പ്രിയമുള്ളവളേ, നിനക്കു വേണ്ടി...

‘‘അത്ഭുതമെന്നു പറയട്ടെ, ഏഴു ഗാനങ്ങൾ ഉണ്ടായിട്ടും യേശുദാസും ജയചന്ദ്രനും പാടിയിട്ടും ബ്രഹ്മാനന്ദൻ പാടിയ ‘പ്രിയമുള്ളവളേ, നിനക്കുവേണ്ടി...’ എന്ന പാട്ടാണ് സൂപ്പർഹിറ്റ് ആയത്. 1973 നവംബർ 30നാണ് ‘തെക്കൻ കാറ്റ്’ തിയറ്ററുകളിലെത്തിയത്. ചിത്രം സാമ്പത്തിക വിജയം നേടി’’ -സംഗീതയാത്രകൾ തുടരുന്നു.‘തെക്കൻ കാറ്റ്’ എന്ന സിനിമ ശ്രീരാജേഷ്‌ ഫിലിംസിന്റെ ബാനറിൽ ആർ.എസ്. പ്രഭുവാണ് നിർമിച്ചത്. 1952ൽ പുറത്തുവന്ന ‘രക്തബന്ധം’ എന്ന ചിത്രത്തിൽനിന്നു തുടങ്ങുന്നു ആർ.എസ്. പ്രഭുവിന് മലയാള സിനിമയുമായുള്ള ബന്ധം. പിന്നീട് ദീർഘകാലം ‘നീലക്കുയിൽ’ നിർമിച്ച ടി.കെ. പരീക്കുട്ടിയുടെ വിശ്വസ്‌തനായ മാനേജറായിരുന്നു അദ്ദേഹം. ‘ആൽമരം’...

‘‘അത്ഭുതമെന്നു പറയട്ടെ, ഏഴു ഗാനങ്ങൾ ഉണ്ടായിട്ടും യേശുദാസും ജയചന്ദ്രനും പാടിയിട്ടും ബ്രഹ്മാനന്ദൻ പാടിയ ‘പ്രിയമുള്ളവളേ, നിനക്കുവേണ്ടി...’ എന്ന പാട്ടാണ് സൂപ്പർഹിറ്റ് ആയത്. 1973 നവംബർ 30നാണ് ‘തെക്കൻ കാറ്റ്’ തിയറ്ററുകളിലെത്തിയത്. ചിത്രം സാമ്പത്തിക വിജയം നേടി’’ -സംഗീതയാത്രകൾ തുടരുന്നു.

‘തെക്കൻ കാറ്റ്’ എന്ന സിനിമ ശ്രീരാജേഷ്‌ ഫിലിംസിന്റെ ബാനറിൽ ആർ.എസ്. പ്രഭുവാണ് നിർമിച്ചത്. 1952ൽ പുറത്തുവന്ന ‘രക്തബന്ധം’ എന്ന ചിത്രത്തിൽനിന്നു തുടങ്ങുന്നു ആർ.എസ്. പ്രഭുവിന് മലയാള സിനിമയുമായുള്ള ബന്ധം. പിന്നീട് ദീർഘകാലം ‘നീലക്കുയിൽ’ നിർമിച്ച ടി.കെ. പരീക്കുട്ടിയുടെ വിശ്വസ്‌തനായ മാനേജറായിരുന്നു അദ്ദേഹം. ‘ആൽമരം’ എന്ന ചിത്രത്തോടുകൂടി ചന്ദ്രതാരാ പ്രൊഡക്ഷൻസ് ചലച്ചിത്രനിർമാണം മതിയാക്കിയപ്പോൾ ആർ.എസ്. പ്രഭു സ്വന്തം നിർമാണക്കമ്പനിയായ ശ്രീ രാജേഷ് ഫിലിംസ് ആരംഭിച്ചു. ‘ആഭിജാത്യം’ ആയിരുന്നു ആദ്യ ചിത്രം.

‘തെക്കൻ കാറ്റ് ’ എന്ന ചിത്രം ശശികുമാറാണ് സംവിധാനം ചെയ്തത്. മുട്ടത്തു വർക്കിയുടെ നോവലിന് തിരക്കഥാരൂപം നൽകിയതും സംഭാഷണം രചിച്ചതും തോപ്പിൽ ഭാസിയാണ്. മധു, ശാരദ, കൊട്ടാരക്കര ശ്രീധരൻ നായർ, ജോസ് പ്രകാശ്, അടൂർ ഭാസി, എസ്.പി. പിള്ള, കെ.പി.എ.സി. ലളിത, സുകുമാരി, ശങ്കരാടി, മീന, അടൂർ ഭവാനി, രാജകോകില, കടുവാക്കുളം ആന്റണി തുടങ്ങിയവർ അഭിനയിച്ചു. ചിത്രത്തിൽ ഏഴു ഗാനങ്ങൾ ഉണ്ടായിരുന്നു. ആറു പാട്ടുകൾ പി. ഭാസ്കരനും ഒരു പാട്ട് ഭരണിക്കാവ് ശിവകുമാറും എഴുതി. എ.ടി. ഉമ്മർ ആ ഗാനങ്ങൾക്ക് ഈണം നൽകി. യേശുദാസ്, പി. ജയചന്ദ്രൻ, പി. സുശീല, എസ്. ജാനകി, എൽ.ആർ. ഈശ്വരി എന്നിവരോടൊപ്പം അടൂർ ഭാസിയും ഈ ചിത്രത്തിലെ ഒരു ഗാനം പാടി. കെ.പി. ബ്രഹ്മാനന്ദൻ പാടിയ ‘‘പ്രിയമുള്ളവളേ, നിനക്കു വേണ്ടി പിന്നെയും നവ സ്വപ്നോപഹാരം ഒരുക്കീ ഞാൻ...’’ എന്ന ഗാനമാണ് കൂടുതൽ പ്രശസ്തി നേടിയത്. ബ്രഹ്മാനന്ദൻ പാടിയ സൂപ്പർഹിറ്റുകളിൽ ഒന്നായി ഈ ഗാനം മാറി.

‘‘പ്രിയമുള്ളവളേ, നിനക്കുവേണ്ടി/ പിന്നെയും നവ സ്വപ്നോപഹാരം/ ഒരുക്കീ, ഒരുക്കീ ഞാൻ/ നിനക്കുവേണ്ടി മാത്രം...’’ ആദ്യത്തെ ചരണം ഇങ്ങനെ: ‘‘ശാരദപുഷ്പവനത്തിൽ വിരിയും/ ശതാവരിമലർപോലെ/ വിശുദ്ധയായ് വിടർന്നു നീയെന്റെ/ വികാര രാജാങ്കണത്തിൽ/ വികാര രാജാങ്കണത്തിൽ...’’ പി. ജയചന്ദ്രൻ പാടിയ ‘‘നീലമേഘങ്ങൾ നീന്താനിറങ്ങിയ/ വാനമാകും കളിപ്പൊയ്കക്കടവിൽ/ ഏതോ സ്വപ്നത്തെ താലോലിച്ചിരുന്നു/ ചേതോഹരി സായാഹ്ന സുന്ദരി...’’ എന്ന ഗാനവും മനോഹരംതന്നെ.

പി. സുശീല ആലപിച്ച ‘‘ഓർക്കുമ്പോൾ ചൊല്ലാൻ നാണം –ഇന്നലെ/ രാക്കിളിയും ഞാനും ഉറങ്ങിയില്ല -സഖീ/ ഉറങ്ങിയില്ല ഉറങ്ങിയില്ല/ കണ്ണിണ പൊത്തുവാൻ കവിളത്തു മുത്തുവാൻ/ കന്നിനിലാവൊളി വന്നനേരം/ അരുതെന്നു ചുണ്ടുകൾ വീണ്ടും വിലക്കീട്ടും/ കരിവള പൊട്ടിച്ച കളിത്തോഴൻ...’’ എന്ന പാട്ടിലെ ശൃംഗാരമധുരവും ആകർഷണീയംതന്നെ.

ഇതേ ഭാവത്തിൽ തന്നെയുള്ള എന്നാൽ, ലേശം ശോകരസമുള്ള ഗാനമാണ് എസ്. ജാനകി പാടിയത്. അത് ഇങ്ങനെ തുടങ്ങുന്നു. ‘‘വരില്ലെന്നു ചൊല്ലുന്നു വേദന/ വരുമെന്നു ചൊല്ലുന്നു ചേതന/ ഇണക്കുയിലേ ഇണക്കുയിലേ/ ഇനിയെന്നു കാണുന്നു നിന്നെ ഞാൻ...’’ എന്നിങ്ങനെ പല്ലവി.

‘‘ദിവസങ്ങൾ തള്ളുന്നു ദേഹം/ നിമിഷങ്ങൾ എണ്ണുന്നു ഹൃദയം’’ എന്നിങ്ങനെ തുടങ്ങുന്നു ആദ്യചരണം. എൽ.ആർ. ഈശ്വരി പാടിയ മാദകത്വം വിളമ്പുന്ന ഗാനമാണ് അടുത്തത്.

 

‘‘എൻ നോട്ടം കാണാൻ കാൽപ്പവൻ/ എൻ ആട്ടം കാണാൻ അരപ്പവൻ.../ കാൽപ്പവൻ അരപ്പവൻ/ കാൽപ്പവൻ അരപ്പവൻ .../ മദനന്റെ നാട്ടുകാരി/ മണിവീണപ്പാട്ടുകാരി/ മദനന്റെ നാട്ടുകാരി/ മണിവീണപ്പാട്ടുകാരി/ മദാലസ നാട്യക്കാരി/ മധുരാംഗി ഞാൻ മധുരാംഗി ഞാൻ/ നിങ്ങടെയുള്ളിൽ/ താമസിക്കാൻ ഇടം വേണം/ നീ വാ...’’

അടൂർ ഭാസിയും സംഘവും ഈ സിനിമക്കുവേണ്ടി ഒരു ഗാനം ആലപിച്ചു (ഈ ചിത്രം രൂപപ്പെടുന്ന കാലത്ത് ആർ.എസ്. പ്രഭുവും അടൂർ ഭാസിയും മദിരാശിയിൽ അയൽക്കാരായിരുന്നു. അടുത്തടുത്ത പ്ലോട്ടുകളിലാണ് അവർ വീടുകൾ നിർമിച്ചത്). ആ ഗാനം ഇതാണ്: ‘‘ചിയ്യാം ചിയ്യാം ചിഞ്ചിയ്യാം/ ചിയ്യാം ചിയ്യാം ചിഞ്ചിയ്യാം/ നീയേ ശരണം ഗോപാലാ/ നെയ്യും പാലും നൈവേദ്യം/ അഞ്ചഞ്ചര നാഴികനേരം കുറുക്കിവെച്ച/ പഞ്ചാരപ്പായസമേകീടാം ഗോപാലകൃഷ്‌ണാ/ നിൻ ചേവടിയെന്നും സഹായം/ ഗോപാലകൃഷ്ണാ/ നിൻ ചേവടി എന്നും സഹായം...’’

ഇതുവരെ പി. ഭാസ്കരൻ രചിച്ച ഗാനങ്ങളെക്കുറിച്ചാണ് എഴുതിയത്. ഭരണിക്കാവ് ശിവകുമാറും ‘തെക്കൻ കാറ്റി’നുവേണ്ടി ഒരു ഗാനം എഴുതി. യേശുദാസാണ് ആ ഗാനം ആലപിച്ചത്.

‘‘യറൂശലേമിന്റെ നന്ദിനീ/ യഹോവ സൃഷ്ടിച്ച സുന്ദരീ/ പഞ്ചേന്ദ്രിയങ്ങളിൽ അമൃതൊഴുക്കാൻ വന്ന/ പൂർണചന്ദ്രമുഖീ -നിന്നെ / പുഷ്പശരംകൊണ്ടു മൂടട്ടെ -നിന്റെ/ പൂവിതൾക്കുമ്പിൾ നിറയ്ക്കട്ടെ’’ എന്നിങ്ങനെ ആരംഭിക്കുന്നു ഗാനം. ഈ പാട്ടിന്റെ തുടർന്നുള്ള വരികളും തെല്ലും മോശമല്ല. ആദ്യ ചരണം ഇങ്ങനെ: ‘‘വയനാടൻ കുന്നിലെ മുളങ്കാട്ടിൽ/ വായ്ക്കുരവനാദം മുഴങ്ങുമ്പോൾ/ നിന്റെ പട്ടിളം പീലി പൂമെയ്യിൽ -ഈ/ സന്ധ്യാസിന്ദൂരം ചാർത്തട്ടെ/ മനസ്സു ചോദിക്കാതെ/ മധുരം നേദിക്കാതെ/മനസ്വിനീ നിന്നെ ഞാൻ പുണരട്ടെ...’’

അത്ഭുതമെന്നു പറയട്ടെ, ഏഴു ഗാനങ്ങൾ ഉണ്ടായിട്ടും യേശുദാസും ജയചന്ദ്രനും പാടിയിട്ടും ബ്രഹ്മാനന്ദൻ പാടിയ ‘‘പ്രിയമുള്ളവളേ, നിനക്കുവേണ്ടി...’’ എന്ന പാട്ടാണ് സൂപ്പർഹിറ്റായത്.

1973 നവംബർ 30നാണ് ‘തെക്കൻ കാറ്റ്’ തിയറ്ററുകളിലെത്തിയത്. ചിത്രം സാമ്പത്തികവിജയം നേടി.

പുണെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് സിനിമാസംവിധാനത്തിൽ ബിരുദം നേടിയ തൃപ്രയാർ സുകുമാരൻ സംവിധാനംചെയ്ത സിനിമയാണ് ‘ചുഴി’. സലാം കാരശ്ശേരിയും ഹുസൈനും ചേർന്നാണ് ചിത്രം നിർമിച്ചത്. നവധാരാ മൂവി മേക്കേഴ്‌സ് എന്നാണ് ബാനറിന്റെ പേര്. എസ്.ജി. ഭാസ്കറിന്റെ കഥക്ക് പ്രശസ്ത എഴുത്തുകാരനായ എൻ.പി. മുഹമ്മദ് തിരക്കഥ തയാറാക്കി. നിർമാതാക്കളിൽ ഒരാളായ സലാം കാരശ്ശേരി സംഭാഷണം എഴുതി. തെന്നിന്ത്യയിലെ പ്രശസ്ത നടി സാവിത്രി ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചു. സുജാത, കൊട്ടാരക്കര ശ്രീധരൻ നായർ, എൻ. ഗോവിന്ദൻകുട്ടി, ബഹദൂർ, പി.കെ. രാധാദേവി, ജെ.എ.ആർ. ആനന്ദ്,നിലമ്പൂർ ബാലൻ, അബ്ബാസ് തുടങ്ങിയവർ അഭിനയിച്ച ‘ചുഴി’ ഒരു ലോ ബജറ്റ് സിനിമയാണ്.

പൂവച്ചൽ ഖാദറും പി.എ. കാസിമും പാട്ടുകൾ എഴുതി. എം.എസ്. ബാബുരാജ് സംഗീതസംവിധാനം നിർവഹിച്ചു. പൂവച്ചൽ ഖാദർ എഴുതിയ ‘‘അക്കൽ ദാമയിൽ’’ എന്നു തുടങ്ങുന്ന ഗാനം യേശുദാസ് പാടി. ‘‘അക്കൽദാമയിൽ പാപം പേറിയ/ ചോരത്തുള്ളികൾ വീണു/ പൊട്ടിച്ചിരിയാൽ ഭ്രാന്താത്മാവുകൾ/ എത്രയുണർന്നു വീണ്ടും.../ കാലം തീർക്കും കറുത്ത പുഴയിൽ / പാവം മാനവനൊഴുകുന്നു/ നീളും നീലപാതകൾ നീളേ/ നിത്യവുമവനെ വിളിക്കുന്നു -ഹൃദയം/ സത്യം കാണാതലയുന്നു.

 

പി. ഭാസ്കരൻ,എ.ടി. ഉമ്മർ,ഭരണിക്കാവ് ശിവകുമാർ

പൂവച്ചൽ ഖാദർ എഴുതി ബാബുരാജ് ഈണം പകർന്ന് എസ്. ജാനകി ആലപിച്ച ഗാനം ‘‘ഹൃദയത്തിൽ നിറയുന്ന...’’ എന്നു തുടങ്ങുന്നു. ‘‘ഹൃദയത്തിൽ നിറയുന്ന മിഴിനീരാൽ ഞാൻ/ തൃക്കാൽ കഴുകുന്നു നാഥാ.../ ദുഃഖത്തിൽനിന്നെന്നെ വീണ്ടെടുക്കേണമേ/ എല്ലാമറിയുന്ന താതാ.../ ബന്ധങ്ങൾ നൽകിയ മുൾമുടി ചൂടി ഞാൻ/ നിൻ തിരുമുന്നിലായ് നിൽപ്പൂ/ പെണ്ണിന്റെ കണ്ണുനീർ കണ്ടുകരഞ്ഞ നീ/ എന്നെയും കൈവെടിയല്ലേ...’’

ക്രിസ്ത്യൻ ഭക്തിഗാന ശേഖരത്തിലേക്ക് പൂവച്ചൽ നൽകിയ മികച്ച സംഭാവനയാണീ ഗാനം. സറ്റയർ എഴുതാനും പൂവച്ചലിനു കഴിയും എന്നതിന്റെ ദൃഷ്ടാന്തമാണ് ‘ചുഴി’ എന്ന ചിത്രത്തിനുവേണ്ടി എൽ.ആർ. ഈശ്വരിയും സി.ഒ. ആന്റോയും ചേർന്നു പാടിയ ഈ പാട്ട്.

‘‘കാട്ടിലെ മന്ത്രീ/ കാട്ടിലെ മന്ത്രീ കൈക്കൂലി വാങ്ങാൻ/ കയ്യൊന്നു നീട്ടൂ രാമാ -ആ/ കയ്യൊന്നു നീട്ടൂ രാമാ/ നാട്ടിലിറങ്ങി വോട്ടു പിടിക്കാൻ/ വേഷം കെട്ടൂ രാമാ.../ കുഞ്ചിരാമാ കുഞ്ചിരാമാ’’ എന്നിങ്ങനെ ആരംഭിക്കുന്ന ഈ പാട്ടിലെ ശേഷം വരികളും രസകരമാണ്. പൂവച്ചൽ ഖാദർ ‘ചുഴി’ക്കുവേണ്ടി എഴുതിയ നാലാമത്തെ ഗാനം സംഗീതസംവിധായകനായ ബാബുരാജ് തന്നെയാണ് പാടിയത്.

‘‘ഒരു ചില്ലിക്കാശുമെനിക്ക് കിട്ടിയതില്ലല്ലോ/ വെയിലിൽ നടന്നുമിരുന്നും ഇന്നു തളർന്നല്ലോ/ വയറിൽ വിശപ്പിന്റെ പത്താമുത്സവമാണല്ലോ/ വരളുന്ന ചുണ്ടു നനയ്ക്കാനും വഴിയില്ലല്ലോ/ തെയ് തോം തെയ്യത്തോം/ തെയ് തോം തെയ്യത്തോം... സിന്ദൂരപ്പൊട്ടു കുത്തി/ തത്തമ്മക്കൂടിളക്കി/ കൊഞ്ചിക്കുഴഞ്ഞു വരുന്നതാരോ.../ ബസ്‌സ്റ്റോപ്പിലെത്തും നേരം/ പൂവാലന്മാർക്ക് നൽകാൻ /മുട്ടായി ചിരിയുമായ്/ വരുന്നതാരോ...’’

 

മുട്ടത്തു വർക്കി,തോപ്പിൽ ഭാസി

ആറു പാട്ടുകളുള്ള ‘ചുഴി’യിലെ ബാക്കി രണ്ടു പാട്ടുകൾ എഴുതിയത് ഉത്തര കേരളത്തിൽ പ്രശസ്തനായ പി.എ. കാസിം എന്ന ഗാനരചയിതാവാണ്. സുദീർഘമായ ഇടവേളക്കു ശേഷം മെഹബൂബ് പാടിയ ഈ ഗാനം ശ്രദ്ധേയമായി. ഇത് മെഹബൂബ് നയിക്കുന്ന സംഘഗാനമാണ്.

‘‘കണ്ടു രണ്ടു കണ്ണ്/ കതകിൻ മറവിൽനിന്ന്/ കരിനീലക്കണ്ണുള്ള പെണ്ണ്/ കുറുനിര പരത്തണ പെണ്ണ്/ ഹാ ഹാ... കണ്ടു രണ്ടു കണ്ണ്.../ആപ്പിള് പോലത്തെ കവിള് -ആ/ നോക്കുമ്പോൾ കാണണു കരള്/ പൊന്നിൻകുടം മെല്ലെ കുലുക്കും/ അന്നപ്പിടപോലെ അടിവെച്ചു നടക്കും.../ കണ്ടു രണ്ടു കണ്ണ് ഹാ ഹാ/ കണ്ടു രണ്ടു കണ്ണ്/ കതകിൻ മറവിൽനിന്ന്...’’ രചനയിലും ഈണത്തിലുമുള്ള ലാളിത്യംകൊണ്ട് ഈ പാട്ട് ഹിറ്റായി എന്നു പറയാം.

പി.എ. കാസിം എഴുതിയ രണ്ടാമത്തെ ഗാനം ‘‘മധുരമധുരമീ മധുപാനം...’’ എന്നു തുടങ്ങുന്നു. യേശുദാസാണ് ഈ ഗാനം പാടിയത്.

‘‘മധുരമധുരമീ മധുപാനം -ഒരു/ മാദകലഹരിയാണീ ഭുവനം/ ആനന്ദലഹരിയിൽ ആടിയാറാടും/ ഒടുവിൽ കദനകടലിൽ താഴും...’’

പാട്ടിലെ ആദ്യചരണം ഇങ്ങനെ: ‘‘സുന്ദരജീവിതസുഖമാകെ നുകർന്നും/ മുന്തിരിച്ചാറിൽ നീന്തിത്തളർന്നും/ തീരാത്ത മോഹവലയിൽ വീഴും/ തോരാത്ത കണ്ണീർച്ചുഴിയിൽ താഴും...’’ തുടർന്ന് ഹമ്മിങ് വരുന്നു, വീണ്ടും പല്ലവി തുടരുന്നു. സിനിമയെക്കുറിച്ച് ധാരാളം സ്വപ്‌നങ്ങൾ മനസ്സിൽ സൂക്ഷിച്ച ഒരു നല്ല നിർമാതാവായിരുന്നു സലാം കാരശ്ശേരി. എന്നാൽ, പ്രതീക്ഷിച്ചതുപോലെ അദ്ദേഹം സിനിമയിൽനിന്ന് നേട്ടങ്ങൾ ഉണ്ടാക്കിയില്ല. അകാലത്തിൽ ഈ ഭൂമി വിട്ടുപോവുകയും ചെയ്തു. പ്രശസ്ത സാഹിത്യകാരനും ചിന്തകനും പ്രഭാഷകനുമായ എം.എൻ. കാരശ്ശേരിയുടെ അടുത്ത ബന്ധുവാണ് സലാം കാരശ്ശേരി.

‘ചുഴി’ എന്ന സിനിമ 1973 ഡിസംബർ ഏഴിന്​ പുറത്തുവന്നു.

നീലാ പ്രൊഡക്ഷൻസിനുവേണ്ടി സംവിധായക നിർമാതാവായ പി. സുബ്രഹ്മണ്യം ഒരുക്കിയ ചിത്രമാണ് ‘സ്വർഗ്ഗപുത്രി’. കാനം ഇ.ജെ ഈ ചിത്രത്തിന് കഥയും തിരക്കഥയും സംഭാഷണവും എഴുതി. മധു നായകനും വിജയശ്രീ നായികയുമായി. രാഘവൻ ഉപനായകനായി. സുജാത, തിക്കുറിശ്ശി, കൊട്ടാരക്കര ശ്രീധരൻനായർ, എസ്.പി. പിള്ള, അടൂർ പങ്കജം, ശ്രീമൂലനഗരം വിജയൻ, ബഹദൂർ, കെ.പി.എ.സി സണ്ണി, മുതുകുളം രാഘവൻ പിള്ള, നിലമ്പൂർ ബാലൻ, സരസമ്മ തുടങ്ങിയവർ ‘സ്വർഗ്ഗപുത്രി’യിൽ അഭിനയിച്ചു. ശ്രീകുമാരൻ തമ്പിയുടെ ഗാനങ്ങൾക്ക് ജി. ദേവരാജൻ ഈണം നൽകി. യേശുദാസ്, പി. ജയചന്ദ്രൻ, മാധുരി എന്നിവർ പാട്ടുകൾ പാടി. ജയചന്ദ്രൻ പാടിയ ‘‘സ്വർണമുഖീ...’’ എന്നു തുടങ്ങുന്ന ഗാനം ഹിറ്റ് ചാർട്ടിൽ ഇടംപിടിച്ചു.

 

യേശുദാസ്,ബ്രഹ്മാനന്ദൻ,പി. ജയചന്ദ്രൻ

‘‘സ്വർണമുഖീ, നിൻ സ്വപ്നസദസ്സിൽ/ സ്വരമഞ്ജരി തൻ ശ്രുതിമണ്ഡപത്തിൽ/ തീർഥാടകനാം എന്നുടെ മോഹം/ കീർത്തനമായ് ഒഴുകി -ഹൃദയം/ പ്രാർഥനയിൽ മുഴുകി’’ എന്നു പല്ലവി. ആദ്യത്തെ ചരണം ഇങ്ങനെ: ‘‘പാനഭാജനം കൈകളിലേന്തി/ പനിനീർച്ചുണ്ടിൽ പുഞ്ചിരി തൂകി/ പളുങ്കുചോല പോൽ ഒഴുകിയെത്തുമ്പോൾ/ പച്ചവെള്ളവും പാലമൃതാകും/ അനുഗ്രഹങ്ങളാൽ അതിഥിയെ മൂടും/ ആതിഥേയ നീ...’’ യേശുദാസും മാധുരിയും ചേർന്നു പാടിയ യുഗ്മഗാനവും ശ്രോതാക്കൾക്ക് ഇഷ്ടമായി.

‘‘ആകാശത്താമര പ്രാണനിൽ ചൂടി/ ആഷാഢ മേഘമാം ആട്ടിടയൻ’’ എന്നു നായിക പാടുമ്പോൾ നായകന്റെ മറുപടിയിങ്ങനെ: ‘‘മാലാഖയാം നിന്നെ പ്രിയതമയാക്കി/ മണ്ണിലെ യാചകഗായകൻ ഞാൻ.’’ ചരണം ഇങ്ങനെ: ‘‘ഭൂമിയും സ്വർണവും പങ്കുവെക്കാതെ/ ജീവനും ജീവനും ഒന്നിച്ചു ചേർന്നു/ എൻ മോഹജാലത്തിൻ പൂമരക്കാട്ടിൽ/ നിൻ സ്നേഹഗന്ധം വസന്തമായ് വന്നു...’’

യേശുദാസും മധുരിയും ചേർന്നു പാടിയ ‘‘മണിനാദം... മണിനാദം മായാമോഹന മണിനാദം’’ എന്ന പാട്ടും ജനപ്രീതി നേടി. നായകനും നായികയും സൈക്കിളിൽ സഞ്ചരിച്ചുകൊണ്ട് പാടുന്ന ഗാനമാണിത്.

‘‘മണിനാദം മണിനാദം/ മായാമോഹന മണിനാദം/ മനസ്വിനീ നിൻ പൊൻവിരൽ തൊട്ടാൽ/ സൈക്കിൾമണിയിലും സംഗീതം.../ സരിഗമപധനി/ നി നി നി നി / ധ നി സ രി സ ധ മ / മ മ മ മ ഗ മ പ രി ഗ മ / നി സ രി ഗ മ/ മണിനാദം മണിനാദം/ മായാമോഹന മണിനാദം/ നിറഞ്ഞു കവിയും നമ്മുടെ ഹൃദയം/ സ്വരങ്ങളായൊരു സംഗീതം...’’ ഇങ്ങനെ തുടരുന്നു ഈ സൈക്കിൾ സവാരിഗാനം.

ശോകരസത്തിൽ ജയചന്ദ്രൻ പാടിയ ഗാനം ‘‘സ്വർഗപുത്രീ ...സ്വർഗപുത്രീ’’ എന്ന് തുടങ്ങുന്നു: ‘‘സ്വപ്നം വിളമ്പിയ സ്വർഗപുത്രീ/ സർപ്പങ്ങൾക്കല്ലോ നീ പാലു നൽകി/ പാവനസ്‌നേഹത്തിൻ വീണ മീട്ടി/ പാവകൾക്കായി നീ പാട്ടു പാടി’’ എന്നു പല്ലവി. ഇതേ ഭാവത്തിൽതന്നെ ഗാനം തുടരുന്നു: ‘‘പ്രണയത്തിൻ പൂവനം നീ ചോദിച്ചു/ കരുണ തൻ തെന്നലായ് നീ പറന്നു/ മലർവാടി തേടി നീ പോയതെല്ലാം/ മരുഭൂവിൻ മാറിലേക്കായിരുന്നോ..?/ ആയിരുന്നോ... ആയിരുന്നോ..?’’

എസ്. ജാനകി,പി. സുശീല,എൽ.ആർ. ഈശ്വരി

 

മാധുരി പാടിയ ഭക്തിഗാനം ഇങ്ങനെ ആരംഭിക്കുന്നു: ‘‘ദൈവപുത്രാ നിൻ കാൽത്തളിരിൽ/ മെഴുകുതിരിയായ്‌ ഞാനുരുകുന്നു/ എന്റെ നിലവിളി കേൾക്കണമേ/ എന്റെ പ്രാർഥന കേൾക്കണമേ...’’ ഗാനം ഇങ്ങനെ തുടരുന്നു: ‘‘നീ ശിരസ്സിൽ മുൾമുടി ചൂടി/ നീ മരക്കുരിശേന്തി/ കരുണ വിളയും കരപല്ലവത്തിൽ/ കാരിരുമ്പാണിയമർന്നു/ എന്റെ കഥയും നിൻ കഥയായി/ എന്നാത്മാവും മുൾമുടി ചൂടി.../മുൾമുടി ചൂടി.’’

പ്രശസ്തമായ ‘‘കാക്കേ കാക്കേ കൂടെവിടെ’’ എന്ന പഴയ ഗാനത്തെ ഓർമിച്ചുകൊണ്ടെഴുതിയ ഒരു കുട്ടിപ്പാട്ടും ഈ സിനിമയിലുണ്ട് (വർഷങ്ങളായി മലയാളി അമ്മമാർ കുട്ടികൾക്ക് പാടിക്കൊടുക്കുന്ന ഈ ഗാനത്തിന്റെ യഥാർഥ രചയിതാവ് മഹാകവി ഉള്ളൂരാണ്). ‘‘കാക്കേ കാക്കേ കൂടെവിടെ... കൂട്ടിനകത്തൊരു കുഞ്ഞില്ലേ..?’’ ഈ രണ്ടു വരികൾ മാത്രമേ ഇവിടെ കടമെടുത്തിട്ടുള്ളൂ. ബാക്കി ഈ ലേഖകൻതന്നെ എഴുതിയതാണ്.‘‘കാക്കേ കാക്കേ കൂടെവിടെ/ കൂട്ടിനകത്തൊരു കുഞ്ഞില്ലേ/ കറുത്ത വാവിൻ മകളാം നിന്നുടെ/ കുഞ്ഞിന് തീറ്റി കൊടുക്കൂല്ലേ.../ കൊക്കോ കൊക്കോ കൊക്കോ/ കോഴീ കോഴീ നില്ലവിടെ/ പുലരിപ്പെണ്ണിൻ പൊൻമകനേ/ കൂവാൻ നല്ല വശമാണോ/ കുറുമ്പു കാട്ടാൻ രസമാണോ.../ രാവിലെ രാവിലെ കൂവും നിനക്ക് ശമ്പളമെന്താണ്..?/ കൂ കൂ/ കുയിലേ കുയിലേ വീടെവിടെ/ കൂടെ പാടും ഇണയെവിടെ/ നിങ്ങടെ വീണ കടം തരുമോ/ ഞങ്ങടെ വീട്ടിൽ വന്നിടുമോ/ കണ്ണിലുറക്കം വരും വരേയ്ക്കും/ താരാട്ടു പാടുമോ... പൂങ്കുയിലേ...’’

സിനിമയിലെ ദുഃഖനിർഭരമായ ഒരു സന്ദർഭത്തിൽ ഈ ഗാനം ഒരു ശോകഗാനമായും ഉപയോഗിച്ചിരിക്കുന്നു. മാധുരി തന്നെയാണ് ഇതും പാടിയത്. ‘സ്വർഗ്ഗപുത്രി’ 1973 ഡിസംബർ ഏഴിന്​ റിലീസായി. ഭേദപ്പെട്ട രീതിയിൽ കലക്ഷൻ നേടിയ ചിത്രമാണ് ‘സ്വർഗ്ഗപുത്രി’.

(തുടരും)

Tags:    
News Summary - weekly sangeetha yathrakal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.