ജോർദാനിലെ മൂന്നാമത്തെ ദിവസം. അതിരാവിലെ ഞങ്ങൾ രണ്ടുപേരും എണീറ്റു. ഇനിയുള്ള ദിവസങ്ങൾ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായുള്ള വ്യത്യസ്ത പ്രദേശങ്ങളിലേക്കുള്ള യാത്രയാണ്. ചരിത്രവും ഭൂമിശാസ്ത്രവും ആത്മീയ അനുഭവങ്ങളും കൂടിക്കുഴഞ്ഞ പ്രാധാന്യമുള്ള നാടുകളാണ് അവ. മുൻകൂട്ടി ബുക്ക് ചെയ്ത ടാക്സി അമ്മാൻ ഡൗൺടൗണിലെ ഞങ്ങളുടെ ഹോസ്റ്റലിന് താഴെ കാത്തിരിപ്പുണ്ട്. ജോർദാനിൽ പൊതുഗതാഗം വളരെ കുറവാണ്. അതിനാലാണ് ടാക്സി പിടിച്ചത്. അതേസമയം, പ്രധാന നഗരങ്ങളെയും ടൂറിസ്റ്റ് കേന്ദ്രങ്ങളെയും ബന്ധിപ്പിച്ച് ഏതാനും ബസ് സർവിസുണ്ട്.
രാവിലെ നഗരം സജീവമായി വരുന്നതേയുള്ളൂ. റോഡിൽ വാഹനങ്ങൾ കുറവാണ്. വീതിയേറിയ പാതയിലൂടെ ഞങ്ങളെയും കൊണ്ട് ടാക്സി കാർ ഇരമ്പിപ്പാഞ്ഞു. അര മണിക്കൂർ കൊണ്ട് അമ്മാൻ പിന്നിട്ടു. ഇതിനിടയിൽ വഴിയോരത്ത് കണ്ട തട്ടുകടയിൽ കയറി പ്രഭാതഭക്ഷണമായി ഫലാഫീൽ റോൾ അകത്താക്കി. നഗരം കഴിഞ്ഞതോടെ മരുഭൂമിയിലെ ചെറിയ ഗ്രാമങ്ങൾ ദൃശ്യമായിത്തുടങ്ങി. പലയിടത്തും പച്ചത്തുരുത്ത് പോലെ കൃഷിയിടങ്ങൾ കാണാം. ഇന്നത്തെ ആദ്യ ലക്ഷ്യസ്ഥാനം ചരിത്ര നഗരമായ മാദബയാണ് (Madaba). എട്ട് മണിയോടെ അവിടെയെത്തി. രാവിലെയായതിനാൽ സഞ്ചാരികൾ എത്തിത്തുടങ്ങുന്നതേയുള്ളൂ.
അമ്മാനിൽനിന്നും വ്യത്യസ്തമായ ഭാവമാണ് മാദബക്ക്. പൗരാണിക നഗരം. കൽവിരിച്ച പാതകൾ. അതിന് ഇരുവശത്തുമായി മനോഹരവും കുലീനവുമായ കെട്ടിടങ്ങളും വീടുകളും. പുരാതന മൊസൈക്ക് ചിത്രപ്പണികളാൽ പ്രശസ്തമാണ് മാദബ. ബൈസൈന്‍റ വാസ്തുകലാ പാരമ്പര്യത്തിന്‍റെ പ്രത്യേകതകളിലൊന്നാണ് നിലത്തെയും ഭിത്തികളെയും അലങ്കരിക്കുന്ന മൊസൈക്ക് ചിത്രപ്പണികൾ. ചിത്രകാരൻമാരുടെ ഭാവനകൾക്കനുസരിച്ച് ആരാധനാലയങ്ങളിലും വീടുകളിലുമെല്ലാമാണ് ഇവ ഒരുക്കിയത്.
മാദബ മൊസൈക്ക് മാപ്പാണ് ഇവിടത്തെ ഏറ്റവും വലിയ പ്രത്യേകത. സെന്‍റ് ജോർജ് ഗ്രീക്ക് ഓർത്തഡോക്സ് ബസിലിക്കയിലായിരുന്നു ഈ ഭൂപടം. ദേവാലയത്തിന്‍റെ അൾത്താരക്ക് മുന്നിൽ വിശുദ്ധനാടുകളടക്കം മധ്യപൂർവ ദേശത്തിന്‍റെ ഭൂപടം മൊസൈക്കിൽ തീർത്തിരിക്കുന്നു. ആറാം നൂറ്റാണ്ടിലാണ് ഇത് തയാറാക്കിയിട്ടുള്ളതെന്ന് ചരിത്രകാരൻമാർ സാക്ഷ്യപ്പെടുത്തുന്നു. ജറുസലേമിന്‍റെ ഏറ്റവും പഴയ യഥാർഥ മാപ്പിന്‍റെ ചിത്രീകരണം ഇതിൽ അടങ്ങിയിരിക്കുന്നു. വടക്ക് ലെബനൻ മുതൽ തെക്ക് നൈൽ ഡെൽറ്റ വരെയും പടിഞ്ഞാറ് മെഡിറ്ററേനിയൻ കടൽ മുതൽ കിഴക്കൻ മരുഭൂമി വരെയും ഇതിൽ ചിത്രീകരിച്ചിരിക്കുന്നു.
പുരാതന നഗരങ്ങളായ ജെറിക്കോ, ബെത്‌ലഹേം എന്നിവയെല്ലാം ഇതിൽ പ്രതിപാദിച്ചിട്ടുണ്ട്. പുണ്യഭൂമിയിലെ തീർഥാടകർക്ക് ദിശാബോധം നൽകാൻ മാപ്പ് സഹായിച്ചിരിക്കാം എന്ന് വിശ്വസിക്കപ്പെടുന്നു. 1884ൽ ഇന്ന് കാണുന്ന ഗ്രീക്ക് ഓർത്തോഡാക്സ് ചർച്ചിന്‍റെ നിർമാണത്തിനിടെയാണ് ഈ മാപ്പ് കണ്ടെത്തുന്നത്. മാദബയിലെ വിർജിൻ മേരി ചർച്ചിലെ ആർക്കിയോളജിക്കൾ പാർക്ക്, മ്യൂസിയം തുടങ്ങിയ കേന്ദ്രങ്ങളിലെല്ലാം വ്യത്യസ്തമായ മൊസൈക്ക് കൊത്തുപണികളും ചിത്രങ്ങളും മറ്റു ചരിത്ര നിർമിതികളും കാണാം. പലതും അന്നത്തെ ജീവിതരീതിയുടെ നേർസാക്ഷ്യങ്ങളാണ്. ചരിത്രകുതുകികൾക്ക് വലിയൊരു പാഠപുസ്തകം തന്നെയാണ് ഇവയെല്ലാം.
മാദബയിലെ കാഴ്ചകൾ നുകർന്ന് വീണ്ടും വണ്ടിയിൽ കയറി. ഡ്രൈവർ താരീഖ് മുഹമ്മദ് ആളൊരു രസികനും സംസാരപ്രിയനുമാണ്. ജോർദാൻകാരനായ ഇദ്ദേഹം തന്‍റെ അൽ ഹദീദ് ഗോത്രമഹിമയിൽ ഊറ്റം കൊള്ളുന്നയാളുമാണ്. മുറി ഇംഗ്ലീഷിലാണ് താരീഖിന്റെ സംസാരം. പലതും എനിക്ക് മനിസ്സിലാകുന്നില്ല. അപ്പോൾ അദ്ദേഹം മൊബൈൽ ഫോണിൽ ഗൂഗിൾ ട്രാൻസ്ലേറ്റ് എടുക്കും. എന്നിട്ട് അറബിയിൽ പറയും. ഉടൻ ഇംഗ്ലീഷിൽ തർജമ കിട്ടും. തിരിച്ച് ഞാനും ഇതേ മാർഗം ഉപയോഗിച്ചു. ഏകദേശം 20 വർഷമായി അദ്ദേഹം ടാക്സി വാഹനം ഓടിക്കാൻ തുടങ്ങിയിട്ടുണ്ട്. ഒരു കാലത്ത് സിറിയയിലെ ഡമസ്കസിലേക്ക് (ശാം) സ്ഥിരമായി വാഹനമോടിച്ചിരുന്നയാളാണ് താരീഖ്. പിന്നീട് ഐ.എസ്.ഐ.എസ് ആക്രമണത്തിൽ ഡമസ്കസിന്‍റെയും സിറിയയുടെയുമെല്ലാം പ്രൗഢിയും പ്രതാപവുമെല്ലാം നഷ്ടമായി. ദാഇശ് എന്ന അറബി പേരിൽ അറിയപ്പെടുന്ന ഇവരുടെ തീവ്രവാദ പ്രവർത്തനം ജോർദാനിലും തലപൊക്കിയെങ്കിലും സർക്കാറിന്‍റെ സമയോചിത ഇടപെടൽ കാരണം അവരെ അടിച്ചൊതുക്കിയെന്ന് താരീഖ് പറഞ്ഞു.
ഇങ്ങനെ ഓരോ കാര്യങ്ങൾ പറയുന്നതിനിടയിലാണ് അദ്ദേഹം പെട്ടെന്ന് മുന്നിലേക്ക് ചൂണ്ടി 'പലസ്തീന' എന്ന് ഉറക്കെ പറയുന്നത്. മുന്നിൽ വലിയൊരു താഴ്വര. അതിനപ്പുറം മലനിരകൾ കാണാം. ഫലസ്തീന്‍റെ ഭാഗമാണത്രെ അത്. മനസ്സിൽ വല്ലാത്തൊരു സന്തോഷം നിറഞ്ഞ സമയമായിരുന്നുവത്. ജീവിതത്തിൽ ഒരിക്കലെങ്കിലും പോകണമെന്ന് ആഗ്രഹിച്ച നാട്. പുണ്യഭൂമി മാത്രമല്ല, പോരാളികളുടെ നാട് കൂടിയാണിന്നത്. അതാണ് മുന്നിൽ വിശാലമായി തെളിഞ്ഞുകാണുന്നത്.
ഈ യാത്രയിലും ഫലസ്തീനിൽ പോകാൻ ശ്രമിച്ചതാണ്. എന്നാൽ, ഇസ്രായേലിന്‍റെ വിസ ലഭിച്ചിട്ട് വേണം അവിടേക്ക് കയറാൻ. ഇത് ബുദ്ധിമുട്ടുള്ള കാര്യമാണ്. 40 വയസ്സിന് താഴെയുള്ളവരെ കുടുംബ സഹിതം മാത്രമാണ് യാത്ര ചെയ്യാൻ അനുവദിക്കുക. കേരളത്തിൽനിന്നുള്ള ഗ്രൂപ്പുകൾക്ക് കീഴിൽ പോകുന്ന യുവാക്കളെ പോലും പലപ്പോഴും ഇസ്രായേൽ കടത്തിവിടാറില്ല. അതുപോലെ, മുസ്ലിം, ക്രിസ്ത്യൻ, ജൂത മത വിശ്വാസികൾക്ക് മാത്രമാണ് പ്രവേശനമുള്ളൂ. ഇതിനെല്ലാം പുറമെ, ഇസ്രായേലിന്‍റെ വിസ പാസ്പോർട്ടിൽ സ്റ്റാമ്പ് ചെയ്താൽ പിന്നെ സൗദി അറേബ്യയുടെ വിസ ലഭിക്കാത്ത പ്രശ്നവുമുണ്ട്. ഇതിന് പരിഹാരമായി ഇവിടെ പോകുന്നവർ പ്രത്യേക പേപ്പറിൽ വിസ സ്റ്റാമ്പ് ചെയ്യുകയാണ് പതിവ്.
ഫലസ്തീനിലെ മലനിരകളുടെ കാഴ്ചകൾ കണ്ട് യാത്ര തുടരുന്നതിനിടെ അടുത്ത ലക്ഷ്യസ്ഥാനമായ മൗണ്ട് നെബോയിലെത്തി (Mount Nebo). ജോർദാനിലെ പ്രധാന ക്രിസ്ത്യൻ തീർഥാടന കേന്ദ്രമാണിത്. അബാരിം പർവതനിരയുടെ ഭാഗമായ നെബോ പർവതത്തെ ബൈബിളിൽ പരാമർശിച്ചിരിക്കുന്നത് മോശയുടെ മരണത്തിന് മുമ്പ് വാഗ്ദത്ത ഭൂമിയുടെ കാഴ്ച അനുവദിച്ച സ്ഥലമായിട്ടാണ്. ബൈബിൾ (ആവർത്തനം) അനുസരിച്ച്, മോശ നെബോ പർവതത്തിൽ കയറി. അവിടെനിന്ന് താൻ പ്രവേശിക്കില്ലെന്ന് ദൈവം പറഞ്ഞ കനാൻ (വാഗ്ദത്ത നാട്) കണ്ടു. പിന്നീട് ഇവിടെ വെച്ച് മോശ മരിക്കുകയായിരുന്നുവത്രെ.
ഞങ്ങൾ ടിക്കറ്റെടുത്ത് അകത്തേക്ക് കയറി. ബൈസെൈന്റൻ ചാപ്പലാണ് ഇവിടത്തെ പ്രധാന നിർമിതി. അതിന് പുറമെ ഈ പ്രദേശത്തിന്‍റെ പ്രാധാന്യം വ്യക്തമാക്കുന്ന ചെറിയൊരു മ്യൂസിയവുമുണ്ട്. അതെല്ലാം കണ്ട് മലയുടെ അവസാനത്തിലെത്തി. ഇവിടെനിന്ന് നോക്കിയാൽ വാഗ്ദത്ത ഭൂമിയുടെ കാഴ്ച കാണാം. മുന്നിൽ ജോർദാൻ താഴ്വരയും ഫലസ്തീനിലെയും ഇസ്രായേൽ കൈയടക്കിയ പ്രദേശങ്ങളിലെയും പർവതനിരകളാണ്. അതിനപ്പുറത്താണ് വിവിധ പട്ടണങ്ങളുള്ളത്. അവിടേക്കെല്ലാം എത്ര ദൂരമുണ്ടെന്ന് ഇവിടെയുള്ള ബോർഡിൽ അടയാളപ്പെടുത്തിയിരിക്കുന്നു. റാമല്ലയിലേക്ക് 52ഉം ജറുസലേമിലേക്ക് 46ഉം ബെത്ലഹേമിലേക്ക് 50ഉം കിലോമീറ്റർ ദൂരമാണെന്ന് അതിൽ രേഖപ്പെടുത്തിയിട്ടുണ്ട്. തൊട്ടുമുന്നിലായി ചാവുകടൽ തെളിഞ്ഞുകാണാം. കൂടാതെ തെളിഞ്ഞ ആകാശമായതിനാൽ ഫലസ്തീൻ നഗരങ്ങളായ ജെറിക്കോയും ജറുസലേമുമെല്ലാം അവ്യക്തമായി കാണാം. ദൂരെ നിന്നാണെങ്കിലും അവ കാണുമ്പോൾ വല്ലാത്തൊരു ആത്മനിർവൃതിയാണ്. ജറുസലേം മസ്ജിദുൽ അഖ്സ നിലകൊള്ളുന്ന മണ്ണാണ്. ലോകത്തിലെ ഏറ്റവും പുരാതന നഗരമായിട്ടാണ് ജെറിക്കോയെ കണക്കാക്കുന്നത്. ബി.സി 11,000 മുതൽ ഇവിടെ ജനങ്ങൾ താമസിച്ചതായി തെളിവ് ലഭിച്ചിട്ടുണ്ട്. ജെറിക്കോയെ ബൈബിളിൽ വിശേഷിപ്പിക്കുന്നത് 'ഈന്തപ്പനകളുടെ നഗരം' എന്നാണ്.
മലമുകളിലെ മരങ്ങളിൽ ഒലീവ് വിളഞ്ഞുനിൽപ്പുണ്ട്. 2000 മാർച്ച് 20ന് ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ മൗണ്ട് നെബോ സന്ദർശിച്ചിരുന്നു. അന്ന് അദ്ദേഹം സമാധാനത്തിന്‍റെ പ്രതീകമായി ഒലീവ് മരം നട്ടു. 2009ൽ ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പയും മൗണ്ട് നെബോയിലെത്തി പ്രസംഗിക്കുകയും പർവതത്തിന്‍റെ മുകളിൽനിന്ന് ജറുസലേമിന്‍റെ ദിശയിലേക്ക് നോക്കുകയും ചെയ്തു.
മൗണ്ട് നെബോയോട് യാത്ര പറഞ്ഞ് വീണ്ടും കാറിൽ കയറി. വിജനമായ പ്രദേശങ്ങളാണ് എങ്ങും. പുല്ലുപോലും മുളക്കാത്ത മലനിരകൾ. അതിനിടയിലൂടെ ഞങ്ങളുടെ ടാക്സി കുതിച്ചുപാഞ്ഞു. റോഡെല്ലാം കാലിയാണ്. വല്ലപ്പോഴും വാഹനങ്ങൾ വന്നാലായി. മുന്നിൽ ചാവുകടൽ വിശാലമായി കിടക്കുന്നത് കാണാം. മലമ്പ്രദേശങ്ങളിൽ ആടിനെ വളർത്തി ജീവിക്കുന്നവർ ഇടക്കിടക്ക് വരുന്നുണ്ട്. മലമ്പാത കഴിഞ്ഞതോടെ ചെറിയ പട്ടങ്ങളെല്ലാം ദൃശ്യമായിത്തുടങ്ങി. പാതയോരത്തെല്ലാം ചെറിയ മരങ്ങൾ നിറഞ്ഞിട്ടുണ്ട്. ഒപ്പം വാഴകൃഷിയും കാണാം. ജോർദാൻ നദിയുടെ സാന്നിധ്യമാണ് ഈ പച്ചപ്പിനും കൃഷിക്കുമെല്ലാം കാരണം. 11 മണിയോടെ അടുത്ത ലക്ഷ്യസ്ഥാനത്തെത്തി, ബാപ്റ്റിസം സൈറ്റ് ഓഫ് ജീസസ് ക്രൈസ്റ്റ് (Baptism site jordan). യേശു ക്രിസ്തുവിനെ മാമ്മോദീസ ചെയ്തെന്ന് വിശ്വസിക്കപ്പെടുന്ന സ്ഥലമാണിത്. ടിക്കറ്റ് കൗണ്ടറിൽ പോയി ജോർദാൻ പാസ് കാണിച്ചുകൊടുത്തു. അവർ ടിക്കറ്റ് തന്ന് കാത്തിരിക്കാൻ പറഞ്ഞു. ഞങ്ങളെ കൂടാതെ യൂറോപ്പിൽനിന്നും ലാറ്റിനമേരിക്കയിൽനിന്നും വന്ന ഏതാനും സഞ്ചാരികളും അവിടെയുണ്ട്. ഇനിയുള്ള ഏകദേശം അഞ്ച് കിലോമീറ്റർ സഞ്ചരിക്കേണ്ടത് ബസിലാണ്. ചെറിയൊരു ബസ് ഞങ്ങളുടെ മുന്നിൽ വന്നുനിന്നു. എല്ലാവരും അതിൽ കയറി. കൂടെ ഒരു ഗൈഡുമുണ്ട്. പത്ത് മിനിറ്റ് യാത്ര ചെയ്ത് അടുത്ത സ്ഥലത്തെത്തി.
പുറത്ത് ഒരു രക്ഷയുമില്ലാത്ത ചൂടാണ്. ബാപ്റ്റിസം പോയിന്‍റിലേക്ക് അര കിലോമീറ്റർ നടക്കണം. നടവഴിയുടെ മുകളിൽ പന്തൽ പോലെ വിരിച്ചതിനാൽ ചൂടിന് ആശ്വാസമുണ്ട്. മരങ്ങൾക്കിടയിലൂടെ ആ വഴി നീളുന്നത് ജോർദാൻ നദിക്കരയിലേക്കാണ്. 15 മിനുറ്റ് നടന്നപ്പോഴേക്കും ബാപ്റ്റിസം പോയിന്‍റിലെത്തി. ഗൈഡ് കാര്യങ്ങൾ വിശദീകരിക്കാൻ തുടങ്ങി. കൽപടവുകൾ ഇറങ്ങിച്ചെല്ലുമ്പോൾ അൽപ്പം വെള്ളം കെട്ടിനിൽക്കുന്നത് കാണാം. ഇവിടെയാണ് സ്നാപക യോഹന്നാൻ യേശുക്രിസ്തുവിനെ ജ്ഞാനസ്നാനം ചെയ്തതെന്ന് വിശ്വസിക്കുന്നു. ജോർദാൻ നദിക്കരയിലായിരുന്നു ജ്ഞാനസ്നാനം നടന്നത്. എന്നാൽ, ഇന്ന് ഏകദേശം 200 മീറ്റർ മാറിയാണ് ജോർദാൻ നദി ഒഴുകുന്നത്. അക്കാലത്ത് ഇതിലൂടെയാകാം നദി ഒഴുകിയിരുന്നതെന്ന് ഗൈഡ് പറഞ്ഞു. യുനൊസ്കോയുടെ ആർക്കിയോളജിക്കൽ ഹെരിറ്റേജ് സൈറ്റാണ് ഇന്ന് ബാപ്റ്റിസം സൈറ്റ്. ഈ ഭാഗത്തുനിന്ന് പുരാതന പള്ളിയുടെ അവശിഷ്ടങ്ങൾ ലഭിച്ചിട്ടുണ്ട്. ഇതിനെ തുടർന്ന് നടത്തിയ പഠനത്തിലാണ് ഇതായിരിക്കാം ബാപ്റ്റിസം പോയിന്‍റെന്ന അനുമാനത്തിലേക്ക് ചരിത്രകാരൻമാർ എത്തിയതെന്നും ഗൈഡ് പറഞ്ഞു.
ഗൈഡ് പിന്നീട് കൊണ്ടുപോയത് ജോർദാൻ നദിക്കരയിലേക്കാണ്. നമ്മുടെ നാട്ടിലെ ഒരു തോടിന്‍റെ വീതി മാത്രമേയുള്ളൂ ഈ ഭാഗത്ത് നദിക്ക്. ഏറിയാൽ ഒരു മൂന്ന് മീറ്റർ കാണും. എന്നാൽ, ഭൂമിശാസ്ത്രപരമായും നയതന്ത്രപരമായും വളരെയധികം പ്രാധാന്യമുണ്ട് ഈ നദിക്ക്. സിറിയ, ഇസ്രായേൽ, ഫലസ്തീൻ, ജോർദാൻ തുടങ്ങിയ രാജ്യങ്ങളിലൂടെയാണ് ഈ നദി ഒഴുകുന്നത്. രാജ്യാന്തര അതിർത്തി കൂടിയാണ് ജോർദാൻ നദി. 251 കിലോമീറ്റർ നീളമുള്ള ഈ നദി ചാവുകടലിൽ വന്നുചേരുന്നു. നദിയുടെ പടിഞ്ഞാറ് ഭാഗം വെസ്റ്റ് ബാങ്ക് എന്നും കിഴക്ക് ഭാഗം ഈസ്റ്റ് ബാങ്ക് എന്നുമാണ് അറിയപ്പെടുന്നത്. വെസ്റ്റ് ബാങ്കിന്‍റെ നല്ലൊരു ഭാഗവും ഇന്ന് ഇസ്രായേലിന്‍റെ അധിനിവേശ മേഖകലകളാണ്.
പുഴയിലേക്ക് ഇറങ്ങാനുള്ള പടവുകളിലേക്ക് നടന്നു. ഈ സമയത്ത് ഗൈഡ് ഒരു കാര്യം ഓർമിപ്പിച്ചു. വെള്ളത്തിലേക്ക് ഇറങ്ങുന്നതെല്ലാം കൊള്ളാം, പക്ഷേ, അപ്പുറത്തേക്ക് പോകാൻ ശ്രമിക്കേണ്ട. അത് 'സ്വർഗത്തിലേക്കുള്ള എളുപ്പവഴിയാകും'. നിരവധി പട്ടാളക്കാരാണ് ഇരുഭാഗത്തും തോക്കേന്തി നിൽക്കുന്നത്. അതിർത്തി കടക്കാൻ ശ്രമിക്കുന്നവരെ പിടികൂടി ജയിലിലടക്കുന്ന പതിവൊന്നും ഉണ്ടാകില്ല. നേരെ വെടിവെച്ച് വീഴ്ത്തിക്കളയും. കുട്ടികളെ പോലും കൂട്ടക്കൊല ചെയ്യുന്ന ഇസ്രായേൽ സൈന്യത്തിന് അനധികൃതമായി അതിർത്തി മുറിച്ചുകടക്കുന്ന ഒരാളെ കൊല്ലാൻ വല്ല മടിയും കാണുമോ?
പുഴയുടെ അക്കരെ ഇസ്രായേൽ പതാക പാറിപ്പറക്കുന്ന കെട്ടിടം കാണാം. ഖസ്ർ അൽ യഹൂദ് (ദെ ടവർ ഓഫ് ദെ ജ്യൂസ്) എന്നാണ് ഇതിന്‍റെ പേര്. ഇസ്രായേലിൽനിന്ന് വരുന്നവർ ബാപ്റ്റിസം പോയിന്‍റായിട്ട് ഇവിടെയാണ് സന്ദർശിക്കാറ്. ഈ പ്രദേശം ഫലസ്തീന്‍റേതാണെങ്കിലും 1995ലെ ഓസ്ലോ II ഉടമ്പടി പ്രകാരം ഇസ്രായേൽ നിയന്ത്രണത്തിലുള്ള 'ഏരിയ സി' ഭാഗമാണ്. 1967ലെ യുദ്ധത്തിൽ ഇസ്രേയൽ കൈയേറിയ സ്ഥലങ്ങളിൽനിന്ന് പിന്മാറി ഗസ്സയും വെസ്റ്റ് ബാങ്കും ചേർത്ത് ഫലസ്തീൻ രാഷ്ട്രം രൂപീകരിക്കുമെന്നതായിരുന്നു 1993ലെ ഒന്നാം ഓസ്ലോ കരാറിലെ പ്രധാന വ്യവസ്ഥ. ഇതിന് അനുബന്ധമായിട്ടാണ് 1995ൽ ഓസ്ലോ II ഉടമ്പടി വരുന്നത്. ഇതുപ്രകാരം വെസ്റ്റ് ബാങ്കിൽ എ, ബി, സി എന്നീ മേഖലകൾ സൃഷ്ടിച്ചു. എ മേഖലയുടെ നിയന്ത്രണം ഫലസ്തീനാണ്. ബി മേഖലയുടെ നിയന്ത്രണം ഇരു രാജ്യങ്ങളും പങ്കിടും. 'സി'യുടെ പരിപൂർണ നിയന്ത്രണം ഇസ്രായേലിനും. എന്നാൽ, ഈ ഉടമ്പടിയിലെ പല നിബന്ധനകളും പിന്നീട് പാഴായിപ്പോകുന്നതിനാണ് ലോകം സാക്ഷ്യം വഹിച്ചത്. ഇസ്രായേൽ കൂടുതൽ ഭാഗങ്ങളിലേക്ക് അധിനിവേശം വ്യാപിപ്പിക്കുകയും കൂട്ടക്കൊലകൾ തുടരുകയും ചെയ്യുന്നു. 1967ലെ യുദ്ധക്കാലത്ത് ഖസ്ർ അൽ യഹൂദിന് സമീപം ശത്രുസൈന്യത്തെ പ്രതിരോധിക്കാൻ 6500 ഓളം കുഴിബോംബുകൾ ഇസ്രായേൽ വിന്യസിച്ചിരുന്നു. 2020ഓടെയാണ് ഈ ബോംബുകളെല്ലാം നീക്കി ഇവിടം പൂർണാർഥത്തിൽ സഞ്ചാരികൾക്ക് തുറന്നുകൊടുത്തത്.
ജോർദാൻ നദിയിൽനിന്ന് കൈയും മുഖവും കഴുകി ഞാൻ തിരിച്ചുകയറി. മൂന്ന് മീറ്റർ അപ്പുറത്ത് മറ്റൊരു രാജ്യം. അവിടെയൊന്ന് കാലുകുത്താൻ കഴിയാത്തതിന്‍റെ സങ്കടം മനസ്സിലുണ്ട്. പക്ഷെ, ഇതിലേറെ സങ്കടമുണ്ടാകില്ലേ കഴിഞ്ഞ ദിവസം നമ്മൾ പരിചയപ്പെട്ട ഫലസ്തീൻകാരനായ ടാക്സി ഡ്രൈവർ അബ്ദുല്ല എൽകാതബിന്. 60 വർഷത്തിനിടെ ഒരിക്കൽപോലും പിറന്നമണ്ണിലേക്ക് മടങ്ങിച്ചെല്ലാൻ അദ്ദേഹത്തെ ഇസ്രായേൽ ഭരണകൂടം അനുവദിച്ചിട്ടില്ല. നദിയുടെ തീരത്തുള്ള ഗ്രീക്ക് ഓർത്തഡോക്സ് ചർച്ച് കൂടി സന്ദർശിച്ചാണ് ഞങ്ങൾ മടങ്ങിയത്. ഈ മേഖലയിൽ ലോകത്തിലെ പ്രധാന ക്രിസ്ത്യൻ സഭകൾക്കെല്ലാം ചർച്ചുകളുണ്ട്.
ബസിൽ കയറി ഞങ്ങളുടെ ടാക്സിയുടെ അടുത്തെത്തി. ഇനി ലക്ഷ്യം ചാവുകടലാണ്. നമുക്ക് ഏതെങ്കിലും ഹോട്ടലിന്‍റെ പ്രൈവറ്റ് ബീച്ചിലേക്ക് പോകാമെന്ന് ഡ്രൈവർ താരീഖ് പറഞ്ഞു. അതാകുമ്പോൾ ചാവുകടലിൽ നീന്തിത്തുടിച്ച ശേഷം ശുദ്ധമായ വെള്ളത്തിൽ കുളിക്കാനും സൗകര്യം ഉണ്ടാകുമത്രെ. ഞങ്ങളത് സമ്മതിച്ചു. ഉച്ചഭക്ഷണമടക്കമുള്ള ഒരു പാക്കേജ് അദ്ദേഹം തയാറാക്കി തന്നു. ചാവുകടലിന്‍റെ വടക്കെ അറ്റത്തുള്ള റമദ ഹോട്ടലിലേക്കാണ് എത്തിയത്. ഹോട്ടലിൽ പേരും വിവരങ്ങളുമെല്ലാം നൽകി. ഒരു കിലോമീറ്റർ അകലെയാണ് ബീച്ച്. അവിടേക്ക് ഹോട്ടലിന് കീഴിലുള്ള ബസിലാണ് പോയത്. നട്ടുച്ച സമയം. ഏതാനും സഞ്ചാരികൾ മാത്രമാണ് ബീച്ചിലുള്ളത്. ഭൂമിയിൽ സമുദ്രനിരപ്പിൽനിന്ന് ഏറ്റവും തഴെയുള്ള (കരഭാഗം) സ്ഥലത്താണ് നിങ്ങൾ നിൽക്കുന്നതെന്ന് കാണിച്ച് അവിടെ ഒരു ബോർഡുണ്ട്. സമുദ്രനിരപ്പിൽനിന്ന് 398 മീറ്റർ താഴെയാണ് ഇപ്പോഴുള്ളത്. ഞങ്ങൾ വസ്ത്രമെല്ലാം മാറി വെള്ളത്തിലേക്ക് ഇറങ്ങി. അരക്ക് മുകളിൽ വെള്ളമുണ്ട്. മെല്ലെ മലർന്നുകിടന്നു. താഴേക്ക് പോകുന്നില്ല. ചെറിയ തിരയും അടിക്കുന്നുണ്ട്. അതിൽ നമ്മളങ്ങനെ ഒഴുകിനീങ്ങാൻ തുടങ്ങി. ശരിക്കും അത്ഭുതം തന്നെ. ശരീരത്തിന് ഭാരമില്ലാത്തതുപോലെ പൊങ്ങിക്കിടക്കുന്നു. മനസ്സ് സന്തോഷം കൊണ്ട് തുള്ളിച്ചാടി. നീന്തുമ്പോൾ മറുകരയിൽ ഇസ്രായേലിലെ മലനിരകൾ കാണാം.
ഇതിനിടെ അറിയാതെ ഇത്തിരി വെള്ളം കണ്ണിലായി. വല്ലാത്ത നീറ്റലായിരുന്നു പിന്നെ. വെള്ളത്തിലെ വലിയ തോതിലുള്ള ലവണാംശമാണ് ഇതിന് കാരണം. സമുദ്രത്തേക്കാൾ 8.6 മടങ്ങ് ലവണാംശം കൂടുതലാണ് ഇവിടെ. അതിനാലാണ് വെള്ളത്തിൽ മുങ്ങിപ്പോകാത്തത്. പേരിൽ കടലുണ്ടെങ്കിലും ഇത് കരകളാൽ ചുറ്റപ്പെട്ട ഉപ്പുജല തടാകമാണ്. ഭൂമിയിലെ ഏറ്റവും താഴ്ന്ന ജലാശയം കൂടിയാണിത്. സമുദ്രനിരപ്പിൽനിന്ന് 422.83 മീറ്റർ താഴെയാണ് ഇപ്പോഴത്തെ ജലനിരപ്പ്. ഉയർന്ന അളവിലുള്ള ലവണാംശം കാരണം യാതൊരുവിധ ജീവികളോ ചെടികളോ ഇതിൽ വളരില്ല. അതിനാലാണ് ചാവുകടൽ എന്ന പേര് ലഭിച്ചത്.
നമ്മൾ നേരത്തെ കണ്ട ജോർദാൻ നദിയിൽനിന്നാണ് ചാവുകടലിലേക്ക് പ്രധാനമായും വെള്ളമെത്തുന്നത്. നദിയിലെ വെള്ളം കുടിവെള്ളത്തിനെല്ലാം ഉപയോഗിക്കുന്നതിനാൽ ചാവുകടലിലേക്കുള്ള ജലപ്രവാഹം വളരെ കുറവാണ്. ഇതുമൂലം ചാവുകടലിന്‍റെ നീളവും വീതിയും കുറഞ്ഞുവരുന്നു. ഓരോ വർഷവും ജലനിരപ്പിൽ ഏതാണ്ട് ഒരു മീറ്ററോളം കുറവുണ്ടാകുന്നുവെന്നാണ് കണക്ക്. കടലിൽ നീന്തിക്കുളിച്ച് തിരിച്ചുകയറി. തീരത്ത് ഒരാൾ ചാവുകടലിലെ കറുത്ത മണ്ണ് ആളുകളുടെ ദേഹത്ത് പുരട്ടിക്കൊടുക്കുന്നുണ്ട്. ഇവിടത്തെ മണ്ണ് വളരെ ഔഷധമൂല്യമുള്ളതാണത്രെ. പിന്നെ തൊലി മൃദുലമാക്കാനും സഹായിക്കും. ഈ മണ്ണ് പാക്കറ്റിലാക്കി വിൽക്കുന്നത് കഴിഞ്ഞദിവസം അമ്മാനിൽവെച്ച് കണ്ടിരുന്നു. ഞങ്ങളും ദേഹം മുഴുവൻ മണ്ണ് പുരട്ടി. അൽപ്പനേരത്തിന് ശേഷം ഇത് കഴുകിക്കളഞ്ഞ് സമീപത്തെ ഷവറിന് താഴെ പോയി ശുദ്ധവെള്ളത്തിൽ കുളിച്ച് വൃത്തിയായി. തിരിച്ച് ബസിൽ തന്നെ ഹോട്ടലിലേക്ക്. അവിടെനിന്ന് ഭക്ഷണവും കഴിച്ച് വീണ്ടും യാത്ര.
ജോർദാൻ വാലി ഹൈവേയിലൂടെ താരീഖിന്‍റെ ഫോർഡ് ഫ്യൂഷൻ കാർ കുതിച്ചുപായാൻ തുടങ്ങി. ഒരു വശത്ത് വെയിലേറ്റ് നീല നിറത്തിൽ തിളങ്ങുന്ന ചാവുകടൽ. മറുവശത്ത് തവിട്ടു നിറത്തിൽ ഉയർന്നുനിൽക്കുന്ന വലിയ മലനിരകൾ. ഇതിനിടയിലൂടെ നീളുന്ന പാതയിലൂടെയുള്ള യാത്ര അതിമനോഹരം തന്നെ. ചാവുകടലിന്‍റെ തീരത്തായി പലയിടത്തും ഹോട്ടലുകൾ കാണാം. അവിടെയെല്ലാം കടലിൽ കുളിക്കാനും മറ്റു സൗകര്യങ്ങളെല്ലാമുണ്ട്. ഈ ഭാഗത്ത് തന്നെയാണ് മെയ്ൻ ഹോട്ട് സ്പ്രിംഗ്സ് (Ma'in Hot Springs), വാദി അൽ മുജീബ് (Wadi al Mujib) എന്നിവയുള്ളത്. ധാതുലവണങ്ങളടങ്ങിയ പ്രകൃതിദത്തമായ ചൂടുവെള്ളം വരുന്ന വെള്ളച്ചാട്ടങ്ങളാണ് മെയ്നിൽ. വ്യത്യസ്ത താപനിലകളിലായി ഈ ഭാഗത്ത് 63 നീരുറവകളുണ്ട്. നിരവധി പേരാണ് ഈ വെള്ളത്തിൽ കുളിക്കാനായി എത്താറ്.
മലനിരകൾക്കിടയിലൂടെ ഒഴുകുന്ന നദിയാണ് വാദി അൽ മുജീബ്. ചാവുകടലിലാണ് ഇതും കൂടിച്ചേരുന്നത്. ഇതിന്‍റെ പടിഞ്ഞാറ് ഭാഗത്തെ മുജീബ് ബയോസ്ഫെയർ റിസർവ് സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ്. മലകൾക്കിടയിലൂടെ ഒഴുകുന്ന പുഴയുടെ തീരങ്ങളിൽ നടക്കാൻ പ്രത്യേക ഹരം തന്നെയാണ്. ചാവുകടലിന്‍റെ തീരത്തെ റോഡിൽനിന്നാണ് ഹൈക്കിങ് ആരംഭിക്കുന്നത്. മഴക്കാലമായതിനാൽ പുഴയിൽ വെള്ളമില്ല. അതിനാൽ ഞങ്ങൾ ഇവിടെ ഇറങ്ങാൻ നിന്നില്ല.
യാത്രക്കിടയിൽ റോഡരികിൽ ഏതാനും വാഹനങ്ങൾ നിർത്തിയിട്ടത് കണ്ടു. അവിടെ താരീഖും വണ്ടി നിർത്തി. താഴെ ചാവുകടലിലേക്ക് ആളുകൾ നടന്നുപോകുന്നത് കാണാം. വാദി സാൾട്ട് ഷോർ എന്നാണ് ഈ പ്രദേശത്തിന്‍റെ പേര്. ചാവുകടലിന്‍റെ ഏറ്റവും മനോഹരമായ ഭാഗമാണിത്. ഇളം പച്ചനിറത്തിലെ കടലും വെള്ളാരം കല്ലുപോലെ വെട്ടിത്തിളങ്ങുന്ന വെള്ള മണൽ തരികളും. മാലദ്വീപിലെ ബീച്ചുകളുടെ ചെറുപതിപ്പുപോലെ. നേരത്തെ റമദയിലെ ബീച്ചിൽ വെള്ളത്തിന് ഇരുണ്ട നിറമായിരുന്നു. ഇവിടെ ഇറങ്ങി കുളിക്കാൻ കഴിയാത്തതിൽ അൽപ്പം നിരാശ തോന്നി.
വണ്ടിയിൽ മുന്നോട്ടുപോകുന്നതിനിടെ ഡ്രൈവർ മറ്റൊരു കാഴ്ചയിലേക്ക് വിരൽചൂണ്ടി. മലമുകളിൽ മനുഷ്യ രൂപത്തിലുള്ള ഒരു പാറയാണത്. ഖുർആനിൽ പ്രതിപാദിച്ച ലൂത്ത് നബിയുടെ ഭാര്യയുടെ പേരിലറിയപ്പെടുന്ന പാറ. അക്രമകാരികളിൽ ഉൾപ്പെട്ടെ ഇവരെ ദൈവം ശിക്ഷിച്ച് പാറയുടെ രൂപത്തിലാക്കുകയായിരുന്നുവെന്ന് താരീഖ് പറയുന്നു. അതേസമയം, ഇതേ പേരിലറിയപ്പെടുന്ന പാറ ചാവുകടലിന്‍റെ മറുകരയിലുള്ള ഇസ്രായേലിലും ഉണ്ട്. ഏതാണ് ശരിക്കുമുള്ള പാറയെന്ന് അറിയാതെ ഞങ്ങൾ കുഴങ്ങി.
ഈ ഭാഗത്തുള്ള മറ്റൊരു ആകർഷണ കേന്ദ്രമാണ് ഭൂമിയിലെ ഏറ്റവും താഴ്ന്ന സ്ഥലത്തെ മ്യൂസിയം. ഘോർ എസ്-സാഫി എന്ന സ്ഥലത്തെ ഈ മ്യൂസിയം 2012ലാണ് ആരംഭിക്കുന്നത്. വെങ്കല യുഗത്തിലെ സെറാമിക്സ്, ബൈസൈന്‍റൻ ചിത്രപ്പണികൾ, പുരാതന വസ്ത്രങ്ങൾ എന്നിവയുടെ ശേഖരമെല്ലാം ഇവിടെയുണ്ട്. മുന്നോട്ടുനീങ്ങുമ്പോൾ ചാവുകടൽ മെല്ലെ കാഴ്ചയിൽനിന്ന് മറയാൻ തുടങ്ങി. റോഡിന്‍റെ ഇരുഭാഗത്തും കൃഷിയിടങ്ങൾ വിരുന്നൂട്ടാൻ തുടങ്ങി. കരിമ്പ് കൃഷിയൊക്കെ വരണ്ട ഭൂമിയിൽ പച്ചപ്പിന്‍റെ വസന്തം തീർക്കുന്നു.
ഗ്രാമങ്ങളില്ലാത്ത ഒഴിഞ്ഞ സ്ഥലങ്ങളിൽ കൂറ്റൻ ഫാക്ടറികൾ കാണാം. ലോകോത്തര കമ്പനികളായ അറബ് പൊട്ടാഷ് പോലുള്ളവയുടെ ഫാക്ടറികളാണ് അവ. ചാവുകടലിൽനിന്ന് വിവിധ ധാതുക്കൾ ശേഖരിച്ച് സംസ്കരിക്കുന്ന കമ്പനികളാണ് ഇവ. അറബ് പൊട്ടാഷ് കമ്പനിയിൽ ഉൽപ്പാദിപ്പിക്കുന്നത് പൊട്ടാസ്യം ക്ലോറൈഡ്, പൊട്ടാസ്യം നൈട്രേറ്റ് എന്നിവയാണ്. ഇന്ത്യ, ചൈന, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് ഇവ പ്രധാനമായും കയറ്റിയയക്കുന്നത്. ജോർദാന്‍റെ പ്രധാന വരുമാന മാർഗങ്ങളിലൊന്നാണ് ചാവുകടലിന്‍റെ തീരത്തെ ഇത്തരം ഫാക്ടറികൾ. ഇതേ രീതിയിലുള്ള ഫാക്ടറികൾ മറുകരയിലെ ഇസ്രായേലിലും പ്രവർത്തിക്കുന്നുണ്ട്.
ഫൈഫ എന്ന നാട്ടിലെത്തിയതോടെ റോഡ് രണ്ടായി പിരിഞ്ഞു. ജോർദാൻ വാലി റോഡ് നേരെ പോകുന്നത് അഖബ എന്ന തുറമുഖ നഗരത്തിലേക്കാണ്. ഞങ്ങൾക്ക് ഇന്ന് പോകാനുള്ളത് വാദി മൂസയിലേക്കാണ്. വണ്ടി ഇടത്തേക്ക് തിരിച്ചു. അൽ തഫ്ലിഹ ഹൈവേയിലൂടെയാണ് ഇപ്പോൾ യാത്ര. നേരത്തെ കണ്ട ഭൂപ്രകൃതി അല്ല ഇവിടെ. നിരപ്പായ സ്ഥലങ്ങൾ മാറി. വീതി കുറഞ്ഞ റോഡ് മലനിരകൾ താണ്ടിയാണ് പോകുന്നത്. കിലോമീറ്ററുകൾ കഴിയുമ്പോൾ ഏതാനും വീടുകളുള്ള ഗ്രാമം കാണാം. അതിന് സമീപത്തായി ചെറിയ കൃഷിയിടവും ഉണ്ടാകും. പിന്നെയും മലനിരകൾ തന്നെ. വൈകുന്നേരമായതോടെ വഴിയോരത്തെ ഒരു കടയിൽ ചായ കുടിക്കാൻ നിർത്തി. ഇവിടെനിന്നുള്ള കാഴ്ച അതിഗംഭീരമാണ്. താഴെ വിശാലമായ താഴ്വര. അതിനപ്പുറം വീണ്ടും മലനിരകൾ. ആ മലനിരകൾ ഫലസ്തീന്‍റെ ഭാഗമാണ്.
ചായ കുടിച്ചതോടെ വീണ്ടും ഉന്മേഷം ലഭിച്ചു. പാതയോരത്തെ മലനിരകൾക്ക് ചുവട്ടിൽ ദൂരെനിന്ന് കാറിൽ വന്നവർ തമ്പടിച്ചിട്ടുണ്ട്. കുടുംബ സമേതം ഒഴിവുദിവസങ്ങൾ ആഘോഷമാക്കുന്ന ജോർദാനി കുടുംബങ്ങൾ. ഭക്ഷണം പാകം ചെയ്ത്, അവിടെ കിടന്നുറങ്ങി അടുത്ത ദിവസമേ അവർ മടങ്ങൂ. കിലോമീറ്ററുകൾ പിന്നിട്ട് ആറ് മണിയോടെ ലിറ്റിൽ പെട്ര എന്ന സ്ഥലത്തെത്തി. എട്ട് കിലോമീറ്റർ അകലെയുള്ള ലോകാത്ഭുതമായ പെട്രയുടെ ചെറുപതിപ്പാണിത്. നൂറ്റാണ്ടുകൾക്ക് മുമ്പ് മലനികൾ തുരന്ന് ജനങ്ങൾ ജീവിച്ച പ്രദേശം. നാളെ പെട്ര വിശദമായി കാണാനുള്ളതിനാൽ ലിറ്റിൽ പെട്രയിൽ അധികനേരം നിന്നില്ല. ഏഴ് മണിയയോടെ വാദി മൂസയിലെത്തുമ്പോൾ സൂര്യൻ പതിയെ അസ്തമിക്കുന്നുണ്ടായിരുന്നു.
തുടരും..
ആദ്യഭാഗം- അപരദേശത്തെ അതിജീവിതങ്ങൾ
രണ്ടാംഭാഗം- റോമൻ തിയറ്ററിൽ ദഫിന്റെ താളത്തിലൊരു മലയാള ഗാനം
vkshameem@gmail.com
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.