ഒന്നിനു പിറകെ ഒന്ന് എന്നമട്ടിൽ കേരളത്തിലെ തിയറ്ററുകളിൽ തുടർച്ചയായെത്തിയ മൂന്നു സിനിമകൾ ഒരിക്കലും മറക്കാനാവാത്ത പാട്ടുകൾ മലയാളികൾക്ക് സമ്മാനിച്ചു. 'അന്വേഷിച്ചു , കണ്ടെത്തിയില്ല', 'കലക്ടർ മാലതി', 'അശ്വമേധം' എന്നിവയാണ് ആ സിനിമകൾ. പി. ഭാസ്കരൻ-ബാബുരാജ്, വയലാർ-ബാബുരാജ്, വയലാർ-ദേവരാജൻ എന്നീ ടീമുകളുടെ സംഭാവനകൾ! ''ഇന്നലെ മയങ്ങുമ്പോൾ /...
ഒന്നിനു പിറകെ ഒന്ന് എന്നമട്ടിൽ കേരളത്തിലെ തിയറ്ററുകളിൽ തുടർച്ചയായെത്തിയ മൂന്നു സിനിമകൾ ഒരിക്കലും മറക്കാനാവാത്ത പാട്ടുകൾ മലയാളികൾക്ക് സമ്മാനിച്ചു. 'അന്വേഷിച്ചു , കണ്ടെത്തിയില്ല', 'കലക്ടർ മാലതി', 'അശ്വമേധം' എന്നിവയാണ് ആ സിനിമകൾ. പി. ഭാസ്കരൻ-ബാബുരാജ്, വയലാർ-ബാബുരാജ്, വയലാർ-ദേവരാജൻ എന്നീ ടീമുകളുടെ സംഭാവനകൾ!
''ഇന്നലെ മയങ്ങുമ്പോൾ / ഒരുമണിക്കിനാവിന്റെ / പൊന്നിൻ ചിലമ്പൊലി കേട്ടുണർന്നു...''
ഈ മനോഹരഗാനം ഇഷ്ടപ്പെടാത്ത ഒരു ശ്രോതാവുപോലും മലയാളികളുടെ കൂട്ടത്തിൽ ഉണ്ടാകുമെന്നു ഞാൻ വിചാരിക്കുന്നില്ല. പി. ഭാസ്കരനും എം.എസ്. ബാബുരാജും യേശുദാസും ചേരുമ്പോൾ സംഭവിക്കുന്ന ഒരു പ്രത്യേകതരം മാജിക് ഈ ഗാനത്തെ വ്യത്യസ്തമാക്കുന്നു. അഞ്ചര പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഈ ഗാനം ഒരു പുതിയ ഗാനംപോലെ നമ്മുടെ അനുഭൂതികളിൽ നിറയുന്നു. പി. ഭാസ്കരൻ സംവിധാനംചെയ്ത 'അന്വേഷിച്ചു, കണ്ടെത്തിയില്ല' എന്ന സിനിമയിലെ ഗാനമാണിത്. ഈ ഗാനം മാത്രമല്ല, ഈ സിനിമയിലെ മിക്കവാറും എല്ലാ പാട്ടുകളും രചനയിലും ഈണത്തിലും മികച്ചുനിന്നു. പട്ടാളജീവിതം പശ്ചാത്തലമാക്കി ഒന്നിലേറെ നോവലുകൾ എഴുതിയിട്ടുള്ള പാറപ്പുറത്ത് എന്ന എഴുത്തുകാരന്റെ വിഖ്യാത കൃതിയാണ് 'അന്വേഷിച്ചു, കണ്ടെത്തിയില്ല' എന്ന നോവൽ. ആർമിയിൽ നഴ്സ് ആയി ജോലിചെയ്യുന്ന സൂസമ്മയുടെ കഥയാണിത്. കെ.ആർ. വിജയ ആണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്. സത്യൻ ആയിരുന്നു നായകൻ. മറ്റൊരു പ്രത്യേകതകൂടി ഈ ചിത്രത്തിനുണ്ട്. പിൽക്കാലത്ത് അരവിന്ദൻ സംവിധാനംചെയ്ത 'കാഞ്ചനസീത', അടൂർ ഗോപാലകൃഷ്ണൻ സംവിധാനംചെയ്ത 'എലിപ്പത്തായം' തുടങ്ങിയ സിനിമകൾ നിർമിച്ച് പ്രശസ്തി നേടിയ കെ. രവീന്ദ്രനാഥൻ നായർ (ജനറൽ പിക്ചേഴ്സ്, കൊല്ലം) ആദ്യമായി നിർമിച്ച സിനിമയാണിത്. പി. ഭാസ്കരൻ സംവിധാനം ചെയ്ത മികച്ച ചിത്രങ്ങളിൽ ഒന്നാണ് 'അന്വേഷിച്ചു, കണ്ടെത്തിയില്ല' എന്ന കലാസൃഷ്ടി. ഗാനരചയിതാവ് എന്ന നിലയിലും പി. ഭാസ്കരന്റെ ഭാവന ഉദാത്തമേഖലകളിലേക്ക് ഉയർന്നു പറന്നു എന്നതും ഈ സിനിമയുടെ പ്രത്യേകതയാണ്. താഴെ ഉദ്ധരിക്കുന്ന ഗാനപല്ലവികൾകൂടി കേൾക്കുമ്പോൾ ഈ അഭിപ്രായത്തോട് എല്ലാവരും യോജിക്കും.
ഒന്ന് -താമരക്കൂമ്പിളല്ലോ മമ ഹൃദയം -ഇതിൽ താതാ, നീ സംഗീതമധു പകരൂ...
രണ്ട് -പാവനനാം ആട്ടിടയാ/ പാത കാട്ടുക നാഥാ/ പാവങ്ങൾ ഞങ്ങൾ ആശ്വസിക്കട്ടെ / ദേവാ, നിൻ തിരുസന്നിധിയിൽ...
മൂന്ന് -കവിളത്തെ കണ്ണീർ കണ്ടു/ മണിമുത്താണെന്നു കരുതി / വില പേശാനോടി വന്ന വഴിയാത്രക്കാരാ...
നാല് -മുറിവാലൻ കുരങ്ങച്ചൻ / നിറവാലൻ പൂച്ചയുമായി/ മഴ വന്ന കാലത്തിങ്കൽ / മലവാഴ കൃഷി ചെയ്തു...
''ഇന്നലെ മയങ്ങുമ്പോൾ'' എന്നു തുടങ്ങുന്ന ഗാനത്തിലെ ഓരോ വരിയും കാവ്യമധുരമത്രേ. പദങ്ങളുടെ ഭംഗിയും അവ ചേരുമ്പോൾ ജനിക്കുന്ന അപൂർവചാരുതയും ഈ ഗാനത്തെ വളരെ ഉയർന്ന നിലവാരത്തിൽ എത്തിച്ചു. ''മാധവമാസത്തിൽ ആദ്യം വിരിയുന്ന / മാതളപ്പൂമൊട്ടിൻ മണംപോലെ ഓർക്കാതിരുന്നപ്പോൾ ഒരുങ്ങാതിരുന്നപ്പോൾ / ഓമനേ നീയെന്റെയരുകിൽ വന്നു...'' എന്നിങ്ങനെയൊഴുകുന്ന ഭാവതരംഗിണി ദശാബ്ദങ്ങൾ തലോടി മുന്നോട്ടുപോകുന്നതിൽ അത്ഭുതമില്ല. ''താമരക്കുമ്പിളല്ലോ മമഹൃദയം'' എന്നു തുടങ്ങുന്ന പാട്ടിലെ വരികളും ശ്രദ്ധിക്കുക.
''താതാ നിൻ കൽപനയാൽ/ പൂവനം തന്നിലൊരു /പാതിരാപ്പൂവായി വിരിഞ്ഞു ഞാൻ / പൂമണമില്ലല്ലോ പൂന്തേനുമില്ലല്ലോ/ പൂജയ്ക്കു നീയെന്നെ കൈക്കൊള്ളുമോ..?''
ഒരു പാവപ്പെട്ട ക്രിസ്ത്യൻ കുടുംബത്തിൽ പിറന്നുവളർന്ന കൗമാരക്കാരിയായ പെൺകുട്ടി പാടുന്ന പരിദേവനമാണ് ഇതെന്ന് ഓർമിക്കുക. ഈ പ്രായത്തിലെ സൂസമ്മയായി അഭിനയിച്ചത് ജൂനിയർ ഷീല എന്ന നടിയായിരുന്നു എന്നാണ് ഓർമ. വളർന്നു കഴിയുമ്പോൾ സൂസമ്മയായി കെ.ആർ. വിജയ വരുന്നു.
ഈ ചിത്രത്തിൽ നായികക്കു വേണ്ടി എല്ലാ പാട്ടുകൾക്കും ശബ്ദം നൽകിയത് എസ്. ജാനകിയാണ്. ''പാവനനാം ആട്ടിടയാ /പാത കാട്ടുക നാഥാ / പാവങ്ങൾ ഞങ്ങൾ ആശ്വസിക്കട്ടെ ദേവാ നിൻ തിരുസന്നിധിയിൽ'' എന്ന ഗാനത്തിൽ മാത്രം ബി. വസന്തയും ചേർന്നു പാടിയിട്ടുണ്ട്. ചിത്രത്തിലെ എല്ലാ പാട്ടുകളിലും ബാബുരാജിന്റെ തനിമയുള്ള സ്വരമുദ്രകൾ ഉണ്ടായിരുന്നു. കഥയുടെ കരുത്തുകൊണ്ടും സംഗീതമൂല്യംകൊണ്ടും സാങ്കേതിക മികവുകൊണ്ടും മറക്കാനാവാത്ത ഒരു സിനിമ അങ്ങനെ രൂപംകൊണ്ടു. കെ.ആർ. വിജയ, സത്യൻ എന്നിവരെ കൂടാതെ മധു, തിക്കുറിശ്ശി, പി.ജെ. ആന്റണി, ടി.എസ്. മുത്തയ്യ, അടൂർ ഭാസി, വിജയനിർമല, കവിയൂർ പൊന്നമ്മ, ആറന്മുള പൊന്നമ്മ, സുകുമാരി, മീന തുടങ്ങിയവരും ഈ സിനിമയിൽ അഭിനയിച്ചു. 1967 സെപ്റ്റംബർ എട്ടാം തീയതി തിയറ്ററുകളിൽ എത്തിയ 'അന്വേഷിച്ചു, കണ്ടെത്തിയില്ല' എന്ന ചിത്രം വൻവിജയമായിരുന്നു.
സത്യൻ, ഷീല, പ്രേംനസീർ (ചിത്രം: 'അശ്വമേധം')
എസ്.എൽ. പുരം സദാനന്ദൻ കഥയും സംഭാഷണവും രചിച്ച് എം. കൃഷ്ണൻ നായർ സംവിധാനം ചെയ്ത 'കലക്റ്റർ മാലതി' എന്ന ചിത്രം ശരവണഭവ പിക്ചേഴ്സിന്റെ ബാനറിൽ എ.കെ. ബാലസുബ്രഹ്മണ്യമാണ് നിർമിച്ചത്. 'അന്വേഷിച്ചു, കണ്ടെത്തിയില്ല ' എന്ന ചിത്രത്തിന് തൊട്ടുപിന്നാലെ തിയറ്ററുകളിലെത്തിയ 'കലക്ടർ മാലതി'യും ഒരു ശരാശരി ചിത്രമായിരുന്നില്ല. വ്യത്യസ്തമായ കഥയും എം. കൃഷ്ണനായരുടെ സംവിധാനവും ഈ സിനിമയെ ശ്രദ്ധേയമാക്കി. വയലാർ രാമവർമ എഴുതി എം.എസ്. ബാബുരാജ് ഈണമിട്ട ഇതിലെ പാട്ടുകളും നന്നായിരുന്നു. പ്രേംനസീർ, ഷീല, അംബിക, കൊട്ടാരക്കര ശ്രീധരൻ നായർ, ടി.എസ്. മുത്തയ്യ, ആറന്മുള പൊന്നമ്മ, മണവാളൻ ജോസഫ് തുടങ്ങിയവരാണ് ഈ സിനിമയിൽ അഭിനയിച്ചത്.
1967 സെപ്റ്റംബർ പതിനാലാം തീയതി പ്രദർശനമാരംഭിച്ച 'കലക്റ്റർ മാലതി'യിൽ ആകെ അഞ്ചു ഗാനങ്ങൾ ഉണ്ടായിരുന്നു. യേശുദാസ്, പി. ലീല, പി. സുശീല, എൽ.ആർ. ഈശ്വരി എന്നിവരാണ് പാട്ടുകൾ പാടിയത്. യേശുദാസ് പാടിയ രണ്ടു സോളോ ഗാനങ്ങളും സൂപ്പർഹിറ്റുകളായി. ''നീലക്കൂവളപ്പൂവുകളോ/ വാലിട്ടെഴുതിയ കണ്ണുകളോ / മന്മഥൻ കുലയ്ക്കും വില്ലുകളോ/ മനസ്സിൽ പടരും വല്ലികളോ – /കുനുചില്ലികളോ..?'' എന്ന ഗാനവും ''ഭാരതപ്പുഴയിലെയോളങ്ങളേ / പഴയൊരു പ്രേമകഥയോർമയില്ലേ... /പൊയ്പോയ വസന്തത്തിൻ പുഷ്പവനത്തിലെ / കൽപവൃക്ഷത്തണലിൽ/ സ്വപ്നങ്ങൾകൊണ്ടൊരു / കോവിലകം തീർത്ത/ പച്ചിലക്കിളികളെയോർമയുണ്ടോ..?'' എന്ന ഗാനവുമാണ് ഇവിടെ പരാമർശിക്കപ്പെട്ടത്. യേശുദാസും പി. ലീലയും ചേർന്നു പാടിയ ''അമ്പലപ്പറമ്പിലെ-യാരാമത്തിലെ / ചെമ്പരത്തിപ്പൂവേ / അങ്കച്ചമയത്തിനണിയാനിത്തിരി / സിന്ദൂരമുണ്ടോ -സിന്ദൂരം? / ഉദയാസ്തമന പതാകകൾ പറക്കും / രഥവുമായ് നിൽപൂ കാലം –പുഷ്പ/ രഥവുമായ് നിൽപൂ കാലം'' എന്ന പാട്ടും യേശുദാസും പി. സുശീലയും ചേർന്നു പാടിയ ''കറുത്ത പെണ്ണേ നിന്റെ കണ്ണാടിച്ചില്ലിനുള്ളിൽ/ വരച്ചതാരാണെന്റെ വർണചിത്രം?/ മനസ്സിന്റെ ചുമരിൽ ചിത്രം വരയ്ക്കുന്ന / മന്മഥനെന്നൊരു ചിത്രകാരൻ...'' എന്ന പാട്ടും വളരെ നല്ല യുഗ്മഗാനങ്ങളായിരുന്നു. യേശുദാസും എൽ.ആർ. ഈശ്വരിയും സംഘവും ചേർന്നു പാടിയ ''ലവ് ലവ് ലവ് ലവ്ബേഡ്സ്.../ ലവ് ബേഡ്സ് ലല്ലലം ലല്ലലം / ലവ് ബേഡ്സ് / തുള്ളിക്കൊരു കുടം തുള്ളാട്ടം തുള്ളും / ലവ് ബേഡ്സ്'' എന്നു തുടങ്ങുന്ന ഒരു പാട്ടും ഈ ചിത്രത്തിൽ ഉണ്ടായിരുന്നു (സംവിധായകന്റെ പ്രേരണക്കു വഴങ്ങി വയലാർ എഴുതിക്കൊടുത്ത പാട്ടായിരിക്കണം കോളജ് വിദ്യാർഥികൾ പാടുന്ന ഈ പാട്ട്. ഈ ഗാനം വയലാർ കൃതികളിൽ ചേർത്തിട്ടില്ല).
മുകളിൽ വിവരിച്ച രണ്ടു സിനിമകളിലെ ഗാനങ്ങളിലൂടെ പി. ഭാസ്കരനോടൊപ്പം ചേർന്നാലും വയലാറിനോടൊപ്പം ചേർന്നാലും തനിക്ക് നല്ല പാട്ടുകൾ സൃഷ്ടിക്കാൻ കഴിയുമെന്ന് ഒരിക്കൽകൂടി എം.എസ്. ബാബുരാജ് തെളിയിച്ചു. പി. ഭാസ്കരന്റെ ''ഇന്നലെ മയങ്ങുമ്പോൾ ഒരു മണിക്കിനാവിന്റെ...'' എന്ന ഗാനത്തിൽ ഗസലിന്റെ നേർത്ത ഗന്ധം പുരട്ടിയ ബാബുരാജ് വയലാറിന്റെ ''അമ്പലപ്പറമ്പിലെയാരാമത്തിലെ ചെമ്പരത്തിപ്പൂവേ'' എന്നു തുടങ്ങുന്ന ഗാനത്തിൽ മലയാളത്തിന്റെ ലാളിത്യമാണ് തളിച്ചത്.
കോളിളക്കം സൃഷ്ടിച്ച 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി', 'സർവ്വേക്കല്ല്' തുടങ്ങിയ നാടകങ്ങൾക്കു ശേഷം പ്രമേയത്തിലും അവതരണത്തിലും പുതുമകൾ വരുത്തി കെ.പി.എ.സി അവതരിപ്പിച്ച് വിജയിച്ച നാടകമായിരുന്നു 'അശ്വമേധം'. എ. വിൻസന്റിന്റെ സംവിധാനത്തിൽ സുപ്രിയ പിക്ചേഴ്സിന്റെ ബാനറിൽ ഹരിപോത്തൻ ഈ നാടകം ചലച്ചിത്രമാക്കാൻ മുന്നോട്ടു വന്നു. സുപ്രിയയുടെ പ്രഥമചിത്രമായിരുന്നു 'അശ്വമേധം'. തോപ്പിൽ ഭാസിതന്നെയാണ് തന്റെ നാടകത്തെ തിരനാടകമാക്കി മാറ്റിയത്. അദ്ദേഹംതന്നെ സംഭാഷണവും രചിച്ചു. കേന്ദ്ര കഥാപാത്രമായി ഷീല അഭിനയിച്ച ഈ സിനിമയിൽ സത്യനും പ്രേംനസീറും മധുവും ഷീലയും ഒരുമിച്ചു. പി.ജെ. ആന്റണി, കാമ്പിശ്ശേരി കരുണാകരൻ, ജി.കെ. പിള്ള, അടൂർ ഭാസി, ബഹദൂർ, ഇന്ദിരാ തമ്പി, സുകുമാരി തുടങ്ങിയവരായിരുന്നു മറ്റു അഭിനേതാക്കൾ.
വയലാർ എഴുതിയ ഈ ചിത്രത്തിലെ ഗാനങ്ങൾക്ക് ദേവരാജൻ ഈണം പകർന്നു. ചിത്രത്തിന്റെ മൂല്യം അതിലെ ഗാനങ്ങൾക്കും ഉണ്ടായിരുന്നു. പി. സുശീല പാടിയ മലയാള സിനിമാഗാനങ്ങളുടെ മുൻനിരയിൽ നിൽക്കുന്ന ''ഏഴു സുന്ദരരാത്രികൾ...'' എന്നു തുടങ്ങുന്ന ഗാനം. ''ഏഴു സുന്ദര രാത്രികൾ / ഏകാന്ത സുന്ദരരാത്രികൾ / വികാരതരളിത ഗാത്രികൾ/ വിവാഹപൂർവ രാത്രികൾ/ ഇനിയേഴു സുന്ദര രാത്രികൾ'' എന്ന ഗാനത്തിന്റെ ലാളിത്യവും ഭംഗിയും ഒന്നു വേറെ തന്നെ. ഈ പാട്ടിന്റെ പല്ലവി കേട്ടിട്ടില്ലാത്ത മലയാളികൾ ഉണ്ടാവുമോ..? കഥാനായികയുടെ വിവാഹം തീരുമാനിക്കപ്പെട്ടു കഴിഞ്ഞു. മുഹൂർത്തദിനത്തിന് ഇനി ഏഴു ദിവസങ്ങൾ മാത്രം. ഇതാണ് ഗാനസന്ദർഭം. തുടർന്നുള്ള വരികൾ ഇതിനെക്കാൾ മനോഹരം. ''മാനസസരസ്സിൽ പറന്നിറങ്ങിയ/ മരാളകന്യകളേ /മനോഹരാംഗികളേ / നിങ്ങടെ പവിഴച്ചുണ്ടിൽനിന്നൊരു / മംഗളപത്രമെനിക്കു തരൂ.../ ഈ പൂ.../ ഇത്തിരിപ്പൂ ... / പകരമീ പൂവു തരാം...''
ചിത്രത്തിന്റെ തുടക്കത്തിലുള്ള സൗമ്യനിമിഷങ്ങളും ആഹ്ലാദത്തിന്റെ ദിനങ്ങളും നീങ്ങിക്കഴിയുമ്പോൾ കഥ സംഘർഷഭരിതമാകുന്നു. ഗാനങ്ങളുടെ സ്വഭാവവും മാറുന്നു. പി. സുശീലയുടെ ശബ്ദത്തിൽതന്നെ ഭാവതീവ്രത നിറഞ്ഞ മറ്റൊരു ഗാനം ഒഴുകുന്നു. ''കറുത്ത ചക്രവാളമതിലുകൾ ചൂഴും / കാരാഗൃഹമാണ് ഭൂമി -ഒരു / കാരാഗൃഹമാണ് ഭൂമി /തലയ്ക്കു മുകളിൽ ശൂന്യാകാശം /താഴെ നിഴലുകൾ ഇഴയും നരകം...'' കുഷ്ഠരോഗിയായ നായികയുടെ മനസ്സ് എത്ര മനോഹരമായി, എത്ര അർഥവത്തായ രീതിയിൽ, വയലാർ ഈ ഗാനത്തിലൂടെ അപഗ്രഥിച്ചിരിക്കുന്നു. തികച്ചും അനന്യം; അനുപമം എന്നുതന്നെ പറയണം.
''വർണചിത്രങ്ങൾ വരയ്ക്കുവാനെത്തുന്ന/ വൈശാഖസന്ധ്യകളേ/ ഞങ്ങളെ മാത്രം കറുത്ത ചായം മുക്കി/എന്തിനീ മണ്ണിൽ വരച്ചു ^വികൃതമായ് / എന്തിനീ മണ്ണിൽ വരച്ചു..?'' ഒരു ചലച്ചിത്രഗാനം രചനയിൽ ഇത്രയും മഹോന്നതമായി മാറുന്ന അവസരങ്ങൾ വിരളം. യേശുദാസ് അലഞ്ഞുതിരിയുന്ന കുഷ്ഠരോഗിക്കുവേണ്ടി പാടുന്ന ''ഒരിടത്തു ജനനം /ഒരിടത്തു മരണം/ ചുമലിൽ ജീവിതഭാരം/വഴിയറിയാതെ മുടന്തിനടക്കും / വിധിയുടെ ബലിമൃഗങ്ങൾ -നമ്മൾ /വിധിയുടെ ബലിമൃഗങ്ങൾ!'' എന്ന ഗാനവും പ്രസിദ്ധമാണ്. നടനും എഴുത്തുകാരനും പത്രാധിപരുമൊക്കെയായി ഒരുകാലത്ത് തിളങ്ങിനിന്ന കാമ്പിശ്ശേരി കരുണാകരനാണ് ചിത്രത്തിൽ കുഷ്ഠരോഗിയുടെ വേഷത്തിൽ ഈ ഗാനം പാടുന്നത്. ''തെക്കുംകൂറടിയാത്തി / തളിരുപുള്ളോത്തി / സർപ്പംപാട്ടിന് പാടാൻ പോയ് കുടവും കിണ്ണവും വീണയും കൊണ്ടേ / കൂടെ പുള്ളോനും പാടാൻ പോയ്'' എന്നു തുടങ്ങുന്ന നെഞ്ചിൽ തൊടുന്ന പുള്ളുവൻപാട്ടു പാടാൻ ബി. വസന്തയുടെ ശബ്ദം തിരഞ്ഞെടുത്ത സംഗീതസംവിധായകന്റെ ഔചിത്യത്തെയും അഭിനന്ദിക്കണം.
ശാസ്ത്രത്തിന്റെ വളർച്ച അന്ധവിശ്വാസങ്ങളെ തുടച്ചുനീക്കുമെന്നും ഒരു നവയുഗം പിറക്കുമെന്നും പ്രസ്താവിക്കുന്ന ശുഭാപ്തിവിശ്വാസത്തിന്റെ വരികളും പി. സുശീലതന്നെയാണ് പാടിയിട്ടുള്ളത്.
''ഉദയഗിരി ചുവന്നു / ഒരു യുഗമുണരുന്നു / അശ്വരഥത്തിലെഴുന്നള്ളുന്നു / ശിൽപി^യുഗശിൽപി / ഇതിഹാസങ്ങൾ മന്ത്രംചൊല്ലും /ഈ യാഗഭൂമികളിൽ/ ഉണരുകയല്ലോ പുതിയൊരു ജീവിത /പുനരുജ്ജീവനഗീതം/അന്ധകാരമേ... അകലെ അകലെ അകലെ...'' ഇപ്രകാരം വിഷയത്തിലും ഭാവരൂപങ്ങളിലും വ്യത്യസ്തങ്ങളായ അഞ്ചു ഗീതങ്ങളാണ് 'അശ്വമേധം' എന്ന ചിത്രത്തിനുവേണ്ടി വയലാറും ദേവരാജനും ചേർന്ന് ഒരുക്കിയത്.
1967 സെപ്റ്റംബർ എട്ടിനും പതിനഞ്ചിനും ഇടയിൽ മൂന്നു മനോഹര ചിത്രങ്ങൾ കേരളത്തിലെ പ്രധാന നഗരങ്ങളിലെ തിയറ്ററുകളിലെത്തി. അതായത് ഒരാഴ്ച വ്യത്യാസത്തിൽ മൂന്നു പ്രശസ്ത സംവിധായകരുടെ മൂന്നു സിനിമകൾ പ്രദർശനം തുടങ്ങുന്നു. മൂന്നു സിനിമകളിലും രചനയിലും സംഗീതത്തിലും ഔന്നത്യമുള്ള പാട്ടുകൾ നിറയുന്നു. അവിസ്മരണീയമായ അനുഭവം... മലയാള സിനിമയും മലയാള സിനിമാഗാനങ്ങളും പുതിയ രൂപവും ഭാവവും തേടി മുന്നേറുകയായിരുന്നു.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.