‘ദിവ്യദർശന’ത്തിന് തിരക്കഥയും സംഭാഷണവും എഴുതിയത് ജഗതി എൻ.കെ. ആചാരിയാണ്. ശ്രീകുമാരൻ തമ്പി എഴുതിയ ഗാനങ്ങൾക്ക് എം.എസ്. വിശ്വനാഥൻ സംഗീതം നൽകി. പാട്ടുകൾക്ക് പ്രാമുഖ്യമുള്ള സിനിമയാണ് ‘ദിവ്യദർശനം’. യേശുദാസ്, പി. ലീല, പി. ജയചന്ദ്രൻ, ബി. വസന്ത എന്നിവരോടൊപ്പം സംഗീതസംവിധായകനായ എം.എസ്. വിശ്വനാഥനും ചിത്രത്തിൽ ഒരു പ്രധാന ഗാനം പാടിയിട്ടുണ്ട് -‘സംഗീതയാത്രകൾ’ തുടരുന്നു.
1973 നവംബർ 16ന് കേരളത്തിൽ പ്രദർശനമാരംഭിച്ച ‘ദിവ്യദർശനം’ എന്ന ചിത്രത്തിന് ചില സവിശേഷതകളുണ്ട്. സ്ത്രീ പൂജാരിയായ ഒരു ക്ഷേത്രമാണ് കഥയിലെ പ്രധാന പശ്ചാത്തലം. ഈ ലേഖകന്റെ ജന്മദേശമായ ഹരിപ്പാട്ട് സ്ഥിതിചെയ്യുന്ന മണ്ണാറശ്ശാല നാഗരാജക്ഷേത്രത്തിൽ സ്ത്രീയാണ് പ്രധാന പൂജാരിണി. ആ കുടുംബത്തിൽ ജനിക്കുന്ന സ്ത്രീക്കല്ല, മറിച്ച് ആ കുടുംബത്തിൽ മരുമകളായി വന്നുകയറുന്ന സ്ത്രീക്കാണ് പൂജാരിണിയാകാനുള്ള അവകാശം. നൂറ്റാണ്ടുകൾക്കു മുമ്പ് ഇങ്ങനെയൊരു തീരുമാനമെടുത്ത ആ നമ്പൂതിരി കുടുംബത്തിന്റെ കാഴ്ചപ്പാട് അത്ഭുതം ജനിപ്പിക്കുന്നതാണ്. ‘ദിവ്യദർശന’ത്തിന്റെ കഥക്ക് പ്രചോദനമായത് ഒരുപക്ഷേ ഈ അറിവാകാം. ഒരു ഹോളിവുഡ് ചിത്രത്തിൽനിന്നാണ് കഥയുടെ ആശയമെടുത്തത് എന്നും അഭിപ്രായമുണ്ട്.
എം.ബി. ഫിലിംസിന്റെ മേൽവിലാസത്തിൽ ഭാരതി മേനോൻ നിർമിച്ച ഈ ചിത്രം ശശികുമാറാണ് സംവിധാനംചെയ്തത്. ചിത്രത്തിന്റെ കഥയും സംവിധായകന്റ പേരിൽതന്നെ. നിർമാതാവായ ഭാരതി മേനോൻ 1950ൽ പുറത്തുവന്ന ‘ചന്ദ്രിക’ എന്ന മലയാള സിനിമയുടെ നിർമാതാവായ കെ.എം.കെ. മേനോന്റെ പത്നിയാണ്. അവർ ‘ചന്ദ്രിക’ എന്ന സിനിമയിൽ നടിയുമായിരുന്നു. തിരുവനന്തപുരം സ്വദേശിനിയായ സേതുലക്ഷ്‌മി ആയിരുന്നു ആ സിനിമയിൽ ചന്ദ്രികയായി അഭിനയിച്ചത്. അവർ പിന്നീട് അഭിനയരംഗം വിട്ടു.
പി. ഭാസ്കരൻ ആദ്യമായി ഗാനമെഴുതിയ മലയാള ചിത്രവും ‘ചന്ദ്രിക’യാണ് (ജമിനിയുടെ ‘അപൂർവ സഹോദരർകൾ’ എന്ന തമിഴ് സിനിമക്കു വേണ്ടിയാണ് പി. ഭാസ്കരൻ എട്ടു വരികൾ മലയാളത്തിൽ എഴുതിയത്. അതിനുശേഷമാണ് ‘ചന്ദ്രിക’ എന്ന സിനിമക്കുവേണ്ടി എഴുതിയത്.) കെ.എം.കെ. മേനോന്റെയും ഭാരതി മേനോന്റെയും പുത്രനാണ് നടനായ രവികുമാർ. ഈ വിഷയം ഈ പരമ്പരയിൽ അമ്പതുകളിൽ വന്ന ഗാനങ്ങളെക്കുറിച്ചുള്ള എഴുത്തിൽ പരാമർശിക്കപ്പെട്ടിട്ടുണ്ട്.
‘ദിവ്യദർശന’ത്തിൽ ജയഭാരതിയാണ് പൂജാരിണിയായ നായികയുടെ ഭാഗം അഭിനയിച്ചത്. മധു നായകനായി. തിക്കുറിശ്ശിയും കവിയൂർ പൊന്നമ്മയുമാണ് വേറേ രണ്ടു പ്രധാനവേഷങ്ങളിൽ അഭിനയിച്ചത്. രവികുമാർ, കെ.പി. ഉമ്മർ കെ.പി.എ.സി. ലളിത, ഭാരതി മേനോൻ, അടൂർ ഭാസി, അടൂർ ഭവാനി, എസ്.പി. പിള്ള, ശങ്കരാടി, ബഹദൂർ, ശ്രീലത, പട്ടം സദൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനേതാക്കളായി ഉണ്ടായിരുന്നു.
‘ദിവ്യദർശന’ത്തിന് തിരക്കഥയും സംഭാഷണവും എഴുതിയത് ജഗതി എൻ.കെ. ആചാരിയാണ്. ശ്രീകുമാരൻ തമ്പി എഴുതിയ ഗാനങ്ങൾക്ക് എം.എസ്. വിശ്വനാഥൻ സംഗീതം നൽകി. പാട്ടുകൾക്ക് പ്രാമുഖ്യമുള്ള സിനിമയാണ് ‘ദിവ്യദർശനം’. യേശുദാസ്, പി. ലീല, പി. ജയചന്ദ്രൻ, ബി. വസന്ത എന്നിവരോടൊപ്പം സംഗീതസംവിധായകനായ എം.എസ്. വിശ്വനാഥനും ചിത്രത്തിൽ ഒരു പ്രധാന ഗാനം പാടിയിട്ടുണ്ട്. ജയചന്ദ്രൻ പാടിയ ‘‘സ്വർണഗോപുര നർത്തകീശിൽപം കണ്ണിനു സായൂജ്യം നിൻരൂപം’’ എന്ന ഗാനവും അദ്ദേഹം ബി. വസന്തയുമായി ചേർന്നു പാടിയ ‘‘കർപ്പൂരദീപത്തിൻ കാന്തിയിൽ കണ്ടു ഞാൻ നിന്നെയാ സന്ധ്യയിൽ’’ എന്ന യുഗ്മഗാനവും യേശുദാസ് ആലപിച്ച ‘‘ആകാശരൂപിണീ അന്നപൂർണേശ്വരി’’, ‘‘അമ്പലവിളക്കുകൾ അണഞ്ഞു’’ എന്നീ ഗാനങ്ങളും എം.എസ്. വിശ്വനാഥൻ പാടിയ ‘‘ഉദിച്ചാൽ അസ്തമിക്കും’’ എന്ന ഗാനവും പി. ലീല പാടിയ ‘‘ത്രിപുരസുന്ദരീ ത്രൈലോക്യമോഹിനീ’’ എന്ന കീർത്തനവും... അങ്ങനെ എല്ലാ ഗാനങ്ങളും ഹിറ്റുകളായി. ശ്രീകുമാരൻ തമ്പി എഴുതിയ ഈ ഗാനങ്ങളോടൊപ്പം രാമായണത്തിൽനിന്നെടുത്ത എഴുത്തച്ഛന്റെ വരികളും കുഞ്ചൻ നമ്പ്യാരുടെ തുള്ളലുകളിൽ നിന്നെടുത്ത ചില വരികളും സിനിമയിൽ ഉൾപ്പെടുത്തിയിരുന്നു. അവയെക്കുറിച്ച് ഇവിടെ ചർച്ച ചെയ്യുന്നില്ല.
സിന്ധുഭൈരവി രാഗത്തിൽ മലയാളത്തിൽ വന്നിട്ടുള്ള പാട്ടുകളിൽ ഏറ്റവും ശ്രദ്ധേയം എന്ന് സംഗീതജ്ഞർ അംഗീകരിച്ചിട്ടുള്ള ഗാനമാണ് ജയചന്ദ്രൻ ആലപിച്ച ‘‘സ്വർണഗോപുര നർത്തകീശിൽപം/ കണ്ണിനു സായൂജ്യം നിൻ രൂപം/ ഏതൊരു കോവിലും ദേവതയാക്കും/ ഏതു പൂജാരിയും പൂജിക്കും’’ എന്ന് തുടങ്ങുന്ന പാട്ട്...
ഈ പല്ലവിക്കുശേഷം ‘‘പ്രേമവൃന്ദാവന ഹേമന്തമേ, നിന്റെ പേരുകേട്ടാൽ സ്വർഗം നാണിക്കും...’’ എന്നിങ്ങനെ ആദ്യ ചരണം തുടങ്ങുന്നു. ജയചന്ദ്രനും ബി. വസന്തവും പാടിയ പാട്ടിൽ ഗായകന്റെ വരികൾ ഇങ്ങനെ: ‘‘കർപ്പൂരദീപത്തിൻ കാന്തിയിൽ/ കണ്ടു ഞാൻ നിന്നെയാ സന്ധ്യയിൽ/ ദീപാരാധനാ നേരത്തു നിൻമിഴി-/ ദീപങ്ങൾ തൊഴുതു ഞാൻ.’’ അപ്പോൾ ഗായിക പാടുന്ന വരികൾ:
‘‘സ്വർണക്കൊടിമര ഛായയിൽ/ നിന്നു നീയന്നൊരു സന്ധ്യയിൽ/ ഏതോ മാസ്‌മരലഹരിയിൽ എൻമനം -എൻ മനം/ ഏകാന്തമന്ദിരമായ്.../ എൻമനം/ ഏകാന്തമന്ദിരമായ്...’’
യേശുദാസ് പാടിയ ‘‘ആകാശരൂപിണീ’’ എന്ന ഗാനവും സൂപ്പർഹിറ്റ് തന്നെ. ഏറെക്കാലം യേശുദാസ് തന്റെ ഗാനമേളകളിൽ ആദ്യം പാടിയിരുന്നത് ഈ ഗാനമാണ്. സിനിമയിൽ ഈ ഗാനം പാടി അഭിനയിച്ചിരിക്കുന്നത് ഒരു ഭക്തന്റെ വേഷത്തിൽ തിക്കുറിശ്ശി സുകുമാരൻ നായരാണ്.
‘‘അമ്മേ... അമ്മേ... അമ്മേ.../ ആകാശരൂപിണീ അന്നപൂർണേശ്വരീ/ അഭയം തവ പദകമലം/ കല്ലായ് മറഞ്ഞാലും കരളിൽ തെളിയും നീ/ കരുണാസാഗരമേ...’’ എന്നിങ്ങനെ പല്ലവി.
‘‘രാജരാജേശ്വരി നിന്റെ രാജാങ്കണം/ രാഗാർദ്രമാമീ പ്രപഞ്ചം/ വാനിലും മണ്ണിലും പുല്ലിലും പൂവിലും/ കാണുന്നു നിൻ മന്ദഹാസം/ അമ്മേ... അമ്മേ... അടിയന് ദർശനം തരണേ...’’
യേശുദാസ് തന്നെ പാടിയ ശോകഗാനവും ഹിറ്റ്‌ലിസ്റ്റിൽപെടുന്നു. ‘‘അമ്പലവിളക്കുകളണഞ്ഞു/ അംബരദീപവും പൊലിഞ്ഞു/ അത്താഴശ്രീബലി കഴിഞ്ഞു/അരയാൽമണ്ഡപമൊഴിഞ്ഞു...’’ എന്നു തുടങ്ങുന്നു ഈ ഗാനം.
സംഗീതസംവിധായകൻ എം.എസ്. വിശ്വനാഥൻതന്നെ ആലപിച്ച ‘‘ഉദിച്ചാൽ അസ്തമിക്കും -മണ്ണിൽ/ ജനിച്ചാൽ അന്തരിക്കും/ വിടർന്നാൽ കൊഴിയും നിറഞ്ഞാലൊഴിയും/ വിധി ചിരിക്കും, കാലം നടക്കും.’’ എന്ന പല്ലവിയെ തുടർന്നുള്ള ആദ്യ ചരണം ഇങ്ങനെ: ‘‘കൈത്തിരി വളർന്നാൽ കാട്ടുതീയാകും/ കാട്ടുതീ വളർന്നാൽ കരി മാത്രമാകും/ വാനവും ഭൂമിയും മാറാതെ നിൽക്കും/ മനസ്സിന്റെ കോട്ടകൾ തകരും/ എത്ര പ്രഭാതങ്ങൾ കണ്ടു -വാനം/ എത്ര പ്രദോഷങ്ങൾ കണ്ടു...’’
പി. ലീല പാടിയ ദേവീകീർത്തനം ‘‘ഓം അക്ഷരായൈ നമഃ’’ എന്ന നാമംചൊല്ലലിൽ തുടങ്ങുന്നു. ഗാനത്തിന്റെ പല്ലവിയിങ്ങനെ: ‘‘ത്രിപുരസുന്ദരീ ത്രൈലോക്യമോഹിനീ/ ത്രിശൂലവരധാരിണീ/ ജഗദംബികേ ദേവി ലളിതാംബികേ/പ്രസീദ പ്രസീദ പ്രസീദ... (പ്രസീദ എന്ന വാക്കിന് ‘പ്രസാദിച്ചാലും’ എന്ന് അർഥം).
ആദ്യമേ സൂചിപ്പിച്ചതുപോലെ ‘ദിവ്യദർശനം’ എന്ന ചിത്രത്തിലെ മിക്കവാറും എല്ലാ പാട്ടുകളും ഹിറ്റ്‌ലിസ്റ്റിൽ പെട്ടു. 1973 നവംബർ 16ന് തിയറ്ററുകളിലെത്തിയ ‘ദിവ്യദർശനം’ വലിയ സാമ്പത്തിക വിജയം നേടുമെന്നു പ്രതീക്ഷിച്ചെങ്കിലും അങ്ങനെ സംഭവിച്ചില്ല. അതേസമയം, വലിയ പരാജയവുമായില്ല.
എം.ടി. വാസുദേവൻ നായർ കഥയും തിരക്കഥയും എഴുതി സംവിധാനംചെയ്ത ‘നിർമാല്യം’ എന്ന ചിത്രം നോവൽ ഫിലിംസിന്റെ പേരിൽ അദ്ദേഹംതന്നെയാണ് നിർമിച്ചത്. ഏറ്റവും മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരം ലഭിച്ച ‘നിർമാല്യ’ത്തിൽ പി.ജെ. ആന്റണി, കവിയൂർ പൊന്നമ്മ, രവി മേനോൻ, സുമിത്ര, സുകുമാരൻ, കൊട്ടാരക്കര ശ്രീധരൻ നായർ, കുഞ്ഞാണ്ടി, സുരാസു, ശങ്കരാടി, എസ്.പി. പിള്ള, കുതിരവട്ടം പപ്പു, എം.എസ്. നമ്പൂതിരി, ശാന്താദേവി, ആർ.കെ. നായർ തുടങ്ങിയവരാണ് അഭിനേതാക്കൾ. മലയാള സിനിമയിലെ നായകനടനായി വളർന്ന സുകുമാരൻ ഈ ചിത്രത്തിലൂടെയാണ് സിനിമാവേദിയിൽ പ്രവേശിച്ചത്.
‘നിർമാല്യം’ എന്ന സിനിമയിൽ ഗാനങ്ങളായി ഇടശ്ശേരി ഗോവിന്ദൻ നായർ എഴുതിയ വരികളും ഒരു സ്വാതി തിരുനാൾ പദവുമാണ് ഉണ്ടായിരുന്നത്. കെ. രാഘവൻ സംഗീതസംവിധാനം നിർവഹിച്ചു. പ്രശസ്ത കർണാടക സംഗീതജ്ഞയായ സുകുമാരി നരേന്ദ്ര മേനോൻ ആണ് സ്വാതിതിരുനാളിന്റെ ‘‘പനിമതിമുഖീ ബാലേ...’’ എന്നു തുടങ്ങുന്ന പ്രശസ്ത പദം ആലപിച്ചത്. ‘‘പനിമതിമുഖി ബാലേ പത്മനാഭനിന്നെന്നിൽ/ കനിവില്ലായ്കയാൽ കാമൻ പാരം എന്നു/ മനസി ദുസ്സഹമയ്യോ മദനകദനമിന്നു/ മദിരാക്ഷി ഞാൻ ചെയ്യാവൂ/ ലോകവാസികൾക്കെല്ലാം ലോഭനീയനാമിന്ദു/ ശോകമെനിക്കു മാത്രം സുമുഖി തരുന്നതെന്ത്...’’
ഇടശ്ശേരിയുടെ നാടൻശൈലിയിലുള്ള വരികൾ പാടുന്നതിനു നേതൃത്വം നൽകിയത് കെ.പി. ബ്രഹ്മാനന്ദൻ ആണ്. ബ്രഹ്മാനന്ദൻ പത്മിനി വാര്യരുമായി ചേർന്ന് പാടിയ ‘‘ശ്രീമഹാദേവൻ തന്റെ...’’ എന്നു തുടങ്ങുന്ന ഗാനം പ്രശസ്തമാണ്.
‘‘ശ്രീമഹാദേവൻ തന്റെ/ ശ്രീപുള്ളോർക്കുടംകൊണ്ട്/ ഓമന ഉണ്ണീടെ നാവേറു പാടുന്നേൻ’’ എന്നു പല്ലവി. തുടർന്നുവരുന്ന വരികൾ: ‘‘മുറ്റത്തൊരുണ്ണീടെ കൊച്ചടി കാണാഞ്ഞ്/ തെറ്റാതെ നിത്യം ഭജിച്ചു കൊതിച്ചമ്മ/ വഴീലത്താണി കെട്ടിക്കാമെന്നച്ഛൻ/ ദാഹവെള്ളവും പാറിക്കാമെന്നമ്മ/ ഓമന ഉണ്ണീടെ നാവേറു പാടീട്ട്/ ഊണരി തന്നമ്മ ഏണമുണ്ടു തന്നച്ഛൻ...’’
ബ്രഹ്മാനന്ദൻ, സുകുമാരി നരേന്ദ്രമേനോൻ, ചിറയിൻകീഴ് സോമൻ, പത്മിനി വാരിയർ എന്നിവർ പാടിയ സംഘഗാനം ഇങ്ങനെ: ‘‘തിന്തിനത്താനോ തിന്തിനത്താനോ/തിന്തിനത്താനോ തിന്തിനത്താനോ/ തിന്തിന്നാനോ തിന്തിന്നാനോ തിന്തിന്നാനോ.../ മുണ്ടകപ്പാടത്തെ കൊയ്ത്തും തീർന്നേ/ നാത്തൂമ്മാരടെ വിരുന്നും തീർന്നേ.../ നാളെ വെളുക്കുമ്പം ഞങ്ങളും പോണേ/ ഓ... ഞങ്ങളും പോണേ...’’
ബ്രഹ്മാനന്ദനും എൽ.ആർ. അഞ്ജലിയും പത്മിനി വാര്യരും ചേർന്ന് പാടിയ ‘‘സമയമായി സമയമായി/ തേരിറങ്ങുകംബേ/ സകലലോകപാലനൈക/ സമയ മാതാലംബേ/ ക്രൂരയാണ് കുപിതയാണ്/ ഞങ്ങളുടെ ദേവി/ ചോരകൊണ്ട് തെച്ചിമലർ/ മാലയിടും ദേവി/ ചൊകചൊകെ ചൊകപ്പുടുത്ത്/ വെള്ളിയരഞ്ഞാണിട്ടു അരമുറുക്കി/ രുധിരഭൂവിൽ നൃത്തമാടിയാടി.’’
ഈ വരികൾ കാണുമ്പോൾ ‘‘ഇത്രയധികം പാട്ടുകളുണ്ടോ നിർമാല്യത്തിൽ?’’ എന്നു തോന്നിയേക്കാം. സാധാരണ സിനിമാഗാനങ്ങൾപോലെയല്ല ഈ പാട്ടുകളുടെ അവതരണം. ഏതാനും വരികളിലൂടെ അന്തരീക്ഷം ഒരുക്കിയെടുക്കുക എന്നതായിരുന്നു സംവിധായകന്റെ ലക്ഷ്യം. 1973 നവംബർ 23ന് ‘നിർമാല്യം’ പ്രദർശനം തുടങ്ങി.
ഷീലയും കെ.പി. ഉമ്മറും പ്രധാന ഭാഗങ്ങളിൽ അഭിനയിച്ച ടെമ്പിൾ ആർട്സിന്റെ ‘ഇതു മനുഷ്യനോ?’ എന്ന സസ്പെൻസ് ചിത്രത്തിന്റെ സംവിധായക നിർമാതാവ് മലയാളത്തിൽ ഒരു സിനിമയിൽ മാത്രം നായകനായി അഭിനയിച്ചതിനുശേഷം ഇന്ത്യ വിട്ടുപോയ ഒരു നടൻ ആണ്. 1953ൽ പുറത്തുവന്ന ‘തിരമാല’ എന്ന സിനിമയിലെ നായകനായിരുന്ന തോമസ് ബെർളിയാണ് ഈ പ്രതിഭാശാലി. ‘ഇതു മനുഷ്യനോ?’ എന്ന സിനിമയുടെ കഥയും തിരനാടകവും സംഭാഷണവും എഴുതിയതും തോമസ് ബെർളി തന്നെ. ദീർഘകാലം അമേരിക്കയിൽ കഴിഞ്ഞതിനുശേഷം കേരളത്തിൽ മടങ്ങിയെത്തിയ തോമസ് ബെർളിയുടെ സിനിമയിലേക്കുള്ള രണ്ടാം പ്രവേശനമായിരുന്നു അത്.
ഷീല, കെ.പി. ഉമ്മർ എന്നിവരെ കൂടാതെ കെ.പി.എ.സി ലളിത, അടൂർ ഭാസി, ബഹദൂർ, സുപ്രിയ (ഫഡാഫട്ട് ജയലക്ഷ്മി), ടി.ആർ. ഓമന, സരോജ മേനോൻ തുടങ്ങിയ നടീനടന്മാരും ഈ സിനിമയിൽ ഉണ്ടായിരുന്നു.
‘ഇതു മനുഷ്യനോ?’ എന്ന ചിത്രത്തിന് പാട്ടുകളൊരുക്കിയത് ശ്രീകുമാരൻ തമ്പി-അർജുനൻ ടീമാണ്. ചിത്രത്തിൽ ആകെ നാല് ഗാനങ്ങളാണുള്ളത്. യേശുദാസ്, പി. ജയചന്ദ്രൻ, ബി. വസന്ത എന്നിവരാണ് ഗാനങ്ങൾ പാടിയത്. യേശുദാസും ബി. വസന്തവും ചേർന്നു പാടിയ ‘‘സുഖമൊരു ബിന്ദു, ദുഃഖമൊരു ബിന്ദു...’’ എന്ന പ്രശസ്തഗാനം ഈ സിനിമയിലുള്ളതാണ്.
‘‘സുഖമൊരു ബിന്ദു/ ദുഃഖമൊരു ബിന്ദു/ ബിന്ദുവിൽനിന്നും ബിന്ദുവിലേക്കൊരു/ പെൻഡുലമാടുന്നു/ ജീവിതം അതു ജീവിതം...’’ വരികൾ യേശുദാസ് പാടുന്നു. ബി. വസന്ത ഹമ്മിങ് മാത്രമാണ് ആലപിക്കുന്നത്. വരികൾ തുടരുന്നു: ‘‘കണ്ണീരിൽ തുടങ്ങും ചിരിയായ് വളരും/ കണ്ണീരിലേക്കു മടങ്ങും/ നാഴികമണിയുടെ സ്‌പന്ദനഗാനം/ ഈ വിശ്വചൈതന്യഗാനം/ കാലം അളക്കും സൂചി മരിക്കും/ കാലം പിന്നെയും ഒഴുകും...’’
യേശുദാസ് പാടിയ പ്രണയഗാനം ഇങ്ങനെ തുടങ്ങുന്നു: ‘‘ആരു നീ... ആരു നീ/ അതിഥി...നവാതിഥീ.../ ഹൃദയവീണ തൻ മൃദുലതന്ത്രിയിൽ/ മധുരം നീ നിൻ സ്വരമെഴുതി/ കദനവേനലിൽ വാടിയ പൂവിൽ/ മകരനിലാവിൻ ചിരിയെഴുതി...’’ ഇങ്ങനെ പല്ലവി. ആദ്യ ചരണം ഇങ്ങനെ: ‘‘എരിഞ്ഞുതീർന്ന കിനാവിൻ ചിതയിൽ/ എന്തിനു ചന്ദനലത നട്ടു?/ കരഞ്ഞുണങ്ങിയ കണ്ണിൽ ദയയുടെ/ കനകതരംഗപ്രഭ ചൊരിഞ്ഞു/ ആരു നീ ആരു നീ/ അതിഥീ നവാതിഥീ...’’ യേശുദാസ് തന്നെ പാടിയ ‘‘പറവകൾ... ഇണപ്പറവകൾ...’’ എന്ന ഗാനമാണ് മൂന്നാമത്തേത്. ‘‘പറവകൾ ഇണപ്പറവകൾ/ പറവകൾ ഇണപ്പറവകൾ/ നമ്മളും ഇണപ്പറവകൾ/ പ്രേമവാനവീഥികളിൽ പറക്കും വെള്ളിപ്പറവകൾ.../ പറവകൾ ഇണപ്പറവകൾ.’’ ഗാനം ഇങ്ങനെ തുടരുന്നു: ‘‘ഇന്നലെ ദുഃഖത്തിൻ കഥ പറഞ്ഞു/ ഇന്നു നാം സ്വർഗത്തിൽ കൂടുവച്ചു/ കൊഴിഞ്ഞ ദിനങ്ങളെ വിസ്മരിക്കാം/ അടഞ്ഞ ലഹരിയിൽ വിശ്രമിക്കാം.’’
പി. ജയചന്ദ്രൻ പാടിയ ‘‘പകൽവിളക്കണയുന്നു...’’ എന്ന ഗാനവും ഹിറ്റ്‌ലിസ്റ്റിൽ പെട്ടു.
‘‘പകൽവിളക്കണയുന്നു/ പടിഞ്ഞാറു രക്തം ചിതറുന്നു/ കറുത്ത വസ്ത്രവുമായ് കലിയുഗരാത്രി തൻ/ കാവൽ രാക്ഷസൻ അണയുന്നു.../ സന്ധ്യേ, ശാരദസന്ധ്യേ, നീയുമാ/ ചെന്തീച്ചുഴിയിൽ ഞെരിഞ്ഞമർന്നു/ വാസരസ്വർണരഥത്തെയമർത്തിയ/ വാരിധി നിന്നെയും കവർന്നെടുത്തു...’’
തികച്ചും വ്യത്യസ്തമായ ഒരു സസ്പെൻസ് മൂവിയായിരുന്നു ഈ ചിത്രം. 1973 നവംബർ 23ന് ‘ഇതു നല്ല മനുഷ്യനോ?’ എന്ന ചിത്രം റിലീസ് ചെയ്തു.
സുപ്രിയയുടെ ബാനറിൽ ഹരിപോത്തൻ നിർമിച്ച ‘മാധവിക്കുട്ടി’ എന്ന സിനിമ തോപ്പിൽ ഭാസിയാണ് തിരക്കഥയും സംഭാഷണവും രചിച്ച് സംവിധാനംചെയ്തത്. വൈക്കം ചന്ദ്രശേഖരൻ നായരുടെ ഒരു കഥയായിരുന്നു അവലംബം. ‘മാധവിക്കുട്ടി’ എന്ന നായികാ കഥാപാത്രത്തെ ജയഭാരതി അവതരിപ്പിച്ചു. മധു, എം.ജി. സോമൻ, അടൂർഭാസി, ബഹദൂർ, കെ.പി.എ.സി ലളിത, ടി.ആർ. ഓമന, ശങ്കരാടി, വിജയകുമാർ, ശ്രീലത എന്നിവരായിരുന്നു മറ്റു നടീനടന്മാർ. വയലാർ-ദേവരാജൻ ടീം പാട്ടുകളൊരുക്കി. ആകെ അഞ്ചു പാട്ടുകൾ. പി. ജയചന്ദ്രൻ, പി. ലീല, മാധുരി എന്നിവരാണ് ഗാനങ്ങൾ പാടിയത്.
പി. ജയചന്ദ്രൻ പാടിയ അതിമനോഹരമായ ഒരു വയലാർ രചന ഈ ചിത്രത്തിലുണ്ട്.
‘‘മാനത്തുകണ്ണികൾ മയങ്ങും കയങ്ങൾ/ മനോരമേ നിൻ നയനങ്ങൾ/ അവയിൽ മുഖംനോക്കും എന്റെ വികാരങ്ങൾ/ ആവേശഭരിതങ്ങൾ.../ പ്രണയോപനിഷത്തിലെ കൈയക്ഷരങ്ങൾ നിൻ/ നുണക്കുഴിപ്പൂ മൂടും കുറുനിരകൾ/ കാറ്റുവന്നവയുടെ രചനാഭംഗികൾ/ മാറ്റുവാൻ നീയെന്തിനനുവദിച്ചു/ കാറ്റിനെ ഞാൻ ശപിച്ചു -അതു നിന്റെ/ കാമുകഹൃദയത്തിലൊളിച്ചു... ഒളിച്ചു...’’ രചനയുടെ മനോഹാരിത ദേവരാജൻ മാസ്റ്ററുടെ സംഗീതത്തിനുമുണ്ട്.
‘‘ചിറകുള്ള കിളികൾക്കേ മാനമുള്ളൂ’’ എന്ന് തുടങ്ങുന്ന ഗാനത്തിന് മാധുരി ശബ്ദം നൽകി.
‘‘ചിറകുള്ള കിളികൾക്കേ മാനമുള്ളൂ -വെള്ളി/ ത്തിരയുള്ള കടലിനേ തീരമുള്ളൂ/ കത്തുന്ന തിരികൾക്കേ വെളിച്ചമുള്ളൂ -പൊട്ടി/ക്കരയുന്ന കുഞ്ഞിനേ പാലുള്ളൂ.’’
മാധുരിതന്നെ പാടിയ മറ്റൊരു ഗാനം ‘‘ശ്രീമംഗല്യത്താലി ചാർത്തിയ...’’ എന്ന് തുടങ്ങുന്നു. ‘‘ശ്രീമംഗല്യത്താലി ചാർത്തിയ/ സോമലേഖേ -നിന്റെ/ സീമന്തരേഖയിൽ ആരുടെ സ്വയംവര/ സുസ്മിത സിന്ദൂരം..?’’
പി. ലീലയും സംഘവും പാടിയ ‘‘മാവേലി നാടുവാണീടും കാലം’’ എന്നാരംഭിക്കുന്ന പാട്ടാണ് അടുത്തത്... മാവേലി നാടുവാണീടും കാലം/ മാനുഷരെല്ലാരുമൊന്നുപോലെ’’എന്നു തുടങ്ങുന്നെങ്കിലും രചന വയലാറിന്റേതുതന്നെ.‘‘കള്ളവുമില്ല ചതിവുമില്ല/ എള്ളോളമില്ല പൊളിവചനം/ കള്ളപ്പറയും ചെറുനാഴിയും/ കള്ളത്തരങ്ങൾ മറ്റൊന്നുമില്ല.’’ ഈ വരികൾ കഴിഞ്ഞാൽ വരുന്നത് തുമ്പിതുള്ളൽ പാട്ടാണ്.‘‘എന്താ തുമ്പി തുള്ളാത്തെ/ തുമ്പി തുള്ളാത്തെ/ പൂവ് പോരാഞ്ഞോ പൂക്കില പോരാഞ്ഞോ/ ആള് പോരാഞ്ഞോ അലങ്കാരം പോരാഞ്ഞോ/ എന്താ തുമ്പി തുള്ളാത്തെ തുമ്പി തുള്ളാത്തെ/ ഒരു കേറിയ പെണ്ണ് തരാം പുടവേം തരാം/ പെണ്ണിനെ തരിൻ വാണിമാരെ/ ഒരു കേറിയ പെണ്ണ് വേണ്ട പുടവേം വേണ്ട/ പെണ്ണിനെ തരില്ല വാണിമാരെ...’’
ഇങ്ങനെ വിവിധ നാടൻവരികൾകൊണ്ട് ഓണത്തിന്റെ അന്തരീക്ഷം ഒരുക്കിയിരിക്കുകയാണ് വയലാർ. ഇരയിമ്മൻ തമ്പിയുടെ പ്രസിദ്ധമായ കുമ്മിപ്പാട്ട് മാധുരിയും സംഘവും ചേർന്നു പാടി. ‘‘വീരവിരാട കുമാരവിഭോ/ ചാരുതരാംഗുണ സാഗരഭോ/ മാരലാവണ്യ നാരീമനോ-/ ഹാരി താരുണ്യ ജയജയ...’’ എന്നിങ്ങനെ തുടങ്ങുന്ന ഇരയിമ്മൻ തമ്പിയുടെ വരികൾ സ്ത്രീകൾ പണ്ടുമുതൽക്കേ കൈകൊട്ടിക്കളിപ്പാട്ടായും ഉപയോഗിച്ചുവരുന്നു. തോപ്പിൽ ഭാസി സംവിധാനംചെയ്ത ‘മാധവിക്കുട്ടി’ താരതമ്യേന ഒരു ലോ ബജറ്റ് സിനിമയായിരുന്നു. അതുകൊണ്ടുകൂടിയാവാം 1973 നവംബർ 30ന് തിയറ്ററുകളിലെത്തിയ ഈ ചിത്രം ഭേദപ്പെട്ട വിജയം നേടി.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.