ലണ്ടൻ: ഇന്ത്യയിൽനിന്ന് വാക്സിനെടുത്ത ശേഷം വരുന്നവർക്ക് 10 ദിവസം ക്വാറന്‍റീൻ നിർബന്ധമാക്കി ബ്രിട്ടൻ. ഇന്ത്യക്ക് പുറമെ ആഫ്രിക്ക, തെക്കേ അമേരിക്ക, യു.എ.ഇ, തുർക്കി, ജോർദാൻ, തായ്‌ലാൻഡ്, റഷ്യ എന്നിവിടങ്ങളിൽനിന്നുള്ളവർക്കും ഈ നിബന്ധന ബാധകമാണ്. ഈ രാജ്യങ്ങളിൽനിന്ന് ഒരാൾ പ്രതിരോധ കുത്തിവെപ്പ് എടുത്തിട്ടുണ്ടെങ്കിലും അവരെ വാക്സിൻ എടുക്കാത്തവരായി കണക്കാക്കുമെന്നും ക്വാറന്‍റീൻ നിയമങ്ങൾ പാലിക്കേണ്ടതുണ്ടെന്നും ബ്രിട്ടൻ അറിയിച്ചു.
ഇത്തരക്കാർ ബ്രിട്ടനിലേക്ക് പോകുന്നതിന് മുമ്പായി കോവിഡ് പരിശോധന നടത്തണം. കൂടാതെ യാത്രയുടെ 48 മണിക്കൂറിന് മുമ്പ് പാസഞ്ചർ ലൊക്കേറ്റർ ഫോം പൂരിപ്പിക്കണം. ഇംഗ്ലണ്ടിലെത്തിയാൽ 10 ദിവസം ക്വാറന്‍റീനിലിരിക്കണം. ഇതിനിടയിൽ രണ്ടാം ദിവസവും എട്ടാം ദിവസമോ അതിനുശേഷമോ കോവിഡ് ടെസ്റ്റ് നടത്തണം. ഇതിനായി ബ്രിട്ടനിലേക്ക് വരുന്നതിന് മുമ്പ് തന്നെ ബുക്ക് ചെയ്ത് പണമടച്ചിരിക്കണം.
അതേസമയം, ബ്രിട്ടന്‍റെ പുതിയ നയത്തിനെതിരെ കോൺഗ്രസ് നേതാക്കൾ രംഗത്തുവന്നു. ഇത് തികച്ചും വിചിത്രമാണെന്ന് മുൻ കേന്ദ്ര മന്ത്രി ജയറാം രമേശ് പറഞ്ഞു. ഇന്ത്യയിൽ ഉപയോഗിക്കുന്ന കോവിഷീൽഡ് യഥാർത്ഥത്തിൽ വികസിപ്പിച്ചത് ബ്രിട്ടനിലാണ്. ഈ വാക്സിൻ അവിടെയും നൽകുന്നുണ്ട്. പുതിയ തീരുമാനം വംശീയതയുടെ ഉദാഹരണമാണെന്നും ജയറാം രമേശ് പറഞ്ഞു.
ശശി തരൂർ എം.പിയും ബ്രിട്ടനെതിരെ രംഗത്തെത്തി. 'ദി ബാറ്റിൽ ഓഫ് ബെലോങ്ങിംഗ്' പുസ്തകത്തിന്‍റെ യു.കെ എഡിഷൻ പ്രകാശന പരിപാടികളിൽനിന്ന് അദ്ദേഹം പിന്മാറി. പൂർണമായും പ്രതിരോധ കുത്തിവെപ്പ് എടുത്ത ഇന്ത്യക്കാരോട് ക്വാറന്‍റീൽ പോകാൻ ആവശ്യപ്പെടുന്നത് കുറ്റകരമാണെന്നും ബ്രിട്ടൻ പുതിയ നയം പുനരവലോകനം ചെയ്യണമെന്നും തരൂർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.