രാമു കാര്യാട്ട് സംവിധാനം ചെയ്ത്, ശോഭന പരമേശ്വരൻ നായർ നിർമിച്ച ‘അഭയം’ എന്ന സിനിമയിലെ ഗാനങ്ങൾ വേറിട്ട പരീക്ഷണമായിരുന്നു. വള്ളത്തോൾ, കുമാരനാശാൻ, ജി. ശങ്കരക്കുറുപ്പ്, ബാലാമണിയമ്മ, ചങ്ങമ്പുഴ, പി. ഭാസ്കരൻ, വയലാർ, ശ്രീകുമാരൻ തമ്പി എന്നിവരുടെ കവിതകൾ അതിൽ പാട്ടുകളാക്കി മാറ്റി. വി. ദക്ഷിണാമൂർത്തി ഈ കവിതകളെ മനോഹരമാക്കി ചിട്ടപ്പെടുത്തി. ആ ‘പാട്ടു’കളെ കുറിച്ചാണ് ഇത്തവണ എഴുത്ത്.
വടക്കൻ പാട്ടുകളിലെ വീരകഥകൾ ചലച്ചിത്രമാക്കാൻ എല്ലാ കാലത്തും മുൻകൈയെടുത്തിരുന്നത് ഉദയാ സ്റ്റുഡിയോയുടെ ഉടമസ്ഥനായ കുഞ്ചാക്കോ ആണ്. എങ്കിലും തച്ചോളി ഒതേനൻ എന്ന ധീരനായകന്റെ കഥ സിനിമയാക്കിയത്, ‘നീലക്കുയിലും’ ‘രാരിച്ചൻ എന്ന പൗരനും’ ‘മൂടുപട’വും ‘മുടിയനായ പുത്രനും’ പോലെയുള്ള മികച്ച ചിത്രങ്ങൾ നിർമിച്ച് മലയാള സിനിമയുടെ അഭിമാനമുയർത്തിയ ചന്ദ്രതാരാ പ്രൊഡക്ഷൻസ് (നിർമാതാവ് -ടി.കെ. പരീക്കുട്ടി) ആണ്. ഉണ്ണിയാർച്ചയുടെ കഥ രാഗിണിയെ നായികയാക്കി കുഞ്ചാക്കോ നിർമിച്ചു. ‘ഒതേനെന്റ മകൻ’ എന്ന സിനിമയും എക്സെൽ പ്രൊഡക്ഷൻസിനു വേണ്ടി കുഞ്ചാക്കോതന്നെയാണ് നിർമിച്ചത്. വടക്കൻപാട്ടുകളിൽനിന്ന് നടനും എഴുത്തുകാരനുമായ എൻ. ഗോവിന്ദൻകുട്ടി കണ്ടെടുത്ത ഈ കഥക്ക് അദ്ദേഹംതന്നെയാണ് തിരക്കഥയും സംഭാഷണവും എഴുതിയത്. നിർമാതാവായ കുഞ്ചാക്കോതന്നെ സംവിധാനവും നിർവഹിച്ചു.
സത്യൻ, പ്രേംനസീർ, രാഗിണി, ഷീല, ഉമ്മർ, വിജയശ്രീ, പ്രേംജി, എസ്.പി. പിള്ള, അടൂർ ഭാസി, കവിയൂർ പൊന്നമ്മ, എൻ. ഗോവിന്ദൻകുട്ടി, പങ്കജവല്ലി, അടൂർ പങ്കജം, കോട്ടയം ചെല്ലപ്പൻ, മണവാളൻ ജോസഫ്, ലളിത തുടങ്ങി ഒരു വലിയ താരനിരതന്നെ ഈ ചിത്രത്തിൽ ഉണ്ടായിരുന്നു. വയലാർ എഴുതി ദേവരാജൻ ഈണം നൽകിയ പാട്ടുകൾ ‘ഒതേനന്റെ മകൻ’ എന്ന ചിത്രത്തിന്റെ പ്രധാന ആകർഷണമായിരുന്നു എന്നു പറയാം. യേശുദാസ്, എം.ജി. രാധാകൃഷ്ണൻ, പി. സുശീല, പി. ലീല, ബി. വസന്ത എന്നിവരായിരുന്നു പിന്നണിഗായകർ.
യേശുദാസ് പാടിയ ‘‘ഗുരുവായൂർ അമ്പലനടയിൽ ഒരുദിവസം ഞാൻ പോകും’’ എന്ന പാട്ട് സെൻസേഷനൽ ഹിറ്റ് ആയി. അതിന്റെ കാരണം നമുക്കെല്ലാം അറിയാം. ഗുരുവായൂരപ്പനെക്കുറിച്ച് അനേകം പാട്ടുകൾ പാടിയിട്ടും ശബരിമലയിലും മൂകാംബികയിലും പതിവായി പോയിട്ടും യേശുദാസിനു ഗുരുവായൂർ ക്ഷേത്രത്തിൽ പ്രവേശിക്കാനുള്ള അനുമതി ലഭിച്ചിട്ടില്ല. ഈ സത്യംകൂടി മനസ്സിൽ കണ്ടുകൊണ്ടാണ് വയലാർ ഈ ഗാനം രചിച്ചിട്ടുള്ളത്.
‘‘ഗുരുവായൂരമ്പലനടയിൽ ഒരുദിവസം ഞാൻ പോകും... ഗോപുരവാതിൽ തുറക്കും -ഞാൻ ഗോപകുമാരനെ കാണും...’’ ഈ പാട്ടിലെ വരികൾ ഗാനാസ്വാദകർക്കു കാണാപ്പാഠമായിരിക്കാം. എങ്കിലും ആദ്യചരണംകൂടി ഇവിടെ ഉദ്ധരിക്കുന്നു.
‘‘ഓമൽചൊടികൾ ചുംബിക്കും... ഓടക്കുഴൽ ഞാൻ ചോദിക്കും... മാനസകലികയിൽ അമൃതം പകരും... വേണുനാദം കേൾക്കും -ശ്രീകൃഷ്ണ വേണുനാദം കേൾക്കും...’’
വളരെ ശ്രദ്ധയോടുകൂടിയാണ് ഈ ഗാനത്തിലെ ശേഷം വരികളും വയലാർ എഴുതിയിട്ടുള്ളത്. താൻ നിരീശ്വരവാദിയാണെന്ന് സ്വയം പ്രഖ്യാപിച്ചിട്ടുള്ള കവിയാണ് വയലാർ രാമവർമ. എന്നാൽ, അദ്ദേഹം എഴുതിയിട്ടുള്ള ഭക്തിഗാനങ്ങളെല്ലാം ശ്രോതാക്കളിൽ അസാധാരണമായ ആധ്യാത്മിക ചൈതന്യം നിറക്കുന്നവയായിട്ടാണ് അനുഭവപ്പെട്ടിട്ടുള്ളത്. വർഷങ്ങൾക്കു മുമ്പ് ഈ ലേഖകന്റെ പത്തൊമ്പതാം വയസ്സിൽ പ്രഥമ കവിതാസമാഹാരത്തിന് (ഒരു കവിയും കുറെ മാലാഖമാരും) അവതാരിക എഴുതിക്കുന്നതിനായി വയലാറിലെ രാഘവപ്പറമ്പിൽ പോയപ്പോൾ ആദ്യമായി കണ്ട കാഴ്ച വീട്ടിനുള്ളിലുള്ള ശ്രീകോവിലിൽ പൂജ കഴിച്ചിട്ട് ഒരു പൂജാരി ഇറങ്ങിപ്പോകുന്നതാണ്. അപ്പോൾ അത്ഭുതത്തോടെ ഞാൻ ചോദിച്ചു: ‘‘അങ്ങ് കമ്യൂണിസ്റ്റുകാരനും നിരീശ്വരവാദിയുമാണെന്നു പറഞ്ഞിട്ടുണ്ടല്ലോ. പക്ഷേ, വീട്ടിൽതന്നെ ക്ഷേത്രവും പൂജയുമുണ്ടല്ലോ.’’ അപ്പോൾ ചിരിച്ചുകൊണ്ട് ആ മഹാകവി പറഞ്ഞു: ‘‘അത് എന്റെ അമ്മയുടെ വിശ്വാസം. ഞാൻ അതിനെ എതിർക്കുന്നില്ല.’’ ഇപ്പോഴും രാഘവപ്പറമ്പിൽ ആ ശ്രീകോവിൽ ഉണ്ടോ എന്ന് ഈ ലേഖകന് അറിയില്ല. വയലാർ ശരത്ചന്ദ്രവർമ ഈശ്വരവിശ്വാസിയാണെന്നാണ് എന്റെയറിവ്.
‘ഒതേനന്റെ മകനി’ൽ യേശുദാസ് പാടിയ രണ്ടാമത്തെ ഗാനം ബി. വസന്തയുമായി ചേർന്നുപാടിയ യുഗ്മഗാനമാണ്. ഈ പാട്ടും വളരെ പ്രശസ്തമാണ്. ‘‘ചന്ദ്രനുദിക്കുന്ന ദിക്കിൽ ചന്ദനം പൂക്കുന്ന ദിക്കിൽ തൃത്താപ്പൂവിന് മുത്തം കൊടുക്കുന്നു തൃക്കാർത്തിക രാത്രി...’’ പി. സുശീല ഈ പടത്തിൽ മൂന്നു പാട്ടുകൾക്ക് ശബ്ദം നൽകിയിട്ടുണ്ട്. ഇവയിൽ ഏറ്റവും പ്രശസ്തം ഈ ഗാനമാണ്: ‘‘കദളീവനങ്ങൾക്കരികിലല്ലോ കടത്തനാടൻ കളരി... കടത്തനാടൻ കളരി, കളരിമുറ്റം വരെ പോയിവരാമോ കളമൊഴിയേ കിളിമൊഴിയേ...’’
പി. സുശീല പാടിയ അടുത്ത ഗാനം ഇങ്ങനെയാരംഭിക്കുന്നു: ‘‘യാമിനീ യാമിനീ കാമദേവന്റെ പ്രിയകാമിനീ ഓ...യാമിനീ നിൻ കൺപീലികൾ ചലിക്കുമ്പോൾ സങ്കൽപലതകൾ തളിരണിയുന്നു... അന്തരംഗത്തിലെ ഏകാന്തമൗനമൊ-രഷ്ടപദീഗാനമായ് തീരുന്നു... അജ്ഞാത കാമുകനെ തേടുന്നു... ഞാൻ അജ്ഞാത കാമുകനെ തേടുന്നു...’’
പി. സുശീല പാടിയ മൂന്നാമത്തെ ഗാനം ‘‘വെള്ളോട്ടു വളയിട്ടു കമ്മലിട്ടു...’’ എന്നു തുടങ്ങുന്നു: ‘‘വെള്ളോട്ടു വളയിട്ടു കമ്മലിട്ടു... വയനാടൻകുന്നുകൾ റവുക്കയിട്ടു... വൈരക്കടുക്കനിട്ടു വാളുമുറയിലിട്ടുവരുമെന്നു പറഞ്ഞവനെവിടെപ്പോയ് -കൂടെ വരുമെന്നു പറഞ്ഞവനെവിടെപ്പോയ്?’’ പി. ലീലയും എം.ജി. രാധാകൃഷ്ണനും ചേർന്നു പാടിയ ഒരു ഗാനം ഇങ്ങനെ തുടങ്ങുന്നു: ‘‘രാമായണത്തിലെ സീത രാമനുപേക്ഷിച്ച സീത തമസാ തീരത്തു പണ്ടൊരിക്കൽ രണ്ടു തങ്കക്കുടങ്ങളെ പ്രസവിച്ചു...’’
വരികൾ ഇങ്ങനെ തുടരുന്നു: ‘‘അമ്മ തൻ ഗദ്ഗദം താരാട്ടു പാടി ആശ്രമപുൽപ്പായിൽ മക്കളുറങ്ങി അന്തഃപുരത്തിലെ ചന്ദനക്കട്ടിലിൽ അവരുടെ അച്ഛനുറങ്ങി -തോഴികൾ ആയിരം ചാമരം വീശി.’’
ബി. വസന്തയും സംഘവും പാടിയ ‘‘ഒന്നാനാം കുളക്കടവിൽ...’’ എന്ന നാടൻശൈലിയിലുള്ള ഗാനവും ഈണംകൊണ്ടും ചിത്രീകരണംകൊണ്ടും ശ്രദ്ധിക്കപ്പെട്ടു. ‘‘ഒന്നാനാം കുളക്കടവിൽ ഒരായിരം കന്യമാർ... ഒരായിരം കന്യമാർക്ക് ഒന്നല്ലോ കണ്ണനുണ്ണി... നീരാടും കടവിൽ വന്നു നീലപ്പൂങ്കണ്ണെറിഞ്ഞു കോലപൂങ്കുഴലൂതും കോടക്കാർവർണനുണ്ണി കണ്ണന്റെ തിരുമുടിയിൽ ഒന്നല്ലോ പൂംപീലി... ആ പീലി നുള്ളാൻ ആരാരോ വരുവതാരോ..? ഞാൻ പോരാം ഞാൻ പോരാം അമ്പാടിപ്പൂങ്കുയിലെ’’ എന്നിങ്ങനെ ഒഴുകുന്ന ആ സംഘഗാനം വസന്ത നന്നായി പാടി. 1970 ആഗസ്റ്റ് 15ന് എക്സെൽ പ്രൊഡക്ഷൻസ് തന്നെ ഈ ഹിറ്റ്ചിത്രം തിയറ്ററുകളിൽ എത്തിച്ചു.
ആസം ഭായിയുടെ ഉടമസ്ഥതയിലുള്ള അസിം കമ്പനിയും പി.വി. സത്യത്തിന്റെ ഉടമസ്ഥതയിലുള്ള ദീപക് കമ്പൈൻസും ചേർന്നു നിർമിച്ച ‘കുറ്റവാളി’ എന്ന ചിത്രം കെ.എസ്. സേതുമാധവൻ സംവിധാനം ചെയ്തു. സത്യൻ എന്ന നടന്റെ ഉജ്ജ്വലമായ അഭിനയമായിരുന്നു ഈ സിനിമയുടെ മൂല്യം ഒരു പരിധിവരെ ഉയർത്തിയത്. വയലാർ എഴുതി വി. ദക്ഷിണാമൂർത്തി ഈണം നൽകിയ ഗാനങ്ങളും ഭേദപ്പെട്ട നിലവാരം പുലർത്തി. ജയിലറുടെ ഉപദേശമനുസരിച്ച് ക്രിമിനൽ പ്രവർത്തനങ്ങളോടു വിട പറഞ്ഞ് നല്ലവനായി ജീവിക്കാൻ ശ്രമിക്കുന്ന കേഡി കൃഷ്ണന്റെ കഥയാണിത്. എന്നാൽ, ആത്മാർഥമായി പരിശ്രമിച്ച് നല്ലവനായി ജീവിക്കാൻ പരമാവധി ശ്രമിച്ചിട്ടും സമൂഹം അവനെ വിശ്വസിക്കുകയോ നല്ലവനായി അംഗീകരിക്കുകയോ ചെയ്യുന്നില്ല.
വീണ്ടും പഴയ ജീവിതശൈലിയിലേക്കു മടങ്ങിപ്പോകാൻ കൃഷ്ണൻ ആലോചിക്കുന്നു. സത്യനാണ് കേഡി കൃഷ്ണനായി അഭിനയിച്ചത്. സത്യന്റെ നായികയായി ശാരദ അഭിനയിച്ചു. അടൂർ ഭാസി, സാധന, ടി.ആർ. ഓമന, പറവൂർ ഭരതൻ, ആലുമ്മൂടൻ, ബേബി സുമതി എന്നിവരോടൊപ്പം തമിഴ് പിന്നണിഗായകനായ എ.എൽ. രാഘവനും ‘കുറ്റവാളി’യിൽ അഭിനയിച്ചു. തിരക്കഥയും സംഭാഷണവും തോപ്പിൽ ഭാസി രചിച്ചു. യേശുദാസ്, പി. സുശീല എന്നിവർ മാത്രമേ ഈ സിനിമയിൽ പാടിയിട്ടുള്ളൂ. ആകെ അഞ്ചു പാട്ടുകൾ.
യേശുദാസ് പാടിയ ‘‘ജനിച്ചുപോയി മനുഷ്യനായ് ഞാൻ’’ എന്ന ഗാനം ഏറെ പ്രശസ്തമാണ്. ‘‘ജനിച്ചു പോയി മനുഷ്യനായ് ഞാൻ... ജനിച്ചു പോയി എനിക്കുമിവിടെ ജീവിക്കേണം മരിക്കുവോളം -ഒരുനാൾ മരിക്കുവോളം...’’ സെമിക്ലാസിക്കൽ ശൈലിയിൽ സ്വാമി ഈ വരികൾക്കു നൽകിയ ഈണം വളരെ വ്യത്യസ്തമാണ്. ‘‘മരിച്ചു ചെന്നാൽ സ്വർഗകവാടം തുറക്കുമത്രേ ദൈവം... പിറന്ന മണ്ണിൽ മനുഷ്യപുത്രന് നിറഞ്ഞ ദുഃഖം മാത്രം.’’
ഗാനം ഇങ്ങനെ തുടരുന്നു: ‘‘ഗീതയിലുണ്ടോ ബൈബിളിലുണ്ടോ ഖുർആനിലുണ്ടോ പറയൂ... വിധിക്കുപോലും ചിരിവരുമീയൊരു ചതഞ്ഞ വേദാന്തം...’’ പി. സുശീലയാണ് ചിത്രത്തിലെ നാല് പാട്ടുകൾ പാടിയത്. വയലാറിന്റെ വാക്കുകളും സ്വാമിയുടെ സംഗീതവും ചേർന്നു സൃഷ്ടിച്ച അപൂർവസുന്ദരമായ ഒരു ഗാനമാണ് ‘‘കളഭമഴ പെയ്യുന്ന രാത്രി’’ എന്ന് തുടങ്ങുന്ന പാട്ട്.
‘‘കളഭമഴ പെയ്യുന്ന രാത്രി... കന്മദം പൂക്കുന്ന രാത്രി... പുഷ്പവതിമുല്ലയ്ക്ക് പൊൻതിങ്കൾക്കല പുടവ കൊടുക്കുന്ന രാത്രി...’’
ആദ്യ ചരണം ഇങ്ങനെ: ‘‘ഭൂമിയിലെ സ്ത്രീകളും അവരുടെ മോഹവും പൂ നുള്ളി നടക്കുമീ രാവിൽ... ഈ രാവിൽ പന്തലിട്ടതു പോരാഞ്ഞോ പരാഗനിറപറ പോരാഞ്ഞോ... എന്തെന്റെ ദേവനൊന്നുണരാത്തൂ എന്തേ പരിഭവം മാറാത്തൂ...’’ പി. സുശീലയും സംഘവും പാടിയ ‘‘മാവേലി വാണൊരു കാലം മറക്കുകില്ലാ മലയാളം’’ എന്ന ഗാനവും സന്ദർഭത്തിനു ചേരുന്നതായി.
‘‘മാവേലി വാണൊരു കാലം മറക്കുകില്ല മറക്കുകില്ല മറക്കുകില്ലാ മലയാളം... കള്ളമില്ല ചതിയില്ല കണ്ണുനീരില്ല... കനകംമൂലം കാമിനിമൂലം കലഹങ്ങളുമില്ല... മത്സരത്തിൽ മന്ത്രം ചൊല്ലും മതങ്ങളന്നില്ല... കക്ഷിരാഷ്ട്രീയ കലാപമില്ല കത്തിയേറില്ല...’’
സുശീല പാടിയ കൃഷ്ണഭക്തിഗാനം എന്തുകൊണ്ടോ ഉയർന്ന നിലവാരം പുലർത്തിയില്ല. ‘‘കൃഷ്ണാ കമലനയനാ ശ്രീകൃഷ്ണാ... നിന്നെ കാത്തുനിൽപ്പൂ നിന്റെ രാധ... കാളിന്ദീതടത്തിലെ കളിമൺകുടിലിലെ കമനീമണിയാം രാധ...’’ എന്നിങ്ങനെയാണ് ആ പാട്ടിന്റെ തുടക്കം. പി. സുശീല ‘കുറ്റവാളി’ക്കുവേണ്ടി ആലപിച്ച നാലാമത്തെ ഗാനം ഇങ്ങനെ തുടങ്ങുന്നു. ഇതൊരു താരാട്ടാണ്.
‘‘പമ്പയാറിൻ കരയിലല്ലോ പഞ്ചമി നിലാവിളക്ക്... എണ്ണ വേണ്ട തിരിയും വേണ്ട... എന്തുനല്ല പൊൻവിളക്ക്... രാരിരാരോ രാരാരോ... രാരിരാരോ രാരാരോ... പൊൻവിളക്കിൻ വെട്ടത്തിലെ പൂത്തിലഞ്ഞിപ്പന്തലിലെ പുല്ലു മേഞ്ഞ മലയിലല്ലോ പൂക്കാരിപ്പെണ്ണ് -എന്നും പൂവമ്പനെ കാത്തുനിൽക്കും പൂക്കാരിപ്പെണ്ണ്...’’
‘കുറ്റവാളി’ എന്ന ചിത്രം 1970 ആഗസ്റ്റ് 21ന് റിലീസ് ചെയ്തു. ഭേദപ്പെട്ട സിനിമ എന്ന അഭിപ്രായം നേടിയെങ്കിലും ചിത്രം അർഹിക്കുന്ന സാമ്പത്തികവിജയം നേടിയില്ല. ആത്മഹത്യ ചെയ്ത ഒരു എഴുത്തുകാരിയുടെ ജീവിതം പശ്ചാത്തലമാക്കി എഴുത്തുകാരനായ പെരുമ്പടവം ശ്രീധരൻ എഴുതിയ നോവലാണ് ‘അഭയം’. മലയാളികൾ ഏറെ ഇഷ്ടപ്പെട്ടിരുന്ന ആ എഴുത്തുകാരി യഥാർഥത്തിൽ ഒരു നോവലിസ്റ്റ് ആയിരുന്നു. പക്ഷേ, പെരുമ്പടവത്തിന്റെ നോവലിലെ നായിക കവിയാണ്. അതുകൊണ്ടായിരിക്കാം ഈ സിനിമയിൽ പാട്ടുകൾക്ക് പകരം പ്രശസ്ത കവികളുടെ കവിതകൾ ഉൾപ്പെടുത്താൻ സംവിധായകനായ രാമു കാര്യാട്ട് തീരുമാനിച്ചത്. ശോഭന പരമേശ്വരൻ നായരാണ് ‘അഭയം’ നിർമിച്ചത്.
വള്ളത്തോൾ, കുമാരനാശാൻ, ജി. ശങ്കരക്കുറുപ്പ്, ബാലാമണിയമ്മ, ചങ്ങമ്പുഴ തുടങ്ങിയവരുടെ കവിതകളോടൊപ്പം പി. ഭാസ്കരൻ, വയലാർ, ശ്രീകുമാരൻ തമ്പി എന്നിവരുടെ രചനകളും ഉണ്ടായിരുന്നു. അവരും കവിതകളാണ് എഴുതിയത്. വി. ദക്ഷിണാമൂർത്തി ഈ കവിതകൾക്ക് ഉചിതമായ ഈണം പകർന്നു. ചിത്രത്തിന്റെ പശ്ചാത്തല സംഗീതം (റീറെക്കോഡിങ്) ഒരുക്കിയത് സലിൽ ചൗധരി ആണ്. യേശുദാസ്, പി. സുശീല, എസ്. ജാനകി, പി. ജയചന്ദ്രൻ, എം.ജി. രാധാകൃഷ്ണൻ, ബി. വസന്ത, ലത, സി.ഒ. ആന്റോ, വർഗീസ്, സോമശേഖരൻ എന്നീ ഗായകർ കവിതകൾ ആലപിച്ചു. മഹാകവി ജി. ശങ്കരക്കുറുപ്പ് എഴുതിയ പ്രശസ്ത കവിതയായ ‘സാഗരഗീത’ത്തിന്റെ ആദ്യഭാഗം യേശുദാസും ശേഷം ഭാഗം എസ്. ജാനകിയും ആലപിച്ചു. മഹാകവി ജിയുടെ അഭിപ്രായത്തിൽ കഠിനപദങ്ങൾ നിറഞ്ഞ ആ കവിതാഭാഗം ദക്ഷിണാമൂർത്തി ‘പട്ടു പോലെ’ മൃദുലമാക്കി . ‘‘ശ്രാന്തമംബരം’’ എന്നു തുടങ്ങുന്ന കാവ്യശകലം യേശുദാസ് അതിമനോഹരമായി പാടുകയും ചെയ്തു. യേശുദാസിനെ ആദ്യമായി ‘ഗാനഗന്ധർവൻ’ എന്ന് വിളിച്ചതും മഹാകവി ജി. ശങ്കരക്കുറുപ്പ് ആയിരുന്നു എന്നോർക്കുക.
‘‘ശ്രാന്തമംബരം നിദാഘോഷ്മള സ്വപ്നാക്രാന്തം താന്തമാരബ്ധക്ലേശ രോമന്ഥം മമ സ്വാന്തം’’ യേശുദാസ് അതീവ ഭാവഭദ്രതയോടെ ആലപിച്ച ഈ വരികൾ കേട്ടിട്ടില്ലാത്ത കാവ്യ-സംഗീത സ്നേഹികൾ തീർച്ചയായും ഈ കവിത കേൾക്കാൻ ശ്രമിക്കേണ്ടതാണ്.
കവിതയിലെ കുറച്ചു വരികൾകൂടി ഈ ആലാപനത്തിൽ ഉൾപ്പെടുന്നുണ്ട്. ഈ കവിതയുടെ രണ്ടാം ഭാഗം എസ്. ജാനകിയാണ് പാടിയത്. ആ ഭാഗം ഇങ്ങനെ തുടങ്ങുന്നു: ‘‘നീരദലതാഗൃഹം പൂകിയിപ്പൊഴുതന്തി നീരവമിരിക്കുന്നു രാഗവിഭ്രമമേന്തി ഹൃദയം ദ്രവിപ്പിക്കും ഏതൊരുജ്ജ്വലഗാനം ഉദയല്ലയം ഭവാൻ ആലപിക്കുന്നു... സ്വൈരം കനക നീചോളമൂർന്നു നഗ്നോരസ്സായ് മേവും അനവദ്യയാം സന്ധ്യാദേവി തൻ കപോലത്തിൽ ക്ഷണമുണ്ടൊലിക്കാറായ് മിന്നുന്നു താരാബാഷ്പ -കണമൊന്ന് അനിർവാച്യ നവ്യ നിർവൃതിബിന്ദു...’’
മഹാകവി ജിയുടെ മറ്റൊരു കാവ്യശകലം പി. ലീല പാടി. വളരെയേറെ ഉദ്ധരിക്കപ്പെട്ടിട്ടുള്ള ആ വരികൾ ഇങ്ങനെ: ‘‘എരിയും സ്നേഹാർദ്രമാം എന്റെ ജീവിതത്തിന്റെ തിരിയിൽ ജ്വലിക്കട്ടെ ദിവ്യമാം ദുഃഖജ്വാല... എങ്കിലും നെടുവീർപ്പിൻ ധൂമരേഖയാൽ നൂനം പങ്കിലമാക്കില്ലെന്നും ദേവമാർഗമാം വാനം.’’ സുഗതകുമാരിയുടെ സ്വഭാവമുദ്ര പതിഞ്ഞ ‘പാവം മാനവഹൃദയം’ എന്ന കവിതയാണ് ചിത്രത്തിൽ ഉൾപ്പെടുത്തിയത്. പി. സുശീലയുടെ ആലാപനം ഇതിനെ മധുരോദാരമാക്കി. ആ കവിതയുടെ തുടക്കം ഇങ്ങനെ: ‘‘പാവം മാനവഹൃദയം ഇരുളിൻ കാരാഗാരം- മെല്ലെ വലിച്ചു തുറന്നു പുറത്തുള്ളഴകിൻ പരമോത്സുകമൊരു നോക്കാൽ കണ്ടു കുളിർക്കുന്നു നവഹൃദയം... പാവം മാനവഹൃദയം ആരു ചവിട്ടിത്താഴ്ത്തിലു, അഴലിൻ പാതാളത്തിൽ ഒളിക്കിലും ഏതോ പൂർവസ്മൃതിയിൽ ആഹ്ലാദത്തിൻ ലോകത്തെത്തും ഹൃദയം പാവം മാനവഹൃദയം.’’ ബാലാമണിയമ്മ രചിച്ച കവിത ബി. വസന്ത ആലപിച്ചു. ആ വരികൾ ഇങ്ങനെയാണ്. മാതൃത്വത്തിന്റെ കവിതയാണല്ലോ ആ മഹതി കൂടുതലും എഴുതിയത്. ‘‘അമ്മ തൻ നെഞ്ചിൽ നിസ്വാർഥ തപസ്സിന്റെ -യാദ്യപാഠത്തെ കുറിക്കും വിരൽകളിൽ വിണ്ണിന്റെ താക്കോൽ മുറുകെ പിടിച്ചല്ലീ വന്നിരിക്കുന്നതവർ തൻകിടാവഹോ...’’ എന്നിങ്ങനെയാണ് കവിത തുടങ്ങുന്നത്.
ചങ്ങമ്പുഴയുടെ കാവ്യശകലം പി. ജയചന്ദ്രൻ പാടി. ‘‘ചുംബനങ്ങളനുമാത്രം വെമ്പിത്തുളുമ്പും നിൻചുണ്ടു രണ്ടുമെന്നെന്നേയ്ക്കും അടഞ്ഞാൽ പിന്നെ നിന്നെയോർക്കാനാരു കാണും... നീയതിനാൽ നിനക്കുള്ള നിർവൃതികൾ ഒന്നുപോലും ബാക്കിവയ്ക്കല്ലേ...’’ മഹാകവി വള്ളത്തോളിന്റെ ഏതാനും വരികൾ പാടിയത് ലതാരാജു ആണ്. ‘‘നമ്മുടെ മാതാവ് കൈരളി പണ്ടൊരു പൊന്മണിപ്പൈതലായ് വാണകാലം യാതൊരു ചിന്തയുമില്ലാതെ കേവലം ചേതസി തോന്നിയ മാതിരിയിൽ എടലർ ചെങ്കാൽ ചിലങ്ക കിലുങ്ങുമാ-റോടിക്കളിച്ചു രസിച്ചകാലം പെറ്റമ്മ തന്നുടെ വെൺമുലപ്പാൽ തീരെ വറ്റിയിട്ടില്ലാത്ത പൂകണ്ഠത്താൽ പാടിയിരുന്ന പഴങ്കഥപ്പാട്ടുകൾ പാൽക്കുഴമ്പല്ലോ ചെകിട്ടിനെല്ലാം...’’
മഹാകവി കുമാരനാശാന്റെ വളരെ പ്രശസ്തമായ വരികളാണ് ചിത്രത്തിൽ ഉൾപ്പെടുത്തിയത്. എം.ജി. രാധാകൃഷ്ണനാണ് ഈ വരികൾ പാടിയത്: ‘‘മാറ്റുവിൻ ചട്ടങ്ങളെ മാറ്റുവിൻ ചട്ടങ്ങളെ, സ്വയമല്ലെങ്കിൽ മാറ്റുമതുകളീ നിങ്ങളെ താൻ... കാലം വൈകിപ്പോയി... കേവലമാചാര നൂലുകളെല്ലാം പഴകിപ്പോയി... കെട്ടിനിറുത്താൻ കഴിയാതെ ദുർബല-പ്പെട്ട ചരടിൽ ജനത നിൽക്കാം... മാറ്റുവിൻ ചട്ടങ്ങളെയല്ലെങ്കിൽ മാറ്റുമതുകളീ നിങ്ങളെ താൻ...’’
വയലാർ രാമവർമ എഴുതിയ ‘‘കാമക്രോധ ലോഭ മദമാത്സര്യങ്ങൾ’’ എന്ന കവിത പി. ജയചന്ദ്രൻ, പി. ലീല, സി.ഒ. ആന്റോ, കുന്നംകുളം കെ.സി. വർഗീസ്, ആർ. സോമശേഖരൻ, ചിറയിൻകീഴ് സോമൻ എന്നിവർ ചേർന്നു പാടി. ‘‘കാമക്രോധ ലോഭമദമാത്സര്യങ്ങൾ കാലമാകും കല്ലോലിനിയുടെ ഓരോ കൈവഴികൾ അവയൊഴുകുന്നു... നീരാഴിമുഖത്തൊരുമിച്ചെത്തുന്നു ജന്മങ്ങൾ അവയിലെ ജലബുദ്ബുദങ്ങൾ മൃണ്മയ പുഷ്പങ്ങൾ... പ്രളയക്കാറ്റിൽ പൊട്ടിത്തകരും പ്രപഞ്ചദാഹങ്ങൾ... പഞ്ചഭൂതപഞ്ജരത്തിൽ പിടയും മോഹങ്ങൾ... ആദിയുഗത്തിൻ നാഭീനളിനദളങ്ങൾ വിടർന്നൊരു കാലം... അവയിൽ അലൗകിക സുന്ദരസർഗപ്രതിഭയുണർന്നൊരു കാലം’’ എന്നിങ്ങനെ തുടരുന്ന ഗാനം വയലാറിന്റെ പ്രൗഢമായ രചനകളിൽ ഒന്നാണ്.
പി. ഭാസ്കരന്റെ കവിത പാടിയത് പി. സുശീലയാണ്. ഈ കവിതക്ക് ഒരു ചലച്ചിത്രഗാനത്തിന്റെ പ്രശസ്തി ലഭിച്ചിട്ടുണ്ട്.
‘‘രാവു പോയതറിയാതെ രാഗമൂകയായി പാവമൊരു പാതിരാപ്പൂ പാരിടത്തിൽ വന്നു താരകളാം നവരത്ന നൂപുരങ്ങളൂരി നീരദഞൊറികളിട്ട വാതിലുകൾ ചാരി ശാരദസുധാകിരണൻ നൃത്തശാല വിട്ടു ദൂരചക്രവാള ദിക്കിൽ പോയ് മറഞ്ഞനേരം’’
എന്നിങ്ങനെ തുടരുന്നു ഈ മനോഹരകാവ്യം. അല്ലെങ്കിലും അവസരത്തിനൊത്തുയരാൻ ഭാസ്കരൻ മാസ്റ്റർക്ക് ആരും പറഞ്ഞുകൊടുക്കേണ്ടതില്ലല്ലോ.
‘‘താരത്തിലും തരുവിലും താരിലും പുലരി വിടരുന്ന നേരമടരും മഞ്ഞുതുള്ളിയിലും ഈടുറ്റ പാറയിലും ഇടറുന്ന തെന്നലിലും ഒഴുകുന്ന ചൂർണിയിലും അമരും പരംപൊരുളേ... അരവിന്ദബിംബ മധുരപ്രഭാകന്ദളവും അനിലിന്റെ വിശ്വവിജയാനന്ദ ഗീതകവും ആദിമധ്യാന്തമറിയാത്ത വാനിൻ വർണ -ഭേദഭാവങ്ങളും നിൻ കലാവിദ്യകൾ...’’ എന്നിങ്ങനെ തുടങ്ങുന്ന ഒരു വിശ്വചൈതന്യപ്രാർഥനയാണ് ശ്രീകുമാരൻ തമ്പി എഴുതിയത്. ഇത് സംഗീതസംവിധായകനായ വി. ദക്ഷിണാമൂർത്തി തന്നെ ആലപിച്ചു. ‘അഭയം’ ഒരു മികച്ച സംവിധായകന്റെ മികച്ച സിനിമ തന്നെയായിരുന്നു. ഷീല, മധു, രാഘവൻ, ജോസ് പ്രകാശ്, വീരൻ, ഡി.കെ. ചെല്ലപ്പൻ, എസ്.പി. പിള്ള, എഡ്ഡി, ശങ്കരാടി, മാവേലിക്കര പൊന്നമ്മ, ഫിലോമിന, പ്രേമ, കോട്ടയം ശാന്ത തുടങ്ങിയവർ ചിത്രത്തിൽ അഭിനയിച്ചു.
1970 സെപ്റ്റംബർ നാലിന് ‘അഭയം’ എന്ന വ്യത്യസ്ത ചിത്രം തിയറ്ററുകളിലെത്തി. മലയാള കവിതയുടെ യഥാർഥസ്പർശം ഉടനീളം തുടിച്ചുനിന്ന ചിത്രം എന്ന് ‘അഭയ’ത്തെ വിശേഷിപ്പിക്കാം.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.