അനിഷേധ്യ നടനായ സത്യന്റെ അനുജൻ എം.എം. നേശൻ ആദ്യമായി സംവിധാനംചെയ്ത ‘ചെകുത്താന്റെ കോട്ട’ എന്ന സിനിമ സാമ്പത്തികവിജയമായില്ലെങ്കിലും അതിൽ പി. ഭാസ്കരൻ രചിച്ച് ചിദംബരനാഥ് ഈണം പകർന്ന രണ്ടു മികച്ച ഗാനങ്ങൾ ഉണ്ടായിരുന്നു. എം.എം. നേശൻ സംവിധാനംചെയ്ത രണ്ടാമത്തെ സിനിമയാണ് ‘വെള്ളിയാഴ്ച’. ഈ ചിത്രത്തിലും സത്യൻതന്നെയായിരുന്നു നായകൻ. മധു, ശാരദ, അംബിക, ബഹദൂർ, മീന,...
അനിഷേധ്യ നടനായ സത്യന്റെ അനുജൻ എം.എം. നേശൻ ആദ്യമായി സംവിധാനംചെയ്ത ‘ചെകുത്താന്റെ കോട്ട’ എന്ന സിനിമ സാമ്പത്തികവിജയമായില്ലെങ്കിലും അതിൽ പി. ഭാസ്കരൻ രചിച്ച് ചിദംബരനാഥ് ഈണം പകർന്ന രണ്ടു മികച്ച ഗാനങ്ങൾ ഉണ്ടായിരുന്നു. എം.എം. നേശൻ സംവിധാനംചെയ്ത രണ്ടാമത്തെ സിനിമയാണ് ‘വെള്ളിയാഴ്ച’. ഈ ചിത്രത്തിലും സത്യൻതന്നെയായിരുന്നു നായകൻ. മധു, ശാരദ, അംബിക, ബഹദൂർ, മീന, ശങ്കരാടി, മുതുകുളം രാഘവൻ പിള്ള തുടങ്ങിയവരും അഭിനയിച്ചു. സ്വാതി കഥയും തിരക്കഥയും തയാറാക്കിയ ഈ ചിത്രത്തിന് സംഭാഷണം എഴുതിയത് എസ്.എൽ. പുരം സദാനന്ദനാണ്. പി. ഭാസ്കരൻ എഴുതി എം.എസ്. ബാബുരാജ് ഈണം പകർന്ന നാല് ഗാനങ്ങൾ ‘വെള്ളിയാഴ്ച’യിൽ ഉണ്ടായിരുന്നു. യേശുദാസ് പാടിയ ‘‘പ്രേമത്തിൻ ശീതളഛായാതലങ്ങളിൽ/താമസിച്ചെത്തുന്ന വിരുന്നുകാരീ/ എന്റെ വിരുന്നുകാരീ/ ഉദ്യാനവിരുന്നിനു പൂപ്പന്തലൊരുക്കട്ടെ/ നൃത്തമണ്ഡപങ്ങളും ഒരുക്കട്ടെ ഞാൻ’’ എന്ന ഗാനത്തിന് ബാബുരാജ് നൽകിയ ഈണം തികച്ചും സാധാരണമെന്നു പറയാവുന്ന തലത്തിൽനിന്ന് തെല്ലും ഉയർന്നില്ല. ഗാനത്തിലെ വരികൾ ഇങ്ങനെ തുടരുന്നു: ‘‘എന്നാത്മസങ്കൽപ ഗോപുരത്തിൽ നിന്നെ /എങ്ങനെയെങ്ങനെ സ്വീകരിക്കും -ഞാൻ/ എങ്ങനെയെങ്ങനെ സ്വീകരിക്കും/ മന്ദാരതൽപത്തിൽ നീ വന്നിരിക്കുമ്പോൾ/ എന്തെല്ലാമെന്തെല്ലാം ഒരുക്കി വെക്കും -ഞാൻ/ എന്തെല്ലാമെന്തെല്ലാം ഒരുക്കിെവക്കും?’’
എസ്. ജാനകിയും കുളത്തുപ്പുഴ രവിയും (രവീന്ദ്രൻ) ചേർന്നു പാടിയ ഗാനം ഇങ്ങനെ തുടങ്ങുന്നു: ‘‘പാർവണരജനിതൻ പാനപാത്രത്തിൽ/ പാലോ തേനോ പനിനീരോ/ നമ്മളൊരുക്കിയ പ്രണയക്ഷേത്രത്തിൽ/ നൈവേദ്യം പഴമോ ഇളനീരോ..?’’ പുതിയ ഗായകനായ കുളത്തുപ്പുഴ രവി അവസരങ്ങൾ കിട്ടാതെ വിഷമിക്കുന്ന കാലത്താണ് സത്യന്റെ നിർദേശപ്രകാരം അദ്ദേഹത്തിന്റെ അനുജനായ സംവിധായകൻ എം.എം. നേശൻ ആ ഗായകന് എസ്. ജാനകിയോടൊപ്പം ഒരു യുഗ്മഗാനം പാടാൻ അവസരം നൽകിയത്. സംഗീതസംവിധായകൻ ബാബുരാജ് എതിർപ്പ് കാട്ടാതെ ആ നിർദേശം അംഗീകരിക്കുകയും ചെയ്തു. ഗാനത്തിലെ തുടർന്നുള്ള വരികൾ ഇങ്ങനെ: ‘‘ഇന്നത്തെ രാത്രിയിൽ ഒഴുകിയെത്തും/ദിവ്യാനുരാഗത്തിൻ മന്ദാകിനി/ ചൊല്ലട്ടെ ചൊല്ലട്ടെ ചോദ്യത്തിനുത്തരം/ മുല്ലായുധക്കാവിൽ മദിരോത്സവം...’’
‘വെള്ളിയാഴ്ച’യിലെ എസ്. ജാനകി തനിച്ചു പാടിയ ഗാനമിതാണ്: ‘‘കെട്ടിപ്പിടിച്ചപ്പോൾ ഹൃദയാരാമത്തിൽ/മൊട്ടിട്ട പൂങ്കുലയേതാണ്/ മാടിവിളിച്ചപ്പോൾ മയക്കം വിട്ടുണർന്നൊരു/മാനസസങ്കൽപമേതാണ്..? വാരിപ്പുണർന്നപ്പോൾ വളകൾ പൊട്ടിയപ്പോൾ/കോരിത്തരിച്ചല്ലോ... ഞാനാകെ/കോരിത്തരിച്ചല്ലോ.../ പരിചയമില്ലാത്ത മാധുരീലഹരിയിൽ/ പരിസരം മറന്നല്ലോ -ഞാനെന്റെ/പരിസരം മറന്നല്ലോ...’’ ലതയും (ലതാരാജു) ഈ ചിത്രത്തിൽ ഒരു ഗാനം പാടിയിട്ടുണ്ട്: ‘‘കരയാൻ നേരത്തും ചിരിക്കാൻ പഠിപ്പിച്ചു/ കരാള ജീവിതനാടകരംഗം/ പുഞ്ചിരിത്താമരപ്പൂ വിടർത്തുമെൻ/ കണ്ണുനീർപൊയ്കയിതാരു കണ്ടു’’ എന്നിങ്ങനെ ആ ഗാനം ആരംഭിക്കുന്നു.
പി. ഭാസ്കരൻ-ബാബുരാജ് ടീമിൽനിന്ന് അവരുടെ ആരാധകർ പ്രതീക്ഷിക്കുന്ന ഔന്നത്യം തികഞ്ഞ ഗാനങ്ങൾ ‘വെള്ളിയാഴ്ച’യിൽ ഉണ്ടായിരുന്നില്ല. അതേസമയം പാട്ടുകൾ തീരെ മോശമായിരുന്നു എന്നും പറഞ്ഞുകൂടാ. 1969 ഒക്ടോബർ 31നു തിയറ്ററുകളിൽ എത്തിയ ‘വെള്ളിയാഴ്ച’ എന്ന ചിത്രം ഒരു വിജയമായിരുന്നില്ല. എം.എം. നേശൻ ക്രമേണ സംവിധാനരംഗത്തുനിന്നും പിന്മാറുകയും ചെയ്തു.
ജയ് മാരുതിക്കുവേണ്ടി ടി.ഇ. വാസുദേവൻ നിർമിച്ച് എ.ബി. രാജ് സംവിധാനം നിർവഹിച്ച സിനിമയാണ് ‘ഡെയ്ഞ്ചർ ബിസ്കറ്റ്’. തന്റെ ഹോസ്പിറ്റലിന്റെ മറവിൽ സ്വർണബിസ്കറ്റ് വ്യാപാരം നടത്തുന്ന ഡോക്ടർ സുധാകരനും അയാളുടെ പങ്കാളിയായി ഒപ്പം കൂടുന്ന കുളത്തു അയ്യർ എന്ന പണക്കാരനും പിതാവിന്റെ കള്ളക്കളികൾ മനസ്സിലാക്കാതെ ഹോസ്പിറ്റൽ ഭംഗിയായി നടത്തിക്കൊണ്ടുപോകുന്ന സുധാകരന്റെ മകൾ ഡോക്ടർ അശ്വതിയും ഹോസ്പിറ്റലിന്റെ മറവിൽ നടക്കുന്ന സ്വർണവ്യാപാരവും ദുൈബയിലേക്ക് പെൺകുട്ടികളെ കയറ്റിയയക്കുന്ന ബിസിനസും കണ്ടുപിടിച്ച് യഥാർഥ കുറ്റവാളികളെ നിയമത്തിന്റെ വഴിയിൽ കൊണ്ടുവരാനായി നിയോഗിക്കപ്പെടുന്ന സി.ഐ.ഡി ഓഫിസറുമാണ് ഈ സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ. സി.ഐ.ഡി ഓഫിസർ ആയി പ്രേംനസീറും ഡോക്ടർ അശ്വതിയായി ഷീലയും അഭിനയിച്ചു. ഒരു പ്രധാന കഥാപാത്രമായ നഴ്സിന്റെ ഭാഗം സാധന എന്ന നടിയാണ് കൈകാര്യംചെയ്തത്. ഇങ്ങനെയൊരു കഥയിൽ പാട്ടുകൾക്കെന്തു സ്ഥാനം? എന്നിട്ടും ഈ ചിത്രത്തിൽ ഏഴു ഗാനങ്ങൾ ഉണ്ടായിരുന്നു. ശ്രീകുമാരൻ തമ്പിയുടെ പാട്ടുകൾക്ക് വി. ദക്ഷിണാമൂർത്തി ഈണം നൽകി. നല്ല ഗാനങ്ങൾ ഏതുതരം സിനിമയുടെയും കലക്ഷൻ കൂടാൻ സഹായിക്കുമെന്ന് ഉറച്ചു വിശ്വസിച്ചിരുന്ന നിർമാതാവായിരുന്നു ടി.ഇ. വാസുദേവൻ. താൻ നിർമിക്കുന്ന സിനിമയിലെ ഗാനങ്ങളുടെ നിലവാരം ഉയർന്നുനിൽക്കണമെന്ന് അദ്ദേഹത്തിന് നിർബന്ധമുണ്ടായിരുന്നു.
അതുകൊണ്ട് ചിത്രത്തിന്റെ സംവിധായകൻ ആരായിരുന്നാലും ജയ് മാരുതി ചിത്രങ്ങളിൽ പാട്ടുകളെക്കുറിച്ച് അവസാനതീരുമാനം എടുത്തിരുന്നത് നിർമാതാവാണ്. മലയാളത്തിലെ 18ാമത്തെ ശബ്ദചിത്രമായ ‘അമ്മ’യിലൂടെ ചലച്ചിത്രനിർമാതാവായി തെന്നിന്ത്യൻ സിനിമാവേദിയിൽ പ്രവേശിച്ച ‘വാസുസാറിനെ’ എല്ലാവരും ആദരിച്ചിരുന്നു. സിനിമയുടെ കലയും ക്രാഫ്റ്റും നന്നായറിയാവുന്ന അദ്ദേഹത്തിന് വേണമെങ്കിൽ പി. സുബ്രഹ്മണ്യത്തെയും കുഞ്ചാക്കോയെയുംപോലെ താൻ നിർമിക്കുന്ന സിനിമകൾ സ്വയം സംവിധാനംചെയ്യാൻ കഴിയുമായിരുന്നു. എന്തുകൊണ്ടോ അദ്ദേഹം അതിനു തുനിഞ്ഞില്ല.
‘ഡെയ്ഞ്ചർ ബിസ്കറ്റ്’ എന്ന ചിത്രത്തിലെ ഏഴു ഗാനങ്ങൾ പാടിയത് യേശുദാസ്, പി. ജയചന്ദ്രൻ, പി. ലീല, എസ്. ജാനകി എന്നിവരാണ്. യേശുദാസ് പാടിയ ‘‘ഉത്തരാസ്വയംവരം കഥകളി കാണുവാൻ ഉത്രാടരാത്രിയിൽ പോയിരുന്നു’’ എന്ന ഗാനവും പി. ജയചന്ദ്രൻ പാടിയ ‘‘അശ്വതീ നക്ഷത്രമേ...’’ എന്ന ഗാനവും എസ്. ജാനകി പാടിയ ‘‘കണ്ണിൽ കണ്ണിൽ നോക്കിയിരുന്നാൽ...’’ എന്ന ഗാനവും സൂപ്പർഹിറ്റുകളായി. പി. ലീല പാടിയ ‘‘താമസാനദിയുടെ തീരത്തൊരുനാൾ തപസ്സിരുന്നൊരു രാജൻ...’’ എന്ന കഥാഗാനവും ജനശ്രദ്ധ നേടി. എന്നാൽ, പി. ലീല പാടിയ ‘‘മാനവമാനമൊരു മഹാവനം...’’ എന്ന ഗാനവും എസ്. ജാനകി പാടിയ ‘‘പറയാനെനിക്ക് നാണം...’’ എന്ന ഗാനവും ‘‘കാമുകൻ വന്നാൽ കള്ളനു കേൾക്കാൻ...’’ എന്ന പാട്ടും വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല.
കേരളത്തിലെ മേജർസെറ്റ് കഥകളി നടന്മാരുടെയും മേളക്കാരുടെയും പേരുകൾ ഉൾക്കൊള്ളുന്ന ‘‘ഉത്തരാസ്വയംവരം കഥകളി കാണുവാൻ...’’ എന്നാരംഭിക്കുന്ന ഗാനം മലയാളസിനിമയിലെ ആ ജനുസിൽപെട്ട ആദ്യഗാനമാണ്. പിന്നീട് അതിനെ അനുകരിക്കുന്ന അനവധി ഗാനങ്ങളുണ്ടായി. ജയചന്ദ്രൻ പാടിയ ‘‘അശ്വതീനക്ഷത്രമേ -എൻ/ അഭിരാമസങ്കൽപമേ/ഹൃദയാംബരത്തിലെ/ മുകിലാംബരത്തിലെ/ മറയാത്ത മംഗല്യമേ’’ എന്ന ഗാനം രചയിതാവ് പതിഞ്ഞ താളത്തിൽ എഴുതിയതാണ്. നിർമാതാവിന്റെ നിർബന്ധപ്രകാരം സംഗീതസംവിധായകൻ ആ ഗാനം ഒരു ഫാസ്റ്റ് നമ്പറാക്കി മാറ്റുകയായിരുന്നു. ഗാനം ശ്രദ്ധിച്ചു കേട്ടാൽ സംഗീതജ്ഞർക്ക് ഇത് ബോധ്യമാകും. ‘‘ആദ്യതാരമായ് ആദ്യാനുരാഗമായ്/ അഴകേ, യെൻ ഹൃദയത്തിൽ നീ വിടർന്നു/ ഒരു താരം മാത്രം ഉദിക്കുന്ന മാനം/ ഹൃദയേശ്വരീ എൻ മനസ്സെന്ന മാനം’’ എന്ന വരികളുടെ ഈണത്തിൽ ഈ താളമാറ്റം പ്രകടമാണ്. പക്ഷേ, പാട്ട് സൂപ്പർഹിറ്റായി. ‘‘കണ്ണിൽ കണ്ണിൽ നോക്കിയിരുന്നാൽ /കരളിൻ ദാഹം തീരുമോ/മധുരയൗവനരാഗമേളകൾ/ മിഴിയിൽ മാത്രമൊതുങ്ങുമോ..?’’ എന്ന പാട്ട് ഇപ്പോഴും ഗാനമേളകളിൽ ചില യുവഗായികമാർ പാടികേൾക്കാറുണ്ട്.
‘‘പൂവും ശലഭവും അകലെയിരുന്നാൽ/ പൂമ്പൊടിയെന്തിനു പൂവിൽ/അധരംനീട്ടാനവനില്ലെങ്കിൽ/ മധുകണമെന്തിനു മലരിൽ?’’ എന്നിങ്ങനെ ഗാനം തുടരുന്നു. തൊടുന്നതെല്ലാം പൊന്നാക്കാൻ വരം നേടിയ രാജാവ് സ്വന്തം മകളെ തൊട്ടപ്പോൾ അവൾ സ്വർണപ്രതിമയായി മാറിയതും തന്റെ അത്യാഗ്രഹത്തിൽ രാജാവ് പശ്ചാത്തപിച്ചതും ഒരു നാടോടിക്കഥയാണ്. സ്വർണബിസ്കറ്റ് കള്ളക്കടത്തു നടത്തി ധനവാന്മാരാകുന്നവരുടെ കഥ പറയുമ്പോൾ ഈ കഥക്ക് മൂല്യമുണ്ടെന്നു തോന്നി. അങ്ങനെയാണ് ആ കഥ സ്വതന്ത്രമായ രീതിയിൽ ഒരു ഗാനമാക്കിയത്. ‘‘താമസാനദിയുടെ തീരത്തൊരുനാൾ/ തപസ്സിരുന്നൊരു രാജൻ/ തൊടുന്നതെല്ലാം പൊന്നാകാനൊരു/ വരം കൊടുത്തു ദൈവം... /കനകപ്രഭ തൻ കല്ലോലിനിയിൽ/ കണ്ണുകൾ മങ്ങിപ്പോയി/ കൊട്ടാരം പൊന്നാക്കി/ കോട്ടകൾ പൊന്നാക്കി/കണ്ടതു കണ്ടതു പൊന്നാക്കി/ ആർത്തി കുറഞ്ഞു; അമൃതേത്തിനിരുന്നു / ആഹാരം പൊന്നായിപ്പോയി/ അരുമക്കിടാവിനെ മാറോടണച്ചപ്പോ/ അവളൊരു സ്വർണപ്രതിമയായി...’’ അങ്ങനെ രാജാവിന്റെ കണ്ണ് തെളിഞ്ഞു. ‘‘പൊന്നായ പൊന്നെല്ലാം മണ്ണാക്കി മാറ്റുവാൻ മന്നവൻ ദൈവത്തോടിരന്നു...’’ എന്ന വരികളിലാണ് ഗാനം അവസാനിക്കുന്നത്.
ജാനകി പാടിയ ‘‘പറയാനെനിക്കു നാണം/ പകലുറക്കത്തിൽ കണ്ടേൻ/ പതിവില്ലാതൊരു സ്വപ്നം/ പറയാനെനിക്കു നാണം’’ എന്ന ഗാനത്തിലെ തുടർന്നുള്ള വരികൾ ഇങ്ങനെ: ‘‘പറഞ്ഞുപോയാലെന്നെ പരിഹസിക്കും/ പറഞ്ഞില്ലയെങ്കിലോ പരിഭവിക്കും/ പരിഹസിച്ചാൽ ഞാൻ തളർന്നുപോകും/ പരിഭവ വാക്കു കേട്ടാൽ കരഞ്ഞുപോകും.’’ എസ്. ജാനകി പാടിയ മറ്റൊരു ഗാനം ഇതാണ്: ‘‘കാമുകൻ വന്നാൽ കള്ളന് കേൾക്കാൻ/ കഥ പറയാമോ കിളിമകളേ/ കരളിലിരിക്കും കിളിമകളേ/ നാണം കൂട്ടിയ പൊന്നഴിക്കൂട്ടിൽ/നീയെന്തിനിയും മറയുന്നു/ അവനായ് കരുതിയ കതിർമണിയിനിയും/ ആത്മാവിൽ നീയൊളിക്കുന്നു...’’
പി. ലീല പാടിയ ഒരു ഗാനം റെക്കോഡ് ചെയ്ത അവസരത്തിൽ കേട്ടുനിന്നവരുടെയെല്ലാം പ്രശംസ പിടിച്ചുപറ്റി. സംവിധായകനായ എ.ബി. രാജ് പോലും ഹിറ്റ് ആകുമെന്ന് പ്രതീക്ഷിച്ച ഗാനം എന്തുകൊണ്ടോ അർഹിക്കുന്ന പ്രശസ്തി നേടിയില്ല. ഗാനമിതാണ്:
‘‘മാനവമാനമൊരു മഹാവനം/ മദയാനകൾ തിങ്ങും ഘോരവനം/ മലയജ ശീതള മന്ദസമീരനിൽ/ മലരുകൾ തുള്ളും മായാവനം.../കോപവികാര ചെമ്പുലികൾ/ കൂകിവിളിക്കും കുറുനരികൾ/ അഹന്ത തൻ വൻസിംഹങ്ങൾ/ അലറിനടക്കും ഹൃദയവനം.../വർണപ്പൂവിൻ മറവിലിരിക്കും/സ്വർണം മൂടിയ പാമ്പിൻ മാളം/ പുറമേ പുഞ്ചിരി അകമേ വൻചതി/ ഇതു താൻ ജീവിത കവിതാഭാവം...’’ ‘‘ഉത്തരാസ്വയംവരം കഥകളി കാണുവാൻ/ ഉത്രാടരാത്രിയിൽ പോയിരുന്നു/ കാഞ്ചനക്കസവുള്ള പൂഞ്ചേലയുടുത്തവൾ/നെഞ്ചെയ്യും അമ്പുമായ് വന്നിരുന്നു’’ എന്ന ഗാനം ദക്ഷിണാമൂർത്തി സ്വാമി ഖരഹരപ്രിയ രാഗത്തിൽ സൃഷ്ടിച്ച ഒരു ക്ലാസിക് തന്നെയാണ്. ഈ ലേഖകന്റെ 28ാം വയസ്സിലാണ് ആ ഗാനം എഴുതിയത്. എന്റെ 29ാം വയസ്സിൽ ചിത്രം പുറത്തുവന്നു. അതായത്, ചിത്രവും ഈ പാട്ടിന്റെ ഗ്രാമഫോൺ ഡിസ്ക്കും പുറത്തുവന്നിട്ട് അമ്പത്തിനാല് സംവത്സരങ്ങൾ കഴിഞ്ഞു. ആ ഗാനത്തിലെ ‘‘അർജുനനായ് ഞാൻ അവൾ ഉത്തരയായി...’’ എന്ന പ്രയോഗത്തെക്കുറിച്ചാണ് വിമർശനം. അർജുനൻ ഉത്തരയെ സ്വയംവരം ചെയ്തു എന്ന് ഗാനരചയിതാവ് എഴുതിയിരിക്കുന്നു എന്ന ധാരണയിലാണ് വിമർശനം. അർജുനന്റെ മകനായ അഭിമന്യുവിന്റെ ഭാര്യയാണ് ഉത്തര. ഈ ബന്ധം മാത്രം അറിയാം. എന്നാൽ, മഹാഭാരതത്തിലെ വൈവാഹികപർവം വായിച്ചിട്ടില്ല. ഉത്തരയെ ഭാര്യയാക്കാൻ അവസരം കിട്ടിയത് അർജുനന് ആണെന്നും അർജുനൻ അതിൽനിന്ന് പിന്തിരിയുകയായിരുന്നു എന്നും വ്യക്തമാക്കുന്ന ‘ഉത്തരാവിവാഹം’ എന്ന ഭാഗവും വായിച്ചിട്ടില്ല. ഇനി ചിത്രത്തിലെ സന്ദർഭം എന്താണെന്ന് പരിശോധിക്കാം. സി.ഐ.ഡി ഓഫിസറായ ബാലചന്ദ്രൻ കള്ളക്കടത്തു നടത്തുന്ന ഡോക്ടർ സുധാകരന്റെ ഹോസ്പിറ്റലിൽ ഒരു ഡോക്ടറുടെ വേഷത്തിൽ അജ്ഞാതവാസത്തിലാണ്. അവിടെ ജോലിനോക്കുന്ന സുന്ദരിയായ നഴ്സാണ് സാധന. (കഥാപാത്രത്തിന്റെ പേര് ഓർമയില്ല.) സാധനയിലൂടെ സി.ഐ.ഡി ഓഫിസർക്ക് ഹോസ്പിറ്റലിലെ പല രഹസ്യങ്ങളും മനസ്സിലാക്കണം. അതുകൊണ്ട് അവളെ പ്രശംസിച്ച് തന്റെ സ്വാധീനത്തിൽ കൊണ്ടുവരണം. അവളാകട്ടെ ഈ സുന്ദരനായ ഡോക്ടറിൽ ആകൃഷ്ടയുമാണ്. അവളെ സന്തോഷിപ്പിക്കാൻ വേണ്ടിയാണ് പ്രേംനസീർ ഈ ഗാനം ആലപിക്കുന്നത്. അതേസമയം, ഈ പാട്ടു കേൾക്കുന്ന പ്രേക്ഷകരോടും സാധനയോടും അദ്ദേഹം സാധനയെ വിവാഹം കഴിക്കുകയില്ല എന്ന് പറയുകയും വേണം. ‘‘അർജുനനായ് ഞാൻ അവൾ ഉത്തരയായി’’ എന്ന് പ്രയോഗിക്കുന്നത് സ്വയംവരം നടക്കുകയില്ല എന്ന് ഉറപ്പിക്കാനാണ്. കാരണം, ഉത്തരയെ ഭാര്യയായി കിട്ടുമെന്നുറപ്പായപ്പോൾ അർജുനൻ അവളെ ഭാര്യയായി സ്വീകരിച്ചില്ല.
ഇനി മഹാഭാരതത്തിലെ ആ സന്ദർഭത്തിലേക്കു പോകാം. പാണ്ഡവന്മാർ വിരാടരാജ്യത്ത് അജ്ഞാതവാസത്തിൽ കഴിയുമ്പോൾ കൗരവന്മാർ വിരാടരാജ്യത്തെ ആക്രമിച്ചു. അപ്പോൾ ഉർവശീശാപം നിമിത്തം പുരുഷനും സ്ത്രീയും അല്ലാതെയായി തീർന്ന അർജുനൻ (ട്രാൻസ്ജെൻഡർ) ബൃഹന്ദള എന്ന പേര് സ്വീകരിച്ച് സ്ത്രീവേഷത്തിൽ കഴിയുകയാണ്. വിരാടരാജാവിന്റെ മകളായ ഉത്തരയെ ബൃഹന്ദള നൃത്തം പഠിപ്പിക്കുന്നുണ്ട്. കൗരവസൈന്യം രാജ്യം ആക്രമിച്ച് വിരാടരാജാവിന്റെ പശുക്കളെ കടത്തിക്കൊണ്ടുപോകുമ്പോൾ ബൃഹന്ദള യുദ്ധംചെയ്ത് പശുക്കളെ വീണ്ടെടുക്കുന്നു. അപ്പോഴാണ് ബൃഹന്ദള അർജുനൻ ആണെന്ന സത്യം വിരാടരാജാവ് മനസ്സിലാക്കുന്നത്. അഭിമാനഭരിതനായ വിരാടരാജാവ് ഇങ്ങനെ പറയുന്നു:
‘‘പാർഥനാണീ രാജ്യവും ഇങ്ങിനി മറ്റുള്ളതൊക്കെയും/ അതൊക്കെയേറ്റു വാങ്ങിക്കൊൾകശങ്കമിതു പാണ്ഡവർ/ കൈക്കൊള്ളുകിങ്ങുത്തരയെ സവ്യസാചി ധനഞ്ജയൻ/ ഇവൾക്ക് ചേർന്ന ഭർത്താവാണിവൻ പുരുഷസത്തമൻ...’’ അതായത് വിരാടരാജാവ് തന്റെ മകളെ വിവാഹം കഴിക്കാൻ അർജുനനോടാണ് പറയുന്നത്. എന്നാൽ, അർജുനൻ ആ ദാനം സ്വീകരിക്കുന്നില്ല. അപ്പോൾ വിരാടരാജാവ് അർജുനനോട് ചോദിക്കുന്നു:
‘‘എന്താണ് പാണ്ഡവശ്രേഷ്ഠാ ഞാൻ തന്നൊരെന്റെ പുത്രിയെ/ പത്നിയായ് സ്വീകരിച്ചീടാൻ ഇച്ഛിച്ചിടാത്തതും ഭവാൻ..?’’ അപ്പോൾ അർജുനൻ പറയുന്നു: ‘‘ഒരു വർഷം ഞങ്ങൾ ഒരുമിച്ചു കഴിഞ്ഞു. ഞാൻ അവളെ വിവാഹം കഴിച്ചാൽ -ദുശ്ശങ്ക നാട്ടുകാർക്കുണ്ടായ് വരാം; അങ്ങേയ്ക്കുമേ വിഭോ...’’
അതായത് ഞങ്ങൾക്കിടയിൽ രഹസ്യബന്ധമുണ്ടായിരുന്നു എന്ന് നാട്ടുകാർ സംശയിക്കും. ആ സംശയം അങ്ങേക്കും ഉണ്ടാകാം. ‘‘അതുകൊണ്ട് ഉത്തരയെ ഞാൻ എന്റെ മകൻ അഭിമന്യുവിനെക്കൊണ്ട് കല്യാണം കഴിപ്പിക്കാം -സാധനക്ക് തന്നോട് അടുപ്പമുണ്ടെന്ന് മനസ്സിലാക്കുന്ന പ്രേം നസീർ എനിക്ക് നിന്നെ ഇഷ്ടമാണ്. പക്ഷേ എനിക്ക് അർജുനനും നിനക്ക് ഉത്തരയും ആകാനേ കഴിയൂ എന്ന് ഭംഗ്യന്തരേണ സൂചിപ്പിക്കുന്നു. കാരണം, പ്രേംനസീർ ഷീലയുമായി പ്രണയത്തിലാണ്. ഇങ്ങനെ വ്യക്തമാക്കിയില്ലെങ്കിൽ നായകൻ രണ്ടു പേരെയും പ്രണയിക്കുന്നു എന്ന് പ്രേക്ഷകർ തെറ്റിദ്ധരിക്കും.
ഗാനത്തിന്റെ അവസാനം ‘‘അജ്ഞാതവാസമിന്നും തുടരുന്നു ഞാൻ’’ എന്ന് പറയുമ്പോൾ സ്വയംവരം എന്ന പ്രശ്നം അപ്രത്യക്ഷമാകുന്നു. ചരിത്രമെഴുതുന്ന വ്യക്തിക്ക് ഇതുപോലെ ഗാനങ്ങളുടെ അന്തരാർഥമോ ഗൂഢാർഥങ്ങളോ വിശദീകരിക്കേണ്ട കാര്യമില്ല. ഈ ലേഖകൻ എഴുതിയ ഗാനമായതുകൊണ്ടാണ് ഇത്രയും വിശദമായി എഴുതിയത്.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.