അച്ഛന്റെ സിനിമയിൽ മകന്റെ ഗാനം

പ്രശസ്തയായ നായികനടി സ്വന്തമായി ഒരു സിനിമ നിർമിക്കുന്നു. ആ നടിയെ നായികയാക്കി പല സിനിമകൾ സംവിധാനം ചെയ്തിട്ടുള്ള സംവിധായകനെതന്നെ അവർ സ്വന്തം ചിത്രത്തിന്റെ സംവിധായകനാക്കുന്നു. ആ സിനിമയിൽ കലാലയ വിദ്യാർഥിയായ ഒരു യുവാവ് ഒരു ഗാനമെഴുതിക്കൊണ്ട് മലയാള സിനിമാവേദിയിൽ ഗാനരചയിതാവായി അരങ്ങേറുന്നു, ആ യുവാവ് സംവിധായകന്റെ മകനുമാണ്. അച്ഛൻ മകനോട് പറഞ്ഞു, ‘‘ഈ സിനിമയുടെ ഗാനരചയിതാവ് വയലാറാണ്. ഈ പാട്ട് ഞാൻ വയലാറിനെ കാണിക്കും. അദ്ദേഹത്തിന്റെ അനുമതി കിട്ടിയാൽ മാത്രമേ ഇത് സിനിമയിൽ ചേർക്കൂ.’’ സംവിധായകന്റെ മകന്റെ ഗാനം വായിച്ചുനോക്കിയ വയലാർ സിനിമയിൽ ആ വരികൾ ഉൾപ്പെടുത്താൻ പൂർണസമ്മതം നൽകുന്നു. എം.എസ്....

പ്രശസ്തയായ നായികനടി സ്വന്തമായി ഒരു സിനിമ നിർമിക്കുന്നു. ആ നടിയെ നായികയാക്കി പല സിനിമകൾ സംവിധാനം ചെയ്തിട്ടുള്ള സംവിധായകനെതന്നെ അവർ സ്വന്തം ചിത്രത്തിന്റെ സംവിധായകനാക്കുന്നു. ആ സിനിമയിൽ കലാലയ വിദ്യാർഥിയായ ഒരു യുവാവ് ഒരു ഗാനമെഴുതിക്കൊണ്ട് മലയാള സിനിമാവേദിയിൽ ഗാനരചയിതാവായി അരങ്ങേറുന്നു, ആ യുവാവ് സംവിധായകന്റെ മകനുമാണ്. അച്ഛൻ മകനോട് പറഞ്ഞു, ‘‘ഈ സിനിമയുടെ ഗാനരചയിതാവ് വയലാറാണ്. ഈ പാട്ട് ഞാൻ വയലാറിനെ കാണിക്കും.

അദ്ദേഹത്തിന്റെ അനുമതി കിട്ടിയാൽ മാത്രമേ ഇത് സിനിമയിൽ ചേർക്കൂ.’’ സംവിധായകന്റെ മകന്റെ ഗാനം വായിച്ചുനോക്കിയ വയലാർ സിനിമയിൽ ആ വരികൾ ഉൾപ്പെടുത്താൻ പൂർണസമ്മതം നൽകുന്നു. എം.എസ്. ബാബുരാജിന്റെ സംഗീതസംവിധാനത്തിൽ ആ വരികൾ യേശുദാസ് പാടുന്നു. നിർമാതാവായ ആ നടിയുടെ പേര് ശാരദ, സംവിധായകന്റെ പേര് എം. കൃഷ്ണൻ നായർ, അദ്ദേഹത്തിന്റെ മകനായ ഗാനരചയിതാവിന്റെ പേര് കെ. ജയകുമാർ. സിനിമയുടെ പേര് ‘ഭദ്രദീപം’.

ശ്രീ ശാരദാസത്യാ കമ്പൈൻസ് എന്ന ബാനറിലാണ് ശാരദ ഈ സിനിമ നിർമിച്ചത്. ശാരദയോടൊപ്പം ടി. സത്യാദേവിയും പങ്കാളിയാണ്. സത്യാദേവി ശാരദയുടെ അടുത്ത ബന്ധുവാണ് (ശാരദയുടെ യഥാർഥ പേര് സരസ്വതി എന്നാണ്. ചെന്നൈയിൽ ശാരദ താമസിക്കുന്ന വീട് സ്ഥിതിചെയ്യുന്ന റോഡിന് അവരുടെ ബഹുമാനാർഥം ചെന്നൈ കോർപറേഷൻ ‘സരസ്വതി സ്ട്രീറ്റ്’ എന്നാണ് പേരിട്ടിരിക്കുന്നത്).

പി.ആർ. ശ്യാമള രചിച്ച ഒരു നോവലാണ് ‘ഭദ്രദീപം’ എന്ന ചിത്രത്തിന് അവലംബം. സംവിധായകൻതന്നെയാണ് തിരക്കഥ എഴുതിയത്. എസ്.എൽ. പുരം സദാനന്ദൻ സംഭാഷണം രചിച്ചു.

പ്രേംനസീർ, ശാരദ, സുജാത, ടി.എസ്. മുത്തയ്യ, കെ.പി. ഉമ്മർ, വിൻസന്റ്, ജോസ് പ്രകാശ്, അടൂർ ഭാസി, ഫിലോമിന, ടി.ആർ. ഓമന തുടങ്ങിയവർ ചിത്രത്തിൽ അഭിനയിച്ചു. എം.എസ്. ബാബുരാജ് സംഗീത സംവിധാനം നിർവഹിച്ച ‘ഭദ്രദീപ’ത്തിൽ ആകെ അഞ്ചു ഗാനങ്ങളുണ്ടായിരുന്നു. നാല് ഗാനങ്ങൾ വയലാറും ഒരു ഗാനം കെ. ജയകുമാറും എഴുതി.

‘‘മന്ദാരമണമുള്ള കാറ്റേ -നീയൊരു/ സന്ദേശവാഹകനല്ലേ..?’’ എന്നു തുടങ്ങുന്ന ജയകുമാർ ഗാനത്തിലെ അനുപല്ലവി ഇങ്ങനെ: ‘‘അനുരാഗദൂതിനു പോയിവരും/ അഭിരാമരാജമരാളമല്ലേ.../ മന്ദാരമണമുള്ള കാറ്റേ...’’ ഗാനത്തിന്റെ ആദ്യചരണം താഴെ ചേർക്കുന്നു:

‘‘പ്രിയകാമുകിയുടെ മിഴിയിൽ,/ പ്രണയവികാരസരസ്സിൽ/ വിരിയും സ്വപ്നദലങ്ങളിലോല/ ശിശിരക്കുളിരല്ലേ.../ മന്ദാരമണമുള്ള കാറ്റേ...’’ ഒരു ഗാനത്തിന്റെ ഘടന എങ്ങനെയായിരിക്കണം എന്ന് പ്രഥമഗാനം എഴുതുമ്പോൾതന്നെ ജയകുമാർ അറിഞ്ഞിരുന്നു.

 

വയലാർ രാമവർമ,എം.എസ്. ബാബുരാജ്, ആർ.കെ. ശേഖർ

വയലാർ എഴുതിയ നാലു ഗാനങ്ങളിൽ ഒരെണ്ണം യേശുദാസും രണ്ടെണ്ണം എസ്. ജാനകിയും ഒരു ഗാനം ജയചന്ദ്രനും ബി. വസന്തയും ചേർന്നു പാടി.

‘‘ദീപാരാധനാനട തുറന്നു/ ദിവസദലങ്ങൾ ചുവന്നു/ ഭൂമിയുടെ കയ്യിലെ കൗമാര മല്ലികകൾ/ പുഷ്പാഞ്ജലിക്കായ് വിടർന്നു’’ എന്ന പാട്ട് യേശുദാസ് ആലപിച്ചു. വരികൾ ഇങ്ങനെ തുടരുന്നു.

‘‘ചന്ദനമുഴുക്കാപ്പു ചാർത്തിയ ശരത്കാല/ സുന്ദരി ശശിലേഖേ/ നിന്റെ അരയിലെയീറൻ/ പുടവത്തുമ്പിൽ ഞാൻ/ അറിയാതെ തൊട്ടുപോയി/ അന്നു നീ അടിമുടി കോരിത്തരിച്ചുപോയി...’’ യേശുദാസിന്റെ ശബ്ദത്തിൽ ഈ ഗാനം മനോഹരമായി.

എസ്. ജാനകി പാടിയ ഒരു ഗാനമാണ് ‘ഭദ്രദീപ’ത്തിലെ ഏറ്റവും മികച്ച ഗാനമായി പ്രേക്ഷകർ ഏറ്റെടുത്തത്‌. ‘‘കാളിന്ദീ തടത്തിലെ രാധ’’ എന്നു തുടങ്ങുന്ന ഗാനം ഹിറ്റായി. വരികൾക്ക് ചേരുന്ന സ്വരങ്ങൾ നിരത്തി ബാബുരാജ് തന്റെ പ്രതിഭ ഒരിക്കൽകൂടി പ്രകടമാക്കി.

‘‘കാളിന്ദീതടത്തിലെ രാധ/ കണ്ണന്റെ കളിത്തോഴി രാധ/ ദ്വാരകാപുരിയിലെ രുക്മിണീ സ്വയംവര/ നൂപുരപ്പന്തലിൽ പോയി/ കണ്ണീരിലീറനായ പുഷ്പോഹാരമവൾ/ കായാമ്പൂവർണനു കാഴ്ചവെച്ചു/ കണ്ണൻ കാഞ്ചനവേണുവൂതി/ കാമുകി തൻ മൗനം ഗദ്ഗദമായ്‌/ അവൾ പാടി.../ ധീരസമീരേ യമുനാതീരേ/ വസതിവനേ വനമാലി...’’

ജാനകി പാടിയ രണ്ടാമത്തെ ഗാനമിതാണ്: ‘‘കണ്ണുകൾ കരിങ്കൂവളപ്പൂവുകൾ/ കവിളുകൾ കമലപ്പൂക്കൾ/ അവയിൽ നിൻ കൈവിരലുകൾ ഒഴുകുമ്പോൾ/ നിശാഗന്ധിയാകും ഞാൻ.../നാണിച്ചു നാണിച്ചു നാണിച്ചു ഞാനൊരു/ നിശാഗന്ധിയാവും...’’

പി. ജയചന്ദ്രനും ബി. വസന്തയും ചേർന്നു പാടിയ ‘‘വജ്രകുണ്ഡലം/ മണിക്കാതിലണിയും വൃശ്ചികസന്ധ്യാരാഗമേ... ’’ എന്ന ഗാനവും രചനയിലും സംഗീതത്തിലും നിലവാരം പുലർത്തുന്നതാണ്.

‘‘വജ്രകുണ്ഡലം മണിക്കാതിലണിയും/ വൃശ്ചികസന്ധ്യാരാഗമേ.../ വിശ്വമാനസം വിരൽ തൊട്ടുണർത്താൻ/ വിണ്ണിൽ വന്ന തിലോത്തമേ/ ഒരു സ്വകാര്യം’’ എന്നു തുടങ്ങുന്ന ഈ പാട്ടിലെ തുടർന്നുള്ള വരികളും വയലാറിന്റെ പ്രതിഭയുടെ സൗന്ദര്യം പ്രകാശിപ്പിക്കുന്നു. 1973 മാർച്ച് രണ്ടിന്​ റിലീസായ ‘ഭദ്രദീപം’ ഭേദപ്പെട്ട സിനിമ എന്ന പേരും ശരാശരി സാമ്പത്തിക വിജയവും നേടി. ബുദ്ധിമതിയായ ശാരദ മലയാളത്തിൽ ചലച്ചിത്രനിർമാണം തുടർന്നില്ല.

കെ.പി. കൊട്ടാരക്കര നിർമിച്ച അധികം സിനിമകളുടെയും സംവിധായകൻ ശശികുമാറായിരുന്നു, പ്രൊഡക്ഷൻ എക്സിക്യൂട്ടിവ്‌ ഇ.കെ. ത്യാഗരാജനും. ത്യാഗരാജൻ തമിഴ്‌നാട് സ്വദേശിയാണ്. കൊട്ടാരക്കരയുടെ ചിത്രങ്ങൾ എ.ബി. രാജ് സംവിധാനം ചെയ്യാൻ തുടങ്ങിയപ്പോൾ ത്യാഗരാജനും മാനേജർ സ്ഥാനത്തുനിന്ന് പിന്മാറി. ഇ.കെ. ത്യാഗരാജനും ശശികുമാറും ചേർന്ന് ഒരു നിർമാണക്കമ്പനി തുടങ്ങി; ശ്രീമുരുകാലയ ഫിലിംസ് എന്ന പേരിൽ. അവർ നിർമിച്ച ആദ്യചിത്രത്തിന്റെ പേര് ‘തിരുവാഭരണം’. സംവിധായകനായ ശശികുമാർതന്നെ കഥ തയാറാക്കി. ജഗതി എൻ.കെ. ആചാരി തിരക്കഥയും സംഭാഷണവും രചിച്ചു. ശ്രീകുമാരൻ തമ്പി എഴുതിയ ഗാനങ്ങൾക്ക് ആർ.കെ. ശേഖർ സംഗീതം നൽകി. ചിത്രത്തിൽ ആകെ അഞ്ചു ഗാനങ്ങൾ ഉണ്ടായിരുന്നു.

 

യേശുദാസ്, ജയചന്ദ്രൻ, പി. ലീല, മാധുരി എന്നിവർ ഗാനങ്ങൾ പാടി. പ്രേംനസീർ, വിജയശ്രീ, ജയഭാരതി, കെ.പി. ഉമ്മർ, തിക്കുറിശ്ശി, ടി.എസ്. മുത്തയ്യ, രവികുമാർ, മോഹൻശർമ, ശങ്കരാടി, അടൂർ ഭാസി, ബഹദൂർ, മീന, സാധന, മണവാളൻ ജോസഫ്, പറവൂർ ഭരതൻ തുടങ്ങിയവർ അഭിനയിച്ച ചിത്രത്തിൽ മധുവും കവിയൂർ പൊന്നമ്മയും അതിഥിതാരങ്ങളായി പ്രത്യക്ഷപ്പെട്ടു. യേശുദാസ് നാല് ഗാനങ്ങൾക്ക് ശബ്ദം നൽകി. ആദ്യഗാനം ‘‘സ്വർണം ചിരിക്കുന്നു സ്വർഗം തിരയുമാ ചിരിയുടെ തിരകളിൽ / സ്വപ്നം മരിക്കുന്നു...’’ എന്നു തുടങ്ങുന്നു, ഗാനം ഇങ്ങനെ തുടരുന്നു: ‘‘മലർ പോലധരം മായാമധുരം/ മനസ്സോ ഘോരവനാന്തം/ ആദർശത്തിൻ പൂങ്കുല വിരിയും/ ആരണ്യാഗ്നിയിൽ എരിയും/ എരിയും പൂവിൻ പുകയിൽനിന്നും/ വിരിയുകയാണീ ഗാനം...’’ അടുത്ത ചരണത്തിൽ വരികൾ ഇങ്ങനെ അവസാനിക്കുന്നു: ‘‘ആളിപ്പടരും വ്യാമോഹദീപ്തിയിൽ/ ആശ്രയഗോപുരം എവിടെ/ കളഞ്ഞ കരളിൻ തിരുവാഭരണം/ തിരയുകയാണീ ഗാനം.’’

‘‘താഴ്വര ചാർത്തിയ തങ്കപ്പതക്കം’’ എന്നു തുടങ്ങുന്നു യേശുദാസ് പാടിയ അടുത്ത ഗാനം,

‘‘താഴ്വര ചാർത്തിയ തങ്കപ്പതക്കം/ താപസവാടി തൻ രോമാഞ്ചം/ കളഭക്കുളിരിൽ കതിർ ചൂടി നിൽക്കും/ കന്യകയോ വനദേവതയോ...’’ ആദ്യചരണം ഇങ്ങനെ: ‘‘താലസമാനങ്ങൾ കുട പിടിച്ചു/ മാലതി പൂനിലാത്തുണി പുതച്ചു/ കാത്ത വസന്തങ്ങൾ ഒന്നുചേർന്നു/ കണ്മണീ നിൻ രൂപമാർന്നു വന്നു.’’

യേശുദാസും മാധുരിയും പാടിയ യുഗ്മഗാനം ‘‘അമ്പലമേട്ടിലെ തമ്പുരാട്ടീ’’ എന്നു തുടങ്ങുന്നു, ‘‘അമ്പലമേട്ടിലെ തമ്പുരാട്ടീ/അരളിപ്പൂങ്കാവിലെ മലവേടത്തീ/ അച്ചാരം ചൊല്ലാതെ/ പെൺപണവും വാങ്ങാതെ/ അമ്മിണീ നിന്നെ ഞാൻ കൊണ്ടുപോകും’’ എന്നു ഗായകൻ പാടുമ്പോൾ ഗായികയുടെ മറുപടിയിങ്ങനെ: ‘‘തന്താനം കാട്ടിലെ താഴമ്പൂക്കാട്ടിലെ/ തേന്മാവുപോലുള്ള തമ്പുരാനേ/ തന്തയെതിർത്താലും തള്ളയെതിർത്താലും/ തങ്കപ്പാ ഞാൻ നിന്റെ കൂടെ പോരും...’’

യേശുദാസും പി. ലീലയും ചേർന്നു പാടിയ ഹാസ്യഗാനം ഇങ്ങനെ: ‘‘ഏറ്റുപാടാൻ മാത്രമായൊരു പാട്ടു പാടാം/ കൂട്ടുകാരെ താളമിടൂ/ പാട്ടുകാരേ കൂടെ വരൂ/ പാട്ടിന്റെ രാഗം കാളരാഗം/ പാട്ടിന്റെ താളം അപതാളം.../ ഭൂമിയിലെവിടെ സോഷ്യലിസം/ ജനാധിപത്യ സോഷ്യലിസം/ ടയർ പൊട്ടി നിൽക്കുമീ ജനകീയ ബസ്സിൽ/ മൂട്ടയും ചകിരിയും പിണങ്ങുന്ന സീറ്റിൽ/ സോഷ്യലിസം സോഷ്യലിസം.../ ഡോക്ടറും രോഗിയും ഒരുപോലെ –ഇതിൽ / പാപിയും പാതിരിയും ഒരുപോലെ/ ഗസറ്റഡ് നോൺ ഗസറ്റഡ് വ്യത്യാസമില്ല/ ജന്മിക്കും കുടിയാനും സീറ്റൊന്നു തന്നെ...’’

താളവ്യത്യാസത്തോടെ തുടരുന്ന ഈ ഗാനം ഹാസ്യഭാവത്തോടുകൂടി തന്നെ യേശുദാസും പി. ലീലയും പാടിയിട്ടുണ്ട്.

 

ശാരദ

അഞ്ചാമത്തെ പാട്ട് പി. ജയചന്ദ്രനാണ് പാടിയത്. ആ ഗാനമിതാണ്. ‘‘തലയ്ക്കു മുകളിൽ വെൺകൊറ്റക്കുട/ പിടിച്ചുനിൽക്കും മാനം/ വിലയ്‌ക്കു വാങ്ങീ ഞാൻ -പൊന്നും/ വിലയ്ക്കു വാങ്ങീ ഞാൻ/ നാടായ നാടെല്ലാം എന്റെ സ്വന്തം/ വീടായ വീടെല്ലാം എന്റെ സ്വന്തം/ നക്ഷത്രപ്പൂപോലെ നാണിച്ചു പൊന്തുന്ന/ നാളീകലോചന എന്റെ സ്വന്തം...’’

അഞ്ചു പാട്ടുകളിൽ യേശുദാസ് പാടിയ ‘‘സ്വർണം ചിരിക്കുന്നു’’ എന്ന പാട്ടും ‘‘താഴ്വര ചാർത്തിയ തങ്കപ്പതക്കം’’ എന്ന പാട്ടും കൂടുതൽ ജനപ്രീതി നേടി.

1973 മാർച്ച് രണ്ടാം തീയതി തിയറ്ററുകളിലെത്തിയ ‘തിരുവാഭരണം’ സാമ്പത്തികവിജയം നേടി. മുരുകാലയ മലയാള സിനിമയിലെ ഒരു സ്ഥിരം ബാനറായി മാറി. വൈകാതെ മദ്രാസിലെ ഏറ്റവും പഴയ സ്റ്റുഡിയോ ആയ ശ്യാമള സ്റ്റുഡിയോ ശശികുമാറും ഇ.കെ. ത്യാഗരാജനും ചേർന്നു ലീസിനെടുക്കുകയും അതിന് ശ്രീമുരുകാലയാ സ്റ്റുഡിയോ എന്നു പേരിടുകയും ചെയ്തു. ഫലിതസാഹിത്യകാരനായ വേളൂർ കൃഷ്ണൻകുട്ടിയുടെ വിഖ്യാത കഥാപാത്രങ്ങളിൽ പ്രധാനിയായ മാസപ്പടി മാതുപിള്ള സിനിമയിലെത്തിയതും ഇതേ കാലഘട്ടത്തിലാണ്. എ.എൻ. തമ്പിയുടെ സംവിധാനത്തിൽ സി.കെ. ഷെരീഫാണ് ‘മാസപ്പടി മാതുപിള്ള’ എന്ന സിനിമ നിർമിച്ചത്. ബാനറിന്റെ പേര് ടി & എസ് കാമ്പൈൻസ്.

അടൂർ ഭാസി, വിൻ​െസന്റ്, കെ.പി.എ.സി. ലളിത, ജോസ് പ്രകാശ്, എസ്.പി. പിള്ള, ബഹദൂർ, ആലുമ്മൂടൻ, മണവാളൻ ജോസഫ്, നെല്ലിക്കോട് ഭാസ്കരൻ, മീന, കുട്ട്യേടത്തി വിലാസിനി, മുതുകുളം രാഘവൻ പിള്ള, ഖദീജ തുടങ്ങിയവർ അഭിനയിച്ചു. കഥാകൃത്തായ വേളൂർ കൃഷ്ണൻകുട്ടി തന്നെ സംഭാഷണവും രചിച്ചു. ജി. ദേവരാജന്റെ സംഗീത സംവിധാനത്തിൽ മൂന്നു ഗാനരചയിതാക്കൾ പാട്ടുകളെഴുതി, വയലാർ രാമവർമ, യൂസഫലി കേച്ചേരി, കിളിമാനൂർ രമാകാന്തൻ എന്നിവർ. നാല് പാട്ടുകളിൽ രണ്ടെണ്ണം വയലാർ എഴുതി. യേശുദാസ് പാടിയ ‘‘പുരുഷഗന്ധം, സ്ത്രീത്വം സ്വപ്നമദാലസമാക്കും/ പുരുഷ ഗന്ധം...’’ എന്ന ഗാനവും സി.ഒ. ആന്റോ പാടിയ ‘‘അയലത്തെ ചിന്നമ്മേ...’’ എന്നു തുടങ്ങുന്ന ഗാനവുമാണ് വയലാർ എഴുതിയത്.

‘‘സിന്ദാബാദ് സിന്ദാബാദ്’’ എന്നു തുടങ്ങുന്ന പാട്ട് യൂസഫലിയും ‘‘സ്വർണമുരുക്കിയൊഴിച്ചപോലെ’’ എന്നു തുടങ്ങുന്ന പാട്ട് കിളിമാനൂർ രമാകാന്തനും എഴുതി.

ഇനി ഓരോ പാട്ടായി നോക്കാം.

വയലാറിന്റെ ആദ്യഗാനം ഇങ്ങനെ: ‘‘പുരുഷഗന്ധം സ്ത്രീത്വം സ്വപ്നമദാലസമാക്കും/ പുരുഷഗന്ധം/ പതിഞ്ഞ സ്വരത്തിൽ അചുംബിതയൗവനം പറഞ്ഞു/ അതിന്റെ പുറകെ പാഞ്ഞെത്തുക നിൻ ദാഹം.../ അഭിലാഷങ്ങൾ ഉറക്കെ വിളിച്ചു/ അരുവിപ്പൂവുകൾക്കിതൾ മുളച്ചു/ അതേ സുഗന്ധവുമായവനക്കരെ നിറഞ്ഞു നിന്നു/ അരുവിക്കു മീതെ സായാഹ്ന രശ്‌മികൾ/ ഒരു നൂൽപാലം നിർമിച്ചു.’’ വയലാർ എഴുതിയ രണ്ടാമത്തെ ഗാനം: ‘‘അയലത്തെ ചിന്നമ്മ അഴകുള്ള ചിന്നമ്മ/ അരമുഴം നാക്കുള്ള ചിന്നമ്മ/ അവൾക്കൊരു ചട്ടയ്ക്ക് തുണി വെട്ടും നേരത്ത്/ അകത്തിരുന്നെനിക്കൊരു കിരുകിരുപ്പ്’’ എന്നു പല്ലവി. ഗാനം ഇങ്ങനെ തുടരുന്നു: ‘‘അയലത്തൂന്നെല്ലാരും അർത്തുങ്കൽ പോകുമ്പം/ ആ വീട്ടിലെനിക്കൊന്നു പോണം/ ഒളികണ്ണിട്ടൊളികണ്ണിട്ടവളൊറ്റയ്ക്കിരിക്കുമ്പോൾ/ അളവെടുക്കാനെനിക്കു പോണം... ചട്ട /യ്ക്കളവെടുക്കാനെനിക്കു പോണം.’’ സി.ഒ. ആന്റോ ഈ ഹാസ്യ ഗാനം നന്നായി പാടി.

യൂസഫലി രചിച്ച ഗാനം ‘‘സിന്ദാബാദ്’’ എന്നു തുടങ്ങുന്നു. ‘‘സിന്ദാബാദ് സിന്ദാബാദ്/ വയസ്സൻസ് ക്ലബ്ബ് സിന്ദാബാദ്/ അലഞ്ഞു തിരിയും വയസ്സന്മാരേ സംഘടിക്കുവിൻ/ അവകാശങ്ങൾ നേടിയെടുക്കാൻ സംഘടിക്കുവിൻ/ മതങ്ങൾ കെട്ടിയ മതിലുകളില്ല/ മണ്ടൻ രാഷ്ട്രീയവുമില്ല,/ വഴിയിൽ തെണ്ടി നടക്കാനിനിമേൽ/ വയസ്സൻമാരെ കിട്ടൂല്ല/ വായിൽ നോക്കാൻ ചെരുപ്പ് നക്കാൻ/ വയസ്സൻമാരെ കിട്ടൂല്ല/ കിട്ടൂല്ല കിട്ടൂല്ല/ വയസ്സൻമാരെ കിട്ടൂല്ല...’’ പി.ബി. ശ്രീനിവാസാണ് ഈ സംഘഗാനത്തിലെ പ്രധാന ഗായകൻ. കിളിമാനൂർ രമാകാന്തൻ എഴുതിയ ഗാനമിതാണ്. പി. ലീലയും മാധുരിയും ചേർന്ന്‌ ഈ ഗാനം ആലപിച്ചു,

‘‘സ്വർണമുരുക്കിയൊഴിച്ചതുപോലെ/ മഞ്ഞള് വെട്ടി മുറിച്ച പോലെ/ കുന്നത്തുള്ള വിളക്കുപോലെ/ കണ്ണൂർക്കാരി പെൺകൊടി ഞാൻ,/ മാമാങ്കനാടിന്റെ മാറിൽ വളർന്നൊരു/ മാലാഖ പോലുള്ള പെൺകൊടി ഞാൻ/ മഞ്ഞിന്റെ തട്ടത്തിൽ താമരപ്പൂവുപോൽ/ മന്ദഹസിക്കുന്ന സുന്ദരി ഞാൻ.’’ മാസപ്പടി മാതുപിള്ള മനോരമ ആഴ്ചപ്പതിപ്പിലൂടെ ജനലക്ഷങ്ങളെ ചിരിപ്പിച്ച കഥാപാത്രമാണ്. ഹാസ്യനടന്മാരുടെ നായകനായ അടൂർ ഭാസി അവതരിപ്പിച്ചിട്ടും ചിത്രം പ്രതീക്ഷിച്ച വിജയം നേടിയില്ല. ഗാനങ്ങളും ഹിറ്റ് ചാർട്ടിൽ എത്തിയില്ല. 1973 മാർച്ച് ഒമ്പതിനാണ് ‘മാസപ്പടി മാതുപിള്ള’ പ്രദർശനത്തിനെത്തിയത്.

(തുടരും)

Tags:    
News Summary - weekly sangeethayathrakal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.