സംവിധായക നിർമാതാവായ പി. സുബ്രഹ്മണ്യം പ്രധാനചിത്രങ്ങൾ നിർമിക്കുന്നതിനിടയിൽ ചെലവു ചുരുക്കി ചില ചെറിയ പടങ്ങളും തയാറാക്കുമായിരുന്നു. തന്റെ മകന്റെ ഉടമസ്ഥതയിലുള്ള കുമാരസ്വാമി ആൻഡ് കമ്പനി എന്ന വിതരണക്കമ്പനിക്ക് തിയറ്ററുകളിൽ എത്തിക്കാൻ കൂടുതൽ സിനിമകൾ ആവശ്യമായതുകൊണ്ടാണ്...
സംവിധായക നിർമാതാവായ പി. സുബ്രഹ്മണ്യം പ്രധാനചിത്രങ്ങൾ നിർമിക്കുന്നതിനിടയിൽ ചെലവു ചുരുക്കി ചില ചെറിയ പടങ്ങളും തയാറാക്കുമായിരുന്നു. തന്റെ മകന്റെ ഉടമസ്ഥതയിലുള്ള കുമാരസ്വാമി ആൻഡ് കമ്പനി എന്ന വിതരണക്കമ്പനിക്ക് തിയറ്ററുകളിൽ എത്തിക്കാൻ കൂടുതൽ സിനിമകൾ ആവശ്യമായതുകൊണ്ടാണ് പ്രധാന ചിത്രങ്ങളോടൊപ്പം ബജറ്റ് കുറഞ്ഞ പടങ്ങളും അദ്ദേഹം നിർമിച്ചിരുന്നത്. ഇങ്ങനെയുള്ള ചിത്രങ്ങളുടെ സംവിധാനം അദ്ദേഹം തന്റെ സഹായികളായ ശിഷ്യന്മാരെ ഏൽപിക്കുക പതിവായിരുന്നു. സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരാക്കി അവരെ സ്വതന്ത്രസംവിധായകരായി മുന്നോട്ടുകൊണ്ടുവരുകയെന്നതും ആ ഗുരുനാഥന്റെ ലക്ഷ്യമായിരുന്നു. ഈ വിഭാഗത്തിൽപെട്ട ചിത്രമാണ് മഹേഷ് സംവിധാനം ചെയ്ത 'വിപ്ലവകാരികൾ'. കഥാപ്രസംഗരംഗത്തെ കുലപതികളിൽ ഒരാളായ കെടാമംഗലം സദാനന്ദനാണ് ഈ ചിത്രത്തിന് കഥയും സംഭാഷണവും എഴുതിയത്. മധു, ടി.കെ. ബാലചന്ദ്രൻ, വിജയലളിത, ശാന്തി, കമലാദേവി, ബഹദൂർ, മുതുകുളം രാഘവൻ പിള്ള, നെല്ലിക്കോട്ട് ഭാസ്കരൻ തുടങ്ങിയവർ അഭിനയിച്ചു. വയലാർ-ദേവരാജൻ ടീം പാട്ടുകളൊരുക്കി. കമുകറ പുരുഷോത്തമൻ, യേശുദാസ്, പി. ലീല, പി. സുശീല, എസ്. ജാനകി എന്നിവർ ഗാനങ്ങൾ പാടി. കമുകറ പുരുഷോത്തമനും സംഘവും പാടിയ ''വില്ലും ശരവും കൈകളിലേന്തിയ വിപ്ലവകാരികളേ...'' എന്ന ഗാനം പ്രസിദ്ധി നേടി. ''വില്ലും ശരവും കൈകളിലേന്തിയ/വിപ്ലവകാരികളേ/വില്ലു കുലയ്ക്കൂ ശരം തൊടുക്കൂ /വിശ്രമം നാളെ.../അന്ധതകൾക്കെതിരെ/അനീതികൾക്കെതിരെ /അങ്കച്ചമയത്തേരിലിരുന്നിനി /അമ്പയക്കുക നമ്മൾ'' എന്നുതുടങ്ങുന്ന ഈ ഗാനം ചിത്രത്തിന്റെ സ്വഭാവം വ്യക്തമാക്കുന്നു. യേശുദാസ് പാടിയ ''കസ്തൂരിവാകപ്പൂങ്കാറ്റേ/കാറ്റേ, നീർമണിക്കാറ്റേ/ തളിരിടുമീ ലതാങ്കണത്തിൽ/വരുമോ... വരുമോ...വരുമോ...'' എന്ന പാട്ടും ഹൃദ്യമായിരുന്നു. ''കർപ്പൂരക്കുന്നിൻ ചരുവിൽ/തളമോതിര ശിഞ്ജിതമോടെ/വരുമിവളെ സ്വീകരിക്കാൻ/വഴി നിറയെ പട്ടു വിരിക്കൂ.../ വിരിക്കൂ... വിരിക്കൂ.... പട്ടു വിരിക്കൂ...'' എന്നിങ്ങനെ തുടരുന്ന ഈ ഗാനത്തിലെ വരികൾ ലളിതവും സംഗീതഭദ്രവുമായിരുന്നു. യേശുദാസും എസ്. ജാനകിയും പാടിയ ''തൂക്കണാം കുരുവിക്കൂട്/കൂടു തകർക്കാതെ /കുരുവിയെ കൊല്ലാതെ/കൂടിരിക്കും കൊമ്പിലെ പൂവെയ്തു തരുമോ'' എന്ന ഗാനവും സന്ദർഭവുമായി ലയിച്ചുചേരുന്നതായിരുന്നു. ''തമ്പുരാട്ടിക്കൊരു താലി തീർക്കാ/പൊൻപണം നീട്ടുന്നു പൂന്തിങ്കൾ/ മന്ത്രകോടി നെയ്യുന്നു ചന്ദനമരയ്ക്കുന്നു /മല്ലികപ്പൂ നുള്ളുന്നു പൂന്തിങ്കൾ/ കെട്ടിക്കാൻ പ്രായമായ നക്ഷത്രപെണ്ണിന്/കിഴക്കുകിഴക്കുന്നൊരാളു വന്നു/ ചെറുക്കന്റെ മഞ്ചല് പൊന്നുകൊണ്ട് /ചെറുക്കന്റെ മെതിയടി മുത്തുകൊണ്ട് / മന്ത്രകോടി നെയ്യുന്നതാർക്കുവേണ്ടി/ മല്ലികപ്പൂനുള്ളുന്നതാർക്കുവേണ്ടി/ കതിർമുല്ലപന്തലിട്ട് പന്തൽ വിതാനിച്ച്/കല്യാണമൊരുക്കുന്നതാർക്കുവേണ്ടി..?'' എന്നിങ്ങനെ മനോഹരബിംബങ്ങൾ നിറഞ്ഞ മധുരഗാനം പി. ലീലയും പി. സുശീലയും ചേർന്നു പാടി. കമുകറ പുരുഷോത്തമനും എൽ.ആർ. ഈശ്വരിയും പാടിയ ''വേളിമലയിൽ വേട്ടയ്ക്കെത്തിയ വേടന്മാരേ/ വെളുത്തവാവിൽ വളർത്തുമാനിനെ വേട്ടയാടരുതേ'' എന്ന ഗാനം കഥക്ക് അനുയോജ്യമായിരുന്നു. ആക്ഷൻ ചിത്രങ്ങളിലെ ഇത്തരം സന്ദർഭങ്ങൾക്കുവേണ്ടി എഴുതുന്ന പാട്ടുകൾക്ക് മികച്ച നിലവാരം പ്രതീക്ഷിക്കുന്നതും ശരിയല്ല. എന്നാൽ, വയലാർ രചന നിർവഹിക്കുമ്പോൾ ഈ സരണിയിൽപെട്ട ഗാനങ്ങൾപോലും മോശമാവാറില്ല. 1968ൽ ആദ്യം റിലീസ് ആയ സിനിമയാണ് 'വിപ്ലവകാരികൾ'. 1968 ജനുവരി 12നാണ് 'വിപ്ലവകാരികൾ' തിയറ്ററുകളിൽ എത്തിയത്.
എക്സെൽ പ്രൊഡക്ഷൻസിന്റെ 'തിരിച്ചടി' എന്ന ചിത്രത്തിന്റെ നിർമാതാവും സംവിധായകനും കുഞ്ചാക്കോ തന്നെയായിരുന്നു. കാനം ഇ.ജെ രചിച്ച കഥക്ക് സംഭാഷണം എഴുതിയത് എസ്.എൽ.പുരം സദാനന്ദനാണ്. വയലാറിന്റെ ഗാനങ്ങൾക്ക് സുദർശനം ഈണം നൽകി. ആദ്യകാലത്ത് മദ്രാസിൽ എ.വി.എം സ്റ്റുഡിയോയിൽ പ്രവർത്തിച്ചിരുന്ന പരിചയസമ്പന്നനായ സുദർശനത്തെപ്പറ്റി ഈ ലേഖകൻ നേരത്തേ സൂചിപ്പിച്ചിട്ടുണ്ട്. ദേവരാജന്റെ സ്ഥാനത്ത് സുദർശനം വന്നിട്ടും ഈണങ്ങളുടെ നിലവാരം തെല്ലും കുറഞ്ഞില്ല. യേശുദാസ് പാടിയ ''ഇന്ദുലേഖേ...ഇന്ദുലേഖേ.../ഇന്ദ്രസദസ്സിലെ നൃത്തലോലേ...'' എന്ന സൂപ്പർഹിറ്റ് ഗാനം ഈ ചിത്രത്തിലുള്ളതാണ്. സുദർശനം നൽകിയ അധികം ഈണങ്ങളും നല്ലനിലവാരം പുലർത്തി എന്നതാണ് സത്യം. ''ഇന്ദുലേഖേ... ഇന്ദുലേഖേ.../ഇന്ദ്രസദസ്സിലെ നൃത്തലോലേ/ഈ രാത്രി നിന്നെ കണ്ടിട്ടെനിക്കൊരു /തീരാത്ത തീരാത്ത മോഹം...'' എന്ന ഗാനത്തിലെ വരികളും അവയെ അലങ്കരിച്ച സംഗീതവും ജനപ്രീതി നേടിയെടുത്തു. ഇതേ പാട്ട് യേശുദാസും പി. സുശീലയും ചേർന്നു യുഗ്മഗാനമായും പാടിയിട്ടുണ്ട്. കൂടാതെ, സുശീല തനിച്ചും പാടുകയുണ്ടായി. സാന്ദർഭികമായി പറയട്ടെ, വയലാർ രാമവർമയുടെ മൂത്ത മകളുടെ പേര് ഇന്ദുലേഖ എന്നാണ്. മറ്റു രണ്ടു പെണ്മക്കൾക്കും അദ്ദേഹം നൽകിയത് നദികളുടെ പേരാണ്, യമുനയും സിന്ധുവും. ആ പേരുകളും അദ്ദേഹം തന്റെ പാട്ടുകളിൽ കൊണ്ടുവന്നിട്ടുണ്ട്. ''പൂ പോലെ പൂപോലെ ചിരിക്കും –അവൻ/ പുളകംകൊണ്ടെന്നെ വാരിപ്പുതപ്പിക്കും/പൂ പോലെ പൂ പോലെ ചിരിപ്പിക്കും/എന്റെ വികാരസരസ്സിലെ സ്വപ്നമാം/സ്വർണമത്സ്യത്തിനെ കണ്ണെറിയും –അവൻ കണ്ണെറിയും പെൺകൊടിമാർക്കുള്ളിലുന്മാദമുണർത്തുന്ന/ചങ്ങമ്പുഴക്കവിത പാടും –അവൻ/ചങ്ങമ്പുഴക്കവിത പാടും'' എന്ന പ്രണയഗാനം പാടിയത് പി. സുശീലയാണ്. യേശുദാസും പി. സുശീലയും പാടിയ ''വെള്ളത്താമര മൊട്ടുപോലെ...'' എന്നു തുടങ്ങുന്ന പാട്ടും ഹിറ്റ് ചാർട്ടിലുള്ളതാണ്. വെള്ളത്താമരമൊട്ടുപോലെ/വെള്ളക്കൽപ്രതിമപോലെ/കുളിക്കാനിറങ്ങിയ പെണ്ണേ/നിന്റെ കൂടെ ഞാനും വന്നോട്ടെ'' എന്നു പുരുഷശബ്ദം പാടുമ്പോൾ സ്ത്രീശബ്ദത്തിന്റെ മറുപടി ഇങ്ങനെ: ''ആരെങ്കിലും വന്നാലോ –കണ്ടുചിരിച്ചാലോ/അതു കണ്ടു ചിരിച്ചാലോ....'' വീണ്ടും പുരുഷശബ്ദം: ''നാണം കുണുങ്ങും കാളിന്ദിയാറ്റിൽ /നീയൊരു നീരാടും രാധ...'' അപ്പോൾ സ്ത്രീശബ്ദത്തിന്റെ മറുപടി: ''ആലുംകൊമ്പിൽ കുഴലൂതും/ അങ്ങെന്റെ കാമുകൻ കണ്ണൻ...'' ഈ രീതിയിൽ ചോദ്യോത്തരങ്ങളായി ഗാനം തുടരുന്നു. ''പാതി വിടർന്നാൽ കൊഴിയുന്ന പൂവിനു/പ്രേമമെന്നാരു പേരിട്ടു/കണ്ണീരിലലിയും വാർമഴവില്ലിനു/പെണ്ണെന്നെന്തിനു പേരിട്ടു...'' എന്ന ശോകഗാനവും പി. സുശീലതന്നെയാണ് പാടിയത്. നടി ഷീലയാണ് ഈ സിനിമയിൽ ഈ ഗാനം പാടി അഭിനയിക്കുന്നത്. ഷീലക്ക് അനുയോജ്യമായ ശബ്ദം പി. സുശീലയുടേതാണെന്നും ശാരദക്ക് ചേരുന്നത് എസ്. ജാനകിയുടെ ശബ്ദമാണെന്നും ഒരു ധാരണ പൊതുവെ മലയാള സിനിമാരംഗത്ത് നിലനിന്നിരുന്നു. യേശുദാസും സുശീലയും പാടിയ മറ്റൊരു യുഗ്മഗാനം കൂടി 'തിരിച്ചടി' എന്ന സിനിമയിൽ ഉണ്ടായിരുന്നു. ആ ഗാനമിങ്ങനെ തുടങ്ങുന്നു: ''കൽപകപൂഞ്ചോലക്കരയിൽ വാഴും/ഗന്ധർവഭഗവാനെ കാണേണം/ കിന്നാരം മീട്ടുന്ന ദേവിയുമൊന്നിച്ചു / ചന്ദനത്തേരിലിറങ്ങേണം –വന്നു / ചന്ദനത്തേരിലിറങ്ങേണം...'' സുദർശനം മലയാളത്തിന് നൽകിയ ഈണങ്ങൾ കേട്ടാൽ അവ ഒരു മലയാളിയായ സംഗീതജ്ഞൻ ചെയ്തതാണെന്നേ തോന്നുകയുള്ളൂ. സുദർശനം ഈണം നൽകി അതിനനുസരിച്ച് വയലാർ എഴുതിയതല്ല ഈ ഗാനങ്ങൾ. വയലാർ എഴുതിയ വരികൾ തമിഴ് ലിപിയിൽ എഴുതിയെടുത്ത് സുദർശനം അവ ട്യൂൺ ചെയ്യുകയായിരുന്നു. പി. സുശീലയും എസ്. ജാനകിയും മലയാളം പാട്ടുകൾ തെലുങ്ക് ലിപിയിൽ എഴുതിയെടുത്താണ് പാടുന്നത്. എന്നിട്ടും, ഉച്ചാരണം തെറ്റാതെ പാടാൻ അവർക്ക് കഴിയുന്നുണ്ട്. പ്രേംനസീർ, ഷീല, കൊട്ടാരക്കര ശ്രീധരൻ നായർ, പങ്കജവല്ലി, അടൂർ പങ്കജം, അടൂർ ഭാസി, എസ്.പി. പിള്ള, ബഹദൂർ തുടങ്ങിയവർ അഭിനയിച്ച 'തിരിച്ചടി'യിൽ പ്രേംനസീറിന് ഇരട്ടവേഷമായിരുന്നു. 1968 മാർച്ച് എട്ടാം തീയതി 'തിരിച്ചടി' തിയറ്ററുകളിലെത്തി.
മധു (ചിത്രം: 'വിപ്ലവകാരികൾ')
ഗണേഷ് പിക്ചേഴ്സിന്റെ 'വിദ്യാർത്ഥി' എന്ന ചിത്രത്തിന്റെ രചനയും നിർമാണവും കെ.പി. കൊട്ടാരക്കരയാണ് നിർവഹിച്ചത്. ശശികുമാർ ആയിരുന്നു സംവിധായകൻ. വയലാർ രാമവർമ എഴുതിയ ഗാനങ്ങൾക്ക് ബി.എ. ചിദംബരനാഥ് സംഗീതം നൽകി. യേശുദാസ്, പി. ലീല, ജയചന്ദ്രൻ, എൽ.ആർ. ഈശ്വരി, ബി. വസന്ത തുടങ്ങിയവർ ആ പാട്ടുകൾ പാടി. ചിത്രത്തിൽ ആകെ ആറു പാട്ടുകൾ ഉണ്ടായിരുന്നു. യേശുദാസ് ആലപിച്ച ''തപസ്വിനീ...'' എന്ന പ്രേമഗാനമാണ് താരതമ്യേന ശ്രദ്ധിക്കപ്പെട്ടത്. ''തപസ്വിനീ തപസ്വിനീ/പ്രേമതപസ്വിനീ/ എന്തിനെൻ ബാഷ്പതടാകത്തിൽ നീയൊരു/ചന്ദനത്തോണിയിൽ വന്നു.../ചന്ദനത്തോണിയിൽ വന്നു.../മൂകസങ്കല്പങ്ങൾ മുഖം പൊത്തിനിൽക്കുമീ/ഏകാന്ത തപോവനത്തിൽ/ഭൂമിയും സ്വർഗവും കൂട്ടിയിണക്കുവാൻ/മേനകയായി നീ വന്നു... എന്തിനു/മേനകയായ് നീ വന്നു'' എന്നിങ്ങനെ വർണനഭംഗി നിറഞ്ഞ വാക്കുകൾ തിളങ്ങുന്ന ഗാനം. ജയചന്ദ്രനും ബി.വസന്തവും പാടുന്ന യുഗ്മഗാനം ഇങ്ങനെ: ''വാർതിങ്കൾ കണി വയ്ക്കും രാവിൽ/വാസനപ്പൂവുകൾ വിരിയും രാവിൽ/വിഷുക്കൈനീട്ടം തന്നവനേ/വിവാഹമോതിരമെന്നു തരും...'' സി.ഒ. ആന്റോയും എൽ.ആർ. ഈശ്വരിയും സംഘവും പാടുന്ന ''പച്ചിലക്കിളി ചിത്തിരക്കിളി/പഞ്ചാംഗക്കിളി വന്നാട്ടെ/ഈ കൊച്ചുപെണ്ണിന്റെ ജാതകക്കുറി/ കൊത്തിയെടുത്താട്ടെ.../പ്രേമകലയിൽ ബിരുദമുള്ള പെണ്ണ്/കോളേജിൽ പഠിക്കുന്ന പെണ്ണ്/ പെണ്ണിനുണ്ടൊരു കാമുകൻ/സുന്ദരനൊരു കാമുകൻ/ സർവകലാശാലയിലെ കാമദേവൻ...'' വിദ്യാർഥിനിയായ നായികയെ സഹപാഠികൾ കളിയാക്കുന്ന പാട്ട്. സി.ഒ. ആന്റോയും സംഘവും പാടിയ ''സിന്ദാബാദ് സിന്ദാബാദ്/ യുവഹൃദയങ്ങളേ യുവഹൃദയങ്ങളേ/ യുഗ പരിവർത്തനശില്പികളേ/ സിരകളിൽ നമ്മൾക്കൊരു രക്തം/ ഒരു ജാതി ഒരു മതം ഒരു രക്തം.../ഒരു ജാതി ഒരു മതം ഒരു സ്വപ്നം.../സിന്ദാബാദ് സിന്ദാബാദ്'' എന്ന ഗാനവും സി.ഒ. ആന്റോ തനിച്ചു പാടിയ ''ഐസ്ക്രീം... ഐസ്ക്രീം.../അകത്തും മധുരം, പുറത്തും മധുരം/ഇന്നു രൊക്കം നാളെ കടം.../ ഐസ്ക്രീം ഐസ്ക്രീം...'' എന്നു തുടങ്ങുന്ന പാട്ടും ലീലയും കമലയും പ്രേമയും ചേർന്ന് പാടിയ ''ഹാർട്ട് വീക്ക് പൾസ് വീക്ക്/ ബ്ലഡ് പ്രെഷർ ലോ.../ ലോ...ലോ...ലോ...വെരി വെരി ലോ.../പെണ്ണിന് റെസ്റ്റ്, കംപ്ലീറ്റ് റെസ്റ്റ്, പിന്നെ മെഡിക്കൽ ടെസ്റ്റ്...'' എന്ന ഹാസ്യഗാനവും 'വിദ്യാർത്ഥി'യിൽ ഉണ്ടായിരുന്നു. ഈ പാട്ടുകൾ കേൾക്കുമ്പോൾ 'ഇങ്ങനെയൊക്കെ വയലാർ എഴുതുമോ..?' എന്ന സംശയം വയലാറിന്റെ ആരാധകർക്കുണ്ടാകാം. എന്നാൽ, കമേഴ്സ്യൽ സിനിമക്ക് പാട്ടെഴുതാൻ തയാറാകുന്ന ഏതു കവിക്കും ഇത്തരം വിട്ടുവീഴ്ചകൾ ചെയ്യേണ്ടിവരും.
മലയാള സിനിമാസംഗീതത്തിൽ സ്വന്തം ഇരിപ്പിടം കണ്ടെത്തിയ എം.കെ. അർജുനൻ എന്ന സംഗീതസംവിധായകൻ തന്റെ ചലച്ചിത്രജീവിതം ആരംഭിച്ചത് 1968ൽ ബർണാഡ്ഷാ ഫിലിംസിനു വേണ്ടി എൻ.ജി. മേനോൻ നിർമിച്ച 'കറുത്ത പൗർണ്ണമി' എന്ന ചിത്രത്തിലൂടെയാണ്. സി.പി. ആന്റണി എന്ന നാടകകൃത്താണ് ഈ ചിത്രത്തിന് കഥയും സംഭാഷണവും എഴുതിയത്. അർജുനനെ സംവിധായകൻ നാരായണൻ വല്ലത്തിനു പരിചയപ്പെടുത്തിയതും സി.പി. ആന്റണിയാണ്. പി. ഭാസ്കരനാണ് ഗാനങ്ങൾ എഴുതിയത്. പി. ഭാസ്കരൻ-ബാബുരാജ് ടീമിന്റെ ഗാനങ്ങൾ കേരളത്തിൽ അലയടിക്കുന്ന കാലമായിരുന്നു അത്. ബാബുരാജിനെ സംഗീതസംവിധായകനാക്കണമെന്നായിരുന്നു ബന്ധപ്പെട്ടവരുടെ ആഗ്രഹം. വിവരമറിഞ്ഞപ്പോൾ ഭാസ്കരൻ മാസ്റ്റർ പറഞ്ഞു: ''ആ പയ്യൻ രണ്ടോ മൂന്നോ പാട്ടുകൾ ട്യൂൺ ചെയ്യട്ടെ, അതു കേട്ടിട്ട് ഞാൻ പറയാം.'' അർജുനൻ മൂന്നു പാട്ടുകൾ ട്യൂൺ ചെയ്തത് കേട്ടതിനു ശേഷം ഭാസ്കരൻ മാസ്റ്റർ പറഞ്ഞു: ''ഈണങ്ങൾ മോശമല്ല; അയാൾതന്നെ എല്ലാ പാട്ടുകളും ചെയ്യട്ടെ.'' ഈ കാലഘട്ടത്തിൽ അർജുനൻ കാളിദാസ കലാകേന്ദ്രം എന്ന നാടകസമിതിയിൽ ദേവരാജന്റെ ഹാർമോണിസ്റ്റ് ആയി ജോലിചെയ്യുകയായിരുന്നു. പാട്ടുകളുടെ ഓർക്കസ്ട്രേഷനും റെക്കോഡിങ്ങും നടത്താൻ ആർ.കെ. ശേഖർ എന്ന പരിചയസമ്പന്നനെ നിയോഗിച്ചതും ദേവരാജൻ മാസ്റ്ററാണ്. 'കറുത്ത പൗർണ്ണമി'യിൽ ഏഴു ഗാനങ്ങൾ ഉണ്ടായിരുന്നു. യേശുദാസും എസ്. ജാനകിയും ബി. വസന്തയുമാണ് ഗാനങ്ങൾ പാടിയത്.
''മാനത്തിൻ മുറ്റത്ത് മഴവില്ലാലയ കെട്ടും /മധുമാസ സന്ധ്യകളേ/ കാർമുകിലാടകൾ തോരയിടാൻ വരും /കാലത്തിൻ കന്യകളേ'' എന്ന ഗാനം എസ്. ജാനകിയുടെ ശബ്ദത്തിലും ആവർത്തിക്കുന്നുണ്ട്. യേശുദാസ് തന്നെ പാടിയ ''പൊൻകിനാവിൻ പുഷ്പരഥത്തിൽ/ പോയ് വരൂ നീ ആത്മസഖീ'' എന്ന ഗാനവും ''ഹൃദയമുരുകി നീ കരയില്ലെങ്കിൽ/ കദനം നിറയുമൊരു കഥ പറയാം / തകരുെമൻ സങ്കല്പത്തിൻ തന്ത്രികൾ മീട്ടി /സരളമധുരമൊരു പാട്ടു പാടാം'' എന്ന ഗാനവും യേശുദാസും ജാനകിയും ചേർന്നു പാടിയ ''ശിശുവിനെ പോൽ പുഞ്ചിരി തൂകി/ശിശിരപഞ്ചമി ഓടിവന്നു... /നമ്മുടെ സുന്ദര രാഗപൂജയിൽ /കർമസാക്ഷിയായ് കാലം നിന്നു'' എന്ന ഗാനവും എസ്. ജാനകി പാടിയ കവിതയിൽ മുങ്ങിവന്ന ''കനകസ്വപ്നമേ –നിന്നെ/ ഇനിയെന്റെ ഹൃദയത്തിൽ തടവിലാക്കും'' എന്ന ഗാനവും നന്നായിരുന്നെങ്കിലും ആദ്യത്തെ മൂന്നു പാട്ടുകളാണ് സൂപ്പർഹിറ്റുകളായത്.
''പൊന്നിലഞ്ഞിച്ചോട്ടിലൊരു/കിന്നരനെ കണ്ടു/കണ്ടിരിക്കെ കണ്മുനകൾ/കരളിൽ വന്നുകൊണ്ടു'' എന്ന ഗാനമാണ് ബി. വസന്ത പാടിയത്. പി. ഭാസ്കരൻ എഴുതി നവാഗതനായ എം.കെ. അർജുനൻ ഈണം പകർന്ന ഒരു ഗാനംപോലും മോശമായില്ല. മധു, ശാരദ, വിജയനിർമല, പി.ജെ. ആന്റണി, എസ്.പി. പിള്ള, ബഹദൂർ തുടങ്ങിയവർ അഭിനയിച്ച് നാരായണൻകുട്ടി വല്ലത്ത് സംവിധാനംചെയ്ത 'കറുത്ത പൗർണ്ണമി' 1968 മാർച്ച് 29നു റിലീസായി. ചിത്രം ബോക്സ് ഓഫിസിൽ ദയനീയമായി പരാജയപ്പെട്ടു. ആ പരാജയം തുടക്കത്തിൽ പാട്ടുകളെയും ബാധിച്ചു. പക്ഷേ, കാലക്രമത്തിൽ യേശുദാസ് പാടിയ മൂന്നു പാട്ടുകൾ ജനങ്ങളുടെ അംഗീകാരം നേടി. അർജുനൻ എന്ന പ്രതിഭയുമായി ചേർന്നു പ്രവർത്തിക്കണമെന്ന് ഈ ലേഖകൻ തീരുമാനിക്കുകയും ആ തീരുമാനം ശ്രീകുമാരൻ തമ്പി-അർജുനൻ ടീമിന്റെ ജനനത്തിലേക്കു നയിക്കുകയും ചെയ്തു.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.