‘‘പി. ഭാസ്കരൻ സംവിധാനം ചെയ്ത സിനിമക്ക് വയലാർ-ദേവരാജൻ ടീം പാട്ടുകളൊരുക്കിയെന്നത് മലയാള സിനിമയിലെ ഒരു ചരിത്രസംഭവംതന്നെ. എന്നാൽ, സംവിധായകനായ പി. ഭാസ്കരന് മനോഹരമായി ചിത്രീകരിക്കാൻ പാകത്തിലുള്ള ഒരു സൂപ്പർഹിറ്റ് ഗാനം നൽകാൻ വയലാറിനും ദേവരാജനും സാധിച്ചില്ല എന്നതും ഒരു ദുഃഖസത്യമായി അവശേഷിക്കുന്നു.’’ -കവിയും ഗാനരചയിതാവുമായ ലേഖകന്റെ‘സംഗീതയാത്രകൾ’ തുടരുന്നു.
മലയാള സിനിമ കണ്ട ഏറ്റവും പ്രഗല്ഭരായ ഫിലിം എഡിറ്റർമാരിൽ പ്രഥമനായ എം.എസ്. മണി സംവിധായകൻ എന്നനിലയിലും തന്റെ പ്രതിഭ പ്രകടിപ്പിച്ചിട്ടുള്ള സാങ്കേതിക വിദഗ്‌ധനാണ്. തോപ്പിൽ ഭാസിയുടെ ‘പുതിയ ആകാശം പുതിയ ഭൂമി’ എന്ന വിഖ്യാത നാടകവും വൈക്കം ചന്ദ്രശേഖരൻ നായർ എഴുതിയ ‘ഡോക്ടർ’ എന്ന നാടകവും സിനിമയായപ്പോൾ രണ്ടിന്റെയും സംവിധായകൻ എം.എസ്. മണിയായിരുന്നു.
‘പുതിയ ആകാശം പുതിയ ഭൂമി’ കമ്യൂണിസ്റ്റ് പാർട്ടിയുടെ കലാ സംഘടനയായ കെ.പി.എ.സിയുടെ നാടകവും, ‘ഡോക്ടർ’ കെ.പി.എ.സിയുമായി തെറ്റിപ്പിരിഞ്ഞ സംഗീതസംവിധായകൻ പരവൂർ ദേവരാജന്റെയും നടൻ ഒ. മാധവന്റെയും കവി ഒ.എൻ.വിയുടെയും നേതൃത്വത്തിൽ പുതുതായി രൂപംകൊണ്ട കാളിദാസ കലാകേന്ദ്രത്തിന്റെ നാടകവുമായിരുന്നു. കെ.പി.എ.സിയിൽനിന്ന് ഒ.എൻ.വി കാളിദാസ കലാകേന്ദ്രത്തിലേക്കു പോയപ്പോൾ വയലാർ രാമവർമ കെ.പി.എ.സിയിലേക്ക് വന്നു.
‘പുതിയ ആകാശം പുതിയ ഭൂമി’, ‘ഡോക്ടർ’ എന്നീ പ്രസ്റ്റിജ് ചിത്രങ്ങൾക്കുശേഷം എം.എസ്. മണി സംവിധാനംചെയ്ത ‘ജലകന്യക’യാണ് ‘പൂമ്പാറ്റ’ക്കുശേഷം കേരളത്തിലെ തിയറ്ററുകളിൽ എത്തിയത്. കഥയിലും അവതരണത്തിലും ഏറെ പുതുമകളുള്ള സിനിമയായിരുന്നു ‘ജലകന്യക’. കലാലയ ഫിലിംസ് നിർമിച്ച ഈ ചിത്രത്തിന് കഥയും തിരക്കഥയും സംഭാഷണവും രചിച്ചത് എസ്.എൽ. പുരം സദാനന്ദനാണ്. ഡോ. പവിത്രൻ എഴുതിയ പാട്ടുകൾ എ.ടി. ഉമ്മർ ചിട്ടപ്പെടുത്തി. യേശുദാസ്, എസ്. ജാനകി, ജയചന്ദ്രൻ, പി. ലീല, പി.ബി. ശ്രീനിവാസ് എന്നിവർ ഗാനങ്ങൾ ആലപിച്ചു.
മധു, ഉഷാ നന്ദിനി, കൊട്ടാരക്കര ശ്രീധരൻ നായർ, പി.ജെ. ആന്റണി, കവിയൂർ പൊന്നമ്മ, ജേസി, ജോസ് പ്രകാശ്, നെല്ലിക്കോട് ഭാസ്കരൻ, മണവാളൻ ജോസഫ് തുടങ്ങിയവർ അഭിനയിച്ചു. ചിത്രത്തിലെ ഗാനങ്ങളിൽ മൂന്നിലും യേശുദാസിന്റെ ശബ്ദമുണ്ടായിരുന്നു. ഇവയിൽ ഒന്ന് എസ്. ജാനകിയുമായി ചേർന്നുള്ള യുഗ്മഗാനമാണ്. ഒരു പാട്ട് എസ്. ജാനകി തനിച്ചും മറ്റൊന്ന് പി. ലീലയും സംഘവും ചേർന്നും പാടി. യേശുദാസും ജാനകിയോടൊപ്പം പാടിയ ഗാനമിതാണ്:
‘‘ആദ്യരാവിൽ ആതിരരാവിൽ/നീയും ഞാനും വള്ളിക്കുടിലിലെ/ കല്യാണമഞ്ചത്തിൽ കെട്ടിപ്പിടിച്ചുറങ്ങും’’ എന്നിങ്ങനെ പല്ലവി. ‘‘താരകൾ കണ്ണുകൾ ചിമ്മും/ താമരപ്പൂക്കൾ മയങ്ങും -പിന്നെ?/ സ്വപ്‌നങ്ങൾ ആത്മാവിൽ മധുമാരി പെയ്യുമ്പോൾ/എല്ലാം മറന്നു നാം ഒന്നാകും’’ എന്നിങ്ങനെ ആദ്യ ചരണം. യേശുദാസ് തനിച്ചു പാടിയ പാട്ടിന്റെ പല്ലവി: ‘‘വരവായി വെള്ളിമീൻതോണി/വഴിമാറൂ മാരിക്കാർ നിഴലുകളേ/ കായൽത്തിരമാലകളേ...’’ ഗാനം ഇങ്ങനെ തുടരുന്നു: ‘‘മഞ്ഞിന്റെ പുതപ്പുമാറ്റി/ കുഞ്ഞിക്കാറ്റുണരുന്നേ/ പൈങ്കിളിയാളെ... ഉറക്കമാണോ?’’
യേശുദാസും പി. ജയചന്ദ്രനും
പി.ബി. ശ്രീനിവാസും ചേർന്നു പാടിയ ഗാനം ‘‘ഏഴുകടലോടി ഏലമല തേടി’’ എന്നിങ്ങനെ ആരംഭിക്കുന്നു. ‘‘ഏഴു കടലോടി ഏലമല തേടി/ ഏലേലം ഏലേലം എങ്ങുപോണു/ മുത്തുമണിദ്വീപിൽ കസ്തൂരിപ്പെണ്ണിന്റെ/ നൃത്തം കാണാൻ പോണു -ഞങ്ങള്/ നൃത്തം കാണാൻ പോണു.../കാവിലുണ്ട് കളിയാട്ടം/ മാരിയമ്മ വിളയാട്ടം/ കാണാത്ത പെണ്ണിന് കോലാട്ടം/ കാട്ടിലുണ്ട് പുലിയാട്ടം/ വെട്ടുപോത്തിൻ പോരാട്ടം കാണാത്ത/ പെണ്ണയ്യോ നെട്ടോട്ടം...’’ മൂന്നു പ്രശസ്ത ഗായകർ പാടിയ ഈ ഗാനമാണ് കുറെയെങ്കിലും ശ്രദ്ധിക്കപ്പെട്ടത് എന്നു തോന്നുന്നു.
എസ്. ജാനകി പാടിയ ഗാനമിങ്ങനെ ആരംഭിക്കുന്നു: ‘‘ആരോ... ആരാരോ.../ആരോ ആരോ ആരാമഭൂമിയിൽ/ ആദ്യത്തെ കനി തേടിവന്നവനാരോ...’’
തുടർന്നുള്ള വരികൾ ഇങ്ങനെ... ‘‘ഏതോ രാഗവികാരം ഏതോ ഭാവവിലാസം/ രൂപം കൊടുത്തൊരീ തേൻകനി തേടി/ ഈ വഴി വന്നവനാരോ...’’
യേശുദാസ് പാടിയ മൂന്നാമത്തെ ഗാനമിതാണ്: ‘‘വരവായി വെള്ളിമീൻതോണി/ വരവായീ വെള്ളിമീൻതോണി/ വഴിമാറൂ മാരിക്കാർ നിഴലുകളേ/കായൽത്തിരമാലകളെ...’’ ആ പാട്ടിന്റെ ചരണം ഇങ്ങനെ: ‘‘മഞ്ഞിന്റെ പുതപ്പുമാറ്റി/കുഞ്ഞിക്കാറ്റുണരുന്നേ/പൈങ്കിളിയാളെ -ഉറക്കമാണോ..?’’ പി. ലീലയും സംഘവും പാടിയ ഒരു സംഘഗാനംകൂടി ‘ജലകന്യക’ എന്ന സിനിമയിലുണ്ട്.
‘‘ഒന്നേ ഒന്നേ പോ തിരുവാതിരുനാളാണല്ലോ/ രണ്ടേ രണ്ടേ പോ ധനുമാസരാവാണല്ലോ/ മൂന്നേ മൂന്നേ പോ മൂക്കുത്തി തേടുന്നു മുത്തശ്ശി/നാലേ നാലേ പോ നാലുമണിപ്പൂ നാണിച്ചേ...’’
എം.എസ്. മണി സംവിധാനംചെയ്ത ‘തളിരുകൾ’ എന്ന സിനിമയിലാണ് ഗാനരചയിതാവായി ഡോ. പവിത്രനും സംഗീതസംവിധായകനായി എ.ടി. ഉമ്മറും അവരുടെ അരങ്ങേറ്റം നടത്തിയത്. ആ സൗഹൃദംകൊണ്ടാവാം ഈ ചിത്രത്തിൽ സംഗീതമൊരുക്കാൻ അദ്ദേഹം ഈ ടീമിനെ നിയോഗിച്ചത്. എന്നാൽ, ‘ജലകന്യക’ എന്ന സിനിമയിലെ പാട്ടുകളിൽ ഒന്നുപോലും ഉയർന്ന നിലവാരം പുലർത്തിയില്ല എന്ന സത്യം പറയാതെ വയ്യ. തിരക്കഥയുടെ വ്യത്യസ്തതയും ചിത്രത്തെ പ്രതികൂലമായി ബാധിച്ചു.
ഓരോ കഥാപാത്രത്തിന്റെയും കാഴ്ചപ്പാടിൽ വ്യത്യസ്ത രീതികളിൽ ഒരു കഥ പറയുന്നു. ക്ലൈമാക്സിൽ യഥാർഥത്തിൽ നടന്ന സംഭവങ്ങൾ ചിത്രീകരിക്കുന്നു. ഇങ്ങനെ വിവിധ കാഴ്ചപ്പാടുകളിൽ കഥ പറഞ്ഞത് സാധാരണക്കാരായ പ്രേക്ഷകർക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. ചിത്രം അർഹിക്കുന്ന വിജയം നേടാതെ പോയതിന് ഇതും ഒരു കാരണമായിരിക്കാം. 1971 മാർച്ച് 19നാണ് ‘ജലകന്യക’ തിയറ്ററുകളിൽ എത്തിയത്.
ഗണേഷ് പിക്ചേഴ്സിനു വേണ്ടി കെ.പി. കൊട്ടാരക്കര കഥയും സംഭാഷണവുമെഴുതി നിർമിച്ച ‘ലങ്കാദഹനം’ എന്ന ചിത്രം ശശികുമാറാണ് സംവിധാനംചെയ്‌തത്. ആക്‌ഷനും ഹാസ്യത്തിനും പ്രാധാന്യം നൽകി തയാറാക്കിയ പ്രസ്തുത ചിത്രം യഥാർഥത്തിൽ ഏറെ ശ്രദ്ധേയമായിത്തീർന്നത് അതിലെ ഹിറ്റ് ഗാനങ്ങളിലൂടെയാണ്. പിൽക്കാലത്ത് ഒട്ടേറെ ചിത്രങ്ങളിൽ ഒരുമിച്ചു പ്രവർത്തിച്ച ശ്രീകുമാരൻ തമ്പിയും തമിഴിൽ ‘മെല്ലിശൈമന്നൻ -ലളിതഗാന രാജാവ്’ എന്നപേരിൽ സുപ്രസിദ്ധനായ എം.എസ്. വിശ്വനാഥനും ആദ്യമായി ഒരുമിച്ചു ഗാനങ്ങൾ ഒരുക്കിയ ചിത്രം ‘ലങ്കാദഹനം’ ആണ്. എം.ജി. രാമചന്ദ്രനെ നായകനാക്കി തിരുവനന്തപുരം സ്വദേശിയായ ഇ.പി. ഈപ്പൻ ഒരേസമയം തമിഴിലും മലയാളത്തിലും നിർമിച്ച ‘ജനോവ’ എന്ന സിനിമയിൽ മൂന്നു പാട്ടുകൾക്ക് ഈണം നൽകിയാണ് എം.എസ്. വിശ്വനാഥൻ സിനിമയിൽ പ്രവേശിച്ചത്.
അതുകഴിഞ്ഞ് ടി.കെ. രാമമൂർത്തി എന്ന വയലിനിസ്റ്റുമായി ചേർന്ന് വിശ്വനാഥൻ-രാമമൂർത്തി എന്ന പേരിൽ ഒരു ടീം ആയി തമിഴിൽ പ്രവർത്തിച്ചുതുടങ്ങി. മലയാളത്തിൽ 1960ൽ പുറത്തിറങ്ങിയ ‘ലില്ലി’ എന്ന ചിത്രത്തിന് സംഗീതം നൽകിയത് ഈ ടീം ആണ്. പി. ഭാസ്കരൻ പാട്ടുകൾ എഴുതി. (ഈ വിവരങ്ങൾ പ്രസ്തുത ചിത്രങ്ങളെക്കുറിച്ച് സംസാരിച്ചപ്പോൾ വ്യക്തമാക്കിയിട്ടുണ്ട്. എം.എസ്. വിശ്വനാഥൻ ആദ്യമായി സംഗീതസംവിധാനം നിർവഹിച്ച മലയാള സിനിമ ‘ലങ്കാദഹനം’ ആണെന്ന് ഇപ്പോഴും പലരും വിശ്വസിക്കുന്നുണ്ട്. അതുകൊണ്ടാണ് ഈ വിവരം വീണ്ടും എഴുതുന്നത്.)
‘ലങ്കാദഹന’ത്തിൽ ഏഴു പാട്ടുകൾ ഉണ്ടായിരുന്നു. നാല് ഗാനങ്ങൾ യേശുദാസും രണ്ടു ഗാനങ്ങൾ ജയചന്ദ്രനും ഒരു ഗാനം എൽ.ആർ. ഈശ്വരിയും പാടി.‘‘ഈശ്വരനൊരിക്കൽ വിരുന്നിനു പോയി/ രാജകൊട്ടാരത്തിൽ വിളിക്കാതെ/ കന്മതിൽ ഗോപുരവാതിലിനരികിൽ/ കരുണാമയനവൻ കാത്തുനിന്നു’’ എന്ന ഗാനവും
‘‘സ്വർഗനന്ദിനീ സ്വപ്നവിഹാരിണീ/ ഇഷ്ടദേവതേ സരസ്വതീ/ സ്വരമായ് നാവിൽ നാദമായ് തന്ത്രിയിൽ/പദമായ് തൂവലിൽ വാണരുളുക നീ/ വാണീമണീ വരദായിനീ’’ എന്ന സരസ്വതീസ്തുതിയും
‘‘നക്ഷത്രരാജ്യത്തെ നർത്തനശാലയിൽ/ രത്നം പൊഴിയുന്ന രാത്രി/ മുത്തണിക്കിങ്ങിണി മേഘമിഥുനങ്ങൾ / മുത്തം പകരുന്ന രാത്രി/ തങ്ങളിൽ കെട്ടിപ്പുണരുന്ന രാത്രി’’ എന്നാരംഭിക്കുന്ന പ്രണയഗാനവും
‘‘സൂര്യനെന്നൊരു നക്ഷത്രം/ ഭൂമിയെന്നൊരു ഗോളം/ ഗോളത്തിൽ സ്വന്തം നിഴലിനെ പോലും/ സ്നേഹിച്ചു വഞ്ചിക്കും മനുഷ്യൻ -പാവം മനുഷ്യൻ/ പാവം മനുഷ്യൻ’’
എന്നിങ്ങനെ തുടങ്ങുന്ന തത്ത്വചിന്താപരമായ ഗാനവും യേശുദാസാണ് ആലപിച്ചത്.
‘‘തിരുവാഭരണം ചാർത്തിവിടർന്നു/ തിരുവാതിര നക്ഷത്രം/ പ്രിയദർശിനി നിൻ ജന്മദിനത്തിൽ/ ഹൃദയം തുടികൊട്ടുന്നു’’ എന്ന ഗാനവും
‘‘പഞ്ചവടിയിലെ മായാസീതയോ/പങ്കജമലർബാണമെയ്തു/ ഇന്ദ്രധനുസ്സോ പുരികക്കൊടിയായ്/ ഇന്ദ്രജാലമോ പുഞ്ചിരിയായ്’’ എന്ന ഗാനവും പി. ജയചന്ദ്രൻ പാടി.
ഈ പാട്ടുകളെല്ലാംതന്നെ സൂപ്പർഹിറ്റുകളായി. അതുകൊണ്ടും രചന ഈ ലേഖകന്റേതായതുകൊണ്ടുമാണ് ഗാനങ്ങളെപ്പറ്റി കൂടുതൽ വിശദീകരിക്കാത്തത്, ചിത്രത്തിലെ ഏഴാമത്തെ പാട്ടായ നൃത്തഗാനമാണ് എൽ.ആർ. ഈശ്വരി പാടിയത്:
‘‘കിലുകിലെ ചിരിക്കുമെൻ ചിലങ്കകളേ -എന്റെ/ കിന്നരഗായകൻ വരുമല്ലോ/ സംഗീതം ചൊരിയുമെൻ കിളിമകളേ -എന്റെ/ ശൃംഗാര ഗന്ധർവൻ വരുമല്ലോ’’ എന്നിങ്ങനെ തുടങ്ങുന്ന ആ നൃത്തഗാനവും ജനശ്രദ്ധ നേടി.
സംഗീതപ്രധാനമായ ഈ കുറ്റാന്വേഷണ ചിത്രം വമ്പിച്ച കലക്ഷൻ നേടി. ഗാനരചയിതാവിന്റെയും സംഗീതസംവിധായകന്റെയും പ്രധാന ഗായകന്റെയും ചിത്രങ്ങൾ മാത്രം വെച്ച് ‘ലങ്കാദഹന’ത്തിന്റെ ഒരു വലിയ പോസ്റ്റർ കേരളത്തിലെ പ്രധാന നഗരങ്ങളിലെ ചുമരുകളിൽ നിറഞ്ഞതു ചരിത്രമായി. ഒരു സി.ഐ.ഡി ഓഫിസർ സംഗീതാധ്യാപകന്റെ വേഷത്തിലെത്തി ഒരു കള്ളസംഘത്തിന്റെ രഹസ്യങ്ങൾ കണ്ടുപിടിക്കുന്നതാണ് കഥ.
പ്രേംനസീർ, രാഗിണി, വിജയശ്രീ, അടൂർ ഭാസി, ജോസ് പ്രകാശ്, കെ.പി. ഉമ്മർ തുടങ്ങിയവർ അഭിനയിച്ച ‘ലങ്കാദഹനം’ 1971 മാർച്ച് 26ാം തീയതി തിയറ്ററുകളിൽ എത്തി. ’60കളിൽ തിരക്കുള്ള നായികയായിരുന്ന രാഗിണി ഈ ചിത്രത്തിൽ പ്രതിനായികാവേഷമാണ് അവതരിപ്പിച്ചത്.
എ.എൽ.എസ്. ശ്രീനിവാസൻ എ.എൽ.എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമിച്ച ‘നവവധു’ എന്ന ചിത്രം പി. ഭാസ്കരൻ സംവിധാനം ചെയ്തു. എസ്.എൽ. പുരം സദാനന്ദനാണ് കഥയും തിരക്കഥയും സംഭാഷണവും എഴുതിയത്. സാധാരണയായി പി. ഭാസ്കരൻ സംവിധായകനായി പ്രവർത്തിക്കുന്ന സിനിമകൾക്ക് അദ്ദേഹമേ പാട്ടുകൾ എഴുതാറുള്ളൂ. എന്നാൽ, എ.എൽ. ശ്രീനിവാസൻ അതിനുമുമ്പ് നിർമിച്ച ‘വിവാഹിത’ എന്ന സിനിമയിൽ ഹിറ്റ് ഗാനങ്ങൾ ഒരുക്കിയ വയലാർ-ദേവരാജൻ ടീം തന്നെ സംഗീതവിഭാഗം കൈകാര്യംചെയ്യുന്നത് നന്നായിരിക്കും എന്ന നിർമാതാവിന്റെ അഭിപ്രായത്തോട് മഹാമനസ്കനായ പി. ഭാസ്കരൻ യോജിക്കുകയും പാട്ടുകൾ വയലാർ എഴുതാൻ അനുവദിക്കുകയും ചെയ്തു.
സംഗീതസംവിധായകനായ ദേവരാജൻ പി. ഭാസ്കരന്റെ അനവധി ഗാനങ്ങൾക്ക് മികച്ച ഈണങ്ങൾ നൽകിയിട്ടുണ്ട്. അവർ രണ്ടുപേരും ചേർന്ന് സൂപ്പർഹിറ്റുകൾ ഒരുക്കിയിട്ടുമുണ്ട്. എങ്കിലും വയലാറോ പി. ഭാസ്കരനോ എന്നൊരു ചോദ്യത്തെ അഭിമുഖീകരിക്കേണ്ടിവന്നാൽ ദേവരാജന്റെ ഉത്തരം തീർച്ചയായും വയലാർ എന്നായിരിക്കും. ഈ സത്യം ഭാസ്കരൻ മാസ്റ്റർക്കും നന്നായറിയാം. അങ്ങനെ പി. ഭാസ്കരന്റെ സംവിധാനത്തിലൊരുങ്ങുന്ന ഒരു സിനിമക്കുവേണ്ടി വയലാർ രാമവർമ പാട്ടുകളെഴുതി. യേശുദാസ്, പി.ബി. ശ്രീനിവാസ്, എൽ.ആർ. ഈശ്വരി എന്നിവരാണ് ‘നവവധു’വിലെ ഗാനങ്ങൾ ആലപിച്ചത്.
യേശുദാസ് പാടിയ ‘‘പ്രിയേ നിൻ പ്രമദവനത്തിൽ...’’ എന്ന് തുടങ്ങുന്ന ഗാനം ഭേദപ്പെട്ടതാണ്. ‘‘പ്രിയേ നിൻ പ്രമദവനത്തിൽ/ സ്വയംവരത്തിനു വന്നു ഞാൻ /പ്രഭാതപുഷ്പം ചൂടിക്കൂ/നീ പ്രസാദമണിയിക്കൂ’’ എന്ന പല്ലവിയിലും തുടർന്നുവരുന്ന ‘‘ശാലീന സുന്ദര സങ്കൽപങ്ങളാൽ/ ശ്രീകോവിൽ തീർത്തു ഞാൻ -നിനക്കൊരു/ ശ്രീകോവിൽ തീർത്തൂ ഞാൻ/ മോഹമുരുക്കി വിളക്കുകൾ വാർത്തു/സ്നേഹമവയിൽ തിരിയിട്ടു’’ എന്നീ വരികളിലും വയലാറിന്റെ വിലപ്പെട്ട മുദ്രകളൊന്നും പ്രകടമല്ല. യേശുദാസ് തന്നെ പാടിയ ‘‘ഈശ്വരന്റെ തിരുമൊഴി കേട്ടു/ കിളി ചിരിക്കുംപോലെ/ ഇതാ മനുഷ്യൻ ഇതാ മനുഷ്യൻ /ഇവനെന്റെ പ്രിയപുത്രൻ’’ എന്നു തുടങ്ങുന്ന ഗാനവും പി.ബി. ശ്രീനിവാസ് പാടി.
‘‘അമ്മയും നീ അച്ഛനും നീ/ ആദ്യം കണ്ട വെളിച്ചവും നീ/ അറിവും നീ/ അഭയവും നീ/ അമ്പാടികൃഷ്ണാ ശ്രീകൃഷ്‌ണാ’’ എന്ന പ്രാർഥനയും പി.ബി. ശ്രീനിവാസ് തന്നെ നയിക്കുന്ന ഒരു ഹാസ്യഗാനവും (പാരഡി) ചിത്രത്തിലുണ്ടായിരുന്നു.
‘‘പ്രിയതമാ... പ്രിയതമാ.../ പ്രണയലേഖനം എങ്ങനെയെഴുതണം/ മൃഗകുമാരികയല്ലേ ഞാനൊരു മൃഗകുമാരികയല്ലേ/ റോക് റോക് റോക് നോ നോ നോ/ ശ്രുതിയേഴുമില്ല, തംബുരുവില്ല/ റോക് റോക് റോക് അന്റോൾ/റോക് നമ്പർ സിക്സ്റ്റി ഫോർ/ ഷേക് ഷേക്/ ഷേക് ഡു ഡു ഡു’’ ഇങ്ങനെ പോകുന്നു ഈ പാരഡിഗാനം. സിംഹം, തള്ളമുയൽ, മുയൽകുട്ടി, ആന, കുരങ്ങൻ തുടങ്ങിയവർ പങ്കെടുക്കുന്ന ഒരു അന്തർനാടകത്തിലെ വരികളെന്നു തോന്നിക്കുന്നു, സുദീർഘമായിനീളുന്ന ഈ പാട്ടിലുള്ളത്.
എൽ.ആർ. ഈശ്വരി പാടിയ ഒരു ഗാനമാണ് ‘നവവധു’വിലെ അഞ്ചാമത്തെ ഗാനം.
‘‘രാത്രിയാം രംഭയ്ക്കു രാജ്യം മുഴുവൻ/ രഹസ്യകാമുകന്മാർ/ രാജഹംസങ്ങളെ ദൂതിനയയ്ക്കും/ രഹസ്യകാമുകന്മാർ/ കാൽച്ചിലങ്ക കിലുങ്ങുമ്പോൾ/ കടാക്ഷമുനകൾ ചലിക്കുമ്പോൾ/ വെള്ളിത്തളികയിൽ സോമരസം/ തുള്ളിത്തുളുമ്പുമ്പോൾ/ അവരണിയും പുളകമല്ലോ/ അക്കരപ്പച്ചയിലെ പൂക്കൾ...’’ ഇങ്ങനെ തുടരുന്ന ഈ മദാലസ ഗാനവും ഭാവനയുടെ ഉത്തുംഗസീമകളെ തലോടുന്നില്ല. 1971 ഏപ്രിൽ ഒമ്പതിനാണ് ‘നവവധു’ എന്ന ചിത്രം തിയറ്ററുകളിൽ എത്തിയത്.
മലയാള സിനിമാ ഗാനങ്ങളുടെ ആകാശത്തിൽ വയലാറിനും മുമ്പേ പറന്ന പക്ഷിയാണ് പി. ഭാസ്കരൻ. ആ സ്ഥിതിക്ക് പി. ഭാസ്കരൻ സംവിധാനംചെയ്ത സിനിമക്ക് വയലാർ-ദേവരാജൻ ടീം പാട്ടുകളൊരുക്കിയെന്നത് മലയാള സിനിമയിലെ ഒരു ചരിത്രസംഭവം തന്നെ. എന്നാൽ, സംവിധായകനായ പി. ഭാസ്കരന് മനോഹരമായി ചിത്രീകരിക്കാൻ പാകത്തിലുള്ള ഒരു സൂപ്പർഹിറ്റ് ഗാനം നൽകാൻ വയലാറിനും ദേവരാജനും സാധിച്ചില്ല എന്നതും ഒരു ദുഃഖസത്യമായി അവശേഷിക്കുന്നു.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.