ജറൂസലം: മൂന്നു ദിവസമായി മസ്ജിദുൽ അഖ്സക്കകത്തും പരിസരത്തും താണ്ഡവം തുടരുന്ന ഇസ്രായേൽ പൊലീസ് നടത്തുന്ന ആക്രമണങ്ങളിൽ ഓരോ ദിനവും പരിക്കേൽക്കുന്നത് നിരവധി പേർക്ക്. മസ്ജിദിനോടു ചേർന്ന് ചരിത്രപ്രധാനമായ മുസ്ലിം താമസ സ്ഥലമായ ശൈഖ് ജർറാഹിലെ കൂട്ട കുടിയൊഴിപ്പിക്കലിനെതിരെ സമരം ഇനിയും തുടരുമെന്നതിനാൽ മസ്ജിദ് ചോരക്കളമാകുമെന്ന ഭീതി നിലനിൽക്കുകയാണ്.
ആയിരങ്ങളാണ് ഓരോ ദിനവും മസ്ജിദിൽ എത്തി പുതിയ അധിനിവേശ നീക്കത്തിനെതിരെ പ്രതിഷേധിക്കുന്നത്. എന്നാൽ, ഫലസ്തീനികളെ പൂർണമായി നീക്കി ജറൂസലമിനെ സമ്പൂർണ തലസ്ഥാനമാക്കാനുള്ള നീക്കം ഉപേക്ഷിക്കില്ലെന്ന് ഇസ്രായേലും പറയുന്നു.
1967ൽ ജറൂസലം പിടിച്ചടക്കിയതിന്‍റെ ആഘോഷമായി ജറൂസലം ദിനാചരണം കൊഴുത്ത തിങ്കളാഴ്ച നിരവധി പേർക്കാണ് മസ്ജിദുൽ അഖ്സയിലും പരിസരത്തും ഇസ്രായേൽ െപാലീസ് നടപടികളിൽ പരിക്കേറ്റത്. ഗസ്സയിൽ വ്യോമാക്രമണത്തിൽ 20ലേറെ പേർ കൊല്ലപ്പെട്ട അതേ ദിനത്തിലായിരുന്നു മസ്ജിദിനകത്തും ഭീകരത.
ആക്രമണം തുടരുന്ന മസ്ജിദിനകത്തും പുറത്തും കാഴ്ചകൾ പേടിപ്പെടുത്തുന്നതാണ്. പള്ളിക്കകത്തേക്ക് കണ്ണീർവാതകവും ചെറിയ ബോംബുകളും ഏറിഞ്ഞായിരുന്നു ഭീകരാവസ്ഥ സൃഷ്ടിക്കൽ. പള്ളിക്കകത്തു മാത്രം തിങ്കളാഴ്ച ഒരു ഡസനിലേറെ കണ്ണീർ വാതകങ്ങളും സ്റ്റൺ ഗ്രനേഡുകളും വർഷിച്ചതായാണ് ഔദ്യോഗിക കണക്ക്. ഇതോടെ ചിതറിയോടിയവർക്കു നേരെ പുറത്ത് പൊലീസ് മുറ വേറെ.
റമദാൻ ആദ്യത്തിൽ ഇസ്രായേൽ ഏർപെടുത്തിയ നിയന്ത്രണങ്ങളാണ് ഏറ്റവുമൊടുവിലെ സംഘർഷങ്ങൾക്കിടയാക്കിയതെന്ന് സൂചനയുണ്ട്. വ്രത കാലമായ റമദാനിൽ ഫലസ്തീനികൾ കൂടുതലായി ഒത്തുകൂടാറുള്ള ഡമസ്കസ് ഗെയ്റ്റിനു സമീപം ഇത്തവണ പൊലീസ് എല്ലാം മുടക്കിയിരുന്നു. റമദാൻ ആദ്യ ജുമുഅ ആയേതാെട മസ്ജിദുൽ അഖ്സയിൽ പ്രാർഥനക്കെത്തുന്നവരുടെ എണ്ണവും നിയന്ത്രിച്ചു. പതിനായിരങ്ങളാണ് ഇതിന്‍റെ പേരിൽ നമസ്കാരം നിർവഹിക്കാനാകാതെ മടങ്ങേണ്ടിവന്നത്. ഇതിനൊപ്പം ശൈഖ് ജർറാഹ് പ്രദേശം പിടിച്ചടക്കൽ ശ്രമം കൂടിയായതോടെ ഫലസ്തീനികൾ പ്രക്ഷോഭമുഖത്തിറങ്ങി.
പ്രശ്നത്തിൽ ഇസ്രായേൽ പിൻമാറ്റത്തിനു പകരം സംഘട്ടനത്തിനിറങ്ങിയാൽ രണ്ടു പതിറ്റാണ്ട് മുമ്പ് 2000ൽ അന്നത്തെ ഭരണാധികാരി ഏരിയൽ ഷാരോൺ നടത്തിയ ആക്രമണങ്ങൾക്കു ശേഷം രണ്ടാം കടന്നുകയറ്റമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.