വേളാങ്കണ്ണീന്നു വരുമ്പഴാ.
അന്നൊക്കെ വണ്ടിയോടിക്കുകാന്നു പറഞ്ഞാല്‍ വല്ലാത്ത ക്രേസാ. അതിപ്പഴും അങ്ങനെത്തന്നാണ്. ലോങ് ട്രിപ്പിനു വണ്ടിയെടുത്തു പോകുമ്പോ സത്യം പറഞ്ഞാ കൂടെ ആരുമില്ലാത്തതാ എനിക്കിഷ്ടം. ഒറ്റയ്ക്കു ഡ്രൈവുചെയ്യുന്നേന്റെ ഒരു സുഖം! പക്ഷേ വല്ലോരടേം ഡ്രൈവറുപണിയല്ലേ? ഒറ്റയ്ക്ക് ഓടിക്കല്‍ നടക്കുമോ. അന്നൊക്കെ ഏറ്റോം വലിയ സ്വപ്നം ഒരു പച്ച സ്കോർപിയോ, സെക്കൻഡായാലും വേണ്ടില്ല, നല്ല കണ്ടീഷനായാ മാത്രം മതി, സ്വന്തമായി വാങ്ങുന്നതും അതോടിച്ച് ഇഷ്ടമുള്ളടത്തെല്ലാം ഒറ്റയ്ക്കു കറങ്ങുന്നതുമായിരുന്നു. പച്ചനിറം എന്നാന്നു ചോദിച്ചാ കാരണമൊന്നുമില്ല, അതായിരുന്നു മനസ്സിലൊള്ള കാറിന്റെ നെറം. കാറുവാങ്ങാൻ മോഹിച്ച് പണ്ട് ചിട്ടിക്കൊക്കെ ചേർന്നിരുന്നു. എവിടെ നടക്കാൻ!
വേളാങ്കണ്ണീന്നു വരുമ്പഴത്തെ കാര്യമാണല്ലോ പറഞ്ഞുവന്നത്. അന്നു ഞാൻ മുരിങ്ങത്താനത്തെ ഡ്രൈവറാ. അവർക്ക് തുണിക്കട, ബ്ലേഡ്, നഴ്സറി, റിസോർട്ട് ഒക്കെയായിട്ട് ഇല്ലാത്ത ബിസിനസൊന്നുമില്ല അക്കാലത്ത്. പിന്നെ ഒക്കെ പൊളിഞ്ഞു. ആകെ മുടിഞ്ഞപ്പോ വയനാട്ടിലേക്കോ മറ്റോ പോവുകാരുന്നു അവര്‍. ഞാനും പിന്നെ അന്വേഷിച്ചിട്ടില്ല. അവരുടെ തൊഴിലാളിയായിരുന്നപ്പം ആത്മാർഥതയോടെ പണിയെടുക്കുക, കൂലി വാങ്ങിക്കുക. അതിനപ്പുറം മുതലാളിമാരുടെ പിന്നത്തെ കാര്യത്തിലൊക്കെ നമുക്കെന്തോന്ന്!
മുരിങ്ങത്താനത്തെ നടുക്കത്തെ മോന്റെ വണ്ടി ഒന്നാന്തരമൊരു ക്വാളിസാ. അതായിരുന്നു മിക്കവാറും ഞാനോടിച്ചിരുന്നത്. കാര്യമെന്താന്നു വെച്ചാ ഈ ടോമിക്ക് വണ്ടിയോടിക്കാൻ ഇഷ്ടമല്ല. വണ്ടിയോടിക്കാനിഷ്ടമല്ലാത്തോരെ കാണുമ്പോ എനിക്കങ്ങു അത്ഭുതം തോന്നും, അങ്ങനത്തെ ആണുങ്ങളുണ്ടോന്ന്! അതും കണ്ടാത്തന്നെ ആർക്കും ഒന്നോടിക്കാൻ തോന്നുന്ന കറുത്തു മിനുത്ത പുത്തൻ ക്വാളിസ്.
ടോമിച്ചന്റെ സകല തരികിടക്കും ഞാൻ കൂടെപ്പോയിട്ടൊണ്ട്. ടോമിച്ചന് എടക്കിടെ വേളാങ്കണ്ണീ പോണം. ഭക്തിയാണോന്നു ചോദിച്ചാ, അതുമൊണ്ട്. എവിടേലുമൊക്കെ പോകുമ്പം കാണുന്ന പള്ളീടെ മുന്നിലൊക്കെ ചവിട്ടാൻ പറയും. കേറി പ്രാർഥിച്ചേച്ചേ വരത്തൊള്ളൂ. നേർച്ചക്കാശും പള്ളിപണിക്കു സഹായോം ചാരിറ്റീം ഒക്കെയായിട്ടു കൈയ്യീന്നു പോകുന്നേനു കണക്കില്ല. അതിനൊന്നും കണക്കു വെക്കരുതെടാ എന്ന് എന്നോടും പറയും. എന്നതായാലും ചാകും, ചാകുമ്പം ഒന്നും കൊണ്ടുപോകാനും പറ്റത്തില്ല. ഏതാണ്ടു നെപ്പോളിയന്റെയോ മറ്റോ കഥേം പറയും. കൈ രണ്ടും ശവപ്പെട്ടീടെ പുറത്തിട്ടോണ്ടാരുന്നത്രേ അങ്ങേരുടെ ശവഘോഷയാത്ര. കാശൊള്ളോന്മാരുടെ ഓരോ വട്ട് എന്നേ എനിക്ക് ടോമിച്ചന്റെയായാലും നെപ്പോളിയന്റെ ആയാലും ഈ കഥ കേക്കുമ്പം തോന്നീട്ടൊള്ളൂ. ചാകുമ്പം ഒന്നും കൊണ്ടുപോകത്തില്ല. പക്ഷേ, പലിശക്കാരൻ സുലോചനൻ ചേട്ടനോടോ റേഷൻ വാങ്ങാൻ കാശു ചോദിക്കുന്ന അമ്മയോടോ അതു പറഞ്ഞാൽ നടപടിയാകുമോ!
വേളാങ്കണ്ണിക്ക് ആദ്യം പോയത് ടോമിച്ചന്റെ അമ്മേം പെങ്ങളും കെട്ടിയോളും മക്കളും എല്ലാംകൂടാരുന്നു. അമ്മക്ക് എന്തോ നേർച്ചയൊണ്ടാരുന്നു. അവിടെച്ചെന്നപ്പം ടോമിച്ചന്റെ എളേ കൊച്ചിന് ഏതാണ്ടു ഫുഡ് പോയിസണടിച്ചു. ആശുപത്രീല് ഡ്രിപ്പിട്ട് രണ്ടുദിവസം കെടക്കണ്ടി വന്നു. പെണ്ണുങ്ങള് ഇതു തഞ്ചമെന്നു കണ്ട് പള്ളീത്തന്നെ പൊറുതിയായി, ഉള്ള കുർബ്ബാനേം നൊവേനേം കുമ്പസാരോമൊക്കെയായി.
ടോമിച്ചനാരുന്നു കൊച്ചിന്റടുത്ത്. നീയെടക്കെടക്കു വരുന്നതല്ലേ, ഇനീം എപ്പം വിചാരിച്ചാലും വരാമല്ലോ, ഞങ്ങടെ കാര്യം അങ്ങനാണോ, ഞാന്‍തന്നെ ആയുസ്സിലാദ്യമാ ഇവ്ടെ വരുന്നേ, നെന്റെ പെണ്ണുമ്പിള്ളേം ആദ്യമാ. ഞങ്ങളു മാതാവിന്റടുത്ത് കൊതിതീരെ ഇരിക്കട്ടെടാന്നു അമ്മ പറഞ്ഞപ്പം ടോമിച്ചൻ സമ്മതിക്കുകാരുന്നു. സത്യം പറഞ്ഞാ അതാണ് കൊഴപ്പമായത്.
അറിയാത്ത നാട്ടില്‍, ഭാഷേം അറിയാത്തിടത്ത് ചുമ്മാ തളർന്നുറങ്ങുന്ന കൊച്ചിനേം നോക്കി ഇരിക്കുമ്പം ബോറടി മാറ്റാൻ ചുറ്റുമൊള്ളതിലേക്കൊക്കെ അറിയാണ്ട് നോക്കിപ്പോവും. നെറമുള്ളതു കണ്ടാൽ നോക്കിയിരിക്കാനും തൊട്ടു നോക്കാനുമൊക്കെ തോന്നുകേം ചെയ്യും. അങ്ങനെ കുടുങ്ങിപ്പോയതാരിക്കും ടോമിച്ചനും. എന്നതായാലും ആ ട്രിപ്പു കഴിയുമ്പത്തേനും ടോമിച്ചന്റെ വീട്ടിലെ പെണ്ണുങ്ങക്ക് വേളാങ്കണ്ണീ പോകാനൊള്ള കൊതീം തീർന്നു, ടോമിച്ചനാണേൽ എപ്പളുമെപ്പഴും അങ്ങോട്ടു പോകാനൊള്ള കാരണവുമായി. ആ പെങ്കൊച്ചിന്റെ പേരൊന്നും ഞാൻ പറയുന്നില്ല, നല്ലൊരു കൊച്ചാരുന്നു. പറഞ്ഞു വരുമ്പോ ഞങ്ങളു തമ്മിലൊരു കണക്ഷനുമൊണ്ട്. നാട്ടില്‍ അവടെ ഒരു ബന്ധുവീടിനടുത്താ എന്റെ അമ്മവീട്. ആശൂത്രീലു വെച്ച് ഞാനാ അവളെ ആദ്യം പരിചയപ്പെട്ടതും ടോമിച്ചന്റെ മുറീല് കൊണ്ടുപോയതും. ഒരു മലയാളി നഴ്സിന്റെ സഹായം കിട്ടുമല്ലോന്നു മാത്രമേ അന്നേരം ഞാനോർത്തുള്ളൂ. ഈ തമിഴത്തികളുടെ നീങ്ക്, തൂങ്ക്, തൂശി പോട്, ശാപ്പിട് ഒക്കെ കേട്ട് വെറുത്തുപോയിരുന്നു.
മാസത്തിലൊരിക്കേന്നുള്ള കണക്കില്‍ ആദ്യമൊക്കെ അവളെ കാണാൻ ഞങ്ങള്‍ പോകുമാര്ന്നു. എപ്പഴും നാട്ടുകാരൊള്ള സ്ഥലമായതോണ്ട് ദൂരെയെവിടേലുമായിരിക്കും അവളേം കൂട്ടി പോവുക. തഞ്ചാവൂരും കുംഭകോണത്തും കാഞ്ചീപുരത്തുമൊക്കെ ഞങ്ങള്‍ പോയിട്ടൊണ്ട്. അവരു രണ്ടാളും ഹോട്ടലിലടച്ചിരിക്കുമ്പോ ഞാൻ വണ്ടീമെടുത്ത് ചെറിയ ദൂരമൊക്കെ പോകും. എത്ര നേരമാന്നു വെച്ചാ ഹോട്ടലിന്റെ റിസപ്ഷനിലു പാണ്ടിത്തമിഴും കേട്ടോണ്ടിരിക്കുക! അങ്ങനെ ഒറ്റയ്ക്കു പോകുമ്പം ക്വാളിസ് എന്റേതാന്നു തോന്നാൻ തൊടങ്ങും. സ്വന്തം വണ്ടീല് സൊന്തമിഷ്ടത്തിനു പറപ്പിക്കുന്നേന്റെ ഒരു സുഖമുണ്ടല്ലോ! തമിഴ്നാട്ടിലെ റോഡുകളാണേൽ, ഹോ! കണ്ടാത്തന്നെ കൊതിയാവും. അതിലൂടെയങ്ങനെ ഒഴുകിയൊഴുകിപ്പോകുന്നത്! അതു പറഞ്ഞറിയിക്കാൻ പറ്റുകേല. എപ്പഴായാലും ചെരിപ്പഴിച്ചിട്ടേച്ചേ ഞാൻ ആക്സിലേറ്ററിലും ക്ലച്ചിലും ബ്രേക്കിലുമൊക്കെ ചവിട്ടത്തൊള്ളൂ. അതിന്റെ പേരില്‍ ടോമിച്ചൻ എന്നെ കളിയാക്കിയിട്ടുള്ളേനു കണക്കില്ല. പക്ഷേ ആരെന്നാ പറഞ്ഞാലും ചെരിപ്പിട്ടോണ്ട് എനിക്കു അതേലൊന്നും ചവിട്ടാൻ മനസ്സു വരികേല. കാലിങ്ങനെ ക്ലച്ചിലും ആക്സിലേറ്ററിലും നേരിട്ടു തൊടണം. തൊടുന്നേന്റെ ആ സുഖമറിയണം.
എല്ലാ ദിവസോം രാവിലെ വണ്ടീടെ ആദ്യത്തെ എടുപ്പെന്നു പറഞ്ഞാ എനിക്കങ്ങ് ഏതാണ്ടു പോലാ. മെല്ലെ കീയിട്ട് സോഫ്റ്റായിട്ട് തിരിച്ച് സ്റ്റാർട്ടാക്കി പതുക്കനെ ചവിട്ടിയെടുക്കുമ്പം സത്യം പറയാമല്ലോ എന്റെ ഒടലു മൊത്തമൊന്നു പൊട്ടിത്തരിക്കും. കൈയില്‍ രോമങ്ങളൊക്കെ എഴുന്നു നിക്കും. അതൊന്നും എനിക്കു വേറൊരിടത്തന്നും കിട്ടാത്ത അനുഭൂതിയാ. അതേപോലാ അന്നൊക്കെ ടോമിച്ചനറിയാതെ വണ്ടിയെടുത്ത് ഒറ്റയ്ക്ക്, അറിയാത്ത വഴികളിലൂടെ പോകുമ്പം കിട്ടിയിരുന്നത്. ആ സുഖമറിഞ്ഞേച്ചാ പിന്നെ നമ്മക്ക് വേറൊന്നിനോടും കൊതി തോന്നത്തില്ല. ടോമിച്ചന്റെ കൂടെ എന്തോരം എടത്തിലൊക്കെ ഞാൻ പോയിട്ടൊണ്ട്. നീയും വരുന്നോടാ, ഒന്നു രുചി നോക്കിക്കോ എന്നു ടോമിച്ചൻ ചിലപ്പോ ക്ഷണിക്കുകേം ചെയ്തിട്ടൊണ്ട്. എനിക്കു വേണമെന്നു തോന്നിയിട്ടേയില്ല. ആ സമയം എന്റെ ക്വാളിസിനാത്തു ഗിയറും സ്റ്റിയറിങ്ങുമൊക്കെ തൊട്ടു പിടിച്ചോണ്ടിരിക്കുന്നതാ എനിക്കു സുഖം. എന്റെ ക്വാളിസെന്നൊക്കെ ഞാനൊരൊഴുക്കിലങ്ങു പറഞ്ഞതാ കേട്ടോ. പിന്നെ ഞാനോടിക്കുമ്പം അത് എന്റേതു തന്നാണല്ലോ.
ഒന്നിച്ചുള്ള യാത്രകളിൽ അവരു സന്തോഷമായിട്ടു കളിച്ചും ചിരിച്ചും പൊറകിലിരിക്കും, ഞാൻ എന്റെ ചെരിപ്പിടാത്ത കാലുകൊണ്ട് മാറി മാറി ചവിട്ടി, കൈയോണ്ട് ഗിയറും സ്റ്റിയറിങ്ങും തലോടി രസിച്ചങ്ങനെ വണ്ടിയോടിക്കും. ജീവിതത്തിലെ ഏറ്റവും വലിയ സുഖമേതാന്നു എന്നോടു ചോദിച്ചാൽ നല്ല കണ്ടീഷനിലുള്ള ഒരു വണ്ടിയോടിക്കലാന്നേ ഞാൻ പറയത്തൊള്ളൂ. അതും നമ്മളോടങ്ങു മെരുങ്ങിയ വണ്ടി. എങ്ങനെ വഴങ്ങിത്തരുമെന്നോ! ഒന്നു തൊട്ടാൽ മതി ഗിയറു ചാഞ്ഞുലഞ്ഞ് തനിയെ മാറിക്കൊള്ളും, ആക്സിലേറ്ററാണേ കാൽപാദത്തിലുമ്മവെക്കുന്ന മാതിരി ഇക്കിളിയാക്കും. ബ്രേക്കിലു ചവിട്ടുമ്പോ വേറൊരനുഭൂതിയാ! ക്ലച്ചിലു കാലു വെക്കുമ്പം ഇതു രണ്ടുമല്ലാത്ത വേറൊരു സുഖം! എനിക്കന്നേരം വണ്ടിയോടു വല്ലോമൊക്കെ മിണ്ടിപ്പറയാൻ തോന്നും. ആരുമകത്തില്ലേൽ ഞാൻ വല്ലതും കൊച്ചുവർത്താനമൊക്കെ പറയുകേം ചെയ്യും.
പറഞ്ഞുവന്നത് ടോമിച്ചന്റെ ബന്ധം ഒരു കൊല്ലത്തോളം ഇങ്ങനങ്ങു പോയി. മാസത്തി മാസത്തി വണ്ടിയോടിച്ചു പോകുന്നതു നഷ്ടമാന്നു തോന്നിയിട്ടാണോ എന്തോ ആ സമയത്തു ടോമിച്ചൻ ട്രിച്ചീലോട്ടു വിമാനത്തിനു പോകാൻ തൊടങ്ങി. എയർപോർട്ടിലു വിട്ടേച്ചാപ്പിന്നെ ടോമിച്ചന്റെ വീട്ടിലെ ചില്ലറ ഓട്ടങ്ങളേ കാണൂ. എനിക്കേറ്റവും സങ്കടമൊള്ള കാലമായിരുന്നു അത്. തമിഴ്നാട്ടിലെ കറുകറുത്ത റോഡിലൂടെ എന്റെ ക്വാളിസുംകൊണ്ടൊള്ള ആ പോക്ക് ! അതൊക്കെ നഷ്ടമായി.
ഇവിടെയാണേ പൊട്ടിപ്പൊളിഞ്ഞ റോഡും ഒടുക്കത്തെ തിരക്കും മുക്കിനു മുക്കിനു സിഗ്നലും... എന്നാ മടുപ്പാ!
ഇതിെന്റടേല് വീട്ടില്‍ ചെല സംശയങ്ങളും പ്രശ്നങ്ങളുമൊക്കെയായെന്നു തോന്നുന്നു. പള്ളീൽ പോയി തിരിച്ചുവരുമ്പം ഒറ്റയ്ക്കാണേ റോസീന എന്നോടു കുത്തിക്കുത്തി ചോദിക്കും, വേളാങ്കണ്ണീ ചെന്നാൽ ടോമിച്ചായൻ എവ് ടാ താമസം, എപ്പളും പള്ളീലു പോകുമോ, എല്ലാ കുർബാനേം കാണുവോന്നൊക്കെ. അടുത്തൊള്ള ലോഡ്ജിലാന്നും മുറിയെടുക്കുന്നത് ചുമ്മാതാ, എപ്പളും പള്ളീത്തന്നാ, പള്ളി വാതിലടയ്ക്കുമ്പം ഇച്ചിരെ ഒറങ്ങാനും കുളിക്കാനുവേ റൂമിലു വരത്തൊള്ളൂ എന്നൊക്കെ മനസ്സാക്ഷിക്കുത്തില്ലാതെ ഞാനും തട്ടിവിടും. ആദ്യമൊക്കെ റോസീനക്ക് ഞാൻ പറയുന്നതു വിശ്വാസമാരുന്നു. അവരു കുരിശു വരച്ചേച്ച് മാതാവേ കാത്തോളണേന്നു കണ്ണിൽ വെള്ളം നെറച്ചു പറയും. പക്ഷേ പിന്നെപ്പിന്നെ നീ പച്ചക്കള്ളമാ പറയുന്നേ, അങ്ങേരടെ കള്ളത്തിനു കൂട്ടുനിക്കുവാ, എത്രയൊക്കെ നിനക്ക് വെച്ചുവെളമ്പിത്തന്നിട്ടുണ്ടെടാ ഞാൻ, എന്നെയിങ്ങനെ കളിപ്പിക്കുന്നേനു ദൈവം ചോദിക്കും എന്നെല്ലാം പ്രാകാൻ തുടങ്ങി. എനിക്കന്നേരമൊക്കെ കടുത്ത കുറ്റബോധം തോന്നീട്ടൊണ്ട്. പിന്നെ എന്റെ കൂറ് ടോമിച്ചനോടാണല്ലോന്നോർത്ത് ഞാനങ്ങു സമാധാനിക്കും. ബൈബിളിലും അങ്ങനേതാണ്ടു പറഞ്ഞിട്ടുമൊണ്ട്. എന്റെ കർത്താവും മൊതലാളീമൊക്കെ അങ്ങേരാ. അങ്ങേരോടു മാത്രമേ ഞാൻ വിശ്വസ്തത കാട്ടേണ്ടൂ.
കുറച്ചു നാളൂടെ കഴിഞ്ഞപ്പോൾ ടോമിച്ചന്റെ പോക്ക് രണ്ടും മൂന്നും മാസം കൂടുമ്പഴായി. ഇടയ്ക്ക് ഫോൺ വരുന്നതും ആ കൊച്ച് ഏതാണ്ടൊക്കെ സങ്കടപ്പെട്ട് പറയുന്നതും ടോമിച്ചൻ ആശ്വസിപ്പിക്കുന്നതുമെല്ലാം ഞാൻ വണ്ടീലിരുന്നു കേക്കും. ചിലപ്പോ ടോമിച്ചൻ അരിശപ്പെട്ടു കോളു കട്ടു ചെയ്യും. പിന്നെപ്പിന്നെ അതിന്റെ കോളു വന്നാൽ ശല്യമെന്നും പറഞ്ഞ് എടുക്കാതെയുമായി. നാലഞ്ചു പ്രാവശ്യം വിളിച്ചാൽ ഒരു തവണയെടുത്ത്, ആ വരാം, തിരക്കാന്നേ, മീറ്റിങ്ങിലാന്നേ രാത്രി വിളിക്കാം എന്നൊക്കെ പറഞ്ഞ് വേഗം നിർത്തിക്കളയും. എനിക്ക് ഉള്ളിൽ ചിരി വരും. ഈ പ്രേമോം കല്യാണോം ഒക്കെ ആദ്യത്തെ പുതുമ കഴിഞ്ഞാൽ ഒരേപോലെത്തന്നെ!
റോസീന വിളിക്കുമ്പഴും ടോമിച്ചായൻ ഇതേ നമ്പറിറക്കുന്നത് ഞാനെത്ര പ്രാവശ്യം കേട്ടിരിക്കുന്നു. ആ കൊച്ചിന്റെ കൂടെ ഹോട്ടലിനാത്തിരുന്നിട്ട് വണ്ടീക്കേറുമ്പം പെണ്ണുമ്പിള്ളയോട് ഉളുപ്പില്ലാതെ പറയും, ''എന്റെ പൊന്നേ, പള്ളീല് കുർബ്ബാനയാരുന്നെടീ, മരുതംകുഴീലച്ചന്റെ മലയാളം കുർബ്ബാന! എന്നാ ഒരു ഓജസ്സാന്നോ! കർത്താവ് നമുക്കുള്ളിലൂടെയിങ്ങ് കേറിയിറങ്ങുന്ന തോന്നലല്ലേ, എങ്ങനെ ഫോണെടുക്കാനാ!''
ഇതെല്ലാം കേട്ട് റോസീന കെട്ടിയോന്റെ ദൈവവിചാരത്തെപ്പറ്റിയോർത്ത് കോരിത്തരിക്കുമായിരിക്കും. പാവം! ഇത്തിരിയൊന്നു പഴകുമ്പഴേക്കും ആണും പെണ്ണും തമ്മിലൊള്ള എല്ലാ ബന്ധങ്ങളും കെട്ടു ചീയാൻ തുടങ്ങുമെന്നു ഞാനോർക്കും.
കുറെ പ്രാവശ്യം ആ പെങ്കൊച്ചു വിളിക്കുകേം ഏതാണ്ടൊക്കെ കശപിശയാവുകേം ചെയ്തേപ്പിന്നെയാണ് മൂന്നാലു മാസംകൂടി അത്തവണ ടോമിച്ചൻ വേളാങ്കണ്ണിക്കു പോയത്. പോയേന്റെ പിറ്റേന്ന് എന്നോട് വണ്ടീമെടുത്ത് വേഗം ചെല്ലാൻ പറഞ്ഞു. അതു കേട്ടപ്പഴേ എനിക്കങ്ങ് കൈയും കാലുമൊക്കെ മേലാത്ത പോലൊള്ള പരവേശം! കുറെ നാളായി ഒരു ലോങ് ട്രിപ്പു പോയിട്ട്. അതും ഒറ്റയ്ക്കാണേലത്തെ സുഖം പറയാനൊണ്ടോ! അന്നേരം റോസീന വണ്ടീലൊണ്ട്. ബ്യൂട്ടി പാർലറി പോയേച്ച് വരുവാ. രണ്ടു മണിക്കൂറായിട്ട് ഞാനതിനു പുറത്ത് കാത്തിരിക്കുവാരുന്നു. ഒരു ഇടുക്കുപിടിച്ച റോട്ടിലാ ആ പാർലറ്. വേണേല്‍ ഒന്നു കറങ്ങിയടിച്ചേച്ചൊക്കെ വരാം. സാധാരണ എന്റെ കൂടെ പള്ളീ പോകുമ്പഴും ഷോപ്പിങ്ങിനിറങ്ങുമ്പോഴുമൊക്കെ വണ്ടീന്നിറങ്ങുന്നേനു മുന്നേ ഓഡോമീറ്ററില്‍ ഓട്ടക്കണ്ണിട്ടു നോക്കിയേച്ചേ റോസീന പോകത്തൊള്ളൂ. തിരിച്ചു കേറുമ്പഴും നോക്കും. കിലോമീറ്ററു നോക്കുന്നതാ. നീയെങ്ങും പോകണ്ട, ഇവിടെത്തന്നെ കിടന്നേച്ചാ മതി, എവിടേലും പോണേൽ വണ്ടിയിവിടെ സേഫായി വെച്ചിട്ടു നടന്നു പൊക്കോ എന്നെല്ലാം പറയുകേം ചെയ്യും. പക്ഷേ പാർലറിലു പോകുമ്പം മാത്രം അത്തരം നോട്ടോമില്ല, പറച്ചിലുമില്ല. വേണേൽ നീ വണ്ടിയെടുത്തു ഒന്നു കറങ്ങിയേച്ചു വാ എന്ന മട്ട്. പക്ഷേ ഈ ഇത്തിരിപ്പോരം ടൗണിലെ ബ്ലോക്കിലു വണ്ടിയുരുട്ടാൻ എനിക്കൊരിഷ്ടവുമില്ല. ഞാൻ തണലു നോക്കി പാർക്കു ചെയ്തേച്ച് സീറ്റും പുറകോട്ടാക്കി ചാഞ്ഞു കിടക്കും. ആണുങ്ങളു കാമുകിയേംകൊണ്ട് ഹോട്ടലിപ്പോകുമ്പഴും പെണ്ണുങ്ങള് ഉടലു മിനുക്കാൻ പാർലറിപ്പോകുമ്പഴും ഒരു പോലാണല്ലോന്ന് ഞാനോർക്കും. ഭയങ്കര ഉദാരമനസ്കത. നിനക്കെന്നാന്നു വെച്ചാ ചെയ്തോ എന്ന സൗജന്യം! തിരിച്ചുവരുമ്പോ ഒരു ചമ്മലും വെയ്റ്റ് ചെയ്തു മടുത്തോ എന്ന ലോഹ്യം പറച്ചിലും. ചെയ്യാൻ പാടില്ലാത്തത് ചെയ്യുന്നൂന്നുള്ള ജാള്യതകൊണ്ടായിരിക്കോ ഇത്! അതോ വേറൊരാളും കൂടി ഇതൊക്കെ അറിയുന്നേലൊള്ള നാണക്കേടോ?
എന്തായാലും ഒടനെ ചെല്ലാൻ പറഞ്ഞൂന്നു കേട്ടപ്പോ റോസീനക്കങ്ങു വെപ്രാളം കേറി. ഇച്ചായന് ഏതാണ്ടു പറ്റീട്ടൊണ്ട്, ഞാനും കൂടെ വരുന്നൂന്ന് വാശിയായി. പിന്നെ ഒരു കണക്കില്‍ ഞാൻ പറഞ്ഞു സമാധാനിപ്പിച്ചു. പിറ്റേന്നു പുലർച്ചെ വേളാങ്കണ്ണിക്കു പോകാൻ റെഡിയായിട്ടു ചെല്ലുമ്പം ടോമിച്ചന്റെ മരുമോൻ സാബൂം കൂടിയൊണ്ട് കൂടെ. എനിക്കങ്ങു മനസ്സിടിഞ്ഞു. ആ ചെറുക്കനെ എനിക്കല്ലേലും ഇഷ്ടമല്ല. വളവളാന്നു വർത്തമാനം പറഞ്ഞോണ്ടിരിക്കും. ഒറ്റയ്ക്കു പോകുന്നേന്റെ സുഖമങ്ങു പോയിക്കിട്ടും. അതുമല്ല, വേളാങ്കണ്ണീലെ അവസ്ഥ എന്താന്നു വല്ലോം എനിക്കറിയാവോ! ഇവനേം കൊണ്ടു ചെന്നാൽ ടോമിച്ചന്റെ വായിലിരിക്കുന്നതു ഞാൻ കേൾക്കേണ്ടി വരും. എന്നതായാലും വണ്ടി തൃശൂരു വിടുമ്പത്തേക്കും ചെറുക്കൻ വേറൊരു പ്ലാനുണ്ടാക്കി, അവന്റെ കൂട്ടുകാര്‍ കോയമ്പത്തൂരൊണ്ട്, അവിടെ എറക്കിയേച്ചാ മതി. തിരിച്ചു വരുമ്പം കൂടെക്കൂട്ടണം. റോസീനാന്റി ഒന്നുമറിയാണ്ടിരുന്നാ മതി. ''എനിക്കെങ്ങും വയ്യ, വേളാങ്കണ്ണി വരെ. ആന്റി ശല്യപ്പെടുത്തീതോണ്ടാ ഞാനിറങ്ങിത്തിരിച്ചേ.''
അവൻ ഹെഡ്ഫോണിലു പാട്ടു കേട്ടോണ്ടു പറഞ്ഞു.
കോയമ്പത്തൂരു വരെയേ അവനുണ്ടാരുന്നുള്ളൂ. പക്ഷേ അന്നു ഞങ്ങടെ വഴീക്കൂടെ പോയ പെണ്ണുങ്ങളു വീട്ടിച്ചെന്നാ ഏഴു പ്രാവശ്യം കുളിക്കണം. അത്രേം മെനകെട്ട കമന്റുകളാ അവനവരെ നോക്കി പറഞ്ഞോണ്ടിരുന്നത്. വണ്ടിക്കു പുറത്തേക്ക് ഒരു ചവിട്ടും കൊടുത്ത് തെറിപ്പിച്ചാലോ എന്നുപോലും എനിക്കു തോന്നി. കോയമ്പത്തൂര്‍ അവനേം എറക്കിയേച്ച് പിന്നൊള്ള യാത്ര, എന്റെ ജീവിതത്തിലെ ഏറ്റവും മധുരമായ ഓർമകളിലൊന്നാ! ഞാനും ഞാനെന്നാ പറഞ്ഞാലും കേക്കുന്ന എന്റെ വണ്ടീം മാത്രം. കുറെക്കാലം കൂടിയായിരുന്നു അത്രേം നീണ്ട യാത്ര!
അതു തീരാതിരുന്നാൽ മതിയാരുന്നൂന്നുപോലും തോന്നി.
ഞാൻ ചെല്ലുമ്പം ടോമിച്ചൻ പള്ളീലാ. മൂന്നാലു പ്രാവശ്യം വിളിച്ചപ്പഴാ ഇറങ്ങിവന്നത്. വന്നതും ചോദിച്ചത് നിനക്കിപ്പം തന്നെ തിരിച്ചു വണ്ടിയോടിക്കാവോന്നാണ്. ക്ഷീണമൊണ്ടേൽ സേലത്തെങ്ങാനും ചെന്ന് റൂമെടുക്കാം. എത്രേം പെെട്ടന്ന് ഇവിടുന്നു പോണം. ടോമിച്ചന്റെ പെട്ടീം പ്രമാണോമൊക്കെ ക്ലോക്ക് റൂമീന്നെടുത്തു. ഞാൻ പള്ളീടടുത്തൊള്ള കുളിമുറിക്കെട്ടിടത്തിലു ചെന്ന് കാശു കൊടുത്ത് കുളിച്ച് ഉടുപ്പും മാറ്റി ഫ്രഷായി. സമയം എട്ടുമണിയാവുന്നേയൊള്ളൂ. അവിടുന്നു ഭക്ഷണം കഴിക്കാൻ പോലും ടോമിച്ചൻ സമ്മതിച്ചില്ല. ട്രിച്ചീല് എത്തട്ടേന്നു ബഹളമുണ്ടാക്കിക്കൊണ്ടിരുന്നു. ഞങ്ങള്‍ അപ്പോത്തന്നെ പുറപ്പെട്ടു.
ആ പെങ്കൊച്ചിനെ ഒന്നു കാണണമെന്ന് എനിക്കൊരാശയുണ്ടാരുന്നു. ഒറ്റയ്ക്കു കിട്ടിയാൽ അതിനോടൊന്നു പറഞ്ഞു കൊടുക്കണം, ടോമിച്ചന് മതീം കൊതീമൊക്കെ തീർന്നെന്ന്. കടിച്ചു തൂങ്ങിക്കെടക്കാതെ വേഗം രക്ഷപ്പെട്ടോളാൻ. വല്ല കാനഡേലോ യു.കെയിലോ ഒക്കെ പോയി കുടുംബം രക്ഷപ്പെടുത്തണ്ട കൊച്ചായിരിക്കും. പാവം. ഈ വലേൽ കിടന്ന് അതിന്റെ ജീവിതം നശിക്കാതിരിക്കട്ടെ. പക്ഷേ അവളെ കണ്ടതുമില്ല, ടോമിച്ചനാണേൽ ഒടുക്കത്തെ തിരക്കും.
ഇടയ്ക്ക് നിനക്ക് ഉറക്കം വരുന്നുണ്ടോ, നിർത്തണോ എന്നൊക്കെ ടോമിച്ചൻ ചോദിച്ചോണ്ടിരുന്നു. എനിക്ക് ഡ്രൈവിങ്ങിനിടേൽ ഉറക്കം വരാനോ!
വേണേൽ ഒരാഴ്ച ഞാൻ തുടർച്ചയായിട്ടു മടുപ്പില്ലാതെ വണ്ടിയോടിക്കും. ഇതുപോലത്തെ വണ്ടീം ഇതുപോലത്തെ റോഡും മാത്രം മതി. ഞാൻ സ്റ്റിയറിങ്ങില്‍ അരുമയോടെ തലോടി, ഗിയറിലു പിടിച്ചു കൊഞ്ചിച്ചു. എന്റെ കാൽപാദങ്ങൾക്കു താഴെ ക്ലച്ചും ആക്സിലേറ്ററും മൃദുവായമർന്നു. രാത്രിയായതോണ്ട് ബ്രേക്കില്‍ കാലുവെക്കേണ്ടിപ്പോലും വന്നില്ല. വണ്ടിയങ്ങു പറക്കുകാരുന്നു. നല്ല വണ്ടീം നല്ല റോഡും ആ കോമ്പിനേഷനെപ്പറ്റി നമ്മടെ നാട്ടുകാർക്കൊന്നും ഒരു ബോധോമില്ല. കൊറെ വില പിടിച്ച വണ്ടി വാങ്ങിച്ചു പൊങ്ങച്ചം കാണിക്കണമെന്നല്ലാതെ, അത് ഏതിലേ ഓടിക്കുമെന്നതിനെപ്പറ്റി ഒരു ധാരണേമില്ല, ഓടിക്കുന്നതിന്റെ ആ ഒരു സുഖമറിയണോന്നുമില്ല. ചെലപ്പം എവിടുന്നേലുമൊക്കെ സിനിമകളുടെ മുക്കും മൂലേമൊക്കെ കാണുമ്പം ഞാൻ അതിലെ റോഡാ നോക്കുന്നേ. ഇംഗ്ലീഷു സിനിമേലൊക്കെ എന്നാ ഗംഭീരൻ റോഡുകളാ! ഹിന്ദീലുമൊണ്ട്. കാണുമ്പം ഈ റോട്ടിലൂടൊക്കെയാ ഞാൻ വാങ്ങാനിരിക്കുന്ന സ്കോർപിയോംകൊണ്ട് പറക്കണ്ടതെന്നു കൊതിക്കും. നമ്മടെ സിനിമേലു കാണിക്കുന്ന റോഡുകളു ശ്രദ്ധിച്ചിട്ടൊണ്ടോ, എല്ലാത്തിലും വണ്ടികൾടെ തിരക്കും ബ്ലോക്കും മാത്രം! പൊട്ടിപ്പൊളിഞ്ഞ് വീതി കൊറഞ്ഞ മെനകെട്ട റോഡുകള്‍! കണ്ടാൽതന്നെ വെറുത്തു പോകും. നമ്മടെ ചില സിനിമാനടന്മാര് കോടികൾടെ വണ്ടിയെറക്കി പോർച്ചില്‍ കാഴ്ചക്കു വെച്ചേക്കുന്നതോർത്താ ചിരി വരും. ഓടിക്കാനൊള്ള റോഡും കൂടെ അവന്മാര് ഇറക്കുമതി ചെയ്യണ്ടിവരും.
എവിടെയോ ഏതോ തട്ടുകടേന്ന് ഞങ്ങളു ഫുഡു കഴിച്ചു.
ഡ്രൈവു ചെയ്യുമ്പം ഹെവിയായിട്ടെന്നല്ല, ഭക്ഷണം കഴിക്കാൻ തന്നെ എനിക്കിഷ്ടമല്ല. വയറു നിറയുമ്പം ഓടിക്കുന്നേന്റെ ആ ഫ്ലോ അങ്ങു പോവും. ടോമിച്ചൻ നിർബന്ധിച്ചില്ലാരുന്നേൽ ഞാൻ നിർത്തത്തുതന്നെയില്ലായിരുന്നു. കറു കറുത്ത ദോശക്കല്ലേല്‍ വെളുത്തുപരക്കുന്ന മാവ് മൊരിഞ്ഞുവരുന്നതു കണ്ടപ്പോ ഒരെണ്ണം കഴിച്ചേക്കാമെന്നു തോന്നി. ഉച്ചക്ക് എവിടുന്നോ രണ്ടു തൈരുവട തിന്നതാണ് ഇന്നത്തെ ആകെ ഭക്ഷണം. തണുത്ത കട്ടത്തൈരിലു മല്ലിയിലേം കാരറ്റുമൊക്കെ നുറുക്കിയിട്ടിരുന്നു. അതിലു കുതിർന്നു മദിച്ചു കിടക്കുന്ന വടകളും. ഉച്ചവെയിലത്തു വണ്ടിയോടിക്കുമ്പം കഴിക്കാൻ ഏറ്റവും നല്ല ഫുഡ് ഏതാന്നു ചോദിച്ചാ ഇതാണ്. വിശക്കത്തുമില്ല, വയറും തൊണ്ടേമൊക്കെ തണുത്തു കിടക്കുകേം ചെയ്യും. നാവില്‍ ചെറിയൊരു സുഖമുള്ള പുളിരസോം. ലോങ് റൂട്ടില്‍ വണ്ടിയോടിക്കുമ്പം ഓരോ നേരത്തിനും ചേർന്ന ഓരോരോ ഭക്ഷണമൊണ്ട്. രാത്രിയാണേൽ മധുരമിടാതെ നല്ല കടുപ്പത്തിലൊള്ള കട്ടൻ കാപ്പി, ബ്രൂവിന്റെ പൊടിയിടുന്നതാ നല്ലത്. ആ കയ്പ് നാവിലിങ്ങനെ തങ്ങി നിക്കണം. ഞാൻ റോസ്റ്റും കാപ്പീം കുടിച്ചേച്ച് വണ്ടീൽക്കേറുമ്പം ടോമിച്ചൻ പൊറോട്ടേം ബീഫും തിന്നുതീർത്തിട്ടില്ല.
വണ്ടി നിർത്തിയപ്പോ ടോമിച്ചൻ പിറകിലോട്ടു പോകുന്നതും ചിറീം തുടച്ചോണ്ടു കുറച്ചു നേരം കഴിഞ്ഞു വരുന്നതും കണ്ടാരുന്നു. വണ്ടീലിരുന്നു വെള്ളമടിക്കുന്നത് മുതലാളിയായാലും എനിക്കിഷ്ടമല്ല. ടോമിച്ചൻ ഡിക്കീലാണ് സാധനം വെക്കുക. നിർത്തുമ്പഴൊക്കെ ചെന്ന് ഒന്നോ രണ്ടോ നിൽപനടിക്കും. ഇല മടക്കീട്ട് കൈകഴുകാൻ പോകുമ്പോ ഇച്ചിരെ ബീഫു വേണോടാ, രുചി നോക്കാനെന്ന് ടോമിച്ചൻ ചോദിച്ചിരുന്നു. തമിഴന്മാരു വെക്കുന്ന ബീഫൊന്നും എനിക്കു പിടിക്കില്ല. അതൊക്കെ നമ്മടെ നാട്ടിലെ പെണ്ണുങ്ങളുവെക്കണം.
അതു മാത്രമല്ല, വണ്ടിയോടിക്കുമ്പം എറച്ചീം മീനും മൊട്ടേമൊക്കെ തിന്ന കൈ കൊണ്ടു സ്റ്റിയറിങ്ങേലു തൊടാൻ എനിക്കിച്ചിരെ മടിയുമുണ്ട്.
ഭക്ഷണം കഴിച്ച് കാശും കൊടുത്തേച്ച് മൂത്രമൊക്കെ ഒഴിച്ച് ടോമിച്ചൻ കേറി വരുമ്പം ഒരു പന്ത്രണ്ടരയായിക്കാണും. സാധാരണ രാത്രിയായാലും പകലായാലും വണ്ടീക്കേറിയാൽ ടോമിച്ചൻ അപ്പോ ഉറങ്ങാൻ തുടങ്ങും. ആ പതിവോർത്ത്, ടോമിച്ചൻ പിറകിലോട്ടു കിടന്നോ, ഒറങ്ങിയെണീക്കുമ്പഴത്തേക്ക് നാടു പിടിക്കാം എന്നു ഞാൻ പറഞ്ഞു. സത്യം പറഞ്ഞാ രാത്രി ഒറ്റക്കിരുന്നു വണ്ടിയോടിക്കാൻ വേണ്ടീട്ടാ ഞാനങ്ങനെ പറഞ്ഞത്. അല്ലാതെ ടോമിച്ചനെ ഒറക്കീട്ട് എനിക്കെന്തു പുണ്യം കിട്ടാനാ! അടുത്തിരുന്ന് കൂർക്കം വലിച്ച് വായും പൊളിച്ചൊറങ്ങുന്നത് വണ്ടീടെ മുതലാളിയാണേലും സഹിക്കാൻ കുറച്ചു പ്രയാസമാണ്. പാട്ടുപോലും വെക്കാതെ രാത്രീടേം വണ്ടീടേം മാത്രം ഒച്ച കേട്ടോണ്ട് ഇരുട്ടിലിങ്ങനെ ഒഴുകിയൊഴുകിപ്പോകുന്നതിന്റെ സുഖമൊന്നും പറഞ്ഞാൽ മനസ്സിലാവില്ല. അനുഭവിച്ചുതന്നെ അറിയണം.
അന്നു പക്ഷേ ടോമിച്ചൻ ബാക്കിൽ കേറിയില്ല. സാധാരണ നീയൊറങ്ങിപ്പോകത്തൊന്നുമില്ലല്ലോന്നും ചോദിച്ച് പിറകിൽ കേറിക്കിടന്ന് ഉറങ്ങുന്ന കക്ഷിയാണ്.
കുറെ ദൂരം ഒച്ചേം മിണ്ടാട്ടവുമൊന്നുമില്ലാരുന്നു. ഉറങ്ങിക്കാണുമെന്നാ ഞാൻ വിചാരിച്ചത്. ഞാനാണെങ്കിൽ നല്ലൊരു മൂഡിലേക്കങ്ങു മെല്ലെ മെല്ലെ എത്തുകയായിരുന്നു.
എന്നെ ഞെട്ടിച്ചോണ്ട് ഓർക്കാപ്പുറത്താണ് ടോമിച്ചൻ ചോദിച്ചത്.
''നിനക്കവളെ വേണോടാ?''
എന്നതാ ടോമിച്ചൻ ചോദിക്കുന്നേന്ന് എനിക്കാദ്യം മനസ്സിലായില്ല. ഏതവൾ? ഏതവളായാലും എനിക്കെങ്ങും വേണ്ട. പകരം നിനക്കീ ക്വാളിസു വേണോന്നെങ്ങാനും ചോദിച്ചിരുന്നേൽ! ഞാൻ തമാശയോടെ ഓർത്തു. അത്തരം കളിക്കൊന്നും ഒരു മുതലാളീം റെഡിയാവൂല്ല. പത്തുപതിനഞ്ചു ലക്ഷത്തിന്റെ മൊതലു വേണോന്നു ചോദിക്കാൻ ആർക്കും തോന്നുകേല. പകരം ഇതുപോലെ വെലയില്ലാത്തത് വേണോന്നു ചോദിക്കും, ചുമ്മാ എടുത്തോന്നുപോലും പറഞ്ഞേക്കും.
''ചോദിച്ചതു കേട്ടില്ലേടാ? നിനക്കവളെ വേണോ?''
ആ കൊച്ചിന്റെ പേരും പറഞ്ഞേച്ചാണ് ടോമിച്ചന്റെ ചോദ്യം. എനിക്കവനെ കൊല്ലാൻ തോന്നി. പഞ്ചാരവാക്കും പറഞ്ഞ് കൊണ്ടുനടന്നേച്ച് ഇപ്പം കൂട്ടിക്കൊടുക്കുന്നോ! ചെറ്റ! എനിക്ക് അടിമുടി വിറച്ചു. ചോദിക്കുന്നത് മുതലാളിയായിപ്പോയി. കൈയില്‍ അവന്റെ വണ്ടിയായിപ്പോയി. വല്ലോം പറയാവോ! ഇങ്ങനത്തെ ചില നിസ്സഹായാവസ്ഥകളു ജീവിതത്തിലൊണ്ട്. വല്ലവന്റേം പണിക്കാരനായിട്ട് ജീവിക്കുന്നേന്റെ ഗതികേട്. അരിശം ഞാൻ വണ്ടിയോടു തീർത്തു. ബ്രേക്കില്‍ ആഞ്ഞൊരു ചവിട്ടുവെച്ചുകൊടുത്തു. ടോമിച്ചൻ സീറ്റ്ബെൽറ്റിനുള്ളിലും കനത്തിൽ മുന്നോട്ടാഞ്ഞു.
''എന്നാ പറ്റിയെടാ!''
''എന്തോ പെട്ടന്ന് കുറുകെ ചാടി.''
കാലുകൊണ്ട് ബ്രേക്കിനെയൊന്നുരുമ്മി അതിനോട് മൗനമായൊരു ക്ഷമാപണം നടത്തിക്കൊണ്ട് ഞാൻ പച്ചക്കള്ളം പറഞ്ഞു.
''ഓ! വല്ല മൊയലുമായിരിക്കും. നോക്കി ഓടിക്ക്.''
കുറച്ചു നേരം ടോമിച്ചൻ പിന്നൊന്നും മിണ്ടിയില്ല. ഈ വിഷയം ഇനി പറയത്തില്ലാരിക്കും എന്നു ഞാനും കരുതി. പക്ഷേ കുറച്ചു കഴിഞ്ഞപ്പോൾ വീണ്ടും അവൻ അതെടുത്തിട്ടു.
''സത്യം പറ, നിനക്ക് അവളെ വേണമെന്നു തോന്നീട്ടില്ലേ? കിട്ടിയാക്കൊള്ളാരുന്നു എന്നു തോന്നീട്ടില്ലേ? എന്നതായാലും നീയും ഒരാണല്ലേ? വണ്ടീല് ഇങ്ങനൊരു ചരക്കിരിക്കുമ്പോ നിനക്ക് വേറെ വിചാരം ഒന്നും തോന്നീട്ടില്ലെന്നു മാത്രം ജോയീ നീ പറയരുത്. അത്രേം പുണ്യാളനൊന്നുമാകരുത് നീ! അതെനിക്കിഷ്ടവല്ല. ഒള്ളത് ഒള്ളതുപോലെ തുറന്നു പറയ്. നമുക്കെടേലെന്നാത്തിനാടാ ഒരു മറ?''
ടോമിച്ചാ കുടിച്ചു ലക്കുകെട്ട് ഇമ്മാതിരി ശേലുകേട് പറയരുതെന്ന് അവനെ ശാസിക്കണമെന്ന് എനിക്കു തോന്നി. അവന്റെ ഭാര്യേനേം അമ്മേനേം പെങ്ങന്മാരേം ഒക്കെ ഞാൻ വണ്ടീൽ കേറ്റി എവിടെല്ലാം കൊണ്ടുപോയിട്ടുണ്ട്. അവരും ഇവൻ പറയുന്നപോലത്തെ ചരക്കുകളു തന്നാ. എനിക്കന്നേരം തോന്നാത്ത വേറെ വിചാരമാന്നോ ഇനിയാ കൊച്ചിന്റെ കാര്യത്തില്‍! അതും കണ്ടാത്തന്നെ വെള്ളം നനഞ്ഞുനിക്കുന്ന ലില്ലിപ്പൂവുമാതിരിയൊള്ള ഒരു കൊച്ച്! അവളെ വെച്ചു നോക്കുമ്പം വെളുത്തു കൊഴുത്ത റോസീനയൊക്കെയാണ് മുട്ടൻചരക്ക്. പക്ഷേ അവന്റെ കെട്ടിയോൾടേം തള്ളേടേം കാര്യം പറഞ്ഞാ എനിക്ക് അടിപൊട്ടുമെന്നുറപ്പാണ്. ഞാൻ മലയാറ്റൂരു മുത്തപ്പാന്നു മനസ്സിൽ വിളിച്ച് പല്ലുകടിച്ചമർത്തിയിരുന്നു.
''നിനക്കറിയാവോ ആദ്യമൊക്കെ അവളെ കാണുമ്പത്തന്നെ എനിക്ക് കൺട്രോളു പോകുമാരുന്നു. അവക്കടെ ചിരി, അവടെ ചുണ്ട്... എല്ലാം കൂടി കാണുമ്പോ ക്ഷമയില്ലാണ്ടാവും. അന്നേരം തന്നെ വേണമെന്നു തോന്നും. ആദ്യത്തെ തവണ ചിദംബരത്തു പോയ അന്ന് ഞങ്ങള്‍ ഓടുന്ന വണ്ടീലിരുന്ന്... നീ അറിയാത്തതൊന്നുമല്ല. അറിയാത്ത ഭാവം നടിച്ചതാന്നെനിക്കറിയാം. അതാ ഒരു നല്ല ഡ്രൈവറുടെ ഗുണം. വണ്ടിക്കാത്ത് എന്നാ നടന്നാലും ഇനീപ്പോ ഒരു കൊല നടന്നാലും തിരിഞ്ഞു നോക്കരുത്, ഇടപെടുകേം അരുത്. നേരെ മുന്നോട്ടു നോക്കി സ്റ്റിയറിങ് തിരിച്ചോളുക! നീ ആ ടൈപ്പാ. അതാ നിന്നെ ഞാൻ വിടാത്തത്.''
ടോമിച്ചൻ എന്റെ തോളത്തൊരൊറ്റ അടി. എനിക്കു നന്നായി വേദനിച്ചു. ഇവൻ പറയുന്ന കാര്യം സത്യം പറഞ്ഞാ ഞാനറിഞ്ഞിട്ടില്ല. ചിദംബരത്തു പോയതോർക്കുന്നൊണ്ട്. മാന്തോപ്പുകൾക്കിടയിലൂടെയുള്ള ആ വഴിയും. ടോമിച്ചനും അവളും കൂടെ വണ്ടിക്കകത്ത് എന്നാ കാണിക്കുന്നേന്നൊന്നും ഞാൻ നോക്കിയിട്ടുമില്ല, എനിക്കതറിയാനൊട്ടു താൽപര്യവുമില്ല. കിണുങ്ങലും കൊഞ്ചലുമൊക്കെ കേക്കുമ്പംപോലും ഞാൻ വല്ല പാട്ടും ശബ്ദം താഴ്ത്തിവെക്കുകാ പതിവ്.
പക്ഷേ എന്നതായാലും തിരിച്ചു ചെന്നിട്ട് വണ്ടിയൊന്നു വാട്ടർ സർവീസിനു കൊടുക്കണം.
''അന്നെല്ലാം നിന്റെ മനസ്സില്‍ ആശ കാണുമെന്നെനിക്കറിയാം. പക്ഷേ ഞാനപ്പഴൊക്കെ ഭയങ്കര സ്വാർഥനായിപ്പോയെടാ ഉവ്വേ! കെട്ടുപോലും കഴിയാതെ മൂത്തു നിക്കുന്ന നിന്നേം മുന്നിലിരുത്തി ഞാനെന്നതൊക്കയാ ചെയ്തത്! എനിക്കു പ്രായശ്ചിത്തം ചെയ്യണമെടാ! കുമ്പസാരിക്കുകേം വേണം. അതു ഞാൻ മാതാവിന്റെ പള്ളീന്നു ചെയ്തു. പക്ഷേ ആ അച്ചനൊരു കൊണമില്ലെടാ, ഒരു കെളവൻ തമിഴനച്ചനാ. അയാക്ക് ഒന്നും മനസ്സിലാവുന്നുമില്ല. ഞാൻ വ്യഭിചാരം ചെയ്തു, പരസ്യമായിട്ടു അന്യസ്ത്രീയെ ഭോഗിച്ചു എന്നൊക്കെ പറയുമ്പം ചെവീം കേക്കാത്ത ആ കെളവൻ ചോദിക്കുന്നത് -എന്ന? എന്നാ? അവസാനം മടുത്തിട്ടു ഞാൻ നിർത്തി. പത്തു നന്മ നിറഞ്ഞ മറിയം ചൊല്ലാനാ അയാളു പ്രായശ്ചിത്തം തന്നേ. അങ്ങനെ തീരുന്ന പാപമാണോടാ ഞാൻ ചെയ്തത്? നീ പറ, ആ പാപം കന്യകയായിട്ടൊള്ള മറിയത്തെ സ്തുതിച്ചാ തീരുന്നതാണോ? എനിക്കു നാട്ടിച്ചെന്നിട്ടു നന്നായിട്ടൊന്നു കുമ്പസാരിക്കണം.''
ഞാൻ ഉള്ളിൽ ചിരിച്ചു. ടോമിച്ചന്റെ എടവകേലെ ആ ചക്കരവക്കൻ കൊച്ചച്ചന്റെ അടുത്തു തന്നെ ചെന്നു കുമ്പസാരിക്കണം. അങ്ങേരു വിശദമായിട്ടോരോന്നു ചോദിച്ചറിയുകേം ചെയ്യും റോസീനക്കു കൊളുത്തിക്കൊടുക്കുകേം ചെയ്യും. എടവകേലെ പെണ്ണുങ്ങൾക്കു മുഴുവൻ ലൈന്‍ വലിക്കാൻ പഴുതും നോക്കിയിരിക്കുന്ന ഒരു കോഴിയാ അങ്ങേര്.
ഇത്തരം കാര്യങ്ങളൊന്നും ഒരാണും വേറൊരാണിനോടു പറയരുത്. അതിപ്പം കത്തനാരോടായാലും സ്വന്തം ഡ്രൈവറോടായാലും. ടോമിച്ചന്റെ തൊഴിലാളിയായിരിക്കുന്ന കാലത്ത് ഞാനിതൊന്നും ആരോടും പറയത്തില്ലായിരിക്കും. പക്ഷേ അങ്ങനെ അല്ലാതാവുമ്പഴോ! എനിക്കും ഇതു പറഞ്ഞു നടക്കാൻ കൊള്ളാവുന്ന ഇക്കിളിക്കഥയല്ലേ? ഇതൊക്കെ എത്ര പഴകിയാലും ആളുകൾക്കു കേക്കാൻ കൊതി തീരുകേല.
ഇങ്ങനൊക്കെ ഓർത്തെങ്കിലും ഞാനൊന്നും മിണ്ടാൻ പോയില്ല. ടോമിച്ചനൊന്നു ഒറങ്ങിക്കിട്ടിയാൽ മതിയാരുന്നൂന്നായിരുന്നു പ്രാർഥന. എന്റെ രാത്രിഡ്രൈവിന്റെ സുഖോം രസോം കളഞ്ഞ് ഇവന്റെ ഒടുക്കത്തെ കുറ്റബോധോം കുമ്പസാരോം!
''എടാ നീ വണ്ടിയൊന്നൊതുക്കിയേ. എനിക്ക് മൂത്രമൊഴിക്കണം.''
ടോമിച്ചൻ പെെട്ടന്നു പറഞ്ഞപ്പോൾ ഞാൻ വണ്ടി സൈഡിലാക്കി നിർത്തി. ഡിക്കി തുറക്കാൻ പറഞ്ഞപ്പഴേ മൂത്രമൊഴിക്കാനല്ല, വെള്ളമടിക്കാനാണെന്ന് എനിക്കു മനസ്സിലായി. വണ്ടീം വെളിച്ചോം ഒന്നുമില്ലാത്ത കാട്ടുവഴിയാണ്, ഇവിടിങ്ങനെ നിർത്തിയിടുന്നത് സേഫല്ല. വേഗം വന്നു കേറിയാൽ മതിയാരുന്നു. ടോമിച്ചൻ അധികം സമയമെടുത്തില്ല, പെെട്ടന്നു തിരിച്ചുവന്നു. പക്ഷേ എന്നെ ഞെട്ടിച്ചുകൊണ്ട് ടോമിച്ചൻ വലതുവശത്തോട്ടാ വന്നത്.
''നീയെറങ്ങ്, എനിക്കിച്ചിരെ ഓടിക്കണം, നീയൊള്ള കാരണം ഞാനെന്റെ വണ്ടി ഒന്നു കൊതി തീരെ ഓടിച്ചിട്ടുപോലുമില്ല. മാറ്.''
ഞാനേതോ വലിയ പാതകംചെയ്ത മട്ടിലായിരുന്നു ടോമിച്ചന്റെയാ പറച്ചില്. ആവുംമട്ടെല്ലാം ഞാൻ പിന്തിരിപ്പിക്കാൻ നോക്കി. നെറപാതിര, കൊന്നാലും വണ്ടിയോടിക്കാനിഷ്ടമില്ലാത്ത ടോമിച്ചൻ, പോരാത്തേന് നല്ല വെള്ളവും. ചവിട്ടി പറത്താൻ തോന്നുന്ന വഴീം കൂടെയായാല്‍ പറയാനൊണ്ടോ! എന്തു പറഞ്ഞിട്ടും ഒരു കാര്യോമുണ്ടായില്ല. അവൻ എന്റെ കോളറേലു പിടിച്ച് വലിച്ചിറക്കി, ആരെടാ ഈ വണ്ടീടെ ഉടമസ്ഥൻ? ഞാനോ നീയോ എന്നൊക്കെ ചോദിക്കുന്നുമുണ്ടായിരുന്നു. അവൻ കേറി സ്റ്റാർട്ടു ചെയ്തപ്പോ വണ്ടീക്കേറാതെ എനിക്കു വേറെ വഴിയില്ലാതായി. ഊരും കൈയിലെടുത്ത് ഞാൻ അപ്പുറത്തിരുന്നു, കൈയ് ഹാൻഡ്ബ്രേക്കിനടുത്തുതന്നെ പിടിച്ചോണ്ട്. ടോമിച്ചൻ നല്ല സ്പീഡിലാരുന്നു. അതിനെടേല് അവനെന്നോട് സോറിയൊക്കെ പറഞ്ഞു. ഞാൻ മിണ്ടാൻ പോയില്ല. കള്ളും കുടിച്ച്, ബീഫും തിന്നേച്ച് അവനെന്റെ ക്വാളിസിന്റെ സ്റ്റിയറിങ്ങേല് തൊട്ടതു തന്നെ എനിക്കു സഹിക്കാൻ പറ്റുന്നില്ല. ഇതവൻ എവിടെക്കൊണ്ടേ കുത്തുമെന്ന പേടി വേറേം.
''നേരത്തെ ചോദിച്ചേനു നീ മറുപടിയൊന്നും പറഞ്ഞില്ല. നിനക്കവളെ വേണോ? നീയവളെ കെട്ടിക്കോടാ. ഞാൻ വിട്ടുതന്നേക്കുന്നു. നിനക്കു പറ്റുമോടാ? അവക്കു കല്യാണാലോചനകളാണന്ന്.''
ഇനീം പിടിച്ചുനിക്കാൻ പറ്റത്തില്ലാന്ന്.
ഞാനവളെ കെട്ടണമെന്ന് വാശി. എന്റെ കെട്ടു കഴിഞ്ഞതല്ലേന്നു പറഞ്ഞപ്പോ ''രഹസ്യക്കല്യാണം മതി, പക്ഷേ താലികെട്ടണം , രജിസ്റ്ററുചെയ്യണം, രേഖ വേണം, അവടെ കൂടെ താമസിക്കുകേം വേണം... ചിന്നവീടൊക്കെ തമിഴന്മാരുടെ സെറ്റപ്പാടാ. നമുക്കു കൊണ്ടുനടക്കാൻ പറ്റുകേല. അതിലും നല്ലത് നീയവളെ കെട്ടിക്കോ. കാര്യങ്ങളൊക്കെ ഞാൻ നോക്കിക്കൊള്ളാം. നീയൊന്നു നിന്നു തന്നാ മതി.''
എനിക്ക് അരിശം കാലീന്നിരച്ചുകയറി. അവന്റെ എച്ചില് ഞാനെടുക്കണം. എന്നിട്ട് എന്റെ വീടിന്റെ വാതില്‍ അവനു തുറന്നിട്ടു കൊടുക്കണം! പട്ടി!
''പ്രശ്നം കുറച്ചു സീരിയസാ. ഞാൻ കെട്ടാൻ തയ്യാറല്ലേല് എല്ലാം പരസ്യമാക്കുമത്രേ. വീട്ടിക്കേറി വരുമത്രേ! അവക്കും ചോദിക്കാനും പറയാനുമൊക്കെ ആളൊണ്ടെന്ന്! ഭീഷണിയാടാ! ആ നരുന്തുപെണ്ണിന്റെ ഭീഷണി! അതും ഈ ടോമിച്ചനോട്! അവളെന്താ വിചാരിച്ചത്! നിന്റെ കാര്യം ഞാനവളോടു പറഞ്ഞു. എന്നെയവള് മുഖത്തടിച്ചു. എന്റെ കൺട്രോളങ്ങു പോയെടാ!''
ഒരു ഹെയർപിൻ വളച്ചെടുക്കുന്നതിനിടയിൽ ടോമിച്ചൻ നിർത്താതെ പറഞ്ഞുകൊണ്ടിരുന്നു.
''പരസ്ത്രീയുടെ അധരങ്ങളിൽനിന്നു തേൻ ഇറ്റിറ്റു വീഴുന്നു
അവളുടെ സംഭാഷണം എണ്ണയെക്കാൾ മാർദവമുള്ളതാണ്.
എന്നാൽ ഒടുവിൽ അവൾ കാഞ്ഞിരത്തെക്കാൾ കയ്പുള്ളവളാണ്.
ഇരുതല വാളിനെക്കാൾ മൂർച്ചയുള്ളവൾ.
അവളുടെ പാദങ്ങൾ മരണത്തിലേക്ക് ഇറങ്ങിപ്പോകുന്നു'' -ഏതാണ്ടു കവിതയാണ് ടോമിച്ചൻ പറയുന്നതെന്ന് എനിക്കു തോന്നി. അതോ ബൈബിളോ? അവസാനത്തെ വരികൾ കേട്ടപ്പോ എന്റെ ഉള്ളൊന്നു തണുത്തു വിറച്ചു. മരണത്തിലേക്ക് ഇറങ്ങിപ്പോവുന്നു..?
''ഞാനവളേം ഇങ്ങു കൂട്ടിയെടാ. ദാണ്ടെ വണ്ടിക്കാത്തിരിക്കുന്നുണ്ട്. എന്നെ ഭീഷണിപ്പെടുത്തിയേച്ചും മുഖത്തടിച്ചേച്ചും ഒരുത്തിയുമങ്ങനെ ആളു കളിക്കണ്ട, ഇതു മുരിങ്ങത്താനത്തെ ടോമിച്ചനാ!''
പിറകിൽ ആരുമില്ലെന്നറിഞ്ഞിട്ടും ഞാൻ ഭയത്തോടെ തിരിഞ്ഞുനോക്കി.
ടോമിച്ചൻ ഉറക്കെ പൊട്ടിച്ചിരിച്ചു.
''ഡിക്കീലാടാ! ഒടിച്ചു മടക്കിവെച്ചേക്കുവാ! നിനക്കു വേണേലെടുത്തോ, അല്ല, നീ തന്നെ എടുക്കണം. നിനക്കു പെണ്ണും പെടക്കോഴീം ഒന്നുമില്ലല്ലോ, നിനക്കെന്റെ സമ്മാനമാ, എടുത്തോ.''
ഞാൻ വിറയലോടെ ടോമിച്ചനെ നോക്കി. എന്റെ കൈകൾ ഹാൻഡ് ബ്രേക്കിൽനിന്നു വഴുതി. നൂറ്റഞ്ചിനും മുകളിലേക്ക് ഓടിക്കയറുന്ന സ്പീഡോമീറ്ററും മുന്നിലെ കൊടുംവളവു മാത്രം ഞാൻ അവസാനമായി കണ്ടു. അവളുടെ ചുവടുവെപ്പുകൾ പാതാളമാർഗത്തിലാണെന്നു ടോമിച്ചന്റെ പിറുപിറുക്കലുകളും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.