ന്യൂയോർക്ക്: മൃഗശാലയിലെ അതിസുരക്ഷാ മേഖലയിലേക്ക് ചാടികടന്ന് സിംഹത്തിന് മുന്നില്‍ നൃത്തം ചെയ്ത് യുവതി. ന്യൂയോർക്കിലെ ബ്രോൻക്സ് പാർക്കിനുള്ളിലുള്ള മൃഗശാലയിലാണ് സംഭവം. മൃഗശാല സന്ദർശനത്തിനെത്തിയ യുവതി ആഫ്രിക്കന്‍ സിംഹങ്ങളെ പാര്‍പ്പിച്ചിട്ടുള്ള മേഖലയിലേക്ക് സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ചാടി കടക്കുകയായിരുന്നു.
സിംഹത്തിന് മുന്നിലെത്തിയ യുവതി പാട്ടുപാടുകയും നൃത്തം കളിക്കുകയും കൈവീശി സിംഹത്തെ അടുത്തേക്ക് വിളിക്കുന്നതുമായ ദൃശ്യങ്ങൾ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. സിംഹം യുവതിയെ തന്നെ തുറിച്ചു നോക്കി കുറച്ചകലെ നിൽക്കുന്നതും ദൃശ്യത്തിലുണ്ട്. വെറും 14 അടി മാത്രമായിരുന്നു സിംഹവും യുവതി നിന്നിരുന്ന സ്ഥലവും തമ്മിലുള്ള അകലം. കാഴ്ചക്കാർ അവരോട് തിരിച്ചുവരാൻ ആവശ്യപ്പെടുന്നുണ്ടെങ്കിലും സിംഹത്തിന് മുന്നിൽ അവർ മിനിറ്റുകളോളം നിന്നു. എന്തായാലും സംഭവസ്ഥലത്തു നിന്നും അപകടമൊന്നും പറ്റാതെ സുരക്ഷിതയായി പുറത്തുവരാനും യുവതിക്ക് കഴിഞ്ഞു.
സംഭവത്തെക്കുറിച്ച് മൃഗശാലയിലെ അധികൃതര്‍ കൂടുതലൊന്നും വെളിപ്പെടുത്തിയില്ല. യുവതി ചെയ്തത് ഗുരുതരവും അപകടകരവുമായ കാര്യമാണെന്ന് മൃഗശാല അധികൃതര്‍ ചൂണ്ടിക്കാട്ടി. യുവതിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. യുവതിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ലയെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.