‘യക്ഷി’ എന്ന സിനിമയിലെ പല്ലവി മനസ്സിൽ കൊണ്ടുനടക്കാത്ത ഒരു ഗാനാസ്വാദകൻ പോലും മലയാളികൾക്കിടയിൽ ഉണ്ടാകാൻ വഴിയില്ലെന്ന് കവിയും ഗാനരചയിതാവുമായ ലേഖകൻ. ആ പാട്ടിനും അക്കാലത്തെ മറ്റു പാട്ടുകൾക്കുമൊപ്പം ഒരു സഞ്ചാരം.ഡോ.ബാലകൃഷ്ണൻ ആദ്യമായി തിരക്കഥയും സംഭാഷണവും എഴുതിയത് അദ്ദേഹംതന്നെ നിർമിച്ച ‘തളിരുകൾ’ എന്ന സിനിമക്കു വേണ്ടിയായിരുന്നുവെന്നു മുമ്പ് പറഞ്ഞിട്ടുണ്ട്. പ്രശസ്ത...
‘യക്ഷി’ എന്ന സിനിമയിലെ പല്ലവി മനസ്സിൽ കൊണ്ടുനടക്കാത്ത ഒരു ഗാനാസ്വാദകൻ പോലും മലയാളികൾക്കിടയിൽ ഉണ്ടാകാൻ വഴിയില്ലെന്ന് കവിയും ഗാനരചയിതാവുമായ ലേഖകൻ. ആ പാട്ടിനും അക്കാലത്തെ മറ്റു പാട്ടുകൾക്കുമൊപ്പം ഒരു സഞ്ചാരം.
ഡോ.ബാലകൃഷ്ണൻ ആദ്യമായി തിരക്കഥയും സംഭാഷണവും എഴുതിയത് അദ്ദേഹംതന്നെ നിർമിച്ച ‘തളിരുകൾ’ എന്ന സിനിമക്കു വേണ്ടിയായിരുന്നുവെന്നു മുമ്പ് പറഞ്ഞിട്ടുണ്ട്. പ്രശസ്ത ഫിലിം എഡിറ്ററും സംവിധായകനുമായ എം.എസ്. മണി ആ ചിത്രം സംവിധാനം ചെയ്തു. ‘തളിരുകൾ’ പരാജയപ്പെട്ടതോടെ കോമഡി ചിത്രങ്ങളാണ് തനിക്കു കൂടുതൽ അനുയോജ്യമെന്ന് ഡോ. ബാലകൃഷ്ണൻ തീരുമാനിച്ചു. മദ്രാസിലെ മലയാളികൾക്കിടയിൽ ഹാസ്യനാടകങ്ങൾ എഴുതുന്ന എഴുത്തുകാരനായാണ് ഡോ. ബാലകൃഷ്ണൻ അതുവരെ അറിയപ്പെട്ടിരുന്നത്. രേണുക ആർട്സിനു വേണ്ടി ടി.പി. മാധവൻ നായർ നിർമിച്ച് എ.ബി. രാജ് സംവിധാനം നിർവഹിച്ച ‘കളിയല്ല കല്യാണം’ എന്ന വിനോദചിത്രത്തിന് കഥയും തിരക്കഥയും സംഭാഷണവും എഴുതിയത് ഡോ. ബാലകൃഷ്ണൻ ആയിരുന്നു. ഈ ചിത്രത്തിന് ഗാനങ്ങൾ രചിച്ചത് പി. ഭാസ്കരനും അവക്ക് ഈണം പകർന്നത് എ.ടി. ഉമ്മറും. ആകെ അഞ്ചു ഗാനങ്ങൾ. യേശുദാസ്, എസ്. ജാനകി, ജയചന്ദ്രൻ, എൽ.ആർ. ഈശ്വരി, ശ്രീലത എന്നിവർ പിന്നണിയിൽ പാടി. ‘‘മലർക്കിനാവിൻ മണിമാളികയുടെ/മഴവിൽപൂങ്കുല വിൽക്കാൻ വന്നവളെവിടെ...എവിടെ..?’’ എന്ന് തുടങ്ങുന്ന ഗാനം യേശുദാസ് ആലപിച്ചു. പാട്ടിന്റെ അനുപല്ലവി ഇങ്ങനെ. ‘‘ചന്ദ്രലേഖ തൻ മണിദീപവുമായ്/നിന്നെയെന്നും തേടി/ചന്ദനത്തരുനിര മെത്ത വിരിയ്ക്കും/ നന്ദനവീഥികൾ തോറും...’’ പി. ഭാസ്കരൻ എഴുതിയ ഹിറ്റ്ഗാനങ്ങളുടെ നിരയിലേക്കുയരാൻ ഈ ഗാനത്തിന് സാധിച്ചില്ല. ജയചന്ദ്രനും എസ്. ജാനകിയും ചേർന്നു പാടിയ യുഗ്മഗാനം കൂടുതൽ ജനശ്രദ്ധ നേടിയെന്നു തോന്നുന്നു. ‘‘താരുണ്യസ്വപ്നങ്ങൾ നീരാടാനിറങ്ങുന്നു/ താവകമിഴിയാകും മലർപൊയ്കയിൽ’’ എന്ന് നായകൻ പാടുമ്പോൾ നായിക നൽകുന്ന മറുപടിയിങ്ങനെ. ‘‘കാണാത്ത കൽപടവിൽ/കളിയാക്കാനിരിക്കുന്നു/ മാനസകാമദേവൻ മലരമ്പൻ...’’ എസ്. ജാനകിയും എൽ.ആർ. ഈശ്വരിയും പാടുന്ന പെൺ യുഗ്മഗാനം തുടങ്ങുന്നതിങ്ങനെ: ‘‘കണ്ണിൽ സ്വപ്നത്തിൻ കളിവഞ്ചി/കവിളിൽ നാണത്തിൻ മയിലാഞ്ചി/മാനസസുന്ദരമലരിതളിൽ/മധുരം തേച്ചൊരു വേദനയും... വേദനയും...’’ എൽ.ആർ. ഈശ്വരിയും ശ്രീലതയും ചേർന്നു പാടിയ ഒരു കളിയാക്കൽ പാട്ടും ‘കളിയല്ല കല്യാണ’ത്തിൽ ഇടം പിടിച്ചിരുന്നു. ‘‘മിടുമിടുക്കൻ മീശക്കൊമ്പൻ -ഹായ് ഹായ് ഹായ്/ഒടുക്കം പറ്റിയ കുടുക്ക് കണ്ടോ -ഹായ് ഹായ് ഹായ്/പെണ്ണെറിഞ്ഞീടും കൺവലയിങ്കൽ/വന്നു വീണാൽ ആൺപുലിയും ചുണ്ടെലി തന്നെ /കളിച്ചു കളിച്ചു ചിരിച്ചു ചിരിച്ചു/ പുരുഷനൊടുവിൽ അടിയറവ്... ഹായ് ഹായ് ഹായ്/ നാരിമാരിതാ പോരിനുതയ്യാർ/ നാക്കുകളാം തോക്കുകൾക്കു വാക്കു താനുണ്ട/പഠിച്ച വിദ്യകൾ പഴകിപ്പഴകി/പുരുഷസിംഹത്തെ പിടിച്ചുകറക്കി -ഹായ് ഹായ് ഹായ്...’’ ഈ പാട്ടിന്റെ ചിത്രീകരണവും രസകരമായിരുന്നു. സത്യൻ, ശാരദ, എസ്.പി. പിള്ള, അടൂർ ഭാസി, ജയഭാരതി, സച്ചു, സുകുമാരി, മീന, മണവാളൻ ജോസഫ് തുടങ്ങിയവർ അഭിനയിച്ച ‘കളിയല്ല കല്യാണം’ 1968 ആഗസ്റ്റ് ഒമ്പതിന് റിലീസ് ചെയ്തു. നല്ല വിനോദചിത്രം എന്ന് പേരു കിട്ടിയതോടെ ഈ ചിത്രത്തിന്റെ സംവിധായകനായ എ.ബി. രാജിന് ജയ്മാരുതി പോലെയുള്ള വലിയ ബാനറുകളുടെ ചിത്രങ്ങൾ സംവിധാനം ചെയ്യാൻ അവസരം ലഭിച്ചു.
‘നാടൻപെണ്ണ്’, ‘തോക്കുകൾ കഥ പറയുന്നു’ എന്നീ ചിത്രങ്ങൾക്കു ശേഷം അവ നിർമിച്ച നവജീവൻ ഫിലിംസിന്റെ മൂന്നു പങ്കാളികളിൽ ഒരാളായിരുന്ന എം.ഒ. ജോസഫ് മറ്റു രണ്ടുപേരുമായുള്ള ബന്ധം അവസാനിപ്പിച്ച് ‘മഞ്ഞിലാസ് എന്റർപ്രൈസസ്’ എന്ന സ്വന്തം നിർമാണക്കമ്പനി ആരംഭിക്കുകയും മലയാറ്റൂർ രാമകൃഷ്ണന്റെ ‘യക്ഷി’ എന്ന നോവൽ സിനിമയാക്കുകയും ചെയ്തു. കെ.എസ്. സേതുമാധവൻ സംവിധാനംചെയ്ത ‘യക്ഷി’ക്കു തോപ്പിൽ ഭാസി തിരക്കഥയും സംഭാഷണവും എഴുതി. വയലാർ -ദേവരാജൻ ടീം പാട്ടുകളൊരുക്കി. മലയാള സിനിമയിലെ ഏറ്റവും മികച്ച ഗാനങ്ങളിലൊന്നായി സർവാത്മനാ അംഗീകരിക്കപ്പെട്ടു കഴിഞ്ഞ ‘‘സ്വർണചാമരം വീശിയെത്തുന്ന സ്വപ്നമായിരുന്നെങ്കിൽ ഞാൻ...’’ എന്ന പ്രശസ്ത ഗാനം ഈ ചിത്രത്തിലാണുള്ളത്. യേശുദാസും പി. ലീലയും ചേർന്നാണ് ഈ ഗാനം പാടിയത്. ഗാനത്തിലെ ചില ഭാഗങ്ങൾ യേശുദാസിന്റെ മാത്രം ശബ്ദത്തിലും പി. ലീലയുടെ ശബ്ദത്തിലും ചിത്രത്തിൽ ആവർത്തിക്കപ്പെടുന്നതുകൊണ്ട് ആ സിനിമയെക്കുറിച്ച് സംസാരിക്കുന്ന ഏതൊരാൾക്കും ഈ മനോഹരഗാനത്തിന്റെ കാര്യം സൂചിപ്പിക്കാതെ മുന്നോട്ടു പോകാനാവില്ല. വയലാറിന്റെ കവിതയും ദേവരാജൻ അതിനു നൽകിയ സംഗീതവും അത്രമാത്രം ഉദാത്തമായിരുന്നു. ‘‘സ്വർണചാമരം വീശിയെത്തുന്ന/സ്വപ്നമായിരുന്നെങ്കിൽ ഞാൻ / സ്വർഗസീമകൾ ഉമ്മ വെക്കുന്ന/ സ്വപ്നമായിരുന്നെങ്കിൽ ഞാൻ’’ എന്ന പല്ലവി മനസ്സിൽ കൊണ്ടുനടക്കാത്ത ഒരു ഗാനാസ്വാദകൻപോലും മലയാളികൾക്കിടയിൽ ഉണ്ടാകാൻ വഴിയില്ല. ‘‘ഹർഷലോലനായ് നിത്യവും നിന്റെ/ ഹംസതൂലികാശയ്യയിൽ / വന്നു പൂവിടുമായിരുന്നു ഞാൻ/ എന്നുമീ പർണശാലയിൽ...’’ എന്നിങ്ങനെ തുടരുന്ന ഈ ഗാനത്തിലെ ഓരോ വരിയും ഓരോ പദവും ആസ്വാദകന്റെ ഹൃദയത്തെ തൊടുന്നു. ഗാനത്തിന്റെ അവസാനഭാഗം ഉദ്ധരിക്കാതെ പോകുന്നത് ശരിയല്ല. ‘‘ഗായകാ നിൻ വിപഞ്ചികയിലെ ഗാനമായിരുന്നെങ്കിൽ ഞാൻ/താവകാംഗലീലാളിതമൊരു/താളമായിരുന്നെങ്കിൽ ഞാൻ! /കൽപനകൾ ചിറകണിയുന്ന/പുഷ്പമംഗല്യ രാത്രിയിൽ/ വന്നു ചൂടിക്കുമായിരുന്നു ഞാൻ/എന്നിലെ രാഗമാലിക...’’
‘യക്ഷി’യിൽ വേറെ മൂന്നു പാട്ടുകൾകൂടി ഉണ്ടായിരുന്നു. പി. സുശീല പാടിയ രണ്ടു ഗാനങ്ങളും എസ്. ജാനകി പാടിയ ഒരു ഗാനവും. സുശീല പാടിയ ‘‘വിളിച്ചു ഞാൻ വിളികേട്ടു/തുടിച്ചു മാറിടം തുടിച്ചു/ഉണർന്നു, ദാഹിച്ചുണർന്നു/മറന്നു, ഞാനെന്നെ മറന്നു’’ എന്ന ഗാനവും ‘‘പദ്മരാഗ പടവുകൾ കയറി വരൂ/ പഥികാ -പഥികാ/ ഏകാന്തപഥികാ /പ്രിയദർശിനികൾ , പ്രിയസഖികൾ -നിന്നെ/ പ്രമദവനത്തിൽ വരവേൽക്കും/ വിദ്യാധര നായികമാർ -നിന/ ക്കുദ്യാനവിരുന്നു നൽകും/അരമനയിൽ -ഈ അരമനയിൽ/ അതിഥിയായി വരൂ/പഥികാ -പഥികാ’’ എന്ന ഗാനവും എസ്. ജാനകി പാടിയ യക്ഷിഗാനവും ശ്രോതാക്കൾ ഇഷ്ടപ്പെട്ടു. ജാനകി പാടിയ ഗാനം ഇതാണ്: ‘‘ചന്ദ്രോദയത്തിലെ/ ചന്ദനമഴയിലെ/സന്ധ്യാമേഘമായ്/ വന്നു ഞാൻ... വന്നു ഞാൻ.../ യക്ഷിപ്രതിമകൾ കൽവിളക്കേന്തിയ/ചിത്രത്തൂണിൻ ചാരെ/നീഹാരാർദ്ര നിശാമണ്ഡപത്തിൽ/നീയിരിക്കുന്നതു കണ്ടു -കാമുകാ/നീയിരിക്കുന്നതു കണ്ടു...’’ ‘യക്ഷി’യിലെ നാല് ഗാനങ്ങളും ആ ചിത്രത്തിന്റെ വിജയത്തിനു നൽകിയ പിന്തുണ ചെറുതല്ല.
സത്യൻ, ശാരദ, ഉഷാകുമാരി, സുകുമാരി, അടൂർ ഭാസി, എൻ. ഗോവിന്ദൻകുട്ടി, ബഹദൂർ തുടങ്ങിയവർ അഭിനയിച്ച ‘യക്ഷി’ 1968 ആഗസ്റ്റ് മുപ്പതിന് കേരളത്തിലെ തിയറ്ററുകളിൽ എത്തി. ഈ ചിത്രത്തിന്റെ പ്രശസ്തിയും സാമ്പത്തികവിജയവും കൂടുതൽ മികച്ച ചിത്രങ്ങൾ നിർമിക്കാനും അങ്ങനെ ഒരു നിർമാതാവ് എന്ന നിലയിൽ മലയാള സിനിമയിൽ പ്രശസ്തനാകാനും എം.ഒ. ജോസഫിനെ സഹായിച്ചു.
‘ചെമ്മീൻ’ എന്ന ചിത്രത്തിലൂടെ മലയാളികളെ അത്ഭുതപ്പെടുത്തിയ സംവിധായകനാണ് രാമു കാര്യാട്ട്. ഋഷികേശ് മുഖർജിയെയും സലിൽ ചൗധരിയെയും മലയാളത്തിലേക്ക് കൊണ്ടുവരുകയും ഉയർന്ന സാങ്കേതികനിലവാരം പുലർത്തുന്ന സിനിമ നിർമിച്ച് മലയാള സിനിമക്ക് ആദ്യത്തെ സ്വർണമെഡൽ നേടിത്തരികയും ചെയ്ത രാമു കാര്യാട്ടിലേക്ക് എല്ലാ സിനിമാപ്രേക്ഷകരും ‘‘ഇനിയെന്ത്?’’ എന്ന ചോദ്യവുമായി പ്രതീക്ഷയോടെ നോക്കിയിരിക്കുമ്പോഴാണ് അദ്ദേഹം സംവിധാനംചെയ്ത ‘ഏഴു രാത്രികൾ’ എന്ന ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം പുറത്തുവന്നത്. കാലടി ഗോപി രചിച്ച പ്രശസ്ത നാടകമാണ് ‘ഏഴു രാത്രികൾ’. നഗരത്തിൽ കഴിയുന്ന ഏതാനും തെണ്ടികളുടെ ഏഴു രാത്രികളിലെ ജീവിതം പകർത്തുന്ന നാടകമാണത്. നാടകമെന്ന നിലയിൽ അത് വൻവിജയവുമായിരുന്നു. മുനിസിപ്പാലിറ്റിയുടെ മങ്ങിയ വെളിച്ചത്തിൽ പൊളിഞ്ഞു തകർന്ന ഒരു കെട്ടിടത്തിന്റെ അകത്തും പുറത്തും മുക്കിനും മൂലയിലുമായി അന്തിയുറങ്ങാൻ എത്തിച്ചേരുന്ന ഏതാനും മനുഷ്യക്കോലങ്ങളുടെ വ്യത്യസ്തമായ ജീവിതരീതികൾ പകർത്തിയിരിക്കുകയാണ് ഈ കഥയിൽ. പുതുമുഖങ്ങൾക്ക് അവസരം നൽകി ആ നാടകം സിനിമയാക്കി ഒരു പുതിയ ചരിത്രം സൃഷ്ടിക്കുകയായിരുന്നു സംവിധായകന്റെ ലക്ഷ്യം. സംവിധായകന്റെ നല്ല ലക്ഷ്യത്തെ ഒരിക്കലും തള്ളിപ്പറയാനാവില്ല. വയലാറും സലിൽ ചൗധരിയും തന്നെയാണ് ഈ ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയത്. ഗാനങ്ങൾ നന്നായിരുന്നു. എന്നിട്ടും പ്രേക്ഷകർ ചിത്രത്തെ സ്വീകരിക്കുകയുണ്ടായില്ല. ഈ ചിത്രവും ‘ചെമ്മീൻ’ നിർമിച്ച യുവാവായ ബാബുവാണ് നിർമിച്ചത്. ‘ഏഴു രാത്രികളു’ടെ പരാജയം ഒരു സംവിധായകൻ എന്ന നിലയിലുള്ള രാമു കാര്യാട്ടിന്റെ മുന്നേറ്റത്തെ സാരമായി ബാധിച്ചു. യേശുദാസ്, പി.ബി. ശ്രീനിവാസ്, പി. ലീല, കെ.പി. ഉദയഭാനു, സി.ഒ. ആന്റോ, ലത രാജു തുടങ്ങിയവർ ഈ സിനിമയിലെ ഗാനങ്ങൾ പാടി. യേശുദാസ് പാടിയ ‘‘കാടാറു മാസം; നാടാറു മാസം’’ എന്ന ഗാനം വളരെ പ്രശസ്തമാണ്. ‘‘കാടാറു മാസം നാടാറുമാസം/ കണ്ണീർക്കടൽക്കരെ താമസം -ഈ /വഴിയമ്പലങ്ങളിൽ ചിറകറ്റു വീഴും/ വാനമ്പാടികളല്ലോ ഞങ്ങൾ/വിളക്കുകൾ കൊളുത്താത്ത വീഥികൾ -നിങ്ങൾ/ വിളിച്ചാലും മിണ്ടാത്ത ദൈവങ്ങൾ/ യദുകുലമെവിടെ മെക്കയെവിടെ/യെരുശലേമെവിടെ, ഇടയൻ എവിടെ..?’’ നാടകത്തിൽ നായകനായിരുന്ന എഴുത്തുകാരൻ കൂടിയായ ജെ.സി. കുട്ടിക്കാട്ട് എന്ന ജേസി ആണ് ചിത്രത്തിൽ ഈ ഗാനം പാടി അഭിനയിച്ചത്. യേശുദാസും പി. ലീലയും സി.ഒ. ആന്റോയും സംഘവും പാടിയ ‘‘കാക്കക്കറുമ്പികളേ/ കാർമുകിൽ തുമ്പികളേ/മാനത്തു പറക്കണ കൊടി കണ്ടോ/മാനത്തു പറക്കണ കൊടി കണ്ടോ/നച്ചത്രപാടത്തെ പെണ്ണിന്റെ കയ്യിലെ/പിച്ചളവള കണ്ടോ...?/വളയിട്ട പെണ്ണിന്റെ മയിലാഞ്ചിക്കയ്യിലെ/കിളിചുണ്ടനരിവാള് കണ്ടോ.../ഞാൻ കണ്ടു ഞാൻ കണ്ടു ഞാൻ കണ്ടു...’’ എന്ന സംഘഗാനവും മികച്ചതായിരുന്നു. പി. ലീല പാടിയ താരാട്ടും കരളലിയിക്കുന്നതായി. ‘‘പഞ്ചമിയോ പൗർണമിയോ/ കുഞ്ഞുറങ്ങും കൂട്ടിനുള്ളിൽ/കുളിരും മഞ്ഞും കോരിയിട്ടു...’’ എന്നു തുടങ്ങുന്ന ഈ താരാട്ടിലെ തുടർന്നുള്ള വരികളും ഈണവും എന്നും മനസ്സിൽ തങ്ങിനിൽക്കും. ‘‘മാനം മീതേ തേനരുവി/മേഘം നീന്തും തേനരുവി/തേനരുവിക്കരയിൽനിന്നോ/താഴെ വീണൂ നിൻ മിഴിപ്പൂ.../ താലി പീലി തിരുമിഴിപ്പൂ/ ആരീരാരീ രാരിരോ...’’ പി.ബി. ശ്രീനിവാസും ഉദയഭാനുവുംകൂടി പാടിയ ഗാനവും ഒട്ടും മോശമല്ല. ‘‘രാത്രി...രാത്രി... /യുഗാരംഭശിൽപി തൻ മാനസപുത്രി/ മദാലസഗാത്രി/മനോഹരഗാത്രി, രാത്രി’’ എന്നിങ്ങനെ തുടങ്ങുന്ന ശീർഷകഗാനത്തിൽ കഥയുടെ ആത്മാവ് തന്നെ അടങ്ങുന്നു. ലത (ഇന്ന് ലത രാജു) പാടിയ ‘‘മക്കത്ത് പോയ്വരും/മാനത്തെ ഹാജിയാർക്ക്/മുത്തു പതിച്ചൊരു മേനാവ്/ഉടുക്കാൻ കസവിട്ട കള്ളിമുണ്ട് /നടക്കാൻ മെതിയടി പൊന്നുകൊണ്ട്.../നിസ്കാരമുഴയുള്ള നെറ്റിക്കു മീതേ/നീലക്കമ്പിളി പൊൻ തൊപ്പി/പുതയ്ക്കാൻ അലക്കിയ പൂനിലാവ് /പുന്നാരിക്കാൻ പൊൻകുട്ടി...’’ എന്ന ഗാനത്തിന് ഓർക്കസ്ട്രയുടെ അകമ്പടിയില്ല. സലിൽചൗധരിയുടെ അഭാവത്തിൽ, ചിത്രത്തിൽ ഒടുവിൽ ചേർക്കപ്പെട്ട ഈ ഗാനത്തിന് ഈണം പകർന്നത് ലതയുടെ അമ്മയും പ്രശസ്ത ഗായികയുമായ ശാന്ത പി. നായരാണെന്ന് ലത രാജു എന്നോട് പറഞ്ഞിട്ടുണ്ട്. ഫോണിലൂടെ പാടിക്കേൾപ്പിച്ചപ്പോൾ സലിൽ ചൗധരി ആ ഈണത്തെ അംഗീകരിക്കുകയാണുണ്ടായത്. ജെ.സി. കുറ്റിക്കാട്, ആലുമ്മൂടൻ, ചാച്ചപ്പൻ, ഗോവിന്ദൻകുട്ടി, നെല്ലിക്കോട്ട് ഭാസ്കരൻ, കമലമ്മ, കമലാദേവി, ലത, രാധാമണി, കെ.ആർ. രാജം, കുട്ടൻപിള്ള, കടുവാക്കുളം ആന്റണി, മാസ്റ്റർ പ്രമോദ് തുടങ്ങിയ നടീനടന്മാർ അഭിനയിച്ച തികച്ചും വ്യത്യസ്തമായ ഈ ചിത്രം 1968 ആഗസ്റ്റ് 30ന് റിലീസ് ചെയ്തു. ‘ചെമ്മീൻ’ പോലെ എല്ലാ ഘടകങ്ങളും ഒത്തുകൂടുന്ന ഒരു വലിയ സിനിമ പ്രതീക്ഷിച്ച് തിയറ്ററുകളിലെത്തിയ പ്രേക്ഷകർ നിരാശരായി. പക്ഷേ പാട്ടുകളെ ജനം തള്ളിപ്പറഞ്ഞില്ല. അവയിൽ ചിലതെങ്കിലും ഇന്നും അവരുടെ ഓർമയിലുണ്ട്.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.