മഹാകവി ചങ്ങമ്പുഴയുടെ വിഖ്യാതകാവ്യമായ 'രമണൻ' അടിസ്ഥാനമാക്കി ഡി.എം. പൊറ്റെക്കാട്ട് സംവിധാനം ചെയ്ത അതേ പേരിലുള്ള സിനിമയാണ് 1967ൽ ആദ്യമായി തിയറ്ററുകളിൽ എത്തിയത്. മലയാള സാഹിത്യത്തിൽ നോവലിസ്റ്റ്, ചെറുകഥാകൃത്ത്, സഞ്ചാരസാഹിത്യകാരൻ എന്നീ നിലകളിൽ പ്രശസ്തനായ എസ്.കെ. പൊറ്റെക്കാട്ടിനു ശേഷം സാദൃശ്യമുള്ള പേരുമായി സാഹിത്യരംഗത്ത് പ്രവേശിച്ച മറ്റൊരു പ്രമുഖ സാഹിത്യകാരനാണ് ഡി.എം. പൊറ്റെക്കാട്ട്. കമ്യൂണിസ്റ്റുകാരനായ അദ്ദേഹം കഥാകൃത്ത് എന്ന നിലയിലും...
മഹാകവി ചങ്ങമ്പുഴയുടെ വിഖ്യാതകാവ്യമായ 'രമണൻ' അടിസ്ഥാനമാക്കി ഡി.എം. പൊറ്റെക്കാട്ട് സംവിധാനം ചെയ്ത അതേ പേരിലുള്ള സിനിമയാണ് 1967ൽ ആദ്യമായി തിയറ്ററുകളിൽ എത്തിയത്. മലയാള സാഹിത്യത്തിൽ നോവലിസ്റ്റ്, ചെറുകഥാകൃത്ത്, സഞ്ചാരസാഹിത്യകാരൻ എന്നീ നിലകളിൽ പ്രശസ്തനായ എസ്.കെ. പൊറ്റെക്കാട്ടിനു ശേഷം സാദൃശ്യമുള്ള പേരുമായി സാഹിത്യരംഗത്ത് പ്രവേശിച്ച മറ്റൊരു പ്രമുഖ സാഹിത്യകാരനാണ് ഡി.എം. പൊറ്റെക്കാട്ട്. കമ്യൂണിസ്റ്റുകാരനായ അദ്ദേഹം കഥാകൃത്ത് എന്ന നിലയിലും പുരോഗമന സാഹിത്യകാരൻ എന്ന നിലയിലും അക്കാലത്തെ യുവജനങ്ങൾക്ക് പ്രിയങ്കരനായിരുന്നു. എന്നാൽ, അദ്ദേഹത്തിന് സിനിമയോടുണ്ടായിരുന്ന ആവേശത്തെപ്പറ്റി രമണൻ സിനിമയാക്കാൻ അദ്ദേഹം തീരുമാനിച്ച വാർത്ത വന്നതിനുശേഷം മാത്രമാണ് പലരും മനസ്സിലാക്കിയത്. പണം മുടക്കാൻ നിർമാതാവിനെ കിട്ടാതെ വന്നപ്പോൾ രമണൻ എന്ന സിനിമ സ്വന്തമായി നിർമിക്കാൻ അദ്ദേഹം തീരുമാനിച്ചു. സാമ്പത്തികപ്രശ്നങ്ങൾ നിമിത്തം ചിത്രത്തിന്റെ നിർമാണം നീണ്ടുപോയി. ഈ ഒരു യജ്ഞവുമായി അദ്ദേഹം ദീർഘകാലം മദ്രാസിൽ താമസമാക്കി. ആനുകാലികങ്ങളിലും മറ്റും തുടർച്ചയായി ചെറുകഥകൾ പ്രസിദ്ധപ്പെടുത്തിയിരുന്ന ഡി.എം. പൊറ്റെക്കാട്ട് ക്രമേണ എഴുത്തിന്റെ ലോകത്ത് വല്ലപ്പോഴും മാത്രം പ്രത്യക്ഷപ്പെടുന്ന സാഹിത്യകാരനായി മാറി. എന്നാൽ, സാഹിത്യത്തിൽ നഷ്ടമായത് സിനിമയിൽനിന്നും നേടാൻ കാലം അദ്ദേഹത്തെ അനുഗ്രഹിച്ചതുമില്ല. സംവിധായകനായ ഡി.എം. പൊറ്റെക്കാട്ട് തന്നെയാണ് രമണന് തിരനാടകം രൂപപ്പെടുത്തിയത്. ഗാനങ്ങളായി രമണനിലെ വരികൾതന്നെ ഉപയോഗിച്ചു. ചങ്ങമ്പുഴയുടെ വരികൾക്ക് കെ. രാഘവൻ ഈണം പകർന്നു. കെ.പി. ഉദയഭാനു, പി. ലീല, ശാന്ത പി. നായർ എന്നിവരോടൊപ്പം ഡി.എം. പൊറ്റെക്കാട്ട് കണ്ടെത്തിയ കരിമ്പുഴ രാധ എന്ന ഗായികയും ചില ഗാനങ്ങൾ പാടി. പിൽക്കാലത്ത് മലയാള സിനിമയിലെ ഒന്നാംനിര ഡബിങ് ആർട്ടിസ്റ്റായി മാറിയ കോട്ടയം ശാന്തയും 'രമണൻ' എന്ന സിനിമയിൽ പാടുകയുണ്ടായി. മലയാളികൾക്ക് കാണാപ്പാഠമായ രമണനിലെ വരികൾ സിനിമാഗാനങ്ങളായി വന്നത് ശ്രോതാക്കൾക്ക് ഒരു പുതിയ അനുഭവമായിരുന്നു. കെ.പി. ഉദയഭാനുവും പി. ലീലയും ചേർന്നാണ് ''കാനനച്ഛായയിൽ ആട് മേയ്ക്കാൻ/ഞാനും വരട്ടെയോ നിന്റെ കൂടെ'' എന്നു തുടങ്ങുന്ന പ്രശസ്ത ഭാഗം ആലപിച്ചത്. ''നിന്നെയൊരിക്കൽ ഞാൻ കൊണ്ടുപോകാം; ഇന്നു വേണ്ടിന്നു വേണ്ടോമലാളേ...'' എന്നും ''പാടില്ല പാടില്ല നമ്മെ നമ്മൾ പാടേ മറന്നൊന്നും ചെയ്തുകൂടാ.'' എന്നും ഉദയഭാനു അതിമനോഹരമായി പാടി. ''വെള്ളി നക്ഷത്രമേ നിന്നെ നോക്കി/തുള്ളി തുളുമ്പുകയെന്യേ /മാമക ചിത്തത്തിലന്നും ഇല്ല/ മാദകവ്യാമോഹമൊന്നും...'' എന്ന ഗാനവും "ചപലവ്യാമോഹങ്ങൾ ആനയിക്കും/ചതിയിൽപെടാൻ ഞാനൊരുക്കമില്ല" എന്നു തുടങ്ങുന്ന വരികളും ഉദയഭാനുതന്നെയാണ് പാടിയത്. ''ഏകാന്ത കാമുകാ നിന്റെ മനോരഥം/ ലോകാപവാദത്തിൻ കേന്ദ്രമായി/ തെറ്റിദ്ധരിക്കുവാനില്ലതിൽ/ നാമെല്ലാം എത്രയായാലും മനുഷ്യരല്ലേ...'' എന്ന കാവ്യഭാഗം അതിമനോഹരഗാനമായി ശാന്ത പി. നായർ ആലപിച്ചു. ''മലരണിക്കാടുകൾതിങ്ങിവിങ്ങി മരതക കാന്തിയിൽ മുങ്ങി മുങ്ങി...'' എന്നുതുടങ്ങുന്ന രമണനിലെ പ്രശസ്തവരികൾ കരിമ്പുഴ രാധയും കോട്ടയം ശാന്തയും ചേർന്നാണ് പാടിയത്. കരിമ്പുഴ രാധ തനിച്ചും ചില കാവ്യഭാഗങ്ങൾ പാടിയിട്ടുണ്ട്. ''മാനസം കല്ലുകൊണ്ടല്ലാതെയുള്ളൊരു/മാനവരാരാനുമുണ്ടെന്നിരിക്കുകിൽ/ഈ കല്ലറ തൻ ചവിട്ടുപടിയിൽ ഒരൽപമിരുന്നു കരഞ്ഞിട്ടു പോകണേ...'' എന്ന ചങ്ങമ്പുഴയുടെ പ്രശസ്തവരികൾ പശ്ചാത്തലഗാനമായി പാടിയത് പി.ബി. ശ്രീനിവാസ് ആണ്. രമണനായി പ്രേംനസീറും ചന്ദ്രികയായി ഷീലയും രമണന്റെ സ്നേഹിതൻ മദനനായി മധുവും അഭിനയിച്ചു. ചന്ദ്രികയെ വിവാഹം കഴിക്കുന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് പ്രശസ്ത സംവിധായകനായ രാമു കാര്യാട്ട് ആയിരുന്നു. 1967 ജനുവരി ആറിന് ഒരു നീണ്ട കാത്തിരിപ്പിനുശേഷം കേരളത്തിൽ പ്രദർശനമാരംഭിച്ച രമണൻ എന്ന ചിത്രത്തിന് ഒരു വലിയ സ്വീകരണം ലഭിച്ചില്ല. രമണൻ ചലച്ചിത്രമാക്കണം എന്ന ഡി.എം. പൊറ്റെക്കാട്ടിന്റെ സ്വപ്നം സഫലമായെങ്കിലും അതിൽനിന്ന് ആ കലാകാരന് കാര്യമായ സാമ്പത്തികനേട്ടമൊന്നും ഉണ്ടാക്കാൻ കഴിഞ്ഞില്ല എന്നാണ് എന്റെ അറിവ്. നഷ്ടം വന്നിരിക്കാനാണ് സാധ്യത.
'നീലക്കുയിൽ', 'രാരിച്ചൻ എന്ന പൗരൻ', 'മൂടുപടം', 'തച്ചോളി ഒതേനൻ', 'മുടിയനായ പുത്രൻ' തുടങ്ങിയ മികച്ച ചിത്രങ്ങളിലൂടെ മലയാളികളുടെ ഇഷ്ട നിർമാണസ്ഥാപനമായി മാറിക്കഴിഞ്ഞ ചന്ദ്രതാരാ പ്രൊഡക്ഷൻസിന്റെ ഉടമയായ ടി.കെ. പരീക്കുട്ടി നിർമിച്ച ചരിത്ര സിനിമയാണ് 'കുഞ്ഞാലി മരയ്ക്കാർ.' ധീരപുരുഷനായ കുഞ്ഞാലി മരയ്ക്കാറായി കൊട്ടാരക്കര ശ്രീധരൻ നായർ അഭിനയിച്ചു. പ്രേംനസീർ, ജ്യോതിലക്ഷ്മി, സുകുമാരി, പി.ജെ. ആന്റണി, പി.കെ. സത്യപാൽ, എസ്.പി. പിള്ള, അടൂർ ഭാസി, പി.കെ. സരസ്വതി, നെല്ലിക്കോട്ട് ഭാസ്കരൻ, കുഞ്ഞാണ്ടി തുടങ്ങിയവരും ചിത്രത്തിൽ ഉണ്ടായിരുന്നു. കെ. പത്മനാഭൻ നായർ തിരക്കഥയും സംഭാഷണവും എഴുതിയ 'കുഞ്ഞാലി മരയ്ക്കാർ' എസ്.എസ്. രാജൻ സംവിധാനം ചെയ്തു. പി. ഭാസ്കരൻ പാട്ടുകൾ എഴുതി. ബി.എ. ചിദംബരനാഥ് സംഗീതസംവിധായകനായി. യഥാർഥത്തിൽ പി. ജയചന്ദ്രൻ ആദ്യമായി പിന്നണിഗാനം പാടിയത് ഈ സിനിമക്കു വേണ്ടിയായിരുന്നു. ചിത്രം പൂർത്തിയായി റിലീസ് ചെയ്യാൻ വൈകിയതുകൊണ്ട് 'കളിത്തോഴൻ' എന്ന സിനിമക്കുവേണ്ടി അദ്ദേഹം പാടിയ രണ്ടു പാട്ടുകൾ ആദ്യം പുറത്തുവന്നു. 'കളിത്തോഴൻ' എന്ന സിനിമയിലെ ''മഞ്ഞലയിൽ മുങ്ങിത്തോർത്തി/ധനുമാസ ചന്ദ്രിക വന്നു...'' എന്ന പാട്ടും ''താരുണ്യം തന്നുടെ താമരപ്പൂവനത്തിൽ/പൂവമ്പൻ പോറ്റുന്ന പുള്ളിമാനേ'' എന്ന പാട്ടും നൽകി പരവൂർ ജി. ദേവരാജനാണ് പി. ജയചന്ദ്രനെ മലയാളസിനിമയിൽ അവതരിപ്പിച്ചത് എന്നു വിശ്വസിക്കുന്നവരുണ്ട്. അതു ശരിയല്ല. ''ഒരു മുല്ലപ്പൂമാലയുമായ് നീന്തി നീന്തി നീന്തി വന്നേ'' എന്ന ഗാനത്തിലൂടെ ബി.എ. ചിദംബരനാഥ് ആണ് ജയചന്ദ്രനെ പിന്നണിഗായകനാക്കിയത്. കുഞ്ഞാലി മരയ്ക്കാർ ആയിരുന്നു ചിത്രം. 'കുഞ്ഞാലി മരയ്ക്കാർ' എന്ന പേരു കേൾക്കുമ്പോൾതന്നെ കടലാണല്ലോ നമ്മുടെ ഓർമയിൽ ആദ്യം തെളിയുക! ''ഒരു മുല്ലപ്പൂമാലയുമായ് നീന്തി നീന്തി വന്നേ ഒന്നാംകടലിൽ മുങ്ങാംകുഴിയിട്ടൊന്നാം തിരമാല/ഒന്നാം തിരമാല/ഒരു കൊട്ട മുത്തും വാരി ഓടിയോടിയോടി വന്നേ/ഒന്നാം കടലിൽ ഓരടിക്കടലിൽ/ഒന്നാം തിരമാല...'' എന്നിങ്ങനെ ആരംഭിക്കുന്ന ഈ ഗാനത്തിലെ തുടർന്നുള്ള വരികളും ഏറെ ഹൃദ്യമാണ്. ''നീലത്തിരമാലകൾ മേലേ/നില്ല് നില്ലു നില്ലെടീ തോണീ/കാലത്തെ കടലമ്മേടെ/ കൈനീട്ടം വാങ്ങട്ടെ/ദൂരത്തെ കാണാക്കരയിൽ/ചെല്ല് ചെല്ല് ചെല്ലക്കാറ്റേ/നേരത്തേ കടലിൻ വയലിൽ/കൊയ്ത്തൊന്നു നടന്നോട്ടെ/ മനസ്സിന്റെ യേഴാം കടലിൽ /മാൻപേട പെണ്ണൊരുത്തി/മൈക്കണ്ണാൽ ചാട്ടുളി ചാട്ടി/മാരന്റെ കരളിൽ കുത്തി...'' പാട്ടിലെ അവസാന ചരണത്തിൽ എത്ര മനോഹരമായിട്ടാണ് പി. ഭാസ്കരൻ എന്ന മഹാകവി പ്രണയഭാവം കൊണ്ടുവന്നിരിക്കുന്നത്. ജയചന്ദ്രനും പ്രേമലത എന്ന ഗായികയും ചേർന്നാണ് ''ഒരു മുല്ലപ്പൂമാലയുമായ്'' എന്ന ഗാനം പാടിയത്. പി. ലീല പാടിയ ''മുറ്റത്തുപൂക്കണ മുല്ലത്തൊടിയില്/മുട്ടിചെരിപ്പിന്റെ ചെത്തം കേട്ടപ്പോ/ഞെട്ടിപ്പിടഞ്ഞതെന്തേ ഖൽബിലെ/കുട്ടിപ്പനംകിളിയേ/പുത്തനിലഞ്ഞി പുത്തനിലഞ്ഞി/മുത്തുക്കുടകൾ പിടിച്ചില്ലേ/പൂമരക്കൊമ്പേ പൂമണം തിങ്ങും/ചാമരം വീശിക്കൊടുത്തില്ലേ...'' എന്ന പാട്ടും അതിസുന്ദരമായ ശ്രവ്യാനുഭവം നൽകുന്നതാണ്. തുടർന്നുള്ള വരികളിൽ തെളിയുന്ന പെൺമനസ്സും അതിൽ നിറയുന്ന പ്രണയവും ലളിതഭാഷയിൽ പകർത്തി കുഞ്ഞാലി മരയ്ക്കാർ ജീവിച്ച കാലഘട്ടം പി. ഭാസ്കരൻ നമ്മുടെ മുന്നിൽ കൊണ്ടുവരുന്നു. ''പായസച്ചോറിന്നുവയ്ക്കേണ്ടേ /പാലും പഴവുമൊരുക്കേണ്ടേ/പട്ടിന്റെ തട്ടമെടുക്കേണ്ടേ -വീട്ടിൽ/മട്ടിപ്പാലിട്ടു പുകയ്ക്കേണ്ടേ.../കസ്തൂരി ചേർത്ത കളിപ്പാക്കും കൂട്ടി ഞാൻ/വെറ്റില നുള്ളിക്കൊടുക്കുമ്പോൾ/ മാരന്റെ കാതില് മറ്റാരും കേൾക്കാതെ/മാറ്റിത്തം ബല്ലതും ചൊല്ലേണം'' എന്നിങ്ങനെ ഈ മനോഹരഗാനം അവസാനിക്കുന്നു. ''നീയല്ലാതാരുണ്ടഭയം നിഖിലലോകജനനീ –അമ്മേ/തിരുവിളയനാട്ടെഴും മഹേശ്വരീ തവചരണ പങ്കജം സമാശ്രയം...'' എന്ന പ്രശസ്ത ഭക്തിഗാനവും കുഞ്ഞാലി മരയ്ക്കാർ എന്ന ചിത്രത്തിലുള്ളതാണ്. എസ്. ജാനകിയാണ് ഈ ഗാനം പാടിയത്. ''ഉദിക്കുന്ന സൂര്യനെ ചതിക്കയ്യാൽ പിടിച്ചെന്ന്/കൊതിയ്ക്കേണ്ട കരിമുകിൽ കൊലയാളരെ -ഇന്ന് മദിയ്ക്കേണ്ട, മദിയ്ക്കേണ്ട മറുനാടരേ കൊടുമിരുൾകോട്ട വെട്ടി പൊളിക്കുവാനണഞ്ഞിടും/പ്രതികാരദാഹവുമായ് തലമുറകൾ'' എന്ന പാട്ടും ഓർമിക്കപ്പെടേണ്ടതാണ്.
കുഞ്ഞാലി മരയ്ക്കാറായി കൊട്ടാരക്കര ശ്രീധരൻ നായർ
''ആറ്റിനക്കരെയാരിക്കാണു/അഞ്ചാം തീയതി കല്യാണം/ കോട്ടയ്ക്കൽ കുന്നിൻ മേലേ/ കൊട്ട് കേൾക്കണ് കൊഴല് കേൾക്കണ്'' എന്ന സംഘഗാനം പി. ജയചന്ദ്രൻ, എ.കെ. സുകുമാരൻ, കെ.പി. ചന്ദ്രമോഹൻ, എ.പി. കോമള, ബി. വസന്ത എന്നിവരോടൊപ്പം സംഗീത സംവിധായകനായ ചിദംബരനാഥും ചേർന്നാണ് ആലപിച്ചത്. കെ.പി. ചന്ദ്രമോഹൻ കെ.പി. ഉദയഭാനുവിന്റെ അനുജനാണ്. ജ്യേഷ്ഠനെപ്പോലെ പ്രശസ്തനായില്ലെങ്കിലും ചന്ദ്രമോഹനും മലയാളസിനിമക്കുവേണ്ടി ഏതാനും പാട്ടുകൾ പാടിയിട്ടുണ്ട്. 1967 ജനുവരി 12ന് പ്രദർശനമാരംഭിച്ച ചിത്രം സാമ്പത്തിക വിജയം നേടിയില്ല. എങ്കിലും, ചരിത്രത്തോട് അങ്ങേയറ്റം നീതിപുലർത്തിയാണ് ചന്ദ്രതാരാ പ്രൊഡക്ഷൻസ് അവരുടെ 'കുഞ്ഞാലി മരയ്ക്കാർ' എന്ന സിനിമ ഒരുക്കിയത്.
1970കളിൽ എഴുത്തുകാരനും നിർമാതാവും എന്ന നിലയിൽ മലയാള സിനിമയിൽ നിലയുറപ്പിച്ച ഡോ. ബാലകൃഷ്ണൻ സ്വന്തമായി നിർമിച്ച പ്രഥമചിത്രമാണ് 'തളിരുകൾ'. കഥയും തിരക്കഥയും സംഭാഷണവും അദ്ദേഹംതന്നെ എഴുതി. ഫിലിം എഡിറ്ററായ എം.എസ്. മണിയാണ് തളിരുകൾസംവിധാനം ചെയ്തത്. നിർമാണക്കമ്പനിയുടെ പേര് -രശ്മി ഫിലിംസ്. സത്യൻ, ശാരദ, ഉഷാകുമാരി, ചാന്ദ്നി, കോട്ടയം ചെല്ലപ്പൻ, എസ്.പി. പിള്ള, ടി.ആർ. ഓമന, എം.ജി. മേനോൻ എന്നിവരോടൊപ്പം തമിഴ് നടനായ നാഗേഷും ഈ സിനിമയിൽ അഭിനയിച്ചു. ഡോ. പവിത്രൻ എന്ന ഗാനരചയിതാവും എ.ടി. ഉമ്മർ എന്ന സംഗീതസംവിധായകനും തളിരുകൾ എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിൽ പ്രവേശിച്ചത്. ഡോ. പവിത്രൻ എഴുതിയ ആറു ഗാനങ്ങൾക്ക് എ.ടി. ഉമ്മർ സംഗീതം പകർന്നു. ഡോ. എം. ബാലമുരളീകൃഷ്ണ പാടിയ ''പകരൂ ഗാനരസം-മനമേ / നുകരൂ രാഗരസം /പല്ലവ മർമര രഞ്ജിതതാളം/ മന്ദസമീരണ സഞ്ചിതമേളം'' എന്ന ഗാനം ശ്രദ്ധേയമായി. യേശുദാസ് പാടിയ ''ആകാശവീഥിയിൽ ആയിരം ദീപങ്ങൾ/പാലൊളി ചിന്തിയ വാസന്തരാവിൽ/സാഗരവീചിയിൽ മാലകൾ കോർക്കും/മദകര സുഖകര മധുര നിലാവിൽ'' എന്ന ഗാനവും യേശുദാസും എസ്. ജാനകിയും ചേർന്നു പാടിയ ''പണ്ടു പണ്ടൊരു കാട്ടിൽ/പൂമരക്കൊമ്പിന്റെ ചോട്ടിൽ/ രണ്ടു കുരുവിക്കിളികൾ/ കണ്ടുമുട്ടി തമ്മിൽ'' എന്ന യുഗ്മഗാനവും ചിത്രത്തിലുണ്ടായിരുന്നു. എ.കെ. സുകുമാരൻ പാടിയ ''പുലരിപ്പൊൻതാലവുമേന്തി /പനിനീരിൽ മുങ്ങിവരുന്ന പൂന്തെന്നൽപെണ്മണിയാളെ /നിൽക്കൂ പറയട്ടെ'' എന്ന പാട്ടും ഉദയഭാനുവും എ.കെ. സുകുമാരനും പാടിയ ''കുതിച്ചു പായും കരിമുകിലാകും/കുതിരപ്പുറമേറി / നീലവാനിൽ നീളെ നീളെ/സവാരി ചെയ്യും ഞാൻ...'' എന്ന പാട്ടും എ.ടി. ഉമ്മർ സംഗീതസംവിധാനം നിർവഹിച്ച ആദ്യ സിനിമയായ 'തളിരുകൾ' എന്ന സിനിമയിൽ ഇടം പിടിച്ചു. എസ്. ജാനകി പാടിയ ''പൂവാടി തോറും പൂങ്കുയിൽ കൂവി; പൂങ്കാറ്റു വന്നു താരാട്ടു പാടി'' എന്ന് തുടങ്ങുന്നു ചിത്രത്തിലെ ആറാമത്തെ ഗാനം. ഡോ. ബാലകൃഷ്ണൻ, ഡോ. പവിത്രൻ, ഡോ. സിദ്ധൻ എന്നീ മൂന്നു പേർ സുഹൃത്തുക്കളും സഹപാഠികളുമായിരുന്നു. ജി.സി.ഐ.എം എന്ന പരീക്ഷ ജയിച്ച് മൂന്നുപേരും ആയുർവേദ ഡോക്ടർമാരായി മദ്രാസിൽ പ്രവർത്തിച്ചുവന്നു. മദ്രാസ് മലയാളികൾക്കിടയിൽ ഡോ. ബാലകൃഷ്ണൻ അറിയപ്പെടുന്ന നാടകകൃത്തും ഡോ. പവിത്രൻ ഗാനരചയിതാവും ഡോ. സിദ്ധൻ നടനുമായിരുന്നു. ഹരിഹരൻ, പി. ചന്ദ്രകുമാർ, സത്യൻ അന്തിക്കാട് എന്നീ മൂന്നു സംവിധായകർക്ക് ആദ്യമായി അവസരം നൽകിയ നിർമാതാവാണ് ഡോ. ബാലകൃഷ്ണൻ. ഡോ. പവിത്രൻ പാട്ടുകൾ മാത്രമല്ല, അനവധി സിനിമകൾക്ക് തിരക്കഥയും സംഭാഷണവും എഴുതിയിട്ടുണ്ട്.നടനായ ഡോ. സിദ്ധൻ സ്ഥാപിച്ച മെഡിമിക്സ് എന്ന സോപ്പു നിർമാണക്കമ്പനിക്ക് അസൂയാവഹമായ വളർച്ചയുണ്ടായി.
1967ലെ റിപ്പബ്ലിക് ദിനത്തിൽ തളിരുകൾ തിയറ്ററുകളിലെത്തി. പി.എ. തോമസ് കഥയെഴുതി സംവിധാനം ചെയ്ത 'സഹധർമ്മിണി' എന്ന ചിത്രം 1967 ഫെബ്രുവരി രണ്ടാം തീയതി റിലീസ് ചെയ്തു. ചിത്രത്തിന്റെ നിർമാതാവും പി.എ. തോമസ് ആയിരുന്നു. സത്യൻ, കവിയൂർ പൊന്നമ്മ, ഉഷാകുമാരി, ആദിത്യൻ, അടൂർ ഭാസി, പങ്കജവല്ലി, ടി.ആർ. ഓമന, മണവാളൻ ജോസഫ് തുടങ്ങിയവർ അഭിനയിച്ച 'സഹധർമ്മിണി'ക്ക് പാട്ടുകൾ രചിച്ചത് വയലാർ രാമവർമയും അവ ചിട്ടപ്പെടുത്തിയത് ബി.എ. ചിദംബരനാഥും ആയിരുന്നു. യേശുദാസ്, പി. ലീല, എസ്. ജാനകി, ബി. വസന്ത എന്നിവർ പിന്നണിയിൽ പാടി. എസ്. ജാനകി പാടിയ രണ്ടു ഗാനങ്ങൾ ഭേദപ്പെട്ടവയാണ്. ''ചാഞ്ചക്കം ചാഞ്ചക്കം /ചന്ദനപ്പാവ കളിപ്പാവ / പാവക്കുഞ്ഞേ പാവക്കുഞ്ഞേ/ പഞ്ചാരയുമ്മ'' എന്ന ഗാനവും ''ആലോലം താലോലം പൂങ്കാവനത്തിലൊ-/ രരയന്നമുണ്ടായിരുന്നു/കൂട്ടിലവൾക്കൊരിണക്കിളി പൈങ്കിളി/ കൂട്ടിനുമുണ്ടായിരുന്നു/അരയന്നപെണ്മണിയും അവൾ പെറ്റ കണ്മണിയും/അന്നൊരമാവാസിരാവിൽ /കാവിലെ കാർത്തികയുത്സവക്കാലത്ത് / കഥകളി കാണാൻ പോയി/അഞ്ചഴകുള്ളൊരു പെണ്ണിന്റെ വേഷത്തിൽ പഞ്ചവങ്കാട്ടിലെ നീലി/ആയിരം താമര കൺവല വീശി/ ആൺകിളിയെ കൊണ്ടേ പോയ്...'' എന്ന കഥാഗാനവും നന്നായിരുന്നു. യേശുദാസ് പാടിയത് ഒരു ഹാസ്യഗാനമാണ്. ''ഭൂമിക്കു ബർമ്മ വയ്ക്കും പൊന്നളിയന്മാരേ -ഇത് / ഭൂലോക രംഭയുടെ സൈക്കിൾ മഹായജ്ഞം'' എന്ന ഗാനം വയലാറിന്റെ ഗാനസമാഹാരത്തിൽപോലും ഉൾപ്പെടുത്തിയിട്ടില്ല. പി. ലീല പാടിയ ''ഹിമഗിരിതനയേ, കുവലയനയനേ/ഇനിയുമെൻ പ്രാർഥന കേൾക്കുകയില്ലേ...'' എന്ന പ്രാർഥനയും ബി. വസന്ത പാടിയ രണ്ടു പാട്ടുകളും ചിത്രത്തിൽ ഉണ്ടായിരുന്നു. ''ശിൽപികളേ ശിൽപികളേ കലയുടെ രാജശിൽപികളെ /കൽപനയുടെ വെണ്ണക്കല്ലിൽ/കൊത്തിയതാരുടെ രൂപം... എന്ന പാട്ടും/ നാണിച്ചു നാണിച്ചു പൂത്തു വിടർന്നൊരു/നാലുമണി പ്പൂവാണു ഞാൻ -ഒരു /നാലുമണിപ്പൂവാണു ഞാൻ... എന്ന പാട്ടുമാണ് ബി. വസന്ത പാടിയത്. വയലാറും ചിദംബരനാഥും ചേർന്നൊരുക്കിയ 'സഹധർമ്മിണി'യിലെ ഗാനങ്ങൾ മോശമായിരുന്നില്ല. എന്നാൽ, അവ ചിത്രത്തെ ജനകീയമാക്കാൻ സഹായിച്ചതുമില്ല.
വേദിയിൽ അവതരിപ്പിക്കുന്ന ഒരു നാടകം വിവിധ ഷോട്ടുകളായി കാമറയിൽ പകർത്തി എഡിറ്റ് ചെയ്ത് അതിനെ ചലച്ചിത്രം എന്നുവിളിച്ചാൽ എങ്ങനെയിരിക്കും? കാമറയുടെ ഭാഷയാണ് സിനിമ എന്നും നാടകത്തിൽനിന്ന് മോചനം ലഭിച്ചാൽ മാത്രമേ നല്ല സിനിമ ഉണ്ടാവുകയുള്ളൂ എന്നുമുള്ള സത്യം മനസ്സിലാക്കാതെ ഇങ്ങനെയൊരു സാഹസത്തിന് ഇറങ്ങിപ്പുറപ്പെട്ടത് സ്ഥിരംനാടകവേദിയുടെ വക്താവും കലാനിലയം സ്ഥിരംനാടകവേദിയുടെ സ്ഥാപകനുമായ കലാനിലയം കൃഷ്ണൻ നായരാണ്. ഒ. ചന്തുമേനോൻ എഴുതിയ 'ഇന്ദുലേഖ' അദ്ദേഹം നാടകരൂപത്തിൽ അവതരിപ്പിച്ചു വരുകയായിരുന്നു. പുറംവാതിൽ കാഴ്ചകൾ പൂർണമായും ഒഴിവാക്കി എറണാകുളം, തൃശൂർ നഗരങ്ങളിലെ കലാനിലയം സ്ഥിരം നാടകവേദിയിൽ വെച്ച് ചിത്രീകരിച്ച ഇന്ദുലേഖ എന്ന സിനിമയെ പ്രേക്ഷകർ ആദ്യദിവസംതന്നെ കൈയൊഴിഞ്ഞു. വൈക്കം ചന്ദ്രശേഖരൻ നായർ എഴുതിയ സംഭാഷണത്തിനും പാപ്പനംകോട്ട് ലക്ഷ്മണൻ എഴുതി വി. ദക്ഷിണാമൂർത്തി ഈണം നൽകിയ 10 പാട്ടുകൾക്കും 'ഇന്ദുലേഖ' എന്ന നാടകത്തെ സിനിമയാക്കാൻ കഴിഞ്ഞില്ല. രാജ്മോഹൻ, ശ്രീകല, ശങ്കരാടി, വൈക്കം മണി, കൊടുങ്ങല്ലൂർ അമ്മിണിയമ്മ, അരവിന്ദാക്ഷ മേനോൻ, കണ്ടിയൂർ പരമേശ്വരൻകുട്ടി, ചേർത്തല രാമൻനായർ, പാപ്പനംകോട് ലക്ഷ്മണൻ, മുതുകുളം എൻ.കെ. ആചാരി തുടങ്ങിയവർ 'ഇന്ദുലേഖ'യിൽ അഭിനയിച്ചു. പി. ലീലയും കമുകറ പുരുഷോത്തമനും ചേർന്നു പാടിയ ''അമ്പിളിയേ അരികിലൊന്നു വരാമോ/ നീലവിണ്ണിൻ തിരശ്ശീലയിൽ / നീ മറഞ്ഞു നിൽക്കരുതേ...' എന്ന യുഗ്മഗാനവും പി. ലീല തനിച്ചു പാടിയ ''കണ്ണെത്താദൂരെ കദളീവനത്തിൽ/കനി തേടിപോയവനാരോ/കാണാക്കിനാവിൻ കസ്തൂരി കാവിൽ/കാത്തിരിക്കുന്നവളാരോ...'' എന്ന ഗാനവും രചനയിലും സംഗീതത്തിലും മികച്ചുനിന്നു. കലാനിലയം സ്ഥിരം നാടകവേദിയുടെ അവതരണ ഗാനമായ ''സത് കലാദേവി തൻ ചിത്രഗോപുരങ്ങളേ/ സർഗ സംഗീതമുയർത്തൂ/വിശ്വസ്നേഹത്തിന്റെ പൊന്മണിവീണയിൽ/വിസ്മയഗീതമുയർത്തൂ...'' എന്നു തുടങ്ങുന്ന സംഘഗാനവും 'ഇന്ദുലേഖ'യിൽ ഉൾപ്പെടുത്തിയിരുന്നു. കമുകറ പുരുഷോത്തമൻ, ഗംഗാധരൻ, കൊച്ചി അമ്മിണി തുടങ്ങിയവരാണ് ഈ ഗാനം പാടിയത്. ''വഴിത്താര മാറിയില്ല/ വാഹനങ്ങൾ മാറിയില്ല/ വന്നിറങ്ങിയ യാത്രക്കാരോ/ ഒന്നൊന്നായ് കാണുന്നീല'' എന്ന ഗാനം രചനാഭംഗിയുള്ളതാണ്. ഗംഗാധരൻ എന്ന ഗായകനാണ് ഈ ഗാനം പാടിയത്. കൊച്ചി അമ്മിണി പാടിയ ''കണ്ണീരു തോരാതെ ഒന്നു മയങ്ങാതെ/കാണുവാനീ രാധ കാത്തിരിക്കുന്നു കളിത്തോഴാ'' എന്ന ഗാനവും മോശമായിരുന്നില്ല. ''മാനസം തിരയുന്നതാരേ-/ കണ്വമാമുനിവാഴും ആശ്രമവാടിയിൽ/മാനസം തിരയുന്നതാരേ...'' എന്ന യുഗ്മഗാനം കമുകറയും പി. ലീലയും ചേർന്നു പാടിയ ക്ലാസിക്കൽ ഗാനമാണ്. ഒരു പ്രണയഗാനത്തിലും സ്വരങ്ങളുടെ ആലാപനം സാധ്യമാണെന്ന് ഈ പാട്ടിലൂടെ വി. ദക്ഷിണാമൂർത്തി തെളിയിച്ചു. ഇന്ദുലേഖ എന്ന നോവലിന്റെ പശ്ചാത്തലം അതിനു അനുയോജ്യവുമാണല്ലോ. ''വാരിവണ്ടേ നീ മയങ്ങിവീണു വർണക്കടലാസുപൂവിൽ /മധുവില്ലല്ലോ മണമില്ലല്ലോ /മനസ്സു കവർന്നു കരകൗശലം'' എന്ന ഗാനവും കമുകറതന്നെയാണ് പാടിയത്. പൂത്താലിയുണ്ടോ കിനാവേ /പൂപ്പന്തലുണ്ടോ നിലാവേ* സങ്കൽപജീവിത വൃന്ദാവനത്തിൽ/സംഗീതം തൂവുക രാവേ...'' എന്ന മറ്റൊരു യുഗ്മഗാനവും പാടിയത് പി. ലീലയും കമുകറ പുരുഷോത്തമനുംതന്നെ. 'ഇന്ദുലേഖ'യിലെ ഒരു ഗാനം പോലും നിലവാരം കുറഞ്ഞതായിരുന്നില്ല. സംഗീതച ക്രവർത്തിയായ ദക്ഷിണാമൂർത്തിയുടെ ഈണങ്ങൾ അത്രമാത്രം മികച്ചവയായിരുന്നു. പാപ്പനംകോട്ട് ലക്ഷ്മണന്റെ രചനയും ഒട്ടും മോശമായിരുന്നില്ല. ഈ ഗാനങ്ങൾ ഭേദപ്പെട്ട ഒരു ചലച്ചിത്രത്തിന്റെ ഭാഗമായിരുന്നെങ്കിൽ തീർച്ചയായും ചിത്രത്തിന്റെ സാമ്പത്തികവിജയത്തെ അത് സഹായിക്കുമായിരുന്നു.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.