ഓമലാളെ കണ്ടൂ ഞാൻ പൂങ്കിനാവിൽ

യൂസഫലി കേച്ചേരി നിർമിച്ച് മധു സംവിധാനംചെയ്ത ‘സിന്ദൂരച്ചെപ്പി​’ന്റെ കഥയും തിരക്കഥയും സംഭാഷണവും ഗാനങ്ങളും യൂസഫലിയാണ് രചിച്ചത്. യൂസഫലിയുടെ ആദ്യകാല ഗാനങ്ങളുടെ സംഗീതസംവിധായകൻ എം.എസ്. ബാബുരാജായിരുന്നു. എന്നാൽ, സ്വന്തമായി നിർമിച്ച ചിത്രത്തിന്റെ സംഗീതസംവിധാനം അദ്ദേഹം ഏൽപിച്ചത് ദേവരാജനെയാണ്.’’ –‘സിന്ദൂര​ച്ചെപ്പി’​െല പാട്ടുകളെയും പിന്നണിയെയും കുറിച്ച്​ എഴുതുന്നു.എം. കൃഷ്ണൻ നായർ സംവിധാനംചെയ്ത ‘അഗ്നിമൃഗം’ എന്ന ചിത്രം എക്സെൽ പ്രൊഡക്ഷൻസിനുവേണ്ടി (ഉദയാ സ്റ്റുഡിയോ) കുഞ്ചാക്കോ ആണ് നിർമിച്ചത്. കാനം ഇ.ജെ കഥയും സംഭാഷണവും രചിച്ചു. തോപ്പിൽ ഭാസി തിരക്കഥ തയാറാക്കി, വയലാർ-ദേവരാജൻ ടീമിന്റെ ഗാനങ്ങൾ...

യൂസഫലി കേച്ചേരി നിർമിച്ച് മധു സംവിധാനംചെയ്ത ‘സിന്ദൂരച്ചെപ്പി​’ന്റെ കഥയും തിരക്കഥയും സംഭാഷണവും ഗാനങ്ങളും യൂസഫലിയാണ് രചിച്ചത്. യൂസഫലിയുടെ ആദ്യകാല ഗാനങ്ങളുടെ സംഗീതസംവിധായകൻ എം.എസ്. ബാബുരാജായിരുന്നു. എന്നാൽ, സ്വന്തമായി നിർമിച്ച ചിത്രത്തിന്റെ സംഗീതസംവിധാനം അദ്ദേഹം ഏൽപിച്ചത് ദേവരാജനെയാണ്.’’ –‘സിന്ദൂര​ച്ചെപ്പി’​െല പാട്ടുകളെയും പിന്നണിയെയും കുറിച്ച്​ എഴുതുന്നു.

എം. കൃഷ്ണൻ നായർ സംവിധാനംചെയ്ത ‘അഗ്നിമൃഗം’ എന്ന ചിത്രം എക്സെൽ പ്രൊഡക്ഷൻസിനുവേണ്ടി (ഉദയാ സ്റ്റുഡിയോ) കുഞ്ചാക്കോ ആണ് നിർമിച്ചത്. കാനം ഇ.ജെ കഥയും സംഭാഷണവും രചിച്ചു. തോപ്പിൽ ഭാസി തിരക്കഥ തയാറാക്കി, വയലാർ-ദേവരാജൻ ടീമിന്റെ ഗാനങ്ങൾ യേശുദാസ്, മാധുരി, എൽ.ആർ. ഈശ്വരി, ബി. വസന്ത എന്നീ ഗായകർ ആലപിച്ചു. 1971 നവംബർ 19ാം തീയതിയാണ് ചിത്രത്തിന്റെ പ്രദർശനം ആരംഭിച്ചത്. അതായത് ‘ഉമ്മാച്ചു’ എന്ന ചിത്രവും ‘അഗ്നിമൃഗം’ എന്ന ചിത്രവും ഒരേദിവസം തിയറ്ററുകളിലെത്തി. ‘അഗ്നിമൃഗ'ത്തിൽ അഞ്ചു പാട്ടുകൾ ഉണ്ടായിരുന്നു. ഇവയിൽ യേശുദാസ് പാടിയ ഹാസ്യരസപ്രധാനമായ ‘‘മരുന്നോ... നല്ല മരുന്ന് ’’ എന്ന ഗാനം മാത്രമാണ് ജനപ്രീതി നേടിയത്. ഇതരഗാനങ്ങളുടെ രചനയും ഈണവും മോശമായിരുന്നില്ല. എന്നാൽ, അവ ഹിറ്റ് ചാർട്ടിൽ എത്തിയില്ല.

‘‘മരുന്നോ നല്ല മരുന്ന്/ അരമ്മരുന്ന് പൊടിമ്മരുന്ന്/ വാറ്റുമരുന്ന് നീറ്റുമരുന്ന്/ മരുന്നോ നല്ല മരുന്ന്.../ അരപ്പിരിക്കും മുഴുപ്പിരിക്കും/ വാറ്റുമരുന്ന്/ അസൂയയ്ക്കും വസൂരിക്കും/ നീറ്റുമരുന്ന്/ കറക്കിയടിക്ക് കരിമരുന്ന്/ കണ്ണുകടിക്കു പൊടിമരുന്ന്/ കഷണ്ടിക്കും പ്രേമത്തിന്നും/ മറുമരുന്ന്...’’ എന്നിങ്ങനെ നീളുന്ന ഈ ഗാനം ‘കായകുളം കൊച്ചുണ്ണി’ എന്ന ചിത്രത്തിനുവേണ്ടി പി. ഭാസ്കരൻ എഴുതി ബി.എ. ചിദംബരനാഥ് ഈണം പകർന്ന് യേശുദാസ് തന്നെ പാടിയ ‘‘സുറുമ... നല്ല സുറുമ...’’ എന്ന ഗാനത്തെ ഓർമിപ്പിക്കും.

യേശുദാസ് തന്നെ പാടിയ ‘‘പ്രേമം സ്ത്രീപുരുഷ പ്രേമം...’’ എന്ന പാട്ടും ‘‘അളകാപുരി അളകാപുരി...’’ എന്ന പാട്ടും ശ്രോതാക്കളുടെ പിന്തുണ നേടിയില്ല.

‘‘പ്രേമം... സ്ത്രീപുരുഷ പ്രേമം/ ഭൂമിയുള്ള കാലം/ പൂവിടുന്ന ലോലവികാരം/ ആരെയും ആരാധകരാക്കും/ അതിന്റെ ഹംസഗാനം/ ആരെയും തൃപ്പാദദാസരാക്കും/ അതിന്റെ ചുണ്ടിലെ മന്ദഹാസം/ ആ ഗാനം ഞാൻ കേട്ടു/ ആ മന്ദഹാസം ഞാൻ കണ്ടു...’’

‘‘അളകാപുരി...’’ എന്ന് തുടങ്ങുന്ന പാട്ടിലെ വരികൾ ഇങ്ങനെ തുടങ്ങുന്നു: ‘‘അളകാപുരിയളകാപുരിയെന്നൊരു നാട്​/ അമരാവതിയമരാവതിയെന്നൊരു വീട്/ ആ വീട്ടിൻ പൂമുഖത്തിൽ/ പൂത്തുനിൽക്കും പൂമരത്തിൽ/ പൂ... പൂ... പൂ.../ ആകാശപെൺകൊടിമാർ ചൂടിയാലും തീരാത്ത/ പൂ...പൂ...പൂ...’’ രചനയിലും സംഗീതത്തിലും പുതുമയുണ്ടെങ്കിലും മുകളിൽ പറഞ്ഞ രണ്ടു പാട്ടുകളും ജനകീയമായില്ല.

എൽ.ആർ. ഈശ്വരിയും സംഘവും പാടിയ ‘‘തെന്മല വെൺമല തേരോടും മല/ പൊൻമല തമ്പ്രാനു തിരുനാള്/ ആടണം പോൽ പാടണം പോൽ/ ആയിരം പൂനുള്ളി ചൂടണം പോൽ’’ എന്നു തുടങ്ങുന്ന സംഘഗാനവും ബി. വസന്ത പാടിയ ‘‘കാർകുഴലീ... കാർകുഴലീ/ കാട്ടിൽ വളരും കല്ലോലിനീ/ നീലമലകൾ മടിയിൽ കിടത്തും/ നീയൊരു ഭാഗ്യവതി’’ എന്നു തുടങ്ങുന്ന ഗാനവും ‘അഗ്നിമൃഗ’ത്തിൽ ഉണ്ടായിരുന്നു. ‘‘കാർകുഴലീ...’’ എന്ന പാട്ടിൽ കാവ്യഭംഗി തികഞ്ഞ ചില വരികളുണ്ട്.

 

‘‘തീരം ചൂടുള്ള മാറോടടുക്കി/ നൂറുമ്മ നൽകിയ നിൻ കവിളിൽ/ നവനീതമൃദുലമാം ആരുടെ കൈകളീ/ നഖമുദ്രയണിയിച്ചു?/ കാറ്റോ കുളിരോ കുളിരോളമിളക്കും/ കാമരൂപനോ/ ഞാനവന്റെ പരിചാരിക...’’ എന്നിങ്ങനെയുള്ള വരികൾതന്നെ ഉദാഹരണം.

‘പ്രിയ’ എന്ന സിനിമക്കുശേഷം നടൻ മധു സംവിധാനംചെയ്ത ‘സിന്ദൂരച്ചെപ്പ്’ എന്ന ചിത്രം ഗാനരചയിതാവായ യൂസഫലി കേച്ചേരിയാണ് നിർമിച്ചത്. ഹാസ്യനടനായ ബഹദൂർ കാസർകോട്ടെ പ്രശസ്ത വ്യവസായിയായിരുന്ന കെ.എസ്. അബ്ദുള്ളയുടെ ധനസഹായത്തോടെ ആരംഭിച്ച ഇതിഹാസ് പിക്ചേഴ്സാണ് ‘സിന്ദൂരച്ചെപ്പി’ന്റെ വിതരണം ഏറ്റെടുത്തത്. പ്രേംനവാസിന്റെ ‘നീതി’, പി.എ. ബക്കർ നിർമിച്ച ‘മാൻപേട’, യൂസഫലിയുടെ ‘സിന്ദൂരച്ചെപ്പ്’ എന്നീ മൂന്നു സിനിമകൾ ബഹദൂറിന്റെ സഹായംകൊണ്ട് നിർമിക്കപ്പെട്ടവയാണ്. നല്ല കലാകാരന് ഒരിക്കലും നല്ല കച്ചവടക്കാരനാകാൻ സാധ്യമല്ലെന്നു ബഹദൂറിന്റെ ഇതിഹാസ് പിക്‌ചേഴ്‌സും തെളിയിച്ചു. ഇതിഹാസ് പിക്ചേഴ്സ് എന്ന വിതരണക്കമ്പനി നഷ്ടത്തിലായി. ഒടുവിൽ ബഹദൂർ തിരുവനന്തപുരത്ത് ഒരു ഫിലിം ലബോറട്ടറി സ്ഥാപിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.

അപ്പോൾ കേരളത്തിൽ മെറിലാൻഡ് സ്റ്റുഡിയോയിൽ മാത്രമേ പ്രവർത്തനം നടക്കുന്ന ഒരു സിനിലാബ് ഉണ്ടായിരുന്നുള്ളൂ. പ്രസാദ് കളർ ലബോറട്ടറിയുടെ ശാഖ വളരെ വർഷങ്ങൾക്കു ശേഷമാണ് തിരുവനന്തപുരത്ത് ആരംഭിച്ചത്. കേരള ഫിലിം ഡെവലപ്മെന്റ് കോർപറേഷന്റെ കീഴിലുള്ള ചിത്രാഞ്ജലിയും തുടങ്ങിയിരുന്നില്ല. മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരന്റെ പിന്തുണയോടെ ബഹദൂറിന്റെ ബ്ലാക്ക് ആൻഡ് വൈറ്റ് സിനി ലബോറട്ടറി തിരുവനന്തപുരത്ത് പ്രവർത്തനസജ്ജമായപ്പോഴേക്കും മലയാള സിനിമയിലെ വർണമേള തുടങ്ങിക്കഴിഞ്ഞിരുന്നു. ഭൂരിപക്ഷം നിർമാതാക്കളും അവരുടെ സിനിമകൾ കളറിൽ നിർമിക്കാൻ തുടങ്ങി. ലേശം ദീർഘദൃഷ്ടിയോടെ ബഹദൂർ തിരുവനന്തപുരത്ത് ഒരു കളർ ലബോറട്ടറി തുടങ്ങിയിരുന്നെങ്കിൽ തീർച്ചയായും അത് വൻവിജയമാകുമായിരുന്നു. തിരുവനന്തപുരത്ത് അദ്ദേഹം തുടങ്ങിയ ബ്ലാക്ക് ആൻഡ് വൈറ്റ് ലബോറട്ടറിക്കു വേണ്ടി ചെലവാക്കിയ വലിയ തുക മുഴുവൻ പാഴിലായി.

യൂസഫലി കേച്ചേരി നിർമിച്ച് മധു സംവിധാനംചെയ്ത ‘സിന്ദൂരച്ചെപ്പ്’ ഒരു നല്ല സിനിമയായിരുന്നു. ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഗാനങ്ങളും യൂസഫലിയാണ് രചിച്ചത്. യൂസഫലിയുടെ ആദ്യകാല ഗാനങ്ങളുടെ സംഗീതസംവിധായകൻ എം.എസ്. ബാബുരാജ് ആയിരുന്നു. എന്നാൽ, സ്വന്തമായി നിർമിച്ച ചിത്രത്തിന്റെ സംഗീതസംവിധാനം അദ്ദേഹം ഏൽപിച്ചത് ദേവരാജനെയാണ്. ദേവരാജൻ അതിമനോഹരങ്ങളായ ഈണങ്ങൾ നൽകി. ചിത്രത്തിലെ കൂടുതൽ പാട്ടുകളും ഹിറ്റുകളായി.

‘‘ഓമലാളേ കണ്ടൂ ഞാൻ പൂങ്കിനാവിൽ/ താരകങ്ങൾ പുഞ്ചിരിച്ച നീലരാവിൽ...’’ എന്ന ഗാനം അനിതരസാധാരണമായ ജനപ്രീതിയാർജിക്കുകയുണ്ടായി. ഈ ഗാനത്തിന് ദക്ഷിണാമൂർത്തിയുടെ ഈണത്തിൽ പിറന്ന ‘‘ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം...’’ എന്ന പാട്ടിന്റെ സാദൃശ്യം തോന്നുന്നത് കേവലം യാദൃച്ഛികമായിരിക്കാം... യേശുദാസ് പാടിയ ഈ ഗാനത്തിലെ വരികൾ ലളിതവും ആകർഷകവുമാണ്.

‘‘നാലുനിലപ്പന്തലിട്ടു വാനിലമ്പിളി/ നാദസ്വരമേളമിട്ടു പാതിരാക്കിളി/ ഏകയായി രാഗലോലയായി/ എന്റെ മുന്നിൽ വന്നവൾ കുണുങ്ങിനിന്നു.../ കുണുങ്ങി നിന്നു -മുന്നിൽ/ കുണുങ്ങി നിന്നു.../ ഞാൻ തൊഴുന്ന കോവിലിലെ ദേവിയാണവൾ...’’ എന്നു തുടങ്ങുന്ന അടുത്ത ചരണത്തിലെ വരികളും ലളിതവും ഹൃദ്യവുമാണ്. യേശുദാസ് ചിത്രത്തിനുവേണ്ടി പാടിയ ‘‘പൊന്നിൽ കുളിച്ച രാത്രി പുളകം വിരിഞ്ഞ രാത്രി

ഈറൻ നിലാവും തെന്മലർമണവും/ ഇക്കിളി കൂട്ടുന്ന രാത്രി’’ എന്നു തുടങ്ങുന്ന പാട്ടും മികച്ചതുതന്നെ. ‘‘മലരിട്ടു നിൽക്കുന്നു മാനം/ മൈക്കണ്ണിയാളെ നീയെവിടെ/ ചിറകിട്ടടിക്കുന്നു മോഹം ചിത്തിരക്കിളിയേ നീയെവിടെ...’’ എന്നിങ്ങനെ തുടരുന്ന ഈ ഗാനവും ലാളിത്യമുള്ള പ്രണയഗീതംതന്നെ. മാധുരി പാടിയ ‘‘തമ്പ്രാൻ തൊടുത്തതു മലരമ്പ്...’’ എന്ന പാട്ടാകട്ടെ എസ്. ജാനകിയെ ഒഴിവാക്കി ആ സ്ഥാനത്തേക്ക് ദേവരാജൻ കൊണ്ടുവന്ന മാധുരി എന്ന ഗായികയുടെ ആദ്യകാല ഹിറ്റുകളിൽ പ്രധാനപ്പെട്ടതാണ്.

 

യേശുദാസ്,എം.എസ്. ബാബുരാജ്

‘‘തമ്പ്രാൻ തൊടുത്തതു മലരമ്പ്/ തമ്പ്രാട്ടി പിടിച്ചതു പൂങ്കൊമ്പ്/ ദാഹിച്ചു മോഹിച്ചു തപസ്സിരുന്ന്/ തമ്പ്രാട്ടി പിടിച്ചത് പൂങ്കൊമ്പ്‌.../ ചങ്ങലക്കിലുക്കം കേൾക്കുമ്പോൾ/ചങ്കിനകത്തൊരു പെടപെടപ്പ്/ മനയ്ക്കലെ പാപ്പാനെ കാണുമ്പോൾ/ പെണ്ണിന്റെ കവിളത്ത് തുടുതുടുപ്പ്’’ എന്നിങ്ങനെ തുടരുന്ന പാട്ട് മികച്ചൊരു കളിയാക്കൽ പാട്ടുതന്നെ (ടീസിങ് സോങ്).

മാധുരിയും പി. സുശീലാദേവിയും ചേർന്നു പാടിയ ‘‘മണ്ടച്ചാരേ... മൊട്ടത്തലയാ” എന്ന പാട്ടും ആകർഷകമായി.

‘‘മണ്ടച്ചാരേ... മൊട്ടത്തലയാ.../ മണ്ടച്ചാരേ... മൊട്ടത്തലയില്/ കണ്ടംവയ്ക്കാറായില്ലേ/ ലാത്തിരി പൂത്തിരി കമ്പിപ്പൂത്തിരി/ കണ്ണിൽ കത്തിയെരിഞ്ഞല്ലോ.../ നാട്ടിലൊരാളും കേൾക്കണ്ടാ നാണക്കേടിതു പറയണ്ടാ/ കൈവിട്ടെങ്ങും കളയണ്ടാ/ കയ്യിൽ കിട്ടിയ സമ്മാനം...’’ ചിത്രത്തിനുവേണ്ടി യേശുദാസ് പാടിയ മൂന്നാമത്തെ ഗാനം അർഥസമ്പുഷ്ടമാണെങ്കിലും അർഹിക്കുന്ന ശ്രദ്ധ നേടിയില്ല.

‘‘തണ്ണീരിൽ വിരിയും താമരപ്പൂ/ കണ്ണീരിൽ വിരിയും പ്രേമപ്പൂ/ കണിയായ്‌ മാറും കാനനപ്പൂ/ കാറ്റിൽ കൊഴിയും പ്രേമപ്പൂ’’ എന്നു തുടങ്ങുന്ന ഗാനമാണ് ഇവിടെ പരാമൃഷ്ടമാകുന്നത്. ‘സിന്ദൂരച്ചെപ്പി’ന്റെ കഥയിൽ ഒരു കൊമ്പനാനയും ആനക്കാരനും ആ പാപ്പാനെ പ്രണയിക്കുന്ന ഒരു ഗ്രാമീണയുവതിയുമാണ് പ്രധാന കഥാപാത്രങ്ങൾ. മധു, ജയഭാരതി, ടി.എസ്. മുത്തയ്യ, പ്രേമ, പ്രേംജി, ടി.പി. രാധാമണി, ബി.കെ. പൊറ്റെക്കാട്, ഫിലോമിന, പറവൂർ ഭരതൻ, ബേബി ശോഭ, മാസ്റ്റർ വിജയകുമാർ തുടങ്ങിയവർ അഭിനയിച്ച ‘സിന്ദൂരച്ചെപ്പ്’ 1971 നവംബർ 26ാം തീയതി പ്രദർശനത്തിനെത്തി. ബഹദൂറിന്റെ വിതരണക്കമ്പനിയായ ഇതിഹാസ് പിക്ചേഴ്സ് വിതരണംചെയ്ത സിനിമകളിൽ ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ സിനിമ എന്ന പ്രാധാന്യം ‘സിന്ദൂരച്ചെപ്പി’നുണ്ട്.

വിജയനാരായണന്മാർ (സഹസംവിധായകൻ വിജയനും ചിത്രസംയോജകനായ കെ. നാരായണനും) സംവിധാനംചെയ്ത ‘എറണാകുളം ജങ്ക്ഷൻ’ എന്ന സിനിമ സഞ്ജയ് പ്രൊഡക്ഷൻസിനുവേണ്ടി എ. രഘുനാഥ് നിർമിച്ചതാണ്. കഥയും തിരക്കഥയും സംഭാഷണവും നടൻകൂടിയായ എൻ. ഗോവിന്ദൻകുട്ടി തയാറാക്കി. പ്രേംനസീർ, രാഗിണി, വിൻസന്റ്, സുജാത, ടി.എസ്. മുത്തയ്യ, ജേസി, ബഹദൂർ, സുധീർ, സാധന, ഖദീജ തുടങ്ങിയവർ അഭിനയിച്ചു. പി. ഭാസ്കരന്റെ ഗാനങ്ങൾക്ക് എം.എസ്. ബാബുരാജ് ഈണം പകർന്നു. യേശുദാസും എൽ.ആർ. അഞ്ജലിയും ചേർന്നു പാടിയ ‘‘ഒരിക്കലെൻ സ്വപ്നത്തിന്റെ/ ശരത്കാല കാനനത്തിൽ/ ചിരിച്ചും കൊണ്ടോടിയോടി വന്നു നീ.../താമരമിഴിയിൽ തിളക്കമുള്ളൊരു/ താപസകന്യകയായ്/ നീയന്നു ദേവയാനിയായ്/ ഞാനന്നു കചനെന്ന കുമാരനായി’’ എന്നിങ്ങനെ ആരംഭിക്കുന്നു ഒരു ഗാനം.

 

മധു,ബഹദൂർ,ജി. ദേവരാജൻ

‘‘അംഗനയെന്നാൽ വഞ്ചന തന്നുടെ/ മറ്റൊരു ഭാവം.../പാരിൽ അംഗനയെന്നാൽ/ മഹാവിപത്തിൻ മറ്റൊരു രൂപം’’ എന്നു തുടങ്ങുന്ന ഗാനം യേശുദാസ് പാടി.

‘‘നെഞ്ചിലിരിക്കും ഭാവം കപടം/ പുഞ്ചിരി വെറുമൊരു മൂടുപടം/ മലർമിഴി മൂടും മായാവലയം/ മാറ്റുകിലവിടം മറ്റൊരു നരകം.../ നരകം... നരകം... നരകം’’ എന്നിങ്ങനെ ഗാനം തുടരുന്നു.

പി. ജയചന്ദ്രനും പി. ലീലയും ചേർന്നു പാടുന്ന യുഗ്മഗാനം ഇങ്ങനെ തുടങ്ങുന്നു. ഭേദപ്പെട്ട നിലയിൽ ഹിറ്റായ പാട്ടാണിത്.

‘‘മുല്ലമലർത്തേൻകിണ്ണം മല്ലിപ്പൂ മധുപാത്രം/ പാടി നടക്കും തെന്നലിനിന്നൊരു/ പാനോത്സവമേള/ മധുപാനോത്സവമേള.../ എൻ മിഴിയിലെ സ്വപ്നശതങ്ങൾ/ നൃത്തമാടും വേള/ എന്റെ ഹൃദയ സ്വർഗസദസ്സിൽ മണിവീണാഗാനമേള...’’

എസ്. ജാനകി ആലപിച്ച ‘‘വനരോദനം കേട്ടുവോ...’’ എന്ന പാട്ടും ഭേദപ്പെട്ട നിലവാരം പുലർത്തി. ‘‘വനരോദനം കേട്ടുവോ... കേട്ടുവോ.../ വാടിവാടി വീഴുമീ വാസന്തമലരിന്റെ/ വനരോദനം കേട്ടുവോ... കേട്ടുവോ..?/ മിന്നലിന്റെ പ്രഹരമേറ്റു നൃത്തമാടും/ വെണ്മുകിലിൻ ബാഷ്പധാര കണ്ടുവോ/ കാറ്റിന്റെ കൈകൾ കാനനത്തിൽ തള്ളിയിട്ട/ കാട്ടുപൂവിൻ കണ്ണുനീരു കണ്ടുവോ..?’’

പതിവുപോലെ കാബറെ നൃത്തഗാനമൊരെണ്ണം എൽ.ആർ. ഈശ്വരി പാടി. ‘‘താളം നല്ല താളം/ മേളം നല്ല മേളം/ കണ്മണിയാളുടെ കാലിൽ കെട്ടിയ/ കിങ്ങിണി കിലുങ്ങുമ്പോൾ/ കണ്മുനയാലേ കാമൻ തന്നുടെ/ കരിമ്പുവില്ലു കുലയ്ക്കുമ്പോൾ/ താളം നല്ല താളം/ മേളം നല്ല മേളം’’ എന്നു തുടങ്ങുന്ന പാട്ട് ആ നൃത്തരംഗത്തിന് അനുയോജ്യമായിരുന്നു.

1971 ഡിസംബർ മൂന്നിന് തിയറ്ററുകളിലെത്തിയ ഈ ആക്ഷൻ-സസ്​പെൻസ് ചിത്രം സാമാന്യവിജയം നേടി.

‘യോഗമുള്ളവൾ’ എന്ന സിനിമയുടെ നിർമാതാവ് മലയാള സിനിമയിലെ ആദ്യകാല മേക്കപ്പ്മാനായ സി.വി. ശങ്കറാണ്. ശങ്കർ അദ്ദേഹത്തിന്റെ ഭാര്യയായ യു. പാർവതീഭായിയുടെ പേരാണ് നിർമാതാവിന്റെ പേരായി പരസ്യപ്പെടുത്തിയത്. യു.പി.എസ് പ്രൊഡക്ഷൻസ് എന്നായിരുന്നു നിർമാണക്കമ്പനിയുടെ പേര്. ശങ്കർ തന്നെയാണ് കഥയും തിരക്കഥയും സംഭാഷണവും എഴുതി ചിത്രം സംവിധാനംചെയ്‌തതും. മലയാള സിനിമയിലെ ആദ്യകാല നായകന്മാരെയും നായികമാരെയും സ്വഭാവനടന്മാരെയും നടിമാരെയും ഹാസ്യതാരങ്ങളെയുമൊക്കെ വർഷങ്ങളോളം അണിയിച്ചൊരുക്കിയിട്ടുള്ള പരിചയസമ്പന്നനായ മേക്കപ്പ്മാനാണ് സി.വി. ശങ്കർ. തന്റെ ചിത്രത്തിൽ സഹകരിക്കുന്ന കലാകാരന്മാർക്കെല്ലാം കുറഞ്ഞ പ്രതിഫലമേ കൊടുക്കൂ എന്ന്‌ അദ്ദേഹം തുടക്കത്തിൽതന്നെ സൂചിപ്പിച്ചിരുന്നു.

തന്റെ വളർത്തുപുത്രിയായ എസ്. ശോഭ എന്ന യുവതിയെ നായികയായി സിനിമയിൽ അവതരിപ്പിക്കുക എന്നതു മാത്രമായിരുന്നു ശങ്കറിന്റെ ലക്ഷ്യം. ചില നടീനടന്മാർ സഹകരിച്ചു. സത്യൻ, പ്രേംനസീർ, ഷീല, ശാരദ, ജയഭാരതി തുടങ്ങിയവരുടെ സഹകരണം അദ്ദേഹം പ്രതീക്ഷിച്ചെങ്കിലും പല കാരണങ്ങളാൽ അത് നടന്നില്ല. മേക്കപ്പ്മാനായ ശങ്കറിന് സംവിധാനരംഗത്ത് വിജയിക്കാനാകുമോ എന്ന സംശയം പലർക്കും തോന്നിയിരിക്കാം. ഒടുവിൽ പ്രേംനവാസ് നായകനായി. കെ.പി. ഉമ്മർ, ടി.എസ്. മുത്തയ്യ, ബഹദൂർ, ജി.കെ. പിള്ള, മീന, വഞ്ചിയൂർ രാധ തുടങ്ങിയവർ അഭിനയിച്ചു, ശങ്കറിന്റെ വളർത്തുമകളായ എസ്. ശോഭ നായികയായി (യു. പാർവതീഭായിയുടെ മകൾ). എന്നു മാത്രമല്ല, യു. പാർവതീഭായിയും ഈ ചിത്രത്തിൽ അഭിനയിച്ചു.

പ്രതിഫലം വാങ്ങാതെ ഗാനങ്ങൾ എഴുതിക്കൊടുക്കാമെന്ന് ഈ ലേഖകനും സംഗീതസംവിധാനം ചെയ്യാമെന്ന് ആർ.കെ. ശേഖറും സമ്മതിച്ചു. യേശുദാസും ജയചന്ദ്രനും അതിനു തയാറാകാത്തതിനാൽ ഡോക്ടർ എം. ബാലമുരളീകൃഷ്ണയും അന്ന് നവാഗതനായിരുന്ന എസ്.പി. ബാലസുബ്രഹ്മണ്യവും എസ്. ജാനകിയുമാണ് ഗാനങ്ങൾ ആലപിച്ചത്. എസ്. ജാനകിയൊഴികെ മറ്റാരുംതന്നെ പ്രതിഫലം വാങ്ങിയില്ല. ഈ സമയത്ത് എസ്.പി. ബാലസുബ്രഹ്മണ്യം മലയാളത്തിൽ ഒരേയൊരു ഗാനമേ പാടിയിരുന്നുള്ളൂ. (‘കടൽപ്പാലം’ എന്ന ചിത്രത്തിലെ ‘‘ഈ കടലും മരുകടലും...’’ എന്ന ഗാനം.)

എസ്.പി. ബാലസുബ്രഹ്മണ്യം മലയാളത്തിൽ പാടിയ രണ്ടാമത്തെ ഗാനം ഈ ചിത്രത്തിലേതാണ്. എസ്. ജാനകിയുമൊത്തു പാടിയ യുഗ്മഗാനം. അത് ഹിറ്റ് ഗാനമാവുകയും ചെയ്തു.

‘‘നീല സാഗരതീരം നിന്റെ നീർമിഴിയോരം/ ചൈത്രസന്ധ്യാകാശം ചാരുരത്നകപോലം’’ എന്ന് ഗായകൻ പാടുന്നു. ‘‘ജീവസാഗരഗീതം നിന്റെ പ്രേമസംഗീതം/ നിത്യനീലാകാശം ഞാൻ കവർന്ന ഹൃദന്തം’’ എന്നു ഗായികയുടെ മറുപടി.

തുടർന്നുള്ള വരികൾ ഇങ്ങനെ: ‘‘സാഗരത്തിൻ തിരകളിലാടും

രാഗഹംസത്തോണി/ ചിന്തകളിൽ തേനലകളുണർത്തും/ ചിത്രമോഹത്തോണി... ചിത്രമോഹത്തോണി...’’

എം. ബാലമുരളീകൃഷ്ണ പാടിയ ‘‘ഓമനത്താമര പൂത്തതാണോ/ ഓമനേ നിൻ മുഖബിംബമാണോ..?/ ചന്ദനച്ചന്ദ്രികച്ചോലയാണോ/ സുന്ദരീ, നിൻ മന്ദഹാസമാണോ..?/ നീലമേഘാവലീനിരയിടിഞ്ഞോ/ നിന്റെ വാർകുന്തളം കെട്ടഴിഞ്ഞോ.../ നെറ്റിയിൽ കോലം വരച്ചതാണോ/ ചിറ്റളകങ്ങൾ നിരന്നതാണോ..?’’ എന്നിങ്ങനെ നീളുന്ന ഗാനം ഉച്ചാരണശുദ്ധി കുറവാണെങ്കിലും ഡോ. ബാലമുരളീകൃഷ്ണ മനോഹരമായി ആലപിച്ചു.

 

യൂസഫലി കേച്ചേരി,മാധുരി

‘‘പടർന്നു പടർന്നു കയറി പ്രേമം/ പവിഴക്കൊടിപോലെ/ മനസ്സിൻ ചില്ലയിൽ മന്ദാരച്ചില്ലയിൽ/ വസന്തം ചുംബനമുദ്രകളേകിയ/ മാണിക്യക്കൊടിപോലെ...’’ എന്ന ഗാനം ഡോ. എം. ബാലമുരളീകൃഷ്ണയും എസ്. ജാനകിയും ചേർന്നു പാടി. തുടർന്നുള്ള വരികൾ ഇങ്ങനെ:

‘‘വിടർന്നു വിടർന്നു വിലസുകയായി/ വികാരപുഷ്പങ്ങൾ/ പറന്നു പുണർന്നു പ്രതീക്ഷ തന്നുടെ/ പരാഗശലഭങ്ങൾ -മോഹന/ പരാഗശലഭങ്ങൾ...’’ എൽ.ആർ. ഈശ്വരി പാടിയ ‘‘കാട്ടുമുല്ലപ്പെണ്ണിനൊരു കഥപറയാൻ മോഹം’’ എന്ന ഗാനവും ഈ ചിത്രത്തിലുണ്ടായിരുന്നു.

‘‘കാട്ടുമുല്ലപ്പെണ്ണിനൊരു/ കഥ പറയാൻ മോഹം/ പാട്ടുകാരൻ കാറ്റിനതു/ കേട്ടുനിൽക്കാൻ മോഹം/ പാട്ടു പാടി പാട്ടു പാടി/ ചേർന്നു നൃത്തമാടി/ പവിഴമേടു കണ്ടു നിൽക്കെ/ തമ്മിൽ സ്നേഹമായി...’’ എന്നിങ്ങനെ തുടരുന്ന പാട്ടിന് ആർ.കെ. ശേഖർ നൽകിയ ഈണം ആകർഷകമായിരുന്നു.

1971 ഡിസംബർ 10ന്​ ‘യോഗമുള്ളവൾ’ എന്ന സിനിമ പുറത്തു വന്നു. ചിത്രം ദയനീയ പരാജയമായി. സി.വി. ശങ്കറിന്റെ വളർത്തുമകൾ ശോഭ നായികവേഷത്തിൽ ഒട്ടും തിളങ്ങിയില്ല. അവർക്കു സിനിമയിൽ തുടർന്നഭിനയിക്കാൻ അവസരങ്ങളും ലഭിച്ചില്ല. സിനിമയിൽ ആരു വാഴണം, ആരു വീഴണം എന്നു തീരുമാനിക്കുന്നത് നിർമാതാക്കളോ സംവിധായകരോ അല്ലല്ലോ. സിനിമയുടെ പ്രേക്ഷകരല്ലേ.

(തുടരും)

Tags:    
News Summary - weekly sangeetha yathrakal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.