‘‘ക്രിസ്ത്യൻ സമുദായത്തിലുള്ളവർ വർഷങ്ങളായി പാടിവരുന്ന ‘സമയമാം രഥത്തിൽ ഞാൻ സ്വർഗയാത്ര ചെയ്യുന്നു’ എന്ന ഗാനം ദേവരാജന്റെ സംഗീതത്തിൽ ‘അരനാഴിക നേര’ത്തിൽ പുനർജനിച്ചു. ഇതിന്റെ രചയിതാവ് ഫാദർ നാഗേൽ എന്നാണ് നിർമാതാക്കൾ പരസ്യപ്പെടുത്തിയിട്ടുള്ളത്. പരമ്പരാഗത ഗാനത്തിൽ വയലാർ ചില വരികൾ എഴുതിച്ചേർത്തു എന്നും വിശ്വസിക്കുന്നവരുണ്ട്.’’ –വയലാർ-ദേവരാജൻ ടീം ആധിപത്യം പുലർത്തിയ കാലത്തെ ചില പാട്ടുകളെക്കുറിച്ച് ശ്രീകുമാരൻ തമ്പി എഴുതുന്നു.
‘താര’ എന്ന ഉദയാ ചിത്രത്തിന്റെ കഥ തികച്ചും വ്യത്യസ്തമായിരുന്നു. വിവാഹം തീരുമാനിക്കപ്പെട്ടതിനുശേഷം ഭാവിവരനും ഭാവിവധുവും തികച്ചും അപ്രതീക്ഷിതമായി തീവണ്ടിയിലെ ഒന്നാം ക്ലാസ് കമ്പാർട്മെന്റിൽവെച്ച് കണ്ടുമുട്ടുന്നു. ഭാവിയിൽ ഒരുമിച്ച് ജീവിക്കേണ്ടവർ. സംസാരിച്ചു സംസാരിച്ച് അവർ കൂടുതൽ അടുക്കുന്നു. നിയന്ത്രണം വിട്ട് അവർ ശാരീരികമായി ബന്ധപ്പെടുന്നു. സ്നേഹത്തോടെയും തികഞ്ഞ സംതൃപ്തിയോടെയും അവർ യാത്രപറഞ്ഞു പിരിയുന്നു. വിവാഹത്തീയതിയെത്തുന്നതിനു മുമ്പ് തികച്ചും അപ്രതീക്ഷിതമായി വരൻ മരിക്കുന്നു. അയാൾ മരിച്ചുകഴിയുമ്പോഴാണ് വധു ആ സത്യം ഞെട്ടലോടെ തിരിച്ചറിയുന്നത്, അവൾ ഗർഭിണിയാണ്... പിന്നീട് താര എന്ന കഥാപാത്രം അനുഭവിക്കുന്ന യാതനകളാണ് കഥയുടെ മർമം.
എം. കൃഷ്ണൻ നായരെയാണ് നിർമാതാവായ കുഞ്ചാക്കോ ഈ ചിത്രത്തിന്റെ സംവിധാന ചുമതല ഏൽപിച്ചത്. താരയായി ശാരദ അഭിനയിച്ചു. സത്യൻ, പ്രേംനസീർ, ഉമ്മർ, തിക്കുറിശ്ശി, ജയഭാരതി, ആറന്മുള പൊന്നമ്മ, അടൂർ ഭവാനി, അടൂർ പങ്കജം, പങ്കജവല്ലി, കോട്ടയം ചെല്ലപ്പൻ, എസ്.പി. പിള്ള, ആലുമ്മൂടൻ തുടങ്ങിയവരായിരുന്നു ഇതര നടീനടന്മാർ. ശാരംഗപാണി എഴുതിയ കഥക്ക് എസ്.എൽ. പുരം സദാനന്ദൻ സംഭാഷണം എഴുതി. വയലാറും ദേവരാജനും തന്നെ ഗാനവിഭാഗം കൈകാര്യംചെയ്തു. യേശുദാസ്, പി. സുശീല, ജയചന്ദ്രൻ, വസന്ത എന്നിവർ ഗാനങ്ങൾ പാടി. ‘താര’യിലെ മിക്കവാറും എല്ലാ പാട്ടുകളും നന്നായിരുന്നു എന്നുപറയാം. രണ്ടു മൂന്നു ഗാനങ്ങൾ വമ്പിച്ച ജനപ്രീതി നേടി. യേശുദാസ് പാടിയ ‘‘ഉത്തരായനക്കിളി പാടി ഉന്മാദിനിയെ പോലെ’’ എന്ന ഗാനവും ‘‘കാളിദാസൻ മരിച്ചു’’ എന്ന ഗാനവും രചനാസൗന്ദര്യത്താൽ ശ്രദ്ധേയങ്ങളായി. ജയചന്ദ്രൻ പാടിയ ‘‘നുണക്കുഴിക്കവിളിൽ നഖചിത്രമെഴുതും താരേ...’’ എന്ന ഗാനമാകട്ടെ ഈണത്തിന്റെ വേഗതകൊണ്ടും ആലാപനംകൊണ്ടും മികച്ചുനിന്നു. പി. സുശീല പാടിയ ‘‘കാവേരിപ്പൂന്തെന്നലേ...’’ എന്നു തുടങ്ങുന്ന ഗാനവും വസന്ത പാടിയ ‘‘മണ്ണിൽ പെണ്ണായ് പിറന്ന തെറ്റിന് മാപ്പു തരൂ...’’ എന്ന ഗാനവുമാണ് ചിത്രത്തിലെ മറ്റു രണ്ടു പാട്ടുകൾ. ഇനി പാട്ടുകൾ ഓരോന്നായി ശ്രദ്ധിക്കാം.
‘‘ഉത്തരായനക്കിളി പാടി ഉന്മാദിനിയെ പോലെ/ പൊന്നും വളയിട്ട വെണ്ണിലാവേ -നിന്നെ/ ഒന്നു ചുംബിച്ചോട്ടെ...’’ എന്നിങ്ങനെ പല്ലവിയുള്ള യേശുദാസ് ഗാനം തുടരുന്നു.
‘‘കുറുനിരകൾ മാടിയൊതുക്കി/കുനുകൂന്തൽ നെറുകയിൽ കെട്ടി/ അരയിൽ ജഗന്നാഥൻ പുടവചുറ്റി/ മുത്തോലക്കുട ചൂടി, മൂവന്തിപ്പുഴ നീന്തി / മൺവിളക്കുമേന്തിവരും വെണ്ണിലാവേ/ എൻ വികാരം നിന്നിൽ വന്നു നിറയുകില്ലേ/ ഒരുനാൾ നിറയുകില്ലേ...’’
യേശുദാസിന്റെ രണ്ടാമത്തെ ഗാനം വളരെ പ്രസിദ്ധമാണ്: ‘‘കാളിദാസൻ മരിച്ചു/ കണ്വമാമുനി മരിച്ചു/അനസൂയ മരിച്ചു/ പ്രിയംവദ മരിച്ചു/ശകുന്തള മാത്രം മരിച്ചില്ല...’’ എന്നിങ്ങനെ തുടങ്ങുന്ന ഗാനം.
‘‘ദർഭകൾ പൂക്കുന്ന മാലിനീ തീരത്ത്/ ഗർഭിണിയാമവൾ ഇരിക്കുന്നു / അവളുടെ മനസ്സിലെ നിത്യഹോമാഗ്നിയിൽ/ ആയിരം സ്വപ്‌നങ്ങൾ കരിയുന്നു/ കാലം ചിരിക്കുന്നു...’’
ജയചന്ദ്രൻ പാടിയ ഗാനമിതാണ്. ‘‘നുണക്കുഴിക്കവിളിൽ നഖചിത്രമെഴുതും/ താരേ.... താരേ.../ ഒളികണ്മുനകൊണ്ടു/ കുളിരമ്പെയ്യുന്നതാരെ... ആരെ, യാരെയാരെ...’’പല്ലവിപോലെ തന്നെ ഗാനത്തിന്റെ ചരണങ്ങളും മാദകത്വം നിറഞ്ഞവ തന്നെ. ‘‘അനുരാഗക്കടലിൽനിന്നമൃതുമായ് പൊന്തിയ താരേ... താരേ/ മനസ്സിൽ വെച്ചെപ്പൊഴും നീ ആരാധിക്കുന്നതാരെ/ചിരികൊണ്ടു പൂക്കളെ നാണത്തിൽ മുക്കിയതാരേ/ ചുടുചുംബനംകൊണ്ടു മൂടിപ്പുതപ്പിച്ചതാരെ/ ആരെയാരെയാരെ...’’
പി. സുശീല പാടിയ ഗാനം ഇങ്ങനെ തുടങ്ങുന്നു:
‘‘കാവേരിപ്പൂന്തെന്നലേ/ കാമമുണർത്തും തെന്നലേ/ കാഞ്ചിപുരം പട്ടു നീ തരുമോ -എന്റെ/ കല്യാണരാത്രിയിൽ നീ വരുമോ..?’’
ആദ്യത്തെ ചരണം ഇങ്ങനെ: ‘‘കളഭത്തളികകൾ വേണം -കയ്യിൽ/ കർണികാരപ്പൂക്കൾ വേണം/ തിരുമണ പന്തലലങ്കരിക്കേണം/ തിരിയിടും വിളക്കുകൾ വേണം...’’
വസന്ത പാടിയതാണ് അഞ്ചാമത്തെ ഗാനം... ‘‘മണ്ണിൽ പെണ്ണായ് പിറന്ന തെറ്റിനു/ മാപ്പു തരൂ മാപ്പു തരൂ/ ഈശ്വരനുണ്ടെങ്കിൽ ഈശ്വരൻ കൂടിയും/ ഇന്ന് ഞങ്ങളെ കൈവെടിഞ്ഞു നിറഞ്ഞ നിർവികാരാന്ധകാരങ്ങളിൽ നിശ്ശബ്ദ മോഹങ്ങളലിഞ്ഞു -ഞങ്ങൾ തൻ നിശ്ശബ്ദ മോഹങ്ങളലിഞ്ഞു...’’
എം. കൃഷ്ണൻ നായർ സംവിധാനം ചെയ്ത എക്സെൽ പ്രൊഡക്ഷൻസിന്റെ ‘താര’യുടെ കഥ ദുഃഖനിർഭരമാണെങ്കിലും ചിത്രം ശുഭപര്യവസായിയാണ്. അതുകൊണ്ടുകൂടിയാകാം ‘താര’ സാമ്പത്തികവിജയം നേടിയത്. 1970 ഡിസംബർ 18ന് സിനിമ തിയറ്ററുകളിലെത്തി.
പ്രേംനസീറിനു സ്ഥിരമായി സി.ഐ.ഡി വേഷം നൽകി, ആ പൊലീസ് ഉദ്യോഗസ്ഥന് നസീർ എന്നുതന്നെ പേരു നൽകി ചിത്രങ്ങൾ തുടർച്ചയായി നിർമിച്ച സംവിധായകനാണ് പി. വേണു. ഈ ചിത്രങ്ങളിലൊക്കെ മികച്ച പാട്ടുകൾ വേണമെന്ന് അദ്ദേഹത്തിന് നിർബന്ധമുണ്ടായിരുന്നുതാനും. ‘ഉദ്യോഗസ്ഥ’, ‘വീട്ടുമൃഗം’ തുടങ്ങിയ കുടുംബചിത്രങ്ങൾ സംവിധാനം ചെയ്തതിനു ശേഷമാണ് അദ്ദേഹം സി.ഐ.ഡി ചിത്രങ്ങളിലേക്കു തിരിഞ്ഞത്. ടി.സി. ശങ്കർ നിർമിച്ച് വേണുതന്നെ കഥയും തിരക്കഥയും എഴുതി സംവിധാനംചെയ്ത ‘ഡിറ്റക്ടീവ് 909 കേരളത്തിൽ’ എന്ന സിനിമ വേണുവിന്റെ സി.ഐ.ഡി പരമ്പരയിലെ ആദ്യ സിനിമയായിരുന്നു. പക്ഷേ, ഈ ചിത്രത്തിൽ പ്രേംനസീർ ഉണ്ടായിരുന്നില്ല.
കെ.പി. ഉമ്മർ, വിജയശ്രീ, ജയഭാരതി, കൊട്ടാരക്കര ശ്രീധരൻ നായർ, മുത്തയ്യ, ശങ്കരാടി, മീന, ശ്രീലത, സാധന, ജൂനിയർ ഷീല തുടങ്ങിയവരായിരുന്നു അഭിനേതാക്കൾ. പ്രശസ്ത നടനും നാടകകൃത്തുമായ പി.ജെ. ആന്റണി ഈ പടത്തിനു സംഭാഷണം രചിച്ചു. പി. ഭാസ്കരൻ എഴുതിയ ഗാനങ്ങൾക്ക് എം.കെ. അർജുനൻ സംഗീതം നൽകി. യേശുദാസ്, ജയചന്ദ്രൻ, എസ്. ജാനകി എന്നിവരോടൊപ്പം ഉഷാരവി, ചന്ദ്രമോഹൻ, ലതാരാജു എന്നിവരും ഗാനങ്ങൾ പാടി. പ്രശസ്ത നിർമാതാവായ കെ. രവീന്ദ്രനാഥൻ നായർ എന്ന അച്ചാണി രവിയുടെ (‘അന്വേഷിച്ചു കണ്ടെത്തിയില്ല’, ‘അച്ചാണി’, ‘എലിപ്പത്തായം’, ‘കുമ്മാട്ടി’ തുടങ്ങിയ അനേകം മികച്ച സിനിമകളുടെ നിർമാതാവ്) ഭാര്യയാണ് ഉഷാരവി. ഈ ചിത്രത്തിന്റെ നിർമാതാവായ ടി.സി. ശങ്കർ ഉഷാരവിയുടെ സഹോദരനാണ്. കെ.പി. ചന്ദ്രമോഹൻ എന്ന ഗായകനാകട്ടെ പ്രശസ്ത ഗായകൻ കെ.പി. ഉദയഭാനുവിന്റെ അനുജനും.
ചിത്രത്തിൽ ഉഷാരവി പാടിയ ഗാനമിതാണ്: ‘‘രംഗപൂജ തുടങ്ങി ഇന്നു മംഗളാംഗി/ മധുമാസസുന്ദരി/ മൊട്ടിട്ട മുല്ലകൾ കാലടിയിൽ/ മുത്തുച്ചിലങ്കകൾ അണിയിച്ചു/ ആരാമവേദിയിൽ ഗാനനിർഝരിയിൽ/ നീഹാരയവനിക നീങ്ങി... -/ഇന്നു നീഹാരയവനിക നീങ്ങി.’’ ഇതേ ഭാവതലം സൂക്ഷിക്കുന്ന ഒരു ചരണം കൂടി ഈ പാട്ടിലുണ്ട്.
കെ.പി. ചന്ദ്രമോഹനും ലതാരാജുവും ചേർന്നു നയിച്ചത് ഒരു സംഘഗാനമാണ്. അത് ഇപ്രകാരം തുടങ്ങുന്നു:
‘‘ഹയ്യാഹോ... ഹയ്യാഹോ... ഹയ്യാഹോ/ പാലപൂത്തത് കുടകപ്പാല കുടകപ്പാല/പാറ കണ്ടത് ജീരകപ്പാറ -/ജീരകപ്പാറ കാട്ടിലോടിപ്പോയത് മാനോ -പൊൻമാനോ/ പാട്ടു മൂളി പോയവളേ -പെണ്ണാളേ.../കുന്നുമല മേലേ കുടകമല മേലേ/കുറവനും കുറത്തിയും മാരകേളിയാടി...’’
യേശുദാസ് പാടിയ ഗാനത്തിന്റെ തുടക്കം ഇങ്ങനെയാണ്: ‘‘മന്മഥദേവന്റെ മണിദീപങ്ങൾ/കണ്മണി നിന്നുടെ കണ്മുനകൾ/ സ്നേഹസുരഭില തൈലം പകർന്നതിൽ/ മോഹന സ്വപ്നമിന്നു തിരി നീട്ടി...’’
ജയചന്ദ്രൻ പാടിയതും ഒരു പ്രേമഗാനമാണ്. ‘‘പ്രേമസാഗരത്തിൻ അഴിമുഖമാകും നിൻ/ ഈ മനോഹരമലർമിഴിയിൽ/ കനകസ്വപ്നംകൊണ്ടു ഞാൻ -ഒരു/ കളിത്തോണിയിറക്കി തോഴീ -ഒരു/ കളിത്തോണിയിറക്കി’’ എന്നിങ്ങനെയാണ് ആ പാട്ടിന്റെ തുടക്കം.
ചിത്രത്തിൽ അവശേഷിക്കുന്ന അഞ്ചാമത്തെ ഗാനം പാടിയത് എസ്. ജാനകി. ‘‘എന്റെ മാനസതീരത്തെ/ചുംബിച്ചുണർത്തുന്ന ഗാനകല്ലോലവിഹാരീ/ ഗാനകല്ലോലവിഹാരീ/ കാണാതെ നിന്നുള്ളിൽ പഞ്ജരംവെച്ചൊരു/ ഞാനൊരു പ്രേമചകോരി-/ ഇന്നു ഞാനൊരു പ്രേമചകോരി...’’ എന്നിങ്ങനെയാണ് ആ പാട്ടു തുടങ്ങുന്നത്. ഈ സിനിമയിലെ ഒരു ഗാനംപോലും എന്തുകൊണ്ടോ ഹിറ്റ് ചാർട്ടിൽ എത്തിയില്ല. 1970 ഡിസംബർ 24ാം തീയതി ചിത്രം പ്രദർശനമാരംഭിച്ചു. കെ.പി. ഉമ്മർ നായകനായ ഈ കുറ്റാന്വേഷണ ചിത്രം സാമ്പത്തികവിജയം നേടിയോ എന്ന് നിശ്ചയമില്ല. ഏതായാലും നിർമാതാവായ ടി.സി. ശങ്കർ തുടർന്ന് സിനിമകൾ നിർമിക്കുകയുണ്ടായില്ല.
കെ.എസ്. സേതുമാധവൻ സംവിധാനംചെയ്ത മഞ്ഞിലാസിന്റെ ‘അര നാഴിക നേരം’ ആയിരുന്നു 1970ൽ പുറത്തുവന്ന അവസാന ചിത്രം. പാറപ്പുറത്തിന്റെ പ്രശസ്ത നോവൽ ‘അരനാഴിക നേര’ത്തിന്റെ ചലച്ചിത്രാവിഷ്കാരം.
മക്കളുടെയും കൊച്ചുമക്കളുടെയും ശാസനയിൽ നിൽക്കാനാവാത്തവിധം സ്വതന്ത്രബുദ്ധിക്കാരനായ കുഞ്ഞോനാച്ചൻ എന്ന വൃദ്ധനാണ് 'അരനാഴിക നേരം’ എന്ന നോവലിലെ കേന്ദ്ര കഥാപാത്രം. അഞ്ചാമത്തെ പുത്രനായ മാത്തുക്കുട്ടിയോടൊപ്പമാണ് അയാൾ താമസിക്കുന്നത്. വീട്ടുകാര്യത്തേക്കാൾ നാട്ടുകാരുടെ കാര്യങ്ങളിൽ ശ്രദ്ധിച്ച് അലഞ്ഞുതിരിയുന്ന മാത്തുക്കുട്ടിക്ക് പിതാവിന്റെ കാര്യങ്ങളിൽ ശ്രദ്ധിക്കാൻ സമയമില്ല. മരുമകൾ ദീനാമ്മയാണ് ഒരു മകളെപ്പോലെ ഭർതൃപിതാവിനെ പരിചരിക്കുന്നത്. ഒരുദിവസം മറ്റു മക്കളുടെ വീടുകളിൽ സന്ദർശനം നടത്തി തിരിച്ചുവരുന്ന വഴി കുഞ്ഞോനാച്ചൻ തളർന്നു പെരുവഴിയിൽ വീണുപോയി. നാട്ടുകാരും സ്വന്തക്കാരും ചേർന്ന് അയാളെ വീട്ടിലെത്തിച്ചു.
അന്നുമുതൽ കിടക്കയിലും മുറ്റത്തുമായി കഴിഞ്ഞുകൂടുന്ന ഈശ്വരവിശ്വാസിയായ കുഞ്ഞോനാച്ചൻ എന്ന തൊണ്ണൂറുകാരന്റെ മരണം വരെയുള്ള അനുഭവങ്ങളാണ് ‘അരനാഴിക നേരം’ എന്ന സിനിമയിൽ ചിത്രീകരിക്കെപ്പട്ടിട്ടുള്ളത്.
തൊണ്ണൂറു വയസ്സുള്ള കുഞ്ഞോനാച്ചന്റെ വേഷത്തിൽ കൊട്ടാരക്കര ശ്രീധരൻ നായരാണ് അഭിനയിച്ചത്. സത്യൻ, പ്രേംനസീർ, രാഗിണി, ഷീല, കെ.പി. ഉമ്മർ, അടൂർ ഭാസി, ബഹദൂർ, ശങ്കരാടി, ഗോവിന്ദൻകുട്ടി, മീന, ജോസ് പ്രകാശ്, മുതുകുളം തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
നോവലിസ്റ്റായ പാറപ്പുറത്ത് തന്നെ തിരക്കഥയും സംഭാഷണവും എഴുതി. വയലാർ-ദേവരാജൻ ടീമിന്റെ അഞ്ചു ഗാനങ്ങൾ ചിത്രത്തിലുണ്ടായിരുന്നു. ക്രിസ്ത്യൻ സമുദായത്തിലുള്ളവർ വർഷങ്ങളായി പാടിവരുന്ന ‘‘സമയമാം രഥത്തിൽ ഞാൻ സ്വർഗയാത്ര ചെയ്യുന്നു’’ എന്ന ഗാനം ദേവരാജന്റെ സംഗീതത്തിൽ പുനർജനിച്ചു. ആ പാട്ടും അതിന്റെ ചിത്രീകരണവും ചിത്രത്തിന് സംഭാവന ചെയ്ത വൈകാരിക തീവ്രത വളരെ വലുതാണ്. ഇതിന്റെ രചയിതാവ് ഫാദർ നാഗേൽ എന്നാണ് നിർമാതാക്കൾ പരസ്യപ്പെടുത്തിയിട്ടുള്ളത്. പരമ്പരാഗത ഗാനത്തിൽ വയലാർ ചില വരികൾ എഴുതിച്ചേർത്തു എന്നും വിശ്വസിക്കുന്നവരുണ്ട്. സത്യാവസ്ഥ എന്തായാലും ഫാദർ നാഗേലിനുതന്നെ അതിന്റെ ക്രെഡിറ്റ് നൽകുന്നതാണ് ഉചിതം. പി. ലീലയും മാധുരിയും ചേർന്നാണ് ഈ ഗാനം പാടിയത്.
‘‘സമയമാം രഥത്തിൽ ഞാൻ സ്വർഗയാത്ര ചെയ്യുന്നു/എൻ സ്വദേശം കാണ്മതിന്നായ് ഞാൻ തനിയേ പോകുന്നു.../ ആകെയൽപനേരം മാത്രം എന്റെ യാത്ര തീരുവാൻ/ ആകെയര നാഴിക മാത്രം ഈയുടുപ്പു മാറ്റുവാൻ’’ എന്നിങ്ങനെ തുടങ്ങുന്ന ഈ മരണഗാനം ആരെയും ചിന്തിപ്പിക്കുകതന്നെ ചെയ്യും.
യേശുദാസ് ഈ സിനിമക്കുവേണ്ടി പാടിയ ‘‘അനുപമേ... അഴകേ...’’ എന്നു തുടങ്ങുന്ന ഗാനം പ്രശസ്തമാണ്, ചിത്രത്തിന്റെ പൊതുസ്വഭാവവുമായി ചേർന്നുനിൽക്കുന്ന ഗാനമല്ല ഇത്. പക്ഷേ, ഈ പാട്ടാണ് സൂപ്പർഹിറ്റ് ആയത്.
‘‘അനുപമേ... അഴകേ.../ അല്ലിക്കുടങ്ങളിൽ അമൃതുമായ് നിൽക്കും/ അജന്താശിൽപമേ.../ അലങ്കരിക്കൂ എന്നന്തഃപുരം/ അലങ്കരിക്കൂ നീ... അനുപമേ അഴകേ...’’ എന്നിങ്ങനെയാണ് പല്ലവി. ആദ്യചരണം ഇങ്ങനെയാണ്:
‘‘നിത്യതാരുണ്യമേ നീയെന്റെ രാത്രികൾ/ നൃത്തംകൊണ്ടു നിറയ്‌ക്കൂ ... ഉന്മാദ/ നൃത്തംകൊണ്ടു നിറയ്‌ക്കൂ/മനസ്സിൽ മധുമയമന്ദഹാസങ്ങളാൽ /മണിപ്രവാളങ്ങൾ പതിക്കൂ... പതിക്കൂ... പതിക്കൂ...’’
അടുത്ത ചരണവും മനോഹരമാണ്. ഇതേ ഭാവത്തിലുള്ളതാണ്. പി. ലീല പാടിയ ‘‘സ്വരങ്ങളേ... സപ്തസ്വരങ്ങളേ വിരിയൂ രാഗമായ് താളമായ് വർണമായ് വിചിത്രവീണക്കമ്പികളിൽ’’ എന്ന പാട്ടും മികച്ചതാണ്. ഗാനത്തിലെ തുടർന്നുള്ള വരികൾക്ക് ഏറെ ഭംഗിയുണ്ട്. ‘‘ഇന്ദീവരങ്ങൾ മയങ്ങും മനസ്സിൽ ഇന്ദുകാന്ത പൊയ്കകളിൽ ജറൂസലേത്തിലെ ഗായികമാരുടെ അമരഗീതമായ് വിടരൂ...’’ ഈ പാട്ടിന് ഇതേ രീതിയിൽതന്നെ മാധുര്യമുള്ള രണ്ടു ചരണങ്ങൾകൂടിയുണ്ട്.
പി. സുശീല പാടിയ ‘‘ദൈവപുത്രനു വീഥിയൊരുക്കുവാൻ...’’ എന്ന് ആരംഭിക്കുന്ന പാട്ടുമുണ്ട്. ‘‘ദൈവപുത്രനു വീഥിയൊരുക്കുവാൻ സ്നാപകയോഹന്നാൻ വന്നു/ ആയിരമായിരം ആലംബഹീനരെ ജ്ഞാനസ്നാനം ചെയ്യിച്ചു/ ആ സ്നാപകന്റെ സ്വരം കേട്ടുണർന്നു യോർദ്ദാൻ നദിയുടെ തീരം/ ചക്രവാളം തൊട്ടു ചക്രവാളം വരെ ശബ്ദക്കൊടുങ്കാറ്റുയർന്നു...’’ എന്നിങ്ങനെ ഗാനം തുടരുന്നു. സി.ഒ. ആന്റോയും രേണുകയും ചേർന്നു പാടിയ ഒരു ഗാനംകൂടി ചിത്രത്തിലുണ്ട്.
‘‘ചിപ്പി... ചിപ്പി... മുത്തുച്ചിപ്പി/ചിപ്പിക്കു മുക്കുവൻ വലവീശി.../ മുത്തല്ലാ ചിപ്പിയല്ലാ കിട്ടിയതവനൊരു/ മായാമൺകുടമായിരുന്നു/ മൺകുടം മുക്കുവൻ തുറന്നു -കുടത്തിൽ/പൊൻപുകച്ചുരുളുകൾ ഉയർന്നു/ പുകയുടെ പിറകിൽ പുലിനഖമുള്ളൊരു/ ഭൂതം നിന്നു ചിരിച്ചു.’’ ‘മുക്കുവനും ഭൂതവും’ എന്ന കഥതന്നെയാണ് ലളിതമായ ശൈലിയിൽ വയലാർ പാട്ടാക്കിയിരിക്കുന്നത്.
‘അരനാഴിക നേര’ത്തിലെ പാട്ടുകൾ ഇന്നും പലപ്പോഴും കേൾക്കാൻ സാധിക്കുന്നുണ്ട്. രണ്ടു മൂന്നു പാട്ടുകളെങ്കിലും കാലത്തെ അതിജീവിച്ചു എന്നു വ്യക്തം. 1970 ഡിസംബർ 25 ക്രിസ്മസ് ദിനത്തിലാണ് ‘അരനാഴിക നേരം’ തിയറ്ററുകളിലെത്തിയത്. 1970ൽ പുറത്തുവന്ന ഒടുവിലത്തെ മലയാള ചിത്രം.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.