്രേമത്തിന്നൊളി പരന്നു/ മമജീവദാഹം സംഗീതമായ് മന്മഥദേവനെ വാഴ്ത്തുകയായി’’ എന്നിങ്ങനെ ഗാനം തുടരുന്നു. ഇതേ ഗാനം ശോകഗാനമായി യേശുദാസ് തനിച്ചു പാടുമ്പോൾ വരികൾ മാറുന്നു. ‘‘ഹരിനാമകീർത്തനം പാടാനുണരൂ/ അരയാൽ കുരുവികളേ/അറിയുമോ നിങ്ങൾ ദൈവമിരിക്കും/ അജ്ഞാതശ്രീകോവിൽ?/ അമ്പലവാടിയിൽ ഒരുമിച്ചു പാടിയ അനുരാഗഹൃദയങ്ങൾ അകന്നുപോയി/ കൗമാരം കൊളുത്തിയ കർപ്പൂരദീപങ്ങൾ/ കാലത്തിൻ കാറ്റിൽ; പൊലിഞ്ഞുപോയി...’’ എന്നിങ്ങനെ വരികൾ തകർന്ന പ്രണയത്തിന്റെ ഭാവം പകർന്ന് കഥാസന്ദർഭവുമായി ലയിച്ചുചേരുന്നു. പി. സുശീല പാടിയ ദുഃഖഗാനം ഇങ്ങനെ: ‘‘കാടുറങ്ങീ കടലുറങ്ങീ/ കണ്ണുനീർപൂവുകൾ വീണുറങ്ങി/തീരാത്ത നൊമ്പരം രാഗങ്ങളാക്കുന്ന/ തെന്നലും വള്ളിയിൽ ചാഞ്ഞുറങ്ങി.../ തെന്നലും വള്ളിയിൽ ചാഞ്ഞുറങ്ങി / കന്യകയായാലും കാമുകിയായാലും/ പെണ്ണിനുറങ്ങുവാനാമോ..?/ ഭാര്യയായ് തീർന്നാലും അമ്മയായ് തീർന്നാലും/ പെണ്ണിന്നുറങ്ങുവാനാമോ -ദുഃഖത്തിൽ/ കണ്ണിമ പൂട്ടുവാനാമോ...’’ പി. സുശീലതന്നെ പാടിയ ഒരു ഗാനംകൂടി ‘നേഴ്സ്’ എന്ന സിനിമയിൽ ഉണ്ടായിരുന്നു. ആദ്യത്തേത് ഒരു ദുഃഖഗാനമായിരുന്നെങ്കിൽ ഈ ഗാനം ശുഭാപ്തിവിശ്വാസത്തിന്റെ തിളക്കമുള്ളതായിരുന്നു. ‘‘വസന്തം തുറന്നു വർണശാലകൾ/ വാടിയിൽ വീണ്ടും ചിരി വിടർന്നു/ കാലം കനിഞ്ഞു കനിവിൻ തുള്ളികൾ/ കരളിൽ വീണ്ടും ചിരി വിടർന്നു.../ ഇന്നലെ വരെയീ വാടിയിലിരുളിൻ/ കണ്ണീർ യവനിക വീണിരുന്നു/ ഇന്നെൻ കണ്ണുകൾ വിടരുന്നേരം/ വിണ്ണിൻവർണം പടരുന്നു...’’ എന്നിങ്ങനെ വേനലിൽ ഒരു മഴ എന്നമട്ടിൽ ആശയവികിരണം നടത്തുന്ന ഒരു ഗാനം.
കമുകറ പുരുഷോത്തമൻ പാടിയ ‘‘മുട്ടിയാൽ തുറക്കാത്ത വാതിലിൽ നോക്കി/ പൊട്ടിക്കരയുന്നതെന്തിനു നീ/ വിട്ടുപിരിഞ്ഞ കിനാക്കളെ വീണ്ടും/ കെട്ടിപ്പുണരുന്നതെന്തിനു നീ..?’’ എന്നു തുടങ്ങുന്ന പശ്ചാത്തലഗാനവും കഥാമുഹൂർത്തവുമായി ഇണങ്ങിച്ചേരുംവിധത്തിലാണ് രചിക്കപ്പെട്ടത്. അതിലെ തുടർന്നുള്ള വരികളും താഴെ കൊടുക്കുന്നു. ‘‘ മാതാവിൻ കണ്ണിൽ വിടരുന്ന മോഹം/ മരണത്തിൻ മടിയിൽ കൊഴിയുന്നു/ മുലപ്പാലിലൂറും മുഗ്ധസ്വപ്നങ്ങൾ/ മൂഴക്കുവെണ്ണീറിൽ അടിയുന്നു... കൊതിച്ചതും വിധിച്ചതും കൈവിട്ടു പോകും/ കൊടുത്തതും വാങ്ങാതെ പിരിയും/ തനതെന്നു കരുതിയ മോഹത്തേൻകടലിലെ/ കണികയും കാണാതെ പിരിയും...’’ ഈ ഗാനത്തിന് എം.ബി. ശ്രീനിവാസൻ നൽകിയ ഈണം വളരെ മികച്ചതായിരുന്നു. 1969 മാർച്ച് ഒന്നാം തീയതി തിയറ്ററുകളിലെത്തിയ ‘നേഴ്സ്’ എന്ന ചിത്രം ഒരു ശരാശരി വിജയമേ നേടിയുള്ളൂ.
മുഹമ്മദ് യൂസഫ് എന്ന പുതുമുഖ നിർമാതാവ് പ്രാർഥന പിക്ചേഴ്സിന്റെ ബാനറിൽ നിർമിച്ച ചിത്രമാണ് ‘മിസ്റ്റർ കേരള’. ചിത്രത്തിന്റെ നിർമാണം പ്രതിസന്ധിയിലായപ്പോൾ അസിം കമ്പനി ചിത്രം ഏറ്റെടുത്തു പൂർത്തിയാക്കി. അതുകൊണ്ട് ചിത്രം അസിം കമ്പനി അവതരിപ്പിക്കുന്ന ‘മിസ്റ്റർ കേരള’യായി മാറി. ആസം ഭായി എന്ന പേരിൽ തെന്നിന്ത്യൻ സിനിമാരംഗത്ത് പ്രസിദ്ധനായ വ്യവസായി ആയിരുന്നു മുഹമ്മദ് ആസം. അദ്ദേഹത്തിന്റെ നിർമാണ കമ്പനിയുടെ പേരാണ് അസിം കമ്പനി. കാരുണ്യം നിറഞ്ഞ പെരുമാറ്റം നിമിത്തം അദ്ദേഹം എല്ലാവരുടെയും ‘ഭായി’ ആയി മാറി. സിനിമയുടെ ഷൂട്ടിങ് സെറ്റിലേക്ക് ആവശ്യമായ ഫർണിച്ചർ അടക്കമുള്ള എല്ലാ ഉപകരണങ്ങളും വാടകക്കു നൽകുന്ന സിനി ക്രാ ഫ്റ്റ്, സിനി ഡെക്കർ എന്നീ സ്ഥാപനങ്ങളുടെ ഉടമസ്ഥൻ എന്ന നിലയിൽ എല്ലാ തെന്നിന്ത്യൻ ഭാഷകളിലുമുള്ള കലാസംവിധായകർക്കും സംവിധായകർക്കും നിർമാതാക്കൾക്കും പ്രിയങ്കരനായിരുന്നു ആസം ഭായി. അറുപതുകളിലും എഴുപതുകളിലും നാല് തെന്നിന്ത്യൻ ഭാഷകളിലെ സിനിമകളും മദ്രാസ് നഗരത്തിലാണ് നിർമിക്കപ്പെട്ടിരുന്നത് എന്ന വസ്തുതയും ഓർമിക്കുക. ആദ്യകാലത്ത് തമിഴിലും തെലുങ്കിലും ചില സിനിമകൾ സംവിധാനംചെയ്ത പരിചയസമ്പന്നനായ ജി. വിശ്വനാഥ് ആണ് ‘മിസ്റ്റർ കേരള’ സംവിധാനംചെയ്തത്. ‘വനമാല’ (1951), ‘മനസ്സാക്ഷി’ (1954), ‘മിന്നൽ പടയാളി’ (1959) എന്നീ മലയാളസിനിമകൾ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. കാലത്തിനൊത്ത് കാഴ്ചപ്പാട് മാറ്റാൻ തയാറാകാത്തതിനാൽ അദ്ദേഹം ക്രമേണ പിന്തള്ളപ്പെടുകയായിരുന്നു. സംവിധായകൻ ജി. വിശ്വനാഥന്റെ വർഷങ്ങൾക്കുശേഷമുള്ള മലയാളത്തിലെ തിരിച്ചുവരവായിരുന്നു ‘മിസ്റ്റർ കേരള’. പ്രേംനസീർ, കെ.പി. ഉമ്മർ, ഷീല, വിജയലളിത, ടി.എസ്. മുത്തയ്യ, അടൂർ ഭാസി, ടി.ആർ. ഓമന, പറവൂർ ഭരതൻ, പട്ടം സദൻ തുടങ്ങിയവർ അഭിനയിച്ചു. തോപ്പിൽ ഭാസി കഥയും സംഭാഷണവും എഴുതിയ ‘മിസ്റ്റർ കേരള’ എന്ന ചിത്രത്തിന് പി. ഭാസ്കരനാണ് പാട്ടുകൾ എഴുതിയത്. മലയാളത്തിന് സുപരിചിതനല്ലാത്ത വിജയ കൃഷ്ണമൂർത്തി സംഗീതസംവിധാനം നിർവഹിച്ചു. പി. സുശീല, യേശുദാസ്, സി.ഒ. ആന്റോ, എൽ.ആർ. ഈശ്വരി തുടങ്ങിയവർ ഗാനങ്ങൾ ആലപിച്ചു. യേശുദാസും പി. സുശീലയും പാടിയ ‘‘ഹൃദയമുരളിയിൽ പ്രണയത്തിൻ ഗീതം’’ എന്ന യുഗ്മഗാനം ചിത്രത്തിലെ ഭേദപ്പെട്ട ഗാനമായിരുന്നു. ‘‘ഹൃദയമുരളിയിൽ പ്രണയത്തിൻ ഗീതം/ സംഗീതം -സംഗീതം/ അലിയുകയാണീയമൃതക്കടലിൽ/ ഉയിരും -തനുവും/ ഞാനൊരു തടിനി -നീയൊരു നൗക/ മന്മഥൻ തുഴയും നവരത്ന നൗക/ അഴകേറുമീ അനുഭൂതിയിൽ/ ഒഴുകുന്നു ഒഴുകുന്നു തോണി’’ എന്നിങ്ങനെ യേശുദാസിന്റെയും സുശീലയുടെയും നാദം മാറിമാറി അലയടിക്കുന്നു. യേശുദാസ് പാടിയ ‘‘എവിടെയോ ലക്ഷ്യം എവിടെയാണ് യാത്ര/വഴിയേതോ ദേവാ, ഹേ ദേവാ/ ലോകനാഥാ ദേവാ സ്നേഹാമൃതസ്വരൂപാ/ അന്ധന് ദൈവമായ് കൈനീട്ടണം ഭവാൻ/ നീ അറിവിൻ അമൃതം നൽകി / നരദേഹമാകുമീ നവകനക ചഷകമേകി കരുണാകരൻ ഭവാൻ’’ എന്നിങ്ങനെ തുടരുന്ന ഗാനത്തിൽ വരികളും സംഗീതവും തമ്മിലുണ്ടാകേണ്ട യഥാർഥ ലയനം സാധ്യമായില്ല. പി. സുശീല പാടിയ ‘‘കണ്ണുവിളിക്കുന്നു കയ്യു തടുക്കുന്നു കൈകൾ അടുക്കുമ്പോൾ കാലുകൾ അകലുന്നു/ കള്ളക്കളിയെന്തിന് മുല്ലമലരമ്പുമായ്/ മദിരോത്സവത്തിൽ ആടാൻ വരുന്നു.../ പുളകാങ്കുരത്തിൽ മൂടാൻ വരുന്നു... / കയ്യിൽ മലരമ്പുമായ് കാമൻ വരവായിതാ...’’ എന്ന ഗാനവും പി. സുശീല തന്നെ പാടിയ ‘‘കണ്ടില്ലേ കണ്ടില്ലേ സമ്മാനം/ കണ്മുനയെഴുതും സന്ദേശം കൈവല്യം നൽകുന്ന സംഗീതം/ ഇന്നു നീ കേൾക്കുവാൻ/ ഗാനം പാടുന്നു ഞാൻ/ നിന്മിഴി കാണുവാൻ നൃത്തമാടുന്നു ഞാൻ’’ എന്ന് തുടങ്ങുന്ന ഗാനവും വേണ്ടത്ര പൂർണതയിൽ എത്തിയില്ല. പി. സുശീലയും യേശുദാസും പാടിയ മറ്റൊരു യുഗ്മഗാനം ഇതായിരുന്നു. ‘‘ചുണ്ടിൽ പുഷ്പതാലം/ കണ്ണിൽ സ്വപ്നജാലം/ അണിയൂ, മന്മഥരഥവുമായ്/ വരുന്നു, രാഗം വരുന്നു/ വരൂ നീ എതിരേൽക്കാൻ/ ഹൃദയമിതിൽ വസന്തമിതാ/ ചൊരിഞ്ഞു മലർമാരി/ മദാലസ ഞാൻ ഭവാനു തരാൻ/ ഒരുക്കീ മധുപാത്രം/ മാധുരി ഞാൻ നുകർന്നാലോ/ നീർത്താം മാരന് തല ചായ്ക്കാൻ/ വിരിമാറിൽ മലർമഞ്ചം...’’
സി.ഒ. ആന്റോയും എൽ.ആർ. ഈശ്വരിയും ചേർന്ന് പാടിയ ‘‘ഒന്നു വന്നേ വന്നേ പൊന്നാരക്കിളിയല്ലേ -നിന്റെ/കണ്ണാലെ കല്ലെറിഞ്ഞു കറക്കിയില്ലേ/ കണ്ണാലെ കൊല്ലല്ലേ -വന്നേ/ അയ്യാ- കണ്ടോ കണ്ടോ വാക്കിലിപ്പോൾ/ തേനല്ലേ -ഇന്നു കരടിവേഷം മാറ്റിവെച്ച മാനല്ലേ...’’ എന്നിങ്ങനെ പോകുന്ന ഒരു ഗാനവും ചിത്രത്തിലുണ്ട്. ആദ്യം ഈണം ചിട്ടപ്പെടുത്തിയതിനു ശേഷമാണ് പി. ഭാസ്കരൻ വരികൾ എഴുതിയതെന്ന കാര്യം വ്യക്തമാണ്. അങ്ങനെയെഴുതാൻ ചാതുര്യമുള്ള കവിയാണ് പി. ഭാസ്കരൻ. എങ്കിലും ഈ സിനിമയിൽ വരികൾ പി. ഭാസ്കരന്റെ ശരിയായ നിലവാരത്തിലേക്ക് ഉയർന്നില്ല. വിജയ കൃഷ്ണമൂർത്തി എന്ന പേരു കേൾക്കുമ്പോൾ രണ്ടുപേരാണെന്നു തെറ്റിദ്ധരിക്കേണ്ടതില്ല. ഒരാളാണ്. ‘മുരിയാദ മനേ’, ‘വാത്സല്യ’ എന്നീ കന്നട ചിത്രങ്ങളിൽ സംഗീതസംവിധായകനായിരുന്നു അദ്ദേഹം. സ്വതന്ത്ര സംഗീതസംവിധായകനായി മലയാളത്തിലും തമിഴിലും നിലയുറപ്പിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല. പിന്നീട് അദ്ദേഹം എം.എസ്. വിശ്വനാഥന്റെ സഹായികളിൽ ഒരാളായി മാറി. ഏതായാലും ‘മിസ്റ്റർ കേരള’ എന്ന ചിത്രത്തിലെ ഗാനങ്ങളിൽ ഒന്നുപോലും ഹിറ്റ് ലിസ്റ്റിൽ പെട്ടില്ല. ചിത്രവും വിജയിച്ചില്ല.
ഗണേഷ് പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.പി. കൊട്ടാരക്കര നിർമിച്ച ‘രഹസ്യം’ എന്ന ചിത്രത്തിന്റെ കഥയും സംഭാഷണവും അദ്ദേഹം തന്നെയാണ് എഴുതിയത്. എങ്കിലും ‘CHASE A CROOKED SHADOW’ എന്ന പ്രശസ്ത ഹോളിവുഡ് സിനിമയുടെ കഥയുമായി അതിനു സാമ്യമുണ്ടായിരുന്നു, മൈക്കിൾ ആൻഡേഴ്സൺ സംവിധാനംചെയ്ത് ആൻ ബാക്സർ നായികയായി അഭിനയിച്ച ഈ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം ലോകപ്രശസ്തമാണ്. മിക്കവാറും എല്ലാ ലോകഭാഷകളിലേക്കും നിയമപരമായി അനുവാദം വാങ്ങിയും അല്ലാതെയും ഈ ചിത്രത്തിന്റെ കഥ പകർത്തപ്പെട്ടിട്ടുണ്ട്. ആരെയും ഞെട്ടിക്കുന്ന സസ്പെൻസ് ആണ് ഈ കഥയുടെ മേന്മ. എഴുത്തുകാരനും സംവിധായകനുമായ ദാദാമിറാസി തമിഴിൽ സംവിധാനംചെയ്ത ‘പുതിയ പറവൈ’ എന്ന ചിത്രത്തിന്റെ കഥയും ഇതുതന്നെ. ശിവാജി ഗണേശൻ നായകനും ബി. സരോജാദേവി നായികയുമായി അഭിനയിച്ച ‘പുതിയ പറവൈ’ (1964) വളരെ വലിയ വിജയമായിരുന്നു. കെ.പി. കൊട്ടാരക്കര എഴുതി ശശികുമാർ സംവിധാനംചെയ്ത ‘രഹസ്യം’ എന്ന ചിത്രത്തിന്റെ തിരക്കഥക്ക് ഇംഗ്ലീഷ് ചിത്രത്തിൽനിന്ന് കാര്യമായ വ്യത്യസ്തതയുണ്ടായിരുന്നു. ‘സിപ്പി പ്രൊഡക്ഷൻസ്’ ഹിന്ദിയിൽ നിർമിച്ച ‘രാസ്’ (RAAZ) എന്ന സിനിമക്കും (1967) മേൽപറഞ്ഞ സിനിമയുടെ അടിസ്ഥാന കഥയുമായി ലേശം ബന്ധമുണ്ട്. ഹിന്ദിയിൽ അക്കാലത്തെ സൂപ്പർതാരമായിരുന്ന രാജേഷ് ഖന്ന നായകനായി. ബാബിത എന്ന നടി നായികയും (രൺധീർ കപൂറിന്റെ ഭാര്യയും കരിഷ്മ കപൂർ, കരീന കപൂർ എന്നീ നടികളുടെ അമ്മയുമാണ് ബാബിത). ‘രഹസ്യം’ എന്ന ചിത്രത്തിൽ പ്രേംനസീർ, ഷീല, ജയഭാരതി, കെ.പി. ഉമ്മർ, അടൂർ ഭാസി, ഫ്രണ്ട് രാമസ്വാമി, ജോസ് പ്രകാശ്, എൻ. ഗോവിന്ദൻകുട്ടി, മീന, പറവൂർ ഭരതൻ തുടങ്ങിയവർ അഭിനയിച്ചു. ഈ ലേഖകൻ എഴുതിയ ഗാനങ്ങൾക്ക് ബി.എ. ചിദംബരനാഥ് ആണ് സംഗീതം നൽകിയത് (ശ്രീകുമാരൻ തമ്പിയും ചിദംബരനാഥും ഒരുമിച്ചു പാട്ടുകളൊരുക്കിയ ഏക സിനിമ ‘രഹസ്യം’ ആണ്).
‘‘ആയിരം കുന്നുകൾക്കപ്പുറമജ്ഞാത/ ഗോപുരമുണ്ടെന്നു കേട്ടിരുന്നു/ ഗോപുരവാതിലിൽ വീണയുമായൊരു/ ഗായകനുണ്ടെന്നു കേട്ടിരുന്നു...’’ എന്നാരംഭിക്കുന്ന ഗാനം എസ്. ജാനകിയാണ് പാടിയത്. ഗാനം ഇങ്ങനെ തുടരുന്നു. ‘‘ഗായകൻ പാടുന്ന ഗാനത്തിൽ ഈരേഴു/ ലോകങ്ങൾ വീണു മയങ്ങുമല്ലോ/ ആ ശബ്ദധാരയിൽ എന്നുമനശ്വര/ പ്രേമസൗന്ദര്യം തുളുമ്പുമല്ലോ... / സ്വപ്നത്തിലെന്നും ഞാൻ കണ്ടുകൊതിക്കുമാ/ സ്വർഗമെൻ മുന്നിൽ തെളിയുകില്ലേ..?/ കല്യാണരൂപന്റെ കണ്മുനത്തല്ലെന്റെ/ കണ്ണിലും കരളിലും കൊള്ളുകില്ലേ..?/ ഉറങ്ങാൻ വൈകിയ രാവിൽ/ ഓർമകൾ പുൽകിയ രാവിൽ/ ഉള്ളിൽ രാഗതുഷാരകണങ്ങൾ/ ഉതിർന്നിറങ്ങിയ രാവിൽ’’ എന്ന ഗാനം രചനയിലും ഈണത്തിലും ലാളിത്യം സൂക്ഷിച്ചു. ഗാനം തുടരുന്നു: നിന്റെ നർത്തനമാധുരി നുകരാൻ/ എന്റെ മിഴികൾ കൊതികൊണ്ടു/നിന്റെ മേനിയിൽ ചുറ്റിപ്പടരാൻ/ എന്റെ കൈകൾ കൊതികൊണ്ടു... നിന്റെ വികാരതടാകം പൂകാൻ/ എന്റെ സിരകൾ തോണികളായ്/ നിന്റെ വസന്തഹൃദന്തം തഴുകാൻ/ എന്റെ രാഗം വണ്ടുകളായ്..!’’
പി. ലീല പാടിയ വ്യത്യസ്തമായ ഒരു താരാട്ടും ‘രഹസ്യ’ത്തിലുണ്ട്. ‘‘മഴവില്ലു കൊണ്ടോ മാണിക്യംകൊണ്ടോ/ മാനത്തെ കുഞ്ഞിനു തൊട്ടിൽ കെട്ടി/ കൺപീലി കൊണ്ടോ കരളിഴ കൊണ്ടോ/ കണ്മണിക്കുഞ്ഞിനു തൊട്ടിൽ കെട്ടി -ഞാനെൻ/ കണ്മണിക്കുഞ്ഞിനു തൊട്ടിൽ കെട്ടി... ഉള്ളിലെയുത്സവ തേരൊലിയല്ലയോ/ ഉണ്ണീ നീയെൻ കിനാവല്ലയോ.../കാത്തു വിടർന്നൊരു കണിമലരല്ലയോ/ കള്ളനെപ്പോലെ കടന്നുവന്നു’’ എന്നിങ്ങനെ ഒഴുകുന്ന ഈ താരാട്ടിൽ ഭാര്യയും ഭർത്താവും മാത്രമേയുള്ളൂ എന്നതാണ് ഈ പാട്ടിന്റെ ചിത്രീകരണത്തിലെ പ്രത്യേകത. ചിത്രത്തിലുടനീളം ഒരു പിഞ്ചുകുഞ്ഞിന്റെ കരച്ചിൽ കേൾക്കുന്നുണ്ട്. ആ ശബ്ദം പുറപ്പെടുവിക്കുന്നത് ഭർത്താവ് തന്നെയാണ്. പി. ലീല പാടുമ്പോൾ ഒപ്പം കുട്ടിയുടെ ശബ്ദം നൽകിയിരിക്കുന്നത് ഹാസ്യനടനും ഗായകനുമായ പട്ടം സദനാണ്. മൃഗങ്ങളുടെയും പക്ഷികളുടെയും ശബ്ദങ്ങൾ മാത്രമല്ല പിറന്ന കുഞ്ഞിന്റെ കരച്ചിൽ മുതൽ നൂറു വയസ്സുള്ള വൃദ്ധന്റെയും വൃദ്ധയുടെയും ശബ്ദങ്ങൾവരെ പുറപ്പെടുവിക്കാനുള്ള അസാമാന്യമായ പാടവം പട്ടം സദനുണ്ടായിരുന്നു. എം.എസ്. വിശ്വനാഥന്റെ ഓർക്കസ്ട്രയിൽ അംഗമായിരുന്ന പട്ടം സദൻ ചെറിയ ചില സംഗീതോപകരണങ്ങൾ (ടൈമിങ്) വായിക്കുമായിരുന്നു. കൂട്ടത്തിൽ ഇതുപോലെയുള്ള ശബ്ദങ്ങളും സൃഷ്ടിക്കും. കമുകറ പുരുഷോത്തമൻ പാടിയ ഒരു കളിയാക്കൽപാട്ടും ‘രഹസ്യം’ എന്ന ചിത്രത്തിലുണ്ട്. രസകരമായ കളിയാക്കലുകളും പ്രണയത്തിന്റെ വകുപ്പിൽപെടുമല്ലോ. ‘‘തൊട്ടാൽ വീഴുന്ന പ്രായം -പെണ്ണിന്/ കെട്ടാൻ പറ്റിയ പ്രായം/ കെട്ടിപ്പുണരാനോടി വരുമ്പോൾ/ കെട്ടഴിച്ചോടാൻ മോഹം -പെണ്ണിന്/ വിട്ടുപിരിയാൻ മോഹം... വേടനല്ല ഞാൻ, വേളി കഴിക്കാൻ/ ദാഹിച്ചെത്തിയ പാവം/ കാലു തെറ്റിയാൽ സാരമില്ല നിൻ/ കരളു തെറ്റാതെ നോക്കൂ.../ കലികയറിയ സുന്ദരീ ഞാനെന്റെ/ ഹൃദയം താലിയായ് നൽകാം...’’
ജയചന്ദ്രനും ആന്റോയും ബി. വസന്തയും സംഘവും പാടിയ ഒരു ഖവ്വാലി ഗാനവും ‘രഹസ്യ’ത്തിൽ ഉണ്ടായിരുന്നു. ഹിന്ദിയിൽ തുടങ്ങി മലയാളത്തിൽ തുടർന്ന് അവസാനിക്കുന്ന ഒരു പാട്ട്. ‘‘യഹ് ധർത്തി പ്രേമ് കീ മധുശാലാ ഹേ/ യഹ് ധർത്തി സപ്നോം കീ ഫുൽവാരി ഹേ/ ഹം തോ പ്യാർ കർനെ ആയേ ഹേ/ ഹം തോ ഗീത് ഗാത്തെ ആയേ ഹേ... ആയേ ഹേ ആയേ ഹേ/ ഒരു ഹൃദന്തം തന്ന കുളിരും/ ഒരു വികാരം തന്ന മധുവും/ ഓമർഖയാമിന്റെ പാട്ടും/ ഒന്നുചേരും പുഞ്ചിരി... എൻ പുഞ്ചിരി/ ആ.../ ഒരു നിലാവിൽ പൂത്ത പൂവും/ ഒരു കിനാവിൽ വന്ന നിറവും/ ചുംബനങ്ങൾ തന്ന ചൂടും/ ചൂടി മിന്നും കവിളുകൾ /എൻ കവിളുകൾ...’’ 1969 മാർച്ച് 20ന് കേരളത്തിൽ റിലീസ് ചെയ്ത ‘രഹസ്യം’ വലിയ ബോക്സോഫിസ് ഹിറ്റ് ആയില്ലെങ്കിലും നിർമാതാവിന് ലാഭം കൊണ്ടുവന്നു.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.