ഹവാന: വിപ്ളവചെന്താരകത്തിന്‍െറ സംസ്കാരചടങ്ങുകള്‍ പൂര്‍ത്തിയായി. ക്യൂബന്‍ വിപ്ളവത്തിന്‍െറ ജന്മനഗരമായ സാന്‍റിയാഗോയില്‍ പോരാട്ടത്തിന്‍െറ പാതയില്‍ മുമ്പേ നടന്ന ജോസ് മാര്‍ട്ടിയുടെ ചിതാഭസ്മം അടക്കം ചെയ്ത സ്ഥലത്തുതന്നെ ഫിദലിന്‍െറ ഭൗതികാവശിഷ്ടവും നിത്യതയിലാണ്ടു. ക്യൂബന്‍ സമയം ഞായറാഴ്ച രാവിലെയായിരുന്നു ചടങ്ങ്. ഒമ്പതുദിവസത്തെ അന്ത്യോപചാര ചടങ്ങുകള്‍ക്കാണ് ഞായറാഴ്ച സമാപനമായത്. ആയിരങ്ങള്‍ ചടങ്ങിന് സാക്ഷ്യം വഹിക്കാനത്തെിയിരുന്നു.
ബ്രസീല്‍, വെനിസ്വേല, നികരാഗ്വ, ബൊളീവിയ എന്നിവിടങ്ങളിലെ നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു. സഹോദരന്‍ റാഉള്‍ കാസ്ട്രോയുടെ നേതൃത്വത്തിലാണ് ജനം വിപ്ളവനേതാവിന് അന്ത്യാഭിവാദ്യം അര്‍പ്പിച്ചത്. ‘ഫിദല്‍ താങ്കള്‍ക്ക് മരണമില്ല, ഞങ്ങളുടെ ഹൃദയത്തില്‍ എന്നും ജീവിക്കു’മെന്ന് പലരും വിളിച്ചുപറയുന്നുണ്ടായിരുന്നു. ഫിദല്‍ കാസ്ട്രോയുടെ ചിതാഭസ്മമടങ്ങിയ ചെറുപേടകവുമായി ഹവാനയില്‍നിന്ന് തുടങ്ങിയ നാലു ദിവസത്തെ അന്ത്യോപചാരയാത്ര ശനിയാഴ്ചയാണ് സാന്‍റിയാഗോയിലത്തെിയത്. 90ാം വയസ്സില്‍ നവംബര്‍ 25നാണ് അദ്ദേഹം വിടവാങ്ങിയത്.
സൈനിക വേഷത്തിലായിരുന്നു റാഉള്‍ ചടങ്ങില്‍ പങ്കെടുത്തത്. ഫിദല്‍ നയിച്ച വിപ്ളവത്തിന്‍െറ ലക്ഷ്യങ്ങളും സോഷ്യലിസ്റ്റ് സിദ്ധാന്തങ്ങളും ഉയര്‍ത്തിപ്പിടിക്കുമെന്ന് ആയിരങ്ങളെ സാക്ഷിനിര്‍ത്തി റാഉള്‍ പ്രഖ്യാപിച്ചു. രാജ്യത്തെ സ്മാരകങ്ങള്‍ക്കും റോഡുകള്‍ക്കും ഫിദല്‍ കാസ്ട്രോയുടെ പേര് നല്‍കുന്നത് ക്യൂബന്‍ ഭരണകൂടം നിരോധിക്കുമെന്നും അദ്ദേഹം അറിയിച്ചു. പേരു നല്‍കുന്നത് വ്യക്തിപൂജക്ക് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് ക്യൂബന്‍ സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്താന്‍ പോകുന്നത്. ഫിദല്‍ ഒരിക്കലും വ്യക്തിപൂജയില്‍ വിശ്വസിച്ചിരുന്നില്ല.
പൊതു നിരത്തുകള്‍ക്കും സ്മാരകങ്ങള്‍ക്കും തന്‍െറ പേര് നല്‍കുന്നതിനെ ജീവിച്ചിരുന്ന കാലത്ത് അദ്ദേഹം എതിര്‍ത്തിരുന്നു. ഇതുപരിഗണിച്ചാണ് നടപടി. ക്യൂബന്‍ ദേശീയ അസംബ്ളിയുടെ അടുത്ത സമ്മേളനത്തില്‍ നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ട് നിയമം പാസാക്കും. മരണപ്പെട്ട വ്യക്തിയുടെ പേര് പൊതു സ്മാരകങ്ങള്‍, സ്ഥാപനങ്ങള്‍, റോഡുകള്‍, പാര്‍ക്കുകള്‍, മറ്റ് പൊതു സംവിധാനങ്ങള്‍ എന്നിവക്ക് നല്‍കുന്നത് വ്യക്തി ആരാധനക്ക് കാരണമാകുമെന്നും അനാവശ്യമായ കീഴ്വഴക്കങ്ങള്‍ സൃഷ്ടിക്കുമെന്നുമായിരുന്നു ഫിദലിന്‍െറ നിലപാട്.
കുട്ടികള്‍ക്കുള്ള ഫുട്ബാള്‍ ഗ്രൗണ്ട്; ഫിദലിന്‍െറ അവസാന സ്വപ്നം
എന്തായിരുന്നു ക്യൂബയുടെ വിപ്ളവനായകന്‍െറ ഒടുവിലത്തെ സ്വപ്നം? താന്‍ ജീവിച്ചിരുന്ന ഹവാനക്കടുത്ത് ഒരു ഫുട്ബാള്‍ സ്റ്റേഡിയമെന്നാണ് അദ്ദേഹത്തിന്‍െറ വിയോഗാനന്തരം പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മരണത്തിന്‍െറ രണ്ടാഴ്ച മുമ്പുവരെ ഈ സ്വപ്ന സാക്ഷാത്കാരത്തിനായി അദ്ദേഹം സ്വാധീനം ചെലുത്തിയിരുന്നുവത്രെ.
കാസ്ട്രോ ജീവിതം ചെലവഴിച്ച ഹവാനയുടെ പ്രാന്തത്തിലുള്ള ജെയ്മാനിറ്റാസ് എന്ന സ്ഥലത്താണ് ഫുട്ബാള്‍ സ്റ്റേഡിയം പണിതീര്‍ക്കാന്‍ ലക്ഷ്യമിട്ടിരുന്നത്. ഇടതൂര്‍ന്ന മരങ്ങളാല്‍ കാഴ്ച മറയുന്ന, ക്യൂബയുടെ തനി പകര്‍പ്പായ ഒരു ദേശമാണ് ജെയ്മാനിറ്റാസ്. ഈ വഴിക്കുള്ള യാത്രക്കിടെ കാര്‍ നിര്‍ത്തിച്ച് പ്രദേശവാസികളുമായി സംസാരിക്കുന്നത് കാസ്ട്രോയുടെ പതിവായിരുന്നു.
കഴിഞ്ഞമാസം ഒമ്പതിനായിരുന്നു അവസാനമായി ആ വഴിക്കുള്ള യാത്ര. തെരുവില്‍ കാല്‍പന്ത് കളിക്കുന്ന കുട്ടികളെ അദ്ദേഹം അന്നവിടെ കണ്ടു. ആ നിമിഷം മുതല്‍ ആ നാട്ടിലെ പുതുതലമുറക്കായി ഫിദല്‍ കരുതിവെച്ച സ്വപ്നമായിരുന്നു ഒരു സ്റ്റേഡിയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.