കർഷകസമരം

രാജ്യതലസ്​ഥാനത്ത്​ കർഷകര​ുടെ വലിയ പ്ര​േക്ഷാഭത്തിന്​ കളമൊരുങ്ങിയിരിക്കുകയാണ്. തങ്ങൾ വഞ്ചിക്കപ്പെട്ടതായി തിരിച്ചറിഞ്ഞ കർഷകർ ഇത്തവണ തങ്ങളുടെ ആവശ്യങ്ങൾ നേടിയെടുത്തേ പിന്നോട്ടുള്ളൂവെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. മുമ്പ്​ കണ്ടതിനേക്കാൾ ശക്തമായ പ്രക്ഷോഭമാകും നടക്കുക.

കൃഷിഭൂമി ഏറ്റെടുക്കുന്നതിന്​ കേന്ദ്രം കൊണ്ടുവന്ന പുതിയ ലാൻഡ്​ അക്വിസിഷൻ നിയമമനുസരിച്ച്​ 2014 ജനുവരി ഒന്നു മുതൽ അക്വയർ ചെയ്ത ഭൂമിക്ക്​ നാലു മടങ്ങ്​ നഷ്ടപരിഹാരം, ഗൗതം ബുദ്ധ നഗർ ജില്ലയിൽ പത്തു വർഷമായി അനുവദിച്ചുകിട്ടാത്ത അവകാശങ്ങൾ പുതിയ നിയമമനുസരിച്ച്​ ഉടൻ അനുവദിക്കുക, മിനിമം താങ്ങുവിലക്ക്​ നിയമപ്രാബല്യം നൽകുക, പ്രക്ഷോഭങ്ങളിൽ പ​ങ്കെടുത്ത കർഷകരുടെ കാർഷിക വായ്പകൾ എഴുതിത്തള്ളുക, കാർഷിക, ക്ഷീര, പഴം, പച്ചക്കറി, മാംസ ഉൽപന്നങ്ങളുടെ ഇറക്കുമതി തീരുവ കുറക്കുന്നതിന്​ സബ്​സിഡി വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ്​ സമരക്കാർ ഉന്നയിക്കുന്നത്.

കൂടാതെ, 58 വയസ്സിനു മുകളിലുള്ള കർഷകർക്കും കർഷകത്തൊഴിലാളികൾക്കും പതിനായിരം രൂപ പ്രതിമാസ ​പെൻഷൻ അനുവദിക്കുക, പ്രധാനമന്ത്രി ഫസൽ ബീമാ യോജന എന്ന ഇൻഷുറൻസ്​ പദ്ധതിയിൽ എല്ലാ വിളകളെയും ഉൾപ്പെടുത്തുക, ലഖിംപുർ ഖേരിയിൽ നടന്ന കർഷകവിരുദ്ധ അതിക്രമത്തിലെ ഇരകൾക്ക്​ നീതി ഉറപ്പാക്കുക, ഇന്ത്യ ലോകവ്യാപാര കരാറിൽനിന്ന്​ പിന്തിരിയുക തുടങ്ങിയ ആവശ്യങ്ങളും ഉയർത്തുന്നു.

കഴിഞ്ഞ ഫെബ്രുവരി 13ന് കർഷകർ ഡൽഹി മാർച്ച്​ പ്രഖ്യാപിച്ചിരുന്നു. കാർഷിക വിളകൾക്ക് മിനിമം താങ്ങുവില ആവശ്യപ്പെട്ട്​, അത്​ നിരാകരിക്കുന്ന പുതിയ കാർഷിക നിയമത്തിനെതിരെ കർഷകർ നടത്തിയിരുന്ന സമരം അധികൃതരുടെ കടുത്ത അവഗണനയെത്തുടർന്ന് ഏറക്കുറെ വിസ്​മൃതിയിലായിരുന്നു.

പിന്മാറാൻ കൂട്ടാക്കാതിരുന്ന പഞ്ചാബിൽനിന്നുള്ള കർഷകരെ കടത്തിവിടാതിരിക്കാൻ ഹരിയാനയിലെ ബി.ജെ.പി ഗവൺമെന്‍റ്​ കടുത്ത ജനവിരുദ്ധ നടപടികളാണ്​ സ്വീകരിച്ചത്. ഡൽഹി മാർച്ച്​ തടയാൻ കേന്ദ്ര-സംസ്ഥാന ബി.ജെ.പി ഗവൺമെന്‍റുകൾ പലയിന പരിപാടികൾ ആവിഷ്കരിച്ചു. അതിന്‍റെ ഭാഗമായി സമരം തണുപ്പിക്കാൻ കേന്ദ്രമന്ത്രിമാരായ പിയൂഷ്​ ഗോയൽ, അർജുൻ മുണ്ട, നിത്യാനന്ദ്​ റായ്​ എന്നിവരുടെ നേതൃത്വത്തിൽ സർക്കാർ ചർച്ചക്കും തയാറായി.

എന്നാൽ, അഞ്ചു വർഷത്തേക്ക്​ ഏതാനും ഇനങ്ങൾക്ക്​ താങ്ങുവില നൽകി ഗവ. ഏജൻസികൾ വാങ്ങാം എന്ന പരിഹാരനിർദേശം കർഷകർ തള്ളി. 22 ഇനങ്ങൾക്ക്​ നിയമപരിരക്ഷയോടെ താങ്ങുവില അനുവദിക്കണമെന്നായിരുന്നു ആവശ്യം. ഇതനുവദിക്കാതെ വന്നപ്പോൾ ഫെബ്രുവരി 21ന്​ കർഷകർ വീണ്ടും ഡൽഹി മാർച്ചിന്​ ഒരുങ്ങി, സർക്കാർ ബലം പ്രയോഗിച്ച് തടഞ്ഞു. അതോടെ അതിർത്തിയായ ശംഭുവിലും ഖനോരിയിലും തമ്പടിച്ചുകൂടി കർഷകർ.

മാസം പത്തു തികയുമ്പോൾ അവർ വീണ്ടും ഡൽഹിയെ സമരമുഖരിതമാക്കാൻ തീരുമാനിച്ചിരിക്കുകയാണ്​. ഭാരതീയ കിസാൻ പരിഷത്ത്​, കിസാൻ മസ്​ദൂർ സഭ, സംയുക്ത്​ കിസാൻ മോർച്ച എന്നീ സംഘടനകൾ ഡിസംബർ ആറിന്​ മാർച്ച്​ പ്രഖ്യാപിച്ചു. അന്ന്​ പല സംസ്​ഥാനങ്ങളിലും നിയമസഭകളിലേക്ക്​ മാർച്ച്​ നടന്നു. ഡിസംബർ 14ന്​ ശംഭുവിൽനിന്ന്​ 101 കർഷകർ ഡൽഹിയിലേക്ക്​ മാർച്ച്​ പ്രഖ്യാപിച്ചിട്ടുണ്ട്​.

കർഷകരുടെ ജീവൽപ്രശ്നങ്ങളുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കൊന്നും ചെവികൊടുക്കാനോ പരിഹാരം കാണാനോ ബി.​െജ.പി സർക്കാർ തയാറായിട്ടില്ല. മുമ്പ്​ നടന്ന കർഷക സമരത്തോട്​ സർക്കാർ എടുത്ത സമീപനം ലോകം കണ്ടതുമാണ്​. കർഷകരാണ്​ ഇൗ രാജ്യത്തി​ന്റെ സാമ്പത്തിക വ്യവസ്​ഥയുടെ ന​െട്ടല്ല്​. അന്തസ്സും മാന്യവുമായ ജീവിതം കർഷകർ അർഹിക്കുന്നു. അതിനാൽതന്നെ കർഷകർക്കൊപ്പം നിലയുറപ്പിക്കുകയാണ്​ രാജ്യം ഇൗ നിമിഷം ചെയ്യേണ്ടത്​.


Tags:    
News Summary - weekly thudakkam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.