‘‘ഓൾ ഇന്ത്യ റേഡിയോയിൽ ഉദ്യോഗസ്ഥനായിരുന്ന കെ. രാഘവൻ സിനിമക്കുവേണ്ടി സ്ഥിരവരുമാനം നൽകുന്ന ഉദ്യോഗം ഉപേക്ഷിക്കാൻ തയാറായിരുന്നില്ല. അതുകൊണ്ടാണ് അദ്ദേഹത്തിന് രഘുനാഥ്, മോളി തുടങ്ങിയ തൂലികാനാമങ്ങൾ സ്വീകരിക്കേണ്ടിവന്നത്.’’ മലയാളത്തനിമയുള്ള എക്കാലത്തെയും മികച്ച ഹിറ്റ് സിനിമാഗാനത്തിന്റെ ചരിത്രം ഗാനരചയിതാവ് കൂടിയായ ലേഖകൻ എഴുതുന്നു.പ്രേംനസീർ തികച്ചും വ്യത്യസ്തമായ രീതിയിൽ അഭിനയിക്കാൻ ശ്രമിച്ച ചിത്രമായിരുന്നു ‘നിഴലാട്ടം’. നസീർ സാധാരണയായി അവതരിപ്പിക്കുന്ന നായകന്മാരിൽനിന്നു തികച്ചും വിഭിന്നനായിരുന്നു ‘നിഴലാട്ടം’ എന്ന ചിത്രത്തിലെ രവീന്ദ്രൻ. ഈ സിനിമയിൽ നായകൻതന്നെയാണ് പ്രതിനായകൻ. എം.ടി....
‘‘ഓൾ ഇന്ത്യ റേഡിയോയിൽ ഉദ്യോഗസ്ഥനായിരുന്ന കെ. രാഘവൻ സിനിമക്കുവേണ്ടി സ്ഥിരവരുമാനം നൽകുന്ന ഉദ്യോഗം ഉപേക്ഷിക്കാൻ തയാറായിരുന്നില്ല. അതുകൊണ്ടാണ് അദ്ദേഹത്തിന് രഘുനാഥ്, മോളി തുടങ്ങിയ തൂലികാനാമങ്ങൾ സ്വീകരിക്കേണ്ടിവന്നത്.’’ മലയാളത്തനിമയുള്ള എക്കാലത്തെയും മികച്ച ഹിറ്റ് സിനിമാഗാനത്തിന്റെ ചരിത്രം ഗാനരചയിതാവ് കൂടിയായ ലേഖകൻ എഴുതുന്നു.
പ്രേംനസീർ തികച്ചും വ്യത്യസ്തമായ രീതിയിൽ അഭിനയിക്കാൻ ശ്രമിച്ച ചിത്രമായിരുന്നു ‘നിഴലാട്ടം’. നസീർ സാധാരണയായി അവതരിപ്പിക്കുന്ന നായകന്മാരിൽനിന്നു തികച്ചും വിഭിന്നനായിരുന്നു ‘നിഴലാട്ടം’ എന്ന ചിത്രത്തിലെ രവീന്ദ്രൻ. ഈ സിനിമയിൽ നായകൻതന്നെയാണ് പ്രതിനായകൻ. എം.ടി. വാസുദേവൻ നായർ എഴുതിയ മികച്ച തിരക്കഥയുടെ പിൻബലമുണ്ടായിട്ടും എ. വിൻെസന്റ് സുപ്രിയാ ഫിലിംസിനുവേണ്ടി സംവിധാനം ചെയ്ത ഈ ചിത്രം ബോക്സ് ഓഫിസിൽ ദയനീയമായി പരാജയപ്പെട്ടു.
ധനവാനായ അച്ഛൻ മരിച്ചപ്പോൾ പുതിയ അധികാരങ്ങളും സ്വാതന്ത്ര്യങ്ങളും കൈയാളി ധൂർത്തപുത്രനായി ജീവിച്ചു സ്വയം നശിക്കുന്ന രവീന്ദ്രൻ എന്ന ധനികപുത്രന്റെ കഥയാണിത്. പാവപ്പെട്ട കുടുംബത്തിൽനിന്നു വന്നവളായതുകൊണ്ട് അയാളുടെ ഭാര്യ ശാന്തക്കും ഭർത്താവിന്റെ നിയന്ത്രണമില്ലാത്ത ജീവിതത്തിന് കൂട്ടുനിൽക്കേണ്ടിവരുന്നു. ഷെവർലെ-ഇംപാല കാറിൽ യാത്രചെയ്തിരുന്ന രവീന്ദ്രൻ വെറും തെണ്ടിയായി തെരുവിലേക്ക് ഇറങ്ങുന്നതോടുകൂടി ‘നിഴലാട്ടം’ എന്ന ചിത്രം അവസാനിക്കുന്നു. ഷീലയാണ് ശാന്തയായി അഭിനയിച്ചത്. ഇങ്ങനെയൊരു വേഷത്തിൽ പ്രേംനസീർ എന്ന ഇഷ്ടതാരത്തെ കാണാൻ അദ്ദേഹത്തിന്റെ ആരാധകർ ഇഷ്ടപ്പെട്ടില്ല.
‘നിഴലാട്ടം’ എന്ന ചിത്രത്തിൽ വയലാർ-ദേവരാജൻ ടീമിന്റെ മികച്ച ചില ഗാനങ്ങളുണ്ടായിരുന്നു. മലയാള സിനിമയിലെ ആദ്യകാല പിന്നണിഗായകൻകൂടിയായിരുന്ന സ്വഭാവനടൻ ജോസ് പ്രകാശ് പാടി അഭിനയിക്കുന്ന ‘‘സ്വർഗപുത്രീ... നവരാത്രീ’’ എന്ന പാട്ടിനുതന്നെയാണ് ഒന്നാംസ്ഥാനം. ദേവരാജൻ മാസ്റ്റർ മോഹനരാഗത്തിൽ അനേകം പാട്ടുകൾ ചിട്ടപ്പെടുത്തിയിട്ടുണ്ട്. അവയുടെ കൂട്ടത്തിൽ യേശുദാസ് പാടിയ ഈ ഗാനത്തിന് ഒരു പ്രത്യേക സ്ഥാനമുണ്ട്.
‘‘സ്വർഗപുത്രീ... നവരാത്രീ... സ്വർണം പതിച്ച നിൻ സ്വരമണ്ഡപത്തിലെ സോപാനഗായകനാക്കൂ -എന്നെ നീ... സ്വർഗപുത്രീ നവരാത്രീ...’’, ഗാനത്തിന്റെ ആദ്യചരണവും മികച്ചതാണ്. അതിങ്ങെന: ‘‘പാൽക്കടൽത്തിരകളിൽ അലക്കിയെടുത്തനിൻ പൂനിലാപ്പുടവതൊടുമ്പോൾ... മെയ്യിൽ തൊടുമ്പോൾ... നിന്നെ പ്രണയപരാധീനയാക്കുവാൻ എന്തെന്നില്ലാത്തൊരഭിനിവേശം... അഭിനിവേശം... അഭിനിവേശം.’’ ഈ പാട്ട് സൂപ്പർഹിറ്റ് ആയതുകൊണ്ട് തുടർന്നുള്ള വരികൾ അറിയാത്തവർ ഉണ്ടാകാനിടയില്ല. ചിത്രത്തിൽ നായിക ഷീല പാടുന്ന ‘‘യക്ഷഗാനം മുഴങ്ങി…’’ എന്നു തുടങ്ങുന്ന ഗാനത്തിന് ശബ്ദം നൽകിയത് പി. സുശീലയാണ്. ‘‘യക്ഷഗാനം മുഴങ്ങി, യവനികയും നീങ്ങി... നിമിഷങ്ങളേതോ ലഹരിയിൽ മുങ്ങി നിഴലാട്ടം തുടങ്ങി...’’ എന്ന ഗാനം ചിത്രത്തിലെ സന്ദർഭവുമായി അലിഞ്ഞുചേരുന്ന ഗാനമാണ്. യഥാർഥത്തിൽ നായകന്റെ ജീവിതം ഒരു നിഴലാട്ടംതന്നെയായിരുന്നല്ലോ.
‘‘കാലം ചരടുവലിക്കുന്നു... കളിപ്പാവകൾ നമ്മൾ ആടുന്നു... ചിരിക്കാൻ പറയുമ്പോൾ ചിരിക്കുന്നു -നമ്മൾ കരയാൻ പറയുമ്പോൾ കരയുന്നു... പാവങ്ങൾ... നിഴലുകൾ...’’
പി. സുശീല പാടിയ മറ്റൊരു ഗാനം ‘‘ഡാലിയാ പൂക്കളെ...’’ എന്നാരംഭിക്കുന്നു: ‘‘ഡാലിയാ പൂക്കളെ ചുംബിച്ചു ചുംബിച്ചു ദാഹിച്ചു നിൽക്കും പ്രിയമനോരാജ്യമേ... ഹേമാംബരാഡംബരാംഗിയായ് നിൽക്കുന്ന ഹേമന്തരാത്രി തൻ മുഗ്ധസൗന്ദര്യമേ... ഓടക്കുഴലിൻ സ്വരാമൃതമോ, കയ്യിൽ ഒമർഖയ്യാമിന്റെ മുന്തിരിപ്പാത്രമോ... ഷെല്ലി രചിച്ചോരനശ്വരകാവ്യമോ... ചൊല്ലുകെൻസങ്കൽപ കാമുകമന്ത്രമോ...’’
എൽ.ആർ. ഈശ്വരി പാടിയ ഗാനമാണ് മറ്റൊന്ന്. അതിങ്ങനെയാണ്: ‘‘ദേവദാസിയല്ല ഞാൻ ദേവയാനിയല്ല ഞാൻ... ആയിരത്തിലായിരത്തിലൊ-രാരാധികയാണ് ഞാൻ... പൂത്ത മരച്ചില്ലകൾതോറും പുതിയപുതിയ കൂടുകൂട്ടി കൂട്ടുകാരെ പാടിമയക്കും കുയിലാണു ഞാൻ -പാടും കുയിലാണു ഞാൻ...’’ പി. മാധുരിയും ‘നിഴലാട്ട’ത്തിൽ ഒരു പാട്ട് പാടിയിട്ടുണ്ട്. ആ ഗാനം ഇങ്ങനെ തുടങ്ങുന്നു: ‘‘ചില്ലാട്ടം പറക്കുമീ കുളിർകാറ്റിൽ ചിരിയോടു ചിരിതൂകും ചന്ദ്രികയിൽ അരികിൽ വന്നവിടുന്നീ ആരാമമല്ലികയെ ഒരു പ്രേമചുംബനത്തിൽ പൊതിഞ്ഞു...’’
1970 ജൂലൈ 31ന് തിയറ്ററുകളിലെത്തിയ ‘നിഴലാട്ടം’ എന്ന ചിത്രത്തിൽ പ്രേംനസീറിനെയും ഷീലയെയും ജോസ് പ്രകാശിനെയും കൂടാതെ സുധീർ, തിക്കുറിശ്ശി, നെല്ലിക്കോട് ഭാസ്കരൻ, ബാലൻ കെ. നായർ, കവിയൂർ പൊന്നമ്മ, ശങ്കരാടി, എൻ. ഗോവിന്ദൻകുട്ടി, ജേസി, ഭാനുമതി, പറവൂർ ഭരതൻ, കോട്ടയം ശാന്ത, കെടാമംഗലം അലി തുടങ്ങിയവരും അഭിനയിച്ചു.
‘വിവാഹം സ്വർഗ്ഗത്തിൽ’ എന്ന ചിത്രം സോണി പിക്ചേഴ്സിന് വേണ്ടി പി.ഐ. മുഹമ്മദ് കാസിം നിർമിച്ചതാണ്. ജെ.ഡി.തോട്ടാൻ സംവിധാനംചെയ്ത ചിത്രത്തിൽ പ്രേംനസീർ, ഷീല, ടി.എസ്. മുത്തയ്യ, അടൂർ ഭാസി, റാണി സർക്കാർ, സാധന, പ്രേമ, എൻ. ഗോവിന്ദൻകുട്ടി, അടൂർ ഭവാനി, ടി.കെ. ബാലചന്ദ്രൻ, കടുവാക്കുളം ആന്റണി തുടങ്ങിയവർ അഭിനയിച്ചു. കെ.ടി. മുഹമ്മദാണ് തിരക്കഥയും സംഭാഷണവും രചിച്ചത്. വയലാർ എഴുതി എം.എസ്. ബാബുരാജ് സംഗീതം നൽകിയ നാല് ഗാനങ്ങൾ ഈ സിനിമയിൽ ഉണ്ടായിരുന്നു. യേശുദാസ്, പി. സുശീല, എസ്. ജാനകി എന്നിവർ ഗാനങ്ങൾ പാടി. യേശുദാസ് രണ്ടു പാട്ടുകൾ പാടി. ‘‘പ്രവാചകന്മാർ’’ എന്ന് തുടങ്ങുന്ന ഗാനവും ‘‘പ്രവാഹിനീ പ്രവാഹിനീ’’ എന്നാരംഭിക്കുന്ന ഗാനവും.
‘‘പ്രവാചകന്മാർ മരിച്ചു... പ്രപഞ്ചവീഥിയിൽ വെളിച്ചം മരിച്ചു... തെളിച്ചവഴിയേ, വിധിയുടെ പുറകേ തേരോടിച്ചു ഞാൻ വെറുതേ...’’ എന്ന ഗാനം ഭേദപ്പെട്ടതാണെങ്കിലും എന്തുകൊണ്ടോ അത് ജനപ്രീതി നേടിയെടുത്തില്ല. യേശുദാസ് പാടിയ രണ്ടാമത്തെ ഗാനം ഇങ്ങനെ തുടങ്ങുന്നു: ‘‘പ്രവാഹിനീ പ്രവാഹിനീ... പ്രേമവികാരതരംഗിണീ ഏതഴിമുഖത്തേക്കൊഴുകുന്നു -നീ ഏതലയാഴിയെ തിരയുന്നു പ്രവാഹിനീ... പ്രവാഹിനീ... നിന്റെ മനസ്സിൻ താണനിലങ്ങളിൽ നീയറിയാത്ത കയങ്ങളിൽ ആർക്കു നൽകാൻ സൂക്ഷിച്ചു നീ ആയിരം അചുംബിതപുഷ്പങ്ങൾ...’’
ഈ ഗാനത്തിലെ വരികൾ അർഥസമ്പുഷ്ടവും ആകർഷകവുമാണ്. എങ്കിലും ഈണവുമായി ലയിച്ചപ്പോൾ എന്തുകൊണ്ടോ ഈ പാട്ടിനും ഹിറ്റ്ചാർട്ടിൽ ഇടംനേടാൻ സാധിച്ചില്ല.
എസ്. ജാനകി പാടിയ ഗാനം കുറെയൊക്കെ ശ്രദ്ധേയമായെന്നു പറയാം: ‘‘ചുംബിക്കാനൊരു ശലഭമുണ്ടെങ്കിലേ യൗവനം സുരഭിലമാകൂ ^പൂവിനു യൗവനം സുരഭിലമാകൂ... സ്നേഹിക്കാനൊരു പുരുഷനുണ്ടെങ്കിലേ സ്ത്രീ ദേവതയാകൂ... ഗാനഗന്ധർവൻ കണ്ടെത്തിയാലേ മൗനം നാദമാകൂ... വെള്ളിനൂൽതിരിയിട്ടു കൊളുത്തിയാലേ വെളിച്ചം വിളക്കിൽ വിടരൂ...’’ എന്നിങ്ങനെ തുടരുന്നു വയലാറിന്റെ വരികൾ. പി. സുശീല പാടിയ ഗാനമിതാണ്. ഈ പാട്ടിനും എന്തുകൊണ്ടോ അർഹിക്കുന്ന പ്രശസ്തി കിട്ടിയില്ല. ‘‘മുറുക്കാൻ ചെല്ലം തുറന്നുവെച്ചു മുത്തശ്ശി പണ്ടൊരു കഥ പറഞ്ഞു... മുത്തശ്ശിക്കഥയിലെ മായക്കുതിരക്ക് മുത്തുച്ചിറക്... പൂഞ്ചിറക്, മായക്കുതിരപ്പുറത്തു കേറി മന്ത്രചിറകുകൾ വീശി ദൈവമുറങ്ങും പാൽക്കടൽ മീതേ മാനം മീതേ പറന്നുയരാം...’’ അറബിക്കഥയുടെ നാട്ടിലിറങ്ങാം അലാവുദ്ദീനെ കാണാം... അവന്റേയത്ഭുത വിളക്കെടുക്കാം ആശിച്ചതെല്ലാം മേടിക്കാം.’’
‘വിവാഹം സ്വർഗ്ഗത്തിൽ’ എന്ന സിനിമയിലെ പാട്ടുകൾക്ക് എന്തുകൊണ്ടോ ആ ചിത്രത്തിന്റെ വിജയത്തിന് വേണ്ടത്ര പിൻബലം നൽകാൻ കഴിഞ്ഞില്ല. എല്ലാംകൊണ്ടും അതൊരു ശരാശരിച്ചിത്രം മാത്രമായിരുന്നു. ചിത്രം 1970 ആഗസ്റ്റ് ഏഴിന് പ്രദർശനത്തിനെത്തി.
ദേശീയോദ്ഗ്രഥനം വിഷയമാക്കി നിർമിക്കപ്പെട്ട മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ അവാർഡ് (നർഗീസ് ദത്ത് അവാർഡ്) നേടിയ ചിത്രമാണ് പി. ഭാസ്കരൻ സംവിധാനംചെയ്ത ‘തുറക്കാത്ത വാതിൽ’. സഞ്ജയ് പ്രൊഡക്ഷൻസിനുവേണ്ടി എ. രഘുനാഥ് ആണ് ഈ സിനിമ നിർമിച്ചത്. ഹിന്ദു-മുസ്‍ലിം ഐക്യം ഉയർത്തിക്കാട്ടുന്ന സിനിമ എന്ന നിലയിലാണ് ചിത്രത്തിന് പ്രസ്തുത പുരസ്കാരം ലഭിച്ചത്. ഈ വിഷയം കൈകാര്യംചെയ്യുന്നതിൽ പരിണതപ്രജ്ഞനായ കെ.ടി. മുഹമ്മദ് ആണ് തിരനാടകവും സംഭാഷണവും എഴുതിയത്. പ്രേംനസീർ, മധു, രാഗിണി, ജയഭാരതി, ഫിലോമിന, ബഹദൂർ, നെല്ലിക്കോട് ഭാസ്കരൻ, ബി.കെ. പൊറ്റെക്കാട്, രാമൻകുട്ടി തുടങ്ങിയവരാണ് ഈ സിനിമയിലെ അഭിനേതാക്കൾ.
ബാപ്പു എന്ന മുസ്‍ലിം യുവാവും വാസു എന്ന ഹിന്ദു യുവാവും തമ്മിലുള്ള ഹൃദയബന്ധത്തിന്റെ കഥയാണ് ‘തുറക്കാത്ത വാതിൽ’ പറയുന്നത്. പി. ഭാസ്കരൻ എഴുതിയ മനോഹര ഗാനങ്ങൾ ഈ ചിത്രത്തിലുണ്ട്. രഘുനാഥ് എന്ന തൂലികാനാമത്തിൽ കെ. രാഘവനാണ് സംഗീതസംവിധാനം നിർവഹിച്ചത്. പ്രവാസികളുടെ മനസ്സ് പ്രതിഫലിക്കുന്ന പാട്ടുകൾ എഴുതാൻ പി. ഭാസ്കരൻ എന്ന കവിക്ക് പ്രത്യേക പാടവമുണ്ട്. അദ്ദേഹം എഴുതി ബാബുരാജ് ഈണം നൽകി പി.ബി. ശ്രീനിവാസ് പാടിയ ‘‘മാമലകൾക്കപ്പുറത്ത് മരതകപ്പട്ടുടുത്ത് മലയാളമെന്നൊരു നാടുണ്ട്...’’ എന്ന ഗാനം മറക്കാനാവുമോ? അതുപോലെതന്നെ ഗൃഹാതുരത്വം വിളമ്പുന്ന പാട്ടാണ് ഈ ചിത്രത്തിലെ ‘‘നാളികേരത്തിന്റെ നാട്ടിൽ...’’ എന്നു തുടങ്ങുന്ന പ്രശസ്ത ഗാനം. യേശുദാസ് പാടി അനശ്വരമാക്കിയ ഈ പാട്ടു തന്നെയാണ് ‘തുറക്കാത്ത വാതിൽ’ എന്ന ചിത്രത്തിലെ ഏറ്റവും മികച്ച ഗാനം. ‘‘നാളികേരത്തിന്റെ നാട്ടിലെനിക്കൊരു നാഴിയിടങ്ങഴി മണ്ണുണ്ട് -ഒരു നാഴിയിടങ്ങഴി മണ്ണുണ്ട്, അതിൽ നാരായണക്കിളിക്കൂടുപോലുള്ളൊരു നാലുകാലോലപ്പുരയുണ്ട്’’ എന്ന പല്ലവി കേൾക്കാത്ത മലയാളികളുണ്ടാവാൻ വഴിയില്ല.
‘‘നോമ്പും നോറ്റെന്നെ കാത്തിരിക്കും വാഴ-ക്കൂമ്പു പോലുള്ളൊരു പെണ്ണുണ്ട്... ചാമ്പയ്ക്കാച്ചുണ്ടുള്ള, ചന്ദനക്കവിളുള്ള, ചാട്ടുളിക്കണ്ണുള്ള പെണ്ണുണ്ട്...’’ എന്നിങ്ങനെ തുടരുന്ന ഈ ഗാനത്തിന് രാഘവൻ മാസ്റ്റർ നൽകിയിരിക്കുന്ന ഈണവും അങ്ങേയറ്റം ലളിതവും സുന്ദരവുമാണ്. ‘നീലക്കുയിലി’ൽ ആരംഭിച്ച ഈ കൂട്ടുകെട്ട് വല്ലപ്പോഴുമൊക്കെ വീണ്ടും മലയാള സിനിമയിൽ പ്രത്യക്ഷപ്പെടുമായിരുന്നു. ഓൾ ഇന്ത്യ റേഡിയോയിൽ ഉദ്യോഗസ്ഥനായിരുന്ന കെ. രാഘവൻ സിനിമക്കുവേണ്ടി തനിക്കു സ്ഥിരവരുമാനം നൽകുന്ന ആ ഉദ്യോഗം ഉപേക്ഷിക്കാൻ തയാറായിരുന്നില്ല. അതുകൊണ്ടാണ് അദ്ദേഹത്തിന് രഘുനാഥ്, മോളി തുടങ്ങിയ തൂലികാനാമങ്ങൾ സ്വീകരിക്കേണ്ടിവന്നത് (സൂപ്പർഹിറ്റ് ഗാനങ്ങളുള്ള ‘റബേക്ക’ എന്ന ഉദയാ ചിത്രത്തിലാണ് മോളി എന്ന തൂലികാനാമത്തിൽ അദ്ദേഹം വയലാറിന്റെ പാട്ടുകൾക്ക് ഈണം നൽകിയത്). യേശുദാസ് തന്നെ പാടിയ ‘‘പാർവണേന്ദുവിൻ ദേഹമടക്കി’’ എന്ന ഗാനം വളരെ വികാരതീവ്രമാണ്. ഈ ഗാനവും സൂപ്പർഹിറ്റ് ആയിത്തീർന്നു.
‘‘പാർവണേന്ദുവിൻ ദേഹമടക്കി പാതിരാവിൻ കല്ലറയിൽ കരിമുകിൽ കണ്ണീരടക്കിയടക്കി ഒരുതിരി വീണ്ടുംകൊളുത്തി -പാവം ഒരു തിരി വീണ്ടും കൊളുത്തി... അകലെയകലെയായ് സാഗരവീചികൾ അലമുറ വീണ്ടും തുടരുന്നു... കറുത്ത തുണിയാൽ മൂടിയ ദിക്കുകൾ സ്മരണാഞ്ജലികൾ നൽകുന്നു... പ്രകൃതിയുടെ ഭാവങ്ങൾകൊണ്ട് പലപല ചിത്രങ്ങൾ വാക്കുകളിലൂടെ വരക്കാൻ പി. ഭാസ്കരനുള്ള അസാധാരണമായ പാടവത്തിന് മകുടോദാഹരണമാണ് ഈ ഗാനം. എസ്. ജാനകിയും രേണുകയും ചേർന്നു പാടിയ ഈ ഗാനവും ശ്രദ്ധേയം തന്നെയാണ്.
‘‘കടക്കണ്ണിൻ മുനകൊണ്ട് കത്തെഴുതി പോസ്റ്റ് ചെയ്യാൻ ഇടയ്ക്കിടെ വേലിക്കൽ വരുന്ന ബീവി നടക്കുമ്പോൾ എന്തിനാണൊരു തിരിഞ്ഞുനോട്ടം... പടിഞ്ഞാറേ വീട്ടിലേക്കൊരു പരൽമീൻ ചാട്ടം...’’ ഈ പല്ലവി കേൾക്കുമ്പോൾതന്നെ പ്രണയിനിയായ നായികയെ കൂട്ടുകാരി കളിയാക്കുകയാണെന്നു വ്യക്തമാകും. പാട്ട് ഇങ്ങനെ തുടരുന്നു:
‘‘കുടമുല്ലവളപ്പിലെ കുറിഞ്ഞിത്തത്തേ -നിന്റെ കളിക്കുട്ടി ചെറുപ്രായം കഴിഞ്ഞു... മുത്തേ ചിരിക്കണ്ട കളിക്കണ്ട ചിരിക്കുടുക്കേ -നാളെ കിഴക്കുന്നു വരുന്നുണ്ട് നിനക്കൊരുത്തൻ...’’ ഇതുപോലെ ശൃംഗാരരസം തുളുമ്പുന്ന ഒരു ചരണംകൂടി ഈ പാട്ടിലുണ്ട്.
എസ്. ജാനകി പാടിയ അതിമനോഹരമായ ഒരു പാട്ടും ഈ സിനിമയിലുണ്ട്. ‘‘മനസ്സിനുള്ളിൽ...’’ എന്നാരംഭിക്കുന്ന പാട്ട്. ‘‘മനസ്സിനുള്ളിൽ മയക്കം കൊള്ളും മണിപ്പിറാവേ, എണീറ്റാട്ടെ... മദിരാശി പട്ടണത്തിൽ പോയ്‌വരേണം -നീ മടക്കത്തിലൊരുത്തനെ കൊത്തിക്കൊണ്ടുപോരണം... കല്ലടിക്കോടൻ മലകേറിക്കടന്ന് കള്ളവണ്ടി കേറാതെ കര നാലും കടന്ന് പുളയുന്ന പൂനിലാവിൽ പുഴ നീന്തിക്കടന്ന് പൂമാരനെ കൊണ്ടുപോരണം...’’ വേണമെങ്കിൽ ‘തീം സോങ്’ എന്നു പറയാവുന്ന ഒരു ഗാനംകൂടി യേശുദാസ് ഈ ചിത്രത്തിന് വേണ്ടി പാടിയിട്ടുണ്ട്. എന്നാൽ മറ്റു നാല് ഗാനങ്ങൾപോലെ ഈ പാട്ട് ഹിറ്റ് ചാർട്ടിൽ വന്നില്ല.
‘‘നവയുഗ പ്രകാശമേ സാഹോദര്യപ്രഭാതമേ ഉദയാരുണകിരണമേ... വന്നാലും വന്നാലും മനുഷ്യന്റെ മനസ്സിനു മോചനം നൽകാൻ തുറക്കാത്ത വാതിലുകൾ തുറക്കൂ... മാനവചിന്ത തൻ വഴിത്താര മുടക്കുന്ന മതിൽക്കെട്ടു സർവവും തകർക്കൂ...’’ ഈ ഗാനം അവസാനിക്കുന്നത് താഴെ കൊടുക്കുന്ന വരികളിലാണ്. ‘‘അറിവിൻ മുന്നിൽ വെളിച്ചത്തിന് മുന്നിൽ അടയാതിരിക്കട്ടെ വാതിലുകൾ...’’
സുഹൃത്ത് മരിച്ച വിവരം അയാളുടെ അമ്മയെയും സഹോദരിയെയും അറിയിക്കാതെ സുഹൃത്തിന്റെ അമ്മയെ സ്വന്തം അമ്മയായും സുഹൃത്തിന്റെ അനിയത്തിയെ സ്വന്തം അനിയത്തിയായും സ്വീകരിച്ച് കഷ്ടപ്പെട്ട് സമ്പാദിച്ച പണംകൊണ്ട് കൂട്ടുകാരന്റെ അനുജത്തിയുടെ വിവാഹം നടത്തിയതിനുശേഷം സത്യങ്ങൾ തുറന്നു പറയുന്ന നായകൻ.
ഹിന്ദുയുവാവ് മുസ്‍ലിം പെൺകുട്ടിയുടെ വിവാഹത്തിന് മുൻകൈയെടുക്കുമ്പോൾ സംശയക്കണ്ണെറിയുന്ന വർഗീയമനസ്സുകൾ. ഇതെല്ലാം 1970ൽതന്നെ ദൃശ്യങ്ങളാക്കിയ കെ. ടി. മുഹമ്മദിനെയും പി. ഭാസ്കരനെയും എങ്ങനെ പുകഴ്ത്താതിരിക്കും?
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.