‘കൊടുങ്ങല്ലൂരമ്മ’, ‘വെളുത്ത കത്രീന’, ‘അഗ്നിപരീക്ഷ’ എന്നീ സിനിമകളെയും അതിലെ പാട്ടനുഭവങ്ങളെയും കുറിച്ച് എഴുതുന്നു. നിരവധി ഹിറ്റ് പാട്ടുകൾ ഇൗ മൂന്ന് സിനിമകളിലായി പിറന്നു.എക്സെൽ പ്രൊഡക്ഷൻസിന്റെ ‘കൊടുങ്ങല്ലൂരമ്മ’ എന്ന ചിത്രത്തിൽ ദേവിയായി അഭിനയിച്ചത് കെ.ആർ. വിജയ ആണ്. പ്രേംനസീർ, ജ്യോതിലക്ഷ്മി, കൊട്ടാരക്കര ശ്രീധരൻ നായർ, തിക്കുറിശ്ശി, എസ്.പി. പിള്ള, അടൂർ ഭാസി, ജോസ് പ്രകാശ്, ആറന്മുള പൊന്നമ്മ, എൻ. ഗോവിന്ദൻകുട്ടി, നെല്ലിക്കോട്ട് ഭാസ്കരൻ...
‘കൊടുങ്ങല്ലൂരമ്മ’, ‘വെളുത്ത കത്രീന’, ‘അഗ്നിപരീക്ഷ’ എന്നീ സിനിമകളെയും അതിലെ പാട്ടനുഭവങ്ങളെയും കുറിച്ച് എഴുതുന്നു. നിരവധി ഹിറ്റ് പാട്ടുകൾ ഇൗ മൂന്ന് സിനിമകളിലായി പിറന്നു.
എക്സെൽ പ്രൊഡക്ഷൻസിന്റെ ‘കൊടുങ്ങല്ലൂരമ്മ’ എന്ന ചിത്രത്തിൽ ദേവിയായി അഭിനയിച്ചത് കെ.ആർ. വിജയ ആണ്. പ്രേംനസീർ, ജ്യോതിലക്ഷ്മി, കൊട്ടാരക്കര ശ്രീധരൻ നായർ, തിക്കുറിശ്ശി, എസ്.പി. പിള്ള, അടൂർ ഭാസി, ജോസ് പ്രകാശ്, ആറന്മുള പൊന്നമ്മ, എൻ. ഗോവിന്ദൻകുട്ടി, നെല്ലിക്കോട്ട് ഭാസ്കരൻ തുടങ്ങിയവരും അഭിനയിച്ചു, ജഗതി എൻ.കെ. ആചാരിയാണ് ‘കൊടുങ്ങല്ലൂരമ്മ’ എന്ന ചിത്രത്തിന് തിരക്കഥയും സംഭാഷണവും എഴുതിയത്. സംഗീതത്തിന് പ്രാധാന്യമുള്ള ഭക്തിചിത്രമായിരുന്നു ‘കൊടുങ്ങല്ലൂരമ്മ’. വയലാർ എഴുതിയ പാട്ടുകൾക്ക് രഘുനാഥ് എന്ന തൂലികാനാമത്തിൽ കെ. രാഘവൻ ആണ് സംഗീതം പകർന്നത്. യേശുദാസ്, ബാലമുരളീകൃഷ്ണ, പി. ലീല, പി. സുശീല എന്നിവർ ആലപിച്ച പാട്ടുകളാണ് ‘കൊടുങ്ങല്ലൂരമ്മ’യിൽ ഉണ്ടായിരുന്നത്. യേശുദാസ് പാടിയ ‘‘മഞ്ജുഭാഷിണീ...’’ എന്നാരംഭിക്കുന്ന ഗാനം സെമി ക്ലാസിക്കലായിട്ടാണ് രാഘവൻ മാസ്റ്റർ ചിട്ടപ്പെടുത്തിയിട്ടുള്ളത്. ഈ പാട്ട് വളരെ പ്രശസ്തമാണ്.
‘‘മഞ്ജുഭാഷിണീ മണിയറവീണയിൽ/മയങ്ങിയുണരുന്നതേതൊരു രാഗം ഏതൊരു ഗീതം എന്ന പല്ലവിയും തുടർന്നുള്ള ചരണങ്ങളും രചനാഗുണം തികഞ്ഞവയാണ്. ‘‘നാദസിരകളിൽ പ്രിയദർശിനി നിൻ/മോതിരക്കൈവിരൽ ഒഴുകുമ്പോൾ/താനേ പാടാത്ത തന്ത്രികളുണ്ടോ/താളം പിടിക്കാത്ത ഹൃദയമുണ്ടോ..?/നാദസദസ്സിതിൽ പ്രാണസഖീ നിൻ/രാജീവനയനങ്ങൾ വിടരുമ്പോൾ/വാരിച്ചൂടാത്ത മോഹങ്ങളുണ്ടോ/ കോരിത്തരിക്കാത്ത സ്വപ്നങ്ങളുണ്ടോ..?’’ എം. ബാലമുരളീകൃഷ്ണയും സംഘവും പാടിയ ‘‘കൊടുങ്ങല്ലൂരമ്മേ’’ എന്ന ഗാനവും ശ്രദ്ധേയമായിരുന്നു. ശാസ്ത്രീയസംഗീത വിശാരദനായ ബാലമുരളീകൃഷ്ണ വളരെ അപൂർവമായി മാത്രമേ സിനിമക്കു വേണ്ടി പാടിയിട്ടുള്ളൂ. ‘‘കൊടുങ്ങല്ലൂരമ്മേ കൊടുങ്ങല്ലൂരമ്മേ/കുന്നലനാട്ടിൽ കുടികൊള്ളുമമ്മേ/ജയദുർഗേ ജയദുർഗേ/കുരുതിക്കളങ്ങളിൽ പാട്ടു പാടി/കുങ്കുമക്കലശങ്ങളാടിയാടി/വാളും ചിലമ്പുമായ് സംഹാരതാണ്ഡവം/ആടുമമ്മേ, ശ്രീകുരുംബേ...’’ എന്നിങ്ങനെ ഭക്തിഭാവം നിറഞ്ഞു തുളുമ്പുന്ന ഈ ഗാനം ഡോ. ബാലമുരളീകൃഷ്ണയുടെ ഭാവസാന്ദ്രമായ നാദധാരയിൽ വികാരതീവ്രമായി അനുഭവപ്പെട്ടു. യേശുദാസും പി. സുശീലയും പാടിയ ‘‘നർത്തകീ, നിശാനർത്തകീ...’’ എന്ന് തുടങ്ങുന്ന ഗാനമാണ് മറ്റൊന്ന്. ‘‘നർത്തകീ നിശാനർത്തകീ -നീ/ എന്തിനിത്ര താമസിച്ചു..?’’ എന്ന് നായകന്റെ ചോദ്യം. അതിന് നായികയുടെ മറുപടി ഇങ്ങനെ, ‘‘രാസക്രീഡാനൃത്തം കഴിഞ്ഞപ്പോൾ/രാത്രിയായിപ്പോയി... -ഇന്നു /രാത്രിയായിപ്പോയി...’’ ഗാനം ഇങ്ങനെ തുടരുന്നു, ‘‘പുഷ്പശയ്യ സഖികൾ വിരിച്ചിട്ട്/ എത്രനേരം കഴിഞ്ഞു/മദ്യചഷകം നിറച്ചു ഞാൻ വെച്ചിട്ട്/എത്ര നേരം കഴിഞ്ഞു/കാൽച്ചിലങ്കയഴിച്ചോട്ടെ ഞാൻ/കച്ചമണികൾ അഴിച്ചോട്ടെ/ചാലിച്ചു മാറിലും കവിളിലും ചാർത്തിയ/ചായില്യം കഴുകിക്കളഞ്ഞോട്ടെ/തിടുക്കമായോ അതിനു മുമ്പേ തിടുക്കമായോ..?’’ വിപ്രലംഭ ശൃംഗാരമാണ് ഈ പാട്ടിലെ വിഷയം. സാധാരണയായി പുരാണചിത്രങ്ങളിലെ ഗാനങ്ങൾക്ക് കാലാനുസൃതമായ പശ്ചാത്തലം നൽകാൻ സംസ്കൃതപദങ്ങളും അലങ്കാരങ്ങളും കവികൾ കൂടുതലായി പ്രയോഗിക്കാറുണ്ട്. എന്നാൽ, നിർമാതാവായ കുഞ്ചാക്കോ തന്റെ സിനിമകളിലെ ഗാനങ്ങളിൽ ലളിതപദങ്ങൾ മാത്രമേ ഉപയോഗിക്കാവൂ എന്ന് വയലാറിനോട് നിർദേശിച്ചിരുന്നു. ‘‘എന്റെ ജോലിക്കാർക്ക് മനസ്സിലാകാത്ത ഒരു വാക്കും പാട്ടുകളിൽ വേണ്ട’’ എന്ന് അദ്ദേഹം പറയുമായിരുന്നു എന്ന് ദേവരാജൻ മാസ്റ്റർ ഈ ലേഖകനോടു പറഞ്ഞിട്ടുണ്ട്.
എസ്. ജാനകി പാടിയ ‘‘ഭദ്രദീപം കരിന്തിരി കത്തി/ഭഗ്നഭവനമിതിൽ ഇരുളിഴെഞ്ഞത്തി/അർധനാരീശ്വരാ തിരുമിഴി തുറക്കൂ/ നിത്യവിരഹിണിയെ അനുഗ്രഹിക്കൂ/ തൃച്ചേവടികളിൽ അർപ്പിച്ചു തൊഴുവാൻ/തിരുമുൽക്കാഴ്ചകളില്ല’’ എന്ന ശോകനിർഭരമായ പ്രാർഥനാഗീതം ഹൃദയദ്രവീകരണ ശക്തിയുള്ളതായിരുന്നു. ‘‘ഈ മിഴിനീരിൽ നനഞ്ഞു കുതിർന്നൊരു/കൂവളത്തിലയുമായ് നിൽപ്പൂ ഞാൻ/ത്രിഭുവനമാകെ തപസ്സുകൊണ്ടുണർത്താൻ/ഹിമഗിരി നന്ദിനിയല്ല -ഞാനൊരു/ഹിമഗിരിനന്ദിനിയല്ല /കാലത്തിൻ കാവേരിയൊഴുക്കിൽ തുഴയുമൊ -/രാലംബഹീനയാം കണ്ണകി ഞാൻ’’ എന്നിങ്ങനെ ഈ മനോഹരഗാനം തുടരുന്നു. വയലാറിന്റെ ഭാവനയും ക്ലാസിക് കൃതികളിലുള്ള പരിജ്ഞാനവും എത്ര ലളിതമായിട്ടാണ് ഈ പാട്ടിൽ വിദലിതമാകുന്നത്. കാളിദാസന്റെ ‘കുമാരസംഭവം’ എന്ന കൃതിയിലെ പാർവതിയുടെ കഠിനതപസ്സിനെയാണ് ഇവിടെ സൂചിപ്പിക്കുന്നത്. ഡോ. എം. ബാലമുരളീകൃഷ്ണയും പി. സുശീലയും ചേർന്നു പാടിയ ‘‘കാവേരിപ്പൂംപട്ടണത്തിൽ/ കാമദേവൻ വന്നിറങ്ങി/കളഹംസ ച്ചോലകളിൽ/ വള കിലുങ്ങി തളകിലുങ്ങി/ കരിമ്പിന്റെ കമ്പൊടിച്ചു/വില്ലു കുലച്ചു -അവൻ/കർണികാരപ്പൂവിറുത്തൊരമ്പു തൊടുത്തു/ കുന്നുകൾക്കു കുത്തുമുലക്കച്ചയഴിഞ്ഞു/മണ്ണിന്റെ മാർമൊട്ടിൽ തേൻ നിറഞ്ഞു’’ എന്നിങ്ങനെ ശൃംഗാരരസം തുളുമ്പി നിൽക്കുന്നു വയലാറിന്റെ വരികളിൽ. പി. സുശീല ആലപിച്ച ‘‘ഋതുകന്യകയുടെ ലതാഗൃഹത്തിലെ/ ഋഷികുമാരാ/പാതിയടഞ്ഞ നിൻ നയനദളങ്ങളിൽ/ ഭക്തിയോ സ്വപ്നമോ/പരമഹംസപദ നിർവൃതിയോ..?’’ എന്ന പാട്ടും യേശുദാസ് പാടിയ ഉദയാസ്തമനങ്ങളേ ^യുഗസഞ്ചാരികളേ/ ഉയർച്ചയും താഴ്ചയും ഒരുപോലെ /നിങ്ങൾക്കൊരുപോലെ എന്ന പാട്ടും പി.ബി. ശ്രീനിവാസ് പാടിയ ‘‘സ്ത്രീഹൃദയം -ഇതു സ്ത്രീഹൃദയം/ വികാരതിരകൾ ഇരമ്പിത്തകരും സ്ത്രീഹൃദയം’’ എന്ന പാട്ടും ഇതര ഗാനങ്ങളെപോലെ തന്നെ രചനയിൽ ഉയർന്നുനിന്നു. കെ. രാഘവന്റെ സംഗീതവും ഉചിതമായ നിലവാരം പുലർത്തി. ‘‘മഞ്ജുഭാഷിണീ...’’ എന്ന ഗാനം ഇന്നും സംഗീതാസ്വാദകർക്കു പ്രിയപ്പെട്ടതാണ്. 1968 നവംബർ 22ാം തീയതി ‘കൊടുങ്ങല്ലൂരമ്മ’ തിയറ്ററുകളിലെത്തി.
എം.ഒ. ജോസഫ് മഞ്ഞിലാസ് എന്ന പേരിൽ സ്വന്തം നിർമാണക്കമ്പനി തുടങ്ങിയതിനുശേഷം നവജീവൻ ഫിലിംസിലെ രണ്ടു പ്രധാന പങ്കാളികളായ പി. ബാൽത്തസാർ, എൻ.വി. ജോസഫ് എന്നിവർ ആ ബാനറിൽ തന്നെ ചലച്ചിത്രനിർമാണം തുടർന്നു. മുട്ടത്തു വർക്കിയുടെ ജനപ്രിയ നോവലായ ‘വെളുത്ത കത്രീന’ അവർ ചലച്ചിത്രമാക്കി. നോവലിസ്റ്റ് തന്നെയാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണവും എഴുതിയത്. സത്യനും പ്രേംനസീറും ഇതിൽ നായകന്മാരായി. ഷീലയായിരുന്നു ‘വെളുത്ത കത്രീന’. ടി.എസ്. മുത്തയ്യ, ജയഭാരതി, കവിയൂർ പൊന്നമ്മ, അടൂർ ഭാസി, ബഹദൂർ, മീന തുടങ്ങിയവരായിരുന്നു മറ്റ് അഭിനേതാക്കൾ. ശ്രീകുമാരൻ തമ്പിയുടെ ഗാനങ്ങൾക്ക് പരവൂർ ജി. ദേവരാജൻ ഈണം പകർന്നു. ‘ചിത്രമേള’ക്കു ശേഷം ഈ ലേഖകനും ജി. ദേവരാജനും ഒരുമിച്ചു പ്രവർത്തിച്ച ചിത്രമാണ് ‘വെളുത്ത കത്രീന’. ചിത്രത്തിലെ എല്ലാ പാട്ടുകളും ജനപ്രീതി നേടി. എ.എം. രാജാ പാടിയ ‘‘കാട്ടുചെമ്പകം പൂത്തുലയുമ്പോൾ/കടമ്പുമരം തളിരണിയുമ്പോൾ/കണ്ണാടിപ്പുഴ തെളിയുമ്പോൾ/കാണാപ്പൈങ്കിളി പാടുമ്പോൾ/ കരളിൽ മാത്രം കണ്ണീരരുവി/കരിമലയും വനനിരയും/കനകനിലാക്കസവുടുത്തു/കളമൊഴിപ്പൂങ്കാറ്റു വന്നു/കതിരിലക്കിളി പാടി വന്നു...എന്നും ചിറകൊടിഞ്ഞ ഗാനവുമായ്/ കാട്ടിലാകെ ഞാൻ തിരഞ്ഞു/ചിലമ്പുപോലെ ചിരിക്കും പെണ്ണേ/ വെളുത്ത പെണ്ണേ നീയെവിടെ...?’’ എന്നും ഗാനം തുടരുന്നു. സത്യൻ എന്ന നടനുവേണ്ടി താൻ പാടിയ പാട്ടുകളിൽ ഏറ്റവും ഇഷ്ടം ഈ ഗാനമാണെന്ന് എ.എം. രാജ പറഞ്ഞിട്ടുണ്ട്. ഈ ഗാനത്തിന് ചില പ്രത്യേകതകളുണ്ട്. ഈ ഗാനത്തിന്റെ ഓർക്കസ്ട്രയിൽ വയലിൻ എന്ന ഉപകരണത്തിനായിരുന്നു പ്രാധാന്യം. വയലിൻ വാദകരുടെ കൂട്ടത്തിൽ മൂന്നു സഹോദരന്മാർ ഉണ്ടായിരുന്നു. എൽ. വൈദ്യനാഥൻ, എൽ. സുബ്രഹ്മണ്യം, എൽ. ശങ്കർ എന്നിവർ. എൽ. വൈദ്യനാഥൻ പിന്നീട് സംഗീതസംവിധായകനായി. എൽ. സുബ്രഹ്മണ്യവും എൽ. ശങ്കറും വിദേശങ്ങളിൽ പോയി ലോകപ്രശസ്ത വയലിനിസ്റ്റുകളായി പ്രശസ്തി നേടി. പിന്നീട് എൽ. സുബ്രഹ്മണ്യം ഹിന്ദി സിനിമയിൽ പിന്നണി ഗായികയായി വളർന്നുകൊണ്ടിരുന്ന കവിതാ കൃഷ്ണമൂർത്തിയെ വിവാഹം കഴിച്ചു. ‘‘കാട്ടു ചെമ്പകം...’’ എന്ന പാട്ടിന് ഗിറ്റാർ വായിച്ചത് ഇളയരാജ ആണ്. 1968 കാലങ്ങളിൽ ഇളയരാജ മറ്റൊരു പേരിലാണ് അറിയപ്പെട്ടിരുന്നത്. മഹാകവി കണ്ണദാസന്റെ സഹായിയും ജ്യേഷ്ഠ പുത്രനുമായ പഞ്ചു അരുണാചലം എഴുതി നിർമിച്ച ‘അന്നക്കിളി’ എന്ന സിനിമയിലൂടെ സംഗീതസംവിധായകനായി രംഗപ്രവേശം ചെയ്തപ്പോഴാണ് അദ്ദേഹം തന്റെ പേര് ഇളയരാജ എന്ന് മാറ്റിയത്. ‘വെളുത്ത കത്രീന’ക്കു വേണ്ടി യേശുദാസ് പാടിയ ‘‘പ്രഭാതം വിടരും പ്രദോഷം വിടരും/പ്രതീചി രണ്ടും കണ്ടുനിൽക്കും/ഉദയമില്ലാതില്ല അസ്തമനം/ഉണരൂ മനസ്സേ ഉണരൂ/ മദഘോഷം മുഴക്കും മഴമേഘജാലം/മിഴിനീരായൊടുവിൽ വീണൊഴിയും /ഒരുനാളിൽ വളരും മറുനാളിൽ തളരും/ഓരോ ശക്തിയും മണ്ണിൽ’’ എന്ന ഗാനവും ‘‘പൂജാപുഷ്പമേ, പൂഴിയിൽ വീണ /പൂജാപുഷ്പമേ/ പുതിയ കോവിലിൽ പൂജാരി നിനക്കായ് പൂപ്പാലികയൊരുക്കി’’ എന്ന ഗാനവും ഹിറ്റുകളായി. പി. സുശീല പാടിയ ‘‘പനിനീർക്കാറ്റിൻ താരാട്ടിലാടി/ പവിഴമല്ലിയുറങ്ങി/ ഏകാന്തദുഃഖത്തിൻ മൂടുപടത്തിൽ/എന്റെ ഹൃദയം തേങ്ങി’’ എന്ന ഗാനവും പി. സുശീലയും പി. ജയചന്ദ്രനും ചേർന്നു പാടിയ ‘‘മകരം പോയിട്ടും മാടമുണർന്നിട്ടും/മാറത്തെ കുളിരൊട്ടും പോയില്ലേ/ മേടം വന്നിട്ടും പാടമൊഴിഞ്ഞിട്ടും/ മേനിത്തരിപ്പു കുറഞ്ഞില്ലേ’’ എന്ന യുഗ്മഗാനവും ജനപ്രീതി നേടി. പ്രസ്തുത ഗാനത്തിന് ഒരു നാടൻപാട്ടിന്റെ സംഗീതരൂപമാണ് സംഗീത സംവിധായകനായ ദേവരാജൻ നൽകിയത്. ‘‘പൊട്ടിച്ചിരിക്കുന്ന പൊന്നാര്യൻ നെല്ലേ/പൂട്ടലിലെങ്ങാനും ചൂടുണ്ടോ/ മിന്നാതെ മിന്നുന്ന മിന്നാമിനുങ്ങേ /ഒന്നുറങ്ങാനുള്ള ചൂടുണ്ടോ..?’’ എന്ന ചരണവും ‘‘മുട്ടിയുരുമ്മുമ്പോളിപ്പോഴും നെഞ്ചിൽ/പൊട്ടിവിടരുമെനിക്കു നാണം/ കെട്ടിപ്പിടിക്കുമ്പോഴെന്റെ മനസ്സിൽ/ചെട്ടികുളങ്ങര തേരോട്ടം’’ എന്ന ചരണവും ശ്രോതാക്കൾക്ക് ഇഷ്ടമായി. പി.ബി. ശ്രീനിവാസും പി. ലീലയും സംഘവും പാടിയ ‘‘തെയ്യന്നം താരോ... തെയ്യന്നം താരോ...’’ എന്ന് തുടങ്ങുന്ന ഒരു സംഘഗാനവും (കൊയ്ത്തു പാട്ട്) എൽ.ആർ. ഈശ്വരി പാടിയ ‘‘കണ്ണിൽ കാമബാണം’’ എന്ന് തുടങ്ങുന്ന ഒരു നൃത്തഗാനവും ‘വെളുത്ത കത്രീന’ എന്ന സിനിമയിൽ ഉണ്ടായിരുന്നു. ‘‘തെയ്യന്നം താരോ തെയ്യന്നം താരോ/തെയ്യന്നം താരോ തയ് തയ് തോം/ഒന്നാം കണ്ടത്തിൽ ഞാറു നട്ടു/ രണ്ടാം കണ്ടത്തിൽ ഞാറു നട്ടു/ ഒന്നല്ല പത്തല്ല നൂറു മേനി/ ഓരോ കൊയ്ത്തിനും നൂറു മേനി’’ എന്നിങ്ങനെയാണ് കൊയ്ത്തു പാട്ടിന്റെ പല്ലവി. എൽ.ആർ. ഈശ്വരി പാടിയ ഗാനം ഇങ്ങനെ, ‘‘കണ്ണിൽ കാമബാണം/കവിളിൽ കള്ളനാണം/ചുണ്ടിൽ വിരിയും പൂവിൽ -രാഗ/വണ്ടു മൂളുമീണം...’’ ഇത് വെറുമൊരു കാബ്റേ ഗാനമല്ല. ‘‘വിധിയുടെ മുമ്പിൽ സ്ത്രീത്വം തൂകിയ/വിഡ്ഢിച്ചിരിയാണീ ഞാൻ/ തുള്ളിയുലഞ്ഞു ലയിക്കാൻ വന്നവൾ/ തുറന്ന ജയിലിലടിഞ്ഞു’’ എന്നിങ്ങനെയാണ് ഈ പാട്ട് അവസാനിക്കുന്നത്. 1968 നവംബർ 27ന് ‘വെളുത്ത കത്രീന’ റിലീസ് ചെയ്തു. ചിത്രം സാമ്പത്തികമായി വിജയിച്ചു.
‘അഗ്നിപരീക്ഷ’യിൽ നിന്നൊരു രംഗം
മഹാകവി രവീന്ദ്രനാഥ ടാഗോറിെന്റ ‘റെക്ക്’ എന്ന പ്രശസ്ത നോവലിനെ ആധാരമാക്കി തോപ്പിൽ ഭാസി തിരക്കഥയും സംഭാഷണവും രചിച്ച ‘അഗ്നിപരീക്ഷ’ എന്ന ചിത്രം ദീപക് കാമ്പൈൻസും അസീം കമ്പനിയും ചേർന്നാണ് നിർമിച്ചത്. സത്യൻ, പ്രേംനസീർ, ശാരദ, ഷീല, ടി.എസ്. മുത്തയ്യ, കെ.പി. ഉമ്മർ, അടൂർ ഭാസി, ആറന്മുള പൊന്നമ്മ, പട്ടം സദൻ, ടി.ആർ. ഓമന തുടങ്ങിയവർ അഭിനയിച്ച ‘അഗ്നിപരീക്ഷ’യുടെ സംവിധായകൻ എം. കൃഷ്ണൻ നായർ ആയിരുന്നു. 1968 ഡിസംബർ 18ന് ‘അഗ്നിപരീക്ഷ’യുടെ പ്രദർശനം തുടങ്ങി.
വയലാർ എഴുതി ജി. ദേവരാജൻ ഈണം നൽകിയ നാല് ഗാനങ്ങളാണ് ഈ സിനിമയിൽ ഇടംപിടിച്ചത്. പി. സുശീലയും രേണുകയും സംഘവും പാടിയ ‘‘കൈരളീ കൈരളീ കാവ്യകൈരളീ/കദളീവനത്തിലെ പൈങ്കിളീ/ വടക്കൻ പാട്ടിലെ അമൃതുണ്ടോ/വയനാടൻ കാട്ടിലെ തേനുണ്ടോ’’ എന്നാരംഭിക്കുന്ന ഗാനം വ്യത്യസ്തതയുള്ളതായിരുന്നു. മലയാള ^തമിഴ്- തെലുങ്ക് സംസ്കാരങ്ങളെ താലോലിക്കുന്ന ഗാനമെന്ന നിലയിൽ ഈ പാട്ട് വേറിട്ടുനിന്നു എന്നു പറയാം. അതേസമയം വയലാർ-ദേവരാജൻ ടീമിന്റെ അനശ്വര ഗാനങ്ങളുടെ ശേഖരത്തിൽ ഈ ഗാനം ഉൾപ്പെട്ടു എന്നു പറഞ്ഞുകൂടാ. ഗാനത്തിലെ വരികൾ ഇങ്ങനെ തുടരുന്നു. ‘‘കൈരളീ കൈരളീ കാവ്യകൈരളീ/ തിരുവള്ളുവരുടെ നാട്ടിലെ/ തങ്കമുളംകൂട്ടിലെ/ കന്നിത്തമിഴ് കിളിക്കു നൽകാൻ/കഥകളിപ്പന്തലിലെ ചിലമ്പുണ്ടോ.../ പൊന്നു വിളയും കാവേരിയിലെ /പൊന്മണി നെന്മണി ഞങ്ങൾ തരാം/ ത്യാഗരാജ സംഗീതത്തിനു/ തളിർവിരലാൽ ശ്രുതിയിടുവാൻ/ സ്വാതി തിരുനാളിൻ രാജസദസ്സിലെ/സ്വരലയരഞ്ജിനിയാം തംബുരുവുണ്ടോ..?’’ ഇതു കൊണ്ടു തീരുന്നില്ല. പൊന്നു വിളയും ഗോദാവരിയുടെ തീരവും ഗാനത്തിൽ പരാമൃഷ്ടമാകുന്നു. യേശുദാസ് പാടിയ ‘‘മുത്ത് വാരാൻ പോയവരേ/ മുത്തെന്തേ കണ്ടില്ല /ചുഴികൾ കണ്ടു ചിപ്പികൾ കണ്ടു /തുഴഞ്ഞു പോന്നു -തിരിയെ/ തുഴഞ്ഞു പോന്നു’’ എന്ന പാട്ട് സന്ദർഭത്തിന് അനുയോജ്യമായിരുന്നെങ്കിലും ഒരു മികച്ച ഗാനമായില്ല. പ്രധാന കഥാപാത്രങ്ങൾ തീവണ്ടിയിൽ യാത്രചെയ്യുമ്പോൾ പശ്ചാത്തലത്തിൽ കേൾക്കുന്ന പാട്ടാണിത്. തീവണ്ടിയുടെ താളവുമായി ലയിച്ചു ചേരുംവിധമാണ് ദേവരാജൻ മാസ്റ്റർ ഈ ഗാനത്തിെന്റ ഈണം ചിട്ടപ്പെടുത്തിയിട്ടുള്ളത്. പി. സുശീല പാടിയ ‘‘തിങ്കളും കതിരൊളിയും...’’ എന്നാരംഭിക്കുന്ന പാട്ടും യേശുദാസ് ആലപിച്ച ‘‘ഉറങ്ങിക്കിടന്ന ഹൃദയം ’’ എന്ന പാട്ടുമാണ് ‘അഗ്നിപരീക്ഷ’യിലെ മികച്ച പാട്ടുകൾ. ‘‘ഉറങ്ങിക്കിടന്ന ഹൃദയം’’ എന്ന ഗാനം പി. സുശീലയുടെ ശബ്ദത്തിൽ ആവർത്തിക്കപ്പെടുന്നുമുണ്ട്. ‘‘തിങ്കളും കതിരൊളിയും/തിരുമുടിയിൽ ചാർത്തി/ചന്ദനവള്ളിക്കുടിലിലിരിക്കും/ ചൈത്ര പഞ്ചമിരാത്രി/ കൈമൊട്ടിൽ മദിര നിറഞ്ഞു/ കവിളുകൾ മുത്തണിഞ്ഞു/ നെയ്യാമ്പൽ പൂക്കൾ ചിരിച്ചു/ നിധി കിട്ടിയ പോലെ...’’ എന്നിങ്ങനെയാണ് പി. സുശീലയുടെ ഗാനത്തിലെ വരികൾ നീങ്ങുന്നത്. യേശുദാസ് പാടുന്ന ഗാനമാണ് കൂടുതലായി അറിയപ്പെടുന്നത്. ‘‘ഉറങ്ങിക്കിടന്ന ഹൃദയം/ഉമ്മവെച്ചുമ്മവെച്ചുണർത്തി/മനസ്സിൽ പതഞ്ഞ മധുരം -നീ/ മറ്റൊരു പാത്രത്തിൽ പകർത്തി.../ മലർക്കെ തുറന്ന മിഴികൾകൊണ്ട്/ മയൂരസന്ദേശമെഴുതി/ ചുവക്കെ -ചുവക്കെ- ചൊടികൾ എത്ര/ചൂടാത്ത പൂവുകൾ നീട്ടി/ അടുത്തു -അനുരാഗം തളിരിട്ടു/ ചിലയ്ക്കെ, ചിലയ്ക്കെ, മൊഴികൾ നെഞ്ചിൽ/ ശൃംഗാരത്തേൻകൂട് കൂട്ടി/ തുടിക്കെ തുടിക്കെ മോഹം -കൂട്ടിൽ /തൂവൽക്കിടക്ക നിവർത്തി/അടുത്തു -അനുരാഗം കതിരിട്ടു...’’ ഇങ്ങനെയൊഴുകുന്ന ഗാനത്തിൽ വയലാറിന്റെ പദങ്ങളുടെ ഭംഗിയും ദേവരാജതാളവും ലയിച്ചു ചേരുന്ന അനുഭവം ഉദാത്തമത്രേ..!
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.