സുമംഗലീ നീയോർമിക്കുമോ?

‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’ എന്ന സിനിമയും ‘വിവാഹിത’ എന്ന സിനിമയും ഒരേ ദിവസമാണ് കേരളത്തിലെ തിയറ്ററുകളിൽ പ്രദർശനം ആരംഭിച്ചത്. 1970 സെപ്റ്റംബർ 11​. രണ്ടു ചിത്രങ്ങൾക്കും സംഭാഷണം എഴുതിയത് തോപ്പിൽ ഭാസി. രണ്ടു ചിത്രങ്ങൾക്കും ഗാനങ്ങളൊരുക്കിയത് വയലാർ-ദേവരാജൻ ടീം – സംഗീതയാത്ര തുടരുന്നു.പൊലീസിനെ ഭയന്ന് ഒളിവിൽ കഴിയുന്ന സമയത്ത് സോമൻ എന്ന തൂലികാനാമത്തിൽ തോപ്പിൽ ഭാസി എഴുതിയ നാടകമാണ് ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’. വള്ളികുന്നം സ്വദേശിയായ യുവ ആയുർവേദ വൈദ്യൻ വൈദ്യകലാനിധി തോപ്പിൽ ഭാസ്കരപിള്ളയാണ് കമ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്ന് രാഷ്ട്രീയപ്രവർത്തകനും നാടകകൃത്തുമായ തോപ്പിൽ ഭാസിയായി വളർന്നത്....

‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’ എന്ന സിനിമയും ‘വിവാഹിത’ എന്ന സിനിമയും ഒരേ ദിവസമാണ് കേരളത്തിലെ തിയറ്ററുകളിൽ പ്രദർശനം ആരംഭിച്ചത്. 1970 സെപ്റ്റംബർ 11​. രണ്ടു ചിത്രങ്ങൾക്കും സംഭാഷണം എഴുതിയത് തോപ്പിൽ ഭാസി. രണ്ടു ചിത്രങ്ങൾക്കും ഗാനങ്ങളൊരുക്കിയത് വയലാർ-ദേവരാജൻ ടീം – സംഗീതയാത്ര തുടരുന്നു.

പൊലീസിനെ ഭയന്ന് ഒളിവിൽ കഴിയുന്ന സമയത്ത് സോമൻ എന്ന തൂലികാനാമത്തിൽ തോപ്പിൽ ഭാസി എഴുതിയ നാടകമാണ് ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’. വള്ളികുന്നം സ്വദേശിയായ യുവ ആയുർവേദ വൈദ്യൻ വൈദ്യകലാനിധി തോപ്പിൽ ഭാസ്കരപിള്ളയാണ് കമ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്ന് രാഷ്ട്രീയപ്രവർത്തകനും നാടകകൃത്തുമായ തോപ്പിൽ ഭാസിയായി വളർന്നത്. തോപ്പിൽ ഭാസി ജയിലിൽനിന്ന് പുറത്തുവന്നതിനുശേഷമാണ് നാടകം തോപ്പിൽ ഭാസിയാണ് എഴുതിയതെന്ന സത്യം ആസ്വാദകർ മനസ്സിലാക്കിയത്. 1964 വരെ ഇന്ത്യയിൽ ഒരു കമ്യൂണിസ്റ്റ് പാർട്ടിയേ ഉണ്ടായിരുന്നുള്ളൂ. അറുപത്തിനാലിലാണ് പാർട്ടി രണ്ടായതും ഇടത്, വലത് എന്നിങ്ങനെ രണ്ടായി പിരിഞ്ഞതും. പാർട്ടി രണ്ടായപ്പോൾ കെ.പി.എ.സി എന്ന സംഘടന വലതുപക്ഷത്തോടൊപ്പം (സി.പി.ഐ) നിലകൊണ്ടു.

കേരളത്തിനകത്തും പുറത്തുമായി മൂവായിരത്തിലധികം അരങ്ങുകളിൽ പ്രദർശിപ്പിച്ചു കഴിഞ്ഞ ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’ എന്ന നാടകം സിനിമയാക്കാൻ മുൻകൈയെടുത്തത് ഉദയാ സ്റ്റുഡിയോ ഉടമസ്ഥനായ കുഞ്ചാക്കോ ആണ്. തിരക്കഥയും സംഭാഷണവും എഴുതി ചിത്രം തോപ്പിൽ ഭാസിതന്നെ സംവിധാനംചെയ്തു. സത്യൻ, പ്രേംനസീർ, ഷീല, ഉമ്മർ, ജയഭാരതി, കെ.പി.എ.സി ലളിത, കോട്ടയം ചെല്ലപ്പൻ, എസ്.പി. പിള്ള, ആലുമ്മൂടൻ, തോപ്പിൽ കൃഷ്ണപിള്ള (തോപ്പിൽ ഭാസിയുടെ സഹോദരൻ), വിജയകുമാരി, അടൂർ പങ്കജം തുടങ്ങിയവർ അഭിനേതാക്കളായി. വയലാർ എഴുതി ദേവരാജൻ ഈണം പകർന്ന ഗാനങ്ങൾ യേശുദാസ്, പി. സുശീല, പി. ലീല, സി.ഒ. ആന്റോ, എം.ജി. രാധാകൃഷ്ണൻ, പി. ലീല, ബി. വസന്ത, മാധുരി എന്നിവർ ആലപിച്ചു.

പി. സുശീല പാടിയ ‘‘എല്ലാരും പാടത്ത്‌ സ്വർണം വിതച്ചു...’’ എന്നു തുടങ്ങുന്ന ഗാനം മനോഹരമാണ്.

‘‘എല്ലാരും പാടത്ത് സ്വർണം വിതച്ചു, ഏനെന്റെ പാടത്ത്‌ സ്വപ്നം വിതച്ചു... സ്വർണം വിളഞ്ഞതും നൂറുമേനി സ്വപ്നം വിളഞ്ഞതും നൂറുമേനി... പകൽ വാഴും തമ്പിരാൻവന്ന് പൊന്നുംവെയിൽ കുടനീർത്തുമ്പോൾ കിളിയാട്ടാൻ എനിറങ്ങി കിലുകിലെ കിലുകിലെ വളകിലുങ്ങി -കയ്യിൽ കിലുകിലെ വള കിലുങ്ങി’’ എന്നിങ്ങനെ തുടരുന്ന ഗാനം ഹിറ്റായി.


യേശുദാസ് പാടിയ ‘‘അമ്പലപ്പറമ്പിലെ ആരാമത്തിലെ ചെമ്പരത്തിപ്പൂവേ അങ്കച്ചമയത്തിനണിയാനിത്തിരി സിന്ദൂരമുണ്ടോ -സിന്ദൂരം?’’ എന്ന പാട്ടും ശ്രദ്ധേയം. ‘‘ഉദയാസ്തമന പതാകകൾ പറക്കും രഥവുമായ് നിൽപ്പൂ കാലം എതിരേൽപ്പൂ -നമ്മെ എതിരേൽപ്പൂ പുതിയ ഹംസഗാനം’’ എന്നിങ്ങനെ തുടരുന്ന ഗാനം വളരെ പ്രശസ്തമാണ്. പി. സുശീലയും എം.ജി. രാധാകൃഷ്ണനും ചേർന്ന് പാടിയ ‘‘പല്ലനയാറിൻതീരത്തിൽ​/ പത്മപരാഗകുടീരത്തിൽ/ വിളക്കു വെയ്ക്കും യുവകന്യകയൊരു/ വിപ്ലവഗാനം കേട്ടു.../ മാറ്റുവിൻ ചട്ടങ്ങളെ... മാറ്റുവിൻ ചട്ടങ്ങളെ... മാറ്റുവിൻ... മാറ്റുവിൻ... മാറ്റുവിൻ..!’’

പല്ലനയാറ്റിൽ ഉണ്ടായ ബോട്ടപകടത്തിലാണല്ലോ മഹാകവി കുമാരനാശാൻ അന്തരിച്ചത്, അദ്ദേഹം എഴുതിയ വരികളാണ് ‘‘മാറ്റുവിൻ ചട്ടങ്ങളെ, അല്ലായ്കിൽ മാറ്റുമതുകളീ നിങ്ങളെ താൻ’’ എന്നത്. യേശുദാസ് പാടിയ ‘‘അമ്പലപ്പറമ്പിലെ, ആരാമത്തിലെ ചെമ്പരത്തിപ്പൂവേ അങ്കച്ചമയത്തിനണിയാനിത്തിരി സിന്ദൂരമുണ്ടോ സിന്ദൂരം..?’’ എന്ന പ്രശസ്തഗാനവും ഈ സിനിമയിൽ ഉള്ളതാണ്. ഉടനീളം വചനഭംഗിയും ആശയഭദ്രതയുമുള്ള ഈ പാട്ട് ഇങ്ങനെ തുടരുന്നു: ‘‘ഉദയാസ്തമനപതാകകൾ പറക്കും രഥവുമായ് നിൽപ്പൂ കാലം -പുഷ്പരഥവുമായ് നിൽപ്പൂ കാലം... എതിരേൽപ്പൂ നമ്മെ എതിരേൽപ്പൂ പുതിയ ഹംസഗാനം.’’ ഗാനത്തിലെ തുടർന്നുള്ള ചരണവും വളരെ നന്ന്. യേശുദാസ് തന്നെ പാടിയ ‘‘നീലക്കടമ്പിൻ പൂവോ -ഇളം പീലിവിതിർത്ത നിലാവോ... നിൻ കണ്മുനയിൽ നിൻ ചെഞ്ചൊടിയിൽ നിന്നിൽ നിറയുന്ന തേൻകിനാവോ..?’’ എന്നാരംഭിക്കുന്ന പാട്ടും ശ്രദ്ധേയമായിരുന്നു.

യേശുദാസ്, പി. ലീല, പി. മാധുരി, ബി. വസന്ത എന്നിവർ ചേർന്നു പാടിയ ‘‘കൊതുമ്പുവള്ളം തുഴഞ്ഞുവരും കൊച്ചുപുലക്കള്ളി -നിന്റെ കൊയ്ത്തരിവാൾ തീർത്തതേതൊരു കൊല്ലപ്പണിക്കത്തി’’ എന്നു തുടങ്ങുന്ന സംഘഗാനവും യേശുദാസും മാധുരിയും സംഘവും പാടിയ ‘‘ഐക്യമുന്നണി...ഐക്യമുന്നണി അലയടിച്ചടിച്ചിരമ്പും ഐക്യമുന്നണി... സിന്ദാബാദ് സിന്ദാബാദ്... ഐക്യമുന്നണി സിന്ദാബാദ്... കട്ടകുത്തി ചിറപിടിച്ചു വിത്തെറിഞ്ഞു മുത്തുകൊയ്ത കർഷകന്റെ കൊടിയുയർത്തുമൈക്യമുന്നണി... തൊണ്ടു തല്ലി ചകിരിയാക്കി ചകിരിനാരു കയ്യിലിട്ടു തങ്കനൂലു നൂൽക്കുവോരുടെ ഐക്യമുന്നണി... സിന്ദാബാദ് സിന്ദാബാദ് ജനകീയ ഐക്യം സിന്ദാബാദ്...’’ എന്ന വിപ്ലവജാഥാഗാനവും ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’ എന്ന സിനിമയിൽ ഉണ്ടായിരുന്നു. നാടകത്തിലെ പ്രശസ്ത ഗാനങ്ങൾ ഒ.എൻ.വിയും പരവൂർ ദേവരാജനും അവരുടെ യൗവനകാലത്ത് സൃഷ്ടിച്ചവയാണ്. അവയിൽനിന്ന് രൂപത്തിലും ഭാവത്തിലും തുലോം വ്യത്യസ്തങ്ങളായിരുന്നു ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’ എന്ന സിനിമയിലെ പാട്ടുകൾ. നാടകം വന്നത് വർഷം 1952ൽ; സിനിമ വന്നത് 1970ൽ. പതിനെട്ടു വർഷങ്ങളുടെ ഇടവേള. ഇതിനിടയിൽ നാടകഗാനങ്ങളുടെയും സിനിമാഗാനങ്ങളുടെയും രൂപഭാവങ്ങളിൽ വലിയ മാറ്റങ്ങളുണ്ടായി. ഈ സത്യം മനസ്സിലാക്കിയാണ് വയലാറും ദേവരാജനും ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’ എന്ന സിനിമയുടെ പാട്ടുകൾ സൃഷ്ടിച്ചത്. 1970 സെപ്റ്റംബർ 11ന് തോപ്പിൽ ഭാസി സംവിധാനം ചെയ്ത ഈ ചിത്രം തിയറ്ററുകളിലെത്തി.

1963 ജനുവരി 18ന്​ റിലീസ് ചെയ്ത ‘ഗുംറ’ (GUMRAH ) എന്ന ഹിന്ദി ചിത്രം വളരെ വലിയ വിജയം നേടി. അശോക് കുമാറും സുനിൽ ദത്തും നായകന്മാരായ ഈ സിനിമയിൽ മാലാസിൻഹയായിരുന്നു നായിക. ശശികല എന്ന നടി പ്രതിനായികയും. ബി.ആർ. ചോപ്രയാണ് ‘ഗുംറ’യുടെ നിർമാതാവും സംവിധായകനും. ഈ സിനിമയിലെ പാട്ടുകളും സൂപ്പർഹിറ്റുകളായി. പിൽക്കാലത്ത് ലോകപ്രശസ്തനായിത്തീർന്ന സിതാർ വാദകൻ രവിശങ്കറാണ് ഈ ചിത്രത്തിന്റെ സംഗീതസംവിധായകൻ. സാഹിർ ലുധിയാൻവി ഗാനങ്ങൾ എഴുതി. ആത്മാർഥമായി പ്രണയിക്കുന്ന കാമുകനെ വിസ്മരിച്ച് അപ്രതീക്ഷിതമായി അന്തരിക്കുന്ന ചേച്ചിയുടെ ഭർത്താവിനെ വിവാഹം ചെയ്യേണ്ടിവരുന്ന നായികയുടെ മാനസിക സംഘർഷങ്ങളാണ് ഈ സിനിമയുടെ പ്രമേയം.

ഈ കഥയുടെ മലയാളം റീമേക്കാണ് എ.എൽ.എസ് പ്രൊഡക്ഷൻസ് നിർമിച്ച ‘വിവാഹിത’ എന്ന ചിത്രം. എം. കൃഷ്ണൻനായരുടെ സംവിധാനത്തിൽ മേൽത്തരം ഗാനങ്ങളുമായി പുറത്തുവന്ന ‘വിവാഹിത’യും ‘ഗുംറ’യെ പോലെ തന്നെ വൻവിജയം നേടി. വയലാർ എഴുതി ദേവരാജൻ ഈണമിട്ട ഈ ചിത്രത്തിലെ എല്ലാ പാട്ടുകളും ജനഹൃദയം കീഴടക്കി. ‘‘സുമംഗലീ നീ ഓർമിക്കുമോ... സ്വപ്‍നത്തിലെങ്കിലും ഈ ഗാനം’’ എന്ന പാട്ട് മലയാള സിനിമയിലെ അവിസ്മരണീയ ഗാനങ്ങളിലൊന്നാണ്. സത്യനും പ്രേംനസീറും നായകന്മാരായ ‘വിവാഹിത’യിൽ പ്രശസ്ത നടി പത്മിനിയായിരുന്നു നായിക. കെ.പി. ഉമ്മർ, ടി.എസ്. മുത്തയ്യ, ജയഭാരതി, കവിയൂർ പൊന്നമ്മ, മുതുകുളം രാഘവൻ പിള്ള തുടങ്ങിയവരും അഭിനയിച്ചു. തോപ്പിൽ ഭാസി തിരക്കഥയും സംഭാഷണവും എഴുതി. ചിത്രത്തിൽ ആകെ എട്ടു ഗാനങ്ങൾ ഉണ്ടായിരുന്നു. യേശുദാസ്, പി. സുശീല, പി. മാധുരി എന്നിവരാണ് ഗാനങ്ങൾ ആലപിച്ചത്.

രണ്ടു യുഗ്മഗാനങ്ങളടക്കം അഞ്ചു പാട്ടുകളാണ് യേശുദാസ് ‘വിവാഹിത’ക്കു വേണ്ടി പാടിയത്. ‘‘അരയന്നമേ ഇണയരയന്നമേ തിരിച്ചു വരുമോ... ചെന്താമരകൾ തപസ്സിരിക്കും പൊയ്കയിൽ നീ അരയന്നമേ ഇണയരയന്നമേ..!’’ എന്ന ഗാനവും ‘‘ദേവലോക രഥവുമായ് തെന്നലേ തെന്നലേ തെന്നലേ... തേടിവന്നതാരെ നീ തെന്നലേ തെന്നലേ തെന്നലേ....’’ എന്ന ഗാനവും ‘‘മായാജാലകവാതിൽ തുറക്കും മധുരസ്മരണകളേ... മന്ദസ്മിതമാം മണിവിളക്കുഴിയും മന്ത്രവാദിനികൾ -നിങ്ങൾ മഞ്ജുഭാഷിണികൾ’’ എന്ന ഗാനവും ‘‘സുമംഗലീ നീ ഓർമിക്കുമോ സ്വപ്നത്തിലെങ്കിലും ഈ ഗാനം... ഒരു ഗദ്ഗദമായ് മനസ്സിലലിയും ഒരു പ്രേമകഥയിലെ ദുഃഖഗാനം’’ എന്ന ഗാനവുമാണ് യേശുദാസ് പാടിയ സോളോഗാനങ്ങൾ. ‘‘സുമംഗലീ നീ ഓർമിക്കുമോ’’ എന്ന ഗാനത്തിലെ എല്ലാവരികളും ഗാനാസ്വാദകർക്കു കാണാപ്പാഠമായിരിക്കും. ‘‘പിരിഞ്ഞുപോകും നിനക്കിനിയിക്കഥ മറക്കുവാനേ കഴിയൂ... നിറഞ്ഞ മാറിലെ ആദ്യനഖക്ഷതം മറയ്ക്കുവാനേ കഴിയൂ -കൂന്തലാൽ മറയ്ക്കുവാനേ കഴിയൂ...’’ തുടങ്ങിയുള്ള ഈ പാട്ടിലെ വരികളെല്ലാം തന്നെ വളരെ പ്രശസ്തി നേടിയവയാണല്ലോ.

Full View

പി. സുശീല പാടിയ ‘‘പച്ചമലയിൽ പവിഴമലയിൽ പട്ടുടുത്ത താഴ്വരയിൽ കണ്ടുമുട്ടീ പണ്ടൊരിക്കൽ രണ്ടു കൃഷ്ണമൃഗങ്ങൾ’’ എന്ന പാട്ടും ‘കഥ പറയുന്ന ഗാനം’ എന്ന നിലയിൽ പ്രാധാന്യമർഹിക്കുന്നു. വരികൾ ഇങ്ങനെ തുടരുന്നു: ‘‘വർഷമയൂരം പീലി വിടർത്തും വൃക്ഷലതാഗൃഹങ്ങളിൽ മെയ്യും മെയ്യുമുരുമ്മി നിന്നുമേഞ്ഞു മേഞ്ഞു നടന്നു -കാട്ടിൽ മേഞ്ഞുമേഞ്ഞു നടന്നു...’’ പി. സുശീല ഈ ഗാനംതന്നെ തികഞ്ഞ ദുഃഖഭാവത്തിലും ആലപിച്ചിട്ടുണ്ട്. രണ്ടു ഗാനങ്ങളായി തന്നെയാണ് ഈ പാട്ട് കണക്കാക്കപ്പെടുന്നത്. യേശുദാസും പി. മാധുരിയും ചേർന്നു പാടിയ യുഗ്മഗാനമിതാണ്: ‘‘വസന്തത്തിൻ മകളല്ലോ മുല്ലവള്ളി അവൾക്കല്ലോ പൂഞ്ചോടിയിൽ തേൻതുള്ളി വളയിട്ട കൈകളാൽ പൂമരച്ചില്ലകൾ വാരിപ്പുണരുന്ന മുല്ലവള്ളി...’’ ഇതേ ഗാനം പി. സുശീലയോടൊപ്പവും യേശുദാസ് പാടിയിട്ടുണ്ട്. ഈ പാട്ടാണ് സിനിമയിൽ വന്നത്. പാട്ടിന്റെ ചരണങ്ങളും നന്ന്. ‘വിവാഹിത’ എന്ന ചിത്രത്തിന്റെ വമ്പിച്ച വിജയത്തിൽ അതിലെ പാട്ടുകൾക്ക് വലിയ പങ്കുണ്ട്. ‘‘സുമംഗലീ നീ ഓർമിക്കുമോ?’’ എന്ന ഗാനംതന്നെയാണ് നമ്മുടെ ഓർമകളെ കൂടുതൽ താലോലിക്കുന്നത്.

‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’ എന്ന സിനിമയും ‘വിവാഹിത’ എന്ന സിനിമയും ഒരേ ദിവസമാണ് കേരളത്തിലെ തിയറ്ററുകളിൽ പ്രദർശനം ആരംഭിച്ചത്. 1970 സെപ്റ്റംബർ 11​. രണ്ടു ചിത്രങ്ങൾക്കും സംഭാഷണം എഴുതിയത് തോപ്പിൽ ഭാസി. രണ്ടു ചിത്രങ്ങൾക്കും ഗാനങ്ങളൊരുക്കിയത് വയലാർ-ദേവരാജൻ ടീം. ആദ്യ ചിത്രത്തിന്റെ സംവിധായകൻ തോപ്പിൽ ഭാസി തന്നെ, രണ്ടാമത്തെ ചിത്രത്തിന്റെ സംവിധായകൻ എം. കൃഷ്ണൻ നായർ. മികച്ച കമേഴ്‌സ്യൽ സിനിമകൾ തുടർച്ചയായി കാണാൻ മലയാളി പ്രേക്ഷകർക്ക് അവസരം ലഭിച്ച കാലഘട്ടം.

1970 സെപ്റ്റംബർ 25ന് പ്രദർശനമാരംഭിച്ച ‘നിലയ്ക്കാത്ത ചലനങ്ങൾ’ എന്ന സിനിമയിലും വയലാർ-ദേവരാജൻ ടീമിന്റെ പാട്ടുകളാണ് ഉണ്ടായിരുന്നത്. വി.എസ് സിനി ആർട്സിന്റെ ബാനറിൽ മിസിസ് പി. സുകുമാരൻ നിർമിച്ച ഈ ചിത്രം കെ. സുകുമാരൻ നായരാണ് സംവിധാനം ചെയ്തത്. സണ്ണി മാമൂട്ടിൽ എഴുതിയ കഥക്ക് കാനം ഇ.ജെ സംഭാഷണമെഴുതി. സത്യൻ, മധു, ജയഭാരതി, ജോസ് പ്രകാശ്, ആലുമ്മൂടൻ, ആറന്മുള പൊന്നമ്മ, എസ്.പി. പിള്ള, അടൂർ ഭവാനി, കോട്ടയം ചെല്ലപ്പൻ, ടി.ആർ. ഓമന, ബഹദൂർ, നെല്ലിക്കോട് ഭാസ്കരൻ തുടങ്ങിയവർ അഭിനയിച്ചു. വയലാർ എഴുതി ദേവരാജൻ സംഗീതം നൽകിയ അഞ്ചു ഗാനങ്ങൾ യേശുദാസ്, പി. സുശീല, പി. ജയചന്ദ്രൻ, പി. മാധുരി എന്നിവർ പാടി. യേശുദാസ് പാടിയ ‘‘പ്രിയംവദയല്ലയോ...’’, പി. സുശീല പാടിയ ‘‘ദുഃഖവെള്ളിയാഴ്ചകളെ’’, ‘‘മധ്യവേനലവധിയായി’’, പി. ജയചന്ദ്രൻ പാടിയ ‘‘ശ്രീനഗരത്തിലെ...’’, പി. മാധുരി പാടിയ ‘‘ശരത്കാല യാമിനി...’’ എന്നിവയാണ് ഈ അഞ്ചു ഗാനങ്ങൾ. പാട്ടുകൾ ഒന്നുംതന്നെ മോശമായിരുന്നില്ല. യേശുദാസ് പാടിയ ‘‘പ്രിയംവദയല്ലയോ..?’’ എന്നു തുടങ്ങുന്ന പാട്ട് വളരെ ലളിതവും അതിന്റെ ഈണം സംഗീതമറിയാത്തവർക്കും ഏറ്റുപാടാൻ പാകത്തിലുള്ളതും ആയിരുന്നു. ‘‘പ്രിയംവദയല്ലയോ... പറയുകയില്ലയോ പ്രണയസ്വരൂപിണിയല്ലയോ -എന്റെ പ്രിയതമയാവുകയില്ലയോ...’’ എന്നിങ്ങനെയാണ് പല്ലവി. ക്രിസ്ത്യൻ കഥാപാത്രങ്ങളാണ് ഗാനം പാടുന്നത്. അതുകൊണ്ട് വയലാർ പാട്ടിന്റെ രണ്ടാമത്തെ ചരണം താഴെ പറയുന്ന രീതിയിലാണ് എഴുതിയത്. ‘‘ഇടവകപ്പള്ളിയിൽ ഇനിയൊരു സന്ധ്യയിൽ വരികില്ലയോ തങ്കം, വരികില്ലയോ മധുരമാം ലജ്ജയിൽ മയങ്ങിനിന്നങ്ങനെ മനസ്സമ്മതം നീ തരികില്ലയോ..?’’

Full View

പി. ജയചന്ദ്രൻ പാടിയ ‘‘ശ്രീനഗരത്തിലെ ചിത്രവനത്തിലെ ശിശിരമനോഹര ചന്ദ്രികേ നിന്റെ കനകവിമാനത്തിൽ ഞാനൊരു സ്വർണഭൃംഗമായ് പറന്നോട്ടേ’’ എന്ന് തുടങ്ങുന്ന ഗാനമാണ് ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് എന്നു തോന്നുന്നു. ഗാനത്തിലെ തുടർന്നുള്ള വരികളും ശ്രദ്ധേയം.

‘‘സസ്യശ്യാമള കോമളമാകും സഹ്യന്റെ താഴ്വരയിൽ നീ ചെന്നിറങ്ങുമ്പോൾ നീലപ്പൂങ്കാവുകൾ നിന്നെ പുണരുമ്പോൾ ആകെ തുടുക്കുമെൻ മലയാളത്തിന്റെ അഴകൊന്നു കണ്ടോട്ടേ...’’

പി. സുശീല പാടിയ രണ്ടു പാട്ടുകൾ ചിത്രത്തിലുണ്ട്. ‘‘ദുഃഖവെള്ളിയാഴ്ചകളേ...’’ എന്നാരംഭിക്കുന്ന ശോകഗാനവും (താരാട്ട്) ‘‘മധ്യവേനലവധിയായി...’’ എന്ന് തുടങ്ങുന്ന ഗാനവും. ‘‘ദുഃഖവെള്ളിയാഴ്ചകളേ ഗദ്ഗദത്തിൻ ഗാനം മൂളും സ്വർഗവാതിൽ പക്ഷികളേ ഉറക്കൂ... ഈ മുത്തിനെയുറക്കൂ... ദുഃഖ വെള്ളിയാഴ്ചകളേ...’’ എന്നിങ്ങനെയാണ് താരാട്ടിന്റെ തുടക്കം.

‘‘മധ്യവേനലവധിയായി -ഓർമകൾ ചിത്രശാല തുറക്കുകയായി... മുത്തുകളിൽ ചവിട്ടി... മുള്ളുകളിൽ ചവിട്ടി... നഗ്നമായ കാലടികൾ മനസ്സിൻ കാലടികൾ...’’ എന്നിങ്ങനെയാണ് പി. സുശീലയുടെ രണ്ടാമത്തെ പാട്ടിന്റെ തുടക്കം.

‘‘എത്ര ദിവാസ്വപ്നങ്ങൾ എത്ര രോമഹർഷങ്ങൾ... എട്ടുകാലിവലയിൽ വീണ തേനീച്ചകൾ... അവയടിച്ചു മാറ്റുമ്പോൾ ചുവരെഴുത്തു മായ്ക്കുമ്പോൾ... അറിയാതെന്നുള്ളിലെത്ര നെടുവീർപ്പുകൾ...’’ എന്നിങ്ങനെ തുടരുന്നു വയലാറിന്റെ വരികൾ.

‘‘ശരത്കാലയാമിനി സുമംഗലിയായി ശരപ്പൊളിമാല ചാർത്തി ശയ്യയിൽ പൂക്കൾ തൂകി... ശരറാന്തൽ വിളക്കിലെ തിരിതാഴ്ത്തി -അവൾ തിരി താഴ്ത്തി’’ എന്ന പാട്ടാണ് ചിത്രത്തിനു വേണ്ടി പി. മാധുരി പാടിയത്. ഈ ഗാനവും വയലാറിന്റെ നല്ല രചനകളിലൊന്നാണ്. ‘‘നിറഞ്ഞ യൗവനത്തിന്റെ നിധികുംഭങ്ങളുമായി നിലാവിന്റെ ജനലുകൾ അടച്ചു -അവൾ അടച്ചു. ആയിരം വികാരങ്ങൾ അചുംബിതവികാരങ്ങൾ അധരമുദ്രകൾ ചൂടിവിടർന്നു –മാറിൽ പടർന്നു.... ഞാനും യാമിനിയും ഒരുപോലെ ഞങ്ങടെ ദാഹങ്ങൾ ഒരുപോലെ’’ തുടങ്ങിയ വരികൾ ലളിതമധുരമായ രീതിയിൽ രതിഭാവം പകർത്താനുള്ള കവിയുടെ വൈദഗ്ധ്യം വെളിവാക്കുന്നു.

നേരത്തേ സൂചിപ്പിച്ചതുപോലെ കെ. സുകുമാരൻ നായർ സംവിധാനംചെയ്ത ‘നിലയ്ക്കാത്ത ചലനങ്ങൾ’ എന്ന ചിത്രത്തിനുവേണ്ടി വയലാർ എഴുതി ദേവരാജൻ സ്വരപ്പെടുത്തിയ ഒരു പാട്ടും മോശമായില്ല; ഒരു പാട്ടും സൂപ്പർഹിറ്റും ആയില്ല. ചിത്രം സാമ്പത്തിക വിജയം നേടിയതുമില്ല.

(തുടരും)

Tags:    
News Summary - sreekumaran thampi sangeetha yathrakal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.