അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപ് വിജയിച്ചു. ഇനി അധികാരാരോഹണം മാത്രം ബാക്കി. നാലുവർഷ ഇടവേളക്കുശേഷം രാജ്യത്തിന്റെ 47ാമത്തെ പ്രസിഡന്റായി വീണ്ടും ട്രംപ് വൈറ്റ്ഹൗസിലേക്ക് എത്തും. ഒരിക്കൽ തോറ്റ പ്രസിഡന്‍റ് വീണ്ടും തെരഞ്ഞെടുക്കപ്പെടുന്ന ബഹുമതിയും 127 വർഷങ്ങൾക്കുശേഷം ആദ്യമായി ട്രംപ് സ്വന്തമാക്കി. ട്രംപിന്‍റെ മുൻകാല ചെയ്തികളും നയങ്ങളും അറിയാവുന്നതിനാൽ ലോകത്തൊരിടത്തും ഇൗ വിജയത്തിൽ ജനാധിപത്യവാദികൾ സന്തോഷിക്കാനിടയില്ല. 2020ലെ തെരഞ്ഞെടുപ്പിൽ തോൽവി സമ്മതിക്കാൻ കൂട്ടാക്കാതെ, കാപിറ്റൽ കൈയേറാൻ ശ്രമിച്ച് ട്രംപ് അപഹാസ്യനായത് ലോകം മറന്നിട്ടില്ല.
ട്രംപിന്‍റെ കുടിയേറ്റ വിരുദ്ധ നിലപാട് കുപ്രസിദ്ധമാണ്. അനധികൃത കുടിയേറ്റക്കാരെ അതത് രാജ്യങ്ങളിലേക്ക് തിരികെ കയറ്റിവിടുമെന്ന് അടുത്തിടെയും ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്. അമേരിക്കയിലെ നിർമാണമേഖലയിലെ വലിയൊരു വിഭാഗവും മെക്സികോ, സെൻട്രൽ അമേരിക്ക എന്നിവിടങ്ങളിലെ അനധികൃത തൊഴിലാളികളാണ്. ജനനംകൊണ്ടുതന്നെ പൗരത്വം ലഭിക്കുന്ന നിയമം നിർത്തലാക്കുകയെന്നതാണ് റിപ്പബ്ലിക്കൻ പാർട്ടിയുടെ ലക്ഷ്യം. അത് നടപ്പാക്കപ്പെട്ടാൽ ഇന്ത്യക്കാരെയടക്കം സാരമായി ബാധിക്കും.
കഴിഞ്ഞതവണ പ്രസിഡന്റായപ്പോൾ ട്രംപ് മുസ്‍ലിം ഭൂരിപക്ഷ രാജ്യങ്ങളിൽനിന്നുള്ള നിരവധി പൗരന്മാർക്ക് യാത്രാനിരോധനം ഏർപ്പെടുത്തിയിരുന്നു. മെക്സികോ-യുനൈറ്റഡ് സ്റ്റേറ്റ്സ് അതിർത്തി മതിൽ വികസിപ്പിക്കാൻ അക്കാലത്ത് ട്രംപ് ധനസഹായം നൽകി. കുടുംബ വേർതിരിക്കൽ നയം നടപ്പാക്കി. നൂറിലധികം പാരിസ്ഥിതിക നയങ്ങളും നിയന്ത്രണങ്ങളും പിൻവലിച്ചു. 2017ൽ ടാക്സ് കട്ട്സ് ആൻഡ് ജോബ്സ് ആക്ടിൽ ട്രംപ് ഒപ്പുെവച്ചതും വിമർശിക്കപ്പെട്ടിരുന്നു.
പൊതുവിദ്യാഭ്യാസ രംഗത്തിനുള്ള സാമ്പത്തികസഹായം വെട്ടിക്കുറച്ച് സ്വകാര്യ വിദ്യാലയങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് ട്രംപിന്‍റെ നയം. ഇതിലൂടെ സിലബസിലും നിയമങ്ങളിലും മാറ്റം കൊണ്ടുവരുകയാണ് ലക്ഷ്യം. ഇസ്രായേൽ-ഫലസ്തീൻ സംഘർഷത്തിൽ വ്യക്തമായൊരു തീർപ്പുണ്ടാക്കാനും ഇസ്രായേലിനെ നിയന്ത്രിക്കാനും ഇറാനുമേൽ കടുത്ത ഉപരോധങ്ങൾ ഏർപ്പെടുത്താനും റിപ്പബ്ലിക്കൻ പാർട്ടിക്ക് കഴിയുമെന്നാണ് അമേരിക്കൻ ജനതയുടെ വിശ്വാസം. റിപ്പബ്ലിക്കൻ പാർട്ടിയും ഇസ്രായേലുമായുള്ള ബന്ധം അവിടത്തെ സംഘർഷങ്ങളെ ഇല്ലാതാക്കുമെന്ന് ഗസ്സയിലെ ജനങ്ങളും കരുതുന്നു.
എന്നാൽ, ട്രംപ് ഇക്കാര്യത്തിൽ ഗുണകരമായതൊന്നും ചെയ്യുമെന്ന് കരുതുക സാധ്യമല്ല. ട്രംപ് യുക്രെയ്ൻ യുദ്ധവിഷയത്തിൽ റഷ്യക്ക് ഒപ്പമാണ്. റഷ്യൻ വിരുദ്ധ പക്ഷത്തുനിന്നുകൊണ്ട് ഒരു പ്രത്യയശാസ്ത്ര വാശിയോടെ എന്നപോലെ അമേരിക്ക പിന്തുണച്ച യുക്രെയ്‌നിന്‍റെ കാര്യത്തിൽ ട്രംപിന്‍റെ തികച്ചും വ്യത്യസ്തമായ നിലപാട് നടപ്പായാൽ അത് ലോക രാഷ്ട്ര സമവാക്യങ്ങളിൽതന്നെ മാറ്റംവരുത്തും. അതിനും സാധ്യത കുറവാണെന്നതാണ് ചരിത്രം അടിവരയിടുന്നത്.
തെരഞ്ഞെടുപ്പ് വേളയിൽ ഇന്ത്യൻ വോട്ടർമാരെ ലക്ഷ്യമിട്ട് ട്രംപ് നടത്തിയ പ്രസ്താവനകൾ ദുഃസൂചനകളാണ്. ബംഗ്ലാദേശിലെ ഹിന്ദു ന്യൂനപക്ഷങ്ങൾ ക്രൂരമായി ആക്രമിക്കപ്പെടുന്നുവെന്ന് വിലപിച്ചതിലെ താൽപര്യം വ്യക്തമാണ്. കമല ഹാരിസും ജോ ബൈഡനുമെല്ലാം അമേരിക്കയിലെ ഹിന്ദു സമൂഹത്തെ അവഗണിക്കുന്നുവെന്ന പരിഭവം ട്രംപ് ഉയർത്തി. അമേരിക്കയിൽ 52 ലക്ഷം ഇന്ത്യക്കാരിലെ ഭൂരിപക്ഷമായ ഹിന്ദുവോട്ടിലാണ് ട്രംപ് കണ്ണുെവച്ചത്. ഇന്ത്യൻ ഹിന്ദുത്വവാദികളുമായി കൈകോർക്കാൻ ട്രംപിന് മുമ്പും മടിയുണ്ടായിട്ടില്ല. ട്രംപിന്‍റെ വിജയം ഇന്ത്യയെ നയതന്ത്രപരമായും സാമ്പത്തികമായും സഹായിക്കുമോയെന്ന് കണ്ടറിയണം.
ജനങ്ങൾക്കിടയിലെ ഐക്യമില്ലായ്മ, തൊഴിൽക്ഷാമം, വിലക്കയറ്റം, കുടിയേറ്റം, മറ്റു രാജ്യങ്ങളുടെ പ്രശ്നങ്ങൾക്കായി ജനങ്ങളുടെ നികുതിപ്പണം ചെലവഴിക്കൽ, ആരോഗ്യ സുരക്ഷയിലെ പണവിനിയോഗം, തോക്കുനിയന്ത്രണം, ഗർഭഛിദ്ര നിയന്ത്രണങ്ങൾ, അന്താരാഷ്ട്ര പ്രശ്നങ്ങളിലെ ഇടപെടൽ എന്നിങ്ങനെ നിരവധിയാണ് ട്രംപിനു മുന്നിലുള്ള വെല്ലുവിളികൾ. അതിനെക്കാൾ വെല്ലുവിളിയാണ് ബാക്കി ലോകം അമേരിക്കയിൽനിന്ന് നേരിടുന്നത്. അമേരിക്ക എടുക്കുന്ന ഒാരോ നിലപാടും ലോകത്തിന്റെ സാമ്പത്തിക ക്രമത്തെയും ജനജീവിതത്തെയും വലിയരീതിയിൽ ബാധിക്കും. ഇവിടെ ജനകീയനായ ട്രംപിനെ പ്രതീക്ഷിക്കുക മാത്രമാണ് ലോകത്തിന് ചെയ്യാവുന്നത്. ട്രംപ് നല്ലൊരു ഭരണാധികാരിയായിരിക്കട്ടെ!
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.