1965ൽ 'മുറപ്പെണ്ണ്' തിയറ്ററുകളിൽ എത്തുന്നതിനു മുമ്പ് ബോക്സ് ഓഫിസിൽ ചലനം സൃഷ്ടിച്ച ഒരു മികച്ച കമേഴ്സ്യൽ സിനിമ പുറത്തുവന്നു. ശശികുമാർ സംവിധാനംചെയ്ത 'തൊമ്മന്റെ മക്കൾ' 1965 ഡിസംബർ 14ാം തീയതിയാണ് ഈ ചിത്രം തിയറ്ററുകളിൽ എത്തിയത്. സംവിധായകനായ ശശികുമാർതന്നെയാണ് ഈ ചിത്രത്തിന്റെ കഥയെഴുതിയത്. പ്രശസ്ത നടനും നാടകകൃത്തുമായ പി.ജെ. ആന്റണി സംഭാഷണമെഴുതി. ഭഗവതി പിക്ചേഴ്സിന്റെ പേരിൽ വി.പി.എം. മാണിക്കം, കാശി വിശ്വനാഥൻ എന്നിവർ ചേർന്നു നിർമിച്ച 'തൊമ്മന്റെ മക്കൾ' എന്ന സിനിമയിൽ സത്യൻ, മധു, അംബിക, ഷീല, കൊട്ടാരക്കര ശ്രീധരൻ നായർ, കവിയൂർ പൊന്നമ്മ, അടൂർ ഭാസി തുടങ്ങിയവർ അഭിനയിച്ചു. വയലാർ എഴുതിയ പാട്ടുകൾക്ക് ബാബുരാജാണ് ഈണം നൽകിയത്. ഈ ചിത്രം തിയറ്ററുകളിൽ എത്തിയപ്പോൾ തകഴിയുടെ 'ഔസേപ്പിന്റെ മക്കൾ' എന്ന നോവലിന്റെ കഥയുമായി 'തൊമ്മന്റെ മക്കൾ'ക്കു ബന്ധമുണ്ടെന്ന് ആരോപണം ഉയർന്നെങ്കിലും അത് പെട്ടെന്നുതന്നെ കെട്ടടങ്ങി. പേരുകളിലുള്ള സാമ്യം കാരണമുണ്ടായ തെറ്റിദ്ധാരണ മാത്രമാണ് അതെന്നു പിന്നീട് കഥാകൃത്തും സംവിധായകനുമായ ശശികുമാർ വിശദീകരിച്ചു, വയലാർ-ബാബുരാജ് ടീമിന്റെ ഗാനങ്ങൾ യേശുദാസ്, പി.ബി. ശ്രീനിവാസ്, ഉദയഭാനു, പി. ലീല, എസ്. ജാനകി തുടങ്ങിയവർ പാടി.
''കൊച്ചിക്കാരത്തി കൊച്ചുപെണ്ണേ -നിന്റെ /കൊച്ചുപൊതിക്കെട്ടിലെന്താണ്..? / വയനാടൻ പുഴയിലെ മീനാണോ/വലവീശി കിട്ടിയ മുത്താണോ...'' എന്ന പാട്ടു പാടിയത് പി.ബി. ശ്രീനിവാസും കെ.പി. ഉദയഭാനുവും ചേർന്നാണ്. തൊമ്മന്റെ ആണ്മക്കളായി അഭിനയിക്കുന്ന സത്യനും മധുവും ചേർന്നാണ് സിനിമയിൽ ഈ ഗാനം പാടി അഭിനയിക്കുന്നത്. കൊട്ടാരക്കര ശ്രീധരൻ നായർ ആണ് തൊമ്മൻ. സ്നേഹിതന്മാരെപ്പോലെ എല്ലാം പരസ്പരം പറഞ്ഞും പങ്കിട്ടും ജീവിച്ച രണ്ടു സഹോദരന്മാർ ശത്രുക്കളായി മാറുന്നതും തുടർന്ന് ദൈവത്തിന്റെ വീട് ചെകുത്താന്റെ വീടായി മാറുന്നതുമാണ് 'തൊമ്മന്റെ മക്കൾ' എന്ന സിനിമയുടെ കഥാബീജം. ''ചെകുത്താൻ കയറിയ വീട്/ചിരിക്കാത്ത വീടിത്/ചിലയ്ക്കാത്ത കൂടിത് ചെകുത്താൻ കയറിയ വീട്/തപ്തബാഷ്പ തടാകക്കടവിൽ/തകർന്ന മണൽക്കുടിലിൽ/മൗനവേദനയുള്ളിലൊതുക്കിയ/മനുഷ്യപുത്രരിതാ'' എന്ന പശ്ചാത്തല ഗാനം യേശുദാസ് പാടി.
''ആദ്യരാത്രി മധുവിധുരാത്രി/തളിരിട്ട മാനസപൊയ്കകൾ നിറയെ/കുളിർ കോരിയിടും രാത്രി'' എന്ന ഗാനവും യേശുദാസാണ് പാടിയത്.
''നില്ലു നില്ല് നാണക്കുടുക്കളേ നില്ല്'' എന്ന ഗാനം ഉദയഭാനു, പി.ബി. ശ്രീനിവാസ്, പി. ലീല, എസ്. ജാനകി എന്നിവർ ചേർന്നു പാടി.
''അങ്ങനെയങ്ങനെയെൻ കരൾക്കൂട്ടിലൊ- /രല്ലി മലർക്കിളി വന്നു/അല്ലിമലർക്കിളി/ ആരോമൽക്കിളി/അന്തഃപുരക്കിളി വന്നു'' എന്ന ഗാനം യേശുദാസും എസ്. ജാനകിയും ചേർന്നാണ് പാടിയത്. വർഗീസ് ജെ. മാളിയേക്കൽ എഴുതി കെ.വി. ജോബ് ഈണംപകർന്ന് എസ്. ജാനകി പാടിയ ''ഞാനുറങ്ങാൻ പോകുംമുമ്പായി നിനക്കേകുന്നിതാ നന്ദി നന്നായ്/ഇന്നു നീ കാരുണ്യപൂർവം തന്ന /നന്മകൾക്കൊക്കേയ്ക്കുമായ്'' എന്ന ക്രിസ്ത്യൻ ഭക്തിഗാനവും ഈ ചിത്രത്തിലുണ്ടായിരുന്നു. വർഗീസ് ജെ. മാളിയേക്കൽ രചിച്ച ഈ ഗാനത്തിന്റെ ക്രെഡിറ്റ് പലരും തെറ്റായി വയലാറിന് കൊടുത്തിട്ടുണ്ട്. അതുപോലെ കെ.വി. ജോബിന് കിട്ടേണ്ട ക്രെഡിറ്റ് എം.എസ്. ബാബുരാജിനും നൽകി. ക്രിസ്ത്യൻ ദേവാലയങ്ങളിൽ ആലപിക്കപ്പെടുന്ന പാട്ടുകളിൽ അവഗാഹമുള്ള ആളായിരുന്നു സംവിധായകൻ ശശികുമാർ. 'തൊമ്മന്റെ മക്കൾ' അദ്ദേഹത്തിന്റെ ആദ്യകാല ചിത്രങ്ങളിലൊന്നാണ്. ശശികുമാർ എന്ന സംവിധായകന്റെ യഥാർഥ പേര് എൻ.വി. ജോൺ എന്നാണ് എന്ന കാര്യം പലർക്കും അറിയില്ല. സിനിമയിൽ വന്നു കഴിഞ്ഞ് അദ്ദേഹം ശശികുമാർ എന്ന തൂലികാനാമം സ്വീകരിക്കുകയായിരുന്നു. 1965 ഡിസംബർ 31നും ഒരു മലയാളചിത്രം തിയറ്ററുകളിൽ എത്തി. ലളിത-പദ്മിനി-രാഗിണിമാരുടെയും സുകുമാരിയുടെയും ബന്ധുവും 'മിന്നുന്നതെല്ലാം പൊന്നല്ല', 'വേലുത്തമ്പി' എന്നീ സിനിമകളുടെ നിർമാതാവുമായ പി.കെ. സത്യപാൽ നിർമിച്ച് ജെ.ഡി.തോട്ടാൻ സംവിധാനംചെയ്ത 'സർപ്പക്കാട്' ആയിരുന്നു ചിത്രം. കെ.വി.ആർ. ആചാര്യ എഴുതിയ കഥക്ക് മുതുകുളം രാഘവൻപിള്ളയാണ് സംഭാഷണം രചിച്ചത്. മധു നായകനും അംബിക നായികയുമായി അഭിനയിച്ച ഈ ചിത്രത്തിലെ മറ്റു നടീനടന്മാർ കൊട്ടാരക്കര ശ്രീധരൻ നായർ, കവിയൂർ പൊന്നമ്മ, അടൂർഭാസി തുടങ്ങിയവർ ആയിരുന്നു. സാമാന്യം ദീർഘമായ ഇടവേളക്കു ശേഷം അഭയദേവ് ഒരു ചിത്രത്തിലെ മുഴുവൻ പാട്ടുകളും എഴുതിയത് 'സർപ്പക്കാട്' എന്ന സിനിമക്കു വേണ്ടിയായിരുന്നു. സാധാരണയായി അഭയദേവ് ഗാനരചയിതാവ് ആകുമ്പോൾ വി. ദക്ഷിണാമൂർത്തിയാണ് സംഗീതസംവിധായകനായി വരാറുള്ളത്. എന്നാൽ, നിർമാതാവായ പി.കെ. സത്യപാലും ദക്ഷിണാമൂർത്തിയും തമ്മിൽ അഭിപ്രായവ്യത്യാസമുള്ളതിനാൽ ഇക്കുറി അഭയദേവിന്റെ പാട്ടുകൾക്ക് എം.എസ്. ബാബുരാജ് ആണ് ഈണം പകർന്നത്. പഴമയും പുതുമയും തമ്മിലുള്ള ഒരു കൂടിച്ചേരലായിരുന്നു അത്. ചിത്രത്തിൽ ഏഴു ഗാനങ്ങൾ ഉണ്ടായിരുന്നു. യേശുദാസ്, കമുകറ പുരുഷോത്തമൻ, പി. ലീല, എ.പി. കോമള എന്നീ ഗായകരോടൊപ്പം സംഗീത സംവിധായകൻ ബാബുരാജും പിന്നണിയിൽ പാടി. യേശുദാസും പി. ലീലയും ചേർന്നു പാടിയ ''ആശാനഭസ്സിൽ തെളിഞ്ഞുനിൽക്കും/താരാകുമാരീ നീയാരോ/ഏകാന്ത ചിന്തയിൽ ചന്ദനം ചാർത്തുന്നതാര്/കിനാവുകൾ നേരോ..?'' എന്ന ഗാനവും കമുകറ പുരുഷോത്തമനും പി. ലീലയും എ.പി. കോമളയും ചേർന്നു പാടിയ ''നന്മ ചെയ്യണം ഞങ്ങൾക്കെന്നും/നാഗദേവതമാരേ /കന്മഷങ്ങൾ തീർത്തരുളേണം/ ഗാനലോലിതമാരേ'' എന്ന ഗാനവും പി. ലീല തനിച്ചു പാടിയ ''ഇന്നലെ ഞാനൊരു സ്വപ്നം കണ്ടു / സ്വർണത്താമര പൂത്തെന്ന്/ പൂവിറുക്കാൻ സ്വർഗത്തൂന്നൊരു /ദേവകുമാരൻ വന്നെന്ന്'' എന്ന ഗാനവും ''കൂടപ്പിറപ്പേ നീ കൂടുവിട്ടോ /കരയുവാനെന്നെ തനിയെ വിട്ടോ..?'' എന്ന ഗാനവുമാണ് കുറച്ചെങ്കിലും ശ്രദ്ധേയമായത്. പി. ലീല എ.പി. കോമളയോടൊപ്പം പാടിയ ''മലമകൾ തന്നുടെ മണാളനിമ്പമായ്/തലയിലണിഞ്ഞിടും ഭഗവാനേ/മലർമകൾ തന്നുടെ പതിയെ പതിവായ്/മാറിലുറക്കിടും ഭഗവാനേ...'' എന്ന നൃത്തഭക്തിഗാനവും മോശമായില്ല എന്നു പറയാം.
''നാട്ടിൽ വരാമോ നാട്ടിൽ വരാമോ/ കാട്ടുപെണ്ണേ... ഓഹോ... കാട്ടുപെണ്ണേ'' എന്ന ഗാനം എം.എസ്. ബാബുരാജും എ.പി. കോമളയും പാടി. അടൂർ ഭാസിയും സുകുമാരിയുമാണ് ഈ പാട്ടിൽ അഭിനയിച്ചത്.
കമുകറ പുരുഷോത്തമനും എം.എസ്. ബാബുരാജും ചേർന്നു പാടിയ "ശൃംഗാരലഹരി..." എന്നാരംഭിക്കുന്ന ഒരു പാട്ടും ഈ ചിത്രത്തിൽ ഉണ്ടായിരുന്നു. ഈ പാട്ടിൽ വരികൾ കുറവാണ്, സ്വരങ്ങൾക്കാണ് പ്രാധാന്യം.
ചിത്രത്തിൽ സ്ഥിരമായി വരുന്ന അനേകം പാമ്പുകളുടെ സാന്നിധ്യം പ്രേക്ഷകരെ തിയറ്ററിൽനിന്ന് അകറ്റിനിർത്തി. അംബികയും സുകുമാരിയും ചെയ്ത മനോഹര നൃത്തങ്ങൾ ഉണ്ടായിട്ടും 'സർപ്പക്കാട്' എന്ന സിനിമ സാമ്പത്തികമായി വിജയിച്ചില്ല. ഗാനങ്ങളും ബാബുരാജ് എന്ന സംഗീതസംവിധായകനിൽനിന്ന് അദ്ദേഹത്തിന്റെ ആരാധകർ പ്രതീക്ഷിക്കുന്ന നിലയിലേക്ക് ഉയർന്നില്ല എന്നു പറയണം.
1966ഉം മലയാളസിനിമക്ക് സമൃദ്ധിയുടെ സംവത്സരമായിരുന്നു. 28 സിനിമകൾ ഈ വർഷം തിയറ്ററുകളിലെത്തി. രണ്ടു പുതിയ ഗാനരചയിതാക്കളും ഒരു പിന്നണിഗായകനും ഈ കൊല്ലം മലയാളസിനിമയിൽ കടന്നുവന്നു. 1966 ജനുവരി 21ന് റിലീസ് ചെയ്ത 'മാണിക്യ കൊട്ടാരം' ബഹദൂർ എന്ന നടന് പ്രാമുഖ്യം നൽകി നിർമിച്ച സിനിമയായിരുന്നു. മധുവും കെ.പി. ഉമ്മറും നായകസ്ഥാനത്തുണ്ടായിരുന്നെങ്കിലും അവർ അവതരിപ്പിച്ച കഥാപാത്രങ്ങളേക്കാൾ അഭിനയസാധ്യതയുള്ള കഥാപാത്രമാണ് ബഹദൂറിനു ലഭിച്ചത്. ഈ മൂന്നുപേരെ കൂടാതെ ശാരദ, കുശല കുമാരി, നെല്ലിക്കോട്ടു ഭാസ്കരൻ, ഫിലോമിന, ദേവകി തുടങ്ങിയവരും ചിത്രത്തിലുണ്ടായിരുന്നു. റൂബിനാ ഫിലിംസിനു വേണ്ടി എച്ച്.എച്ച്. അബ്ദുള്ളാ സേട്ട് ആണ് ഈ സിനിമ നിർമിച്ചത്. കഥയും സംഭാഷണവും എം.എം. ഇബ്രാഹിം എഴുതി. കമ്യൂണിസ്റ്റ് പാർട്ടിയിലെ അന്നത്തെ യുവനേതാക്കളിൽ ഒരാളും കവിയുമായ കണിയാപുരം രാമചന്ദ്രൻ 'മാണിക്യ കൊട്ടാര'ത്തിലൂടെ ഗാനരചയിതാവായി മലയാള സിനിമയിലെത്തി. പ്രശസ്ത സംവിധായകനായ രാമു കാര്യാട്ടും നിർമാതാവും നടനുമായ പി.കെ. സത്യപാലും ഈ സിനിമയിൽ അഭിനേതാക്കളായി. പ്രശസ്ത ഛായാഗ്രാഹകനായ യു. രാജഗോപാൽ ഈ സിനിമയിലൂടെ സംവിധായകനായി. അദ്ദേഹംതന്നെയാണ് ഛായാഗ്രഹണത്തിനു മേൽനോട്ടം വഹിച്ചതും. പുതിയ ഗാനരചയിതാവായ കണിയാപുരം രാമചന്ദ്രൻ എഴുതിയ അഞ്ചു പാട്ടുകൾ ചിത്രത്തിൽ ഉണ്ടായിരുന്നു. എം.എസ്. ബാബുരാജ് സംഗീതസംവിധാനം നിർവഹിച്ചു. വളരെ വർഷങ്ങൾക്കു ശേഷം ബാബുരാജ് ഒരുകാലത്ത് തന്റെ ഇഷ്ട ഗായകനായിരുന്ന കോഴിക്കോട് അബ്ദുൽഖാദറിനെക്കൊണ്ട് ഈ ചിത്രത്തിൽ ഒരു ഗാനം പാടിച്ചു. ''നക്ഷത്ര പുണ്ണുകൾ ആയിരം/ പൊട്ടിയൊലിക്കുന്ന മാനം /കിട്ടാത്ത കനികൾക്കായ് കൈ നീട്ടി / പൊട്ടിക്കരയുന്ന ലോകം'' എന്ന ഗാനമാണ് അബ്ദുൽ ഖാദർ പാടിയത്. രചനയിൽ മുന്നിട്ടുനിന്നതും ഈ ഗാനമാണ്. ബിംബങ്ങളിലെ പുതുമയാണ് ഈ ഗാനത്തെ വേറിട്ടുനിർത്തുന്നത്. ആ വരികൾക്ക് ബാബുരാജ് നൽകിയ ഈണവും ആകർഷകമായിരുന്നു. ''പച്ചമരക്കാടുകളേ...പഞ്ചവർണ പക്ഷികളേ/വെള്ളിക്കിങ്ങിണി തുള്ളിപ്പായും കള്ളികളേ,/തേനരുവികളേ...'' എന്ന ഗാനവും ''കള്ളന്റെ പേര് പറഞ്ഞാൽ കൊതിയൂറും/ ചുണ്ടിൽ തേനൂറിവരും/നാണം നാണം നുണക്കുഴികളിൽ/പൂ വിരിയിക്കും -കുങ്കുമ /പ്പൂ വിരിയിക്കും'' എന്ന പാട്ട് എസ്. ജാനകിയാണ് പാടിയത്.
''പെണ്ണു കേൾക്കാൻ വന്ന വീരൻ /എന്റെ മാരൻ പാട്ടുകാരൻ/കണ്ണും മിഴിച്ചു ബ്ലീച്ചടിച്ചു/വേർപ്പിൽ മുങ്ങിക്കുളിച്ചു...'' എന്ന കളിയാക്കൽ പാട്ട് എൽ.ആർ. ഈശ്വരിയും പാടി. ഒരു തുടക്കക്കാരൻ എന്നനിലയിൽ കണിയാപുരം രാമചന്ദ്രന്റെ പ്രകടനം തൃപ്തികരമായിരുന്നു എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. എങ്കിലും അദ്ദേഹത്തിന് തുടർന്ന് അവസരങ്ങൾ ലഭിച്ചില്ല. പി. ഭാസ്കരനും വയലാർ രാമവർമയും ബാലമുരളി എന്ന ഒ.എൻ.വിയും ഇടക്ക് യൂസഫലി കേച്ചേരിയും രംഗത്ത് സജീവമായുണ്ടായിരുന്നല്ലോ. വയലാറും ഒ.എൻ.വിയും വിശ്വസിക്കുന്ന രാഷ്ട്രീയകക്ഷിയുടെ (സി.പി.ഐ) ഭാഗത്തായിരുന്നു കണിയാപുരം രാമചന്ദ്രനും നിലയുറപ്പിച്ചിരുന്നത്. എ.വി. സുബ്ബറാവു എന്ന തെലുങ്ക് നിർമാതാവ് എം. കൃഷ്ണൻ നായരുടെ സംവിധാനത്തിൽ നിർമിച്ച മലയാളചിത്രമാണ് 'കളിത്തോഴൻ'. പ്രസാദ് ആർട്ട് പിക്ചേഴ്സിന്റെ ബാനറിൽ പുറത്തുവന്ന 'കളിത്തോഴന്റെ' കഥ സദാശിവബ്രഹ്മം എഴുതിയതാണ്. പി. കർമചന്ദ്രൻ സംഭാഷണം എഴുതി. പ്രേംനസീർ, ഷീല, മുത്തയ്യ, അടൂർ ഭാസി, ടി.കെ. ബാലചന്ദ്രൻ, ജി.കെ. പിള്ള, സുകുമാരി, ബഹദൂർ തുടങ്ങിയവർ അഭിനയിച്ചു. പി. ഭാസ്കരൻ ഗാനരചനയും ജി. ദേവരാജൻ സംഗീതസംവിധാനവും നിർവഹിച്ച 'കളിത്തോഴൻ' എന്ന ചിത്രത്തിലെ പ്രധാന ഗായകൻ നവാഗതനായ ജയചന്ദ്രൻ ആയിരുന്നു.
''മഞ്ഞലയിൽ മുങ്ങിത്തോർത്തി/ ധനുമാസചന്ദ്രിക വന്നു/ നിന്നെ മാത്രം കണ്ടില്ലല്ലോ / നീ മാത്രം വന്നില്ലല്ലോ / പ്രേമചകോരീ... ചകോരീ...ചകോരീ... എന്ന ഗാനവുമായി വന്ന ജയചന്ദ്രൻ 'കളിത്തോഴനി'ൽ മറ്റൊരു ഗാനംകൂടി പാടിയിട്ടുണ്ട്. എന്നാൽ, സിനിമക്കുവേണ്ടി ജയചന്ദ്രൻ ആദ്യമായി പാടിയത് ഈ സിനിമക്കായിരുന്നില്ല. 'കുഞ്ഞാലിമരയ്ക്കാർ' എന്ന സിനിമക്കു വേണ്ടിയാണ്. ആ പടത്തിന്റെ സംഗീതസംവിധായകനായ ബി.എ. ചിദംബരനാഥ് ആണ് ജയചന്ദ്രന് സിനിമയിൽ ആദ്യഗാനം നൽകിയത്. പക്ഷേ, ആ ചിത്രം റിലീസ് ചെയ്യാൻ വൈകി. ''ഒരു മുല്ലപ്പൂമാലയുമായ്...'' എന്നു തുടങ്ങുന്ന ആ ഗാനത്തെപ്പറ്റി കുഞ്ഞാലിമരയ്ക്കാർ എന്ന സിനിമയെപ്പറ്റി സംസാരിക്കുമ്പോൾ വ്യക്തമാക്കാം. ''താരുണ്യം തന്നുടെ താമരപ്പൂവനത്തിൽ/ പൂവമ്പൻ പോറ്റുന്ന പുള്ളിമാനെ'' എന്ന ഗാനവും ജയചന്ദ്രനാണ് പാടിയത്. ''ഹോയ്...മാളികമുകളിൽ ഒരു മണ്ണാത്തിക്കിളി /മാണിക്യത്തിൽ മുട്ടയിട്ടു'' എന്ന ഗാനം എ.എം. രാജയും എസ്. ജാനകിയും സംഘവും പാടി. ''നന്ദനവനിയിൽ പഞ്ചമിനാളിൽ/നന്ദനവനിയിൽ-പ്രേമ/നന്ദനവനിയിൽ/പൂത്ത ചെമ്പകത്തണലിൽ/ ഒരു സുന്ദരനെ പണ്ടൊരിക്കൽ /കണ്ടുമുട്ടി ഞാൻ... ഗാന /ഗന്ധർവനെ പണ്ടൊരിക്കൽ കണ്ടുമുട്ടി ഞാൻ'' എന്ന പാട്ടും എസ്. ജാനകിയും എ.എം. രാജയും ചേർന്നാണ് പാടിയത്.
''പുലരി...പുലരി...പുലരി /ഗാനം തൂകി മൈനകൾ/പ്രേമനാടകമെഴുതി പുലരി / താമരത്തളിരിൽ / തൂമഞ്ഞുതുള്ളികളാലെ/ ഹേമന്തം വന്നൊരു നാളിൽ'' എന്ന ഗാനം പാടിയതും എ.എം. രാജയും എസ്. ജാനകിയും തന്നെയാണ്. ''ഉറക്കമില്ലേ എന്റെ കളിത്തോഴന്/ ഇനിയുമിന്നുറക്കമില്ലേ/മാനത്ത് വെണ്ണിലാവ് മയങ്ങിയല്ലോ/മധുമാസപുഷ്പങ്ങളും മയങ്ങിയല്ലോ'' എന്ന ഗാനം പാടിയത് എസ്. ജാനകിതന്നെ. ''രാഗസാഗര തീരത്തിലെന്നുടെ/രാധാരമണൻ വന്നല്ലോ'' എന്ന ഗാനം എൽ.ആർ. ഈശ്വരി പാടി.
''അമ്മായിയപ്പനു പണമുണ്ടെങ്കിൽ /സംബന്ധം പരമാനന്ദം /അമ്മായിയപ്പൻ പിഴയാണെങ്കിൽ /സംബന്ധം അസംബന്ധം'' എന്ന ഹാസ്യഗാനം എ.എൽ. രാഘവൻ പാടി.
ആ കാലഘട്ടത്തിൽ ദേവരാജൻ എന്ന സംഗീതസംവിധായകന്റെ ഇഷ്ടഗായികയായിരുന്ന പി. സുശീല എന്തുകൊണ്ട് ഈ ചിത്രത്തിൽ പാടിയില്ല എന്ന ചോദ്യം അവശേഷിക്കുന്നു. കളിത്തോഴൻ എന്ന ചിത്രത്തിൽ പ്രധാന ഗായികയായിരുന്ന എസ്. ജാനകിയെ പിൽക്കാലത്ത് അദ്ദേഹം പൂർണമായും ഒഴിവാക്കിയതും മറ്റൊരു അത്ഭുതം തന്നെ.
ഒരു പുരുഷന് രണ്ടു സ്ത്രീകളിൽ ജനിക്കുന്ന മക്കൾ (മകനും മകളും) തങ്ങൾ സഹോദരങ്ങളാണെന്ന സത്യം അറിയാതെ പരസ്പരം പ്രണയിക്കുന്ന കഥ ആദ്യമായി എഴുതപ്പെട്ടത് ഫ്രഞ്ച് ഭാഷയിലാണ്. ഈ ആശയം വിവിധ ഭാഷകളിൽ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. ഇതേ ആശയം വിഷയമാക്കി കാനം ഇ.ജെ എഴുതിയ കഥയാണ് പി. സുബ്രഹ്മണ്യം നീലാ പ്രൊഡക്ഷൻസിന്റെ മേൽവിലാസത്തിൽ 'പുത്രി' എന്ന പേരിൽ ചലച്ചിത്രമാക്കിയത്. മധുവും ശാന്തിയും ഈ ചിത്രത്തിൽ അർധസഹോദരനും അർധസഹോദരിയുമായി അഭിനയിച്ചു. ബാബു എന്നും ജെസി എന്നും പേരുകൾ. ഇവരുടെ പിതാവായ എസ്റ്റേറ്റ് ഉടമ പൂമറ്റം പുന്നച്ചനായി തിക്കുറിശ്ശി സുകുമാരൻ നായർ അഭിനയിച്ചു. ജി.കെ. പിള്ള, എസ്.പി. പിള്ള, ആറന്മുള പൊന്നമ്മ, അടൂർ പങ്കജം, പങ്കജവല്ലി, ജ്യോതികുമാർ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. 'പുത്രി'യിൽ ബാലമുരളി (ഒ.എൻ.വി) എഴുതിയ ഏഴു ഗാനങ്ങൾ ഉണ്ടായിരുന്നു. എം.ബി. ശ്രീനിവാസൻ ഈ ഗാനങ്ങൾ ചിട്ടപ്പെടുത്തി. കമുകറ പുരുഷോത്തമൻ, യേശുദാസ്, പി. ലീല, എസ്. ജാനകി എന്നിവരായിരുന്നു ഗായകർ.
''വാർമുകിലേ വാർമുകിലേ/ വാനിലലയും വാർമുകിലേ/താണു വരൂ താഴെ വരൂ -ഈ / താരണിത്താഴ്വരയിൽ'' പുരുഷശബ്ദത്തിലും സ്ത്രീശബ്ദത്തിലുമുള്ള ഈ ഗാനമാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. ഈ ഗാനം കമുകറ പുരുഷോത്തമനും എസ്. ജാനകിയും പ്രത്യേകം പാടിയിട്ടുണ്ട്.
''പനിനീർപ്പൂവായ് വിരിയുവതാരുടെ /പരിമളനിശ്വാസം/കറുകവിരലുകൾ കോർക്കുവതാരുടെ /കണ്ണീർ മണിമാല...'' എന്നിങ്ങനെ കാവ്യഭംഗി തുളുമ്പുന്ന വരികൾ ഈ ഗാനത്തിലുണ്ട്. യേശുദാസ് പാടിയ ''കാട്ടുപൂവിൻ കല്യാണത്തിന്/ പാട്ടു പാടും മൈനകളേ / കൂട്ടുവരുമോ നാളെ ഞങ്ങടെ /നാട്ടിലുണ്ടൊരു കല്യാണം'' എന്ന ഗാനവും നന്നായിരുന്നു. എസ്. ജാനകി പാടിയ ''കാണാൻ കൊതിച്ചെന്നെ/കാത്തുകാത്തിരുന്നൊരു/ കള്ളനെവിടെ, എവിടെ'' എന്ന പാട്ടും എസ്. ജാനകി തന്നെ പാടിയ ''താഴത്തെ ചോലയിൽ ഞാൻ / നീരാടി നിന്നനേരം / താമരപ്പൂക്കളെന്തേ തല താഴ്ത്താൻ'' എന്ന പാട്ടും കമുകറയും പി. ലീലയും ചേർന്നു പാടിയ ''കൺപീലി നനയാതെ പുഞ്ചിരി മായാതെ/ കണ്ണീർ ചൊരിയേണം -ഒരു/ പെണ്ണായി മന്നിൽ പിറന്നാൽ/കരളിലെ കുമ്പിളിൽ നിറയുമകണ്ണുനീർ / അരുതാരും കാണരുതേ...'' പി. ലീല തനിച്ചു പാടിയ ''തൊഴുകൈത്തിരിനാളം നീട്ടിനിന്നെരിയുന്ന/ മെഴുതിരി ഞാൻ, കൊച്ചുമെഴുതിരി ഞാൻ'' എന്നീ ഗാനങ്ങളും ശ്രദ്ധേയങ്ങളായിരുന്നു. ഒടുവിൽ നായകനും നായികയും മരിച്ചുകഴിയുമ്പോൾ ഉയരുന്ന പശ്ചാത്തലഗാനം കമുകറ തന്നെയാണ് പാടിയത്:
''പാപത്തിൻ പുഷ്പങ്ങൾ ഞെട്ടറ്റു വീണു /പാടേ യവനിക വീണു/കേണുവിളിച്ചാലും കേൾക്കാത്ത ദൂരത്തിൽ/പ്രാണന്റെ പൈങ്കിളി പാറിപ്പോയി.''
1966 മാർച്ച് നാലിനാണ് 'പുത്രി' റിലീസ് ചെയ്തത്. സഹോദരിയും സഹോദരനും തമ്മിൽ അറിഞ്ഞും അറിയാതെയും പ്രണയിക്കുന്ന കഥ ഏതു പശ്ചാത്തലത്തിൽ പറഞ്ഞാലും ജനങ്ങളുടെ അംഗീകാരം നേടുമെന്ന് തോന്നുന്നില്ല. 'പുത്രി'യും പരാജയമായിരുന്നു. എന്നാൽ, ആ ചിത്രത്തിലെ പല ഗാനങ്ങളും ശ്രോതാക്കളുടെ മനസ്സിൽ നിലനിന്നു.
എം. കൃഷ്ണൻ നായരുടെ സംവിധാനത്തിൽ ലതാ മൂവീസിന്റെ പേരിൽ എം.എം. അസം നിർമിച്ച ചിത്രമാണ് 'കുസൃതിക്കുട്ടൻ'. തമിഴിൽ ഹിറ്റ് ആയ 'അണ്ണി' എന്ന ചിത്രത്തിന്റെ കഥയെ അവലംബിച്ച് മലയാളത്തിൽ നിർമിച്ച ഈ ചിത്രത്തിൽ സ്ഥിരം നായകന്മാരിൽ ഒരാളും ഉണ്ടായിരുന്നില്ല. അംബികയും സുരേഷ് വർമയും ശ്രീധറും തിക്കുറിശ്ശി സുകുമാരൻ നായരുമാണ് പ്രധാന കഥാപാത്രങ്ങളായത്. പങ്കജവല്ലി, സുകുമാരി തുടങ്ങിയവരും അഭിനയിച്ചു. ഒരു കൗമാരക്കാരന്റെ അതിരു കടന്ന കുസൃതികൾ ഒരു കുടുംബത്തിൽ വരുത്തുന്ന പ്രശ്നങ്ങൾ അവനെ അമിതമായി സ്നേഹിക്കുകയും രക്ഷിക്കുകയും ചെയ്യുന്ന സ്നേഹസമ്പന്നയായ ഒരു ചേട്ടത്തിയമ്മയുടെ ജീവിതത്തിൽ സൃഷ്ടിക്കുന്ന പ്രശ്നങ്ങളുടെ കഥയാണിത്. തിക്കുറിശ്ശി സുകുമാരൻ നായർ തിരക്കഥയും സംഭാഷണവും എഴുതിയ 'കുസൃതിക്കുട്ടന്' വേണ്ടി പാട്ടുകൾ രചിച്ചത് പി. ഭാസ്കരനും ആ പാട്ടുകൾക്ക് ഈണം നൽകിയത് കന്നട സിനിമയിൽ പ്രസിദ്ധനായ വിജയഭാസ്കർ എന്ന സംഗീത സംവിധായകനുമാണ്. പി.ബി. ശ്രീനിവാസ്, എസ്. ജാനകി, ബി. വസന്ത എന്നിവരാണ് ഗാനങ്ങൾ പാടിയത്.
എസ്. ജാനകിയും ബി. വസന്തവും ചേർന്നു പാടിയ ''അമ്മയെ കളിപ്പിക്കാൻ/ തെമ്മാടിവേഷം കെട്ടും/അമ്പാടിക്കണ്ണനുണ്ണി നീയല്ലയോ/കൃഷ്ണാ നീയല്ലയോ/ആകുലമകറ്റുവാൻ ശ്രീഹരിയെൻ മനസ്സാം / ഗോകുലമിതിലെന്നും കളിച്ചിടേണം'' എന്ന പ്രാർഥനാഗാനം എസ്. ജാനകി തനിച്ചും പാടിയിട്ടുണ്ട്. എസ്. ജാനകി പാടിയ താരാട്ടും മനോഹരമാണ്. ''രാരിരാരോ... ഉണ്ണി... രാരിരാരോ/ കണ്ണുകൾ പൂട്ടിക്കൊെണ്ടൻ/പൊന്നുണ്ണിയുറങ്ങും നേരം/ സ്വർഗത്തിൽനിന്നും വരുമോരു/ സ്വപ്നത്തിൻ പുഷ്പവിമാനം.
പി.ബി. ശ്രീനിവാസും എസ്. ജാനകിയും ചേർന്നു പാടിയ ഒരു കൊയ്ത്തുപാട്ടും ഈ സിനിമയിലുണ്ട്. ''പുന്നെല്ലു കൊയ്തല്ലോ/ പുത്തരിയും വന്നല്ലോ/ വന്നാട്ടെ വന്നാട്ടെ വണ്ണാത്തിക്കുരുവീ/ കൈതോലക്കാട് വിട്ടു/കാറ്റാടിക്കൂടു വിട്ടു/വന്നാട്ടെ വന്നാട്ടെ വണ്ണാത്തിക്കുരുവീ...'' എന്ന പാട്ട് താളപ്രധാനമായിരുന്നു. ബി. വസന്ത പാടിയ ''മണിചിലമ്പേ മണിചിലമ്പേ/മതിമതി നിന്റെ മയക്കമെല്ലാം/കഴുത്തിൽ നിന്നെ അഴകിൽ കെട്ടി/കള്ള കൃഷ്ണൻ തുള്ളിടുമ്പോൾ/മലഞ്ചെരുവിൽ വളകിലുക്കം/ മലര് നുള്ളും പെണ്ണല്ല'' എന്ന പാട്ടും നന്നായിരുന്നു. കന്നട സിനിമാസംഗീതത്തിൽ ആദ്യകാലത്ത് എസ്. ജാനകിക്കും പിൽക്കാലത്ത് വാണിജയറാമിനും ഏറ്റവും കൂടുതൽ അവസരങ്ങൾ നൽകിയ സംഗീതസംവിധായകനാണ് വിജയഭാസ്കർ. 1966 മാർച്ച് 11ന് തിയറ്ററുകളിൽ എത്തിയ 'കുസൃതിക്കുട്ടൻ' സാമാന്യവിജയം നേടി. ആ കഥക്ക് തമിഴിൽ കിട്ടിയ അംഗീകാരം മലയാളത്തിൽ ലഭിക്കുകയുണ്ടായില്ല.
ടി.ഇ. വാസുദേവൻ ജയ്മാരുതിയുടെ ബാനറിൽ നിർമിച്ച 'അർച്ചന' എന്ന ചിത്രത്തിന് പ്രശസ്ത നാടകകൃത്തായ സി.എൻ. ശ്രീകണ്ഠൻ നായരാണ് കഥയും സംഭാഷണവും എഴുതിയത്. കെ.എസ്. സേതുമാധവൻ ചിത്രം സംവിധാനംചെയ്തു. മധു, ശാരദ, കെ.പി. ഉമ്മർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. വയലാറിന്റെ ഗാനങ്ങൾക്ക് രഘുനാഥ് എന്ന തൂലികാനാമത്തിൽ കെ. രാഘവൻ സംഗീതം നൽകി. സാധാരണയായി എൽ.ആർ. ഈശ്വരി പാടുന്നത് രാഗപ്രധാനമായ ഭാവഗാനങ്ങൾ അല്ല. ഓളമിളക്കുന്ന താളപ്രധാനമായ പാട്ടുകളാണ്. എന്നാൽ, പി. സുശീലയോ എസ്. ജാനകിയോ പാടേണ്ടിയിരുന്ന 'അർച്ചന'യിലെ പാട്ടുകൾ ധൈര്യപൂർവം കെ. രാഘവൻ മാസ്റ്റർ എൽ.ആർ. ഈശ്വരിയെക്കൊണ്ടാണ് പാടിച്ചത്. ജയ്മാരുതിയിൽ സംഗീതസംവിധായകനായി ആര് വന്നാലും, ചിത്രം ആര് സംവിധാനം ചെയ്താലും പാട്ടുകളുടെ കാര്യത്തിൽ അന്തിമതീരുമാനം എടുക്കുന്നത് നിർമാതാവായ ടി.ഇ. വാസുദേവൻ ആയിരിക്കും. ആ സ്ഥിതിക്ക് ഈ തീരുമാനത്തിന്റെ പിന്നിൽ കെ. രാഘവൻ മാസ്റ്റർക്ക് നിർമാതാവിന്റെ പിന്തുണ ലഭിച്ചു എന്ന കാര്യം ഉറപ്പാണ്. ലളിതവും മനോഹരവുമായിരുന്നു വയലാറിന്റെ രചന. ''ഓമനപ്പാട്ടുമായ് ഓണപ്പൂമാലയുമായ് /എന്നെന്റെ മനസ്സിന്റെ സ്വയംവരപ്പന്തലിൽ /എൻ പ്രിയമാനസനൊരുങ്ങിവരും?'' എന്ന ഗാനവും ''എത്ര കണ്ടാലും കൊതിതീരുകില്ലെനി/ക്കെത്ര കണ്ടാലുമീ ചിത്രം/ ഹർഷകുതൂഹലം പീലിവിടർത്തുമീ ഹംസദമയന്തി ചിത്രം'' എന്ന ഗാനവുമാണ് എൽ.ആർ. ഈശ്വരി പാടിയത്. കുട്ടിക്കുവേണ്ടി രേണുക പാടിയ ''അമ്മയ്ക്ക് ഞാനൊരു കിലുക്കാംപെട്ടി/അച്ഛന് ഞാനൊരു കുസൃതിക്കുട്ടി/അമ്മയും അച്ഛനും ഇട്ടേച്ചുപോകുമ്പോൾ /ആരോടും മിണ്ടാത്ത പാവക്കുട്ടി'' എന്ന ഗാനത്തിൽ തെളിയുന്ന കുട്ടിയുടെ മനസ്സ് വയലാറിന്റെ പ്രതിഭാസൗന്ദര്യം ഒരിക്കൽകൂടി കാട്ടിത്തരുന്നു. പി. ലീല പാടിയ ''ധനുമാസപുഷ്പത്തെ പൊട്ടിക്കരയിക്കാൻ/തിരുവാതിര രാത്രി വന്നു -പിന്നെയും /തിരുവാതിരരാത്രി വന്നു/ശ്രീപാർവ്വതിക്കിളനീർക്കുടം നേദിച്ചു/പൂവും പ്രസാദവുമായി/ആപാദചൂഡം പനിനീരിൽ മുങ്ങിയ/ഹേമന്തചന്ദ്രിക വന്നു'' എന്ന ഗാനം സന്ദർഭത്തിന് തികച്ചും അനുയോജ്യമായിരുന്നു. 1966 മാർച്ച് 19നു പുറത്തുവന്ന 'അർച്ചന' സാമ്പത്തികമായി ശരാശരി വിജയം നേടി. സിനിമക്കുവേണ്ടി വയലാർ എഴുതിയ ആദ്യഗാനങ്ങൾക്ക് ഇൗണം പകർന്ന കെ. രാഘവനുമായി അദ്ദേഹം അപൂർവമായേ ഒത്തുചേരാറുള്ളൂ. അപ്പോഴൊന്നും അവർ ശ്രോതാക്കളെ നിരാശപ്പെടുത്തിയിട്ടില്ല. 'അർച്ചന'യിലെ പാട്ടുകളും വ്യത്യസ്തങ്ങളായിരുന്നു; അവ സൂപ്പർഹിറ്റുകളായില്ലെങ്കിലും.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.