ജൂബ: ആഫ്രിക്കൻ രാജ്യമായ ദക്ഷിണ സുഡാനിലെ സായുധവിഭാഗങ്ങളിൽ നിന്ന് 300 ലേറെ കുട്ടിപ്പടയാളികളെ മോചിപ്പിച്ചതായി യു.എൻ. ഇവരിൽ 87 പേർ പെൺകുട്ടികളാണ്. അഞ്ചുവർഷം മുമ്പ് ആഭ്യന്തരയുദ്ധം തുടങ്ങിയതിനുശേഷം രണ്ടാംതവണയാണ് ഇത്രയേറെ പേരെ യു.എൻ ഇടപെട്ട് മോചിപ്പിക്കുന്നത്. ദക്ഷിണ സുഡാൻ ലിബറേഷൻ മൂവ്മെൻറ് 563ഉം പ്രതിപക്ഷമായ സുഡാൻ പീപ്ൾസ് ലിബറേഷൻ ആർമി 137 ഉം കുട്ടികളെയാണ് സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്തത്.
യു.എൻ ദൗത്യസംഘമാണ് മോചനത്തിന് നേതൃത്വം നൽകിയത്. പഠിക്കുകയും സുഹൃത്തുക്കൾക്കൊപ്പം കളിക്കുകയും ചെയ്യേണ്ട പ്രായത്തിൽ തോക്കുകൾ കൈയിലേന്തി മറ്റുള്ളവരെ കൊന്നൊടുക്കാനായിരുന്നു ഇൗ കുട്ടികളുടെ നിയോഗമെന്ന് യു.എൻ ദൗത്യസംഘ മേധാവി ഡേവിഡ് ഷീറർ പറഞ്ഞു. യാംബിയോ നഗരത്തിലെ പ്രത്യേക പരിപാടിയിൽ വെച്ചായിരുന്നു കുട്ടികളുടെ കൈമാറ്റം. തട്ടിക്കൊണ്ടുപോയി ബലമായി സൈന്യത്തിൽ ചേർത്ത 17കാരനും ചടങ്ങിൽ പെങ്കടുത്തിരുന്നു. സ്വന്തം അമ്മയെ കൊല്ലാനും തനിക്ക് നിർദേശം ലഭിച്ചതായി അവൻ വെളിപ്പെടുത്തി. ഗത്യന്തരമില്ലാതെ താനത് ചെയ്തെന്നും ദൈവം മാപ്പുനൽകെട്ടയെന്നും കണ്ണീരോടെ അവൻ കൂട്ടിച്ചേർത്തു. 10 വയസ്സുള്ളപ്പോഴാണ് അവനെ വിമതസൈന്യം തട്ടിക്കൊണ്ടുപോയത്. യു.എൻ ഇതുവരെ 2000ത്തോളം കുട്ടിസൈനികരെ മോചിപ്പിച്ചതായാണ് കണക്ക്.
2013 ലാണ് ദക്ഷിണ സുഡാൻ ആഭ്യന്തരയുദ്ധത്തിലേക്ക് വീണത്. പ്രസിഡൻറ് സാൽവ കീറിെൻറ അനുയായികളും പുറത്താക്കപ്പെട്ട മുൻ വൈസ്പ്രസിഡൻറ് റീക് മഷാറിെൻറ അനുകൂലികളും തമ്മിലാണ് ഏറ്റുമുട്ടൽ. ദിൻക വിഭാഗക്കാരനായ കീറിെൻറയും ന്യൂർ വിഭാഗത്തിൽപെട്ട മഷാറിെൻറയും നേതൃത്വത്തിൽ വംശീയാക്രമണങ്ങൾക്കായിരുന്നു രാജ്യം സാക്ഷ്യം വഹിച്ചത്. മഷാർ സർക്കാറിനെ അട്ടിമറിക്കാൻ ഗൂഢാലോചന നടത്തിയെന്ന കീറിെൻറ ആരോപണത്തോടെയായിരുന്നു പ്രശ്നങ്ങളുടെ തുടക്കം. കലാപത്തിൽ നിരവധി പേർ െകാല്ലപ്പെട്ടു. 12 ലക്ഷത്തോളം പേർ പലായനം ചെയ്തു. നാൽപതുലക്ഷം പേർ ഇപ്പോഴും കടുത്ത ദാരിദ്ര്യത്തിലാണ് കഴിയുന്നത്. ഇരുവിഭാഗങ്ങളും പോരാട്ടത്തിനായി കുട്ടികളെയും ഉപയോഗിക്കുന്നുണ്ട്. നിരവധി തവണ രാജ്യത്ത് സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടന്നെങ്കിലും വിജയിച്ചില്ല. 2015 ആഗസ്റ്റിൽ സമാധാന കരാറിലെത്തിയെങ്കിലും പോരാട്ടം തുടരുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.