പീറ്റർ-റൂബന്റെ സംഗീതം

1973 ആഗസ്റ്റ് മൂന്നിന് ‘ഉർവ്വശി ഭാരതി’ തിയറ്ററുകളിലെത്തി. തിക്കുറിശ്ശിയുമായുള്ള കൂടിച്ചേരൽകൊണ്ട് മുരളി മൂവീസ് ഉടമയായ രാമചന്ദ്രന് ഒരു നിർമാതാവാകാൻ കഴിഞ്ഞു. എന്നാൽ, അദ്ദേഹത്തിന് സാമ്പത്തിക നഷ്ടമുണ്ടായി. പിൽക്കാലത്ത് ഐ.വി. ശശിയുടെ സുഹൃത്തായി മാറിയ ഇതേ രാമചന്ദ്രനാണ് ‘അവളുടെ രാവുകൾ’ എന്ന വ്യത്യസ്ത സിനിമ നിർമിച്ചത്-സംഗീതചരിത്രം തുടരുന്നു.കഥ, തിരക്കഥ, സംഭാഷണം, ഗാനങ്ങൾ എന്നിവയെഴുതി ചിത്രം സംവിധാനംചെയ്യുകയും അതിൽ നായകനായി അഭിനയിക്കുകയുംചെയ്ത മലയാള സിനിമയിലെ ആദ്യ കലാകാരൻ തിക്കുറിശ്ശി സുകുമാരൻ നായർ ആണെന്ന് നമുക്കറിയാം. കാലക്രമത്തിൽ അദ്ദേഹം ഒരു സ്വഭാവ നടൻ മാത്രമായി ഒതുങ്ങിക്കൂടിയെങ്കിലും...

1973 ആഗസ്റ്റ് മൂന്നിന് ‘ഉർവ്വശി ഭാരതി’ തിയറ്ററുകളിലെത്തി. തിക്കുറിശ്ശിയുമായുള്ള കൂടിച്ചേരൽകൊണ്ട് മുരളി മൂവീസ് ഉടമയായ രാമചന്ദ്രന് ഒരു നിർമാതാവാകാൻ കഴിഞ്ഞു. എന്നാൽ, അദ്ദേഹത്തിന് സാമ്പത്തിക നഷ്ടമുണ്ടായി. പിൽക്കാലത്ത് ഐ.വി. ശശിയുടെ സുഹൃത്തായി മാറിയ ഇതേ രാമചന്ദ്രനാണ് ‘അവളുടെ രാവുകൾ’ എന്ന വ്യത്യസ്ത സിനിമ നിർമിച്ചത്-സംഗീതചരിത്രം തുടരുന്നു.

കഥ, തിരക്കഥ, സംഭാഷണം, ഗാനങ്ങൾ എന്നിവയെഴുതി ചിത്രം സംവിധാനംചെയ്യുകയും അതിൽ നായകനായി അഭിനയിക്കുകയുംചെയ്ത മലയാള സിനിമയിലെ ആദ്യ കലാകാരൻ തിക്കുറിശ്ശി സുകുമാരൻ നായർ ആണെന്ന് നമുക്കറിയാം. കാലക്രമത്തിൽ അദ്ദേഹം ഒരു സ്വഭാവ നടൻ മാത്രമായി ഒതുങ്ങിക്കൂടിയെങ്കിലും അവസരം ലഭിക്കുമ്പോഴൊക്കെ അദ്ദേഹം സംവിധായകപ്പട്ടം അണിയുമായിരുന്നു എന്നും നമുക്കറിയാം. ആ ചിത്രങ്ങൾക്ക് തിരക്കഥയും സംഭാഷണവും ഗാനങ്ങളും എഴുതുന്നതും അദ്ദേഹംതന്നെയായിരിക്കും.

മുരളി ഫിലിംസിന്റെ പേരിൽ എം.പി. രാമചന്ദ്രൻ നിർമിച്ച ‘ഉർവ്വശി ഭാരതി’ എന്ന സിനിമ ഈ വിഭാഗത്തിൽപെടുന്നു. പ്രേംനസീർ, ജയഭാരതി, തിക്കുറിശ്ശി, ടി.എസ്. മുത്തയ്യ, അടൂർ ഭാസി, ബഹദൂർ, രാഘവൻ, വിൻ​െസന്റ്, സുധീർ, ഇന്നസെന്റ്, മീന, എൻ. ഗോവിന്ദൻകുട്ടി, സാധന, കടുവാക്കുളം ആന്റണി തുടങ്ങിയവർ അഭിനയിച്ചു. തിക്കുറിശ്ശി എഴുതിയ ഏഴു ഗാനങ്ങൾക്ക് വി. ദക്ഷിണാമൂർത്തി ഈണംപകർന്നു. യേശുദാസ് പാടിയ ‘‘കാർകൂന്തൽകെട്ടിനെന്തിനു വാസനത്തൈലം...’’ എന്ന പ്രശസ്ത ഗാനം ഈ ചിത്രത്തിലുള്ളതാണ്.

‘‘കാർകൂന്തൽകെട്ടിനെന്തിനു വാസനത്തൈലം –നിന്റെ/ വാർനെറ്റിത്തടത്തിലെന്തിനു സിന്ദൂരത്തിലകം/ മാനഞ്ചും കണ്ണിലെന്തിനൊരഞ്ജനകൂട്ട് –നിന്റെ/ തേൻ ചോരും ചുണ്ടിലെന്തേ ചെമ്പരത്തിപ്പൂമൊട്ട്/ ചെമ്പരത്തിപ്പൂമൊട്ട്...’’ എന്ന പല്ലവിയും അതിനു സെമിക്ലാസിക്കൽ ശൈലിയിൽ സ്വാമി നൽകിയ ഈണവും ഒന്നിനൊന്നു മെച്ചം. തുടർന്നുള്ള വരികളും ശ്രദ്ധിക്കാം: ‘‘കളമൊഴി നീ മൊഴിയുമ്പോൾ കിളിനാദം –നിന്റെ/ കണ്ണാടിക്കവിളിൽ കാണാമെൻ രൂപം/ കൊഞ്ചിക്കൊഞ്ചി പുഞ്ചിരിച്ചാൽ പൂനിലാവെട്ടം –നിന്റെ/ നെഞ്ചിലൊന്നു നോക്കിപ്പോയാൽ കണ്ണിന്നു തേരോട്ടം.../കണ്ണിന്നു തേരോട്ടം.’’

യേശുദാസ് പാടിയ രണ്ടാമത്തെ പാട്ട് ‘‘നിശീഥിനീ നിശീഥിനീ’’ എന്ന് തുടങ്ങുന്നു. ‘‘നിശീഥിനീ നിശീഥിനീ/ നീലക്കടലാസിൽ നീ കുറിച്ചൊരു/ പ്രേമലേഖനത്തിൻ അക്ഷരമാലകൾ/ കാർമഷി വീണു കണ്ണീരു വീണു/ മാഞ്ഞുപോയ് സഖീ മാഞ്ഞുപോയ്’’ എന്ന ഗാനവും യേശുദാസ് തന്നെ പാടിയ ‘‘എന്തുവേണം എനിക്കെന്തുവേണം/ ഇന്ദുമുഖീ ഇനിയെന്തു വേണം/ ചന്ദ്രകാന്ത കൽത്തറയിൽ/ ചന്ദനമരത്തിന്റെ പൂന്തണലിൽ/ മുന്തിരിപ്പാത്രവും സുന്ദരി നീയും/അന്തികത്തുണ്ടെങ്കിൽ എന്തുവേണം...’’ എന്ന ഗാനവും ആദ്യഗാനംപോലെ മികച്ചതായില്ല. പി. ജയചന്ദ്രനും ബി. വാസന്തയും പാടിയ യുഗ്മഗാനം മാപ്പിളപ്പാട്ടിന്റെ ശൈലിയിലുള്ളതാണ്.

‘‘ഒന്നിച്ചു കളിച്ചു വളർന്ന...’’ എന്ന് തുടങ്ങുന്നു. ‘‘ഒന്നിച്ചു കളിച്ചു വളർന്ന ഉമ്മറുകാക്ക/ ഇന്നിപ്പം എന്നെ മറന്നത് നന്നല്ലപ്പാ/ ഏഴെട്ടു വയസ്സില് നമ്മളു മാവിന്മൂട്ടില്/ ഏഴുനില മാളിക വെച്ചു മണ്ണ് കൂട്ടി/ എല്ലാരും നോക്കിയിരിക്കണ നേരത്തന്ന് –എന്നെ/കല്യാണം ശെയ്ത്കണക്കിന് കൊണ്ടുവന്നു.’’ പി. ലീലയാണ് ഈ ഗാനം ആലപിച്ചത്. തുടർന്നുള്ള വരികൾ ഇങ്ങനെ.

 

പി. ജയചന്ദ്രൻ,പൂവച്ചൽ ഖാദർ

‘‘വെള്ളാരംകല്ല് പെറുക്കി കുറുമാ വെച്ച്/ വെണ്മണല് തെള്ളിയെടുത്ത് പുട്ടു വെച്ച്/ വെള്ളയ്ക്കാ തല്ലിയരച്ച് ചാറെടുത്ത്/ വെള്ളത്തിലൊഴിച്ചു കലക്കി ചായ ചേർത്തു/ കടലാസു തെറുത്ത് കൊളുത്തി ബീഡി തന്ന് –നിങ്ങൾ/ കടലിൽ വല വീശാൻ പോണത് നോക്കി നിന്ന്...’’

മാപ്പിളപ്പാട്ട് തനിക്കാവും വിധത്തിൽ എഴുതാൻ തിക്കുറിശ്ശി ശ്രമിച്ചിട്ടുണ്ട്. ദക്ഷിണാമൂർത്തിയുടെ ഈണവും തരക്കേടില്ല. എന്നാൽ പി. ഭാസ്കരൻ-ബാബുരാജ് ടീം ഒരുക്കിയ മാപ്പിളപ്പാട്ടുകൾ എപ്പോഴും ഓർമിക്കുന്ന മലയാളി പ്രേക്ഷകരെ ഇതുപോലെയുള്ള പാട്ടുകൾ തൃപ്തിപ്പെടുത്തുമോ?

ജയചന്ദ്രനും ബി. വസന്തവും ചേർന്നു പാടിയതും ഒരു പ്രേമഗാനമാണ്. ‘‘തുള്ളിത്തുള്ളി നടക്കുന്ന കള്ളിപ്പെണ്ണേ/ കാക്കപ്പുള്ളിയുള്ള നിൻ കവിളിൽ/ നുള്ളിനോക്കട്ടെ –ഒന്നു/ നുള്ളിനോക്കട്ടെ’’ എന്നു തുടങ്ങുന്ന പാട്ട് താരതമ്യേന ഒരു ഫാസ്റ്റ്നമ്പറാണെന്നു പറയാം.

‘‘നിൻ മിഴിക്കോണുകളിൽ ആരു വെച്ചു കാന്തം/ നിൻ മന്ദഹാസത്തിൽ ഈ മകരന്ദം/ നീണ്ടു ചുരുണ്ടിരുണ്ട നീലതഴക്കുഴലിൽ/ നിർവൃതി നൽകും സുഗന്ധം...’’

പി. സുശീല പാടിയ ‘‘ഉദ്യാനപാലകാ’’ എന്ന ഗാനം ഇങ്ങനെ തുടങ്ങുന്നു: ‘‘ഉദ്യാനപാലകാ നിൻ പുഷ്പവാടിയിൽ/ഇക്കാട്ടുമുല്ലയ്ക്കിടമുണ്ടോ/ മൊട്ടിട്ടു നാളുകളേറെയായി –ഒന്നു/ പൊട്ടിവിടരുവാൻ മോഹം...’’ വി. ദക്ഷിണാമൂർത്തിയുടെ ഈണവും പി. സുശീലയുടെ ആലാപനവും നന്നായിരുന്നു. പാട്ടിലെ വരികൾ ഇങ്ങനെ തുടരുന്നു: ‘‘മുട്ടിയുഴറിയോരുദ്യാന വാതിലും/ മുട്ടിവിളിച്ചതില്ലിന്നോളം/ തൊട്ടിട്ടില്ല, കണ്ണുപെട്ടിട്ടില്ല –കയ്യിൽ/ കിട്ടിയിട്ടില്ലാർക്കുമിന്നോളം...’’

ചിത്രത്തിൽ അവ​േശഷിക്കുന്നത് എൽ.ആർ. ഈശ്വരി പാടിയ ഒരു ഗാനമാണ്. അതിന്റെ തുടക്കം താഴെ കൊടുക്കുന്നു.

‘‘പെണ്ണിനെന്തൊരഴക് –ഈ/ മന്നിലേതു വലുത്/ പെണ്ണിനേക്കാൾ വലുത് –വലുത് –വലുത്/ തലമുടി കരിമുകില് –പുരികക്കൊടികൾ/ മന്മഥവില്ല്/ കണ്ണ് താമരയിതള് –ഏതോ/ കാന്തം വെച്ചിട്ടുണ്ടതില്‌...’’

1973 ആഗസ്റ്റ് മൂന്നിന് ‘ഉർവ്വശി ഭാരതി’ തിയറ്ററുകളിലെത്തി. തിക്കുറിശ്ശിയുമായുള്ള കൂടിച്ചേരൽകൊണ്ട് മുരളി മൂവീസ് ഉടമയായ രാമചന്ദ്രന് ഒരു നിർമാതാവാകാൻ കഴിഞ്ഞു. എന്നാൽ, അദ്ദേഹത്തിന് സാമ്പത്തികനഷ്ടമുണ്ടായി. പിൽക്കാലത്ത് ഐ.വി. ശശിയുടെ സുഹൃത്തായി മാറിയ ഇതേ രാമചന്ദ്രനാണ് ‘അവളുടെ രാവുകൾ’ എന്ന വ്യത്യസ്ത സിനിമ നിർമിച്ചത്.

‘കാറ്റു വിതച്ചവൻ’ എന്ന ചലച്ചിത്രം റവ. സുവി എന്ന ക്രിസ്ത്യൻ പുരോഹിതനാണ് സംവിധാനംചെയ്തത്. ക്രിസാർട്സ് (CRISARTS) എന്നായിരുന്നു നിർമാണക്കമ്പനിയുടെ പേര്. ഈ ചിത്രത്തിന്റെ കലാസംവിധായകനും പ്രധാന സംവിധാനസഹായിയും ഐ.വി. ശശി ആയിരുന്നു. ആലപ്പി ഷരീഫ് കഥയും സംഭാഷണവും എഴുതി. പൂവച്ചൽ ഖാദർ എല്ലാ പാട്ടുകളും എഴുതിയ ആദ്യചിത്രം എന്ന പ്രത്യേകതയും ഈ സിനിമക്കുണ്ട്. പീറ്റർ-റൂബൻ കൂട്ടുകെട്ടാണ് ഖാദറിന്റെ വരികൾ ചിട്ടപ്പെടുത്തിയത്. എം. പരമശിവം എന്ന മലയാളി ആദ്യകാലങ്ങളിൽ എം.പി. ശിവം എന്ന പേരിൽ ഗ്രാമഫോൺ കമ്പനിക്കുവേണ്ടി മലയാളത്തിൽ ഭക്തിഗാനങ്ങൾ എഴുതിയിരുന്നു. സംഗീതത്തിലും അദ്ദേഹത്തിന് സാമാന്യ പരിജ്ഞാനമുണ്ടായിരുന്നു.

പിൽക്കാലത്ത് അദ്ദേഹം ക്രിസ്തുമതത്തിലേക്ക് മാറുകയും പരമശിവം എന്ന പേര് പീറ്റർ എന്ന് മാറ്റുകയുംചെയ്തു. അദ്ദേഹം റൂബൻ എന്ന സംഗീതജ്ഞനുമായി ചേർന്നു പീറ്റർ-റൂബൻ ടീം ഉണ്ടാക്കി. ഈ ടീം ക്രിസ്ത്യൻ ഭക്തിഗാനങ്ങൾക്ക് ഈണം പകരുമായിരുന്നു.

ഇവർ ഒരുമിച്ച ആദ്യ സിനിമയാണ് ‘കാറ്റു വിതച്ചവൻ’. കെ.പി. ഉമ്മർ, വിജയനിർമല, സുജാത, റാണിചന്ദ്ര, തിക്കുറിശ്ശി, ശോഭ, പ്രേമ, ബഹദൂർ, ടി.പി. രാധാമണി, ജൂനിയർ ബാലയ്യ, ഗിരീഷ്‌ കുമാർ, മുത്തു, ബേബി പത്മ തുടങ്ങിയവർ ചിത്രത്തിൽ അഭിനയിച്ചു. നാല് ഗാനങ്ങളാണ് ഈ സിനിമയിൽ ഉണ്ടായിരുന്നത്. യേശുദാസ് പാടിയ ‘‘മഴവില്ലിൻ അജ്ഞാതവാസം കഴിഞ്ഞു’’ എന്ന ഗാനം മികച്ചതാണ്.

 

പി. ലീല,ബി. വസന്ത

‘‘മഴവില്ലിൻ അജ്ഞാതവാസം കഴിഞ്ഞു/ മണിമുകിൽ തേരിലിറങ്ങി/ മരതകക്കിങ്ങിണിക്കാടുകൾ പുളകത്തിൻ/ മലരാട ചുറ്റിയൊരുങ്ങി/ പുഴയുടെ കല്യാണമായി’’ എന്ന പല്ലവിയും തുടർന്നുള്ള വരികളും ഒരു നല്ല ഗാനരചയിതാവിന്റെ വരവറിയിച്ചു എന്ന കാര്യത്തിൽ സംശയമില്ല. ഗാനത്തിലെ വരികൾ തുടരുന്നു.

‘‘പുഴയുടെ ആദ്യത്തെ രാത്രിയിൽ മതിലേഖ/ പുതിയൊരു പാൽക്കിണ്ണം നൽകി/ അരമണി വീണ്ടും കിലുങ്ങി, കടലിന്റെ/വിരിമാറിലവൾ ചേർന്നുറങ്ങി.’’ യേശുദാസ് പാടിയ രണ്ടാമത്തെ ഗാനം താഴെ കൊടുക്കുന്നു:

‘‘സൗന്ദര്യപൂജക്ക് പൂക്കൂടയേന്തുന്ന/ ചക്രവാളത്തിലെ പെണ്ണേ/ സൗഗന്ധികക്കുളിർതെന്നലേറ്റേറ്റു നീ/ സൗമ്യയായ് നിൽക്കുവതെന്തേ.../ കഥകളിപ്പെണ്ണിന് മുദ്രകൾ നൽകിയ/ കമനീയനാടിന്റെ കാവ്യം/ നിൻ മിഴിതുമ്പുകൾ നോക്കിപ്പഠിച്ചാലും/ ജനനി തൻ പരിശുദ്ധഭാവം/ തെളിനീരിൻ ഹൃദയാന്തരാളം.’’ അടുത്ത ചരണവും മികച്ചതു തന്നെ.

 

തിക്കുറിശ്ശിയും ബോബൻ കുഞ്ചാക്കോയും

എസ്. ജാനകി പാടിയ ഗാനം ‘‘സ്വർഗത്തിലല്ലോ വിവാഹം’’ എന്ന് തുടങ്ങുന്നു: ‘‘സ്വർഗത്തിലല്ലോ വിവാഹം –മധുരിത/ സ്വപ്നം വിരിയും വസന്തം/ സുരസുന്ദരികൾ തൻ കയ്യിൽനിന്നല്ലോ / അരുമക്കിടാങ്ങൾ ജനിച്ചു.../ ആരാരിരോ... ആരാരിരോ...’’

പുതിയ ഗായികയായ മേരിഷൈലയും സംഘവും പാടിയ പ്രാർഥനാ ഗാനവും ശ്രോതാക്കൾക്ക് ഇഷ്ടമായി.

‘‘വാഴ്ത്തുന്നു ദൈവമേ നിൻ മഹത്ത്വം/ വാഴ്ത്തുന്നു രക്ഷകാ നിന്റെ നാമം’’ എന്ന വരികൾ കഴിഞ്ഞാണ് ഗാനത്തിന്റെ പല്ലവി ആരംഭിക്കുന്നത്.

‘‘നീയെന്റെ പ്രാർഥന കേട്ടു/ നീയെന്റെ മാനസം കണ്ടു/ ഹൃദയത്തിൻ അൾത്താരയിൽ വന്നെൻ/ അഴലിൻ കൂരിരുൾ മാറ്റി...’’ പൂവച്ചൽ ഖാദറും പീറ്റർ-റൂബനും ചേർന്നൊരുക്കിയ ഗാനങ്ങൾ മോശമായില്ല എന്നല്ല രണ്ടു ഗാനങ്ങൾ ഹിറ്റ് ലിസ്റ്റിൽ പെടുകയുംചെയ്തു.1973 ആഗസ്റ്റ് 17ന്​ ചിത്രം പുറത്തുവന്നു. ‘കാറ്റു വിതച്ചവൻ’ നല്ല അഭിപ്രായവും നല്ല കലക്ഷനും നേടിയില്ല.

ഉദയാക്കു (എക്സെൽ പ്രൊഡക്ഷൻസ്) വേണ്ടി എം. കുഞ്ചാക്കോ സംവിധാനംചെയ്ത സിനിമയാണ് ‘തേനരുവി’. ശാരംഗപാണി കഥയും സംഭാഷണവും തയാറാക്കി. പ്രേംനസീർ, വിജയശ്രീ, വിജയനിർമല, സുമിത്ര, കെ.പി. ഉമ്മർ, അടൂർ ഭാസി, കെ.പി.എ.സി ലളിത, എസ്.പി. പിള്ള, അടൂർ പങ്കജം, ജി.കെ. പിള്ള, മണവാളൻ ജോസഫ്, ആലുമ്മൂടൻ തുടങ്ങിയവർ അഭിനയിച്ചു.

വയലാർ-ദേവരാജൻ ടീം പാട്ടുകളൊരുക്കി. യേശുദാസ്, പി. സുശീല, മാധുരി എന്നിവരായിരുന്നു പിന്നണിഗായകർ. ‘തേനരുവി’യിൽ ഏഴു ഗാനങ്ങൾ ഉണ്ടായിരുന്നു. യേശുദാസ് പാടിയ ‘‘പർവതനന്ദിനീ...’’ എന്ന് തുടങ്ങുന്ന ഗാനമാണ് ഏറ്റവും കൂടുതൽ ജനശ്രദ്ധ നേടിയത്.

‘‘പർവതനന്ദിനീ നീ താമസിക്കും/ പച്ചിലമാളിക ഞാൻ കണ്ടു / പകൽ നീ പശുക്കളെ മേയ്ക്കാനിറങ്ങും/ പവിഴപ്പാടങ്ങൾ ഞാൻ കണ്ടു’’ എന്ന പല്ലവി ഗാനാസ്വാദകർക്ക് പരിചിതമാണ്.

ആദ്യചരണം ഇങ്ങനെ: ‘‘അന്തിക്ക് നീ വന്നു കുളിക്കാനിറങ്ങും/ ചെന്താമര കുളക്കടവിൽ/ എന്നെ കണ്ടതിനാലോ മാനം കണ്ണടിച്ചതിനാലോ/ മുങ്ങിത്തോർത്താതെയൊതുക്കുകൾ കേറി നീ/ മുഖം കുനിച്ചു നടന്നു –ഇന്നലെ/ മുഖം കുനിച്ചു നടന്നു...’’

പി. സുശീല പാടിയ ‘‘പ്രണയകലാവല്ലഭാ...’’ എന്നു തുടങ്ങുന്ന ഗാനവും ശ്രദ്ധേയമായിരുന്നു: ‘‘പ്രണയകലാവല്ലഭാ, മുഖ-/ പ്രസാദമിനിയും ചാർത്തിക്കൂ/ പ്രഥമരാത്രിയല്ലേ -നമ്മുടെ/പ്രമദരാത്രിയല്ലേ..?’’

യേശുദാസ് പാടിയ ‘‘ടാറ്റാ... ടാറ്റാ...’’ എന്നു തുടങ്ങുന്ന ഗാനം സന്ദർഭത്തിനിണങ്ങുന്നതാണെങ്കിലും മികച്ചതായില്ല.

 

‘‘ടാറ്റാ...ടാറ്റാ.../ താഴ്വരകളേ... താരനിശകളേ/ ടാറ്റാ...ടാറ്റാ/ പച്ചക്കഞ്ചാവിൻ മണമുള്ള കാറ്റ്/ പീരുമേട്ടിലെ കാറ്റ്/ ഈ കാറ്റോടുംമല/ കതിരോടും മലമേലേ/ കാലും നീട്ടി മലർന്നുകിടന്നാൽ അതിന്റെ സുഖമൊന്നു വേറേ...’’ എന്നു തുടങ്ങുന്ന ഗാനത്തിന്റെ സ്വഭാവം വരികളിൽ ഉടനീളം നിലനിൽക്കുന്നു. യേശുദാസ് തന്നെ പാടിയ ‘‘മൃഗം...മൃഗം’’ എന്നു തുടങ്ങുന്ന ഗാനമാണ് അടുത്തത്.

‘‘മൃഗം മൃഗം ക്രൂരമൃഗം/ മനുഷ്യനിപ്പോഴും വന്യമൃഗം/ മൃഗം മൃഗം ക്രൂരമൃഗം/ അവന്നു ചൂടാൻ പൂവുകൾ നൽകി/ പ്രപഞ്ചശിൽപി/ അവന്റെ വഴിയിൽ പുലരികൾ തീർത്തു/ പ്രപഞ്ചശിൽപി.../ പൂക്കളവൻ ചൂടിയെറിഞ്ഞു/ പുലരികൾ ഊതിയണച്ചു/ അവന്റെ ദാഹം ഘാതകദാഹം/ അവന്റെ ചരിത്രം സംസ്കാരം...’’ എന്നിങ്ങനെ തുടരുന്ന വരികൾ അർഥസമ്പുഷ്ടമാണെങ്കിലും പാട്ടു ജനകീയമായില്ല. യേശുദാസും മാധുരിയും പാടിയ യുഗ്മഗാനം ഭേദപ്പെട്ടതാണ്.

‘‘ദേവികുളം മലയിൽ/ തേനരുവിക്കരയിൽ/ താനേ മുളച്ചോരു താഴമ്പൂവിലെ വെള്ളിദേവാ/ ആവനാഴിയിൽ അമ്പു തീർന്നോ കാമദേവാ...’’ എന്നു തുടങ്ങുന്ന ഗാനം.

 

വി. ദക്ഷിണാമൂർത്തി, യേശുദാസ്, വിജയ് യേശുദാസ്

പി. സുശീല പാടിയത് ‘‘കുടിക്കൂ... കുടിക്കൂ... പുതിയ വീഞ്ഞിതു കുടിക്കൂ/ തുടുക്കട്ടെ മനസ്സും മജ്ജയും അസ്ഥിയും ഞരമ്പും/ തുടുക്കട്ടെ/ കുടിക്കൂ....കുടിക്കൂ...’’ എന്നിങ്ങനെ തുടങ്ങുന്ന ലഹരിഗാനമാണ്. മാധുരി പാടിയ ‘‘നായാട്ടുകാരുടെ കൂടാരത്തിൽ/ നാടോടിക്കുയിൽ പണ്ട് പാടാൻ പോയ് –ഒരു നാടോടിക്കുയിൽ/ പണ്ട് പാടാൻ പോയ്.../ കാക്കക്കുയിലിന്നിരുന്നാടാൻ/ കാട്ടുമുന്തിരിയൂഞ്ഞാല്/ ദാഹം തീർക്കാൻ ഇളനീര്/ തല ചായ്ക്കാൻ തളിർക്കൂട്ട്/ പൊന്നും തളിർക്കൂട്ട്.../ മാമ്പൂ തിന്നു മദം കൂടി/ മാരകാകളി കുയിൽ പാടി/ കൂടെ പാടി ചങ്ങാലി/ കുടം കൊട്ടി കുളക്കോഴി കൊച്ചുകുളക്കോഴി’’ എന്നിങ്ങനെ ഈ കഥാഗാനം തുടരുന്നു. 1973 ആഗസ്റ്റ് 17നാണ്​ ‘തേനരുവി’യും റിലീസ് ചെയ്തത്. ചിത്രം സാധാരണക്കാരെ ആകർഷിച്ചു. ഭേദപ്പെട്ട കലക്ഷനും നേടിയെടുത്തു. പ്രേംനസീർ-വിജയശ്രീ ടീമിന്റെ വിജയകാലമായിരുന്നല്ലോ അത്.

(തുടരും)

Tags:    
News Summary - weekly sangeetha yathrakal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.