റോമൻ തിയറ്ററിന്‍റെ മുകളിൽനിന്നുള്ള കാഴ്ച               ചിത്രങ്ങൾ : വി.കെ ഷമീം

റോമൻ തിയറ്ററിൽ ദഫിന്റെ താളത്തിലൊരു മലയാള ഗാനം

മ്മാൻ നഗരത്തിന്​ ഒത്തനടുവിലുള്ള ജബൽ അൽ ഖലയുടെ മുകളിൽ വണ്ടി നിർത്തി ഫലസ്തീൻകാരനായ ടാക്സി ഡ്രൈവർ അബ്​ദുല്ല യാത്ര പറഞ്ഞു. പല രാജഭരണങ്ങൾ അധീനപ്പെടുത്തിയ സിറ്റാഡലിന് (കോട്ട)​ മുന്നിലാണ്​ ഞങ്ങളിപ്പോൾ. ടിക്കറ്റ്​ കൗണ്ടറിൽ ജോർദാൻ പാസ്​ കാണിച്ച്​ അകത്തേക്ക്​ കടന്നു. സഞ്ചാരികളെ സ്വാഗതം ചെയ്ത്​ മൂന്ന്​ ശിലാഫലകങ്ങൾ ഇവിടെ കൊത്തിവെച്ചിട്ടുണ്ട്​. വിവിധ കാലഘട്ടങ്ങളിൽ ആര്​ ഭരിച്ചുവെന്നും അക്കാലത്ത്​ ഈ നാടിന്‍റെ പേര്​ എന്തായിരുന്നുവെന്നും അതിൽ കാണാം. ബി.സി 5500 മുതൽ ബി.സി 63 വരെയുള്ള കാലയളവിൽ നഗരത്തിന്‍റെ പേര്​ റബാത്ത്​-അമ്മാൻ എന്നായിരുന്നു. പിന്നീട്​ വന്ന നബാത്തിയൻ, റോമൻ, ബൈസാന്‍റിയൻ കാലഘട്ടങ്ങളിൽ ഫിലാഡൽഫിയ എന്നാണ്​ അറിയപ്പെട്ടത്​​. എ.ഡി 661ലെ ഉമയ്യദ്​ കാലഘട്ടം മുതൽ അമ്മാൻ എന്ന പേര്​ തിരിച്ചുവന്നു. അബ്ബാസി, ഫാത്തിമി​, അയ്യൂബി​, മാംലുക്​, ഉസ്മാനിയ്യ തുടങ്ങിയ ഭരണവംശങ്ങൾ ഈ നാടിനെ പിന്നീട്​ അധീനപ്പെടുത്തി. ഇന്നിപ്പോൾ കോട്ടയിൽ ശേഷിപ്പായുള്ളത്​ പ്രധാനമായും ബൈസാന്‍റിയൻ, റോമൻ, ഉമയ്യദ്​ കാലഘട്ടങ്ങളിലെ നിർമിതികളാണ്​. പലതും നാശത്തിന്‍റെ വക്കിലെത്തിയിട്ടുണ്ട്​​.അമ്മാൻ സിറ്റാഡലിലെ ഹെർക്കുലിസ് ക്ഷേത്രത്തിന്‍റെ അവശേഷിപ്പുകൾ

അമ്മാൻ സിറ്റാഡലിൽനിന്ന് കാണുന്ന അമ്മാൻ നഗരം

ഇവിടത്തെ പ്രധാന ആകർഷണം റോമൻ കാലഘട്ടത്തിൽ നിർമിച്ച ഹെർകുലിസ്​ ക്ഷേത്രമാണ്​. എ.ഡി 162-166 കാലഘട്ടത്തിലാണ്​ ഇത്​ നിർമിച്ചത്​. ക്ഷേത്രത്തിന്‍റെ നിലവും ഏതാനും തൂണുകളും മാത്രമാണ്​ ശേഷിപ്പായിട്ടുള്ളത്​. ആ കാലഘട്ടത്തിൽ ഇതിന്‍റെ നിർമാണം പൂർത്തിയായിട്ടില്ലായിരുന്നുവെന്നും ചരിത്രകാരൻമാർ സാക്ഷ്യപ്പെടുത്തുന്നുണ്ട്​. ഹെർക്കുലിസ്​ ടെമ്പിളിൽനിന്ന്​ ഇറങ്ങി മുന്നിലെ കൽവിരിച്ച വഴിയിലൂടെ നടന്നു. ധാരാളം സഞ്ചാരികളുണ്ട്​. അധികവും പാശ്ചാത്യരും അറബികളുമാണ്​​. ഇടക്ക്​ വലപ്പോഴും ഹിന്ദിയിലുള്ള സംസാരവും കേൾക്കാം. മുകളിൽ സൂര്യൻ കത്തിയാളുന്നുണ്ടെങ്കിലും മലമുകളിൽ വീശിയടിക്കുന്ന കാറ്റ്​ ചെറിയ ആശ്വാസം തരുന്നു​.

അമ്മാൻ സിറ്റാഡലിലെ ഹെർക്കുലിസ് ക്ഷേത്രത്തിന്‍റെ അവശേഷിപ്പുകൾ

പോകുന്ന വഴിയിലെല്ലാം നൂറ്റാണ്ടുകളുടെ ചരിത്രം സ്പന്ദിക്കുന്ന നിർമിതികൾ കാണാം. അതിലൊന്ന്​ എ.ഡി 500 കാലഘട്ടത്തിൽ നിർമിച്ച ബൈസാന്‍റിയൻ ചർച്ചാണ്​. അതിന്‍റെ ഏതാനും തൂണുകൾ മാത്രമാണ്​ ഇന്ന്​ ബാക്കിയുള്ളത്​. പിന്നീട്​ നടന്നെത്തിയത്​ ഉമയ്യദ്​ കൊട്ടാരത്തിനും പള്ളിക്കും മുന്നിലാണ്​. എഡി 661-750 കാലഘട്ടത്തിലാണ്​ ഇത്​ നിർമിക്കുന്നത്​. കൊട്ടാരത്തോട് ചേർന്ന് വലിയ ജലസംഭരണിയുണ്ടായിരുന്നുവത്രെ. പണ്ടുമുതലേ ജലക്ഷാമമുള്ള ജോർദാനിൽ ഈ സംഭരണി വലിയൊരു ആശ്വാസമായിരുന്നു. പേർഷ്യൻ ശൈലിയിലുള്ള ആദ്യകാല പള്ളികളുടെ ഉദാഹരണമാണ് ഇവിടത്തേത്​. ഇത്തരം പള്ളികൾ സാധാരണയായി പേർഷ്യയിലും (ഇറാൻ) മെസൊപ്പൊട്ടേമിയയിലും (ഇറാഖ്) മാത്രമേ കണ്ടിരുന്നുള്ളൂ​. അന്നത്തെ കാലത്തുണ്ടായിരുന്ന മാർക്കറ്റിന്‍റെയെല്ലാം ശിലകൾ ഇന്ന്​ ബാക്കിയായി നിൽപ്പുണ്ട്​. ഇവിടെനിന്ന്​ നോക്കിയാൽ ആധുനിക നഗരം കാണാം. ചരിത്രവും ആധുനികതയും ഒരുമിച്ച്​ ചേരുന്ന ഫ്രെയിം. അതിനിടയിലായി ജോർദാന്‍റെ വലിയൊരു പതാക പാറിക്കളിക്കുന്നു.

അമേരിക്കക്കാരുടെ ക്ഷമാപണം

മലമുകളിലൂടെ നടക്കുന്നതിനിടെ ഒരു മരത്തിന്‍റെ തണലിൽ അൽപ്പനേരം വിശ്രമിക്കാനിരുന്നു. ഈ സമയത്താണ്​ ഒരു ജോർദാനിയൻ ഗൈഡ്​ പ്രായമായ അമേരിക്കൻ ദമ്പതിമാരെയും കൊണ്ട്​ അതിലൂടെ വരുന്നത്​. ഞങ്ങളെ കണ്ടതോടെ ഗൈഡ്​ ഇന്ത്യക്കാരാണോ എന്ന്​ ചോദിച്ചു. അതെ എന്ന്​ പറഞ്ഞതോടെ ഗൈഡ്​ ആ അമേരിക്കൻ ദമ്പതികളോട്​ പിന്നീട്​ ഇന്ത്യയെയും നാട്ടുകാരെയും കുറിച്ചുള്ള വിവരണമായി. ഇന്ത്യക്കാർ കഠിനാധ്വാനികളാണെന്നും ലോകത്തിന്‍റെ ഏത്​ ഭാഗത്തും അവരെ കാണാമെന്നും അദ്ദേഹം പുകഴ്ത്തിപ്പറയുന്നുണ്ട്​. ഞങ്ങളോടുള്ള അയാളുടെ സംസാരം ഏറെനേരം നീണ്ടപ്പോൾ അമേരിക്കക്കാർക്ക്​ അത്​ അത്ര രസിച്ചില്ല. നമുക്ക്​ പോകാം എന്ന്​ അവർ ഗൈഡിനോട്​ പറഞ്ഞു. മാത്രമല്ല, തങ്ങളുടെ ഗൈഡ്​ ബുദ്ധിമുട്ടിച്ചു എന്ന്​ തോന്നിയതിന്​ അവർ ക്ഷമാപണം നടത്തുകയും ചെയ്തു. തങ്ങൾക്ക്​ ഒരു പ്രശ്നവു​മില്ലെന്ന്​ അവരോട്​ പറഞ്ഞു. ഇതെല്ലാം യാത്രയുടെ ഭാഗം തന്നെയല്ലേ. ചരിത്രവും കാഴ്ചകളും മാത്രമല്ല, ഇതുപോലെ വ്യത്യസ്തരായ ആളുകളെ കാണാനും പരിചയപ്പെടാനുമെല്ലാം സാധിക്കുന്നതും ഇത്തരം യാത്രകളിലെ സൗഭാഗ്യമാണ്​​.

മലമുകളിലെ മറ്റൊരു പ്രധാന കാഴ്ചയായ ജോർദാൻ ആർക്കിയോളജിക്കൽ മ്യൂസിയത്തിലേക്കാണ്​ അടുത്തതായി എത്തിയത്​.​ 1951ലാണ്​ മ്യൂസിയം​ ആരംഭിക്കുന്നത്​. 10,000 വർഷം മുമ്പ്​ പഴയ ശിലായുഗം മുതലുള്ള ചരിത്ര വസ്തുക്കൾ ഈ മ്യൂസിയത്തിലുണ്ട്​. അമ്മാൻ, ചാവുകടൽ, പെട്ര, ജെറാഷ്​ തുടങ്ങി ജോർദാനിലെ വിവിധ ഭാഗങ്ങളിൽനിന്ന്​ ശേഖരിച്ച വസ്തുക്കളാണ്​ ഇവയിലധികവും​. ഓരോ കാലഘട്ടത്തിന്‍റെയും ക്രമമനുസരിച്ചാണ്​ ഇവ പ്രദർ​ശിപ്പിച്ചിട്ടുള്ളത്​​. പല കാലഘട്ടങ്ങളിൽ ഉപയോഗിച്ച പാത്രങ്ങൾ, ഉപകരണങ്ങൾ, ശവകുടീരങ്ങൾ തുടങ്ങി പുരാതന ചരിത്രത്തിലേക്ക്​ വെളിച്ചം വീശുന്ന നിരവധി വസ്തുക്കൾ ഇവിടെ കാണാനാകും. കല്ലുകളിൽ രേഖപ്പെടുത്തിയ പുരാതന ലിപികൾ അർത്ഥസഹിതം സൂക്ഷിച്ചിട്ടുണ്ട്​. നമുക്ക്​ മുമ്പ്​ കഴിഞ്ഞുപോയ ജനത എങ്ങനെ ജീവിച്ചിരുന്നുവെന്നതിന്‍റെ ചെറിയൊരു രൂപം ഇവിടെ കണ്ടെത്താം. മനുഷ്യപുരോഗതിയുടെ കാലചക്രം കൂടിയാണ്​ ഇത്തരം മ്യൂസിയങ്ങൾ.

നൂറ്റാണ്ടുകൾ പിറകിലൂടെ സഞ്ചരിച്ച്​ കഴിഞ്ഞപ്പോഴേക്കും സമയം ഒരു മണിയായി. മ്യൂസിയത്തിൽനിന്ന്​ പുറത്തിറങ്ങി. താഴെ നഗരം കാണാം. അതിനിടയിൽ റോമക്കാർ നിർമിച്ച തിയറ്റർ ഉയർന്നുനിൽക്കുന്നു. ഇന്ന്​ വൈകുന്നേരം അവിടം സന്ദർശിക്കാനാണ്​ പ്ലാൻ. കോട്ടക്ക്​ പുറത്തെ റോഡിലൂടെ മലയിറങ്ങാൻ തുടങ്ങി. ഒരു കിലോമീറ്റർ ദൂരമേയുള്ളൂ ഡൗൺടൗണിലേക്ക്​. സമീപത്തെ സ്കൂളിലെ ക്ലാസ്​ കഴിഞ്ഞതിനാൽ റോഡിൽ നിറയെ കുട്ടികളുടെ ബഹളമാണ്​. അവർക്കൊപ്പം ഞങ്ങളും നടന്നുനീങ്ങി. നല്ല വൃത്തിയുള്ള നഗരം. കല്ലുപതിച്ച നടപ്പാതകൾ. ചില ചുമരുകളിൽ ​ഗ്രാഫിറ്റി ഡിസൈനിങ്​ വരച്ചിട്ടുണ്ട്​. കച്ചവട സ്ഥാപനങ്ങൾ ഒരുക്കിയിരിക്കുന്നതും ഭംഗിയോടെയാണ്​​. ഇതെല്ലാം നഗരത്തിന്‍റെ ചന്തം വർധിപ്പിക്കുന്നു.

ജറുസലേമിലെ 'മൻസഫ്'​

ഡൗൺടൗണിലെ ജറുസലേം എന്ന ഹോട്ടലിലേക്കാണ്​ ഞങ്ങൾ പോയത്​. ഇവിടത്തെ പ്രധാന റെസ്​റ്റോറന്‍റാണിത്​. ജോർദാന്‍റെ തനത്​ വിഭവമായ മൻസഫ്​ കഴിക്കാനാണ്​ ഈ ഹോട്ടൽ തെരഞ്ഞെടുത്തത്​. പുളിപ്പിച്ച തൈരിന്‍റെ സോസിൽ ആട്ടിറച്ചി പാകം ചെയ്ത് ചോറിനോടൊപ്പം വിളമ്പുന്നതാണ്​ ഈ വിഭവം​. മസാലയുള്ളതും ഇല്ലാത്തതുമായ രീതിയിൽ ഇത്​ തയാറാക്കും. രണ്ടും ഓർഡർ ചെയ്തു. എല്ലാം ഒന്നിനൊന്ന്​ മെച്ചം. ഇതുവരെ അനുഭവിക്കാത്ത രുചി. ഇതോടൊപ്പം ഒലീവും സലാഡുമെല്ലാം പാത്രത്തിൽ നിരത്തിവെച്ചിരുന്നു. ഭക്ഷണവും കഴിച്ച്​ സമീപത്തെ ഞങ്ങളുടെ ഹോസ്റ്റലിലെ റൂമിൽ പോയി അൽപ്പനേരം വിശ്രമിച്ചു. വെയിലൊന്ന്​ ശമിച്ചിട്ട്​ മതി ഇനിയുള്ള കറക്കം. നാല്​ മണിക്ക്​ വീണ്ടും ഡൗൺടൗണിലേക്ക്​ ഇറങ്ങുമ്പോൾ തെരുവിൽ തിരക്ക്​ വർധിച്ചിട്ടുണ്ട്​. കച്ചവടങ്ങൾ കൂടുതൽ സജീവമായി. നടപ്പാതകൾ കച്ചവടക്കാർ കൈയേറിയിരിക്കുന്നു.

നഗരത്തിലെ പഴയ കെട്ടിടങ്ങൾക്കിടയിലൂടെ നടക്കുമ്പോൾ ഒരു കടക്ക് മുന്നിൽ​ വലിയ ക്യൂ കണ്ടു. ഫലസ്തീൻ വിഭവമായ കുനാഫ കഴിക്കാനുള്ള തിരക്കാണത്​​. പശ്ചിമേഷ്യയിൽ ധാരാളം ആരാധകരും ശാഖകളുമുള്ള ഹബീബ സ്വീറ്റ്​സ്​ എന്ന കടയാണിത്​. 1951ൽ അൽ ഹാജ്​ മഹ്​മൂദ്​ ഹബീബ എന്ന ഫലസ്തീനിയാണ്​ അമ്മാൻ ഡൗൺടൗണിൽ ആദ്യമായി ഈ സ്ഥാപനം തുടങ്ങുന്നത്​. അമ്മാനിലെ മിക്ക വ്യാപാര സ്ഥാപനങ്ങൾ നടത്തുന്നവരും ജോലിക്കാരുമെല്ലാം​ ഫലസ്തീനിൽനിന്ന്​ കുടിയേറിയവരാണ്​. 1948ലെയും 1967ലെയും യുദ്ധക്കാലത്താണ്​ ഫലസ്തീനിൽനിന്ന്​ വലിയ രീതിയിലുള്ള പലായനമുണ്ടായത്​. അതിനാൽ തന്നെ അമ്മാൻ നഗരത്തിലെ ഭൂരിഭാഗം താമസക്കാരും തദ്ദേശീയരേക്കാൾ ഫലസ്തീനികളാണെന്ന്​ കണക്കുകൾ സൂചിപ്പിക്കുന്നു​.

ജോർദാന്‍റെ തനത് വിഭവമായ മൻസഫ്

1948 മെയ് 14നാണ്​ ഇസ്രയേൽ എന്ന അധിനിവേശ രാജ്യം രൂപംകൊള്ളുന്നത്​. പത്ത് ലക്ഷത്തോളം പേരെയാണ് ആദ്യഘട്ടത്തിൽ​ അന്ന്​ ഫലസ്തീനിൽനിന്ന്​ പുറത്താക്കിയത്​. ഇതിനെ തുടർന്ന്​ അറബ്​ രാജ്യങ്ങളായ ഈജിപ്ത്, സിറിയ, ജോർദാൻ, ലെബനാൻ, ഇറാഖ് എന്നിവ ചേർന്ന് ഇസ്രായേലിനെ ആക്രമിച്ചു. ജോർദാൻ സൈന്യം കിഴക്കൻ ജറുസലേം കീഴടക്കിയെങ്കിലും, ഇസ്രായേൽ ശത്രുക്കളെ മുഴുവൻ പ്രതിരോധിച്ച് ചെറുത്തുനിന്നു. യുദ്ധഫലമായി ജോർദാൻ നദിക്ക് പടിഞ്ഞാറുള്ള പ്രദേശത്തിന്‍റെ 29 ശതമാനം ഇസ്രയേലിന് ലഭിച്ചു. ജൂദിയായിലെ പർവത പ്രദേശങ്ങളും സമരിയായുമടങ്ങുന്ന വെസ്റ്റ് ബാങ്ക് പ്രദേശം ജോർദാനും കൈവശപ്പെടുത്തി. ഗാസാ മുനമ്പിൽ ഈജിപ്ത് അവകാശം സ്ഥാപിച്ചു. എല്ലാം നഷ്ടപ്പെടുകയും ഒന്നും നേടാതിരിക്കുകയും ചെയ്തത് ഫലസ്തീൻകാരായ അറബികളായിരുന്നു. അവർ മറ്റ് അറബ്​ നാടുകളിൽ അഭയാർത്ഥികളാകാൻ വിധിക്കപ്പെട്ടു. 7,11,000 പലസ്തീനികൾ അന്ന്​ അഭയാർത്ഥികളായന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക്.

പിന്നീടുണ്ടായ ​പ്രധാന യുദ്ധം​ 1967 ജൂൺ അഞ്ചിനും പത്തിനുമിടയിൽ നടന്ന സിക്സ്​ ഡേ വാർ ആണ്​. ഇസ്രായേലും ഈജിപ്ത്, ജോർദാൻ, സിറിയ എന്നീ രാജ്യങ്ങളുടെ സഖ്യവുമായി (യുനൈറ്റഡ് അറബ് റിപ്പബ്ലിക്​) നടത്തിയ യുദ്ധമാണ് ആറുദിനയുദ്ധം. ഇതിനെത്തുടർന്ന്​ മൂന്ന്​ ലക്ഷത്തോളം ഫലസ്തീനികൾ പലായനം ചെയ്യുകയോ വെസ്റ്റ് ബാങ്കിൽനിന്ന് പുറത്താക്കപ്പെടുകയോ ചെയ്തു. പലരും പിന്നീട്​ ജോർദാൻ പൗരൻമാരായി മാറിയെങ്കിലും തങ്ങളുടെ ഫലസ്തീൻ സ്വത്വം മറച്ചുവെക്കാൻ അവർക്ക്​ മടിയില്ല. ഇതിന്​ പുറമെ ഫലസ്തീൻ, സിറിയ, ഇറാഖ്​ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള അഭയാർഥികളും ജോർദാനിലുണ്ട്​. അമേരിക്കയുടെയും ലോകരാഷ്ട്ര സഭയുടെയുമെല്ലാം സഹായത്തോടെയാണ്​ മിക്ക അഭയാർഥി ക്യാമ്പുകളും പ്രവർത്തിക്കുന്നത്​. ഇസ്രായേലിനെതിരെ ഒരു കാലത്ത്​ യുദ്ധം ചെയ്ത അറബ്​ രാജ്യങ്ങളിൽ മിക്കവയും ഇപ്പോൾ അമേരിക്കയുടെയും ഇസ്രായേലിന്‍റെയും കുഴലൂത്തുകാരണെന്ന കാര്യം രാവിലെ ടാക്സി ഡ്രൈവർ അബ്​ദുല്ല സങ്കടത്തോടെ പറഞ്ഞ കാര്യം മനസ്സിൽ വന്നു.

1948ൽ ഫലസ്​തീനിൽനിന്ന്​ വന്നവർക്കൊല്ലം​ ജോർദാൻ പൗരത്വം നൽകിയിരുന്നു. അതിനുശേഷം വന്നവർക്ക് പൂർണാർത്ഥത്തിലുള്ള പൗരത്വം നൽകിയിട്ടില്ല. ​വിദേശ യാത്ര പോലുള്ള വേളകളിൽ ​ജോർദാനിയൻ പൗരത്വം കാണിക്കാമെങ്കിലും അവർ ഫലസ്തീനികളായാണ്​ തുടരുന്നത്​. കൂടാതെ ഫലസ്തീനിലെ ഗസ്സയിൽനിന്ന്​ വരുന്നവർക്കും വെസ്റ്റ്​ബാങ്കിലെ ഇസ്രായേൽ അധിനിവേശ പ്രദേശങ്ങളിൽനിന്ന്​ വരുന്നവർക്കും​ വ്യത്യസ്തതരം പൗരത്വ രേഖയാണ് ജോർദാൻ​ നൽകുന്നത്​.

ഇറാനിയൻ ദഫും മലയാളം പാട്ടും

പശ്ചിമേഷ്യയുടെ ഇഷ്ടമധുരമായ കുനാഫയും കഴിച്ച്​ നടന്നുനീങ്ങി. തെരുവുകളെല്ലാം വ്യത്യസ്തമായ നിർമിതികൾ കൊണ്ട്​ മനോഹരമാക്കിയിരിക്കുന്നു. പാതകൾക്കിടയിലെ ഇരിപ്പിടങ്ങളിൽ പ്രായമാവർ വിശ്രമിക്കുന്നു. എല്ലാവരുടെയും ചുണ്ടിൽ പുകയുന്ന സിഗരറ്റുണ്ട്​. ആദ്യമായി നടന്നെത്തിയത്​ ഗ്രാൻഡ്​ ഹുസൈനി പള്ളിക്ക്​ മുന്നിലാണ്​. അമ്മാനിലെ ഏറ്റവും പഴക്കം ചെന്ന പള്ളികളിലൊന്നാണിത്​. എ.ഡി 640ൽ രണ്ടാമത്തെ ഖലീഫയായ ഉമർ ബിൻ ഖത്താബ് (റ) നിർമിച്ച പള്ളിയാണിത്​. 1932ലാണ്​ ഇന്ന്​ കാണുന്നപോലെ പള്ളി പുതുക്കിപ്പണിതത്​. അവിടെയെത്തുമ്പോൾ അസർ നമസ്കാരത്തിന്​ ബാങ്ക്​ വിളിക്കുകയാണ്​. പള്ളിയുടെ ഉൾവശമെല്ലാം അതിമനോഹരമാണ്​. പരവതാനിയും വലിയ ലൈറ്റുകളുമെല്ലാമായി മോടിപിടിപ്പിച്ചിട്ടുണ്ട്​. ആളുകൾ നമസ്കാരത്തിനായി വന്നുതുടങ്ങിയിരിക്കുന്നു. യൂറോപ്യൻ സഞ്ചാരികൾ അകത്ത് കയറി​ ഫോട്ടോയെല്ലാം എടുക്കുന്നുണ്ട്​. നമസ്കാര ശേഷം പള്ളിയിൽനിന്ന്​ പുറത്തിറങ്ങി. എവിടെയും കച്ചവടക്കാരുടെ ബഹളമാണ്​. പള്ളിയുടെ തൊട്ടടുത്തായി തന്നെ പഴവും പച്ചക്കറിയുമെല്ലാം വിൽക്കുന്ന വലിയ മാർക്കറ്റുണ്ട്​.

 റോമൻ നിംഫേയം

റോമൻ തിയറ്ററാണ്​ ഇനി ഞങ്ങളുടെ ലക്ഷ്യം. ഇവിടേക്ക്​ പോകുന്ന വഴിയിലാണ്​ ഒരു ചരിത്രനിർമിതി കാണുന്നത്​. ഭാഗികമായി സംരക്ഷിച്ചിരിക്കുന്ന റോമൻ നിംഫേയം (ജലധാര) ആണത്​. ഇത്തരം ജലധാരകൾ പുരാതന റോമൻ നഗരങ്ങളിലെ സ്ഥിരകാഴ്ചയായിരുന്നു. 600 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ഒരു കുളമാണ്​ ഇവിടെ ഉണ്ടായിരുന്നത്​. മൂന്ന് മീറ്ററായിരുന്നു ഇതിന്‍റെ ആഴം. എ.ഡി രണ്ടാം നൂറ്റാണ്ടിലാണ്​ ഇത്​ നിർമിക്കുന്നത്​. 2015 സെപ്റ്റംബറിൽ ജോർദാൻ യൂനിവേഴ്സിറ്റി, പെട്ര യൂനിവേഴ്സിറ്റി, ഹാഷിമൈറ്റ് യൂനിവേഴ്സിറ്റി എന്നിവിടങ്ങളിൽനിന്നുള്ള ആർക്കിയോളജിക്കൽ വിദ്യാർഥികളും യു.എസ് എംബസിയുടെ ധനസഹായത്തോടെ പ്രൊഫഷണൽ ടെക്നീഷ്യൻമാരും ഈ പ്രദേശം പുനരുദ്ധരിക്കാൻ തുടങ്ങി. അതിനാൽ സഞ്ചാരികൾക്ക്​ നിലവിൽ​ അകത്തേക്ക് പ്രവേശനമില്ല.

300 മീറ്റർ കൂടി നടന്നപ്പോഴേക്കും ലക്ഷ്യസ്ഥാനമായ റോമൻ തിയറ്ററിലെത്തി. നഗത്തിലെ തന്നെ ഏറ്റവും പ്രധാന നിർമിതിയാണിത്​. പുരാതന കാലത്തെ വിനോദ കാഴ്ചകളുടെ കേന്ദ്രമായ തിയറ്റർ ഞങ്ങളു​ടെ മുന്നിൽ നിറഞ്ഞുനിൽക്കുന്നു. എ.ഡി രണ്ടാം നൂറ്റാണ്ടിൽ നിർമിച്ച ഇതിൽ 6000 പേർക്ക്​ ഇരിക്കാൻ കഴിയും. തിയറ്ററിന്​ മുകളിലേക്ക്​ പോകുന്നതിന്​​ മുമ്പായി രണ്ട്​ മ്യൂസിയം കാണാം​. ജോർദാനികളുടെ പാരമ്പര്യ ജീവിത രീതികളും നാടൻ കലകളുമെല്ലാം ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നു. അവരുടെ വസ്ത്രരീതികൾ, ഉപജീവന മാർഗങ്ങൾ, താമസകേന്ദ്രങ്ങൾ, പാചകം തുടങ്ങിയവയെല്ലാം ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

മ്യൂസിയത്തിൽനിന്ന്​ ഇറങ്ങി തിയറ്ററിന്‍റെ അരങ്ങിലെത്തി. ഇവിടെ നിൽക്കുമ്പോൾ വല്ലാത്തൊരു അനുഭൂതിയാണ്​. എന്തെല്ലാം പരിപാടികൾക്കും ചടങ്ങുകൾക്കും​ ഈ അരങ്ങ്​ സാക്ഷിയായിട്ടുണ്ടാകുമെന്ന്​ ഞാൻ ആലോചിച്ചു. അവയുടെ പ്രതിധ്വനികൾ മുന്നിലെ ഇരിപ്പിടങ്ങളിൽ ഇപ്പോഴും പ്രതിഫലിക്കുന്നതുപോലെ. ഒരു കുന്നിൻ ചെരുവിലാണ്​ ഈ തിയറ്റർ പണിതിരിക്കുന്നത്​. എ.ഡി 138-161 കാലഘട്ടത്തിൽ അ​േന്‍റാണിയസ് പയസ് ചക്രവർത്തിയുടെ ബഹുമാനാർത്ഥമാണ്​ ഈ ആംഫി തിയറ്റർ നിർമിച്ചതെന്ന്​ ഒരു സ്തംഭത്തിലെ ഗ്രീക്ക് ലിഖിതത്തിൽ സൂചിപ്പിക്കുന്നുണ്ട്​. കാഴ്ചക്കാരിൽനിന്ന് സൂര്യനെ തടയാൻ വടക്കോട്ട് തിരിഞ്ഞായിരുന്നു ഇതിന്‍റെ നിർമാണം. ഇന്നും ഈ തിയറ്റർ അമ്മാൻകാർ ഉപയോഗിക്കുന്നുണ്ട്​. അമ്മാൻ മാരത്തൺ സമ്മാനദാന ചടങ്ങ്, സംഗീത കച്ചേരികൾ, പ്രത്യേകിച്ച് അൽ-ബലാദ് മ്യൂസിക് ഫെസ്റ്റിവൽ എന്നിവയുൾപ്പെടെയുള്ള സാംസ്കാരിക മേളകളുടെ വേദിയാണിത്​. 2019 ആഗസ്റ്റിൽ അമേരിക്കൻ റാപ്പർ റസ് ഇവിടെ സംഗീതനിശ അവതരിപ്പിച്ചിരുന്നു.

ഇരിപ്പിടങ്ങൾക്കിടയിലൂടെയുള്ള പടികൾ​ കയറി ഏറ്റവും മുകളിലെത്തി. അതിവിശാലമായ കാഴ്ചയാണ്​ മുന്നിൽ. നഗരത്തിന്‍റെ ഭാഗങ്ങൾ ഇവിടെനിന്ന്​ കാണാം. അതോടൊപ്പം മലനിരകളെ തഴുകി വരുന്ന തണുത്ത കാറ്റുമുണ്ട്​. ഇതെല്ലാം ആസ്വദിച്ചിരിക്കുമ്പോഴാണ് രണ്ട്​ മലയാളികളുടെ ശബ്​ദം കേൾക്കുന്നത്​. അതിലൊരാൾ തനി മലയാളി സ്​റ്റൈലിൽ മുണ്ടെല്ലാം എടുത്താണ്​ കയറിവരുന്നത്​. കണ്ണൂരുകാരനായ ഡോക്ടർ ഷക്കീലും മലപ്പുറം മഞ്ചേരിക്കാരനായ സബീർ മുഹമ്മദുമായിരുന്നു ആ വന്നത്​. സബീർ അമേരിക്കയിൽ ബിസിനസ്​ ചെയ്യുകയാണ്​. കുറച്ചുനേരം അവരോട്​ സംസാരിച്ചിരുന്നു. പിന്നെ മുകളിൽനിന്ന്​ അവരുടെ കൂടെ ഫോട്ടോയെല്ലാം എടുത്ത്​ താഴെ അരങ്ങിലെത്തി. ഈ സമയത്താണ്​ ഡോ. ഷക്കീൽ തന്‍റെ കൈവശമുണ്ടായിരുന്ന ഒരു വജ്രായുധം പുറത്തെടുക്കുന്നത്​. സൂഫി സംഗീതധാരയുടെ ഭാഗമായ ഇറാനിയൻ ദഫ് എന്ന ഉപകരണമായിരുന്നുവത്. അതിൽ കൊട്ടി പുള്ളി മലയാളത്തിൽ പാടാൻ തുടങ്ങി.

റോമൻ തിയറ്ററിൽ മലയാളം ഗാനമാലപിക്കുന്ന ഡോക്ടർ ഷക്കീൽ

തുമ്പപ്പൂ പെയ്യണ പൂനിലാവേ - ഏൻ

നെഞ്ചിനെറയണ പൂക്കിനാവേ

എത്തറനാൾ കൊതിച്ചിരുന്ന് - നിന്നെ

ഏനെന്നും തേനൂറും പൂവാണെന്ന് - നിന്നെ

ഏനെന്നും തേനൂറും പൂവാണെന്ന്...

ഒരിക്കലും പ്രതീക്ഷിക്കാത്ത നിമിഷമായിരുന്നുവത്​. റോമൻ തിയറ്ററിൽ വന്ന്​ ഒരു മലയാളം പാട്ട്​ കേൾക്കാൻ കഴിയുമെന്ന്​ സ്വപ്നത്തിൽ പോലും നിനച്ചതല്ല. വിവിധ ഭാഷകളിൽ വ്യത്യസ്ത പരിപാടികൾക്ക്​ വേദിയായ ഈ തിയറ്ററിൽ ഇതിന്​ മുമ്പ്​ ആരെങ്കിലും മലയാളത്തിൽ പാടിയിട്ടുണ്ടാകുമോ? പാട്ടിന്‍റെ ശ്രുതി മുറുകിയതോടെ കാഴ്ചക്കാരും കൂടി. ഭാഷയറിയില്ലെങ്കിലും അറബികളും പാശ്ചാത്യരുമെല്ലാം ആസ്വാദകരായെത്തി. അല്ലെങ്കിലും സംഗീതത്തിന്​ ഭാഷയുടെയും സംസ്കാരങ്ങളുടെയും അതിർവരമ്പുകൾ ഭേദിക്കാനുള്ള കഴിവുണ്ടല്ലോ. പലരും മൊബൈലിൽ ദൃശ്യങ്ങൾ പകർത്തുന്നുണ്ടായിരുന്നു. സംഗീത സാന്ദ്രമായ സായാഹ്​നത്തിന്​ അവർ ഡോ. ഷക്കീലിനോട്​ നന്ദി പറയുകയും അദ്ദേഹത്തെ അഭിനന്ദിക്കുകയും ചെയ്തു. 1958ൽ പുറത്തിറങ്ങിയ 'രണ്ടിടങ്ങഴി' സിനിമയിലെ ഗാനം അക്ഷരാർത്ഥത്തിൽ റോമൻ തിയറ്ററിൽ പൂനിലാവ് തീർത്തു. ഹിന്ദിയും മലയാളവുമെല്ലാമായി 15​ മിനിറ്റോളം ഡോക്ടറുടെ സംഗീത കച്ചേരി തുടർന്നു. സൂര്യൻ അസ്തമയത്തിന്​ തയാറായിട്ടുണ്ട്​. ഓപൺ തിയറ്ററിലെ വെളിച്ചം താഴ്ന്നുതുടങ്ങി. ഡോക്ടറോടും സബീറിനോടും യാത്ര പറഞ്ഞ്​ ഞങ്ങൾ അവിടെനിന്നിറങ്ങി.

തുർക്കിഷ് ഐസ്ക്രീം ഷോപ്പ്

റോമൻ തിയറ്ററിന് മുന്നിൽ അതിവിശാലമായ ചത്വരമാണ്​. 'ദെ ഹാഷിമൈറ്റ്​ പ്ലാസ' എന്നാണ്​ ഇതിന്‍റെ പേര്​. 20,000 ചതുരശ്രയടി വരുന്ന ഈ ചത്വരം അമ്മാൻ നഗത്തിന്‍റെ സാംസ്​കാരിക കേന്ദ്രമാണ്​. അമ്മാൻ ബുക്ക്​ ഫെസ്റ്റിവൽ അടക്കമുള്ള സാംസ്​കാരിക പരിപാടികൾക്ക്​ ഇവിടെയാണ്​ വേദിയാവാറ്​. ഇതിന്​ സമീപം തന്നൊയണ്​ ഒഡിയോൺ തിയറ്ററുമുള്ളത്​. 500 സീറ്റ്​ മാത്രമുള്ള ചെറിയ ഓപൺ തിയറ്ററാണിത്​. എ.ഡി രണ്ടാം നൂറ്റാണ്ടിൽ തന്നെയാണ്​ ഇതും നിർമിച്ചത്​. ചത്വരത്തിന്‍റെ ഓരത്തായി ഏതാനും ലഘു ഭക്ഷണശാലകളുണ്ട്. ഇതിനിടയിലെ ഒരു തുർക്കി ഐസ്ക്രീം കട ആരുടെയും ശ്രദ്ധപിടിച്ചുപറ്റും. നരച്ച കട്ടി മീശയും ചുവന്ന തൊപ്പിയും മേൽക്കുപ്പായു​വുമെല്ലാം ധരിച്ച പ്രായമായ വ്യക്തിയാണ് കടക്കാരൻ. മൊത്തം കളർഫുള്ളായ കടക്ക് മുന്നിൽ ജോർദാന്‍റെയും തുർക്കിയുടെയും പാതകയുമുണ്ട്.

മഴവിൽ തെരുവിലൂടെ

തെരുവിലൂടെ വീണ്ടും നടന്നു. പാതയോരങ്ങൾ കൂടുതൽ സജീവമായിട്ടുണ്ട്​. കടകൾക്ക്​ മുന്നിലെ ലൈറ്റുകൾ പ്രകാശപൂരിതമായി. പലനിറത്തിലെ വർണങ്ങൾ നഗരത്തിന്‍റെ അഴക്​ വർധിപ്പിക്കുന്നു. ടൂറിസ്റ്റുകളെയും പ്രതീക്ഷിച്ചുള്ളതാണ് മിക്ക കടകളും. വ്യത്യസ്തതരം അത്തറുകളും സുവനീറുകളും അലങ്കാര വിളക്കുകളുമാണ്​ അധികവും. ദേഹത്ത്​ പുരട്ടാൻ ഉപയോഗിക്കുന്ന ചാവുകടലിൽനിന്നുള്ള ധാതുലവണങ്ങൾ അടങ്ങിയ മണ്ണും പല കടകളിലും കാണാം. 'സേവ് ഫലസ്തീൻ' എന്ന പതാകയെല്ലാം കടകളിൽ വിൽക്കാൻ വെച്ചിട്ടുണ്ട്. പിറന്നമണ്ണിൽനിന്ന് അകലെയാണെങ്കിലും ഒരിക്കലെങ്കിലും തങ്ങളുടെ നാട് സ്വതന്ത്രമാകുമെന്ന് ഈ ചെറുപ്പക്കാർ സ്വപ്നം കാണുന്നു.

പാതയോരത്തെ​ ഒരു ചായക്കടയിൽ കയറി. ഫലസ്തീനികൾ തന്നെയാണ് കട നടത്തുന്നത്. രുചികരമായ ചായ കുടിച്ചതോടെ കൂടുതൽ ഉൻമേഷം ലഭിച്ചു. ഇനി പോകാനുള്ളത്​ കുന്നിൻ മുകളിലുള്ള റെയിൻബോ സ്​ട്രീറ്റിലേക്കാണ്​. ഏകദേശം ഒരു കിലോമീറ്റർ ദൂരമുണ്ട്​. നടക്കാൻ തന്നെ തീരുമാനിച്ചു. വഴിയോര കാഴ്​ചകളെല്ലാം കണ്ട്​ ലക്ഷ്യസ്ഥാനത്തെത്തുമ്പോൾ ഇരുട്ടുപരന്നിട്ടുണ്ട്​​. ഡൗൺടൗണിന്‍റെ മറ്റൊരു പതിപ്പാണ്​ റെയിൻബോ സ്​ട്രീറ്റ്​. പക്ഷെ, ഇവിടെ കുറച്ചുകൂടി ആഡംബരം നിറഞ്ഞ കടകളാണുള്ളത്​. ധനികരെ മാത്രം ഉദ്ദേശിച്ചുള്ള കച്ചവടസ്ഥാപനങ്ങളാണെന്ന്​ ഒറ്റനോട്ടത്തിൽ മനസ്സിലാകും. സാധനങ്ങൾക്കും ഭക്ഷണത്തിനുമെല്ലാം വലിയ വിലയാണ്. കടകൾക്ക്​ മുന്നിലെ വീഥികൾ വിവിധ രീതിയിലെ ലൈറ്റുകൾ കൊണ്ട്​ അലങ്കരിച്ചിട്ടുണ്ട്​. സഞ്ചാരികളെല്ലാം അതിന്​ താഴെനിന്ന്​ ഫോട്ടോയെടുക്കുന്നു. കടകൾക്ക്​ പുറമെ നഗരത്തിലെ പ്രധാന ധനാഢ്യർ താമസിക്കുന്ന വീടുകളും ഇവിടെ കാണാം.

 റെയിൻബോ സ്ട്രീറ്റിലെ കാഴ്ച

തിരിച്ച്​ ഡൗൺടൗണിലേക്ക്​ തന്നെ നടന്നു. വഴിയോരത്ത്​ കണ്ട ജ്യൂസ്​ കടയിൽ കയറി ക്ഷീണമകറ്റി. രാവുറങ്ങാത്ത വീഥികളിലൂടെ, കടകളിൽനിന്ന് ഉയരുന്ന പാട്ടും കേട്ട് ഞങ്ങൾ ലക്ഷ്യമില്ലാതെ നടന്നു. എത്ര നടന്നിട്ടും മതിവരുന്നില്ല. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്ന്​ വരുന്നവർ ഒരുമിക്കുന്ന ഈ തെരുവുകൾ വല്ലാത്തൊരു വികാരം തന്നെയാണ്​. എന്തുകൊണ്ട്​ കേരളത്തിൽ ഇതുപോലെയുള്ള സ്​ട്രീറ്റുകൾ ഇല്ലെന്ന്​ ഞങ്ങൾ ആലോചിച്ചു. ഏത്​ പാതിരാത്രിയും ആർക്കും ഇറങ്ങിനടക്കാനും ഉല്ലസിക്കാനും കഴിയുന്ന തെരുവുകൾ എന്നാണ്​ നമുക്കും സ്വന്തമാവുക. സമയം 10 മണിയായിട്ടുണ്ട്. നടത്തം മതിയാക്കി ഹോസ്റ്റലിലേക്ക് മടങ്ങി. ദീർഘയാത്ര കാരണം കഴിഞ്ഞ രണ്ട് രാത്രിയും കാര്യമായി ഉറങ്ങിയിട്ടില്ല. കൂടാതെ അടുത്ത മൂന്ന്​ ദിവസം കൂടുതൽ കാഴ്ചകളിലേക്ക് പോകാനുള്ളതാണ്. ചാവുകടലും പെട്രയും വാദി റമ്മുമെല്ലാം സ്വപ്നം കണ്ട് ഉറക്കത്തിലേക്ക് ഞങ്ങൾ വഴുതിവീണു.

തുടരും...

ആദ്യഭാഗം വായിക്കാൻ:  അപരദേശത്തെ അതിജീവിതങ്ങൾ

Tags:    
News Summary - vk shameem Jordan Travelogue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.