സിറിയന്‍ ആഭ്യന്തരയുദ്ധം നിയന്ത്രണാതീതമെന്ന് കെറി

ജനീവ: അഞ്ചു വര്‍ഷത്തിലേറെയായി രക്തരൂഷിതമായി തുടരുന്ന സിറിയന്‍ ആഭ്യന്തര സംഘര്‍ഷം പലതലങ്ങളില്‍ നിയന്ത്രണാതീതമായെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയുടെ പരിദേവനം. വെടിയൊച്ചകള്‍ക്ക് ഇനിയും അറുതിയാകാത്ത രാജ്യത്ത് വെടിനിര്‍ത്തല്‍ പുനസ്ഥാപിക്കാനുള്ള ചര്‍ച്ചകള്‍ക്ക് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവുമായി ബന്ധപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. യു.എന്‍ പ്രതിനിധി ദി മിസ്തുറയുമായുള്ള കൂടിക്കാഴ്ച്ചക്ക് ശേഷമായിരുന്നു കെറിയുടെ പ്രതീക്ഷയറ്റ പ്രതികരണം.

റഷ്യയും യു.എസും മുന്‍കൈയെടുത്ത് ഫെബ്രുവരിയില്‍ പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ സിറിയയുടെ ചില ഭാഗങ്ങളില്‍ നിലനില്‍ക്കുന്നുണ്ട്. ആഭ്യന്തര യുദ്ധം രൂക്ഷമായി തുടരുന്ന അലപ്പോയിലേക്കുകൂടി ഇത് ദീര്‍ഘിപ്പിക്കാന്‍ ശ്രമം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ സേനയും വിമതരും തമ്മിലെ സംഘട്ടനത്തില്‍ അലപ്പോയില്‍മാത്രം കഴിഞ്ഞയാഴ്ച നൂറുകണക്കിന് സിവിലിയന്മാര്‍ കൊല്ലപ്പെട്ടിരുന്നു. നഗരത്തിലെ യൂനിവേഴ്സിറ്റി മെഡിക്കല്‍ ഹോസ്പിറ്റലിനു നേരെയുണ്ടായ ആക്രമണത്തില്‍ 50 പേര്‍ മരിച്ചു. മൂന്ന് ക്ളിനിക്കുകള്‍ക്ക് നേരെയും ബോംബാക്രമണമുണ്ടായതില്‍ നിരവധി രോഗികളും ഡോക്ടര്‍മാരും മരിച്ചു. സംഭവം മനുഷ്യത്വത്തെ വെല്ലുവിളിക്കുന്നതാണെന്ന് കെറി കുറ്റപ്പെടുത്തി.
സമാധാന ചര്‍ച്ചകള്‍ക്ക് വേഗം നല്‍കാനും വെടിനിര്‍ത്തല്‍ രാജ്യവ്യാപകമാക്കാനും ലക്ഷ്യമിട്ട് ജനീവയില്‍ പുരോഗമിക്കുകയാണ്. സിറിയയില്‍ യുദ്ധമുഖത്തുള്ള വിഭാഗങ്ങളെ അണിനിരത്തി ഏപ്രിലില്‍ നടന്ന ചര്‍ച്ചകള്‍ പ്രസിഡന്‍റ് ബശ്ശാര്‍ അല്‍അസദിനെ മാറ്റണമെന്ന ആവശ്യത്തിലുടക്കി വഴിമുട്ടിയിരുന്നു.

സംഘര്‍ഷം തുടരുന്ന ഡമസ്കസിലെ ഗൗസ, വടക്കന്‍ ലതാകിയ പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസം വെടിനിര്‍ത്തല്‍ നിലവില്‍വന്നിട്ടുണ്ട്. വെടിനിര്‍ത്തലിന് ശ്രമം തുടരുന്ന അലപ്പോയുടെ ഭൂരിപക്ഷം പ്രദേശങ്ങളും ബശ്ശാര്‍ അല്‍അസദിന്‍െറ സേന തിരിച്ചുപിടിച്ചിട്ടുണ്ട്. നഗരം ഉടന്‍ പൂര്‍ണ നിയന്ത്രണത്തിലാക്കാനാവുമെന്ന പ്രതീക്ഷയും സര്‍ക്കാര്‍ പുലര്‍ത്തുന്നു.
20 ലക്ഷത്തിലേറെ ജനസംഖ്യയുണ്ടായിരുന്ന നഗരത്തില്‍ മൂന്നര ലക്ഷം പേര്‍ മാത്രമാണിപ്പോള്‍ തുടരുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.