യു.എസ് പിടിച്ചെടുക്കുമെന്ന് ശൈഖ് ഹസീന സൂചിപ്പിച്ച സെന്റ് മാർട്ടിൻ ദ്വീപിനെ കുറിച്ചറിയാം...

ധാക്ക: ബംഗ്ലാദേശിലെ ഏക പവിഴദ്വീപാണ് സെന്റ് മാർട്ടിൻ ദ്വീപ്. ഹസീന തന്റെ പ്രസംഗത്തിൽ സൂചിപ്പിച്ചുള്ള കത്തിൽ ദ്വീപിനെ കുറിച്ച് പറഞ്ഞതോടെയാണ് അത് വീണ്ടും ചർച്ചയായത്. സെന്റ് മാർട്ടിൻ ദ്വീപുകൾ വിട്ടുനൽകി ബംഗാൾ ഉൾക്കടലിന്റെ അധികാരം പിടിച്ചെടുക്കാൻ യു.എസിനെ അനുവദിച്ചിരുന്നുവെങ്കിൽ തനിക്ക് പ്രധാനമന്ത്രി സ്ഥാനത്ത് തുടരാൻ സാധിക്കുമായിരുന്നുവെന്നാണ് ഹസീന പറഞ്ഞത്. തന്നെ അധികാരത്തിൽ നിന്ന് പുറത്താക്കിയത് യു.എസ് ആണെന്നും സെന്റ് മാർട്ടിൻ ദ്വീപിൽ സൈനിക താവളം നിർമിക്കാൻ യു.എസിന് പദ്ധതിയുണ്ടെന്നും ഹസീന ആരോപിച്ചു. തെരഞ്ഞെടുപ്പ് തങ്ങൾക്ക് അനുകൂലമാക്കാൻ ഖാലിദ സിയയുടെ ബംഗ്ലാദേശ് നാഷനലിസ്റ്റ് പാർട്ടി(ബി.എൻ.പി) ബംഗാൾ ഉൾക്കടലിന് സമീപം സ്ഥിതി ചെയ്യുന്ന ഈ പവിഴ ദ്വീപ് യു.എസിന്‍ വിൽക്കാൻ ശ്രമം നടത്തിയെന്നും അവർ ആരോപണമുയർത്തി.

ഒരു പ്രധാന മത്സ്യബന്ധന കേന്ദ്രം കൂടിയാണ് ഈ പവിഴ ദ്വീപ്.ബംഗാൾ ഉൾക്കടലിന്റെ വടക്കുകിഴക്കൻ ഭാഗത്താണ് ഈ ദ്വീപ് സ്ഥിതി ചെയ്യുന്നത്. മ്യാൻമറിനടുത്തുള്ള ബംഗ്ലാദേശിന്റെ തെക്കെ അറ്റത്ത് സ്ഥിതിചെയ്യുന്ന കോക്സ് ബസാറിനു അടുത്താണിത്. മൂന്ന് ചതുരശ്ര കിലോമീറ്റർ മാത്രമാണി​തിന്റെ വിസ്തീർണം. ഏതാണ്ട് 3700 പേർ ഇവിടെ താമസിക്കുന്നുണ്ട്. മത്സ്യബന്ധനം, നെൽകൃഷി, തെങ്ങ് കൃഷി, കടൽപ്പായൽ വിളവെടുപ്പ് എന്നിവയാണ് അവരുടെ ഉപജീവന മാർഗങ്ങൾ. ഇതെല്ലാം ഉണക്കി മ്യാൻമറിലേക്ക് കയറ്റുമതി ചെയ്യുന്നു. തെങ്ങുകൾ ധാരാളമുണ്ട് ഈ ദ്വീപിൽ.

1900കളിൽ സെന്റ് മാർട്ടിൻസ് ദ്വീപിനെ ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമാക്കി മാറ്റി. സെന്റ് മാർട്ടിൻ എന്ന ക്രിസ്ത്യൻ പുരോഹിതനാണ് ഈ പേരിട്ടത്. ചിറ്റഗോങ്ങിലെ അന്നത്തെ ഡെപ്യൂട്ടി കമ്മീഷണറായിരുന്ന മാർട്ടിന്റെ പേരാണ് ദ്വീപിനെന്നും മറ്റൊരു വാദവുമുണ്ട്. 1937ൽ മ്യാൻമർ വേറിട്ടശേഷം ദ്വീപ് ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായി തുടർന്നു. 1947 വരെ ഇത് തുടർന്നു. വിഭജനാന്തരം ദ്വീപ് പാകിസ്താന്റെ അധീനതയിലായി. 1971 ലെ വിമോചനയുദ്ധശേഷം പവിഴ ദ്വീപ് ബംഗ്ലാദേശിന്റെ ഭാഗമായി. യു.എസിനെ കൂടാതെ ചൈനക്കും കണ്ണുണ്ട് ഈ ദ്വീപിൽ. തെരഞ്ഞെടുപ്പിൽ വിജയിക്കുന്നതിന് സഹായിക്കുന്നതിന് പ്രതിഫലമായി സെന്റ് മാർട്ടിൻസ് ദ്വീപ് യു.എസിന് വിൽപ്പന നടത്താൻ ബി.എൻ.പി ലക്ഷ്യമിട്ടിരുന്നതായി ശൈഖ് ഹസീന ആരോപിച്ചിരുന്നു. ബി.എൻ.പി അധികാരത്തിലെത്തിയാൽ ഉറപ്പായും അത് നടക്കുമെന്നും അവർ പറഞ്ഞു.

Tags:    
News Summary - All about St Martin's Island

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.