1967 സെപ്റ്റംബർ 29ന് കേരളത്തിലെ പ്രദർശനശാലകളിലെത്തിയ 'ചിത്രമേള', മൂന്നു സിനിമകളുടെ സമാഹാരമായിരുന്നു, പരസ്പരബന്ധമില്ലാത്ത മൂന്നു വ്യത്യസ്ത കഥകളെ അടിസ്ഥാനമാക്കി നിർമിച്ച മൂന്നു സിനിമകൾ ചേർന്ന 'ചിത്രമേള' മലയാള സിനിമാവേദിയിൽ ഒരു പുതിയ അധ്യായം കുറിച്ചു. ചിത്രമേള നിർമിച്ചത് മലയാളത്തിലും തമിഴിലും സ്വഭാവനടൻ എന്ന നിലയിൽ പ്രശസ്തനായിരുന്ന ടി.എസ്. മുത്തയ്യയാണ്. എം. കൃഷ്ണൻ നായർ ആയിരുന്നു നിയുക്ത സംവിധായകൻ. ശ്രീ മൂവീസ് എന്ന സ്വന്തം...
1967 സെപ്റ്റംബർ 29ന് കേരളത്തിലെ പ്രദർശനശാലകളിലെത്തിയ 'ചിത്രമേള', മൂന്നു സിനിമകളുടെ സമാഹാരമായിരുന്നു, പരസ്പരബന്ധമില്ലാത്ത മൂന്നു വ്യത്യസ്ത കഥകളെ അടിസ്ഥാനമാക്കി നിർമിച്ച മൂന്നു സിനിമകൾ ചേർന്ന 'ചിത്രമേള' മലയാള സിനിമാവേദിയിൽ ഒരു പുതിയ അധ്യായം കുറിച്ചു. ചിത്രമേള നിർമിച്ചത് മലയാളത്തിലും തമിഴിലും സ്വഭാവനടൻ എന്ന നിലയിൽ പ്രശസ്തനായിരുന്ന ടി.എസ്. മുത്തയ്യയാണ്. എം. കൃഷ്ണൻ നായർ ആയിരുന്നു നിയുക്ത സംവിധായകൻ. ശ്രീ മൂവീസ് എന്ന സ്വന്തം നിർമാണക്കമ്പനിയുടെ പേരിൽ ടി.എസ്. മുത്തയ്യ നിർമിച്ച പ്രഥമചിത്രമായിരുന്നു ചിത്രമേള. 'റോസി' എന്ന സിനിമയുടെ നിർമാതാവും നടി കവിയൂർ പൊന്നമ്മയുടെ ഭർത്താവുമായ എം.കെ. മണി (മണിസ്വാമി) കഥയും എസ്.എൽ. പുരം സദാനന്ദൻ സംഭാഷണവും എഴുതിയ 'നഗരത്തിന്റെ മുഖങ്ങൾ' എന്ന സസ്പെൻസ് ചിത്രം, പ്രശസ്ത നിർമാതാവായ ടി.ഇ. വാസുദേവൻ കഥയെഴുതി ഭവാനിക്കുട്ടി സംഭാഷണം രചിച്ച 'പെണ്ണിന്റെ പ്രപഞ്ചം' എന്ന ഹാസ്യചിത്രം, ശ്രീകുമാരൻ തമ്പി എന്ന ഈ ലേഖകൻ കഥയും സംഭാഷണവും ഗാനങ്ങളുമെഴുതിയ 'അപസ്വരങ്ങൾ' എന്ന സംഗീതപ്രധാനമായ പ്രണയകഥാചിത്രം, എന്നിവയായിരുന്നു ചിത്രമേളയിലെ മൂന്നു വ്യത്യസ്ത സിനിമകൾ. ആദ്യത്തെ രണ്ടു ലഘുചിത്രങ്ങളുടെ സമയദൈർഘ്യം നാൽപത്തിയഞ്ച് മിനിറ്റു വീതവും മൂന്നാമത്തെ സിനിമയായ 'അപസ്വര'ങ്ങളുടെ ദൈർഘ്യം ഒന്നര മണിക്കൂറും ആയിരുന്നു. ഒന്നര മണിക്കൂർ മാത്രം സമയദൈർഘ്യമുള്ള 'അപസ്വരങ്ങൾ' എന്ന ചിത്രത്തിൽ എട്ടു പാട്ടുകളുണ്ടായിരുന്നു. മറ്റു രണ്ടു ലഘുസിനിമകളിലും പാട്ടുകൾ ഉണ്ടായിരുന്നില്ല. 'അപസ്വരങ്ങൾ' എന്ന സിനിമയിലെ പാട്ടുകളാണ് ചിത്രമേളയിലെ പാട്ടുകളായി അറിയപ്പെടുന്നത്. ഞാൻ എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് പരവൂർ ജി. ദേവരാജൻ ആണ്. ഇതാണ് ഞങ്ങൾ ഒരുമിച്ചു പ്രവർത്തിച്ച പ്രഥമചിത്രം; ഞാൻ പാട്ടുകൾ എഴുതിയ മൂന്നാമത്തെ ചിത്രവും ഇതുതന്നെ. നിയോ റിയലിസ്റ്റ് ശൈലിയിൽ രചിക്കപ്പെട്ട കഥയാണ് 'അപസ്വരങ്ങൾ'. നഗരത്തിലെ ഒരു ചേരിയിലാണ് കഥ നടക്കുന്നത്. കുട നന്നാക്കുന്ന കുടിയനായ ആശാൻ, അയാളുടെ അന്ധയും സുന്ദരിയുമായ മകൾ സീത, തെരുവുപാട്ടുകാരനായ ബാബു, പാമ്പാട്ടി, പക്ഷിശാസ്ത്രക്കാരൻ, കൊച്ചപ്പൻ എന്ന റൗഡി, നഗരത്തിലെ പ്രശസ്തയായ നർത്തകി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങൾ. മദ്യപാനിയായ ആശാന്റെ വേഷത്തിൽ തിക്കുറിശ്ശി സുകുമാരൻ നായരും അയാളുടെ മകൾ സീതയായി ശാരദയും തെരുവുപാട്ടുകാരൻ ബാബുവായി പ്രേംനസീറും മൊയ്തീൻ എന്ന അനാഥബാലനായി മാസ്റ്റർ ശ്രീധറും അഭിനയിച്ചു. ചിത്രത്തിലെ എല്ലാ പാട്ടുകളും ബാബുവാണ് പാടുന്നത്. ഞാൻ എഴുതിയ ആദ്യത്തെ തിരക്കഥയാണ് 'അപസ്വരങ്ങൾ'. ഒരു ഗായകന് രണ്ടു ശബ്ദമുണ്ടാവുകയില്ലല്ലോ. അതുകൊണ്ട് എല്ലാ ഗാനങ്ങളും ഒരു ഗായകനെ കൊണ്ടുതന്നെ പാടിക്കണമെന്നും അത് യേശുദാസായാൽ നന്നായിരിക്കുമെന്നും ഞാൻ അഭിപ്രായപ്പെട്ടു. നിർമാതാവായ ടി.എസ്. മുത്തയ്യ അതിനോട് യോജിച്ചു. (പിന്നീട് എന്റെ സ്വന്തം സിനിമകളിൽതന്നെ നായകനുവേണ്ടി രണ്ടു ശബ്ദങ്ങൾ ഉപയോഗിക്കേണ്ടി വന്നിട്ടുണ്ട്. അത് കാലം നമ്മെ പഠിപ്പിക്കുന്ന വിട്ടുവീഴ്ചകൾ).
അങ്ങനെ 'ചിത്രമേള'യിലെ എട്ടു പാട്ടുകളും യേശുദാസ് തന്നെ പാടി. ഒരു പാട്ടിൽ മാത്രം അവസാന പല്ലവി എസ്. ജാനകിയും ചേർന്നു പാടും. ''മദം പൊട്ടിച്ചിരിക്കുന്ന മാനം...'' എന്നാരംഭിക്കുന്ന ഗാനത്തിൽ മാത്രം. 'ചിത്രമേള'യിലെ എട്ടു പാട്ടുകളും സൂപ്പർ ഹിറ്റുകളായി. ഒരു ഗാനരചയിതാവ് എന്നനിലയിൽ എനിക്ക് ധാരാളം ആരാധകരെയും ശക്തരായ ഏതാനും ശത്രുക്കളെയും നേടിത്തന്ന സിനിമ കൂടിയാണ് ചിത്രമേള. 'അപസ്വരങ്ങൾ' എന്ന എന്റെ കഥക്കുവേണ്ടി ഞാൻതന്നെ എഴുതിയ എട്ടു പാട്ടുകളുടെ തുടക്കം ഇനി പറയുന്നു.
ഒന്ന്: ''മദംപൊട്ടി ചിരിക്കുന്ന മാനം/മനം പൊട്ടിക്കരയുന്ന ഭൂമി/ ഇടയിൽപ്പെട്ടിര തേടി പിടയുന്നു പ്രാണൻ/എവിടെയോ മറയുന്നു ദൈവം!''
രണ്ട്: ''ചെല്ലച്ചെറുകിളിയേ -എൻ /ചിത്തിരപ്പൈങ്കിളിയേ/പുലരിമലയ്ക്കു മേലേ/ പുത്തൻദിനം വിടർന്നു / പൂവിളി കേട്ടുണരൂ/ പുളകമലർക്കിളിയേ...''
മൂന്ന്: ''അപസ്വരങ്ങൾ... അപസ്വരങ്ങൾ/ അംഗഭംഗം വന്ന നാദകുമാരികൾ/ഗാനപ്രപഞ്ചത്തിൻ രാഗവിരൂപകൾ/ വാനത്തിലുയരാത്ത വർണക്കുരുന്നുകൾ /നീയൊരപസ്വരം ഞാനൊരപസ്വരം/നിത്യദുഃഖത്തിൻ നിരാലംബനിസ്വനം/നിന്നിലുമെന്നിലും നിന്നുതുളുമ്പുന്ന/നിഷ്ഫലസ്വപ്നമോ മറ്റൊരപസ്വരം..!''
നാല്: ''പാടുവാൻ മോഹം ആടുവാൻ മോഹം/പാടിത്തുടങ്ങാൻ പദങ്ങളില്ല/ ആടിത്തുടങ്ങാൻ ചുവടുകളില്ല /നേരം കടന്നു സദസ്സും നിറഞ്ഞു/നിൻ സ്വരം കേൾക്കാതെൻ കണ്ഠമടഞ്ഞു/ നീലയവനിക മന്ദമുയർന്നു /നിലയറിയാതെ ഞാൻ തേങ്ങിക്കരഞ്ഞു..!''
അഞ്ച് : ''കണ്ണുനീർക്കായലിലെ കണ്ണില്ലാനങ്കകളേ... /കതിരൊളി കാണാത്ത കദളിപ്പൂവിതളുകളേ എന്നു കാണും ഇനി -എന്നു കാണും?/ കണ്ണുകളാൽ കാണാതെ/ കൈനീട്ടിപുണരാതെ /കരളുകൾ തമ്മിൽ ചേർന്നു/ കദനത്താൽ വേർപിരിഞ്ഞു...''
ആറ്: ''നീയെവിടെ നിൻ നിഴലെവിടെ/ നിന്നിൽ കാലം നട്ടു വളർത്തിയ/ നിശ്ശബ്ദമോഹങ്ങൾ എവിടെ...? / ഓർമകൾ തന്നുടെ വിരലുകളാൽ നീ/യോമനിക്കാറുണ്ടോ... അവയെ/യോമനിക്കാറുണ്ടോ.../ നെടുവീർപ്പുകളുടെ ചൂടിൽ പൂവുകൾ /കരിഞ്ഞിടാറുണ്ടോ... പൂവുകൾ/കരിഞ്ഞിടാറുണ്ടോ..?''
ഏഴ്: ''നീയൊരു മിന്നലായ് എങ്ങോ മറഞ്ഞു/ഞാനൊരു ഗാനമായ് പിന്പേയലഞ്ഞു/നിന്നാത്മഹർഷങ്ങൾ കോരിച്ചൊരിഞ്ഞു /ഞാൻ കോർത്ത മാലകൾ വാടിക്കരിഞ്ഞു.../ ഏകാന്തതാരമേ നീയെങ്ങു പോയി /എൻ ജീവരാഗമേ നീയെങ്ങുപോയി/നീ ശശിലേഖ പോലെങ്ങോ മറഞ്ഞു/ഞാനൊരു മേഘമായ് നിന്നെ തിരഞ്ഞു...''
എട്ട്: ''ആകാശദീപമേ/ ആർദ്ര നക്ഷത്രമേ/അലരുകൾ കരിയുമീ മണ്ണിൽ വരൂ/ ഒരു തരി വെട്ടം പകർന്നു പോകൂ... /കണ്ണില്ലെങ്കിലും കരളില്ലയോ /കണ്മണിയെൻ ദുഃഖം അറിയില്ലയോ/അകലെയാണെങ്കിലും ആത്മാവു കൊണ്ടവൾ/അലയുമെൻ ഗാനങ്ങൾ കേൾക്കില്ലയോ..?''
എഡിറ്റിങ് പൂർത്തിയായപ്പോൾ ഞാൻ സ്ക്രിപ്റ്റും പാട്ടുകളുമെഴുതിയ 'അപസ്വരങ്ങൾ' എന്ന ചിത്രത്തിന്റെ സമയദൈർഘ്യം രണ്ടേകാൽ മണിക്കൂർ ആയിരുന്നു. അത് ഒരു പൂർണ ചിത്രമായി റിലീസ് ചെയ്യാൻ സംവിധായകനായ എം. കൃഷ്ണൻ നായരും നായകനായ പ്രേംനസീറും നിർമാതാവായ ടി.എസ്. മുത്തയ്യയെ ഉപദേശിച്ചു. എന്നാൽ, മുത്തയ്യ സാർ ആന്തോളജി എന്ന തന്റെ സ്വപ്നത്തിൽ ഉറച്ചുനിന്നു. എഡിറ്റിങ് പൂർത്തിയായ 'അപസ്വരങ്ങൾ' എന്ന പൂർണ സിനിമയിൽനിന്നു മുക്കാൽ മണിക്കൂർ സമയം കുറച്ച് അത് ഒന്നര മണിക്കൂർ ആക്കണമെന്ന് ടി.എസ്. മുത്തയ്യ ആവശ്യപ്പെട്ടു. സംവിധായകനായ എം. കൃഷ്ണൻ നായർ അതിനോട് യോജിച്ചില്ല. അദ്ദേഹം സംവിധാനസ്ഥാനത്തുനിന്നു പിന്മാറി. 'നഗരത്തിന്റെ മുഖങ്ങൾ', 'പെണ്ണിന്റെ പ്രപഞ്ചം' എന്നീ ലഘുചിത്രങ്ങൾ നിർമാതാവായ ടി.എസ്. മുത്തയ്യതന്നെ സംവിധാനംചെയ്തു. 'ചിത്രമേള'യുടെ ടൈറ്റിലിൽ സംവിധാനം: ടി.എസ്. മുത്തയ്യ എന്നും സംവിധാന മേൽനോട്ടം എം. കൃഷ്ണൻ നായർ എന്നുമാണ് ക്രെഡിറ്റ് നൽകിയിട്ടുള്ളത്.
'ചിത്രമേള'ക്കു തൊട്ടുപിന്നാലെ തിയറ്ററുകളിൽ എത്തിയ (1967 ഒക്ടോബർ അഞ്ച് ) 'നഗരമേ നന്ദി' എന്ന മികച്ച സിനിമയിലും നാല് മനോഹരഗാനങ്ങൾ ഉണ്ടായിരുന്നു. എം.ടി. വാസുദേവൻ നായർ കഥയും സംഭാഷണവും എഴുതിയ ഈ ചിത്രം രൂപവാണി ഫിലിംസിനുവേണ്ടി ശോഭന പരമേശ്വരൻ നായർ നിർമിച്ചതാണ്. 'നഗരമേ നന്ദി' എ. വിൻസന്റ് സംവിധാനംചെയ്തു. പി. ഭാസ്കരൻ എഴുതി കെ. രാഘവൻ ഈണം പകർന്ന നാല് ഗാനങ്ങൾ ഈ ചിത്രത്തിൽ ഉണ്ടായിരുന്നു. നാല് ഗാനങ്ങളിൽ മൂന്നെണ്ണമെങ്കിലും എല്ലാ മലയാളികൾക്കും ഓർമയുണ്ടായിരിക്കും. എസ്. ജാനകി പാടിയ ''മഞ്ഞണിപ്പൂനിലാവ്...'' എന്നു തുടങ്ങുന്ന ഗാനമാണ് ഓർമയിൽ ഒന്നാമതെത്തുന്നത്.
''മഞ്ഞണിപ്പൂനിലാവ്... പേരാറ്റിൻ കടവത്ത്/മഞ്ഞളരച്ചുവെച്ച് നീരാടുമ്പോൾ/എള്ളെണ്ണമണം വീശും എന്നുടെ മുടിക്കെട്ടിൽ/മുല്ലപ്പൂ ചൂടിച്ച വിരുന്നുകാരാ/ധനുമാസം പൂക്കൈതമലർ ചൂടി വരുമ്പോൾ ഞാൻ / അങ്ങയെ കിനാവു കണ്ടു കൊതിച്ചിരിക്കും.''
പി. ഭാസ്കരൻ മിശ്രതാളത്തിൽ എഴുതിയിട്ടുള്ള മിക്കവാറും എല്ലാ സിനിമാഗാനങ്ങളും കെ. രാഘവന്റേയോ എം.എസ്. ബാബുരാജിന്റെയോ തലോടലേറ്റാൽ ഹിറ്റുകളായി മാറിയിട്ടുണ്ട് ('മൂടുപട'ത്തിലെ ''തളിരിട്ട കിനാക്കൾ തൻ താമരമാല വാങ്ങാൻ വിളിച്ചിട്ടും വരുന്നില്ല വിരുന്നുകാരൻ...'' എന്ന ഗാനം ഉദാഹരണം. സംഗീതം -ബാബുരാജ് ). ഗാനത്തിലെ ചരണവും ഭാവനാഭദ്രമാണ്.
''പാതിരാപ്പാലകൾ തൻ വിരലിങ്കൽ പൗർണമി/മോതിരമണിയിക്കും ധനുമാസത്തിൽ/ താന്നിയൂരമ്പലത്തിൽ കഴകക്കാരനെപോലെ/ താമരമാലയുമായ് ചിങ്ങമെത്തുമ്പോൾ/ ഒരു കൊച്ചു പന്തലിൽ -ഒരു കൊച്ചുമണ്ഡപം/പുളിയിലക്കരമുണ്ടും- കിനാവു കണ്ടേൻ..!''
യേശുദാസ് പാടിയ ''നഗരം നഗരം മഹാസാഗരം...'' എന്നാരംഭിക്കുന്ന പാട്ടാണ് മറ്റൊന്ന്. എം.ടി എഴുതിയ കഥയുടെ ആത്മാവ് ഈ ഗാനത്തിൽ സ്പന്ദിക്കുന്നുണ്ടെന്നുതന്നെ പറയാം.
''നഗരം നഗരം മഹാസാഗരം /മഹാസാഗരം/കളിയും ചിരിയും മേലേ /ചളിയും ചുഴിയും താഴെ/പുറമേ പുഞ്ചിരി ചൊരിയും സുന്ദരി/ പിരിയാൻ വിടാത്ത കാമുകി...''
എന്നിങ്ങനെ പി. ഭാസ്കരൻ നഗരത്തിന്റെ പരുഷപ്രകൃതി ചുരുക്കം വരികളിലൂടെ പ്രകടമാക്കിയിരിക്കുന്നു. പുറമെ പുഞ്ചിരി ചൊരിയുന്ന സുന്ദരിയായ നഗരം പിരിഞ്ഞുപോകാൻ ആരെയും അനുവദിക്കാത്തവളാണ്. അഥവാ നഗരത്തിന്റെ പുറംപകിട്ടിൽ പെട്ടുപോകുന്ന നഗരവാസി അവളെ വിട്ടുപോകാൻ തയാറാകുന്നില്ല. ഗാനം ഇങ്ങനെ തുടരുന്നു.
''സ്നേഹിക്കുന്നു കലഹിക്കുന്നു/ മോഹഭംഗത്തിലടിയുന്നു/ നുരകൾ തിങ്ങും തിരകളെപ്പോലെ/നരരാശികളിതിലലയുന്നു...''
പി. സുശീല പാടിയ ഒരു പ്രശസ്ത ഗാനവും 'നഗരമേ നന്ദി'യിൽ ഉണ്ടായിരുന്നു. ''കന്നിരാവിൻ കളഭക്കിണ്ണം/പൊന്നാനിപ്പുഴയിൽ വീണപ്പോൾ/ പണ്ട് -കന്നിരാവിൻ കളഭക്കിണ്ണം/പൊന്നാനിപ്പുഴയിൽ വീണപ്പോൾ/ഒന്നാംകുന്നിലെ ഒന്നാം പൈങ്കിളി/ മുങ്ങാങ്കുഴിയിട്ടെടുക്കാൻ പോയ്.../ ഓളങ്ങൾ കിണ്ണമെടുത്തൊളിപ്പിച്ചു/ ഒന്നാം പൈങ്കിളിയെ കളിപ്പിച്ചു...''
ഈ മൂന്നു പാട്ടുകളും രചനയിലും ഈണത്തിലും ഒന്നിനൊന്നു മെച്ചമായിരുന്നു. ഈ നിലയിലേക്ക് ഉയരാതെ പോയെങ്കിലും എൽ.ആർ. ഈശ്വരി പാടിയ ''ലില്ലിപ്പൂമാല...'' എന്നു തുടങ്ങുന്ന ഗാനവും മോശമായിരുന്നില്ല.
''ലില്ലിപ്പൂമാല വിൽക്കും/പൂക്കാരിപെൺകിടാങ്ങൾ/കള്ളക്കണ്ണേറു നടത്തും/ പുഷ്പവനത്തിൽ/ നാം ഉല്ലാസയാത്ര പോയതു...'' ജീവിതായോധനത്തിനായി ഗ്രാമത്തിൽനിന്ന് നിറയെ പ്രതീക്ഷകളുമായി പട്ടണത്തിലെത്തുന്ന ഒരു കുടുംബത്തിലെ അംഗങ്ങൾക്ക് നേരിടേണ്ടിവരുന്ന തീരാദുഃഖങ്ങളാണ് 'നഗരമേ നന്ദി' എന്നസിനിമയിൽ വിവരിക്കുന്നത്.
പി.എ. തോമസ് സംവിധാനംചെയ്ത മൂവി മാസ്റ്റേഴ്സിന്റെ 'പാവപ്പെട്ടവൾ', 'നഗരമേ നന്ദി'ക്കു ശേഷം റിലീസായ ചിത്രമാണ്. അതായത്, 1967 ഒക്ടോബർ 12ന്. സത്യൻ, കമലാദേവി, സുകുമാരി, അടൂർ ഭാസി, ആറന്മുള പൊന്നമ്മ, എസ്.പി. പിള്ള, സി.ഐ. പോൾ, ശ്രീലത തുടങ്ങിയവർ അഭിനയിച്ചു. പിൽക്കാലത്ത് മലയാള സിനിമയിലെ പ്രമുഖ നായികമാരിൽ ഒരാളായി വളർന്ന വിധുബാല കൗമാരതാരമായി (സത്യൻ അഭിനയിക്കുന്ന നായക കഥാപാത്രത്തിന്റെ മകൾ) ഈ പടത്തിൽ അഭിനയിച്ചിട്ടുണ്ട്. മലയാള സിനിമയിലെ ആദ്യകാല സംഭാഷണ രചയിതാവായ മുതുകുളം രാഘവൻ പിള്ളയാണ് ഈ ചിത്രത്തിന് തിരക്കഥയും സംഭാഷണവും എഴുതിയത്. അദ്ദേഹം ഒരു ചെറിയ വേഷത്തിൽ സിനിമയിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു. പി. ഭാസ്കരൻ, കഥാപ്രസംഗരംഗത്ത് പ്രശസ്തനായിരുന്ന കെടാമംഗലം സദാനന്ദൻ എന്നിവരോടൊപ്പം എം.കെ.ആർ. പാട്ട്യത്ത് എന്ന നവാഗതനായ ഗാനരചയിതാവും 'പാവപ്പെട്ടവൾ'ക്കുവേണ്ടി ഒരു പാട്ടെഴുതി. ബി.എ. ചിദംബരനാഥ് സംഗീതസംവിധാനം നിർവഹിച്ചു. പി. ലീലയും ലതയും ബി. വസന്തയും ചേർന്നു പാടിയ ''ശരണമയ്യപ്പാ ശരണമയ്യപ്പാ/ ശബരിഗിരിവാസനേ -ശരണമയ്യപ്പാ/ തവ പദസരോജങ്ങൾ ശരണമയ്യപ്പാ /തരിക മുഖദർശനസുകൃതമയ്യപ്പാ... അടിതൊട്ടുമുടിയോളം തിരുവുടൽ ശരണം /വനപവനൻ തഴുകുമൊരു ചുരുൾമുടികൾ ശരണം'' എന്നിങ്ങനെ ആരംഭിക്കുന്ന അയ്യപ്പഭക്തിഗാനവും പി. ലീല പാടിയ ''അമ്പിളിമാമാ, അമ്പിളിമാമാ'' എന്ന ഗാനവും യേശുദാസും പി. ലീലയും പാടിയ ''വൃന്ദാവനിയിൽ രാധയോടൊരുനാൾ...'' എന്ന യുഗ്മഗാനവും ''ഓർമ വേണം ഓർമ വേണം ഓരോ ദിവസവുമേ...'' എന്ന ഗാനവുമാണ് നാലു ഭാസ്കര രചനകൾ. ''അമ്പിളിമാമാ അമ്പിളിമാമാ/കുമ്പിളിലെന്താണ്/കൊമ്പനാനയേറി വരും അമ്പിളിമാമാ/ പൊന്നമ്പിളിമാമാ.../പമ്പരം തിരിച്ചുവരും /അമ്പിളിമാമാ /പൊന്നമ്പിളിമാമാ...
അമ്പലത്തിൽ ചാർത്തിടുവാൻ/ മാല തരാമോ/പൂമാല തരാമോ /അമ്പലപ്പിറാവിനൊരു കൂടു തരാമോ.../കൊച്ചു കൂടുതരാമോ...'' എന്നിങ്ങനെയാണ് ബാലികയുടെ മനസ്സിന്റെ നിഷ്കളങ്കത തുടിക്കുന്ന വരികൾ പി. ഭാസ്കരൻ എഴുതിയിരിക്കുന്നത്. യേശുദാസും പി. ലീലയും പാടിയ യുഗ്മഗാനവും മികച്ചതാണ്. അതിലെ വരികൾ ഇങ്ങനെ: ''വൃന്ദാവനിയിൽ രാധയോടൊരു നാൾ നന്ദഗോപാലൻ ചോദിച്ചു /പ്രേമമെന്തെന്നറിയാമോ/ഓമലേ നീ പറയാമോ.../ കല്യാണകൃഷ്ണന്റെ കവിളിൽ നുള്ളി /ചൊല്ലീ കണ്മണി രാധികയും/ ഇടയപ്പെണ്ണിന്നെന്തറിയാം /പദങ്ങളില്ലാ വർണിക്കാൻ...'' ശ്രീകൃഷ്ണനും രാധയും തമ്മിലുള്ള പ്രണയം പി. ഭാസ്കരൻ അനവധി ഗാനങ്ങളിൽ വിഷയമാക്കിയിട്ടുണ്ട്. അവയിൽ പലതും ഈ പാട്ടിനെക്കാൾ മെച്ചമാണെന്നതും സത്യം. ''നിൻ മുഖം കണ്ടപ്പോൾ കരഞ്ഞവൾ ഞാൻ/എൻ മുഖം കാണുമ്പോൾ ചിരിക്കുന്നു നീ/മാതാവിൻ ജീവിതപാതാളപ്പരപ്പിലെ/ശ്രീ താവും നവരത്ന മണിവിളക്കേ / എൻ തങ്കക്കുടമേ നീയുറങ്ങൂ...'' എന്നു തുടങ്ങുന്ന ഗാനം ദുഃഖിതയും 'പാവപ്പെട്ടവളുമായ' ഒരു മാതാവ് പാടുന്ന താരാട്ടാണ്. ആ പാട്ട് ബി. വസന്ത പാടി. ''ഓർമ വേണം ഓർമ വേണം/ ഓരോ ദിവസവുമേ/ഒാടിയകലും പൈങ്കിളിയേ /കൂടു കൂട്ടിയ നിലയം...'' എന്ന പാട്ട് എം.കെ.ആർ. പാട്ട്യത്ത് എന്ന ഗാനരചയിതാവ് എഴുതിയതാണ്. പി.എ. തോമസ് എന്ന സംവിധായക നിർമാതാവ് ഇതിനുമുമ്പും തന്റെ സിനിമകളിൽ പുതിയ ഗാനരചയിതാക്കളെ അവതരിപ്പിച്ചിട്ടുണ്ട്. രേണുക പാടിയ ''ദൈവം ഞങ്ങൾക്കെന്തിനു നൽകി/വായും വയറും മാളോരേ /പെരുവഴിയല്ലാതൊരു വഴിയില്ല /എരിവയർ പോറ്റാൻ മാളോരേ...'' എന്ന ഗാനം കെടാമംഗലം സദാനന്ദൻ എഴുതിയതാണ്. വിവിധ താളങ്ങളിൽ നീണ്ടുപോകുന്ന ദീർഘമായ ഒരു ഗാനമാണിത്. ബോക്സ് ഓഫിസിൽ വിജയം നേടിയ ഒരു തെലുങ്ക് സിനിമയുടെ കഥയായിരുന്നു 'പാവപ്പെട്ടവൾ' എന്ന ചിത്രത്തിന് ആധാരം. എന്നാൽ, മലയാളത്തിൽ ആ കഥക്ക് ശരാശരി വിജയം നേടാനേ സാധിച്ചുള്ളൂ. പാട്ടുകളുടെ കാര്യവും അങ്ങനെതന്നെ. യേശുദാസും പി. ലീലയും പാടിയ ''വൃന്ദാവനത്തിൽ രാധയോടൊരു നാൾ നന്ദഗോപാലൻ ചോദിച്ചു'' എന്ന ഗാനമാണ് കുറെയെങ്കിലും ജനപ്രീതി നേടിയത്. ഈ സിനിമയുടെ ടൈറ്റിലിൽ ഗാനരചയിതാവായി പി. ഭാസ്കരന്റെ പേര് മാത്രമേ നൽകിയിട്ടുള്ളൂ, അത് ശരിയായില്ല എന്ന വസ്തുതയും സൂചിപ്പിക്കാതെ വയ്യ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.