‘പത്മവ്യൂഹ’ത്തിലെ പാട്ടുകൾ; എം.കെ. അർജുനന്റെ മുന്നേറ്റം

എം.എസ്. വിശ്വനാഥന്റെ പ്രധാന സഹായിയും വെസ്റ്റേൺ മ്യൂസിക്കിൽ വിദഗ്ധനുമായ ജോസഫ് കൃഷ്ണയാണ് ‘ജീസസി’ന്റെ പ്രധാന സംഗീതസംവിധായകൻ. അദ്ദേഹമാണ് ചിത്രത്തിന്റെ പശ്ചാത്തലസംഗീതം (റീ റെക്കോഡിങ്) നിർവഹിച്ചത്. ശ്രീകുമാരൻ തമ്പി രചിച്ച ‘‘അത്യുന്നതങ്ങളിൽ വാഴ്ത്തപ്പെടും...’’ എന്നു തുടങ്ങുന്ന വരികൾക്കും ‘‘രാജാവിൻ രാജാവെഴുന്നള്ളുന്നു...’’ എന്ന ഗാനത്തിനും വയലാർ രചിച്ച ‘‘യഹൂദിയാ...’’ എന്ന ഗാനത്തിനും ഈണമൊരുക്കിയതും ജോസഫ് കൃഷ്ണയാണ് –ചരിത്രത്തിലൂടെ യാത്ര തുടരുന്നു.1973 ഡിസംബർ 14ന്​ കേരളത്തിലെ തിയറ്ററുകളിൽ എത്തിയ ‘ആശാചക്രം’ മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയ സിനിമയാണോ എന്നു പലരും സംശയിച്ചു. സംവിധായകന്റെ പേര്...

എം.എസ്. വിശ്വനാഥന്റെ പ്രധാന സഹായിയും വെസ്റ്റേൺ മ്യൂസിക്കിൽ വിദഗ്ധനുമായ ജോസഫ് കൃഷ്ണയാണ് ‘ജീസസി’ന്റെ പ്രധാന സംഗീതസംവിധായകൻ. അദ്ദേഹമാണ് ചിത്രത്തിന്റെ പശ്ചാത്തലസംഗീതം (റീ റെക്കോഡിങ്) നിർവഹിച്ചത്. ശ്രീകുമാരൻ തമ്പി രചിച്ച ‘‘അത്യുന്നതങ്ങളിൽ വാഴ്ത്തപ്പെടും...’’ എന്നു തുടങ്ങുന്ന വരികൾക്കും ‘‘രാജാവിൻ രാജാവെഴുന്നള്ളുന്നു...’’ എന്ന ഗാനത്തിനും വയലാർ രചിച്ച ‘‘യഹൂദിയാ...’’ എന്ന ഗാനത്തിനും ഈണമൊരുക്കിയതും ജോസഫ് കൃഷ്ണയാണ് –ചരിത്രത്തിലൂടെ യാത്ര തുടരുന്നു.

1973 ഡിസംബർ 14ന്​ കേരളത്തിലെ തിയറ്ററുകളിൽ എത്തിയ ‘ആശാചക്രം’ മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയ സിനിമയാണോ എന്നു പലരും സംശയിച്ചു. സംവിധായകന്റെ പേര് ഡോ. സീതാരാമസ്വാമി എന്നായിരുന്നു. കഥാകൃത്തിന്റെ പേര് എം.എ. പൂസാല എന്നും. പോസ്റ്ററുകളിൽ സത്യ​ന്റെയും രാഘവന്റെയും തിക്കുറിശ്ശിയുടെയും മറ്റും ചിത്രം കണ്ടപ്പോൾ മാത്രമാണ് ശരിക്കും അതൊരു മലയാള സിനിമയാണെന്ന വിശ്വാസമുണ്ടായത്. വിജയവാസു പ്രൊഡക്ഷൻസ് നിർമിച്ച ‘ആശാചക്രം’ എന്ന പടത്തിന് കെടാമംഗലം സദാനന്ദൻ സംഭാഷണം എഴുതി. സത്യൻ നായകനായ സിനിമ അദ്ദേഹം മരിച്ച്, ഏതാണ്ട് രണ്ടു വർഷത്തോളം കഴിഞ്ഞ് പുറത്തിറങ്ങുകയായിരുന്നു. പി. ഭാസ്കരൻ, കെടാമംഗലം സദാനന്ദൻ, എം.കെ.ആർ. പാട്ടിയത്ത് എന്നിവർ പാട്ടുകളെഴുതി. ബി.എ. ചിദംബരനാഥ് സംഗീതസംവിധാനം നിർവഹിച്ചു. കെ.ജെ. യേശുദാസ്, പി. ലീല, ബി. വസന്ത, പാപ്പുക്കുട്ടി ഭാഗവതർ, സത്യം, ശ്രീലത നമ്പൂതിരി തുടങ്ങിയവർ പിന്നണി ഗായകരായി.

സത്യൻ, ഉഷാകുമാരി, രാഘവൻ, തിക്കുറിശ്ശി, ശങ്കരാടി, എസ്.പി. പിള്ള തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. കഥാകൃത്തായ എം.എ. പൂസാലയും ചിത്രത്തിൽ അഭിനയിച്ചു. ചിത്രത്തിൽ ഏഴു ഗാനങ്ങൾ ഉണ്ടായിരുന്നു. അഞ്ചു പാട്ടുകൾ പി. ഭാസ്കരനും ഒരു പാട്ട് കെടാമംഗലം സദാനന്ദനും ഒരു പാട്ട് എം.കെ.ആർ. പാട്ടിയത്ത് എന്ന നവാഗതനും എഴുതി. ആദ്യം ഭാസ്കരഗീതങ്ങളിലേക്ക് കടക്കാം. യേശുദാസും ബി. വസന്തയും ആലപിച്ച ‘‘ചന്ദനവിശറിയും വീശി വീശി’’ എന്ന ഗാനം.

‘‘ചന്ദനവിശറിയും വീശിവീശി ചൈത്രരജനിയും വന്നു/ പൗർണമി തന്നുടെ തൂവെള്ളക്കിണ്ണത്തിൽ/ പാലും പഴവുമായ് വന്നു/ അനുരാഗ നാടകവേദിയിലാടുവാൻ/ കനകച്ചിലങ്കകൾ ഞാനണിഞ്ഞു/ മധുരമാനർത്തനവേളയിൽ പാടുവാൻ/ മണിവീണയുമായ് ഞാനിരുന്നു...’’

യേശുദാസും പി. ലീലയും പാടിയ യുഗ്മഗാനം ‘‘പൂങ്കോഴി തന്നുടെ കൂജനം കേട്ടില്ലേ..?’’ എന്നു തുടങ്ങുന്നു. ‘‘പൂങ്കോഴി തന്നുടെ കൂജനം കേട്ടില്ലേ/ പൂജാസമയമായി.../ ഉണരുണരൂ...ഉണരുണരൂ... ഓം നമോ നാരായണായ/ ഓം നമശ്ശിവായ/ ഓം നമോ ബ്രഹ്മദേവായ.../ പ്രിയേ അഹല്യേ പ്രിയ അഹല്യേ/ പുറപ്പെട്ട വഴി തന്നെ മടങ്ങിയല്ലോ/ പൂജാകർമങ്ങൾ കഴിച്ചില്ലല്ലോ/ പുലർകാല സ്നാനവും ചെയ്തില്ലല്ലോ...’’

വസന്ത പാടിയ ‘‘ദേവാ നിൻ ചേവടിയിൽ/ പൂജിക്കും പുഷ്പം ഞാൻ/ പരാഗമില്ല, പരിമളമില്ല/ പരിവേഷവുമില്ല.../ മുഗ്ധകളെന്നെ കൈകാൽ നുള്ളി/ മുത്തിയതില്ല, ചുണ്ടാൽ/ പാടി നടക്കും രാജകുമാരികൾ/ ചൂടിയതില്ലാ മുടിയിൽ...’’

വസന്ത പാടിയ ‘‘ചന്ദ്രലേഖ തൻ കാതിൽ...’’ എന്ന പാട്ടിന്റെ പല്ലവിയുടെ പൂർണരൂപം ഇങ്ങനെ: ‘‘ചന്ദ്രലേഖ തൻ കാതിൽ/ ചന്ദനമുകിലൊരു കഥ പറഞ്ഞു/ ആശകൾ പൂത്തു തളിർക്കാനായി/ അനുരാഗത്തിൻ കഥ പറഞ്ഞു...’’ ആദ്യചരണം ‘‘അഞ്ജനമിഴിയാൽ’’ എന്നു തുടങ്ങുന്നു.

‘‘അഞ്ജനമിഴിയാൽ നീലതാരം/ അയലത്തെ വീട്ടിൽ ചെവിയോർത്ത്/ കൂട്ടിലെ രാക്കുയിൽ ചിറകുമൊരുക്കി/ പാട്ടും നിർത്തി ചെവിയോർത്ത്...’’

പി. ഭാസ്കരൻ രചിച്ച അഞ്ചാമത്തെ ഗാനം സത്യം എന്ന ഗായകനാണ് പാടിയത്. ‘‘സ്നേഹം തന്നുടെ തണ്ണീർപന്തലിൽ/ ദാഹിച്ചെത്തിയ യാത്രക്കാരാ/ കത്തിയെരിഞ്ഞു കരിഞ്ഞു പന്തൽ/ വറ്റിവരണ്ടു ജലപാത്രം.../ കദനക്കടലിൽ താഴ്ന്നില്ലേ നിൻ/ കരളിലെ ശാന്തിനൗക.../ ആശാചക്ര ഭ്രമണം നിന്നു/ അലയുവതെന്തിനു വീണ്ടും...’’

‘‘കടലാടി തേടി കടലിൽ പോയ കഥയായ് തീർന്നല്ലോ’’ എന്നു തുടങ്ങുന്ന ഗാനം പാടിയതും വസന്തയാണ്. പ്രശസ്ത കഥാപ്രസംഗകൻകൂടിയായ കെടാമംഗലം സദാനന്ദനാണ് ഈ ഗാനം എഴുതിയത് (ഇതിനു മുമ്പും അദ്ദേഹം ചില സിനിമകൾക്ക് സംഭാഷണവും ഗാനങ്ങളും എഴുതിയിട്ടുണ്ട് എന്നറിയാമല്ലോ. പ്രശസ്ത നാടകനടൻ എന്ന പേരെടുത്ത സമയത്താണ് അദ്ദേഹം കഥാപ്രസംഗ രംഗത്തേക്കു തിരിഞ്ഞതും അവിടെ വിജയക്കൊടി നാട്ടിയതും).

 

പാപ്പുക്കുട്ടി ഭാഗവതർ,സൽമ ജോർജ്

‘‘കടലാടി തേടി കടലിൽ പോയ/ കഥയായ് തീർന്നല്ലോ/ കനകമെന്നോർത്തു ഞാൻ കയ്യിലെടുത്തത്/ കനലായ് പോയല്ലോ/ കടലാസിലാണല്ലോ കപ്പൽ ഞാൻ തീർത്തത് അലയാഴി ചുറ്റാനായ്/ മണലുകൊണ്ടല്ലോ ഞാൻ മണിമേട തീർത്തത് മഴയിൽ വാഴാനായി...’’ എന്നിങ്ങനെ അർഥമുള്ള വരികളാണ് അദ്ദേഹം എഴുതിയത്.

എം.കെ.ആർ. പാട്ട്യത്ത് എന്ന പുതിയ ഗാനരചയിതാവ് എഴുതിയ ഹാസ്യഗാനം പാടിയത് പഴയ നാടകനടനും ഗായകനുമായ പാപ്പുകുട്ടി ഭാഗവതർ ആണ്. നടിയും ഗായികയുമായ ശ്രീലതയാണ് കൂടെ പാടിയത്.

‘‘കണ്ണേ കരളേ കാത്തിരുന്നു/ കാലം പോയല്ലോ കാലം പോയല്ലോ/ കനിവ് കാട്ടി കൂട്ടുചേരാൻ/ കോപമാണെന്നോ -എന്മേൽ/ കോപമാണെന്നോ.../ കാമുകന്റെ പോക്കറിഞ്ഞ/പൊന്നേ പൈങ്കിളിയേ -എന്റെ/ പൊന്നേ പൈങ്കിളിയേ/ നോക്കിനോക്കിയെൻ മനസ്സിൽ/ വന്നുചേർന്നല്ലോ...’’

ഈ ഗാനം ആലപിച്ച പാപ്പുകുട്ടി ഭാഗവതരുടെ മകളും പിന്നണി ഗായികയാണ്, സെൽമ ജോർജ് എന്ന ഗായിക. പ്രശസ്ത സംവിധായകൻ കെ.ജി. ജോർജിന്റെ ഭാര്യ. നൂറാം വയസ്സ് ആഘോഷിച്ചതിനു ശേഷം നൂറ്റിയേഴാം വയസ്സിലാണ് പാപ്പുകുട്ടി ഭാഗവതർ അന്തരിച്ചത്. മരിക്കുന്നതുവരെ അദ്ദേഹം കുട്ടികളെ പാട്ടു പഠിപ്പിച്ചുകൊണ്ടിരുന്നു എന്നത് ശ്രദ്ധേയമായ കാര്യമാണ്. അതായത് ആ പ്രായത്തിലും അദ്ദേഹത്തിന് ശ്രുതിശുദ്ധമായി പാടാൻ കഴിയുമായിരുന്നു. യേശുദാസ് ജനിക്കുന്ന കാലത്ത് അദ്ദേഹത്തിന്റെ പിതാവായ അഗസ്റ്റിൻ ജോസഫും പാപ്പുകുട്ടി ഭാഗവതരും സഹപ്രവർത്തകരും ഉറ്റസുഹൃത്തുക്കളുമായിരുന്നു. യേശുദാസിന്റെ ‘തലതൊട്ടപ്പൻ’ പാപ്പുകുട്ടി ഭാഗവതർ ആയിരുന്നു. ക്രൈസ്തവ സഭയിൽ ജ്ഞാനസ്നാനസമയത്ത് (മാമ്മോദീസ) കുട്ടിയുടെ ആത്മീയനേതൃത്വം ഏറ്റെടുക്കുന്ന വ്യക്തിയാണ് തലതൊട്ടപ്പൻ.

‘ആശാചക്രം’ 1973 ഡിസംബർ 14നു പുറത്തുവന്നു. ചിത്രം വിജയം നേടിയില്ല എന്നു പറയേണ്ടതില്ലല്ലോ. സത്യനെ നായകനാക്കി ഷൂട്ടിങ് തുടങ്ങിയ ഈ സിനിമയിൽ അദ്ദേഹം പ്രത്യക്ഷപ്പെടുന്ന രംഗങ്ങൾ വളരെ കുറവായിരുന്നത് തികച്ചും സ്വാഭാവികം.

നടനും നിർമാതാവും സംവിധായകനുമായ പി.എ. തോമസ് നിർമിച്ച് സംവിധാനംചെയ്ത ‘ജീസസ്’ എന്ന പ്രശസ്ത ചിത്രം 1973 ഡിസംബർ 21ാം തീയതി തിയറ്ററുകളിൽ എത്തി. യൂനിവേഴ്‌സൽ പിക്ചേഴ്സ് ആയിരുന്നു ബാനർ. മുരളി എന്ന നടനാണ് ക്രിസ്തുവായി അഭിനയിച്ചത് (പിൽക്കാലത്ത് മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി തുടങ്ങിയവരോടൊപ്പം നായകനടനായി പേരെടുത്ത നടൻ മുരളി അല്ല. അതേ പേരിൽ ഒരു പഴയ നടൻ ഉണ്ടായിരുന്നു. ‘കുട്ടിക്കുപ്പായം’ പോലെയുള്ള ചില ചിത്രങ്ങളിൽ ഇദ്ദേഹം അഭിനയിച്ചിരുന്നു). മുരളിയെ കൂടാതെ ജെമിനി ഗണേശൻ, തിക്കുറിശ്ശി, എം.എൻ. നമ്പ്യാർ, മേജർ സുന്ദരരാജൻ, വി.കെ. രാമസ്വാമി, ജോസ് പ്രകാശ്, ബഹദൂർ, ജയലളിത, ജയഭാരതി, ഉഷാകുമാരി, റാണിചന്ദ്ര, ശ്രീകാന്ത് തുടങ്ങി തമിഴിലും മലയാളത്തിലുമുള്ള ഒട്ടേറെ നടീനടന്മാർ ‘ജീസസി’ൽ അഭിനയിച്ചു.

എം.എസ്. വിശ്വനാഥന്റെ പ്രധാന സഹായിയും വെസ്റ്റേൺ മ്യൂസിക്കിൽ വിദഗ്ധനുമായ ജോസഫ് കൃഷ്ണയാണ് ‘ജീസസി’ന്റെ പ്രധാന സംഗീതസംവിധായകൻ. അദ്ദേഹമാണ് ചിത്രത്തിന്റെ പശ്ചാത്തലസംഗീതം (റീ റെക്കോഡിങ്) നിർവഹിച്ചത്. ശ്രീകുമാരൻ തമ്പി രചിച്ച ‘‘അത്യുന്നതങ്ങളിൽ വാഴ്ത്തപ്പെടും...’’ എന്നു തുടങ്ങുന്ന വരികൾക്കും ‘‘രാജാവിൻ രാജാവെഴുന്നള്ളുന്നു...’’ എന്ന ഗാനത്തിനും വയലാർ രചിച്ച ‘‘യഹൂദിയാ...’’ എന്ന ഗാനത്തിനും ഈണമൊരുക്കിയതും ജോസഫ് കൃഷ്ണയാണ്. എം.എസ്. വിശ്വനാഥൻ, യേശുദാസ്, ആലപ്പി രംഗനാഥൻ എന്നിവർ ഈണമിട്ട പാട്ടുകളും ‘ജീസസി’ൽ ഉണ്ടായിരുന്നു. ശ്രീകുമാരൻ തമ്പിയെയും വയലാറിനെയും കൂടാതെ പി. ഭാസ്കരൻ, ഭരണിക്കാവ് ശിവകുമാർ, അഗസ്റ്റിൻ വഞ്ചിമല എന്നിവരും പാട്ടുകളെഴുതി. ശ്രീകുമാരൻ തമ്പി രചിച്ച വരികൾ പാടിയത് പി. ജയചന്ദ്രനും ബി. വസന്തയും സംഘവുമാണ്.

‘‘അത്യുന്നതങ്ങളിൽ വാഴ്ത്തപ്പെടും/ അവിടുത്തെ തിരുനാമം/ സന്മനസ്സുള്ള മനുഷ്യർക്കും/ ഭൂമിയിൽ ഇനിമേൽ സമാധാനം/ ദിവ്യനക്ഷത്രമുദിച്ചു -ആ/ ദീപപ്രഭോജ്വലധാരയിൽ/ ഭൂലോകം കോരിത്തരിച്ചു/ സത്യമായ് ശാന്തിയായ്/ ത്യാഗമായ് വന്നു / സർവേശപുത്രനീ/ മണ്ണിൻ മടിയിൽ...’’ ഇത്രയും വരികൾ വിരുത്തമായിട്ടാണ് പാടുന്നത്. ഗാനം ഇങ്ങനെ തുടങ്ങുന്നു: ‘‘രാജാവിൻ രാജാവെഴുന്നള്ളുന്നു/ ദേവന്റെ ദേവൻ എഴുന്നള്ളുന്നു/ മലർവീഥിയൊരുക്കീ മാലാഖമാർ/ പുൽമെത്തയൊരുക്കി ഇടയന്മാർ.../ ഹാലേലൂയ ഹാലേലൂയ/ ഹാലേലൂയ ഹാലേലൂയ/ കന്യാമറിയത്തിൻ പുണ്യപുഷ്പം/ കൈവല്യരൂപനായ് അവതരിച്ചു/ കാലിത്തൊഴുത്തിലെ കൂരിരുട്ടിൽ/ കാലത്തിൻ സ്വപ്നം തിളങ്ങിയല്ലോ.../ ഹാലേലൂയ ഹാലേലൂയ/ ഹാലേലൂയ ഹാലേലൂയ... കിഴക്കുനിന്നെത്തിയ രാജാക്കന്മാർ കുന്തിരിക്കം കാഴ്ച കൊണ്ടുവന്നു...’’ എന്നിങ്ങനെ ഈ ഗാനം തുടരുന്നു.

 

അഞ്ചു പതിറ്റാണ്ടുകളായി കേരളത്തിലെ ക്രിസ്ത്യൻ സഹോദരങ്ങൾ ക്രിസ്മസ് കരോളിൽ പാടിവരുന്ന ഈ ഗാനം എഴുതിയതാരാണെന്നോ ഈണം ആരുടേതാണെന്നോ അവർക്കുപോലും അറിയില്ലയെന്നത് ഒരു ദുഃഖകരമായ സത്യമാണ്. പി. ഭാസ്കരൻ എഴുതി എം.എസ്. വിശ്വനാഥൻ ഈണം പകർന്ന ‘‘എന്റെ മുന്തിരിച്ചാറിനോ...’’ എന്നു തുടങ്ങുന്ന പാട്ട് എൽ.ആർ. ഈശ്വരി ആലപിച്ചു.

‘‘എന്റെ മുന്തിരിച്ചാറിനോ/ എന്റെ പുഞ്ചിരിപ്പാലിനോ/ ഏതിനാണധികം മധുരം/ ഏതിനാണാനന്ദലഹരി/ ലഹരി ലഹരി ലഹരി.../ മഗ്ദലനാട്ടിലെ മേരി ഞാൻ/ മദനസാമ്രാജ്യറാണി/ പറന്നുവീഴും കൺമുനയേറുകൾ/ പനിനീർപൂമാരി/ ഇന്നൊരു പനിനീർപൂമാരി/ ലഹരി ലഹരി ലഹരി...’’

എൽ.ആർ. ഈശ്വരി ഈ ഗാനം അതീവസുന്ദരമായി ആലപിച്ചിട്ടുണ്ട്. ഭരണിക്കാവ് ശിവകുമാർ എഴുതിയ ‘‘ഗാഗുൽത്താമലകളേ...’’ എന്നാരംഭിക്കുന്ന ഗാനത്തിന് ഈണം പകർന്നതും ഗാനം ആലപിച്ചതും യേശുദാസ് ആണ്.

‘‘ഗാഗുൽത്താമലകളേ... മരങ്ങളേ/ മുൾച്ചെടികളേ/ മറക്കുകില്ലാ ചരിത്രസത്യം/ ഇടതു തോളിൽ കുരിശും പേറി/ ഇടറിയിടറി മലകൾ കയറി/ വരികയാണാ ദേവൻ/ മുൾമുടി ചൂടിയ മുത്തണി ശിരസ്സുമായ്‌/ ശുദ്ധഹൃദയൻ മനുഷ്യപുത്രൻ/ ആഞ്ഞാഞ്ഞു വീഴും ചാട്ടവാറടിയേറ്റു പതിക്കുന്നു...’’ എന്നിങ്ങനെ തുടരുന്ന ഈ ഗാനത്തിന്റെ സന്ദർഭം ഏതാണെന്ന് എല്ലാവർക്കും മനസ്സിലാകും.

വയലാർ രചിച്ച ‘‘യഹൂദിയാ... ഇതു... യഹൂദിയാ’’ എന്നാരംഭിക്കുന്ന ഗാനം ജോസഫ് കൃഷ്ണയുടെ സംഗീതത്തിൽ പി. സുശീല പാടി.

‘‘യഹൂദിയാ... ഇതു...യഹൂദിയാ/ യുഗങ്ങൾകൊണ്ടു ശിൽപികൾ തീർത്തൊരു/ യഹൂദിയാ... ഇതു യഹൂദിയാ/ ഇതിലേ...ഇതിലേ ഉദ്യാനവിരുന്നിന്നെതിരേൽപ്പൂ/ ഞാൻ എതിരേൽപ്പൂ...’’ എന്നു പല്ലവി. ഗാനം ഇങ്ങനെ തുടരുന്നു: ‘‘ഭൂമികന്യക കയ്യിൽ നീട്ടിയ/ പാനപാത്രംപോലെ/ മാനമായ് ചേർന്നാശ്ലേഷിക്കും/ മാദകസ്വപ്നംപോലെ/ യെരൂശലേം സുന്ദരിമാരുടെ/ ലജ്ജകൾ പടരും യഹൂദിയാ...’’ അഗസ്റ്റിൻ വഞ്ചിമല എഴുതിയ ‘‘ഹോശാന... ഹോശാന... കർത്താവിന്നോശാന’’ എന്ന ഗാനം ആലപ്പി രംഗനാഥന്റെ സംഗീതസംവിധാനത്തിൽ പി. ജയചന്ദ്രൻ, കെ.പി. ബ്രഹ്മാനന്ദൻ, പി. ലീല എന്നിവരും ഗായകസംഘവും ചേർന്നാണ് പാടിയത്.

‘‘ഹോശാന... ഹോശാന... കർത്താവിന്നോശാന/ മിശിഹാ കർത്താവിന്നോശാന/ ഹോശാന ഹോശാന ഹോശാന/ പരിശുദ്ധൻ പരിശുദ്ധന്നോശാന/ പരമശക്തൻ പരന്നോശാന/ ദാവീദിൻ പുത്രനേ/ അഞ്ചപ്പംകൊണ്ടയ്യായിരങ്ങളെ/ സംതൃപ്തനാക്കിയ ദേവന്നോശാന/ ദാവീദിൻ പുത്രനേ ഹോശാന/ രാജാധിരാജന്നോശാന...’’

1973 ഡിസംബർ 21നു തിയറ്ററുകളിലെത്തിയ ‘ജീസസ്’ വൻ പ്രദർശനവിജയം നേടി. വിവിധ ഭാഷകളിലേക്ക് ‘ജീസസ്’ മൊഴിമാറ്റം നടത്തപ്പെട്ടു. നിർമാതാവായ പി.എ. തോമസിന് വമ്പിച്ച സാമ്പത്തിക നേട്ടം നൽകിയ ചിത്രമാണ് ‘ജീസസ്’.

എം.എസ് പ്രൊഡക്ഷൻസിനുവേണ്ടി സി.സി. ബേബിയും വി.എം. ചാണ്ടിയും നിർമിച്ച ശശികുമാർ ചിത്രമാണ് ‘പത്മവ്യൂഹം’. സംവിധായകനായ ശശികുമാറിന്റെ കഥക്ക് എസ്.എൽ. പുരം സദാനന്ദൻ തിരക്കഥയും സംഭാഷണവും രചിച്ചു. ശ്രീകുമാരൻ തമ്പി-എം.കെ. അർജുനൻ ടീം ഗാനങ്ങളൊരുക്കി. ഹിറ്റ് ഗാനങ്ങൾ നിറഞ്ഞ സിനിമയാണ് ‘പത്മവ്യൂഹം’. യേശുദാസ് പാടിയ ‘‘കുയിലിന്റെ മണിനാദം കേട്ടു’’, ‘‘പാലരുവിക്കരയിൽ...’’, ‘‘നക്ഷത്രക്കണ്ണുള്ള സുന്ദരിപ്പെണ്ണേ...’’, യേശുദാസ് മാധുരിയുമായി ചേർന്നു പാടിയ ‘‘സിന്ദൂര കിരണമായ് നിന്നെ തഴുകി ഞാൻ’’ എന്ന യുഗ്മഗാനവും എസ്. ജാനകി പാടിയ ‘‘ആദാമിന്റെ സന്തതികൾ’’' എന്ന ഗാനവും ഹിറ്റുകളായി. പി. ജയചന്ദ്രനും പി. ലീലയും ചേർന്നു പാടിയ ‘‘പഞ്ചവടിയിലെ വിജയശ്രീയോ...’’ എന്ന ഹാസ്യഗാനവും കെ.പി. ബ്രഹ്മാനന്ദനും പി. ലീലയും സംഘവും പാടിയ ‘‘ആറ്റുമ്മണമ്മേലെ ഉണ്ണിയാർച്ച...’’ എന്ന് തുടങ്ങുന്ന നാടൻശൈലിയിലുള്ള പാട്ടും ചിത്രത്തിൽ ഉണ്ടായിരുന്നു. ഓരോ ഗാനമായി ഓർമയിൽ കൊണ്ടുവരാം. ‘‘കുയിലിന്റെ മണിനാദം കേട്ടു -കാറ്റിൽ/ കുതിരക്കുളമ്പടി കേട്ടു/ കുറുമൊഴിമുല്ലപ്പൂങ്കാറ്റിൽ -രണ്ടു/ കുവലയപ്പൂക്കൾ വിടർന്നു’’ എന്നു പല്ലവി. ആദ്യചരണം ഇങ്ങനെ: ‘‘മാനത്തെ മായാവനത്തിൽനിന്നും/ മാലാഖ മണ്ണിലിറങ്ങി.../ ആ മിഴിതാമരപ്പൂവിൽനിന്നും/ ആശാപരാഗം പരന്നു/ ആ വർണരാഗപരാഗം/ എന്റെ ജീവനിൽ പുൽകി പടർന്നു...’’

‘‘പാലരുവിക്കരയിൽ’’ എന്ന ഗാനത്തിലെ വരികൾ...

 

ജോസഫ് കൃഷ്ണ,കെടാമംഗലം സദാനന്ദൻ

‘പാലരുവിക്കരയിൽ/ പഞ്ചമി വിടരും പടവിൽ/ പറന്നു വരൂ വരൂ/ പനിനീരുതിരും രാവിൽ/ കുരുവീ... ഇണക്കുരുവി...’’ എന്നു പല്ലവിക്കു ശേഷം ആദ്യചരണം ഇങ്ങനെ: ‘‘മാധവമാസനിലാവിൽ/ മണമൂറും മലർക്കുടിലിൽ/ മൗനംകൊണ്ടൊരു മണിയറ തീർക്കും/ മൽസഖീ ഞാൻ അതിലൊളിക്കും/ നീ വരുമോ നിൻ നീലത്തൂവലിൽ/ നിറയും നിർവൃതി തരുമോ.../ കുരുവീ ...ഇണക്കുരുവീ...’’ ‘‘താരാപഥ മണ്ഡപത്തിൽ മേഘപ്പക്ഷികൾ മയങ്ങും’’ എന്ന് തുടങ്ങുന്നു അടുത്ത ചരണം.

യേശുദാസ് പാടിയ മൂന്നാമത്തെ ഗാനം: ‘‘നക്ഷത്രക്കണ്ണുള്ള സുന്ദരിപ്പെണ്ണേ/ നാടൻ പൈങ്കിളിപ്പെണ്ണേ/ കണ്ടാൽ നല്ല കലാകാരി -എന്റെ/ കരളിൽ നീയൊരു കാന്താരി.../ കാന്താരി... കാന്താരി...കാന്താരി.’’ ആദ്യചരണം ഇങ്ങനെ: ‘‘പായിപ്പാട്ടാറ്റിലെ ചതയം കളിക്കെന്റെ/ ചുരുളനുമായി ഞാൻ വന്നപ്പോൾ/ കരയിൽ കസവുള്ള കവണിയണിഞ്ഞു നീ/ കണ്ണിൽ നയമ്പുമായ്‌ നിന്നിരുന്നു/ ഓളത്തിൽ തോണി ചരിഞ്ഞപ്പോൾ -നിന്റെ/ നീലക്കൺ തുഴയെന്റെ തോഴിയായ്...’’

മാധുരിയുമൊത്ത് യേശുദാസ് പാടിയ യുഗ്മഗാനം ഇങ്ങനെ തുടങ്ങുന്നു: ‘‘സിന്ദൂര കിരണമായ് നിന്നെ തഴുകി ഞാൻ/ ഇന്ദുപുഷ്പമായ് വിടർന്നു -നീ/ ഇന്ദുപുഷ്പമായ് വിടർന്നു’’ എന്ന് പുരുഷശബ്ദം. തുടർന്നു സ്ത്രീ പാടുന്ന വരികൾ. ‘‘മന്ദപവനനായി -തെന്നിയൊഴുകി നീ/ ഇന്ദ്രലതികയായ് പടർന്നു -ഞാൻ/ ഇന്ദ്രലതികയായ് പടർന്നു’’ എന്ന് സ്ത്രീശബ്ദം.

എസ്. ജാനകി പാടിയ ഗാനവും പ്രശസ്തമാണ്. ‘‘ആദാമിന്റെ സന്തതികൾ/ കായേനും ആബേലും/ അവരല്ലോ ഭൂമിയിലെ/ ആദ്യ സോദരന്മാർ/ കായേനോരു കർഷകനായി/ ആബേലോ ഇടയനുമായ്/ അവരൊരു നാൾ ദൈവത്തിന്നു/ ബലി നൽകാൻ പോയി...’’ എന്നിങ്ങനെ തുടങ്ങുന്ന ബൈബിൾ കഥ ഭൂമിയിൽ ആദ്യമായി കോപവും അസൂയയും എങ്ങനെ ഉണ്ടായി എന്നും ആദ്യത്തെ കൊല എങ്ങനെ നടന്നു എന്നും വളരെ ലളിതമായി പറയുന്നു. പി. ജയചന്ദ്രനും പി. ലീലയും പാടിയ ഹാസ്യഗാനം സിനിമകളുടെയും നടീനടന്മാരുടെയും പേരുകൾ കോർത്ത് രചിച്ചതാണ്.

‘‘പഞ്ചവടിയിലെ വിജയശ്രീയോ/ പഞ്ചവങ്കാട്ടിലെ രാഗിണിയോ/ കൊച്ചിൻ എക്സ് പ്രസിലെ വിജയലളിതയോ/ മേരാ നാം ജോക്കറിലെ പത്മിനിയോ.../ ഷീലയോ വിജയയോ ശാരദയോ/ ആരാണ് നീ ജയഭാരതിയോ..?’’

സംവിധായകന്റെ കാഴ്ചപ്പാടാണ് ഇത്തരം പാട്ടുകളിലുള്ളത്. കവിയുടെ കാഴ്ചപ്പാടല്ല. പി. ലീലയും ബ്രഹ്മാനന്ദനും പാടിയ ‘‘ആറ്റുംമണമ്മേലെ...’’ എന്ന ഗാനത്തിന്റെ തുടക്കം ഇങ്ങനെ: ‘‘ആറ്റുംമണമ്മേലെ/ വീരനായിക ഉണ്ണിയാർച്ച/ അല്ലിമലർക്കാവിൽ പണ്ടു/ കൂത്തു കാണാൻ പോയ്/ അയ്യപ്പൻകാവിലെ വിളക്കു/ കാണാൻ പോയ്/ അഞ്ജനക്കാവിലെ/ വേല കാണാൻ പോയ്/ ശ്വശുരൻ തടഞ്ഞുപോലും/ പോകല്ലേ മരുമകളേ/ ശ്വശ്രു തടഞ്ഞുപോലും/ പോകല്ലേ മരുമകളേ/ കുഞ്ഞിരാമൻ പേടിത്തൊണ്ടൻ/ ഭാര്യയെ തൊഴുതുപോലും/ ഉണ്ണിയാർച്ചേ കണ്മണിയേ/ കൂത്തു കാണാൻ പോകരുതേ...’’ കൂത്തു കാണാൻ പോയ ഉണ്ണിയാർച്ചയെ നാദാപുരത്തുവെച്ച് ഏതാനും ദുഷ്ടന്മാർ തടഞ്ഞുനിർത്തുന്നതും ഉണ്ണിയാർച്ച അവരെ തോൽപിച്ചോടിക്കുന്നതുമാണ് അവശേഷിക്കുന്ന വരികളിലുള്ളത്. ‘പത്മവ്യൂഹ’ത്തിൽ ആകെ ഏഴു ഗാനങ്ങൾ ഉണ്ടായിരുന്നു. ഏഴും തികച്ചും വ്യത്യസ്ത ഭാവങ്ങളിൽ ഉള്ളവ.

‘ജീസസ്’ എന്ന സിനിമ റിലീസ് ചെയ്ത 1973 ഡിസംബർ 21ന്​ തന്നെയാണ് ‘പത്മവ്യൂഹം’ എന്ന സിനിമയും റിലീസ് ചെയ്തത്. സംഗീതസാന്ദ്രമായ ഈ ചിത്രവും വമ്പിച്ച പ്രദർശനവിജയം നേടുകയുണ്ടായി. വർഷം 1973 അവസാനിക്കുമ്പോൾ മലയാള ചലച്ചിത്രഗാന രംഗത്ത് ദർശിച്ച ഒരു മാറ്റം ശ്രീകുമാരൻതമ്പി-അർജുനൻ ടീമിന്റെ മുന്നേറ്റമാണ്.

(തുടരും)

Tags:    
News Summary - weekly sangeetha yathrakal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.