കിം ജോങ് ഉന്നിന്‍െറ മാതൃസഹോദരിക്ക് അമേരിക്കയില്‍ ഡ്രൈക്ളീനിങ് കട


ന്യൂയോര്‍ക്: ഉത്തരകൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്നിന്‍െറ മാതൃസഹോദരി അമേരിക്കയില്‍ ഡ്രൈക്ളീനിങ് സ്ഥാപനം നടത്തുന്നു. വാഷിങ്ടന്‍ പോസ്റ്റാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഉന്നിന്‍െറ അമ്മ കൊ യങ് ഹ്യൂയ്യുടെ സഹോദരി കൊ യങ് സുക് ആണ് ഡ്രൈക്ളീനിങ് സ്ഥാപനം നടത്തുന്നത്.
കിം ജോങ് ഉന്‍ സ്വിറ്റ്സര്‍ലന്‍ഡില്‍ പഠിക്കുന്ന കാലത്ത് അവര്‍ക്കും ഭര്‍ത്താവിനുമായിരുന്നു സംരക്ഷണച്ചുമതല. അക്കാലത്തുതന്നെ ഒട്ടും സഹിഷ്ണുതയില്ലാത്ത, പെട്ടെന്ന് ദേഷ്യപ്പെടുന്ന പ്രകൃതമായിരുന്നു ഉന്നിനെന്ന് വാഷിങ്ടണ്‍ പോസ്റ്റിന് നല്‍കിയ അഭിമുഖത്തില്‍ അവര്‍ വ്യക്തമാക്കുന്നു. പഠനത്തില്‍ ശ്രദ്ധിക്കാതെ കളിയില്‍ മുഴുകുന്നതിന് അമ്മ വഴക്കുപറയുമ്പോള്‍ ഉന്‍ മറുത്തൊന്നും പറയില്ല. എന്നാല്‍, നിരാഹാരംപോലുള്ള മറ്റുവഴികളിലൂടെ പ്രതിഷേധിക്കുകയായിരുന്നു പതിവ്. ഉന്‍ ജനിച്ചത് 1984ലാണ്. കൊയുടെ മകനും ഇതേപ്രായമാണ്. രണ്ടുപേരും ഒരുമിച്ചുകളിച്ച് വളര്‍ന്നവരാണ്. 2011ല്‍ കിം ജോങ് അധികാരം ഏറ്റെടുക്കുമ്പോള്‍ 27 ആയിരുന്നു വയസ്സ്. ഉന്നിന് ഏറെ ഇഷ്ടം ബാസ്കറ്റ്ബാളായിരുന്നു. പന്തിനൊപ്പമായിരുന്നു ഉറക്കംപോലും.
കൂറുമാറിയ സുകിന് 1998ല്‍ അമേരിക്ക അഭയം നല്‍കുകയായിരുന്നു. കൂറുമാറ്റത്തിന്‍െറ കാരണം അജ്ഞാതമാണ്. സ്വിസ് തലസ്ഥാനമായ ബേണില്‍നിന്നാണ് അവര്‍ യു.എസ് എംബസിയില്‍ അഭയംതേടിയത്. അമേരിക്കയിലത്തെിയ അവരെ സി.ഐ.എ ആണ് സാമ്പത്തികമായി സഹായിച്ചത്. പിന്നീട് ഡ്രൈക്ളീനിങ് ബിസിനസിലേക്ക് തിരിയുകയായിരുന്നു. ന്യൂയോര്‍ക് നഗരത്തിനു പുറത്ത് ഭര്‍ത്താവിനും മൂന്നു മക്കള്‍ക്കുമൊപ്പം കഴിയുന്ന സുക് ഇക്കാര്യങ്ങളൊന്നും ഇതുവരെ പരസ്യമാക്കിയിരുന്നില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.