എൻ.എൻ. പിള്ളയുടെ പ്രശസ്ത നാടകമായ ‘ക്രോസ്സ്‌ബെൽറ്റ് സിനിമയാക്കിയതിനുശേഷമാണ് മണി എന്ന വേലായുധൻ നായർ ‘ക്രോസ്ബെൽറ്റ് മണി’ എന്ന പേര് സ്വീകരിച്ചത്. എൻ.എൻ. പിള്ളയുടെ മറ്റൊരു പ്രശസ്ത നാടകമായ ‘കാപാലിക’യും മണി സിനിമയാക്കി. എൻ.എൻ. പിള്ള തന്നെ സിനിമക്ക് തിരനാടകവും സംഭാഷണവും രചിച്ചു. യുനൈറ്റഡ് മൂവീസ് ആണ് ചിത്രം നിർമിച്ചത്.
ഹമീദ് കാക്കശ്ശേരി മലയാള സിനിമയിലെ അറിയപ്പെടുന്ന ഒരു സംവിധാന സഹായിയായിരുന്നു. സാഹിത്യത്തിലും പത്രപ്രവർത്തനത്തിലുമൊക്കെ താൽപര്യമുള്ള ഒരു ചെറുപ്പക്കാരൻ. ചില സംശയങ്ങൾ നീക്കാൻ അദ്ദേഹം ചിലപ്പോഴൊക്കെ ഈ ലേഖകന്റെയടുത്തു വരുമായിരുന്നു. സിനിമാരംഗത്ത് ഹമീദിന് നല്ല ഭാവിയുണ്ടാകും എന്നായിരുന്നു ഈയുള്ളവന്റെ പ്രതീക്ഷ.
ഹമീദ് ഒടുവിൽ ‘മനസ്സ്’ എന്ന സിനിമയിലൂടെ സ്വതന്ത്ര സംവിധായകനായി, മലയാള സിനിമയിൽ അനേകം മികച്ച ചിത്രങ്ങൾ നിർമിച്ചിട്ടുള്ള എച്ച്.എച്ച്. അബ്ദുല്ല സേട്ട് (കലാലയാ ഫിലിംസ് ) ആണ് ‘മനസ്സ്’ നിർമിച്ചത്. ഒരു പുതിയ സംവിധായകന് അങ്ങനെയൊരു ബാനർ കിട്ടുന്നത് വലിയ ഭാഗ്യമാണെന്നു പറയേണ്ടതില്ലല്ലോ. സംവിധായകൻ ഹമീദ് തന്നെയാണ് കഥയെഴുതിയത്.
ജഗതി എൻ.കെ. ആചാരി തിരക്കഥയും സംഭാഷണവും രചിച്ചു. പ്രേംനസീർ, ജയഭാരതി, സുജാത, രാജശ്രീ, കെ.പി. ഉമ്മർ, വിൻെസന്റ്, സുധീർ, അടൂർ ഭാസി, ബഹദൂർ, ടി.ആർ. ഓമന തുടങ്ങിയവർ അഭിനയിച്ചു. പി. ഭാസ്കരന്റെ ഗാനങ്ങൾക്ക് എം.എസ്. ബാബുരാജ് ഈണം നൽകി. എസ്. ജാനകി, ബി. വസന്ത, എൽ.ആർ. അഞ്ജലി (പ്രശസ്ത ഗായിക എൽ.ആർ. ഈശ്വരിയുടെ അനുജത്തി) എന്നീ ഗായികമാരും കുളത്തുപ്പുഴ രവി (രവീന്ദ്രൻ), കൊച്ചിൻ ഇബ്രാഹിം, കെ.ആർ. വേണു എന്നീ ഗായകരും പിന്നണിയിൽ പാടി.
യേശുദാസിന്റെയും പി. ജയചന്ദ്രന്റെയും അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു. ഗാനമേളകളിൽ ജ്വലിക്കുന്ന താരമായ കൊച്ചിൻ ഇബ്രാഹിം എന്ന പാട്ടുകാരൻ സിനിമാരംഗത്ത് അവഗണിക്കപ്പെടുന്നു എന്ന അഭിപ്രായം അദ്ദേഹത്തിന്റെ ആരാധകർക്കുണ്ടായിരുന്നു. കൊച്ചിൻ ഇബ്രാഹിമും എൽ.ആർ. അഞ്ജലിയും ചേർന്ന് പാടിയ ‘‘കൽപനാരാമത്തിൽ കണിക്കൊന്ന പൂത്തപ്പോൾ/ സ്വപ്നമനോഹരീ നീ വന്നു -എന്റെ/ സ്വപ്നമനോഹരീ നീ വന്നു’’ എന്ന് തുടങ്ങുന്ന പാട്ട് നന്നായിരുന്നു. ഗാനം ഇങ്ങനെ തുടരുന്നു:
‘‘മാനത്തെ നന്ദനവനത്തിൽനിന്നോ/ മാനസയമുനാതീരത്തുനിന്നോ/ താരകയായ് വനരാധികയായ് -പ്രേമ/ ചാരുമരാളികയായ് നീ വന്നു.’’
(എൽ.ആർ. അഞ്ജലി ഹമ്മിങ് മാത്രമേ പാടിയിട്ടുള്ളൂ.)
ബി. വസന്തയും സംഘവും പാടിയ ‘‘അമ്മുവിനൊരു സമ്മാനം...’’ എന്ന ഗാനമാണ് മറ്റൊന്ന്.
‘‘അമ്മുവിനൊരു സമ്മാനം/ അഞ്ചാം പിറന്നാൾ സമ്മാനം/ മമ്മിയൊരുമ്മ ഡാഡിയൊരുമ്മ/ അങ്കിൾ മാത്രം തന്നത് ബൊമ്മ,/ ബൊമ്മ... ബൊമ്മ... ബൊമ്മ...’’
എസ്. ജാനകി പാടിയ രണ്ടു ഗാനങ്ങളും ഭേദപ്പെട്ട നിലവാരം പുലർത്തി. ‘‘എല്ലാമറിഞ്ഞവൻ നീ മാത്രം...’’ എന്നാരംഭിക്കുന്ന പ്രേമഗാനവും ‘‘കൃഷ്ണദയാമയ...’’ എന്ന് തുടങ്ങുന്ന പ്രാർഥനാഗാനവും.
‘‘എല്ലാമറിഞ്ഞവൻ നീ മാത്രം/ എന്നെയറിഞ്ഞവൻ നീ മാത്രം/ അന്ധകാരത്തിൽ മുങ്ങിക്കിടന്നൊരെൻ/ അന്തരംഗത്തിലെ മന്ദിരത്തിൽ/ പ്രണയത്തിൻ മണിദീപമാല കൊളുത്തിയെൻ/ പ്രിയമുള്ളവനേ നീ വന്നു...’’ എന്നാണ് ആദ്യ ഗാനത്തിന്റെ തുടക്കം.
പ്രാർഥനാ ഗാനം ഇങ്ങനെ തുടങ്ങുന്നു:
‘‘കൃഷ്ണാ/ കൃഷ്ണദയാമയ ദൈന്യനാശനാ/ കൃപാമൃതം പകരൂ/ ആകുലഭീകരസാഗരത്തിരയിൽ/ അച്യുതാ നിൻ പദം ശ്യാമതീരം’’ എന്നു പല്ലവി. ഗാനം ഇങ്ങനെ തുടരുന്നു:
‘‘വഴിയിൽ വാടിക്കൊഴിഞ്ഞുവീണൊരു/ വസന്തകുസുമം ഞാൻ/ വണങ്ങുവാൻ നിൻ പദത്തിൽ വീണൊരു/ വസന്തകുസുമം ഞാൻ.../ കൃഷ്ണദയാമയാ...’’
കുളത്തുപ്പുഴ രവിയും കെ.ആർ. വേണുവും ചേർന്ന് പാടിയത് ഒരു ഹാസ്യഗാനമാണ് ‘‘അടുത്ത ലോട്ടറി നറുക്കു വല്ലതും/ നമുക്ക് വീണെങ്കിൽ/ കരിമ്പിൻ കാലാ കള്ളുഷോപ്പ്/ വിലയ്‌ക്കെടുത്തേനെ -ഞാൻ/ വിലയ്‌ക്കെടുത്തേനെ/ അടുത്ത ലോട്ടറി നറുക്കു വല്ലതും/ നമുക്ക് വീണെങ്കിൽ/ ഇരുമ്പനത്തെ ചാരായക്കട/ വിലയ്‌ക്കെടുത്തേനെ.../ വരുന്ന കൂട്ടരെ പുലരിക്കള്ളാൽ/ മുഖം കഴുകിക്കും/ പൊരിച്ച മീനും വറുത്ത മൊട്ടയും/ എല്ലാവർക്കും ഫ്രീ/ വഴിയിലൊക്കെ ഞാൻ പൈപ്പ് വെക്കും/ അതിനകത്തൂടെ/ ഒഴുകിവരും രസികൻമദ്യം/ എല്ലവർക്കും ഫ്രീ.’’
രണ്ടു മദ്യപാനികൾ പാടുന്ന ഈ പാട്ട് തികഞ്ഞ നർമബോധത്തോടെ ഭാസ്കരൻ മാസ്റ്റർ എഴുതിയിട്ടുണ്ട്.
ചിത്രത്തിലെ അഞ്ചു പാട്ടുകളും മോശമായില്ല. എന്നാൽ, ഒരു സൂപ്പർഹിറ്റ് ഗാനം ഉണ്ടായില്ല.
1973 ഒക്ടോബർ 25ാം തീയതി ഹമീദ് കാക്കശ്ശേരിയുടെ പ്രഥമ സംവിധാന സംരംഭമായ ‘മനസ്സ്’ തിയറ്ററുകളിൽ എത്തി. ചിത്രം സാമ്പത്തികമായി വിജയിച്ചിരുന്നെങ്കിൽ തുടർന്നും ഹമീദ് കാക്കശ്ശേരിക്ക് അവസരം കിട്ടുമായിരുന്നു. അങ്ങനെ സംഭവിച്ചില്ല. ഈ ലേഖകന്റെ അറിവ് ശരിയാണെങ്കിൽ അദ്ദേഹം പിന്നീട് ഏതാനും വർഷങ്ങൾ ഗൾഫിൽ ഉദ്യോഗം നോക്കി. താൻ സ്വപ്നം കണ്ട സിനിമാജീവിതം തുടരാൻ ഹമീദ് കാക്കശ്ശേരിക്ക് കഴിഞ്ഞില്ല.
നടൻ ടി.കെ. ബാലചന്ദ്രൻ നിർമാതാവിന്റെ കിരീടമണിഞ്ഞ പ്രഥമചിത്രമാണ് ‘പൊയ്‌മുഖങ്ങൾ’. മലയാള സിനിമയിലെ മൂന്നാമത്തെ ശബ്ദചിത്രമായ ‘പ്രഹ്ലാദ’യിൽ ബാലതാരമായി (പ്രഹ്ലാദന്റെ കൂട്ടുകാരിൽ ഒരാൾ) അഭിനയിച്ച ടി.കെ. ബാലചന്ദ്രൻ നൃത്തം പഠിക്കുകയും തമിഴ് സിനിമകളിൽ ചെറിയ വേഷങ്ങളിൽ അഭിനയിക്കുകയുംചെയ്തു. ടി.കെ. ബാലചന്ദ്രന്റെ മൂത്ത സഹോദരനായ വഞ്ചിയൂർ മാധവൻ നായരും ആദ്യകാലത്ത് ചില ചിത്രങ്ങളിൽ നായകനായും ഉപനായകനായും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. (നീലാ െപ്രാഡക്ഷൻസ് നിർമിച്ച ‘ബാല്യസഖി’യിൽ (1954) പ്രേംനസീർ നായകനും വഞ്ചിയൂർ മാധവൻ നായർ ഉപനായകനുമായിരുന്നു.) ടി.കെ. ബാലചന്ദ്രൻ പിന്നീട് മെറിലാൻഡ് സ്റ്റുഡിയോ നിർമിച്ച ‘പൂത്താലി’യിൽ നായകനായി. മെറിലാൻഡിന്റെ പുരാണചിത്രങ്ങളിൽ ടി.കെ. ബാലചന്ദ്രൻ സ്ഥിരം നാരദനായി.
അടൂർ ഭാസി,പറവൂർ ഭരതൻ,ക്രോസ്ബെൽറ്റ് മണി
എന്നാൽ സത്യൻ, പ്രേംനസീർ, മധു എന്നിവർക്കൊപ്പം നായകസ്ഥാനത്ത് പിടിച്ചുനിൽക്കാൻ ടി.കെ. ബാലചന്ദ്രന് സാധിച്ചില്ല. മദ്രാസിൽ സ്ഥിരതാമസമാക്കിയ അദ്ദേഹം ചലച്ചിത്ര നിർമാതാവായി മാറിയത് ഈ പശ്ചാത്തലത്തിലാണ്. ഛായാഗ്രാഹകൻകൂടിയായ ബി.എൻ. പ്രകാശ് ആണ് ‘പൊയ്‌മുഖങ്ങൾ’ സംവിധാനംചെയ്തത്.
പ്രേംനസീർ, ജയഭാരതി, ടി.എസ്. മുത്തയ്യ, ടി.കെ. ബാലചന്ദ്രൻ, അടൂർ ഭാസി, ബഹദൂർ, ശ്രീലത, എൻ. ഗോവിന്ദൻകുട്ടി, പറവൂർ ഭരതൻ തുടങ്ങിയവർ അഭിനേതാക്കളായി. പി. ഭാസ്കരൻ രചിച്ച അഞ്ചു പാട്ടുകൾക്ക് വി. ദക്ഷിണാമൂർത്തി സംഗീതസംവിധാനം നിർവഹിച്ചു. യേശുദാസ്, ജയചന്ദ്രൻ, കെ.പി. ബ്രഹ്മാനന്ദൻ, എസ്. ജാനകി എന്നിവർ ഈ ഗാനങ്ങൾ ആലപിച്ചു. യേശുദാസ് പാടിയ ‘‘ചുണ്ടത്തെ പുഞ്ചിരി...’’ എന്നു തുടങ്ങുന്ന ഗാനം ഇങ്ങനെ:
‘‘ചുണ്ടത്തെ പുഞ്ചിരി.../ചുണ്ടത്തെ പാത്രത്തിൽ സൂക്ഷിച്ച പുഞ്ചിരി-/ പഞ്ചാരപ്പായസമാർക്കുവേണ്ടി.../ കണ്ടുമുട്ടീടുന്ന കാളനും കൂളനും/ കൊണ്ടുകൊടുത്തേക്കല്ലേ -സുന്ദരീ/ കൊലച്ചതി ചെയ്തേക്കല്ലേ.../ പണ്ടത്തെ തോഴനീ ചെണ്ടിനു ചുറ്റിലും/ വണ്ടായി ചുറ്റിടുന്നു -രാപ്പകൽ/ വണ്ടായി ചുറ്റിടുന്നു -ഓഹോഹോ/ ചുണ്ടത്തെ പാത്രത്തിൽ...’’
ജയചന്ദ്രൻ പാടിയ, ‘‘ആയിരം പൂക്കൾ വിരിയട്ടെ/ ആയിരം വണ്ടുകൾ മുകരട്ടെ/ ആനന്ദസംഗീതസാഗരവീചിയിൽ/ ആയിരം മേനികൾ ഉലയട്ടെ/ ആയിരം പൂക്കൾ വിരിയട്ടെ/ സ്വപ്‌നങ്ങൾ പുഷ്പിക്കും/ പ്രമദവനത്തിൽ/ ഉൽപലബാണന്റെ മദിരോത്സവം/ പാനപാത്രം നിറയട്ടെ/ പാണിയും പാണിയും ചേരട്ടെ.../ ആയിരം പൂക്കൾ വിരിയട്ടെ/ ആയിരം വണ്ടുകൾ മുകരട്ടെ...’’
ബ്രഹ്മാനന്ദൻ പാടിയ ‘‘മന്മഥമന്ദിരത്തിൽ പൂജ...’’ എന്നാരംഭിക്കുന്ന ഗാനമാണ് അടുത്തത്.
‘‘മന്മഥമന്ദിരത്തിൽ പൂജ -ഇന്നു/ മധുരരാഗപൂജ/ കണ്മുനത്തല്ലുകൾ കൈത്തിരി കൊളുത്തുന്ന/ കാമുകസങ്കൽപ പൂജ/ സ്വപ്നത്തിൻ കോവിൽ നടതുറന്നു/ സ്വർഗീയചന്ദ്രികാദ്യുതി പരന്നു/ മഴവിൽ വനമാല കോർത്തു ചാർത്തിയ/ മധുമാസം പൂക്കൂട നിറച്ചുവന്നു.’’
‘പൊയ്‌മുഖങ്ങൾ’ എന്ന ചിത്രത്തിൽ എസ്. ജാനകി പാടിയ രണ്ടു ഗാനങ്ങൾ ഉണ്ടായിരുന്നു. അതിൽ ഒരു ഗാനം പ്രശസ്തമാണ്. സ്വാമിയുടെ ഈണവും ശോകരസം വിടർത്തുന്നതാണ്.
‘‘അഭിനവജീവിത നാടകത്തിൽ/ അഭിനയിക്കാൻ അറിയാത്തവളേ/ എന്തിനു നീയീ അരങ്ങിലെത്തി/ എങ്ങനെ നിനക്കീ വേഷം കിട്ടി?’’ എന്നു പല്ലവി.
ആദ്യചരണം ഇങ്ങനെ: ‘‘നെഞ്ചിൽ കൊടുംതീ ജ്വലിക്കുമ്പോഴും/ ചുണ്ടിൽ വിരിയണം മന്ദഹാസം/ കണ്ണിലെ തേന്മഴ മറച്ചുവെച്ചു.../കണ്ഠം പാടണം മധുരഗാനം.’’
ജാനകി പാടിയ രണ്ടാമത്തെ ഗാനം പ്രാർഥനയാണ്:
‘‘അമ്മേ... അമ്മേ/ എല്ലാം കാണുന്നോരമ്മേ/ അല്ലൽകൊടുംതീയിൽ വേവുമ്പോൾ നിൻ പദം/ അല്ലാതാശ്രയമെന്തുണ്ടമ്മേ...’’ എന്നു പല്ലവി. ആദ്യത്തെ ചരണം ഇങ്ങനെ: ‘‘കോടാനുകോടിയെ കാത്തുരക്ഷിക്കുന്ന/ കോടിലിംഗപുരത്തമ്മേ/ കാരുണ്യ വാരിദവർഷപൂരം ആദി-/ കാരിണി നീയെന്നിൽ തൂകൂ.../ എല്ലാം കാണുന്നോരമ്മേ...’’
‘മനസ്സ്’ റിലീസ് ചെയ്ത 1973 ഒക്ടോബർ 25നു തന്നെയാണ് ‘പൊയ്‌മുഖങ്ങൾ’ പുറത്തുവന്നതും. സസ്‌പെൻസും ആക്ഷൻരംഗങ്ങളും നിറഞ്ഞ ചിത്രമായതുകൊണ്ട് ‘പൊയ്‌മുഖങ്ങൾ’ താരതമ്യേന കൂടുതൽ കലക്ഷൻ നേടി. അതുകൊണ്ട് ടി.കെ. ബാലചന്ദ്രൻ ചലച്ചിത്രനിർമാനം തുടർന്നു.
പ്രിയദർശിനി മൂവീസിന്റെ പേരിൽ കെ.സി. ജോയ്, എം.സി. ജോസഫ് എന്നിവർ ചേർന്നു നിർമിച്ച ‘യാമിനി’ എം. കൃഷ്ണൻ നായർ സംവിധാനംചെയ്തു. ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും മാത്രമല്ല, ഗാനങ്ങളും എഴുതിയത് കാനം ഇ.ജെ ആണ്. അർജുനനാണ് സംഗീതസംവിധായകൻ. യേശുദാസും പി. സുശീലയും മാധുരിയും ഗാനങ്ങൾ പാടി. മധു, ജയഭാരതി, കൊട്ടാരക്കര ശ്രീധരൻ നായർ, അടൂർ പങ്കജം, അടൂർ ഭവാനി, ബഹദൂർ, കവിത, സാധന, പി.കെ. എബ്രഹാം, പി.കെ. വേണുക്കുട്ടൻ നായർ, ആലുമ്മൂടൻ തുടങ്ങിയവരാണ് ‘യാമിനി’യിലെ അഭിനേതാക്കൾ. കാനം ഇ.ജെ എഴുതിയ അഞ്ചു പാട്ടുകൾ ‘യാമിനി’യിൽ ഉണ്ടായിരുന്നു. മൂന്നു ഗാനങ്ങൾ അർജുനന്റെ സംഗീതസംവിധാനത്തിൽ യേശുദാസാണ് പാടിയത്. ഒരു ഗാനം പി. സുശീലയും ഒരു ഗാനം മാധുരിയും ആലപിച്ചു. യേശുദാസ് പാടിയ ആദ്യഗാനം ‘‘മനുഷ്യന് ദൈവം ശക്തി കൊടുത്തു...’’ എന്നു തുടങ്ങുന്നു.
പി. ഭാസ്കരൻ,ബാബുരാജ്,എസ്. ജാനകി
‘‘മനുഷ്യനു ദൈവം ശക്തി കൊടുത്തു/ മൃഗങ്ങളേക്കാൾ ബുദ്ധി കൊടുത്തു.../ മറ്റൊരു ഹൃദയം കാണാൻമാത്രം/ ദൈവം ശക്തി കൊടുത്തില്ല/ ആകാശങ്ങൾ കീഴടക്കി/ അലയാഴികളെ കീഴടക്കി/ പ്രചണ്ഡവാതംപോലവനെത്തി/ പ്രപഞ്ച സീമകൾ കണ്ടെത്തി/ മറ്റൊരു മനസ്സിൻ ചിത്രം മാത്രം/ മർത്ത്യനിന്നും കണ്ടില്ല.../ ശാസ്ത്രം കണ്ടെത്തിയില്ല.’’
ഇങ്ങനെ ചില സത്യങ്ങൾ ഗദ്യഭാഷയിൽ പറയുന്നു എന്നല്ലാതെ ഗാനരചനയുടെ ടെക്നിക്ക് കാനം ഇ.ജെക്കു വശംവദമാണെന്നു വ്യക്തമാകുന്നില്ല.
യേശുദാസ് പാടിയ രണ്ടാമത്തെ ഗാനം ‘‘സ്വയംവരകന്യകേ...’’ എന്നാരംഭിക്കുന്നു.
‘‘സ്വയംവരകന്യകേ/ സ്വപ്നഗായികേ -സഖീ/ സ്വർഗകവാടം തുറക്കൂ/ സപ്തസ്വരങ്ങൾ മുഴക്കൂ/ നിൻ ചൊടിയിലടങ്ങാത്ത മധുരമുണ്ടോ -നിന്റെ/ പുഞ്ചിരിയിൽ വിടരാത്ത വസന്തമുണ്ടോ.../ നിൻ രാഗതന്ത്രികൾ പാടാത്ത/ ഗന്ധർവഗാനങ്ങളുണ്ടോ...’’ യേശുദാസ് പാടിയ മൂന്നാമത്തെ പാട്ട് ഇങ്ങനെ തുടങ്ങുന്നു:
‘‘രത്നരാഗമുണർന്ന നിൻ കവിളിൽ/ ലജ്ജയിൽ മുത്തുകളൊഴുകി/ ചിത്രമൃഗമിഴി എന്മനതാരിൽ/ എത്ര കവിതകളെഴുതി.../ മഞ്ജുനിലാവിന്റെ മഞ്ഞലയിൽ നിന്റെ/ മഞ്ജീരനാദം കേൾക്കുവാൻ/ പുഷ്പവദനേ, കാത്തിരുന്നു ഞാൻ/ എത്ര സിന്ദൂരസന്ധ്യകൾ/ എത്ര ശാരദരാത്രികൾ...’’
പി. സുശീല പാടിയ, ‘‘പുഞ്ചിരിപ്പൂവുമായ് പഞ്ചമിചന്ദ്രിക/ ചന്ദനക്കിണ്ണവും കൊണ്ടിറങ്ങി/ നക്ഷത്ര കന്യകൾ നാണം കുണുങ്ങികൾ/ പുഷ്പരഥങ്ങളിൽ വന്നിറങ്ങി...വന്നിറങ്ങി/ ഈ മനോജ്ഞ നികുഞ്ജനിരയിൽ/ ഈ മദാലസദിശയിൽ/ വിടർന്നു നിൽക്കും വസന്തലഹരിയിൽ/ വിചാരമഞ്ജരി നിറഞ്ഞു -എന്റെ/ വികാരമഞ്ജുഷ കവിഞ്ഞു -കവിഞ്ഞു...’’
മാധുരി പാടിയ ഗാനം ‘‘ശലഭമേ വരൂ...’’ എന്നു തുടങ്ങുന്നു.
‘‘ശലഭമേ വരൂ/ നിശാശലഭമേ വരൂ.../ പ്രേമഹൃദയം മോഹപൂക്കളം/ രാഗമധുരം പകരൂ പകരൂ/ നുകരൂ നുകരൂ നുകരൂ/ നിന്നധരത്തിലെ ചുംബനലഹരി/ തെന്നലിലൊഴുകുമ്പോൾ/ മന്മഥശരങ്ങൾ പൊന്മലർനിരകൾ/ നിന്നുതുടിക്കുന്നു.../ നിന്നെ വിളിക്കുന്നു വിളിക്കുന്നു/ നിന്നെ വിളിക്കുന്നു.’’
അർജുനന്റെ സംഗീതം ഒട്ടും മോശമായിരുന്നില്ല. എങ്കിലും ‘യാമിനി’യിൽ ഒരു സൂപ്പർഹിറ്റ് ഗാനം ഉണ്ടായില്ല; യേശുദാസിന്റെ മൂന്നു പാട്ടുകൾ ഉണ്ടായിട്ടും. 1973 നവംബർ 9ാം തീയതി ‘യാമിനി’ തിയറ്ററുകളിലെത്തി. എം. കൃഷ്ണൻനായർ സംവിധാനംചെയ്തിട്ടും ‘യാമിനി’ സാമ്പത്തികമായി വേണ്ടത്ര വിജയിച്ചില്ല.
എൻ.എൻ. പിള്ളയുടെ പ്രശസ്ത നാടകമായ ‘ക്രോസ്സ്‌ബെൽറ്റ്’ സിനിമയാക്കിയതിനു ശേഷമാണ് മണി എന്ന വേലായുധൻ നായർ ‘ക്രോസ്ബെൽറ്റ് മണി’ എന്ന പേര് സ്വീകരിച്ചത്. എൻ.എൻ. പിള്ളയുടെ മറ്റൊരു പ്രശസ്ത നാടകമായ ‘കാപാലിക’യും മണി സിനിമയാക്കി. സി.പി. ശ്രീധരൻ, പി. അപ്പു നായർ, കെ.വി. നായർ എന്നീ മൂന്നുപേർ ചേർന്ന് തുടങ്ങിയ യുനൈറ്റഡ് മൂവീസ് ആണ് ചിത്രം നിർമിച്ചത്.
നാടകകൃത്തായ എൻ.എൻ. പിള്ള തന്നെ സിനിമക്ക് തിരനാടകവും സംഭാഷണവും രചിച്ചു. ഷീലയാണ് റോസമ്മ (കാപാലിക) എന്ന നായികയെ അവതരിപ്പിച്ചത്. കെ.പി. ഉമ്മർ, ജോസ് പ്രകാശ്, എൻ. ഗോവിന്ദൻകുട്ടി, റാണിചന്ദ്ര, അടൂർ ഭാസി, ബഹദൂർ, കുതിരവട്ടം പപ്പു, വിജയരാഘവൻ, പറവൂർ ഭരതൻ, ഫിലോമിന, നമ്പിയത്ത് തുടങ്ങിയവർ മറ്റു കഥാപാത്രങ്ങളായി വേഷമിട്ടു. ചിത്രത്തിൽ മൂന്നു പാട്ടുകൾ ഉണ്ടായിരുന്നു. രണ്ടു പാട്ടുകൾ എൻ.എൻ. പിള്ള തന്നെ എഴുതി. ഒരു പാട്ട് വയലാർ രാമവർമയും. എൻ.എൻ. പിള്ള എഴുതിയ ഇംഗ്ലീഷ് ഗാനം യേശുദാസും പി. സുശീലയും ചേർന്നു പാടി. പാട്ട് ഇങ്ങനെ തുടങ്ങുന്നു:
‘‘എ സ്‍മാഷ് ആൻഡ് എ ക്രാഷ്/ വി കാൾ ഇറ്റ് തണ്ടർ/ എ ക്ലാഷ് ആൻഡ് എ സ്‍മാഷ്/ വി കാൾ ഇറ്റ് തണ്ടർ/ ലൈഫ് ഈസ് എ തണ്ടർ/ എൻഡിങ് ഈസ് എ ബ്ലണ്ടർ/ സ്റ്റാർട്ടിങ് ഇൻ എ റോർ/ എൻഡിങ് ഇൻ സ്‌നോസ്.’’
എൻ.എൻ. പിള്ള എഴുതിയ രണ്ടാമത്തെ ഗാനം മലയാളത്തിലാണ്.
‘‘കപിലവസ്തുവിലെ കർമയോഗിയിൽപോലും/ കാമദേവനെ കാണും കാമിനീ, കാപാലികേ/ ഇടിമിന്നലിൽ ഇന്ദ്രകാർമുക മാല്യം ചാർത്താൻ/ പഴുതേ മോഹിക്കും നിൻ മുഗ്ധഭാവനകളിൽ/ അമൃതപയോധിയും ആകാശതടിനിയും/ പ്രമദവനികയും പൊള്ളുന്ന മരുഭൂവും/ കുളിർതെന്നലും കൊടുങ്കാറ്റും/ ഒന്നായി കൂടിക്കുഴയും സത്യത്തിന്റെ/ വിശ്വരൂപം ഞാൻ കാണ്മൂ...’’
‘നാടകാന്തം കവിത്വം’ എന്നാണല്ലോ ചൊല്ല്, നല്ല നാടകകൃത്തിനു കവിതയും വഴങ്ങുമെന്നാണ് പണ്ടു മുതലേയുള്ള വിശ്വാസം.
എൻ. ഗോപാലകൃഷ്ണൻ എന്ന ഗായകനാണ് ഈ ഗാനം പാടിയത്. ചിത്രത്തിനുവേണ്ടി വയലാർ എഴുതിയ ഗാനം യേശുദാസ് ആലപിച്ചു.
പ്രേംനസീർ,കെ.പി. ഉമ്മർ,വിൻെസന്റ്
‘‘ശരപഞ്ജരം പുഷ്പശരപഞ്ജരം/ ശരീരം മനസ്സിൻ സുഖവാസമന്ദിരം/ മന്മഥൻ സ്ത്രീയിലിതു പണിയുന്ന കാലം/ മദിച്ചു തുള്ളും യൗവനം’’ എന്ന പല്ലവിയിൽ അർഥം വ്യക്തമാണ്. ഗാനം ഇങ്ങനെ തുടരുന്നു:
‘‘വികാരം മുമ്പേ കുതിക്കും –അന്നു/ വിചാരം പിമ്പേ നടക്കും/ വിരിയുന്ന വിരിയുന്ന മോഹപുഷ്പങ്ങളിൽ/ വിരൽനഖമുദ്രകൾ പതിക്കും –കാമം/ വിരൽനഖമുദ്രകൾ പതിക്കും/ ഓരോ സ്വപ്നവും കൊഴിയും/ ഓർമകൾ കിളിവാതിൽ തുറക്കും –ദൂരെ/ കാമുകശലഭങ്ങൾ ചിരിക്കും/ ചിരിക്കും –പൊട്ടിച്ചിരിക്കും.’’
ആർ.കെ. ശേഖർ ആണ് ‘കാപാലിക’യിലെ മൂന്നു ഗാനങ്ങൾക്കും ഈണം പകർന്നത്. ചിത്രത്തിന്റെ പശ്ചാത്തലസംഗീതം നിർവഹിച്ചതും അദ്ദേഹംതന്നെയാണ്. ‘കാപാലിക’യും 1973 നവംബർ ഒമ്പതിനാണ് റിലീസ് ചെയ്തത്. അതായത് ‘യാമിനി’ എന്ന സിനിമ റിലീസ് ചെയ്ത അതേ ദിവസം. നാടകംപോലെ തന്നെ ‘കാപാലിക’ എന്ന സിനിമയും പരാജയമായില്ല. ഷീലയുടെ അഭിനയത്തികവ് ചിത്രത്തിന്റെ പ്രധാന മേന്മയായിരുന്നു.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.