മലപ്പുറം ജില്ലയെ അധിേക്ഷപിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്റേതായി ‘ഹിന്ദു’ പത്രത്തിൽ വന്ന അഭിമുഖവും അതിലെ പരാമർശങ്ങളും ഇപ്പോൾ വലിയ വിവാദമായി പടരുകയാണ്. താൻ ഇത്തരം ഒരു പരാമർശം നടത്തിയിട്ടില്ലെന്ന് കാണിച്ച് മുഖ്യമന്ത്രി പിണറായി വിജയനുവേണ്ടി അദ്ദേഹത്തിന്റെ പ്രസ് സെക്രട്ടറി അയച്ച കത്തിനെ തുടർന്ന് ‘ഹിന്ദു’ പത്രം ഖേദം പ്രകടിപ്പിച്ചു. മുഖ്യമന്ത്രി ഒരു പ്രദേശത്തിന്റെയും പേര് പരാമർശിച്ചിട്ടില്ലെന്ന് പ്രസ്താവനയിൽ അറിയിച്ചു.
പത്രം നടത്തിയ ഖേദപ്രകടനത്തിൽ വിശദമാക്കിയ വിവരങ്ങൾ മുഖ്യമന്ത്രിയെയും സർക്കാറിനെയും കൂടുതൽ പ്രതിസന്ധിയിലാക്കുന്നതാണ്. മുഖ്യമന്ത്രിയുടെ അഭിമുഖം പ്രസിദ്ധീകരിക്കാൻ ഒരു പി.ആർ ഏജൻസി സമീപിച്ചുവെന്നും അവരുടെ സാന്നിധ്യത്തിലാണ് അഭിമുഖം നടന്നതെന്നും വിവാദ പരാമർശങ്ങൾ മുഖ്യമന്ത്രി നേരത്തേ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞത് ഉൾപ്പെടുത്തി ഏജൻസി എഴുതിച്ചേർത്തതാണെന്നുമാണ് ‘ദ ഹിന്ദു’ വിശദീകരണം.
‘അഞ്ചു വർഷത്തിനിടെ മലപ്പുറം ജില്ലയിൽനിന്ന് 150 കിലോ സ്വർണവും 123 കോടി രൂപയുടെ ഹവാല പണവും സംസ്ഥാന പൊലീസ് പിടികൂടി. ഈ പണം കേരളത്തിലേക്ക് കടത്തുന്നത് ‘രാജ്യദ്രോഹപരവും’ ‘ദേശവിരുദ്ധവുമായ’ പ്രവർത്തനങ്ങൾക്കുവേണ്ടിയാണ്’ എന്നാണ് ‘ഹിന്ദു’വിൽ മുഖ്യമന്ത്രിയുടെ പ്രസ്താവനയായി വന്നത്. പത്രത്തിൽ അഭിമുഖം വന്നതോടെ വിഷയത്തിൽ വാദപ്രതിവാദങ്ങളുയർന്നു.
മുഖ്യമന്ത്രിയുടെ മറുപടി വക്രീകരിച്ചതാണ് എന്നു വരുകിൽ തന്നെ ചില പ്രശ്നങ്ങളുണ്ട്. സംഘ്പരിവാർ കേരളത്തിൽ സമീപകാലത്തായി ഉന്നയിച്ചുവരുന്ന ആരോപണങ്ങളാണ് പി.ആർ ഏജൻസി ചേർത്തിട്ടുള്ളത്. ഏജൻസി മുഖ്യമന്ത്രിയുടെയും സർക്കാറിന്റെയും നിലപാടിന് വിരുദ്ധമായ ഉള്ളടക്കം കയറ്റിക്കൂട്ടിയത് എന്തിനാണ് എന്ന ചോദ്യം വരുന്നു. ഇത് മുഖ്യമന്ത്രിയുടെ ഓഫിസ് കാണാതെ പോയതെന്താണ്? പി.ആർ ഏജൻസിയുടെ താൽപര്യമെന്ത്? ‘തുടക്കം’ എഴുതുമ്പോൾ പി.ആർ ഏജൻസി ‘ഹിന്ദു’വിന്റെ ഖേദപ്രകടനത്തിലെ പരാമർശങ്ങൾ നിഷേധിച്ചിട്ടുണ്ട്. തങ്ങളുടെ കക്ഷിയല്ല മുഖ്യമന്ത്രി എന്ന് പി.ആർ ഏജൻസി പറയുന്നു.
ഭരണപക്ഷത്തുനിന്ന് വിട്ട പി.വി. അൻവർ എം.എൽ.എ, മുഖ്യമന്ത്രിക്കും ഇടതു സർക്കാറിനുമെതിരെ ചൊരിഞ്ഞ ആക്ഷേപങ്ങളിൽ ഒന്ന് ആർ.എസ്.എസ് ബന്ധമാണ്. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി അജിത് കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കും നേരെ ഉയർത്തിവിട്ട ആരോപണങ്ങളിൽ ഒരുവശത്ത് ആർ.എസ്.എസുണ്ട്. ലോക്സഭ തെരഞ്ഞെടുപ്പിൽ തൃശൂരിൽ ബി.ജെ.പി സ്ഥാനാർഥിക്ക് വൻ വിജയം തരപ്പെടുത്താനുള്ള കുതന്ത്രത്തിന്റെ ഭാഗമായി പൂരം കലക്കാനുള്ള ഗൂഢാലോചനക്ക് ചുക്കാൻപിടിച്ചത് എ.ഡി.ജി.പിയാണെന്നതാണ് ഒരു വാദം.
എ.ഡി.ജി.പി ഒന്നിലേറെ തവണ ആർ.എസ്.എസ് നേതാക്കളുമായി രഹസ്യ സംഭാഷണം നടത്തിയത് അറിഞ്ഞിട്ടും മുഖ്യമന്ത്രി നടപടിയെടുത്തില്ല. ആർ.എസ്.എസും മുഖ്യമന്ത്രിയും തമ്മിൽ രഹസ്യധാരണയുള്ളതായി പ്രതിപക്ഷം ആരോപിക്കുന്നു. അതിനെ പിന്തുണക്കുന്നതാണ് മുഖ്യമന്ത്രിയുടെ മൗനവും നടപടികളും. ഇപ്പോഴത്തെ സർക്കാർ നടപടികളും മൗനവുെമല്ലാം ജനങ്ങളിൽ ദുരൂഹത വർധിപ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടേതായി വന്ന പ്രസ്താവനയും അത്യന്തികമായി ഗുണംചെയ്യുക തീവ്ര ഹിന്ദു വലതുപക്ഷത്തിന് മാത്രമായിരിക്കും. അതുണ്ടാവാൻ പാടില്ല.
അടിയന്തരമായി വേണ്ടത് മുഖ്യമന്ത്രിയും സർക്കാറും സുതാര്യമായി കാര്യങ്ങൾ തുറന്നുപറയുകയാണ്. പി.ആർ ഏജൻസികളുടെ ഭരണമോ പി.ആർ ഏജൻസികൾ എഴുതിനൽകുന്നത് സർക്കാറിന്റെ നയമോ ആകുന്നത് ഗുണകരമല്ല. ജനം എല്ലാം കാണുകയും അറിയുകയും ചെയ്യുന്നുണ്ട്. ജനത്തിെന്റ മറുപടി തെരഞ്ഞെടുപ്പിൽ കൃത്യമായ പ്രഹരമായി മാറും. ചരിത്രം ഓർമിക്കുന്നത് നല്ലതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.