ലോകം അനീതികൾകൊണ്ടും അക്രമംകൊണ്ടും നിറയുന്നതായി തോന്നുന്നു. അന്തമില്ലാത്ത മനുഷ്യക്കുരുതികളും ഹിംസയും കുറഞ്ഞപക്ഷം പശ്ചിമേഷ്യയെങ്കിലും വിടാതെ പിന്തുടരുന്നു. ഫലസ്തീനുമേൽ ഇസ്രായേൽ നടത്തിയ നിഷ്ഠുരമായ സൈനിക അധിനിവേശവും അതിക്രമങ്ങളും ഇപ്പോഴും അവസാനിച്ചിട്ടില്ല. ഇപ്പോഴിതാ ലബനാനിൽനിന്നുള്ള വാർത്തകൾ ഒട്ടും പ്രതീക്ഷ നൽകുന്നതല്ല.
സെപ്റ്റംബർ 23, 24 തീയതികളിൽ ലബനാനിൽ ഇസ്രായേൽ നടത്തിയ കനത്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 569 ആയി. ഇവരിൽ 50 പേർ കുട്ടികളാണ്. 1835 പേർക്ക് പരിക്കേറ്റു. തലസ്ഥാനമായ ബൈറൂതിലും ഇസ്രായേൽ ബോംബുകൾ വർഷിച്ചു. ആക്രമണം കൂടുതൽ കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിച്ചതോടെ യുദ്ധഭീതിയിൽ തെക്കൻ ലബനാനിൽനിന്ന് ആയിരങ്ങൾ പലായനം ചെയ്യുകയാണ്. ഒഴിഞ്ഞുപോകുന്ന കുടുംബങ്ങൾ ബൈറൂതിലെ സ്കൂളുകളിലും തീരനഗരമായ സിദോണിലുമാണ് അഭയംതേടുന്നത്. അയൽരാജ്യമായ സിറിയയിലേക്കും പലരും രക്ഷപ്പെടുന്നതിനാൽ അതിർത്തിയിലെ റോഡുകളിലും ഗതാഗതം നിലച്ചു.
പേജർ, വാക്കി ടോക്കി സ്ഫോടനങ്ങൾക്ക് പിന്നാലെയാണ് ലബനാനിൽ ഇസ്രായേലിന്റെ ആക്രമണം തുടങ്ങിയത്. ഹിസ്ബുല്ല കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് അക്രമമെന്ന് ഇസ്രായേൽ ആവർത്തിക്കുന്നുണ്ട്. തിങ്കളാഴ്ച പുലർെച്ച തുടങ്ങിയ ആക്രമണത്തിൽ ഹിസ്ബുല്ല കേന്ദ്രങ്ങളിൽനിന്ന് ഒഴിഞ്ഞുപോകാൻ പ്രദേശവാസികൾക്ക് ഇസ്രായേൽ ഫോൺസന്ദേശം നൽകിയിരുന്നു. ലബനാനിൽ കൊല്ലപ്പെട്ടതിൽ ഭൂരിഭാഗവും ലിത്വാനിയുടെ തീരങ്ങളിൽ അധിവസിക്കുന്നവരാണ്. ഗസ്സയിൽ ഇസ്രായേൽ നടത്തിക്കൊണ്ടിരിക്കുന്ന വ്യോമാക്രമണങ്ങൾ ദക്ഷിണ ലബനാനിലും പതിന്മടങ്ങ് ശക്തിയിൽ ആവർത്തിക്കുമെന്നാണ് സൂചന. ഗസ്സയിൽ ഹമാസായിരുന്നു ലക്ഷ്യമെങ്കിൽ ലബനാനിൽ അത് ഹിസ്ബുല്ലയാണെന്ന വ്യത്യാസം മാത്രം. സംഘർഷം ഉടൻ അവസാനിപ്പിക്കണമെന്ന് ഐക്യരാഷ്ട്ര സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്. യു.എന്നിന്റെയും അന്താരാഷ്ട്ര സമൂഹത്തിന്റെയും ആവശ്യം നിരാകരിച്ച് ഇസ്രായേൽ വ്യോമാക്രമണം തുടർന്നാൽ കൂട്ടപ്പലായനംതന്നെ സംഭവിക്കും. കാരണം, ദക്ഷിണ ലബനാനിലെ മനുഷ്യവാസ കേന്ദ്രങ്ങൾ ലക്ഷ്യമാക്കിയാണ് ഇസ്രായേൽ ഇപ്പോൾ വ്യോമാക്രമണങ്ങൾ കടുപ്പിച്ചിരിക്കുന്നത്.
2006ൽ ഒരു മാസത്തിലധികം നീണ്ട ഹിസ്ബുല്ല-ഇസ്രായേൽ യുദ്ധകാല സമാനമാണ് ലബനാനിലെ കാഴ്ച. അന്ന്, 10 ലക്ഷം പേരാണ് ലബനാനിൽനിന്ന് ജീവൻ തേടി രക്ഷപ്പെട്ടത്. 2006 ജൂലൈ 12നായിരുന്നു ആ യുദ്ധത്തിന്റെ തുടക്കം. അതിർത്തിയിൽ ഇടക്കിടെ ഹിസ്ബുല്ലയും ഇസ്രായേൽ സൈന്യവും തമ്മിൽ നടക്കാറുള്ള ചെറിയ പോര് വലിയൊരു യുദ്ധത്തിലേക്ക് നീങ്ങി. ആഗസ്റ്റ് 11 വരെ നീണ്ട യുദ്ധത്തിൽ ഇസ്രായേലിന്റെ 121 സൈനികരും 44 സിവിലിയന്മാരും കൊല്ലപ്പെട്ടു. ലബനാനിൽ 1500നടുത്ത് സാധാരണക്കാർ കൊല്ലപ്പെട്ടുവെന്നാണ് ഔദ്യോഗിക കണക്ക്. യു.എൻ രക്ഷാസമിതിയുടെ ഇടപെടലിലൂടെ യുദ്ധം അവസാനിച്ചു. തുടർന്ന് ലബനാനിൽനിന്ന് ഇസ്രായേൽ സൈന്യം പിൻവാങ്ങി. ഉപരോധം അവസാനിപ്പിക്കുകയുംചെയ്തു.
ഇപ്പോൾ ഇസ്രായേലിലേക്ക് ഹിസ്ബുല്ലയും മിസൈൽ ആക്രമണം നടത്തുന്നുണ്ട്. സെപ്റ്റംബർ 23 രാത്രിയും 24 രാവിലെയും ഇസ്രായേലിലെ സ്ഫോടക നിർമാണശാലയിൽ ഉൾപ്പെടെ എട്ടു കേന്ദ്രങ്ങളിൽ മിസൈൽ ആക്രമണം നടത്തിയതായി ഹിസ്ബുല്ല അറിയിച്ചു. ഗസ്സയിലെ ജനതക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ഇസ്രായേൽ കടന്നുകയറ്റം പ്രതിരോധിക്കുകയാണ് തങ്ങൾ ചെയ്യുന്നതെന്ന് ഹിസ്ബുല്ല വ്യക്തമാക്കുന്നു.
ഗസ്സക്കുശേഷം ലബനാനോ ഇസ്രായേലിന്റെ ലക്ഷ്യമെന്ന ചോദ്യം അന്താരാഷ്ട്ര സമൂഹം ഉന്നയിക്കുന്നുണ്ട്. സമാധാനവും സുരക്ഷിതവുമായ ജീവിതം എല്ലാ സമൂഹങ്ങളുടെയും ജന്മാവകാശമാണ്. അത് നിഷേധിക്കപ്പെടരുത്. ഇസ്രായേലിന്റെ യുദ്ധക്കൊതിക്കെതിരെ ലോകം ഒന്നടങ്കം നിലയുറപ്പിക്കേണ്ട സമയമാണിത്. ഇനിയും ദുരന്തവും മനുഷ്യക്കുരുതികളും ലോകത്തിന് ആവശ്യമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.