വാഷിങ്ടൺ: യുദ്ധക്കെടുതികളൊടുങ്ങാത്ത പശ്ചിമേഷ്യയെ കൊടും സംഘർഷത്തിലേക്ക് നയിക്കുന്ന നിലപാട് മാറ്റവുമായി യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. ജറൂസലം നഗരത്തെ ഇസ്രായേൽ തലസ്ഥാനമായി അംഗീകരിക്കുന്നതായി ട്രംപ് പ്രഖ്യാപിച്ചു. ‘എടുക്കാൻ വൈകിയ തീരുമാനമാണിത്. ഇപ്പോൾ ഒൗദ്യോഗിക പ്രഖ്യാപനത്തിന് സമയമായി’; ബുധനാഴ്ച അർധരാത്രി വൈറ്റ് ഹൗസിൽ നടത്തിയ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. ഏഴു പതിറ്റാണ്ടായി അമേരിക്ക സ്വീകരിച്ച നയതന്ത്ര സൗഹൃദം അട്ടിമറിച്ച് തെൽഅവീവിലെ യു.എസ് എംബസി ജറൂസലമിലേക്ക് മാറ്റാനും ട്രംപ് നിർദേശം നൽകി. മാറ്റാൻ തീരുമാനമായെങ്കിലും കെട്ടിടമില്ലാത്തതിനാൽ മൂന്നോ നാലോ വർഷം കഴിഞ്ഞാകും എംബസി മാറ്റം.
മുസ്ലിം, ക്രിസ്ത്യൻ, ജൂത മതങ്ങൾ ഒരുപോലെ വിശുദ്ധഭൂമിയായി പരിഗണിക്കുന്ന ജറൂസലം തലസ്ഥാനമാക്കി 1980ൽ ഇസ്രായേൽ നിയമവിരുദ്ധ പ്രഖ്യാപനം നടത്തിയിട്ടുണ്ടെങ്കിലും ലോക രാജ്യങ്ങൾ അംഗീകരിച്ചിട്ടില്ല. ഫലസ്തീനികളും തലസ്ഥാനനഗരമായി ജറൂസലമിനെ കാണുന്നതിനാൽ മധ്യസ്ഥ ചർച്ചകളിലെ പ്രധാന അജണ്ടയായി നഗരം തുടരുന്നതിനിടെയാണ് ലോകത്തിെൻറ അഭ്യർഥന തള്ളി ട്രംപിെൻറ ഞെട്ടിപ്പിക്കുന്ന പ്രഖ്യാപനം. 2016ൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ട്രംപ് നൽകിയ വാഗ്ദാനമായിരുന്നു ജറൂസലമിനെ തലസ്ഥാനമായി അംഗീകരിക്കൽ. 1967ൽ അധിനിവേശം നടത്തിയ കിഴക്കൻ നഗരംകൂടി ഉൾപ്പെടുന്നതിനാൽ ജറൂസലം ഇസ്രായേലിെൻറ ഭാഗമല്ലെന്ന് െഎക്യരാഷ്ട്രസഭ വ്യക്തമാക്കിയതാണ്. യു.എസും പതിറ്റാണ്ടുകളായി യു.എൻ തീരുമാനം അംഗീകരിച്ചിട്ടുണ്ട്.
ജറൂസലമിനെ ഇസ്രായേൽ തലസ്ഥാനമാക്കാനുള്ള തീരുമാനത്തിന് 1995ൽ യു.എസ് സഭ അംഗീകാരം നൽകിയെങ്കിലും സംഘർഷം ഭയന്ന് പ്രസിഡൻറുമാർ പ്രത്യേക അധികാരമുപയോഗിച്ച് വൈകിക്കുകയിരുന്നു. ഇതാണ് ട്രംപ് അട്ടിമറിച്ചത്. നേരത്തെ പശ്ചിമ ജറുസലമിനെ റഷ്യ അംഗീകരിച്ചിരുന്നു. പുതിയ പ്രഖ്യാപനത്തിനെതിരെ ലോകരാജ്യങ്ങളും ഫ്രാൻസിസ് മാർപാപ്പ ഉൾപ്പെടെ നേതാക്കളും രംഗത്തെത്തി. യു.എൻ പ്രമേയമനുസരിച്ചുള്ള തൽസ്ഥിതി തുടരണമെന്ന് മാർപാപ്പ ആവശ്യപ്പെട്ടു. പശ്ചിമേഷ്യയെ വീണ്ടും യുദ്ധഭൂമിയാക്കാനുള്ള തീരുമാനത്തിൽ നിന്ന് പിൻവാങ്ങണമെന്ന് സൗദി അറേബ്യ ഉൾപ്പെടെ അറബ് രാജ്യങ്ങളും ആവശ്യപ്പെട്ടു. അറബ് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ അടിയന്തര യോഗം ശനിയാഴ്ച വിളിച്ചുചേർത്തിട്ടുണ്ട്. തീരുമാനത്തിൽ പ്രതിഷേധിക്കാൻ ഫലസ്തീനി സംഘടനകൾ രോഷത്തിെൻറ ദിനങ്ങൾക്ക് ആഹ്വാനം ചെയ്തു. അതേ സമയം, പ്രഖ്യാപനത്തെ പരോക്ഷമായി സ്വാഗതം ചെയ്ത ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു ഇരുരാജ്യങ്ങൾക്കുമിടയിലെ ഉൗഷ്മള ബന്ധത്തെ അനുമോദിച്ചു.
പ്രഖ്യാപനത്തിനുമുമ്പ് ട്രംപ് അറബ് നേതാക്കളുമായി സംസാരിച്ചിരുന്നു. ഫലസ്തീൻ പ്രസിഡൻറ് മഹ്മൂദ് അബ്ബാസ്, ജോർദാൻ ഭരണാധികാരി അബ്ദുല്ല രാജാവ്, ഇൗജിപ്ത് പ്രസിഡൻറ് അബ്ദുൽ ഫത്താഹ് അൽ സീസി, സൗദിയിലെ സൽമാൻ രാജാവ് എന്നിവരുമായിട്ടായിരുന്നു ചർച്ച. ട്രംപിെൻറ തീരുമാനം യു.എസിലെ തീവ്ര വലതുപക്ഷത്തെയും കോൺഗ്രസിലെ ചില റിപ്പബ്ലിക്കൻ അംഗങ്ങളെയും സന്തോഷിപ്പിക്കുമെങ്കിലും പശ്ചിമേഷ്യ വീണ്ടും കടുത്ത സംഘർഷങ്ങളിലേക്ക് കൂപ്പുകുത്തും. പ്രതിഷേധവുമായി രംഗത്തിറങ്ങുന്ന ഫലസ്തീനികൾക്കൊപ്പം അറബ് ലോകം നിലയുറപ്പിച്ചാൽ മേഖല പുതിയ രാഷ്ട്രീയ കാലുഷ്യങ്ങളിലേക്ക് നീങ്ങുമെന്നും ആശങ്കയുണ്ട്.
തർക്കമൊഴിയാതെ വിശുദ്ധ ഭൂമി
റാമല്ല: മുസ്ലിം, ക്രിസ്ത്യൻ, ജൂത മതവിഭാഗങ്ങൾ ഒരുപോലെ വിശുദ്ധ ഭൂമിയായി ആദരിക്കുന്ന ജറൂസലം നഗരത്തെ സ്വതന്ത്രഭൂമിയായി നിലനിർത്താനുള്ള യു.എൻ തീരുമാനത്തെ 1948ലെ ആദ്യ യുദ്ധത്തോടെതന്നെ ഇസ്രായേൽ പൊളിച്ചിരുന്നു. നഗരത്തിെൻറ ഭൂരിപക്ഷം മേഖലകളും അന്ന് ഇസ്രായേൽ കൈയടക്കി. കിഴക്കൻ ജറൂസലം പിന്നീട് ജോർഡെൻറ നിയന്ത്രണത്തിലായിരുന്നു. ഇതുകൂടി 1967ൽ പിടിച്ചെടുത്ത ഇസ്രായേൽ അവിഭക്ത ജറൂസലമിനെ തലസ്ഥാനമായും പിന്നീട് പ്രഖ്യാപിച്ചു. ലക്ഷക്കണക്കിന് ഫലസ്തീനികളെ ആട്ടിപ്പായിച്ചു. മസ്ജിദുൽ അഖ്സ ഉൾപ്പെടുന്ന ജറൂസലം തങ്ങളുടെ തലസ്ഥാനമായി വിട്ടുകിട്ടണമെന്നാണ് ഫലസ്തീനികളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.