പി.ജെ. ആന്റണി എന്ന പാട്ടെഴുത്തുകാരൻ

‘‘പി.ജെ. ആന്റണി ഗാനരചയിതാവുമായിരുന്നു. സ്വന്തം നാടകങ്ങൾക്ക് അദ്ദേഹം തന്നെ പാട്ടുകൾ എഴുതിയിരുന്നു, മാത്രമല്ല, കമ്യൂണിസ്റ്റ് അനുഭാവിയായിരുന്ന അദ്ദേഹം പാർട്ടിക്കുവേണ്ടി വിപ്ലവഗാനങ്ങളും എഴുതിയിട്ടുണ്ട്, സിനിമയിൽ അദ്ദേഹം തിരക്കഥാകൃത്ത്, ഗാനരചയിതാവ്, സംവിധായകൻ, നടൻ എന്നീ നിലകളിൽ പ്രവർത്തിച്ച ചിത്രമാണ് 1973 ഫെബ്രുവരിയിൽ പുറത്തുവന്ന ‘പെരിയാർ’. ചിത്രത്തിന്റെ കഥയും പി.ജെ. ആന്റണിയുടേതുതന്നെയായിരുന്നു.’’മലയാള നാടകരംഗത്തും സിനിമാരംഗത്തും അത്ഭുതങ്ങൾ സൃഷ്ടിച്ച കലാകാരനാണ് പി.ജെ. ആന്റണി. നടനായ പി.ജെ. ആന്റണിയെ ഓർമിക്കാത്ത മലയാളികൾ ഉണ്ടാവില്ല. ‘ഭാർഗ്ഗവീനിലയ’ത്തിലെ വില്ലൻ, ‘മുറപ്പെണ്ണി’ലെ...

‘‘പി.ജെ. ആന്റണി ഗാനരചയിതാവുമായിരുന്നു. സ്വന്തം നാടകങ്ങൾക്ക് അദ്ദേഹം തന്നെ പാട്ടുകൾ എഴുതിയിരുന്നു, മാത്രമല്ല, കമ്യൂണിസ്റ്റ് അനുഭാവിയായിരുന്ന അദ്ദേഹം പാർട്ടിക്കുവേണ്ടി വിപ്ലവഗാനങ്ങളും എഴുതിയിട്ടുണ്ട്, സിനിമയിൽ അദ്ദേഹം തിരക്കഥാകൃത്ത്, ഗാനരചയിതാവ്, സംവിധായകൻ, നടൻ എന്നീ നിലകളിൽ പ്രവർത്തിച്ച ചിത്രമാണ് 1973 ഫെബ്രുവരിയിൽ പുറത്തുവന്ന ‘പെരിയാർ’. ചിത്രത്തിന്റെ കഥയും പി.ജെ. ആന്റണിയുടേതുതന്നെയായിരുന്നു.’’

മലയാള നാടകരംഗത്തും സിനിമാരംഗത്തും അത്ഭുതങ്ങൾ സൃഷ്ടിച്ച കലാകാരനാണ് പി.ജെ. ആന്റണി. നടനായ പി.ജെ. ആന്റണിയെ ഓർമിക്കാത്ത മലയാളികൾ ഉണ്ടാവില്ല. ‘ഭാർഗ്ഗവീനിലയ’ത്തിലെ വില്ലൻ, ‘മുറപ്പെണ്ണി’ലെ വല്യമ്മാവൻ, ‘കാക്കത്തമ്പുരാട്ടി’യിലെ കൊച്ചു പപ്പു, ‘നിർമ്മാല്യ’ത്തിലെ വെളിച്ചപ്പാട് -അങ്ങനെ എത്രയെത്ര കഥാപാത്രങ്ങൾ! അദ്ദേഹം നടൻ മാത്രമല്ല, മികച്ച നാടകകൃത്തും ആയിരുന്നു. പി.ജെ തിയറ്റേഴ്സ് എന്ന പേരിൽ സ്വന്തം നാടകക്കമ്പനിയുണ്ടായിരുന്നു. സ്വന്തമായി എഴുതി അവതരിപ്പിക്കുന്ന നാടകങ്ങൾ അദ്ദേഹംതന്നെയാണ് സംവിധാനംചെയ്തിരുന്നത്. പ്രധാന പുരുഷ കഥാപാത്രത്തെ അവതരിപ്പിക്കുന്നതും അദ്ദേഹംതന്നെ. പി.ജെ. ആന്റണിയുടെ നാടകങ്ങളിലെ നടനായിട്ടാണ് തിലകൻ എന്ന വലിയ നടൻ ആദ്യകാലത്ത് പ്രശസ്തനായത് എന്ന വസ്തുത അറിയുന്നവർ അധികമുണ്ടാകാനിടയില്ല. പി.ജെ. ആന്റണി ഒരു ഗാനരചയിതാവുമായിരുന്നു. സ്വന്തം നാടകങ്ങൾക്ക് അദ്ദേഹംതന്നെ പാട്ടുകൾ എഴുതിയിരുന്നു.

മാത്രമല്ല, കമ്യൂണിസ്റ്റ് അനുഭാവിയായിരുന്ന അദ്ദേഹം പാർട്ടിക്കുവേണ്ടി വിപ്ലവഗാനങ്ങളും എഴുതിയിട്ടുണ്ട്. സിനിമയിൽ അദ്ദേഹം തിരക്കഥാകൃത്ത്, ഗാനരചയിതാവ്, സംവിധായകൻ, നടൻ എന്നീ നിലകളിൽ പ്രവർത്തിച്ച ചിത്രമാണ് 1973 ഫെബ്രുവരിയിൽ പുറത്തുവന്ന ‘പെരിയാർ’. ചിത്രത്തിന്റെ കഥയും പി.ജെ. ആന്റണിയുടേതുതന്നെയായിരുന്നു. പെരിയാർ മൂവീസ് നിർമിച്ച ഈ ചിത്രത്തിൽ രാഘവൻ, സുധീർ, ഉഷാ നന്ദിനി, പി.ജെ. ആന്റണി, തിലകൻ, കവിയൂർ പൊന്നമ്മ, ആലപ്പി വിൻസന്റ്, ശങ്കരാടി, ടി.പി. രാധാമണി, ഖദീജ തുടങ്ങിയവർ അഭിനയിച്ചു. പി.ജെ. ആന്റണി എഴുതിയ പാട്ടുകൾക്ക് കെ.വി. ജോബ്, പി.കെ. ശിവദാസ് എന്നിവർ സംഗീതം നൽകി. (പി. ഭാസ്കരന്റെ ‘‘അല്ലിയാമ്പൽക്കടവിലന്നരയ്ക്കു വെള്ളം’’ എന്ന ഗാനത്തിനും ശ്രീകുമാരൻ തമ്പിയുടെ ‘‘കടലലറുന്നു കാറ്റലറുന്നു; കരയോ കണ്ണുതുടയ്ക്കുന്നു’’ എന്ന ഗാനത്തിനും ഈണം നൽകിയ സംഗീതസംവിധായകനാണ് കെ.വി. ജോബ് )

യേശുദാസ്, എസ്. ജാനകി, ജയചന്ദ്രൻ എന്നിവരോടൊപ്പം മലയാള സിനിമയിലെ ആദ്യകാല പിന്നണിഗായകനായ മെഹ്ബൂബും ഫ്രഡ്‌ഡി എന്ന പുതിയ ഗായകനും പിന്നണിയിൽ പാടി.

കെ.വി. ജോബ് ഈണം പകർന്ന ‘‘പെരിയാറേ... പെരിയാറേ...’’ എന്ന ഗാനം യേശുദാസാണ് പാടിയത്.

‘‘പെരിയാറേ പെരിയാറേ/ കഥകൾ നീ പറഞ്ഞു -എത്ര/കഥകൾ നീ പറഞ്ഞു/ വീണ്ടുമീ കദനത്തിൻ കഥയും പറഞ്ഞുകൊ-/ണ്ടെങ്ങോട്ടു പായുന്നു നീ?/ മണ്ണിലേക്കൊരുതുള്ളി കണ്ണുനീരായ് വന്ന/ നിന്നാത്മനായകനെവിടെ/ആയിരമായിരം ദീപങ്ങൾ ചൂഴുന്ന/ കല്യാണപ്പന്തലിലുണ്ടോ.../ പെരിയാറേ പെരിയാറേ...’’

കെ.വി. ജോബ് ഈണം പകർന്ന രണ്ടാമത്തെ ഗാനം ‘‘ജീവിതം ഒരു ഗാനം അതിമോഹന മധുപാനം’’ എന്നു തുടങ്ങുന്നു.

‘‘ജീവിതമൊരു ഗാനം, അതിമോഹന മധുപാനം/ സുന്ദരിമാരേ, നിങ്ങൾക്കെന്തിനാണ് നാണം.../നിങ്ങൾക്കായി ഞാനൊരുക്കിവെക്കാം/ ഒരു മലർവാടി/ നമ്മൾക്കൊരുമിച്ചവിടെ കൂടാം/ മധുവിധു കൊണ്ടാടാം.’’

അമ്പതുകളിൽ മലയാളത്തിലെ മുൻനിര ഗായകനായിരുന്ന മെഹ്ബൂബ് ആണ് ഈ ഗാനം ആലപിച്ചത്, അമിത മദ്യപാനത്താൽ സ്വയം ജീവിതം തകർത്ത പാട്ടുകാരനാണ് മെഹ്ബൂബ്. അവസരം കിട്ടിയാലും പാടാതെ ഒഴിഞ്ഞുമാറിയിരുന്ന മെഹ്ബൂബിനെ പി.ജെ. ആന്റണി നിർബന്ധിച്ചു പാടിക്കുകയായിരുന്നു ഈ ചിത്രത്തിലെന്നു സംഗീതസംവിധായകൻ ജോബ് പറഞ്ഞിട്ടുണ്ട്. കെ.വി. ജോബ് സംഗീതം നൽകിയ മൂന്നാമത്തെ ഗാനം എസ്. ജാനകിയും ഫ്രഡ്‌ഡിയും ചേർന്ന് പാടി. ഇതൊരു പ്രാർഥനയായിരുന്നു.

‘‘അന്തിവിളക്കു പ്രകാശം പരത്തുന്നു/ നിൻ തിരുവുള്ളം കണക്കെ/ നിൻ തിരുമുമ്പിൽ മിഴിനീരൊഴുക്കുന്നു/ സന്തപ്തമാനസർ ഞങ്ങൾ.../ ഇവിടുത്തെ കണ്ണീരും പുഞ്ചിരിപ്പൂക്കളും/ അവിടുത്തെ സമ്മാനമല്ലോ/ ഇവിടത്തെ ശൂന്യത തന്നിലൊരാശ്വാസം/ അവിടത്തെ തിരുനാമമല്ലോ.

പി.കെ. ശിവദാസ് സംഗീതം നൽകിയ ആദ്യഗാനം പി. ജയചന്ദ്രൻ ആലപിച്ചു.

‘‘ബിന്ദു...ബിന്ദു/ ഒതുങ്ങി നിൽപ്പൂ നിന്നിലൊരുൽക്കട/ശോകത്തിൻ സിന്ധു.../ അഗാധനീലിമയിൽ ഹൃദന്തവേദനകൾ/ ഒളിച്ചുവെക്കും കടലേ-/ എൻ മാറിനു കുളിരേകാൻ /തേഞ്ഞു തീർന്ന ചന്ദനമല്ലേ നീ... ബിന്ദു.’’

പി.കെ. ശിവദാസ് ഈണം നൽകി എസ്. ജാനകിയും ഫ്രഡ്‌ഡിയും ചേർന്ന് പാടിയ ഗാനം ഇങ്ങനെ തുടങ്ങുന്നു: ‘‘മറക്കാനും പിരിയാനും/ ആണെങ്കിലെന്തിനായ് മണിത്തേരിലെന്നെയൊപ്പം പിടിച്ചിരുത്തി?/ കരയിക്കാനായി ഞാൻ എന്തോ പറഞ്ഞുപോയ്/ കരയല്ലേ കരളേ നീ മാപ്പു നൽകൂ...’’ ആദ്യത്തെ രണ്ടു വരികൾ എസ്. ജാനകിയും അടുത്ത രണ്ടു വരികൾ ഫ്രഡ്‌ഡിയുമാണ്‌ പാടുന്നത്.

അടുത്ത വരികളിൽ പറയുന്നത്, ‘‘പ്രപഞ്ചമുണ്ടാകുന്നതിനു മുമ്പുതന്നെ സ്നേഹിച്ചവരാണ് നമ്മൾ -എന്നാണ്. പിന്നീട് പ്രളയമുണ്ടായി. ആ പ്രളയത്തിൽപെട്ടാണ് നമ്മൾ പിരിഞ്ഞുപോയത്’’ എന്ന്. കാവ്യബിംബങ്ങൾ പി.ജെ. ആന്റണിയുടെ വരികളിൽ വളരെ കുറവാണ്. ഗദ്യമാണ് കൂടുതൽ. എന്നാൽ, അദ്ദേഹത്തിന് നല്ല താളബോധമുണ്ട്.

1973 ഫെബ്രുവരി 14ന് പുറത്തുവന്ന ‘പെരിയാർ’ എന്ന സിനിമ ജനപ്രീതി നേടിയില്ല. എങ്കിലും ജയചന്ദ്രൻ പാടിയ ‘‘ബിന്ദു... ഒതുങ്ങി നിൽപ്പൂ നിന്നിലൊരുൽക്കട ശോകത്തിൻ സിന്ധു...’’ എന്നു തുടങ്ങുന്ന ഗാനം കുറെയൊക്കെ ജനപ്രീതി നേടി. യേശുദാസ് പാടിയിട്ടും ‘‘പെരിയാറേ പെരിയാറേ...’’ എന്ന ഗാനം ഹിറ്റ് ചാർട്ടിൽ വന്നില്ല. മലയാളത്തിലെ സുവർണഗാനങ്ങളിലൊന്നായ വയലാർ-ദേവരാജൻ ടീമിന്റെ ‘‘പെരിയാറേ പെരിയാറേ, പർവതനിരയുടെ പനിനീരേ...’’ ഓർമയിൽ തുളുമ്പുമ്പോൾ ഈ ഗാനത്തിന് സ്ഥാനമെവിടെ...

മധു എന്ന പി. മാധവൻ നായർ മലയാളത്തിൽ അഭിനയിച്ചു പുറത്തുവന്ന ആദ്യ സിനിമയാണ് ‘നിണമണിഞ്ഞ കാൽപ്പാടുകൾ’. ഈ ചിത്രം സംവിധാനംചെയ്തത് നോവലിസ്റ്റുകൂടിയായ എൻ.എൻ. പിഷാരടിയാണ്, വർഷം 1963. പത്തു വർഷങ്ങൾക്കുശേഷം വലിയ താരങ്ങളെ ഒഴിവാക്കി എൻ.എൻ. പിഷാരടി സംവിധാനംചെയ്ത സിനിമയാണ് ‘റാഗിംഗ്’. ഹരിശ്രീ പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമിച്ച ഈ ചിത്രത്തിന് പൗലോസ് എന്നയാൾ കഥയെഴുതി, സംവിധായകനായ എൻ.എൻ. പിഷാരടി തന്നെ തിരക്കഥയും സംഭാഷണവും രചിച്ചു. വിൻസെന്റ്, റാണിചന്ദ്ര, സുധീർ, ജമീല മാലിക്, പി.ജെ. ആന്റണി, ശങ്കരാടി, കൊച്ചിൻ ഹനീഫ തുടങ്ങിയവർ അഭിനയിച്ചു. എം.കെ. അർജുനന്റെ സംഗീതസംവിധാനത്തിൽ മൂന്നു പാട്ടുകൾ പി.ജെ. ആന്റണിയും ഒരു പാട്ട് ഐസക് തോമസും എഴുതി. യേശുദാസ്, എസ്. ജാനകി, പി. ജയചന്ദ്രൻ, മാധുരി, തോപ്പിൽ ആന്റോ എന്നിവരാണ് പിന്നണി ഗായകർ.

പി.ജെ. ആന്റണി എഴുതിയ ‘‘മനോഹരീ... മനോഹരീ...’’ എന്ന ഗാനം പോപുലറായി. സെമി ക്ലാസിക്കൽ രീതിയിലുള്ള അർജുനന്റെ ഈണം മനോഹരം തന്നെയായിരുന്നു.

‘‘മനോഹരീ മനോഹരീ/ മറഞ്ഞു നിൽക്കുവതെന്തേ.../പരിഭവമാണോ... കോപമാണോ/ അരികിൽ വരുവാൻ നാണമാണോ..?/ സ്നേഹമയീ നീ ചേതനയിൽ/ മോഹത്തിൻ മധു പകരുമ്പോൾ/ പകരം തരുവാനെൻ കയ്യിൽ/ തകർന്നൊരോടക്കുഴൽ മാത്രം.’’

പി.ജെ. ആന്റണി രചിച്ച രണ്ടാമത്തെ ഗാനം എസ്. ജാനകി പാടി.

‘‘ആകാശഗംഗയിൽ ഞാനൊരിക്കൽ/ നീരാടി നിൽക്കും നേരം

കേട്ടൊരു കിന്നരഗാനം/ നോക്കി ഞാൻ, കണ്ടു ഭവാനെ/ ഒരോമനത്താമരത്തോണി/ തുഴഞ്ഞു പോകുന്നതായി...’’

പി. ജയചന്ദ്രനും തോപ്പിൽ ആന്റോയും സംഘവും പാടിയ ‘‘ആദിത്യനണയും അമ്പിളി കരിയും...’’ എന്ന് തുടങ്ങുന്ന ഗാനം ഒരുസംഘം യുവാക്കൾ കഞ്ചാവിന്റെ ലഹരിയിൽ പാടുന്നതാണ്. ‘‘ആദിത്യനണയും അമ്പിളി കരിയും/ താരങ്ങളാകെ പൊഴിയും/ ഹരേ രാമാ ഹരേ കൃഷ്ണ /ഹരേ ഗഞ്ചാ അര ദം/ ആകാശമഴിയും കാലങ്ങളലിയും/ ദിക്കുകൾ ഞെട്ടറ്റു വീഴും/ പ്രളയജലത്തിൽ കഞ്ചാവിൻ ഇലയിൽ/ ഞാൻ മാത്രം പൊങ്ങിക്കിടക്കും.../ ഹരേ ഗഞ്ചാ അര ദം.../ഹരേ രാമാ ഹരേ കൃഷ്ണ.’’

ആർ.ഡി. ബർമന്റെ സംഗീതത്തിൽ ആശാ ഭോസ് ലെ പാടിയ ദേവാനന്ദ് ചിത്രത്തിലെ ‘‘ദം മാരോ ദം’’ എന്ന ഗാനത്തിന്റെ പ്രചോദനം ഈ പാട്ടിന്റെ പിന്നിലുണ്ടെന്ന് തീർച്ച. ‘റാഗിംഗ്’ എന്ന സിനിമയിലെ നാലാമത്തെ ഗാനം ഐസക് തോമസ് ആണ് എഴുതിയത്. ഇത് ഒരു പ്രാർഥനാ ഗാനമാണ്.

‘‘സ്നേഹസ്വരൂപനാം എൻ ജീവനായകാ/ നിൻ തിരുമുമ്പിൽ വരുന്നു/ വേദന തിങ്ങുമീ ജീവിതം നൽകിയ/കണ്ണീർക്കണികയുമായ്/ നിത്യഹരിതമാം മേച്ചിൽപ്പുറങ്ങളിൽ/ എന്നെ നടത്തേണമേ/ സ്വച്ഛ ജലാശയ തീരത്തിലേക്കു നീ/ എ​െന്ന നയിക്കേണമേ...’’

ജയചന്ദ്രനും മാധുരിയും ചേർന്നാണ് ഈ ഗാനം ആലപിച്ചത്. അർജുനന്റെ സംഗീതം വരികളുടെ പോരായ്മകളെയും അതിജീവിച്ചു എന്നു പറയാം.

1973 ഫെബ്രുവരി 22നു റിലീസായ ‘റാഗിംഗ്’ എന്ന സിനിമ എൻ.എൻ. പിഷാരടി എന്ന സംവിധായകന്റെ ഗരിമ നിലനിർത്തുന്നതായില്ല. സാമ്പത്തികമായും സിനിമ പരാജയപ്പെട്ടു.

കെ.എസ്. സേതുമാധവന്റെ സംവിധാനത്തിൽ മൂന്നു മികച്ച സിനിമകൾ നിർമിച്ച എം.എസ് പ്രൊഡക്ഷൻസ് തുടർച്ചയായി നേരിട്ട സാമ്പത്തികനഷ്ടം മൂലം ചുവടൊന്നു മാറ്റിച്ചവിട്ടാൻ തീരുമാനിച്ചു. അങ്ങനെയാണ് നിർമാതാക്കളായ ബേബിയും ചാണ്ടിയും ശശികുമാറിനെ സംവിധായകനാക്കി ‘പഞ്ചവടി’ എന്ന സിനിമ നിർമിച്ചത്. സംവിധായകന്റെ കഥക്ക് ജഗതി എൻ.കെ. ആചാരി തിരക്കഥയും സംഭാഷണവും എഴുതി. ശ്രീകുമാരൻ തമ്പി-അർജുനൻ ടീം പാട്ടുകളൊരുക്കി. പ്രേംനസീർ, വിജയശ്രീ, വിൻസെന്റ്, കെ.പി. ഉമ്മർ, ജോസ് പ്രകാശ്, അടൂർ ഭാസി, ബഹദൂർ, മനോരമ, സാധന, മീന തുടങ്ങിയവർ അഭിനേതാക്കളായി. അതുവരെ വയലാർ-ദേവരാജൻ ടീം മാത്രമേ എം.എസ് പ്രൊഡക്ഷൻസിന്റെ സിനിമകളിൽ ഗാനങ്ങൾ ഒരുക്കിയിട്ടുള്ളൂ. ആദ്യമായാണ് ശ്രീകുമാരൻ തമ്പിയും അർജുനനും എം.എസ് പ്രൊഡക്ഷൻസിൽ വരുന്നത്. ‘പഞ്ചവടി’യിൽ ഏഴു പാട്ടുകൾ ഉണ്ടായിരുന്നു.

 

പി.ജെ. ആന്റണി,മെഹബൂബ്,കെ.വി. ജോബ്

മിക്കവാറും എല്ലാ പാട്ടുകളും ജനപ്രിയ ഗാനങ്ങളായി മാറി. യേശുദാസ് പാടിയ ‘‘പൂവണിപ്പൊന്നും ചിങ്ങം വിരുന്നു വന്നു/ പൂമകളേ, നിന്നോർമകൾ പൂത്തുലഞ്ഞു/ കാറ്റിലാടും തെങ്ങോലകൾ കളിപറഞ്ഞു/ കളിവഞ്ചിപ്പാട്ടുകളെൻ ചുണ്ടിൽ വിരിഞ്ഞു’’ എന്ന ഗാനവും അദ്ദേഹം തന്നെ പാടിയ ‘‘തിരമാലകളുടെ ഗാനം/ തീരത്തിനതു ജീവരാഗം/ ഈ സംഗമത്തിൻ സംഗീതത്തിൽ/ ഇനി നിന്റെ ദുഃഖങ്ങൾ മറക്കൂ/പ്രിയങ്കരീ പ്രഭാമയീ.../ സന്ധ്യാകുങ്കുമ മേഘദലങ്ങളിൽ/ഇന്ദുകരങ്ങളമർന്നു/ ഇന്ദ്രനീല സമുദ്രഹൃദന്തം/ എന്തിനോ വീണ്ടുമുണർന്നു/ ഈ ഹർഷത്തിൻ നാദോത്സവത്തിൽ/ഇനി നിന്റെ ഗാനവും പാടൂ/ പ്രിയങ്കരീ പ്രഭാമയീ’’ എന്ന ഗാനവും യേശുദാസ് എസ്. ജാനകിയുമായി ചേർന്ന് പാടിയ

‘‘മനസ്സിനകത്തൊരു പാലാഴി/ ഒരു പാലാഴി/ മദിച്ചു തുള്ളും മോഹത്തിരകൾ/ മലർനുര ചൊരിയും വർണത്തിരകൾ/ അന്നം തിരകൾ പൊന്നുംതിരകൾ/ ആലോലം തിരകൾ’’ എന്ന ഗാനവും ജയചന്ദ്രൻ പാടിയ ‘‘നക്ഷത്രമണ്ഡല നടതുറന്നു/ നന്ദനവാടിക മലർചൊരിഞ്ഞു/ചന്ദ്രോത്സവത്തിൽ സന്ധ്യാദീപ്തിയിൽ/ സുന്ദരിയെന്നെ തേടിവന്നു -എന്റെ/ സങ്കൽപമോഹിനി വിരുന്നു വന്നു’’ എന്ന പാട്ടും ഹിറ്റുകളായി. ജയചന്ദ്രൻ പാടിയ ‘‘സൂര്യനും ചന്ദ്രനും പണ്ടൊരു കാലം/ ചൂതു കളിക്കാനിരുന്നു/ സൂര്യന്റെ മക്കളും ചന്ദ്രന്റെ മക്കളും/ ചുറ്റിനും വന്നുനിരന്നു’’ എന്നു തുടങ്ങുന്ന പാട്ട് ഒരു മുത്തശ്ശിക്കഥയെ അടിസ്ഥാനമാക്കി രചിച്ചതാണ്. അത് കുട്ടികൾക്കുള്ളതാണ്.

പി. സുശീലയും അമ്പിളിയും ചേർന്ന് പാടിയ ‘‘ചിരിക്കൂ ചിരിക്കൂ ചിത്രവർണപ്പൂവേ/ നിൻ ചിരി ചൊരിയും പൂനിലാവിൽ ഞാനലിയട്ടെ/ അമ്മ ചിരിക്കൂ -എന്റെ മോള് ചിരിക്കൂ/ അമ്മ ചിരിക്കൂ -എന്റെ മോള് ചിരിക്കൂ/ നടക്കൂ... നടക്കൂ... കൊച്ചുകാല് വളരുവാൻ/ നല്ലവഴികൾ കണ്ടു നാളെ മുന്നേറുവാൻ/ പൊന്നരമണി കാൽത്തളമണി കിലുങ്ങിടട്ടെ/ അമ്മയുടെ ഗദ്ഗദങ്ങൾ അതിലലിയട്ടെ...’’ എന്ന പാട്ടും ശ്രോതാക്കൾ ഇഷ്ടപ്പെട്ടു. വ്യത്യസ്തതയുള്ള, വെസ്റ്റേൺ രീതിയിലുള്ള ഒരു ഗാനമാണ് ഇനി ‘പഞ്ചവടി’യിലുള്ളത്‌. എൽ.ആർ. ഈശ്വരിയാണ് ഈ ഗാനം ആലപിച്ചത്.

‘‘സിംഫണി സിംബോ സിംബോ സിംഫണി/ മൊമ്പൊസാ മൊമ്പൊസാ മൊമ്പൊസാ/ ഓ മൈ ഡാർലിങ്/ ഓ മൈ സ്വീറ്റി/ ഓ മൈ ആഫ്രിക്കൻ ബ്യൂട്ടി/ മന്മഥനാം കാമുകാ നായകാ/ മദനഗാനമാല പാടൂ ഗായകാ/ മന്മഥന്റെ കണ്മണീ കാമിനീ/ മദനഗാനമാല പാടൂ മോഹിനീ, സിംഫണി സിംബോ സിംബോ സിംഫണി...’’ ‘പഞ്ചവടി’ എന്ന ചിത്രം 1973 ഫെബ്രുവരി 23നു തിയറ്ററുകളിലെത്തി. എല്ലാം തികഞ്ഞ ഈ എന്റർടെയ്നർ ബോക്സോഫിസിൽ സൂപ്പർഹിറ്റ് ആയി. ‘പഞ്ചവടി’യുടെ വിജയത്തിനു ശേഷമാണ് സംവിധായകൻ ശശികുമാറിന്റെ കുറെയേറെ ചിത്രങ്ങളുടെ പേരുകൾ ‘പ’ എന്ന അക്ഷരത്തിൽ ആരംഭിക്കാൻ തുടങ്ങിയത്. ‘പഞ്ചവടി’, ‘പത്മവ്യൂഹം’, ‘പൂന്തേനരുവി’, ‘പത്മരാഗം’, ‘പഞ്ചതന്ത്രം’... അങ്ങനെയങ്ങനെ.

(തുടരും)

Tags:    
News Summary - weekly sangeetha yathrakal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.