‘വിത്തുകൾ’, ‘ലോറാ നീയെവിെട?’, ‘അനാഥ ശിൽപങ്ങൾ’ തുടങ്ങിയ ചിത്രങ്ങളുടെ അണിയറ കഥകളിലേക്കും പാട്ടോർമകളിലേക്കുമുള്ള സഞ്ചാരം. ആർ.കെ. ശേഖർ എന്ന സംഗീതപ്രതിഭയെ അടയാളപ്പെടുത്തുന്ന ഓർമകൾകൂടി ലേഖകൻ പങ്കുെവക്കുന്നു.
എം.ടി. വാസുദേവൻ നായർ എഴുതിയ ‘വിത്തുകൾ’ എന്ന ചെറുകഥയെ അടിസ്ഥാനമാക്കി പി. ഭാസ്കരൻ സംവിധാനംചെയ്ത ചിത്രമാണ് ‘വിത്തുകൾ’. മൂന്നു പങ്കാളികൾ ചേർന്നു തുടങ്ങിയ ആരാധനാ മൂവീസ് ആണ് ചിത്രം നിർമിച്ചത്. പത്രമോഫിസിൽ ജോലിചെയ്യുന്ന ഒരു എഴുത്തുകാരനാണ് ‘വിത്തുകളി’ലെ നായകൻ. സ്വാഭാവികമായും ഈ കഥാപാത്രത്തിൽ എം.ടിയുടെ ആത്മാംശം കലർന്നിരിക്കാം. മധുവാണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്. ഷീലയായിരുന്നു നായിക. നായകന്റെ അമ്മയായി അഭിനയിച്ച അടൂർ ഭവാനിയുടെയും ചേച്ചിയായി അഭിനയിച്ച കവിയൂർ പൊന്നമ്മയുടെയും പ്രകടനങ്ങളും ഓർമയിൽ തങ്ങിനിൽക്കും.
കെ.പി. ഉമ്മർ, അടൂർ ഭാസി, സുകുമാരി തുടങ്ങിയവരും ‘വിത്തുകളി’ൽ അഭിനയിച്ചു. തിരക്കഥയുടെ കെട്ടുറപ്പും പി. ഭാസ്കരന്റെ സംവിധാനവും ചിത്രത്തിന് ഉന്നതനിലവാരം നൽകിയെങ്കിലും അന്നും ഇന്നും ‘വിത്തുകൾ’ ഓർമിക്കപ്പെടുന്നത് അതിലെ അതിമനോഹരങ്ങളായ ഗാനങ്ങളിലൂടെയാണ്. പി. ഭാസ്കരന്റെ ഗാനരചനയും ടി.കെ. പുകഴേന്തി എന്ന പേരിൽ തമിഴിലും തെലുങ്കിലും പ്രശസ്തി നേടിയ തിരുവനന്തപുരം സ്വദേശി വേലപ്പൻ നായരുടെ സംഗീതസംവിധാനവും ഒരുപോലെ മികച്ചതായി.
പി. ഭാസ്കരന്റെ നല്ല രചനകളിലൊന്നായി കരുതിപ്പോരുന്ന ‘‘അപാരസുന്ദര നീലാകാശം’’ എന്ന അവിസ്മരണീയ ഗാനം ഈ സിനിമയിലുള്ളതാണ്. അതു മാത്രമല്ല ‘വിത്തുകൾ’ എന്ന സിനിമയിലെ എല്ലാ പാട്ടുകളും ഒന്നിനൊന്നു മികച്ചതായിരുന്നു. യേശുദാസ് ആലപിച്ച ‘‘അപാരസുന്ദര നീലാകാശം, അനന്തതേ, നിൻ മഹാസമുദ്രം...’’ എന്ന പാട്ടിലെ ഓരോ വരിയും ചിന്തോദ്ദീപകമാണ്.
‘‘ഊഴിയും സൂര്യനും വാർമതിയും ഇതിൽ/ ഉയർന്നു നീന്തും ഹംസങ്ങൾ/ ആയിരമായിരം താരാഗണങ്ങൾ/ അലകളിൽ അലയും വെൺനുരകൾ...’’ അനാദികാലം മുതലേ ആകാശം എന്ന അജ്ഞാതകാമുകൻ ഏകാന്തതയുടെ മൗനഗാനമായി ഏതോ കാമുകിയെ കാത്തിരിക്കുകയാണ് എന്ന് കവി പറയുന്നു.
‘‘പൗർണമി തോറും സ്വപ്നത്തിലവൾക്കായ്/ സ്വർണസിംഹാസനമൊരുക്കുന്നു/ കാണാതൊടുവിൽ വർഷമുകിലിനാൽ/ കദനക്കണ്ണീരൊഴുക്കുന്നു...’’
യേശുദാസ് തന്നെ പാടിയ ‘‘മരണദേവനൊരു വരം കൊടുത്താൽ’’ എന്നു തുടങ്ങുന്ന ഗാനവും വളരെ പ്രശസ്തമാണ്.
‘‘മരണദേവനൊരു വരം കൊടുത്താൽ/ മരിച്ചവരൊരു ദിനം തിരിച്ചുവന്നാൽ/ കരഞ്ഞവർ ചിലർ പൊട്ടിച്ചിരിക്കും/ ചിരിച്ചവർ കണ്ണീരു പൊഴിക്കും...’’ ജീവിതത്തിൽ എല്ലാവരും ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ അഭിനയിക്കുകയാണല്ലോ.
‘‘അനുതാപ നാടകവേദിയിൽ നടക്കും/ അഭിനയം കണ്ടവർ പകയ്ക്കും/ അടുത്തവർ അകലും/ അകന്നവർ അടുക്കും/ അണിയും വേഷം ചിലർ അഴിക്കും...’’
എസ്. ജാനകി പാടിയ ‘‘ഗോപുരമുകളിൽ വാസന്തചന്ദ്രൻ ഗോരോചനക്കുറി വരച്ചു’’ എന്ന പാട്ടും സൂപ്പർഹിറ്റായി.
‘‘ഗോപുരമുകളിൽ വാസന്തചന്ദ്രൻ/ ഗോരോചനക്കുറി വരച്ചു/ അമ്പലമുറ്റത്തെ ആൽത്തറ വീണ്ടും/ അന്തിനിലാവിൽ കുളിച്ചു’’ എന്ന ഗാനം കേട്ടിട്ടില്ലാത്തവർ കുറവായിരിക്കും. രചനയിലും സംഗീതത്തിലും ആലാപനത്തിലും വളരെ ഉയരെയെത്തിയ സിനിമാഗാനമാണിത്. ക്ഷേത്രത്തിലെ പ്രദക്ഷിണവഴിയിൽ വെച്ച് തന്റെ ദേവൻ പ്രത്യക്ഷനായെങ്കിലും നായികക്ക് വരമൊന്നും നൽകിയില്ല. ഒന്നും ഉരിയാടിയതുമില്ല... പറയാതെയെന്തോ പറഞ്ഞുമടങ്ങി. പ്രണയത്തിന്റെ തുടക്കം അങ്ങനെയാണല്ലോ. ഈ പാട്ടിലെ അവസാനത്തെ ചരണം വളരെ ശ്രദ്ധേയമാണ്.
‘‘പൂവും പ്രസാദവും കൊടുത്തില്ല, എടുത്തില്ല/ നൈവേദ്യം നൽകിയില്ല -പ്രേമ/ നൈവേദ്യം നൽകിയില്ല/ നിറയുമെൻ കണ്ണുകൾ/ ദേവവിഗ്രഹത്തിൽ/ നിറമാല മാത്രം ചാർത്തി...’’
ഈ മൂന്നു ഗാനങ്ങൾ കഴിഞ്ഞാൽ ചിത്രത്തിൽ പിന്നെയുള്ളത് നാല് കാവ്യശകലങ്ങളാണ്. നാലും പാടിയത് യേശുദാസ് തന്നെ. ഒന്നാമത്തെ കാവ്യശകലം ഇതാണ്:
‘‘ഇന്നു ഞാൻ വളരുമ്പോൾ സമസ്തം വളരുന്നി-/ തെന്നിലെ മഹാസത്യമത്രയും ചുരുങ്ങുന്നു/ കാലത്തിനനാദ്യന്ത വിസ്തൃതമൈതാനത്തിൽ/ ലോകമാം ചിറകടിച്ചിന്നു ഞാൻ പറക്കുന്നു...’’
രണ്ടാമത്തെ കാവ്യശകലം പി. ഭാസ്കരന്റെ ‘ഓർക്കുക വല്ലപ്പോഴും’ എന്ന പ്രശസ്ത കവിതയിൽനിന്നാണ്. ‘‘യാത്രയാക്കുന്നു സഖീ/ നിന്നെ ഞാൻ മൗനത്തിന്റെ/ നേർത്ത പട്ടുനൂൽ പൊട്ടിച്ചിതറും പദങ്ങളാൽ/ വാക്കിനു വിലപിടിപ്പേറുമീ സന്ദർഭത്തിൽ/ ഓർക്കുക വല്ലപ്പോഴും -എന്നല്ലാതെേന്താതും ഞാൻ...’’
മൂന്നാമത്തെ കാവ്യശകലം: ‘‘എങ്ങും മനുഷ്യനു ചങ്ങല കൈകളിൽ/ അന്നെൻ കയ്യുകൾ നൊന്തിടുകയാ -/ണങ്ങോ മർദനം, അവിടെ പ്രഹരം/ വീഴുവതെന്റെ പുറത്താകുന്നു...’’
നാലാമത്തെ കാവ്യശകലം അൽപം ദൈർഘ്യമുള്ളതാണ്.ഇത് ഒരു ഗാനത്തിന്റെ ഭാവത്തിലാണ് പുകഴേന്തി ചിട്ടപ്പെടുത്തിയിട്ടുള്ളത്. ‘‘ഇങ്ങു സൂക്ഷിക്കുന്നു ഞാനുടഞ്ഞുള്ളോരെൻ / തങ്കക്കിനാവിൻ തരിവളപ്പൊട്ടുകൾ/ വർണപ്രതീക്ഷ തൻ വാർമയിൽപ്പീലികൾ/ മന്നിടം കാണാത്ത കണ്ണുനീർമുത്തുകൾ/ ഭാവി തൻ ഗ്രന്ഥത്തിൽനിന്നുമെൻസൽക്കവി-/ ഭാവന വെട്ടിയെടുത്ത ചിത്രങ്ങളും/ എപ്പോഴുമെപ്പോഴുമിന്നിധിയെൻ കൊച്ചു/ കൽപന തന്റെ കരപല്ലവങ്ങളിൽ/ ഭദ്രമായ് സൂക്ഷിച്ചുവെക്കുന്നു സദ്രസം/ഹൃത്തിന്റെ മുറ്റത്തു കേളികളാടുവാൻ...’’
‘വിത്തുകൾ’ എന്ന ചിത്രത്തിലെ നായകൻ പത്രമോഫിസിൽ പണിയെടുക്കുന്ന സാഹിത്യകാരനാണല്ലോ. അതുകൊണ്ടായിരിക്കാം സംവിധായകനായ കവി തന്റെ കവിതകളിൽനിന്നുള്ള വരികളും ഗാനങ്ങളുടെ സ്ഥാനത്ത് ഉപയോഗിച്ചത്. 1971 ഏപ്രിൽ 30നാണ് ‘വിത്തുകൾ’ എന്ന സിനിമ തിയറ്ററുകളിലെത്തിയത്.
ഒരേസമയം ഒന്നിലധികം സിനിമകൾ മലയാളത്തിലും തമിഴിലും സംവിധാനംചെയ്തുകൊണ്ടിരുന്ന പ്രശസ്ത സംവിധായകനായ എം. കൃഷ്ണൻ നായരുടെ പ്രധാന സഹായിയായിരുന്നു രഘുവരൻ നായർ എന്ന രഘു. പിൽക്കാലത്ത് പ്രശസ്തരായിത്തീർന്ന ഭാരതീരാജ (തമിഴ്), ഹരിഹരൻ, കെ.ജി. രാജശേഖരൻ, കെ. മധു തുടങ്ങിയവരും എം. കൃഷ്ണൻ നായരുടെ ശിഷ്യന്മാർതന്നെ. അവർ നാലുപേരേക്കാളും സീനിയറാണ് രഘു.
എന്നാൽ, മറ്റുള്ളവരെല്ലാം സ്വതന്ത്രസംവിധായകരായിക്കഴിഞ്ഞും രഘു ഉദയാ സ്റ്റുഡിയോയിൽ കുഞ്ചാക്കോയുടെ കീഴിൽ സഹസംവിധായകനായിത്തന്നെ തുടർന്നു. രഘുവിനെ സ്വതന്ത്രസംവിധായകനാക്കാൻ കുഞ്ചാക്കോ തന്നെ മുൻകൈയെടുത്തു, ‘ലോറാ, നീയെവിടെ?’ എന്ന സിനിമ അങ്ങനെയാണ് രൂപംകൊണ്ടത്. രഘുവരൻ നായർ ടി.ആർ. രഘുനാഥ് എന്ന പേരിലാണ് ‘ലോറാ നീയെവിടെ?’ എന്ന ചിത്രം സംവിധാനംചെയ്തത്. മുട്ടത്തു വർക്കിയുടെ ഇതേ പേരിലുള്ള നോവലാണ് ചിത്രത്തിന് ആധാരം. മുട്ടത്തു വർക്കിതന്നെ തിരക്കഥയും സംവിധാനവും രചിച്ചു. വയലാർ രാമവർമ പാട്ടുകൾ എഴുതി. എം.എസ്. ബാബുരാജ് സംഗീതസംവിധാനം നിർവഹിച്ചു. യേശുദാസ്, എസ്. ജാനകി, എ.എം. രാജാ, ബി. വസന്ത എന്നിവർ പാട്ടുകൾ പാടി.
എ.എം. രാജയും വസന്തയും ചേർന്നു പാടിയ ‘‘കിഴക്കേ മലയിലെ വെണ്ണിലാവൊരു ക്രിസ്ത്യാനിപ്പെണ്ണ്...’’ എന്ന പാട്ടു വളരെ പ്രശസ്തി നേടി.
‘‘കിഴക്കേമലയിലെ വെണ്ണിലാവൊരു/ ക്രിസ്ത്യാനിപ്പെണ്ണ്/ കഴുത്തിൽ മിന്നും പൊന്നും ചാർത്തിയ/ ക്രിസ്ത്യാനിപ്പെണ്ണ്’’ എന്ന പല്ലവിയും
‘‘അവൾ ഞൊറിഞ്ഞുടുത്തൊരു മന്ത്രകോടിയിൽ/ ആയിരം സ്വർണക്കരകൾ/ അവളുടെ നീലാഞ്ജന മണിയറയിൽ/ ആയിരം വെള്ളിത്തിരകൾ/ കെടുത്തട്ടെ നിന്റെ കിടക്കറവിളക്കു ഞാൻ കെടുത്തട്ടെ/ മടിയിൽ കിടത്തട്ടെ’’ എന്ന ചരണവും രചനയിലും ഈണത്തിലും ലളിതമാണ്. സംഗീതം പഠിക്കാത്തവർക്കും പാടാൻ കഴിയുന്നത്ര ലളിതം.
യേശുദാസും വസന്തയും ചേർന്ന് മറ്റൊരു ഗാനവും പാടിയിട്ടുണ്ട്: ‘‘ശിൽപമേ...ശിൽപമേ/ പ്രേമകലാശിൽപമേ.../ സ്വപ്നത്തിൽനിന്ന് ഞാനുണർത്തും/ ചുംബിച്ചുണർത്തും/ സ്വർഗീയ രോമാഞ്ചമാക്കും/ സ്വന്തമാക്കും’’ എന്ന ഗാനം. ഇതിൽ ഹമ്മിങ് സുലഭമാണ്. ആദ്യ ചരണം ഇങ്ങനെ:
‘‘ആദ്യരാത്രിയിലെ നീലിമയാൽ ഞാൻ/ അഞ്ജനമെഴുതിക്കും -മിഴികളിൽ/ അഞ്ജനമെഴുതിക്കും/ മുഖപത്മത്തിൻ ഇതളാം കവിളിൽ/ നഖചിത്രം വരക്കും -ഞാൻ/ നഖചിത്രം വരക്കും/ മാലാഖയ്ക്കും -നിന്നെ ഞാനൊരു/ മാലാഖയാക്കും...’’ യേശുദാസ് തന്നെ ആലപിച്ച ‘‘കാലം ഒരു പ്രവാഹം/ കാലം ഒരു പ്രവാഹം/ ആലംബമില്ലാതെ മുങ്ങിയും പൊങ്ങിയും/ അതിലലയുന്നു വ്യാമോഹം/ ജീവിതവ്യാമോഹം...’’
യേശുദാസ് പാടിയ ‘‘ഭ്രാന്താലയം...’’ എന്നാരംഭിക്കുന്ന ഗാനവും മോശമല്ല. ‘‘ഭ്രാന്താലയം -ഇത് ഭ്രാന്താലയം/ പണ്ട് വിവേകാനന്ദൻ പ്രവചിച്ചു/ അത് പ്രതിധ്വനിച്ചു/ പ്രപഞ്ചമാകെ പ്രതിധ്വനിച്ചു/ ഭ്രാന്താലയം’’ എന്നിങ്ങനെ തുടരുന്നു ഗാനം.
എസ്. ജാനകി പാടിയ ‘‘കർപ്പൂരദീപം...’’ എന്ന ഗാനമാണ് ചിത്രത്തിലെ മറ്റൊരു പാട്ട്. ‘‘കർപ്പൂര നക്ഷത്രദീപം കൊളുത്തും/ കാവൽ മാലാഖമാരേ/ ഇരുളോടിരുൾ മൂടും ഈ വഴിത്താരയിൽ/ ഒരു തിരിനാളം എറിഞ്ഞുതരൂ’’ എന്ന പല്ലവിയും
‘‘വിണ്ണിൻ വെളിച്ചമീ മണ്ണിൽ വീണിട്ട്/ രണ്ടായിരത്തോളമാണ്ടുകളായ്/ ഈ ഉഷ്ണമേഖലയിൽ/ ഈ നിശ്ശബ്ദതയിൽ/ വിടരും മുമ്പേ മോഹപുഷ്പങ്ങൾ/ കൊഴിയുകയാണല്ലോ -വാടി/ കൊഴിയുകയാണല്ലോ...’’
എന്ന ആദ്യചരണവും ദുഃഖനിർഭരമായ അന്തരീക്ഷം സൃഷ്ടിക്കുന്നു. ഒരു പ്രാർഥനാശകലവും (പൂർണ ഗാനമല്ല) ചിത്രത്തിലുണ്ട്. ഗായികമാരുടെ സംഘമാണ് പാടിയത്. ആ നാല് വരികൾ താഴെ ചേർക്കുന്നു.
‘‘മുട്ടുവിൻ വാതിൽ തുറക്കും/ സഹിപ്പിൻ, നിങ്ങൾക്കു നൽകും/ എന്നരുൾ ചെയ്തൊരു നാഥനെ/വന്നു മുട്ടിവിളിക്കുന്നു ഞങ്ങൾ...’’
1971 മേയ് ഏഴിന് റിലീസ് ചെയ്ത ‘ലോറാ നീയെവിടെ?’ എന്ന സിനിമ സാമ്പത്തികവിജയം നേടിയിരുന്നെങ്കിൽ സംവിധായകൻ രഘുവിന് തുടർന്നും അവസരങ്ങൾ ലഭിക്കുമായിരുന്നു. അത് സംഭവിച്ചില്ല. ടി.ആർ. രഘുനാഥ് എന്ന സംവിധായകൻ വീണ്ടും ഉദയാ സ്റ്റുഡിയോയിൽ കുഞ്ചാക്കോയുടെ ചിത്രങ്ങളിലെ സഹസംവിധായകനായി ജീവിതം തുടർന്നു.
‘ലോറാ നീയെവിടെ?’ എന്ന ചിത്രം റിലീസ് ചെയ്ത ദിവസം തന്നെയാണ് പി.എസ്.വി പിക്ചേഴ്സിന്റെ ‘അനാഥ ശിൽപങ്ങൾ’ എന്ന സിനിമയും തിയറ്ററുകളിലെത്തിയത്. എം.ജി.ആർ നായകനായ ആദ്യകാല സിനിമകളിൽ വില്ലൻ വേഷങ്ങൾ അഭിനയിച്ചിരുന്ന പി.എസ്. വീരപ്പ എന്ന നടൻ പി.എസ്.വി പിക്ചേഴ്സ് എന്ന പേരിൽ തമിഴിലും ഹിന്ദിയിലും സിനിമകൾ നിർമിക്കുകയുണ്ടായി. ദിലീപ്കുമാറിനെ നായകനാക്കി അദ്ദേഹം ഹിന്ദിയിൽ നിർമിച്ച സിനിമയാണ് ‘ആദ്മി’ (മനുഷ്യൻ). ദിലീപ്കുമാറിന്റെ നിസ്സഹകരണം നിമിത്തം വീരപ്പക്ക് വലിയ നഷ്ടമുണ്ടായി. താമസിക്കുന്ന വീടൊഴിച്ച് ബാക്കിയുണ്ടായിരുന്ന വസ്തുവകകൾ മുഴുവൻ (പൊള്ളാച്ചി എന്ന സ്ഥലത്തുണ്ടായിരുന്ന തിയറ്ററടക്കം) അദ്ദേഹത്തിന് വിൽക്കേണ്ടിവന്നു.
ചലച്ചിത്ര നിർമാണരംഗത്ത് തുടരാൻ വഴികൾ ആരാഞ്ഞ അദ്ദേഹത്തിന് ബോംബെ നഗരത്തിലുള്ള ഒരു ഫിനാൻസിയറെ ലഭിച്ചു. അഡ്വ. വെങ്കിടേശ്വരൻ ആയിരുന്നു ഫിനാൻസിയറുടെ പ്രതിനിധിയായി മദ്രാസിൽ വന്ന് നിർമാണ മേൽനോട്ടം നടത്തിയിരുന്നത്. വൻ ബജറ്റ് ചിത്രങ്ങൾ മാത്രം നിർമിച്ചിരുന്ന പി.എസ്. വീരപ്പ പിന്നീട് ചെലവ് കുറഞ്ഞ മലയാള ചിത്രങ്ങളാണ് നിർമിച്ചത്. ഈ ഗണത്തിൽപെട്ട ആദ്യസിനിമയാണ് ‘അനാഥശിൽപങ്ങൾ’.
തമിഴ് സിനിമയിലെ സംഭാഷണരചയിതാവായ എം.കെ. രാമുവിനെ സംവിധായകനാക്കി. എസ്. വെങ്കിടേശ്വരൻ തന്നെ കഥയെഴുതി. തിരക്കഥയും സംഭാഷണവും എസ്.എൽ. പുരം സദാനന്ദന്റേതായിരുന്നു. ശ്രീകുമാരൻ തമ്പി എഴുതിയ ഗാനങ്ങൾക്ക് ഈണമിട്ടത് ആർ.കെ. ശേഖർ ആണ്. യേശുദാസ്, പി. ജയചന്ദ്രൻ, പി. സുശീല, എസ്. ജാനകി, പി. മാധുരി എന്നിവരാണ് ഗാനങ്ങൾ പാടിയത്.
ഈ ചിത്രത്തിലൂടെ നാടകരംഗത്ത് പ്രസിദ്ധനായിരുന്ന വർഗീസ് കാട്ടിപ്പറമ്പൻ പ്രസാദ് എന്ന പേര് സ്വീകരിച്ച് സിനിമയിൽ നായകനായി. അതുവരെ ചെറിയ വേഷങ്ങളിൽ മാത്രം അഭിനയിച്ചിരുന്ന സരസ്വതി എന്ന നടി നായികയായി. സുധീർ, ശങ്കരാടി, ടി.ആർ. ഓമന, ബഹദൂർ, ഉഷാറാണി എന്നിവരോടൊപ്പം പ്രേംനവാസ് അതിഥിതാരമായെത്തി. പടം സാമ്പത്തികമായി വിജയിച്ചില്ലെങ്കിലും പാട്ടുകൾ എല്ലാംതന്നെ ജനപ്രീതി നേടി.
യേശുദാസ് പാടിയ ‘‘തീർഥയാത്ര തുടങ്ങി...’’ എന്നാരംഭിക്കുന്ന ഗാനവും ‘‘സന്ധ്യാരാഗം മാഞ്ഞു കഴിഞ്ഞു’’ എന്ന ഗാനവും ജയചന്ദ്രനും എസ്. ജാനകിയും ചേർന്നു പാടിയ ‘‘അച്ചൻകോവിലാറ്റിലെ കൊച്ചോളങ്ങളേ...’’ എന്ന് തുടങ്ങുന്ന ഗാനവും ഈ കാലത്തും റേഡിയോയിൽ വരാറുണ്ട്. മലയാളത്തിലെ പ്രധാന സംഗീതസംവിധായകരുടെയെല്ലാം മുഖ്യസഹായിയായി പ്രവർത്തിച്ചിരുന്നതിനാൽ സ്വന്തം പാട്ടുകൾ സൃഷ്ടിക്കാൻ അദ്ദേഹത്തിന് സമയം കിട്ടിയിരുന്നില്ല.
അദ്ദേഹം ഏകദേശം ഇരുപത്തിമൂന്നോ ഇരുപത്തിനാലോ സിനിമകൾക്കാണ് സ്വന്തം സംഗീതം നൽകിയിട്ടുള്ളത്. അതിൽ 11 പടങ്ങൾക്കും പാട്ടുകൾ എഴുതിയത് ഈ ലേഖകനാണ്. പകൽസമയം മുഴുവൻ ശേഖർ റെക്കോഡിങ് തിയറ്ററിൽ മറ്റു സംഗീതസംവിധായകർക്കുവേണ്ടി ഓർക്കസ്ട്രേഷൻ ചെയ്യുന്ന തിരക്കിലാവും. ഒന്നുകിൽ പാട്ടുകളുടെ റെക്കോഡിങ് അല്ലെങ്കിൽ റീ റെക്കോഡിങ് (സിനിമയുടെ പശ്ചാത്തല സംഗീതം). അതുകൊണ്ട് രാത്രി പത്തുമണി കഴിഞ്ഞാണ് അദ്ദേഹം സ്വന്തം ഈണങ്ങൾ ചിട്ടപ്പെടുത്തിയിരുന്നത്. ഞങ്ങൾ ശേഖറിന്റെ വീട്ടിലിരുന്ന് രാത്രിയിലാണ് ഈ പാട്ടുകൾ ചിട്ടപ്പെടുത്തുന്നത്. ആ സമയത്തും ഉറങ്ങാതെ ഞങ്ങൾക്കു ചുറ്റും ഓടിക്കളിച്ചിരുന്ന നാലുവയസ്സുകാരൻ ദിലീപാണ് ഇന്ന് ലോകപ്രശസ്തനായ എ.ആർ. റഹ്മാനായി വളർന്നത്.
‘അനാഥശിൽപങ്ങളി’ലെ പ്രധാന ഗാനങ്ങൾ ഇനി താഴെ ചേർക്കുന്നു. യേശുദാസ് പാടിയ ആദ്യഗാനം ഇങ്ങനെ: ‘‘തീർഥയാത്ര തുടങ്ങി -നമ്മൾ/ തീർഥയാത്ര തുടങ്ങി/ വിധിയുടെ പിമ്പേ കഥയറിയാതെ/ കാറ്റിൽ അലയും കരിയിലപോലെ/ തീർഥയാത്ര തുടങ്ങി -നമ്മൾ/ തീർഥയാത്ര തുടങ്ങി...’’ എന്ന പല്ലവിക്ക് ശേഷം ആദ്യചരണം ഇങ്ങനെ: ‘‘ആശാകിരണംപോലെ/ അജ്ഞാതതാരകയകലെ/ ഉലയും ഹൃദയംപോലെ/ അലയും നീർമുകിൽ അകലെ അകലെ/ ജീവിതമാം തീവണ്ടി/ പോകുവതെവിടെ... എവിടെ/ പോകുവതെവിടെ എവിടെ...’’തീവണ്ടിയുടെ താളവുമായി ഈ ഗാനത്തിന്റെ താളവും ലയിച്ചുചേരുന്നു.
യേശുദാസ് പാടിയ രണ്ടാമത്തെ ഗാനം: ‘‘സന്ധ്യാരാഗം മാഞ്ഞു കഴിഞ്ഞു/ സാന്ധ്യതാരക മിന്നിമറഞ്ഞു/ താരകപ്പൊന്മിഴി പൂട്ടിയുറങ്ങൂ/ താമരമലരുകളേ -ഓർമ തൻ/താമര മലക്കുകളേ...’’
ആദ്യചരണത്തിലെ വരികൾ ഇങ്ങനെ: ‘‘കഴിഞ്ഞതെല്ലാം നിഴലുകൾ മാത്രം/ കൊഴിഞ്ഞുപോയ കിനാവുകൾ മാത്രം/ പകലിൻ വേനലിൽ കത്തിയെരിഞ്ഞു/ പനിനീർവാടികകൾ -ആശതൻ പനിനീർ വാടികകൾ...’’ ജയചന്ദ്രനും എസ്. ജാനകിയും പാടിയ യുഗ്മഗാനം പ്രശസ്തമാണ്. ‘‘അച്ചൻകോവിലാറ്റിലെ കൊച്ചോളങ്ങളേ... അക്കരെനിന്നു തുളുമ്പുന്ന തേൻകുടം എത്തിപ്പിടിക്കാമോ...’’ എന്ന് പുരുഷശബ്ദം. അപ്പോൾ സ്ത്രീശബ്ദത്തിലുള്ള വരികൾ ഇങ്ങനെ:
‘‘അച്ചൻകോവിലാറ്റിലെ കൊച്ചോളങ്ങളേ/ അക്കരെനിന്നു തുളുമ്പുന്ന പൂവുകൾ എത്തിപ്പിടിക്കാമോ..?’’ പി. സുശീല പാടിയ ‘‘കത്താത്ത കാർത്തികവിളക്കുപോലെ/ കണ്ണീരിൽ അലിയുന്ന കവിതപോലെ/ വിടരാതെ കൊഴിയുന്ന പൂവുപോലെ/ തകരുന്ന സ്വപ്നത്തിന് കളിപ്പാവ ഞാൻ’’ എന്ന പാട്ടും എസ്. ജാനകി പാടിയ ‘‘പാതി വിടർന്നൊരു പാരിജാതം/ പാഴ്മണ്ണിൽ വീണു/ പരിമളത്തെന്നൽ പഴി പറഞ്ഞകന്നു/ പകലൊളിയതിനെ പരിഹസിച്ചു...’’ എന്ന പാട്ടും ‘അനാഥശിൽപങ്ങളി’ൽ ഉണ്ടായിരുന്നു. ആർ.കെ. ശേഖറിന്റെ സംഗീതസംവിധാനം വളരെ ഉയർന്ന നിലവാരം പുലർത്തി. എന്നിട്ടും സ്വതന്ത്ര സംഗീതസംവിധായകനാകാൻ അദ്ദേഹം വലിയ താൽപര്യമൊന്നും കാട്ടിയില്ല. ഒരു പുതിയ പടത്തെക്കുറിച്ചു പറഞ്ഞാൽ ‘‘എനിക്ക് വേണ്ട. ആ പടംകൂടി അർജുനന് കൊടുത്തേക്കൂ’’ എന്ന് അദ്ദേഹം പറയും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.