മലയാള സിനിമാഗാനങ്ങളുെട ചരിത്രത്തിൽ ഹിറ്റുകൾ തീർത്ത രണ്ട് പ്രതിഭകളുടെ രംഗപ്രവേശത്തെക്കുറിച്ചാണ് ഇത്തവണ. അവർ തീർത്തഹിറ്റ് പാട്ടുകൾ ഇന്നും മലയാളിയുെട ചുണ്ടുകളിലുണ്ട്.കെ.ടി. മുഹമ്മദിന്റെ പ്രശസ്ത നാടകമായ ‘കടൽപ്പാല’ത്തിന്റെ ചലച്ചിത്രരൂപമാണ് മഞ്ഞിലാസ് സിനി എന്റർപ്രൈസസിനു വേണ്ടി എം.ഒ. ജോസഫ് നിർമിച്ച ‘കടൽപ്പാലം’ എന്ന ചിത്രം. കുടുംബ ബന്ധങ്ങൾക്കിടയിലും കാപട്യം നിലനിൽക്കുന്നതെങ്ങനെ...
മലയാള സിനിമാഗാനങ്ങളുെട ചരിത്രത്തിൽ ഹിറ്റുകൾ തീർത്ത രണ്ട് പ്രതിഭകളുടെ രംഗപ്രവേശത്തെക്കുറിച്ചാണ് ഇത്തവണ. അവർ തീർത്തഹിറ്റ് പാട്ടുകൾ ഇന്നും മലയാളിയുെട ചുണ്ടുകളിലുണ്ട്.
കെ.ടി. മുഹമ്മദിന്റെ പ്രശസ്ത നാടകമായ ‘കടൽപ്പാല’ത്തിന്റെ ചലച്ചിത്രരൂപമാണ് മഞ്ഞിലാസ് സിനി എന്റർപ്രൈസസിനു വേണ്ടി എം.ഒ. ജോസഫ് നിർമിച്ച ‘കടൽപ്പാലം’ എന്ന ചിത്രം. കുടുംബ ബന്ധങ്ങൾക്കിടയിലും കാപട്യം നിലനിൽക്കുന്നതെങ്ങനെ എന്നു വെളിവാക്കുന്ന വളരെ വികാരതീവ്രമായ കഥയാണ് കെ.ടിയുടേത്. സംഭാഷണവും കെ.ടി. മുഹമ്മദ് തന്നെയെഴുതി. സേതുമാധവന്റെ സംവിധാനത്തിൽ അതൊരു മികച്ച സിനിമയായി. കുടുംബനാഥനായ പിതാവിന്റെയും മൂത്തമകന്റെയും വേഷങ്ങളിൽ സത്യൻ അഭിനയിച്ചു. പ്രേംനസീർ, ഷീല, ജയഭാരതി, കെ.പി. ഉമ്മർ, അടൂർ ഭാസി, ബഹദൂർ, ശങ്കരാടി, അടൂർ ഭവാനി, വിജയചന്ദ്രിക എന്നിവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചു. വയലാർ എഴുതി ദേവരാജൻ ഈണം നൽകിയ നാല് പാട്ടുകൾ ഈ ചിത്രത്തിൽ ഉണ്ടായിരുന്നു, പിൽക്കാലത്ത് തെന്നിന്ത്യയിലെ മലയാളമൊഴികെയുള്ള മൂന്നു ഭാഷകളിലും അജയ്യനായ ഗായകനായി വളർന്ന എസ്.പി. ബാലസുബ്രഹ്മണ്യം ആദ്യമായി പാടിയ മലയാള ചിത്രം എന്ന പ്രത്യേകതയും ‘കടൽപ്പാലം’ എന്ന സിനിമക്കുണ്ട്.
‘‘ഈ കടലും മറുകടലും ഭൂമിയും വാനവും കടന്ന്’’ എന്നു തുടങ്ങുന്ന ഗാനമാണ് എസ്.പി. ബാലസുബ്രഹ്മണ്യം പാടിയത്. യഥാർഥത്തിൽ ഈ പാട്ട് യേശുദാസ് പാടേണ്ടതായിരുന്നു. യേശുദാസ് വിദേശത്തും ദേവരാജൻ മാസ്റ്റർ കേരളത്തിലുമായിരുന്നപ്പോൾ പെട്ടെന്ന് ഈ ഗാനം ആവശ്യമാണെന്ന് സംവിധായകനായ സേതുമാധവൻ പറഞ്ഞു. ട്യൂൺ ചെയ്തു കഴിഞ്ഞ ആ പാട്ടിന്റെ നൊട്ടേഷൻ സഹായിയായ ആർ.കെ. ശേഖറിന്റെ ൈകയിലുണ്ടായിരുന്നു. തന്റെ അസാന്നിധ്യത്തിൽ പാട്ട് റെക്കോഡ് ചെയ്തു നൽകാൻ ദേവരാജൻ മാസ്റ്റർ ശേഖറിനോട് പറഞ്ഞു. യേശുദാസിന്റെ അഭാവത്തിൽ ആ പാട്ട് ബാലസുബ്രഹ്മണ്യത്തെക്കൊണ്ടു പാടിച്ചാലെന്ത് എന്നു ശേഖർ ദേവരാജൻ മാസ്റ്ററോട് ചോദിച്ചു. മാസ്റ്റർ സമ്മതിച്ചു. അങ്ങനെയാണ് എസ്.പി.ബി പാടിയ ആദ്യ മലയാള സിനിമാഗാനം പിറന്നത്. എസ്.പി.ബിക്ക് മലയാള സിനിമയിലേക്കുള്ള വാതിൽ തുറന്നുകൊടുത്തതും ആദ്യഗാനത്തിന്റെ റെക്കോഡിങ്ങിനു മേൽനോട്ടം വഹിച്ചതും ആർ.കെ. ശേഖർ ആയിരുന്നു എന്നു സാരം. ‘‘ഈ കടലും മറുകടലും/ ഭൂമിയും മാനവും കടന്ന്/ഈരേഴു പതിനാലു ലോകങ്ങൾ കാണാൻ/ ഇവിടന്നു പോണവരേ/ അവിടെ മനുഷ്യനുണ്ടോ... അവിടെ മതങ്ങളുണ്ടോ...’’ എന്നു തുടങ്ങുന്ന ഗാനം വളരെ പ്രശസ്തമാണ്. ഉച്ചാരണശുദ്ധിയിൽ പരമാവധി ശ്രദ്ധചെലുത്തിയാണ് എസ്.പി. ബാലസുബ്രഹ്മണ്യം ഗാനം ആലപിച്ചത്. വളരെ ചെറിയ പിഴവുകൾ മലയാളത്തിൽ പാടുന്ന ആദ്യഗാനമെന്ന നിലയിൽ പൊറുക്കാവുന്നതേയുള്ളൂ. യേശുദാസിന്റെ ആഗമനത്തിനു മുമ്പ് മലയാളികൾ കൂടുതലും കേട്ടിരുന്നത് തെലുങ്കരായ എ.എം. രാജയുടെയും പി.ബി. ശ്രീനിവാസിന്റെയും ശബ്ദങ്ങളായിരുന്നല്ലോ. മലയാളിയായ ഗായകൻ കമുകറ പുരുഷോത്തമൻ ഉണ്ടായിരുന്നെങ്കിലും നിർമാതാവ് പി. സുബ്രഹ്മണ്യം നിർമിച്ച ചിത്രങ്ങളിൽ മാത്രം പലപ്പോഴും ആ ശബ്ദം ഒതുങ്ങിനിന്നു. തിരുവട്ടാർ എന്ന സ്ഥലത്ത് സ്വന്തം സ്കൂളിൽ അധ്യാപകൻകൂടിയായിരുന്ന അദ്ദേഹത്തിന് റെക്കോഡിങ്ങിനു കൂടക്കൂടെ മദ്രാസിൽ പോകാനും കഴിയുമായിരുന്നില്ല. ഇതും ഇതര ഭാഷാഗായകർക്കു സഹായകരമായി.
എസ്.പി. ബാലസുബ്രഹ്മണ്യം പാടിയ ഗാനത്തിലെ വയലാറിന്റെ തുടർന്നുള്ള വരികൾ ശ്രദ്ധിക്കാം: ‘‘ഇവിടെ മനുഷ്യൻ ജീവിച്ചിരുന്നതായ്/ ഇതിഹാസങ്ങൾ നുണപറഞ്ഞു/ ഈശ്വരനെ കണ്ടു, ഇബിലീസിനെ കണ്ടു/ ഇതുവരെ മനുഷ്യനെ കണ്ടില്ല... കണ്ടില്ല... കണ്ടില്ല... മനുഷ്യനെ കണ്ടില്ല...’’ പി. ലീലക്ക് മികച്ച ഗായികക്കുള്ള സംസ്ഥാന പുരസ്കാരം നേടിക്കൊടുത്ത ‘‘ഉജ്ജയിനിയിലെ ഗായിക...’’ എന്ന ഗാനവും ‘കടൽപ്പാലം’ എന്ന ചിത്രത്തിലേതാണ്. ‘‘ഉജ്ജയിനിയിലെ ഗായിക/ ഉർവശിയെന്നൊരു മാളവിക/ശിൽപികൾ തീർത്ത കാളിദാസന്റെ/കൽപ്രതിമയിൽ മാലയിട്ടു’’ എന്നു തുടങ്ങുന്ന ഗാനവും മലയാളികളുടെ മനസ്സ് കീഴടക്കി. പിൽക്കാലത്ത് ദേവരാജൻ മാസ്റ്ററുടെ എല്ലാ സ്ത്രീശബ്ദ ഗാനങ്ങളും പാടാൻ അവകാശമുള്ള ഒരേയൊരു ഗായികയായി വളർന്ന മാധുരി പാടിയ ‘‘കസ്തൂരിതൈലമിട്ടു മുടി മിനുക്കി...’’ എന്നു തുടങ്ങുന്ന ഗാനവും ശ്രോതാക്കൾ ഇഷ്ടപ്പെട്ടു. ‘‘കസ്തൂരിതൈലമിട്ടു മുടിമിനുക്കി/മുത്തോടു മുത്തുവെച്ച വള കിലുക്കി -കയ്യിൽ/മുത്തോടു മുത്തുവെച്ച വള കിലുക്കി/ മന്ദാരക്കുളങ്ങരെ കുളിച്ചൊരുങ്ങി-/മംഗല്യതട്ടമിട്ട പുതുക്കപ്പെണ്ണ് -മാറിൽ/ മഞ്ചാടിമറുകുള്ള മിടുക്കിപ്പെണ്ണ്...’’ എന്ന ഗാനം പുതിയ ഗായിക എന്ന നിലയിൽ മാധുരി നന്നായി പാടി. പി. ഭാസ്കരൻ-ബാബുരാജ് ടീമിന്റെ അനേകം ഒപ്പനപ്പാട്ടുകൾ പി. ലീലയുടെയും എൽ.ആർ. ഈശ്വരിയുടെയും ശബ്ദങ്ങളിൽ കേട്ട് പഴകിയ മലയാളികളെ സംബന്ധിച്ചിടത്തോളം ഈ പാട്ട് കേൾക്കുമ്പോൾ അത്ഭുതമൊന്നും തോന്നുകയില്ല.
‘കടൽപ്പാലം’ എന്ന ചിത്രത്തിലെ നാലാമത്തെ പാട്ട് ഒരു നാടൻപാട്ടിന്റെ ശൈലിയിലുള്ളതാണ്. ‘‘ഇന്നേ പോൽ പോൽ ഇന്നേ പോൽ/ ഇല്ലില്ലങ്കാവിൽ തേരോട്ടം/ ഒന്നേ പോൽ ഒന്നേ പോൽ/ പൊന്നാനപ്പുറത്താലവട്ടം/ തേരും കാണാം തേവരേം കാണാം/ ദാഹവും തീർക്കാം/ മോഹവും തീർക്കാം/താമരച്ചോലയിൽ മുങ്ങിക്കുളിക്കാം/കൂടെ പോരെടീ കുയിലാളേ...’’ എന്നിങ്ങനെ പോകുന്നു ആ പാട്ട്. യേശുദാസും വസന്തയും ചേർന്നു പാടിയ ഗാനമാണിത്. നാടകം എന്നനിലയിലും സിനിമ എന്നനിലയിലും കെ.ടി. മുഹമ്മദിന്റെ ‘കടൽപ്പാലം’ വിജയം നേടി. സത്യന്റെ അഭിനയംതന്നെയായിരുന്നു സിനിമയിലെ പ്രധാന ആകർഷണം. സംവിധായകൻ സേതുമാധവന്റെ ഇഷ്ടനായകൻ സത്യനായിരുന്നു. പലപ്പോഴും സത്യനു പറ്റിയ നായക കഥാപാത്രമുണ്ടോ എന്ന് ഉറപ്പുവരുത്തിയതിനു ശേഷമാണ് സിനിമയാക്കാൻ സാഹിത്യ കൃതികൾപോലും അദ്ദേഹം തിരഞ്ഞെടുത്തിരുന്നത്. 1969 ജൂലൈ 25ന് ‘കടൽപ്പാലം’ പ്രദർശനത്തിനെത്തി. മികച്ച ചിത്രം എന്ന അഭിപ്രായവും ഭേദപ്പെട്ട കലക്ഷനും ചിത്രം നേടിയെടുത്തു. ഗാനങ്ങളും ശ്രദ്ധിക്കപ്പെട്ടു.
തോപ്പിൽ ഭാസി എഴുതിയ പ്രശസ്തനാടകമാണ് ‘മൂലധനം.’ പി. ഭാസ്കരന്റെ സംവിധാനത്തിൽ ഇതു ചലച്ചിത്രമായി. അസിം കമ്പനിയുടെ പേരിൽ മുഹമ്മദ് ആസം (ആസം ഭായി) ആണ് ഈ സിനിമ നിർമിച്ചത്. തോപ്പിൽ ഭാസി തിരനാടകവും സംഭാഷണവും രചിച്ചു. സംവിധായകനായ പി. ഭാസ്കരൻതന്നെ ഗാനങ്ങൾ എഴുതി. ജി. ദേവരാജനായിരുന്നു സംഗീതസംവിധായകൻ. തിരുവിതാംകൂറിലെ പ്രശസ്തിയാർജിച്ച പുന്നപ്ര-വയലാർ സമരവും ദിവാൻ സർ സി.പിയുടെ പൊലീസ് നടത്തിയ നരനായാട്ടും തുടർന്ന് വിപ്ലവനേതാക്കൾ ഒളിവിൽ പോയതും ആ കാലഘട്ടത്തിൽ കമ്യൂണിസ്റ്റ് പ്രവർത്തകരുടെ കുടുംബങ്ങൾ അനുഭവിച്ച തീവ്രയാതനകളും അനുസ്മരിപ്പിക്കുന്ന ഈ സിനിമ സംവിധാനം ചെയ്യാൻ പി. ഭാസ്കരനെക്കാൾ യോഗ്യതയുള്ള ഒരു സംവിധായകൻ മലയാളത്തിൽ വേറെയില്ല എന്നുതന്നെ പറയാം. അന്നുമില്ല; ഇന്നുമില്ല. 18ാം വയസ്സിൽ കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗത്വമെടുത്ത വിപ്ലവകാരിയാണ് പി. ഭാസ്കരൻ. മലയാളത്തിലെ ആദ്യത്തെ വിപ്ലവകാവ്യം എന്ന് അംഗീകരിക്കപ്പെട്ട ‘വയലാർ ഗർജിക്കുന്നു’ എഴുതിയത് പി. ഭാസ്കരനാണ്. തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നിങ്ങനെ മൂന്നു തുണ്ടങ്ങളായി കിടന്ന മലയാളത്തിന്റെ ഭൂമി ഒന്നാകുന്നകാലം നാൽപതുകളിൽതന്നെ സ്വപ്നംകണ്ട കവികൂടിയാണ് പി. ഭാസ്കരൻ. ‘‘പദം പദം ഉറച്ചു നാം പാടിപ്പാടി പോവുക/ പാരിലൈക്യ കേരളത്തിൻ കാഹളം മുഴക്കുവാൻ’’ എന്നു തുടങ്ങുന്ന മാർച്ചിങ് ഗാനം കേരളത്തിലെ സ്വാതന്ത്ര്യ സമരഭടന്മാർ പാടിനടന്ന കാലമുണ്ടായിരുന്നു. ഐക്യ കേരളം എന്ന അദ്ദേഹത്തിന്റെ സ്വപ്നം ഏതാണ്ട് സഫലമായെന്നു പറയാം. (പൂർണ സാഫല്യം നേടിയില്ല; കാരണം, കന്യാകുമാരിയും നെല്ലറയായ നാഞ്ചിനാടും ഇല്ലാത്ത കേരളമാണല്ലോ നമുക്ക് കിട്ടിയത്). ഈ ഗാനം രചിക്കുമ്പോൾ പി. ഭാസ്കരൻ എന്ന കവിക്ക് 20ൽ താഴെയായിരുന്നു പ്രായം എന്ന വസ്തുതകൂടി ഓർമിക്കുക. ‘മൂലധന’ത്തിലെ ഗാനങ്ങളിൽ പി. ഭാസ്കരനിലെ വിപ്ലവകവി വീണ്ടും ഉയിർത്തെഴുന്നേൽക്കുന്ന കാഴ്ച നമുക്ക് കാണാം. ‘‘ഓരോ തുള്ളി ചോരയിൽനിന്നും/ഒരായിരം പേരുയരുന്നു/ഉയരുന്നു അവർ നാടിൻ മോചന/രണാങ്കണത്തിൽ പടരുന്നു’’ എന്നു തുടങ്ങുന്ന വിപ്ലവഗാനം ശ്രദ്ധിച്ചാൽ ഇതു മനസ്സിലാകും. ‘‘വെടിവെച്ചാലവർ വീഴില്ല/ അടിച്ചുടച്ചാൽ തകരില്ല/ മജ്ജയല്ലതു മാംസമല്ലതു/ ദുർജ്ജയ നൂതന ജനശക്തി’’ എന്നിങ്ങനെ ഒഴുകുന്ന വരികളിൽ ‘വയലാർ ഗർജിക്കുന്നു’ എന്ന വിപ്ലവകാവ്യം എഴുതിയ കവിയെ വീണ്ടും കാണാം. രാഷ്ട്രീയ പശ്ചാത്തലത്തിൽ എഴുതപ്പെട്ട കഥയാണെങ്കിലും ‘മൂലധനം’ എന്ന ചിത്രത്തിൽ കുടുംബബന്ധങ്ങൾക്കും പ്രണയത്തിനും ഉചിതമായ സ്ഥാനം ലഭിച്ചിരുന്നു.
പി. ഭാസ്കൻ-ദേവരാജൻ ടീം ഒരുക്കിയിട്ടുള്ള ഗാനങ്ങളിൽ പ്രഥമസ്ഥാനത്തു നിൽക്കുന്ന പാട്ടുകളിലൊന്നായി ഗാനാസ്വാദകർ അംഗീകരിച്ചിട്ടുള്ള ‘‘സ്വർഗ ഗായികേ, ഇതിലേ ഇതിലേ...’’ എന്ന ഗാനം ‘മൂലധനം’ എന്ന സിനിമയിലുള്ളതാണ്. ‘‘സ്വർഗ ഗായികേ ഇതിലേ ഇതിലേ/ സ്വപ്നലോലുപേ ഇതിലേ ഇതിലേ/ ഹൃദയ മണിയറയിൽനിന്നെൻ കൽപന മധുരഭാഷിയായ് മന്ത്രിക്കുന്നു...’’ പി. ഭാസ്കരന്റെ മികച്ച രചനയും ദേവരാജന്റെ അർധശാസ്ത്രീയവിഭാഗത്തിൽപെടുത്താവുന്ന സംഗീതവും യേശുദാസിന്റെ ഗാംഭീര്യമുള്ള ആലാപനവും ഈ ഗാനത്തെ അനശ്വരമാക്കിത്തീർത്തു. ‘‘മൂടുപടം മാറ്റി മുഖം കുനിച്ചെത്തുന്ന/ നാടൻ നവവധു എന്നതുപോലെ/ നവമീ ചന്ദ്രിക നിന്നുടെ മുന്നിൽ/നവനീതദലം വാരിത്തൂകി...’’ എന്ന വരികളും അടുത്ത ചരണത്തിലെ ‘‘കുഞ്ഞുമേഘങ്ങളെ മുലകൊടുത്തുറക്കിയ/ മഞ്ഞണിക്കുന്നുകൾ തോഴികളെപ്പോൽ/ മാമരയവനികയ്ക്കുള്ളിൽനിന്നീ/ പ്രേമസംഗമം നോക്കുകയാവാം എന്ന വരികളും കാവ്യഭംഗി നിറഞ്ഞുതുളുമ്പുന്നവയാണ്. യേശുദാസ് തന്നെ പാടിയ ‘‘എന്റെ വീണക്കമ്പിയെല്ലാം വിലയ്ക്കെടുത്തു- അവർ/എന്റെ കയ്യിൽ പൂട്ടുവാനൊരു -വിലങ്ങു തീർത്തു.../ എന്റെ ബാഷ്പധാരയാകെ വടിച്ചെടുത്തു -സ്വന്തം സുന്ദരിമാർക്കണിയുവാൻ കുണുക്കു തീർത്തു’’ എന്ന ഗാനവും പ്രസിദ്ധമാണ്. കഥയോടും പാടുന്ന കഥാപാത്രത്തോടും അങ്ങേയറ്റം നീതിപുലർത്തുന്നുണ്ട് ഈ പാട്ട്. പി. സുശീല പാടിയ വ്യത്യസ്തതയുള്ള രണ്ടു പാട്ടുകൾകൂടി ‘മൂലധന’ത്തിൽ ഉണ്ട്. ‘‘പുലരാറായപ്പോൾ പൂങ്കോഴി കൂവിയപ്പോൾ പുതുമണവാളനൊന്നുറങ്ങിയപ്പോൾ/കണ്ണോടു കണ്ണു നോക്കി/ ചിരിച്ചുകൊണ്ടിരിപ്പായി/ വിണ്ണിലെ പൂന്തിങ്കളും ഞാനും മാത്രം!’’ എന്ന ഗാനമാണ് മികച്ചതും ശ്രദ്ധേയവും. ‘‘ഒളിച്ചു...പിടിച്ചു...ഓടിയോടിയൊളിച്ചു/ തേടിത്തേടി പിടിച്ചു/ കണ്ണാരം പൊത്തിയ പുന്നാരപ്പെണ്ണിനെ/ കന്നാലിച്ചെറുക്കൻ പോയ് പിടിച്ചു’’ എന്ന സുശീല പാടിയ രണ്ടാമത്തെ ഗാനം സന്ദർഭത്തിന് ഇണങ്ങുന്നതായി. സത്യൻ, പ്രേംനസീർ, അടൂർ ഭാസി, കെ.പി. ഉമ്മർ, ശാരദ, അംബിക, ജയഭാരതി, ശങ്കരാടി, കോട്ടയം ചെല്ലപ്പൻ, മണവാളൻ ജോസഫ്, ശ്രീലത തുടങ്ങിയവർ അഭിനയിച്ച ‘മൂലധനം’ 1969 സ്വാതന്ത്ര്യദിനത്തിൽ (ആഗസ്റ്റ് 15) റിലീസ് ചെയ്തു. ‘മൂലധനം’ നല്ല സിനിമ എന്ന പേരു നേടി. ചിത്രം സാമ്പത്തികമായും വിജയിച്ചു.
‘മൂലധന’ത്തിനുശേഷം പി. ഭാസ്കരൻതന്നെ സംവിധാനംചെയ്ത ‘കള്ളിച്ചെല്ലമ്മ’യാണ് തിയറ്ററുകളിൽ എത്തിയത്. ജി. വിവേകാനന്ദന്റെ വിഖ്യാത നോവലിനെ അടിസ്ഥാനമാക്കി രൂപവാണിയുടെ ബാനറിൽ ശോഭന പരമേശ്വൻ നായരാണ് ചിത്രം നിർമിച്ചത്. ‘കള്ളിച്ചെല്ലമ്മ’ എന്ന സിനിമക്ക് പല സവിശേഷതകളും ഉണ്ടായിരുന്നു. ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമകളുടെ കാലത്ത് അപൂർവമായി മാത്രം പ്രത്യക്ഷപ്പെടുന്ന വർണചിത്രങ്ങൾ ഈസ്റ്റ്മാൻ കളറിലാണ് (KODAK) നിർമിക്കപ്പെട്ടിരുന്നത്. ഓർവോ കളറിൽ നിർമിക്കപ്പെട്ട ആദ്യ മലയാള ചിത്രം എന്ന സ്ഥാനം ‘കള്ളിച്ചെല്ലമ്മ’ക്കുള്ളതാണ്. പി. ഭാസ്കരൻ എഴുതിയ അഞ്ചു പാട്ടുകൾ ചിത്രത്തിലുണ്ടായിരുന്നു. എം.ജി. രാധാകൃഷ്ണൻ, ബ്രഹ്മാനന്ദൻ എന്നീ പുതിയ ഗായകരെ കെ. രാഘവൻ മലയാള സിനിമയിൽ അവതരിപ്പിച്ചതും ഈ സിനിമയിലൂടെയാണ്. ജയചന്ദ്രനും ബ്രഹ്മാനന്ദനും പാടിയ രണ്ടു പാട്ടുകൾ മലയാള സിനിമയിലെ ഏറ്റവും വലിയ ഹിറ്റുകളുടെ നിരയിൽ സ്ഥാനം പിടിച്ചപ്പോൾ യേശുദാസ് പാടിയ ഒരു ഗാനംപോലും ‘കള്ളിച്ചെല്ലമ്മ’യിൽ ഇടംപിടിച്ചില്ല എന്നതും ശ്രദ്ധേയമാണ്. ജയചന്ദ്രൻ പാടിയ ‘‘കരിമുകിൽക്കാട്ടിലെ/ രജനി തൻ വീട്ടിലെ /കനകാംബരങ്ങൾ വാടി/ കടത്തുവള്ളം യാത്രയായി -യാത്രയായി/ കരയിൽ നീ മാത്രമായി/ ഇനിയെന്നു കാണും നമ്മൾ/ തിരമാല മെല്ലെ ചൊല്ലി/ ചക്രവാളമാകെ നിന്റെ/ഗദ്ഗദം മുഴങ്ങീടുന്നു...’’ എന്ന പാട്ട് ഭാവഗായകനായ ജയചന്ദ്രന്റെ ഏറ്റവും വലിയ ഹിറ്റ് ഗാനമാണെന്നു വിശ്വസിക്കുന്ന ആരാധകരുണ്ട്.
ബ്രഹ്മാനന്ദൻ പാടിയ ‘‘മാനത്തെ കായലിൻ മണപ്പുറത്തിന്നൊരു/ താമരക്കളിത്തോണി വന്നടുത്തു/ താമരക്കളിത്തോണി.../തങ്കം, നിനക്കുള്ള പിച്ചകമാലയുമായ്/സംക്രമപ്പൂനിലാവിറങ്ങി വന്നു/ നിൻ കിളിവാതിലിൽ പതുങ്ങിനിന്നു/ മയക്കമെന്തേ മയക്കമെന്തേ/ മെരുക്കിയാൽ മെരുങ്ങാത്ത മാൻകിടാവേ...’’ എന്ന ഗാനത്തിലൂടെ പ്രതീക്ഷ നൽകുന്ന ഒരു മികച്ച ഗായകൻ മലയാള സിനിമയിൽ പ്രവേശിച്ചു. എം.ജി. രാധാകൃഷ്ണൻ എന്ന സംഗീതജ്ഞൻ പിന്നണിഗായകനായതും ‘കള്ളിച്ചെല്ലമ്മ’യിലൂടെയാണ്. അദ്ദേഹവും സി.ഒ. ആന്റോയും കൂടി ‘‘ഉണ്ണിഗ്ഗണപതിയേ, വന്നു വരം തരണേ/ വെള്ളായണിയിൽ വാഴും/അമ്മ ഭഗവതിയേ.../തിരുമല തൻ തീരത്ത്/ മലകൾ തൻ ഓരത്ത്/ കരിമലകൾ കഥ പറയും/ കാലത്താണെ... /വേട്ടയ്ക്ക് വേടന്റെ വേഷം പൂണ്ടു/ കാട്ടിൽ കളിക്കുന്ന വീരാ/ കാടിളക്കിയ കരുമകാ നിൻ/ കരുണ വേണമേ ഹര ഹരാ ശിവാ.../ താ താ തിത്തത്താ.../തക്കിട തരികിട തക്കട തരികിട’’ എന്നിങ്ങനെ സാമാന്യം ദൈർഘ്യമുള്ള പാട്ട് പാടി (കർണാടക സംഗീതത്തിലെ അംഗീകരിക്കപ്പെട്ട പ്രതിഭയായ എം.ജി. രാധാകൃഷ്ണന് പിന്നണിഗാനരംഗത്ത് ചുവടുറപ്പിക്കാൻ സാധിച്ചില്ല. പിന്നീട് അദ്ദേഹം സംഗീതസംവിധായകനായി സിനിമയിൽ വന്നു പ്രശസ്തി നേടിയത് ചരിത്രം). ‘‘കാലമെന്ന കാരണവർക്ക് / കേരളത്തിൽ സംബന്ധം/ കേരളത്തിൽ സംബന്ധത്തിൽ/കന്യകമാർ നാലാണ്/ചിങ്ങത്തിൽ പിറന്നവൾ പൂക്കാലം/ചിരി തൂകി കളിയാടും പൂക്കാലം/ ആവണിപ്പൂക്കളാൽ ആടകൾ ചാർത്തി/ ആടിപ്പാടി നടക്കുന്ന കന്യകയല്ലോ’’ എന്ന പാട്ട് പി. ലീല, സി.ഒ. ആന്റോ, കോട്ടയം ശാന്ത, ശ്രീലത എന്നിവർ ചേർന്നു പാടി. കമുകറ പുരുഷോത്തമനും ബി. വസന്തയും പാടിയ ‘‘അശോകവനത്തിലെ സീതമ്മ/ അവളുടെ ശ്രീരാമനാരമ്മാ -നീ ചൊല്ലമ്മാ.../ അശ്രുസമുദ്രത്തിലെ ലങ്കാദ്വീപിലെ/ അഴകിയ രാവണനാരമ്മാ’’ എന്ന് തുടങ്ങുന്ന പാട്ട് ചിത്രത്തിൽ തത്തയെക്കൊണ്ട് പടമെടുപ്പിച്ചിട്ട് ഫലം പറയുന്ന ഒരു പക്ഷിശാസ്ത്രകാരനും അയാളോടൊപ്പമുള്ള സ്ത്രീയുമാണ് പാടുന്നത്. ‘കള്ളിച്ചെല്ലമ്മ’യുടെ വേഷത്തിൽ നല്ല പ്രകടനം കാഴ്ചവെച്ച ഷീലതന്നെയാണ് അഭിനയത്തിൽ മുന്നിട്ടുനിന്നത്, ആ വർഷത്തെ മികച്ച നടിക്കുള്ള ദേശീയ അവാർഡിന് ഷീല പരിഗണിക്കപ്പെട്ടിരുന്നു. പ്രതിനായകസ്വഭാവമുള്ള രണ്ടു നായകന്മാരായി പ്രേംനസീറും മധുവും അഭിനയിച്ചു. അടൂർ ഭവാനിയായിരുന്നു ചിത്രത്തിലെ മറ്റൊരു നിറസാന്നിധ്യം. “കുന്നംകുളങ്ങരെ...” എന്ന് തുടങ്ങുന്ന ഒരു നാടൻപാട്ടിലെ ഏതാനും വരികൾ അവർ പാടിയിട്ടുമുണ്ട്. ബുദ്ധിജീവിനാട്യമുള്ള ചില നിരൂപകർ വിമർശിച്ചെങ്കിലും ഭേദപ്പെട്ട ഒരു സിനിമതന്നെയായിരുന്നു ‘കള്ളിച്ചെല്ലമ്മ.’ അതിലെ രണ്ടു പാട്ടുകൾ അനശ്വരങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.