ഇതര ഭാഷകളിൽനിന്ന് മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയ സിനിമകളിലെ ഗാനങ്ങൾ ഈ പരമ്പരയിൽ ഉൾപ്പെടുത്തുന്നില്ല, അതുകൊണ്ട് 1968 മാർച്ച് 29ന് തിയറ്ററുകളിലെത്തിയ 'വിധി' എന്ന ചിത്രത്തിലെ പാട്ടുകളെപ്പറ്റി പരാമർശിക്കുന്നില്ല. ഒരു ഹിന്ദി ചിത്രം മലയാളത്തിലേക്ക് ഡബ് ചെയ്തതാണ് 'വിധി' എന്ന മലയാള സിനിമ. 'നാടൻപെണ്ണി'നു ശേഷം നവജീവൻ ഫിലിംസ് നിർമിച്ച 'തോക്കുകൾ കഥ...
ഇതര ഭാഷകളിൽനിന്ന് മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയ സിനിമകളിലെ ഗാനങ്ങൾ ഈ പരമ്പരയിൽ ഉൾപ്പെടുത്തുന്നില്ല, അതുകൊണ്ട് 1968 മാർച്ച് 29ന് തിയറ്ററുകളിലെത്തിയ 'വിധി' എന്ന ചിത്രത്തിലെ പാട്ടുകളെപ്പറ്റി പരാമർശിക്കുന്നില്ല. ഒരു ഹിന്ദി ചിത്രം മലയാളത്തിലേക്ക് ഡബ് ചെയ്തതാണ് 'വിധി' എന്ന മലയാള സിനിമ.
'നാടൻപെണ്ണി'നു ശേഷം നവജീവൻ ഫിലിംസ് നിർമിച്ച 'തോക്കുകൾ കഥ പറയുന്നു' എന്ന ചിത്രവും കെ.എസ്. സേതുമാധവനാണ് സംവിധാനംചെയ്തത്. ഈ ചിത്രത്തിലെ മൂന്നു ഗാനങ്ങൾ സൂപ്പർഹിറ്റുകളായി. വയലാർ എഴുതി ദേവരാജൻ ഈണം പകർന്ന ഈ ഗാനങ്ങളിൽ രണ്ടെണ്ണം യേശുദാസും ഒന്ന് ജയചന്ദ്രനും പാടി. ''പാരിജാതം തിരുമിഴി തുറന്നു/പവിഴമുന്തിരി പൂത്തുവിടർന്നു/നീലോൽപലമിഴി നീലോൽപലമിഴി/നീ മാത്രമെന്തിനുറങ്ങി..?'' എന്ന പല്ലവി ഓർമയിലില്ലാത്ത സംഗീതപ്രിയർ അപൂർവമായിരിക്കും. ഗാനം ഇങ്ങനെ തുടരുന്നു: ''മൂടൽമഞ്ഞ് മുലക്കച്ച കെട്ടിയ/ മുത്തണിക്കുന്നിൻ താഴ്വരയിൽ നിത്യകാമുകീ നിൽപ്പൂ ഞാനീ /നിശാനികുഞ്ജത്തിന്നരികിൽ/എഴുന്നേൽക്കൂ സഖീ എഴുന്നേൽക്കൂ/ഏകാന്തജാലകം തുറക്കൂ...''
''പൊന്നരഞ്ഞാണം ഭൂമിക്കു ചാർത്തുന്ന പുഴയെ''ക്കുറിച്ചും മറ്റും തുടർന്നുള്ള വരികളിലും വയലാർ മനോഹരങ്ങളായ കാവ്യചിത്രങ്ങൾ വരക്കുന്നു. മലയാള സിനിമയിലെ മറക്കാനാവാത്ത പ്രണയഗാനങ്ങളിലൊന്നാണ് ''പാരിജാതം തിരുമിഴി തുറന്നു'' എന്ന ഗാനം. രാത്രിയിലാണ് നായക കഥാപാത്രം ഈ പാട്ടുപാടുന്നത്. അതുകൊണ്ടാണ് ദേവരാജൻ എന്ന സംഗീതസംവിധായകൻ ഈ ഗാനത്തിലെ ഒരു വരിപോലും ഉച്ചസ്ഥായിയിലേക്കു കൊണ്ടുപോകാത്തത്. ഈ ഔചിത്യബോധമാണ് ദേവരാജൻ എന്ന സംഗീതസംവിധായകന്റെ വ്യത്യസ്തത. യേശുദാസ് പാടിയ ഈ മനോഹരഗാനം കേൾവിക്കാർക്ക് ഇന്നും പുതിയ അനുഭൂതികൾ നൽകും. അത്രയുംതന്നെ മികച്ചതാണ് ജയചന്ദ്രൻ പാടിയ ഈ ഗാനവും. ''പൂവും പ്രസാദവും/ഇളനീർക്കുടവുമായ്/കാവിൽ തൊഴുതു വരുന്നവളേ/താമരവളയക്കൈവിരലാലൊരു/ കൂവളത്തിലെയെന്നെ ചൂടിക്കൂ/അർധനാരീശ്വര പ്രതിമ തൻ മുമ്പിൽ/അഞ്ജലി കൂപ്പി നീ നിൽക്കുമ്പോൾ/മനസ്സ് തുടിച്ചത് ഭക്തികൊണ്ടോ/മറ്റൊരു മധുരിക്കും ഓർമകൊണ്ടോ/പറയൂ കളമൊഴി നീ...''
ഈ രണ്ടു പാട്ടുകൾ കഴിഞ്ഞാൽ ഈ ചിത്രത്തിലെ മെച്ചപ്പെട്ട ഗാനം ''പ്രേമിച്ചു പ്രേമിച്ചു നിന്നെ ഞാനൊരു ദേവസ്ത്രീയാക്കും'' എന്ന ഗാനംതന്നെ. ''പ്രേമിച്ചു പ്രേമിച്ചു നിന്നെ ഞാനൊരു/ദേവസ്ത്രീയാക്കും/കാടായ കാടുകൾ മുഴുവൻ ഞാനൊരു/കതിർമണ്ഡപമാക്കും...'' ഈ പാട്ടിലെ തുടർന്നുള്ള വരികളും ശൃംഗാരരസം തുളുമ്പുന്നവയാണ്. യേശുദാസ് ആണ് ഈ ഗാനം പാടിയത്. മുകളിൽ പറഞ്ഞ രണ്ടു പാട്ടുകളെക്കാൾ മെച്ചപ്പെട്ടത് ഈ ഗാനമാണ് എന്ന അഭിപ്രായമുള്ളവരുമുണ്ട്. ''ആയിരം ഉമ്മകൾകൊണ്ടു നിന്നെയോ-/രാരോമനപ്പൂവാക്കും/ ഞാനതിൻ പല്ലവപുടങ്ങൾക്കുള്ളിലെ/ മാണിക്യ മണിമുത്താകും'' എന്നിങ്ങനെ ഒഴുകുന്ന ഗാനം തീർച്ചയായും അനുഭൂതിദായകം തന്നെ. പി. സുശീല പാടിയ ''ഞാൻ പിറന്ന നാട്ടിൽ/ഞാവൽമരക്കാട്ടിൽ /ഇപ്പോഴുമുണ്ടിപ്പോഴുമുണ്ടൊരു/ദുർഗാക്ഷേത്രം...'' എന്ന പാട്ടും മോശമായിരുന്നില്ല.
സത്യൻ, പ്രേംനസീർ, ഷീല, ജയഭാരതി, കെ.പി. ഉമ്മർ, ബഹദൂർ തുടങ്ങിയവർ അഭിനയിച്ച 'തോക്കുകൾ കഥപറയുന്നു' എന്ന ചിത്രത്തിന് കഥയും സംഭാഷണവും എഴുതിയത് തോപ്പിൽ ഭാസിയാണ്. 1968 ഏപ്രിൽ 10ന് ഈ ചിത്രം തിയറ്ററുകളിലെത്തി.
'ഉമ്മിണിത്തങ്ക'യും 'വേലുത്തമ്പി'യും 'സർപ്പക്കാടും' നിർമിച്ച പി.കെ. സത്യപാൽ ഓറിയന്റൽ മൂവീസിന്റെ പേരിൽ നിർമിച്ച 'വിരുതൻ ശങ്കു' ഹാസ്യത്തിന് പ്രാധാന്യം നൽകി നിർമിച്ച ചിത്രമായിരുന്നു. കാര്യാട്ട് അച്യുത മേനോൻ രചിച്ച കഥക്ക് സത്യ തിരക്കഥയും ജഗതി എൻ.കെ. ആചാരി സംഭാഷണവും എഴുതി. അടൂർ ഭാസിയാണ് നായകൻ വിരുതൻ ശങ്കുവായി അഭിനയിച്ചത്. പി. വേണു ഈ ചിത്രം സംവിധാനം ചെയ്തു. അംബിക, സുകുമാരി, ആറന്മുള പൊന്നമ്മ, തിക്കുറിശ്ശി സുകുമാരൻ നായർ, കൊട്ടാരക്കര ശ്രീധരൻ നായർ, പി.എ. തോമസ്, ടി.കെ. ബാലചന്ദ്രൻ എന്നിവരോടൊപ്പം നിർമാതാവായ പി.കെ. സത്യപാലും ഒരു പ്രധാനവേഷത്തിൽ അഭിനയിച്ചു. താൻ നിർമിക്കുന്ന സിനിമകളിലെല്ലാം പി.കെ. സത്യപാൽ അഭിനയിക്കുമായിരുന്നു. ആജാനബാഹുവായ സത്യപാൽ കൂടുതൽ അഭിനയിച്ചത് ചരിത്ര സിനിമകളിൽ പാശ്ചാത്യരുടെ വേഷത്തിലാണ്.
പി. ഭാസ്കരൻ എഴുതിയ ആറു പാട്ടുകൾക്ക് ബി.എ. ചിദംബരനാഥ് സംഗീതം പകർന്നു. യേശുദാസ്, പി. ലീല, എ.പി. കോമള എന്നിവരാണ് ഗാനങ്ങൾ പാടിയത്. യേശുദാസും പി. ലീലയും ചേർന്ന് പാടിയ ''പുഷ്പങ്ങൾ ചൂടിയ പൂങ്കാവേ'' എന്ന പ്രണയഗാനംപോലും ഹാസ്യഗാനമായാണ് അവതരിപ്പിച്ചിരിക്കുന്നത്. യേശുദാസ് അതിമനോഹരമായി ആലാപനത്തിൽ ഹാസ്യം കൊണ്ടുവന്നിരിക്കുന്നത് കേട്ട് ആസ്വദിക്കേണ്ടതുതന്നെയാണ്. പി. ഭാസ്കരന്റെ രചനയും സ്വരങ്ങൾ പാടുന്നതിനൊപ്പിച്ച് നർമബോധം കലർത്താവുന്ന രീതിയിലാണ്. സംഗീതസംവിധായകനും അവസരത്തിനൊത്ത് ഹാസ്യം കൊണ്ടുവരാൻ ശ്രമിച്ചിട്ടുണ്ട്. യേശുദാസ് പാടുന്നത് കേട്ടാൽ അത് ചില ഭാഗങ്ങളിലെങ്കിലും അടൂർ ഭാസിയുടെ ശബ്ദമാണോ എന്നുപോലും തെറ്റിദ്ധരിച്ചുപോകും.
''പുഷ്പങ്ങൾ ചൂടിയ പൂങ്കാവേ -നിന്റെ/ കൃഷ്ണനെ കണ്ടുവോ നീ ചാരേ.../ മദനശരമേറ്റു വലഞ്ഞു മാധവൻ /മമത തേടുവാനണഞ്ഞു...'' എന്നാണ് പല്ലവിയെങ്കിലും അത് സംഗീതം പഠിപ്പിക്കുന്ന ശങ്കുവിന്റെ ആലാപനശൈലി നിമിത്തം ഒട്ടൊക്കെ വികൃതമായിത്തീർന്നിരിക്കുന്നു. ചിത്രത്തിന് അതായിരുന്നു ആവശ്യമെന്നു തോന്നുന്നു. പാട്ടു പഠിപ്പിക്കുന്ന രംഗമാണ്. പഠിപ്പിക്കുന്ന ഭാഗവതരുടെ സ്ഥാനത്ത് അടൂർ ഭാസിയാണ്. നിർമാതാവ് പി.കെ. സത്യപാൽ അടൂർ ഭാസിയുമായി വലിയ അടുപ്പത്തിലായിരുന്നു. ഷൂട്ടിങ് ഇല്ലാത്ത ദിവസങ്ങളിൽ അടൂർ ഭാസി പകൽസമയങ്ങളിൽ പി.കെ. സത്യപാലിന്റെ വീട്ടിൽ ഉണ്ടായിരിക്കും. ഈ അടുപ്പം അടൂർ ഭാസി പ്രയോജനപ്പെടുത്തിയതിനാൽ അമിതാഭിനയംകൊണ്ടും അനാവശ്യ രംഗങ്ങൾകൊണ്ടും 'വിരുതൻ ശങ്കു' എന്ന സിനിമ ലേശം വികൃതമായിത്തീർന്നില്ലേ എന്ന സംശയമുണ്ട്. യേശുദാസ് തനിച്ചു പാടിയ ''വണ്ണാൻ വന്നല്ലോ...'' എന്ന പാട്ടും ചിത്രത്തിൽ ഉണ്ടായിരുന്നു. ''വണ്ണാൻ വന്നല്ലോ -ഹോയ്/ വണ്ണാൻ വന്നല്ലോ/കണ്ണാടിപ്പുഴക്കരയിൽ നിൽക്കുന്ന/വണ്ണാത്തിപ്പെണ്ണേ/ തന്നാലായത് തലയിലേറ്റി/ വണ്ണാൻ വന്നല്ലോ...''
പി. ലീല പാടിയ ''ആരാമ മുല്ലകളേ പറയാമോ -നാളെ/ആരായിരിക്കുമെൻ മണവാളൻ -കണ്ടാൽ/ആരെപ്പോലിരിക്കുമെൻ മണിമാരൻ...'' എന്ന ഗാനം അക്കാലത്തെ അംബികയുടെ സാന്നിധ്യംകൊണ്ടും അവരുടെ നൃത്തംകൊണ്ടും കുറെയെങ്കിലും ശ്രദ്ധിക്കപ്പെട്ടു. യേശുദാസ് പാടിയ ''വരുന്നു പോകുന്നു വഴിപോക്കർ -വെറും/ വഴിയമ്പലമീ ജീവിതം... ജീവിതം'' എന്ന ഗാനമാണ് ഈ ചിത്രത്തിൽ ഉൾപ്പെട്ടിട്ടും കാലത്തെ അതിജീവിച്ചത് (ഇത് ശീർഷക ഗാനമാണ്). ''പിറക്കുമ്പോൾ അരയടി മണ്ണു വേണം /പിരിയുമ്പോൾ ആറടി മണ്ണു വേണം /നടുക്കുള്ള നാടകം നടിക്കുമ്പോൾ മനുഷ്യന് /പടവെട്ടി പിടിക്കണം ഭൂലോകം -ഭൂലോകം'' എന്നിങ്ങനെ തുടരുന്ന ഈ ഭാസ്കരഗാനത്തിലെ വരികളെല്ലാം അർഥസമ്പുഷ്ടമാണ്.
''ജനനിയും ജനകനും ജന്മബന്ധുവും നീയേ/ ജഗദുദയകാരിണീ -ഭഗവതീ'' എന്ന പ്രാർഥനാഗാനം പി. ലീലയും എ.പി. കോമളയും ചേർന്നു പാടി. ചിത്രത്തിൽ ദേവീവിഗ്രഹത്തിന്റെ മുന്നിൽനിന്ന് അംബികയും സുകുമാരിയുമാണ് ഈ ഗാനം പാടുന്നത്. ഇവർ രണ്ടുപേരും നിർമാതാവായ സത്യപാലിന്റെ അകന്ന സഹോദരിമാരാണ് (കസിൻസ്).
''ഇന്നു വരും അച്ഛൻ ഇന്നു വരും -എന്റെ /കണ്ണിന്നു പൂക്കണി കൊണ്ടുവരും / ഉണ്ണിക്കവിളിലൊരുമ്മ തരും / ഉണ്ണിക്കൈ രണ്ടിലും ബൊമ്മ തരും'' എന്ന പാട്ടും പി. ലീലയാണ് പാടിയത്. ഈ രംഗത്ത് അഭിനയിക്കുന്നത് ജയഭാരതിയും ഒരു കുട്ടിയുമാണ്. ജയഭാരതി അന്ന് ഉയരങ്ങളിൽ എത്തിയിട്ടില്ല. 1968 ഏപ്രിൽ 11ന് 'വിരുതൻ ശങ്കു' തിയറ്ററുകളിലെത്തി. അടൂർ ഭാസി ടൈറ്റിൽ റോളിൽ അഭിനയിച്ച ഈ ചിത്രം വലിയ വിജയമായില്ല. എന്നാൽ, വളരെ ചെലവ് കുറച്ച് നിർമിച്ചതുകൊണ്ട് നിർമാതാവിന് നഷ്ടം വന്നിരിക്കാനിടയില്ല.
മദ്രാസിലെ വാസു സ്റ്റുഡിയോയുടെ സ്ഥാപകനും നിർമാതാവുമായ വാസു മേനോൻ പി. ഭാസ്കരനെ സംവിധായകനാക്കി മദ്രാസ് മൂവീസിന്റെ പേരിൽ നിർമിച്ച 'മനസ്വിനി' എന്ന ചിത്രം സംവിധാനഭംഗികൊണ്ടും സത്യന്റെ അഭിനയമികവുകൊണ്ടും പി. ഭാസ്കരൻ-ബാബുരാജ് ടീമിന്റെ ഗാനങ്ങൾകൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ടു. പാറപ്പുറത്ത് എന്ന പ്രശസ്ത നോവലിസ്റ്റാണ് ഈ ചിത്രത്തിന്റെ രചന നിർവഹിച്ചത്. സത്യൻ, മധു, ശാരദ, സുകുമാരി, പി.ജെ. ആന്റണി, നെല്ലിക്കോട്ട് ഭാസ്കരൻ, അടൂർ ഭാസി, ബഹദൂർ, ഇന്ദിരാ തമ്പി തുടങ്ങിയവർ അഭിനയിച്ചു, 'ഭാർഗ്ഗവീനിലയം', 'തച്ചോളി ഒതേനൻ', 'പരീക്ഷ' തുടങ്ങിയ ചിത്രങ്ങളിലെന്നപോലെ ഈ ചിത്രത്തിലും പി. ഭാസ്കരനും ബാബുരാജും ചേർന്ന് മലയാളികൾക്ക് ചില മനോഹര ഗാനങ്ങൾ സമ്മാനിക്കുകയുണ്ടായി. യേശുദാസ് പാടിയ ''കണ്ണീരും സ്വപ്നങ്ങളും വിൽക്കുവാനായ് വന്നവൻ ഞാൻ'' എന്ന അവിസ്മരണീയഗാനം 'മനസ്വിനി' എന്ന സിനിമയിൽ ഉള്ളതാണ്.
''കണ്ണീരും സ്വപ്നങ്ങളും/വിൽക്കുവാനായ് വന്നവൻ ഞാൻ/ ഇന്നു നിന്റെ മന്ദിരത്തിൽ /സുന്ദരമാം ഗോപുരത്തിൽ'' എന്ന ഗാനം ഇഷ്ടപ്പെടാത്തവരുണ്ടാകുമോ..? തുടർന്നുള്ള വരികളിൽ പി. ഭാസ്കരൻ എന്ന കവിയുടെ ഔന്നത്യത്തിന്റെ സൗന്ദര്യം പൂർണരൂപത്തിൽ കാണാൻ കഴിയും.
''കണ്മഷിയും കുങ്കുമവും/ കരിവളയും വാങ്ങിടുവാൻ / കണ്മണി നീയോടി വന്നു/പൊൻപണമായ് മുന്നിൽ നിന്നു/ജീവിതമെന്നാൽ നിനക്കൊരു/മാതളപ്പൂമലർവനം താൻ/ജീവിതമീ പാവങ്ങൾക്കോ/പാദം പൊള്ളും പാഴ്മരു താൻ/താരകങ്ങൾ നിന്റെ കണ്ണിൽ/ പ്രേമപൂജാമാലികകൾ/താഴെ നിൽക്കും എന്റെ കണ്ണിൽ/പാരിൻ ബാഷ്പഭാരമല്ലോ...'' അടുത്ത ഗാനവും നിങ്ങൾക്കെല്ലാം സുപരിചിതമാണ്. ''പാതിരാവായില്ല, പൗർണമികന്യക്ക്/പതിനേഴോ പതിനെട്ടോ പ്രായം/ മൂവന്തി പൊയ്കയിൽ മുങ്ങി നീരാടി/പാവാട മാറ്റിയ പ്രായം'' എന്ന യേശുദാസും എസ്. ജാനകിയും ചേർന്നു പാടിയ ഗാനവും തികച്ചും അവിസ്മരണീയം. ''താരകക്കണ്ണെഴുതി വിണ്ണിലെ തൂവെള്ള-/താമരപ്പൂവമ്പു ചൂടി.../ വെണ്ണിലാ തൂവാല തുന്നിയിരിക്കുന്നു/കണ്ണിൽ കവിതയുമായി...'' എന്നിങ്ങനെ തുടരുന്ന ഈ പാട്ടിലെ ഓരോ വരിയും അനുപമസുന്ദരം തന്നെ. എസ്. ജാനകിതന്നെ പാടിയ ''ആരാധികയുടെ പൂജാകുസുമം/ ദൂരെയെറിഞ്ഞു ദേവൻ/പാപിയെ വെളിയിൽ തള്ളി, യമ്പല /ഗോപുരവാതിലടച്ചല്ലോ'' എന്ന ഗാനവും 'മനസ്വിനി'യിൽ ഉള്ളതു തന്നെ. യേശുദാസ് പാടിയ ''തെളിഞ്ഞു പ്രേമയമുന വീണ്ടും /കഴിഞ്ഞു ബാഷ്പമേഘവർഷം/വിരിഞ്ഞു മന്ദഹാസമാം ചന്ദ്രലേഖ നിൻ/സുന്ദരാധരത്തിൽ...'' എന്ന പാട്ടും പ്രശസ്തമാണ്. എസ്. ജാനകി പാടിയ ''മുട്ടിവിളിക്കുന്നു വാതിലിൽ മധുമാസം/ ഉദ്യാനപാലകാ ഉണരുണരൂ... ഉണരുണരൂ/ പുത്തനാം രഥമേറി വന്നു വസന്തറാണി/ ഉദ്യാനപാലകാ ഉണരുണരൂ...'' എന്ന ഗാനവും 'മനസ്വിനി'യുടെ സംഗീതസൗന്ദര്യത്തിന് തെല്ലും മാറ്റ് കുറച്ചില്ല എന്ന് നിസ്സംശയം പറയാം. 1968 ഏപ്രിൽ 13ന് റിലീസ് ചെയ്ത 'മനസ്വിനി' മികച്ച നിലവാരം പുലർത്തിയ സിനിമയായിരുന്നു.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.