കൈറോ: ഇൗജിപ്തിൽ ആഴ്ചകൾക്കു മുമ്പ് കണ്ടെത്തിയ 3000 വർഷം പഴക്കമുള്ള മമ്മി തുറന്നു. സ്ത്രീയുടെ മൃതദേഹം അടക്കംചെയ്ത, മികച്ച രീതിയിൽ സംരക്ഷിച്ച മമ്മി ദക്ഷിണ ഇൗജിപ്തിലെ ലക്സർ പട്ടണത്തിൽനിന്നാണ് കണ്ടെടുത്തത്. ഫ്രാൻസിൽനിന്നുള്ള ഗവേഷകരുടെ സംഘം ഇൗ മാസം ആദ്യത്തിലാണ് രണ്ട് മമ്മികൾ കണ്ടെത്തിയത്. ആദ്യത്തെ മമ്മി നേരത്തേ തുറന്ന് പരിശോധിച്ചിരുന്നു.
രണ്ടാമത്തെ മമ്മി ശനിയാഴ്ച തുറന്നപ്പോഴാണ് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. ‘തുയ’ എന്ന് പേരിട്ടിരിക്കുന്ന മമ്മി മുമ്പ് ഒരു കാലത്തും തുറന്നിട്ടില്ലാത്തതാണ്. ബി.സി 13ാം നൂറ്റാണ്ടിലെ മമ്മിയാണിതെന്നാണ് ഗവേഷകരുടെ പ്രാഥമിക നിഗമനം. റാംസിസ് രണ്ടാമൻ അടക്കമുള്ള ഫറോവമാരുടെ കാലഘട്ടത്തിലെ മമ്മിയെന്ന നിലയിൽ വിലപ്പെട്ട ചരിത്ര വസ്തുതകൾ മമ്മിയുടെ പഠനത്തിലൂടെ കണ്ടെത്താനാവുെമന്നാണ് കരുതുന്നത്.
ഫറോവമാരുമായി ബന്ധപ്പെട്ട ഉയർന്ന ഉദ്യോഗസ്ഥരുടെയും കൊട്ടാര പ്രമുഖരുടെയും ശവകുടീരങ്ങൾ കണ്ടെത്തിയ സ്ഥലത്തുനിന്നു തന്നെയാണ് പുതിയ മമ്മിയും കണ്ടെത്തിയത്.
അഞ്ചു മാസംനീണ്ട പര്യവേക്ഷണത്തിൽ 300 മീറ്റർ മണ്ണ് നീക്കം ചെയ്താണ് മമ്മി പുറത്തെടുത്തത്. ചിത്രപ്പണികളോടുകൂടിയ കല്ലുപെട്ടിയുടെ അകത്ത് കൊത്തുപണി ചെയ്ത ശിൽപങ്ങളും രൂപങ്ങളുമുണ്ട്. മൃതദേഹങ്ങൾ പ്രത്യേക രീതിൽ സംരക്ഷിച്ചിരിക്കുന്ന നിരവധി മമ്മികൾ ഇൗജിപ്തിൽനിന്ന് കണ്ടെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.